കെ.കെ. കൊച്ച്

ആപത്കരമായ ഒരു ജീവിതത്തിന്റെ ആത്മകഥ

ദലിതമായ ചരിത്രജീവിതത്തിന്റെ സത്യചിത്രീകരണം കാണാനും ആന്തരികവീര്യം ആർജിക്കാനും അതിജീവനത്തിന്റെ പാഠമുൾക്കൊള്ളാനും ‘ദലിതൻ’ വായനക്കാരനെ ക്ഷണിക്കുന്നു- കെ.കെ. കൊച്ചിന്റെ ആത്മകഥയുടെ വായന

രാൾ, അയാൾ/അവൾ നടന്ന വഴികൾ ഓർത്തെടുക്കുന്നതാണ് ആത്മകഥ.
ശരിയാണ്. പക്ഷേ, ചില ആത്മകഥകൾ നടന്നുണ്ടാക്കിയ വഴികളുടെ വീണ്ടെടുപ്പാണ് എന്നു പറയേണ്ടി വരും. ചരിത്രത്തിന്റെ സർഗാത്മകമായ മടങ്ങിവരവാണ് അപ്പോൾ സംഭവിക്കുന്നത്. സമീപകാലത്ത് അത്തരം ചില വിപ്ലവകരമായ ചരിത്രസൃഷ്ടികൾ ചിലത് മലയാളത്തിലും നടക്കുന്നുണ്ട്. കെ.കെ. കൊച്ചിന്റെ ആത്മകഥയായ ദലിതൻ ഈ പരിണാമത്തെ നന്നായി ഉദാഹരിക്കുന്നു. ഇങ്ങനെ ഒരു മനുഷ്യൻ ഇവിടെ രാഷ്ട്രീയമായും ചിന്താപരമായും ജീവിക്കുന്നു, അഥവാ അതിജീവിക്കുന്നു എന്ന ഒരു പ്രഖ്യാപനം കേൾക്കാതെ ഈ പുസ്തകത്തിന്റെ വായന പൂർത്തിയാക്കാൻ കഴിയില്ല. രാഷ്ട്രീയസംഘടനകളുടെ വക്താവല്ല കൊച്ച്. സ്വയം ഒരു രാഷ്ട്രീയ പ്രസ്താവമായി നമുക്കിടയിൽ ജീവിക്കുകയാണ് അദ്ദേഹം.

പ്രബുദ്ധമായ വായനാസമൂഹത്തിന്റെ ശ്രദ്ധ നേടിയ പുസ്തകമാണ് ദലിതൻ. എം. കുഞ്ഞാമന്റെ ഓർമക്കുറിപ്പായ എതിരിൽ പ്രത്യക്ഷമായിരുന്നു എതിര്. ദലിതൻ എന്ന തലക്കെട്ടിൽ സമാനമായൊരു ഒരു എതിര് പരോക്ഷമായി സൂചിതമായിട്ടുണ്ട്. തന്നിലെ ദലിതത്വവും ദലിതരിലെ താനും എങ്ങനെയാണ് അതിജീവിക്കുന്നതെന്ന് ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുകയാണ് കൊച്ച് ചെയ്യുന്നത്. പുസ്തകം ഒരേ സമയം ദലിതരെപ്പറ്റിയും കൊച്ചിനെപ്പറ്റി തന്നെയുമാണെന്ന തിരിച്ചറിവ് വായനാനുഭവത്തെ കേവലമായ തിരിച്ചറിവുകളുടെ തലത്തിൽനിന്നും ദാർശനികവും രാഷ്ട്രീയവുമായ അവബോധ രൂപീകരണത്തിലേക്ക് ചാലു വെട്ടിയൊഴുക്കിക്കൊണ്ടു പോകുന്നു. പുസ്തകത്തിന് ഒരു ആമുഖക്കുറിപ്പുണ്ട്. അതെഴുതിയത് ഗ്രന്ഥകാരനെപ്പോലെ തന്നെ ആലോചനാ തീക്ഷ്ണതയും ജീവിതാനുഭവും ബൗദ്ധികപ്രഭാവവുമുള്ള അദ്ദേഹത്തിന്റെ സഹോദരനാണ്; കെ.കെ. ബാബുരാജ്. നീത്ഷേ​യുടെ ‘ആപത്കരമായി ജീവിക്കുക’ എന്ന ആഹ്വാനത്തെ സ്വജീവിതത്തിൽ കൊണ്ടാടിയ കൊച്ചിനെ ബാബുരാജ് സമർഥമായി അവതരിപ്പിക്കുന്നുണ്ട്. ആപത്കരമായി കർമം ചെയ്ത ഒരാളുടെ ആത്മാംശത്തെ വാക്കുകളിലേയ്ക്ക് പരാവർത്തനം ചെയ്തതാണ് ഈ പുസ്തകമെന്ന് സാക്ഷ്യപ്പെടുത്തുന്നു. തുടർപേജുകളിലൂടെ കടന്നുപോകുമ്പോൾ ഇത് ശരിയായി മാറുന്നത് നാം കാണുന്നു.

