കെ. വി. മണികണ്ഠൻ

എൽമ എന്ന സാൻഡ്​വിച്ച്

​പലമാനങ്ങളിൽ, പല കാഴ്ചകളിൽ ഒരു സൃഷ്ടി വിരിയിച്ചെടുക്കുക എന്നത് എളുപ്പമല്ല. അതിന് പ്രതിഭയും അധ്വാനവും സർവോപരി ‘എഴുത്തുഭാഗ്യ'വും ഒരേ സമയം സംഗമിക്കണം. അത് ഈ പുസ്തകത്തിൽ ഒത്തുവന്നു എന്നുപറയാതെ വയ്യ. ഫർസാനയുടെ എൽമ എന്ന നോവലിന്റെ വായന.

സാൻഡ് വിച്ച് എന്ന പടിഞ്ഞാറൻ പലഹാരം

സാൻഡ്​വിച്ച് എന്ന പലഹാരം കണ്ടുപിടിച്ചത് ഇംഗ്ലണ്ടിലെ സാൻഡ്​വിച്ച് നഗരത്തിന്റെ നാലാം പ്രഭു ജോൺ​ മൊണ്ടാഷ്​ ( John Montague) ആണത്രെ. (4th Earl Of Sandwich City) അദ്ദേഹം വളരെ സർഗാത്മകതയുള്ള ആളായിരിക്കണം. ബിരിയാണി പോലെ പരസ്പരം ലയിച്ചുചേർന്ന് പുതിയൊരു സ്വാദും മണവും ഉണ്ടാക്കാതെ, ഓരോന്നിനും അതിന്റേതായ ഐഡന്റിറ്റി പൊലിയാതെ, എന്നാൽ പലമകളാൽ സമ്പന്നമാക്കിയ, ഉള്ളിന്റെ അപ്പുറവുമിപ്പുറവും ഒരേപോലെയിരിക്കുന്ന കവചങ്ങൾക്കുള്ളിൽ സൂക്ഷിച്ച്, ഭക്ഷിക്കുന്നവരെ കാത്തിരിക്കുന്ന സാൻഡ്​വിച്ച്.

കലയെപ്പറ്റി പറയുമ്പോൾ എന്റെ അതിപരിമിതമായ വിചാരങ്ങളിൽ പാശ്ചാത്യശില്പങ്ങളും ദ്രാവിഡ കൊത്തുപണികളും തമ്മിൽ തോന്നിയിട്ടുള്ള വ്യത്യാസം ഇതാണ്: അവരുടേത് സിമ്പിൾ ആൻറ്​ സ്​ട്രെയ്​റ്റ്​ ആണ്. നമ്മുടേത് മൈക്രോഡീറ്റിയലിംഗിനാൽ സമ്പന്നവും. ഒരു കരിങ്കൽത്തൂണിന്റെ അരഞ്ഞാണം വരെ ചെറുജീവികളുടെ രൂപമാക്കികൊത്തിക്കളയും നമ്മൾ ദ്രാവിഡർ. മൂലയോട് വീഴാതിരിക്കാൻ നാട്ടിയ വിരൽ വണ്ണമുള്ള ലോഹക്കമ്പി മുകളിലേക്ക് വളച്ചുവയ്ക്കുന്നതിലും ഒരു പാമ്പിൻതല കൊത്തും.


​എൽമ എന്ന നോവൽ

ഫർസാനയുടെ എൽമ എന്ന നോവൽ ആദ്യം പറഞ്ഞതരത്തിലുള്ള ഒരു സാൻഡ് വിച്ച് ആണ്. രണ്ട് പ്രതലങ്ങൾക്കിടയിൽ ഏറെ സ്വാദിഷ്ടമായ ഇൻഗ്രേഡിയൻറ്​സ്​. പകുത്തുനോക്കിയാൽ അവ ഒറ്റക്കൊറ്റക്ക്​ കാണാം. വേണമെങ്കിൽ അവയൊന്നൊന്നായ് എടുത്തുമാറ്റുകയും ചെയ്യാം. ഒറ്റക്കൊറ്റക്ക്​ മാറ്റിവെച്ച് അവയെ നിരീക്ഷിച്ചാൽ ഓരോന്നിനും അതിന്റേതായ ഐഡൻറിറ്റി അല്ലെങ്കിൽ കാരക്​റ്ററിസ്​റ്റിക്​സ്​ (സവിശേഷതകൾ) കാണാം. ഇവയെല്ലാം ഒരു പ്രതലത്തിൽ നിരത്തിവെച്ച് മുകളിൽ മറുപ്രതലം കൊണ്ട് മൂടി പെർഫെക്റ്റ് സാൻഡ് വിച്ച് ആക്കി നോവലിസ്റ്റ് നമുക്ക് സെർവ് ചെയ്യുന്നു.

ശരിക്കും വായിക്കാനറിയുന്നവർക്ക് കുഴിച്ചെടുക്കാൻ ഏറെയുണ്ടെങ്കിലും ഇതെഴുതുന്ന എനിക്ക് ‘എഴുത്തുകാരനായൊരു വായനക്കാരൻ' എന്ന പരിമിതിയുണ്ട്. ആ ഒരു കാഴ്ചപ്പാടിൽ ഇതിലെ കഥാപാത്രങ്ങളെ നോക്കുമ്പോൾ അവരിലെല്ലാം കാണുന്ന ഒരു ‘പൊതുവിടം' ഉണ്ടെന്ന് കാണാൻ സാധിക്കുന്നു.

ആകെത്തുകയിൽ അതൊരു എല്ലാം തികഞ്ഞ സാൻഡ് വിച്ച് ആകുന്നു.

ഈ നോവൽ വായിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഇപ്പറഞ്ഞ രണ്ടു പ്രതലങ്ങൾ എന്തെല്ലാമാണെന്ന് മനസിലാകും. പക്ഷേ, അവിടെയും എഴുത്തുകാരി നമ്മളെ അത്ഭുതപ്പെടുത്തും, ജർമൻ ജീവിതാവസ്ഥകളും ഇന്ത്യനവസ്ഥകളും ആണിവ എന്ന് നിങ്ങൾ നിരൂപിച്ചാൽ അത് കൃത്യമാണ്. അടുത്തനിമിഷം നിങ്ങൾക്കത് പോരാ എന്നുതോന്നും. എൽമ എന്ന ജർമൻ പെൺകുട്ടിയും ഫർസാന എന്ന ഇന്ത്യൻ പെൺകുട്ടിയും തമ്മിലുള്ള ദ്വന്ദം (കൺഫ്ലിക്​റ്റ്​ എന്ന അർത്ഥത്തിൽ) ആണല്ലോ അവ എന്ന് സങ്കൽപ്പിച്ചാൽ അതും ചേരുമല്ലോ എന്നുതോന്നാം. ഇനി അതുവേണ്ടാ, ഫാഷിസത്തിന്റെ യുറോപ്യൻ മുഖവും ഭാരതീയ മുഖവും എന്ന രണ്ട് പ്രതലങ്ങൾക്കിടയിൽ എന്നൊന്ന് വ്യാഖാനിച്ചു നോക്കൂ. ഇതാണ് മുൻ പറഞ്ഞതിനേക്കാൾ ഉത്തമമായ ഉപമ എന്നാകും അപ്പോൾ. ഇനിയിതൊക്കെ പോട്ടെ, ‘നേടലും നഷ്ടപ്പെടലും' എന്ന രണ്ട് വിപരീതാവസ്ഥകൾ ആയി ചിന്തിക്കൂ. അതും ശരിയാണല്ലോ എന്നുതോന്നും.

ഇത്തരത്തിൽ പലമാനങ്ങളിൽ, പല കാഴ്ചകളിൽ ഒരു സൃഷ്ടി വിരിയിച്ചെടുക്കുക എന്നത് എളുപ്പമല്ല. അതിന് പ്രതിഭയും അധ്വാനവും സർവോപരി
‘എഴുത്തുഭാഗ്യ'വും ഒരേ സമയം സംഗമിക്കണം. അത് ഈ പുസ്തകത്തിൽ ഒത്തുവന്നു എന്നുപറയാതെ വയ്യ.