 കീഴാളരെ പിന്നിലേയ്ക്ക് കൊളുത്തിവലിക്കുന്ന ‘വിഭവാധികാരം' പോലുള്ള സങ്കല്പനങ്ങളോട് വിട പറഞ്ഞുകൊണ്ട് സമകാലീന ചരിത്രത്തിൽ അവരുടെ കർത്തൃത്വം ഉന്നയിക്കുന്ന സന്ദിഗ്ധതകളെക്കുറിച്ചു പ്രതിപാദിക്കുകയും സ്വത്ത്, പദവി, അറിവ്, അധികാരം മുതലായ എല്ലാ മേഖലകളിലും അവരുടെ സാന്നിധ്യമുണ്ടാകണമെന്ന സന്ദേശവുമാണ് അദ്ദേഹം നൽകിയത്. / Photo : Shafeeq Thamarassery
കീഴാളരെ പിന്നിലേയ്ക്ക് കൊളുത്തിവലിക്കുന്ന ‘വിഭവാധികാരം' പോലുള്ള സങ്കല്പനങ്ങളോട് വിട പറഞ്ഞുകൊണ്ട് സമകാലീന ചരിത്രത്തിൽ അവരുടെ കർത്തൃത്വം ഉന്നയിക്കുന്ന സന്ദിഗ്ധതകളെക്കുറിച്ചു പ്രതിപാദിക്കുകയും സ്വത്ത്, പദവി, അറിവ്, അധികാരം മുതലായ എല്ലാ മേഖലകളിലും അവരുടെ സാന്നിധ്യമുണ്ടാകണമെന്ന സന്ദേശവുമാണ് അദ്ദേഹം നൽകിയത്. / Photo : Shafeeq Thamarassery

കേരളത്തിന്റെ രാഷ്ട്രീയ ഭാവുകത്വ ചരിത്രവുമായി ഇണങ്ങിപ്പിണങ്ങി മുഷിഞ്ഞ് മുറിവേറ്റ ഒരു ദലിതജീവിതം നിരന്തര പ്രവർത്തനമായും ചരിത്രമായും ദർശനമായും അതിഭാവുകത്വമേതുമില്ലാതെ വിടർന്ന് വിസ്മയിപ്പിക്കുന്നതു നാം കാണുന്നു. ദളിതരുടെ ഉന്നമനത്തിനായും സ്വത്വബോധ ശാക്തീകരണത്തിനായും കൊച്ച് നൽകിയ സംഭാവനകൾക്ക് വേറിട്ടൊരു ആഴവും ഔന്നത്യവുമുണ്ടെന്ന് ആമുഖകാരൻ സൂചിപ്പിക്കുന്നുണ്ട്. ‘‘കൊച്ചിന്റെ വൈവിധ്യമാർന്ന, സക്രിയമായ ഇടപെടലുകളിലൂടെ ദലിത് വാദം ഉന്നതമായൊരു വിതാനത്തിലേയ്ക്ക് മാറിയെന്നതാണ് വസ്തുത. സവർണരെയും വരേണ്യവിഭാഗങ്ങളെയും കമ്യൂണിസ്റ്റുകാരെയും പഴിപറയുകയും അവരുടെ അനുതാപം കിട്ടാൻ ദലിതരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതിന് പകരം അവർ കയ്യാളുന്ന അധികാരവ്യവസ്ഥയെ അപനിർമിച്ചുകൊണ്ടുള്ള പാഠങ്ങളും പ്രക്ഷോഭണങ്ങളും പ്രസ്ഥാനങ്ങളും രൂപപ്പെടുത്തുകയാണ് കൊച്ച് ചെയ്തത്. ചിന്തയുടെ പിൻബലമുണ്ട് കൊച്ചിന്റെ പ്രവൃത്തികൾക്ക്. കീഴാളരെ പിന്നിലേയ്ക്ക് കൊളുത്തിവലിക്കുന്ന ‘വിഭവാധികാരം' പോലുള്ള സങ്കല്പനങ്ങളോട് വിട പറഞ്ഞുകൊണ്ട് സമകാലീന ചരിത്രത്തിൽ അവരുടെ കർത്തൃത്വം ഉന്നയിക്കുന്ന സന്ദിഗ്ധതകളെക്കുറിച്ചു പ്രതിപാദിക്കുകയും സ്വത്ത്, പദവി, അറിവ്, അധികാരം മുതലായ എല്ലാ മേഖലകളിലും അവരുടെ സാന്നിധ്യമുണ്ടാകണമെന്ന സന്ദേശവുമാണ് അദ്ദേഹം നൽകിയതെന്ന്’’ ബാബുരാജ് എഴുതുന്നു (പുറം 8 - 9).