ഫർസാന

നാനാത്വത്തിലെ ഏകത്വം

ഈ ലേഖനം, ഒരു ആസ്വാദനം എന്നേ കരുതേണ്ടതുള്ളൂ. ശരിക്കും വായിക്കാനറിയുന്നവർക്ക് കുഴിച്ചെടുക്കാൻ ഏറെയുണ്ടെങ്കിലും ഇതെഴുതുന്ന എനിക്ക് ‘എഴുത്തുകാരനായൊരു വായനക്കാരൻ' എന്ന പരിമിതിയുണ്ട്. ആ ഒരു കാഴ്ചപ്പാടിൽ ഇതിലെ കഥാപാത്രങ്ങളെ നോക്കുമ്പോൾ അവരിലെല്ലാം കാണുന്ന ഒരു ‘പൊതുവിടം' ഉണ്ടെന്ന് കാണാൻ സാധിക്കുന്നു. അതിൽ പ്രധാനം കഥാപാത്രനിർമിതിയിലെ പരിപൂർണതയാണ്. അത്, ആദിമാന്ത്യം നിറഞ്ഞുനിൽക്കുന്ന എൽമയാകട്ടെ, ചെറിയൊരു ഭാഗത്തുമാത്രം വരുന്ന ഷേരയുടെ പിതാവാകട്ടെ, നൂറുശതമാനവും പൂർണതയിൽ വായിക്കുന്നവരിൽ നിറയുന്നു. വായന അനുഭൂതിതലത്തിൽ വിസ്മയിപ്പിക്കുന്നതിൽ ഇപ്പറഞ്ഞ കഥാപാത്രനിർമിതി വഹിക്കുന്ന പങ്ക് ചെറുതല്ല.

എൽമ പറയാൻ ശ്രമിക്കുന്ന അവളുടെ ജീവിതത്തിന്റെ അസ്ഥിപഞ്ജരത്തിൽ അഥവാ ചട്ടക്കൂടിനോട് വച്ചുപിടിപ്പിക്കുന്ന മജ്ജയ്ക്കും മാംസത്തിനും വേണം ആ മനോനിലകളുടെ ഏകത്വം. അതില്ലാതെ വന്നിരുന്നെങ്കിൽ ഈ നോവലിന്റെ ‘കഥ' ഒരു ദുരന്തമായി വായിക്കുന്നവരേറ്റുവാങ്ങേണ്ടി വരുന്നു.

രണ്ടാമത് നിരീക്ഷിക്കാൻ കഴിഞ്ഞൊരു പ്രത്യേകത, കഥാപാത്രങ്ങൾ ഏവരും പ്രകടിപ്പിക്കുന്നൊരു പോസറ്റീവ് ഭാവനിലയാണ് (vibes). ഇതുപറയുമ്പോൾ മൊത്തത്തിൽ നന്മമരങ്ങളാൽ സമ്പന്നം എന്നർത്ഥത്തിലല്ല പറയുന്നത്. മിസ്. റീത്ത എന്നൊരു കാരക്റ്ററുണ്ട്. ഇവരെ ഉദാഹരണമായി വച്ചുകൊണ്ട് ഇപ്പറഞ്ഞത് ഒന്നുകൂടി വ്യക്തമാക്കാം. അതിനു മുതിരാത്തത്, ഒരുമാസം മുമ്പ് വിപണിയിലിറങ്ങിയ ഒരു പുസ്തകത്തിന് ആസ്വാദനമെഴുതുമ്പോൾ ഇനി വായിക്കാനിരിക്കുന്നവർക്കൊരു ‘മുൻവിധി' ഒരുക്കിക്കൊടുക്കാതിരിക്കാനാണ്. എല്ലാ കഥാപാത്രങ്ങളുടേയും ഭാവനിലകളിൽ കാണുന്ന ഒരു ഏകത്വം ഉണ്ട്. ആ ഏകത്വം നിലനിൽക്കുമ്പോൾ തന്നെ ഓരോ കഥാപാത്രവും അവരുടെ തനിമയിൽ വിളങ്ങിനിൽക്കുക കൂടി ചെയ്യുന്നു. എല്ലാവരും അവരുടെ സ്വഭാവത്തിൽ, ജീവിതാനുഭവങ്ങളിൽ, ഭൂമിശാസ്ത്രപരമായി, വംശീയമായി വ്യത്യസ്തരായിക്കൊണ്ടിരിക്കുമ്പോൾ തന്നെ എഴുത്തുകാരി അറിഞ്ഞോ അറിയാതെയോ അവരിൽ കൊണ്ടുവന്നിട്ടുള്ള ആ ഏകത്വം ആണ് ഈ പുസ്തകം അനുഭൂതിതലത്തിൽ എത്രയോ മുമ്പിൽ നിൽക്കുന്നതെന്ന് വിലയിരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം, എൽമ പറയാൻ ശ്രമിക്കുന്ന അവളുടെ ജീവിതത്തിന്റെ അസ്ഥിപഞ്ജരത്തിൽ അഥവാ ചട്ടക്കൂടിനോട് വച്ചുപിടിപ്പിക്കുന്ന മജ്ജയ്ക്കും മാംസത്തിനും വേണം ആ മനോനിലകളുടെ ഏകത്വം. അതില്ലാതെ വന്നിരുന്നെങ്കിൽ ഈ നോവലിന്റെ ‘കഥ' ഒരു ദുരന്തമായി വായിക്കുന്നവരേറ്റുവാങ്ങേണ്ടി വരുന്നു. പരാജയം എന്നർത്ഥത്തിലല്ല, ദുരന്തമെന്ന വാക്കിവിടെ ഉപയോഗിച്ചത്. Dark എന്നൊക്കെ പുതുതലമുറ ഉപയോഗിക്കുന്ന അർത്ഥത്തിലുള്ള ഒന്നായിപ്പോകുമായിരുന്നു ഈ പുസ്തകം. അത് തെറ്റല്ല. സ്വീകാര്യതയുമുണ്ടാകും. എന്നാൽ എഴുത്തുകാരി ഇതിലെ ഉള്ളടക്കത്തെ എൽമ എന്ന പെൺകുട്ടി ആർജ്ജിച്ച, ചുറ്റുമുള്ളവരിൽ നിന്നോ സ്വാനുഭവത്തിൽ നിന്നോ ആർജിച്ച ജീവിതവീക്ഷണം എന്നോ ആദർശം എന്നോ പറയാവുന്ന ഒന്നിനോട് ഒട്ടിനിർത്തിക്കാൻ കാണിച്ച മിടുക്കായി ഈ നാനത്വത്തിലെ ഏകത്വത്തെ ഞാൻ വിലയിരുത്തുന്നു.


​ദുരന്തതരംഗത്തിന്റെ പുറംവളയങ്ങൾ

ഒരു സംഭവത്തിന്റെ ആഘാതം, അതിന്റെ പോയൻറ്​ ഓഫ് ഇംപാക്റ്റിനെ -സമയം, സ്ഥലം മുതലായ- മാത്രമല്ല ബാധിക്കുക എന്ന ഒരു വാസ്തവമുണ്ട്. ഒരു പൂമ്പാറ്റയുടെ ചിറകടിയിൽ ഒളിഞ്ഞിരിക്കുന്ന സുനാമി എന്ന ചൊല്ലിന്റെ നേർവിപരീതം. എൽമയെ ഗാഢമായി ബാധിച്ച ഓഷ്​വിറ്റ്‌സ്​- അവൾ ജനിക്കുന്നതിനുമെത്രയോ മുമ്പേ സംഭവിച്ച ഫാഷിസ നിർമിതിയായ ഓഷ്​വിറ്റ്‌സിന്റെ അനുരണനങ്ങൾ അവളുടെ ജീവിതത്തിലുണ്ടാക്കുന്ന ആഘാതം- അതിനെ നോവലിൽ എഴുത്തുകാരി സമന്വയിപ്പിച്ച തന്ത്രം- സൂക്ഷ്മരാഷ്ട്രീയത്തെ മുദ്രവാക്യമാക്കാതെ എങ്ങനെ കലയ്ക്കുള്ളിലേക്ക് സ്വാംശീകരിക്കാം എന്നതിന്റെ ഉത്തമമായൊരു ഉദാഹരണമായി തിളങ്ങിനിൽക്കുന്നു. ഒരു പ്രണയകഥയിൽ ഇവ്വിധം ചരിത്രവും രാഷ്ട്രീയവും ലെയറുകളാക്കുമ്പോൾ പാളിപ്പോകാനാണ് സാധ്യത കൂടുതലും. ആ ഏരിയകളിലൊക്കെ ഫർസാന പ്രകടിപ്പിച്ചിരിക്കുന്ന ‘ആവേശമില്ലായ്മ'യാണ് ശ്രദ്ധിക്കേണ്ടത്. സസ്യാഹാരിയെന്ന് അറിയപ്പെടുന്ന ഒരു ഫാഷിസ്റ്റ് ലോക മനഃസാക്ഷിയിലേൽപ്പിച്ച ആഘാതത്തിന്റെ എത്രാമത്തേയോ തരംഗവളയങ്ങൾക്കിപ്പുറം നിന്നുകൊണ്ട് എൽമ ഇന്ത്യക്കാരെ അഡ്രസ്​ ചെയ്യുമ്പോൾ നോവലിസ്റ്റ് പറയാതെ പറയുന്ന ഇന്നിന്റെ രാഷ്ട്രീയമുണ്ട്, നിശ്ശബ്ദമായി, എന്നാൽ സുവ്യക്ത്യമായി.