കൊച്ചിന് തനതായൊരു ശാക്തീകരണ ദർശനമുണ്ടായിരുന്നു. ഈ ദർശനവുമായി ഇഴചേരാത്ത ഒന്നിനോടും അദ്ദേഹം വിധേയത്വപ്പെടുകയോ സമരസപ്പെടുകയോ ചെയ്തില്ല. ഏതൊരു മേഖലയിൽ ഇടപെടുമ്പോഴും അദ്ദേഹത്തിന് തനതായൊരു കാഴ്ചപ്പാടുണ്ടായിരുന്നു. ഈ കാഴ്ചപ്പാടാകട്ടെ പൊതുവായ ധാരണകളോട് ചേർന്നു പോകുന്നതായിരുന്നില്ല. ദലിത് ജീവിതാവസ്ഥകളുടെ സാമാന്യവത്കരണത്തെ പിന്തള്ളിയ കൊച്ച് തന്റെ വേറിട്ടതും ധീരവും ധിഷണാപരവുമായ ഇടപെടലുകളിലൂടെ അപനിർമ്മിച്ച് നവമായ രീതിയിൽ പുനഃപ്രതിഷ്ഠിച്ചു. ചരിത്രം, സാമൂഹികശാസ്ത്രം, സാഹിത്യ നിരൂപണം, ഭാഷാശാസ്ത്രം, മാർക്‌സിസം അംബേദ്കറിസം, ഗാന്ധിസം, ഭരണഘടന, ന്യൂനപക്ഷ പ്രശ്‌നങ്ങൾ, ഫെമിനിസം, സിനിമ എന്നീ മേഖലകളിലെല്ലാം ചിന്ത പ്രസരിപ്പിച്ചുകൊണ്ട് അതിജീവനത്തിന്റെ തനതായ മാതൃകയ്ക്കു രൂപം നൽകി.

പ്രവർത്തനവും പഠനവും സമന്വയിച്ച ഒരു ജീവിതമാണ് കൊച്ചിന്റേത്. ശ്രദ്ധാപൂർവ്വകമായ വായനയും പഠനവുവാണ് അദ്ദേഹത്തെ ശാക്തീകരിച്ചത്. ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയവും നക്‌സൽ ചിന്താധാരയും കൂടിച്ചേർന്ന് നാനാവിധമാക്കിയ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ആ മേഖലയിൽ വലിയ ദൂരങ്ങൾ സഞ്ചരിക്കുന്നതിന് വിഘാതമായിത്തീർന്നു. മഹാരാജാസ് കോളേജിൽ നിന്ന്​ പഠനം പൂർത്തിയാക്കാതെ ഇറങ്ങിയതിന്റെ മനോവേദന എന്നും അദ്ദേഹത്തെ മഥിച്ചിരുന്നു. ജീവിതത്തെ, രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണാനും രാഷ്ട്രീയത്തെ നവജീവിത മാതൃകാസൃഷ്ടിയായി രൂപപ്പെടുത്തുന്ന തരത്തിൽ അധ്വാനിക്കാനും അറിവു തേടാനും കൊച്ചിനു സാധിച്ചു. എന്നാൽ, കൗമാരകാലത്തുതന്നെ ഔപചാരികമായ പഠനം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു.

ഒന്ന് നഷ്ടപ്പെടാതെ മറ്റൊന്ന് നേടാൻ കഴിയില്ല എന്ന മട്ടിലുള്ള ജീവിതാവസ്ഥ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സഹജാവസ്ഥയാണ്. വിദ്യാഭ്യാസം മുടങ്ങിയതിന്റെ നഷ്ടങ്ങൾ നികത്തുന്നതിനും തന്റെ മനസ്സിനെ കാലോചിതമായി വളർത്തുന്നതിനും വ്യത്യസ്ത വിഷയങ്ങളിൽ അവഗാഹം നേടുന്നതിനും അദ്ദേഹം പുസ്തകങ്ങളെയും വായനയെയും തീഷ്ണതയോടെ കൂട്ടുപിടിച്ചു. അറിവിനും ധാരണാ രൂപീകരണത്തിനുമായി സർവ്വകലാശാലകളുടെയും മറ്റു സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഗ്രന്ഥശേഖരങ്ങളെ അദ്ദേഹം ആശ്രയിച്ചുപോന്നു. വായനക്കായി ദിവസങ്ങളും ആഴ്ചകളും എല്ലാം മറന്ന് വിനിയോഗിച്ചു. സർവീസിലിരിക്കെ വന്നുചേർന്ന സസ്‌പെൻഷൻ കാലങ്ങളെല്ലാം വായനയുടെ ഉത്സവകാലങ്ങളായി അദ്ദേഹം കൊണ്ടാടി. വരുമാനം പരിമിതമായിരുന്നെങ്കിലും പുസ്തകങ്ങൾക്കായി അദ്ദേഹം നിർലോഭം പണം ചിലവിട്ടു. ഇത്തരം വീണ്ടുവിചാരമില്ലാത്ത ചിലവിടലുകളിൽ വസ്ത്രത്തിനായും ഭക്ഷണത്തിനായും നീക്കി വയ്‌ക്കേണ്ടിയിരുന്ന പണവും എരിഞ്ഞു തീർന്നു. വായനയുടെയും അറിവന്വേഷണത്തിന്റെയും പ്രലോഭനത്തിനു മുന്നിൽ മറ്റെല്ലാം നിഷ്​പ്രഭമായി.

ആഴവും പരപ്പുമാർന്ന വായന അദ്ദേഹത്തിന്റെ ധിഷണയെ ജ്വലിപ്പിക്കുകയും സാമൂഹ്യമായ ഇടപെടലുകൾക്ക് ഊർജ്ജം നൽകുകയും ചെയ്തു. അയ്യങ്കാളി പ്രസ്ഥാനത്തിന് വീര്യശോഷണം വന്ന ഘട്ടത്തിലാണ് സാംസ്‌കാരിക-ഭാഷാരംഗങ്ങളിൽ അദ്ദേഹം ഈടുറ്റ ഇടപെടലുകൾ നടത്തിയത്. ഇതേ സാമൂഹ്യസന്ധിയിലാണ് ‘ഭാഷയും വർണ്ണവും' എന്ന ഐതിഹാസികമായ പ്രബന്ധത്തിലൂടെ മലയാളഭാഷയുടെ വർണ്ണ സ്വഭാവത്തെ പുനഃപരിശോധിച്ചതും തകഴിയുടെ "വെള്ളപ്പൊക്കത്തിൽ' എന്ന കഥയിലെ വർഗ്ഗഘടനയെ അപനിർമ്മിച്ചതും പോത്തേരി കുഞ്ഞമ്പുവിന്റെ ‘സരസ്വതീവിജയം' എന്ന കൃതിയെ വീണ്ടെടുത്തതും' (പുറം 11). സമുദായസംബന്ധിയായ ചിന്ത അദ്ദേഹത്തിൽ പ്രബലമായിരുന്നു. ഈ സംജ്ഞയെത്തന്നെ അദ്ദേഹം നവീനവും യുക്തിസഹവും കാലോചിതവുമായ രീതിയിൽ പുതുക്കി വ്യാഖ്യാനിക്കുകയും ചെയ്തു.