വാമൊഴിയും വരമൊഴിയും

താരതമ്യേന വലിയ വ്യത്യാസങ്ങളൊന്നുമില്ലെന്ന് പ്രത്യക്ഷത്തിൽ തോന്നുന്നതും എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ രണ്ടും രണ്ടാണെന്ന് തിരിച്ചറിയുന്നതുമായ ഒന്നാണ് പറച്ചിലും എഴുത്തും. ആകാശവാണി നാടകവും സ്റ്റേജ് നാടകവും താരതമ്യം ചെയ്​താൽ അറിയാം ഈ വ്യതിയാനം. പറച്ചിലിന്​, ശരിക്കുപറഞ്ഞാൽ കുറെ ഏറെ പ്ലസുകളുണ്ട്. കഥാപ്രസംഗത്തിൽ ആർട്ടിസ്റ്റിന്റെ ശബ്ദം, ടോൺ, അഭിനയം തുടങ്ങിയവ ‘ടെക്​സ്​റ്റി’ന്റെ' മൂല്യവർദ്ധിത വിനിമയോപാധികളാണ്. എഴുത്തിനുമുണ്ട് ചില മുൻതൂക്കങ്ങൾ, പറച്ചിലിനേക്കാൾ. അതുകൊണ്ടാകുമല്ലോ മാനവരാശി വാമൊഴിയിൽ നിന്ന് വരമൊഴിയിലേക്ക് മാറിയത്.

ഒരിടത്തും യാന്ത്രികമാകാതെ വിവരണാത്മകത എന്ന ‘ഗൂഗിൾ ഇറ' കെട്ടുകാഴ്ചകളില്ലാതെ വികാരപരിസരങ്ങളിൽ ഊന്നൽ നൽകി, നിശ്ശബ്ദരാഷ്ട്രീയവും ഭൂമിശാസ്ത്രപരമായ പ്ലോട്ട് വ്യതിയാനങ്ങളും കൊണ്ട് സമ്പന്നമായ എൽമ ഏറെ വായിക്കപ്പെടും എന്നുതന്നെ തോന്നുന്നു.