വിയോജിപ്പുകളാണ് കൊച്ചിന്റെ ധിഷണയെ വളർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്തത്. ഏർപ്പെടുന്ന രാഷ്ട്രീയ - സാമൂഹ്യ പ്രവർത്തനങ്ങളെ ആഴത്തിൽ അപഗ്രഥിച്ചതിൽ നിന്നാണ് വിയോജിപ്പുകൾ ഉടലെടുത്തത്. തന്റെ പ്രവർത്തന മേഖലയിൽ നടക്കുന്ന കാര്യങ്ങളെ അദ്ദേഹം വിമർശാവബോധത്തോടെ വിചാരണ ചെയ്തുകൊണ്ടേയിരുന്നു. ഉപരിപ്ലവവും വൈകാരികവുമായ മുന്നേറ്റങ്ങൾക്ക് ഗുണത്തേക്കാൾ ദോഷമാണ് കാലാന്തരത്തിൽ വന്നുചേരുക എന്ന ബോധ്യമാണ് ഇടത്, നക്‌സൽ രാഷ്ട്രീയ സംജ്ഞകളാടും പോരാട്ടങ്ങളോടും വിയോജിച്ച് മാറാനും അവയ്ക്കതീതമായി വളരാനും കൊച്ചിനെ പ്രാപ്തനാക്കിയത്. ഇവയുമായുള്ള വിയോജിപ്പിലൂടെയാണ് ജാതി പ്രശ്‌നങ്ങളിലേയ്ക്കും കീഴാള മൂവ്‌മെന്റുകളിലേയ്ക്കും എത്തിച്ചേരാൻ വഴിതെളിച്ചത് എന്ന് പുസ്തകത്തിലെ സുദീർഘവും വിശദവുമായ സമരപങ്കാളിത്ത വിവരണങ്ങൾ വ്യക്തമാക്കുന്നുണ്ട്.

സാമൂഹ്യനീതി, സാഹോദര്യം, ദലിത് അവകാശങ്ങൾ എന്നിവ മുൻനിർത്തി കൊച്ച് നയിച്ച രചനാ പ്രവർത്തനങ്ങളിലും ആശയസമരങ്ങളിലും സാമൂഹിക ശാക്തീകരണം എന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിന് ഊർജ്ജം പകർന്നത് ശ്രീനാരായണഗുരു, സഹോദരൻ അയ്യപ്പൻ, അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ, പാമ്പാടി ജോൺ ജോസഫ് എന്നിവരുടെ ചിന്തകളും പ്രവർത്തനങ്ങളുമായിരുന്നു. പൊയ്കയിൽ അപ്പച്ചന്റെ ജീവിതത്തിനും ആദർശങ്ങൾക്കും അതിൽ വിശേഷമായൊരു സ്ഥാനമുണ്ട്. അപ്പച്ചന്റെ സമരജീവിതത്തിന് ഉചിതമായ ദൃശ്യതയും പ്രാധാന്യവും കൈവന്നത് കൊച്ചിന്റെ ഇടപെടലുകളിലൂടെയാണെന്ന് ബാബുരാജ് ആമുഖത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘‘പൊയ്കയിൽ അപ്പച്ചൻ കീഴാള വ്യവഹാര മണ്ഡലത്തിൽ സവിശേഷസ്ഥാനം നേടിയത് കൊച്ച് പത്രാധിപരായിരുന്ന ‘സൂചകം' മാസികയുടെ ഇടപെടലുകളിലൂടെയാണ്. പി.ആർ.ഡി.എസ് പ്രസ്ഥാനത്തിലെ ഒരു വിമതവിഭാഗവും, കെ. കെ. കൊച്ചിന്റെ നേതൃത്വത്തിലുള്ള വിമർശനാത്മക/റാഡിക്കൽ ദലിത് ബുദ്ധിജീവികളും ഒത്തുചേർന്ന സന്ദർഭത്തിലാണ് പൊയ്കയിൽ അപ്പച്ചൻ എന്ന ‘രൂപകം' അഴിച്ചുമാറ്റലിന് വിധേയമായത്.’’(11)

അതിഭാവുകത്വമേതുമില്ലാതെ തികച്ചും ആത്മാർത്ഥമായ പ്രതിപാദനമാണ് ഈ ആത്മകഥയെ വായനായോഗ്യവും മൂല്യവത്തുമാക്കുന്നത്. ആദ്യഭാഗത്തു തന്നെ കൊച്ച് അച്ഛനമ്മമാരെപ്പറ്റിയും വല്യപ്പൻ, വല്യമ്മ, അമ്മാവൻമാർ എന്നിവരെപ്പറ്റിയും അവരുടെ തൊഴിലുകളെപ്പറ്റിയും ജീവിതാവസ്ഥകളെയുംപറ്റി മിനുക്കലുകളേതുമില്ലാതെ എഴുതുന്നുണ്ട്. മധുരവേലിയിലെ നെയ്തശ്ശേരി മനയെന്ന നമ്പൂതിരി കുടുബത്തിലെ കാര്യസ്ഥനായിരുന്ന കൊച്ചിന്റെ വല്യാച്ചൻ 150 ഏക്കറോളം കരഭൂമിയും പാടങ്ങളുമുള്ള സമ്പന്നനായിരുന്നുവെന്നും എന്നാൽ തന്റെ അമ്മയും സഹോദരിയും പുല്ല് ചെത്തി വിറ്റും, പായ നെയ്തുമാണ് ഉപജീവനം നേടിയതെന്നും ഒരേ നിർമമതയോടെയാണ് കൊച്ച് പറഞ്ഞുവയ്ക്കുന്നത്. വല്യാച്ചനും വല്യമ്മയും പറഞ്ഞു കൊടുത്ത ഒട്ടനവധി പൂർവ്വകാല ചരിതങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കൊച്ചിന് താനടങ്ങുന്ന ജനതയെപ്പറ്റി സാമാന്യം വ്യക്തതയുള്ള ഒരു ധാരണ കൈവന്നത്. തന്റെ ജാതിയുടെ വേരുകളെ ചികഞ്ഞ് അവ അടിമത്ത കാലത്തോളം നീണ്ടുകിടക്കുന്നുവെന്ന് തിരിച്ചറിയാനും ആ തിരിച്ചറിവിനെ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ ചേർത്തെടുക്കാനും കൊച്ചിന് കഴിയുന്നുണ്ട്.

‘‘1855 ജൂൺ 24 -നാണ് തിരുവിതാംകൂറിൽ അടിമത്ത നിരോധന വിളംബരം നിലവിൽ വരുന്നത്. ഈ കാലഘട്ടത്തിൽ തിരുവിതാംകൂർ സർക്കാരിനു മാത്രമായി 15000ത്തിനു മേൽ പുലയരായ അടിമകളുണ്ടായിരുന്നു. അവരുടെ ക്രയവിക്രയത്തെക്കുറിച്ച് പി. ചെന്താരശ്ശേരി എഴുതുന്നു: ‘അടിമകളെ പരസ്യകമ്പോളങ്ങളിൽവെച്ച് ലേലം ചെയ്യുകയായിരുന്നു പതിവ്. ചിലർ സഹായവിലയ്ക്ക് മൊത്തമായി ലേലത്തിൽ പിടിച്ചിട്ട് ചില്ലറയായി വിൽക്കുന്നു. രോഗികളായവരെ ചുളുവിലയ്ക്ക് വാങ്ങി ചികിത്സിച്ച് ഭേദപ്പെടുത്തിയിട്ട് ലാഭത്തിൽ വിൽക്കാറുണ്ടായിരുന്നു. ഈ കച്ചവടങ്ങളിൽ രക്തബന്ധം അവഗണിക്കപ്പെടുന്നു. മാതാപിതാക്കളിൽനിന്ന് ശിശുക്കളെയും ഭർത്താവിൽ നിന്ന് ഭാര്യയെയും സഹോദരിയിൽനിന്ന് സഹോദരനെയും നിർദ്ദയമായി വേർപ്പെടുത്തിക്കൊണ്ടുപോകുന്നു. അങ്ങനെ വേർപെട്ടവർ പിന്നീടൊരിക്കലും കണ്ടുമുട്ടിയെന്ന് വരില്ല.' മൃഗതുല്യരായി കണക്കാക്കപ്പെട്ട ആളുകളെ വാങ്ങാനും വിൽക്കാനും കോട്ടയം, തിരുനക്കര, ആലപ്പുഴ കായംകുളം, ആറ്റിങ്ങൽ, ചിറയിൻകീഴ്, പേട്ട, കോവളം എന്നിവിടങ്ങളിൽ ചന്തകളുണ്ടായിരുന്നു.’’ (35).