എൽമയെ മുൻ നിർത്തി ഈ ചിന്തയ്ക്ക് വലിയൊരു സാധ്യതയുണ്ടെന്ന് തോന്നുന്നു. കാരണം, ഈ നോവൽ രൂപപരമായി തന്നെ പറച്ചിൽ ആണ്. എൽമ നമ്മളെ അഭിസംബോധന ചെയ്യുകയാണ്. അഭിസംബോധന ചെയ്യുകയാണോ? അതോ ഇത് എൽമയുടെ മുന്നോറോളം പേജ് വരുന്ന ‘എഴുത്ത്' ആണോ? പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. പറച്ചിൽ എന്ന് തോന്നിപ്പിക്കും, എന്നാൽ ഇത് നമ്മൾക്ക് എൽമ എഴുതി വായിക്കാൻ നൽകുന്നതാണ് എന്ന് മനസിലാക്കാനുള്ള ക്ലൂകൾ ഒന്നോ രണ്ടോ ഇടങ്ങളിൽ ഉണ്ടുതാനും. എന്തായാലും എൽമ സംസാരിക്കുന്നു, ഇന്ത്യക്കാരോട് എന്നുതന്നെയാണ് എഴുത്തുകാരി ഉദ്ദേശിച്ചത് എന്ന് സ്പഷ്ടം. എന്നാൽ, അത് പറച്ചിലിനും എഴുത്തിനുമിടയിലെ നിയന്ത്രണരേഖയിൽക്കൂടിയാണ് സഞ്ചരിക്കുന്നത്. ഫർസാന ഇത് ബോധപൂർവ്വം ചെയ്തതാണെങ്കിൽ അതിനെ ബ്രില്യൻസ്​ എന്നും സ്വാഭാവികമായി അറിയാതെ വന്നുപോയതെങ്കിൽ പ്രതിഭാശാലിത്വം എന്നും വിശേഷിപ്പിക്കാം.

ഫർസാന

​എൽമ എന്ന സാൻഡ് വിച്ച്

ആദ്യം പറഞ്ഞ സാൻഡ്​ വിച്ചിലേക്ക് വരാം. ഇതിനിടയിലെ ഇൻഗ്രേഡിയൻറ്സിനെപ്പറ്റി പറഞ്ഞല്ലോ. കുഴമറിയാതെ, ഒരോന്നിനും അതിന്റേതായ ഐഡന്റിറ്റിയിൽ അടുക്കിവച്ച്, എന്നാൽ ആ പൊതിഞ്ഞുവച്ചതിന്റെ ഫലമായി ഉണ്ടാകുന്നതും പരസ്പരം ഇഴുകിച്ചേർന്നതുമായ ‘പൊതു' സ്വാദ് അതിനെ സമ്പുഷ്ടമാക്കുന്നു. ‘അവയേവ?' എന്ന് സെലക്റ്റ് ചെയ്യുന്ന നേരത്ത് ഒരു മീൽസിനു വേണ്ട വിറ്റാമിനും മിനറൽസും അടങ്ങിയ ഘടകങ്ങൾ തിരഞ്ഞെടുക്കാം. ആ നിലയ്ക്ക് നോക്കുമ്പോൾ എൽമ എന്ന ഈ പുസ്തകത്തിലെ ഓരോ കഥാപാത്രസൃഷ്ടിയും ഇവ്വിധം സമ്പുഷ്ടമാണെന്ന് പറയേണ്ടിയിരിക്കുന്നു. എൽമ, ഗ്രാനി, ഗിൽബർട്ട്, ഷേറ, ഗ്ലാഡിയറ്റ്, റീത്ത, ഹിരണ്യ..... തുടങ്ങി എല്ലാ കഥാപാത്രങ്ങളും തനത് വ്യക്തിത്വം ബിൽഡപ്പ് ചെയ്​ത്​ എൽമയുടെ ജീവിതമാകുന്ന ഈ പുസ്തകത്തിലേക്ക് അവരവരുടെ സംഭാവനകൾ കൃത്യമായ അളവിൽ പകർന്നുനൽകുന്നു. ഒരിടത്തും യാന്ത്രികമാകാതെ വിവരണാത്മകത എന്ന ‘ഗൂഗിൾ ഇറ' കെട്ടുകാഴ്ചകളില്ലാതെ വികാരപരിസരങ്ങളിൽ ഊന്നൽ നൽകി, മുന്നേ പറഞ്ഞ നിശ്ശബ്ദരാഷ്ട്രീയവും ഭൂമിശാസ്ത്രപരമായ പ്ലോട്ട് വ്യതിയാനങ്ങളും കൊണ്ട് സമ്പന്നമായ എൽമ ഏറെ വായിക്കപ്പെടും എന്നുതന്നെ തോന്നുന്നു. ​▮


​കെ.വി. മണികണ്​ഠൻ

കഥാകൃത്ത്, നോവലിസ്റ്റ്. മൂന്നാമിടങ്ങൾ, ബ്ലൂ ഈസ് ദ വാമെസ്റ്റ് കളർ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

Comments