കേട്ടുകേൾവികളുടെയും ഇതര വാമൊഴികളിലൂടെയും കടന്നു ചെന്ന് താനടങ്ങുന്ന തൈത്തറ കുടുംബം വിദൂരകാലത്ത് വരനാട്ടുനിന്ന് ഗോത്ര ജീവിതത്തിന്റെ ഭാഗമായി കുട്ടനാട്ടിൽ എത്തിയതാവാമെന്നും അതുമല്ലെങ്കിൽ അടിമച്ചന്തയിലൂടെ എത്തിപ്പെട്ടതാവാം എന്നുമൊക്കെ കൊച്ച് ഭാവനാത്മകമായി അനുമാനിക്കുന്നുണ്ട്.
എന്നാൽ തന്റെ ബാല്യകാലത്തിൽ അനുഭവിച്ച വിശപ്പും ദാരിദ്ര്യവും ‘ഉറക്കച്ചടവുള്ള അത്താഴങ്ങൾ' എന്ന തലക്കെട്ടിനു കീഴെ വിവരിക്കുമ്പോൾ അദ്ദേഹം അതിവർണനകളെ ആശ്രയിക്കാതെ ഒരു പൂർവ്വകാല ദുഖാശ്രമത്തെ അനാവൃതമാക്കുന്നു: ‘‘കാലം കനിഞ്ഞു നൽകുന്ന ബാല്യം, എനിക്ക് ആനന്ദോത്സവമായിരുന്നില്ല; മറിച്ച് ഒരു ജനതയുടെ ദാരിദ്യത്തിന്റെയും നിരക്ഷരതയുടെയും അന്ധവിശ്വാസത്തിന്റെയും പിടച്ചിലുകളായിരുന്നു’’ എന്ന അവതരണത്തിന് ബൗദ്ധികവും ഭാഷാപരവുമായ മികവും മൂല്യവുമുണ്ട്. കാര്യമായ തൊഴിലും വരുമാനവും ഇല്ലാതിരുന്നതിനാൽ തന്റെ ജാതിയിൽപെട്ട ഒട്ടുമിക്ക വീടുകളിലെയും സ്ഥിതി വിഭിന്നമായിരുന്നില്ല എന്നും കൊച്ച് ചൂണ്ടിക്കാണിക്കുമ്പോൾ ദലിത് ജീവിതത്തിന്റെ നേർക്കാഴ്ച തന്നെയാണ് വായനക്കാരന് ലഭിക്കുന്നത്.

ദലിതബാല്യങ്ങൾക്ക് വിശപ്പായിരുന്നു മുഖ്യമെന്നും ഭക്ഷണത്തിനോടുള്ള കൊതി ദാരിദ്ര്യത്തിന്റെ ഉപോത്പന്നമായിരുന്നുവെന്നും ബാല്യകാലത്തിലെ ദാരിദ്ര്യം പിൽക്കാല ജീവിതത്തെയും സ്വാധീനിക്കുന്നുവെന്നുമൊക്കെ പുസ്തകത്തിൽ നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നു.
‘‘അമ്മയുടെ വീട്ടിൽ ബാല്യകാലത്ത് മതിയായ ഭക്ഷണം ലഭിക്കാതിരുന്നതിനാലാവണം ആഹാരത്തോട് എനിക്ക് കടുത്ത ആർത്തിയായിരുന്നു. അതുകൊണ്ടുതന്നെ പ്രകൃതിയൊരു ഭക്ഷണമേശയായി മാറിയിരുന്നു. അനുജൻ മണിയോടൊപ്പം വീടിന് തെക്കുവശത്തുള്ള ആലുങ്കൽ എന്ന വീട്ടുകാരുടെ പറമ്പിൽനിന്നും കശുമാങ്ങ പറിച്ചുതിന്ന് കശുവണ്ടി അവർക്ക് നൽകിയിരുന്നു. ആഞ്ഞിലിപ്പഴംതിന്ന് കുരു വറുത്ത് തിന്നുക, പുലർച്ചെ എഴുന്നേറ്റുപോയി മാവിൻ ചോട്ടിൽനിന്നും മാമ്പഴം പെറുക്കിയെടുക്കുക, നെയ്തശ്ശേരി മനയുടെ തെങ്ങിൻ തോപ്പിൽനിന്നും ഉണങ്ങി വീഴുന്ന തേങ്ങയും, പലചരക്ക് കടയിൽ സാധനങ്ങൾ പൊതിഞ്ഞു കൊടുക്കാനുള്ള വട്ടയിലയും കൊടുത്ത് ശർക്കരയും മിഠായിയും വാങ്ങിത്തിന്നുക എന്നിവ ചെയ്തിരുന്നു. ആർത്തി പെരുത്ത ആ നാളുകളിൽ ഇതിന്നപ്പുറം വീട്ടിൽനിന്ന് നെല്ലോ മറ്റെന്തെങ്കിലും മോഷ്ടിച്ചുവിൽക്കുന്ന സ്വഭാവം ഉണ്ടായിരുന്നില്ല. കാരണമാകട്ടെ, ഭയവും മറ്റുള്ളവരറിഞ്ഞാലുള്ള നാണക്കേടുമായിരുന്നു'' (57) എന്നൊക്കെ വായിക്കുമ്പോൾ എത്ര നിഷ്‌കളങ്കമായും സത്യസന്ധമായുമാണ് ഉത്തരം കാര്യങ്ങൾ പറയുന്നത് എന്ന് നാം ചിന്തിച്ചുപോകും.

മഹാരാജാസ് ജീവിതത്തിലെ രണ്ടാം വർഷത്തിലാണ് കലാലയ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകളെ ജാതിപരമായ ഘടകങ്ങൾ സ്വാധീനിക്കുന്നുവെന്നതും താഴ്ന്ന ജാതിക്കാർ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയിൽ എത്തിച്ചേരുന്നുവെന്നും കൊച്ച് മനസ്സിലാക്കിയത്. / Photo : Rethu Krishnan
മഹാരാജാസ് ജീവിതത്തിലെ രണ്ടാം വർഷത്തിലാണ് കലാലയ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകളെ ജാതിപരമായ ഘടകങ്ങൾ സ്വാധീനിക്കുന്നുവെന്നതും താഴ്ന്ന ജാതിക്കാർ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയിൽ എത്തിച്ചേരുന്നുവെന്നും കൊച്ച് മനസ്സിലാക്കിയത്. / Photo : Rethu Krishnan

തന്റെ ബാല്യകാല ജീവിതത്തിലെ ഒട്ടനവധി സംഭവങ്ങളും വഴിത്തിരിവുകളും ഗ്രന്ഥകർത്താവ് രേഖപ്പെടുത്തുന്നുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിർഭാവവും വേരോട്ടവും, വിമോചന സമരം, സ്‌കൂൾ പഠനകാലത്തെ വായനയും സാഹിത്യപ്രവർത്തനവും, ചേച്ചിയുടെ പ്രണയവും വിവാഹവും, ഇച്ചായൻ എന്ന് വിളിച്ചിരുന്ന ജ്യേഷ്ഠസഹോദരന്റെ ബുദ്ധിഭ്രമം, ഭൂപരിഷ്‌കരണം, കുട്ടനാടൻ പാടശേഖരങ്ങളിലെ സംഘർഷങ്ങൾ എന്നിങ്ങനെയെല്ലാമുളള കാര്യങ്ങൾ സവിസ്തരം പ്രതിപാദിക്കപ്പെടുന്നു. തുടർന്ന് മഹാരാജാസ് കോളേജ് ജീവിതവും രാഷ്ട്രീയത്തിലേയ്ക്കുള്ള കാൽവയ്പ്പും പ്രാധാന്യത്തോടെ കടന്നുവരുന്നു. മഹാരാജാസ് ജീവിതത്തിലെ രണ്ടാം വർഷത്തിലാണ് കലാലയ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകളെ ജാതിപരമായ ഘടകങ്ങൾ സ്വാധീനിക്കുന്നുവെന്നതും താഴ്ന്ന ജാതിക്കാർ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയിൽ എത്തിച്ചേരുന്നുവെന്നും കൊച്ച് മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ‘‘മഹാരാജാസ് പോലുള്ള കലാലയങ്ങളിലെത്തിച്ചേരുന്ന വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ, ഉയർന്ന മാർക്കും മെച്ചപ്പെട്ട സാമ്പത്തികശേഷിയുമുള്ള എല്ലാ ജാതി - മതസ്ഥരുമാണ്. ഇവരിൽനിന്ന്​ വിഛേദിക്കപ്പെട്ടിരുന്നത് ദലിത് വിദ്യാർത്ഥി - വിദ്യാർത്ഥിനികളാണ്. കാരണം കുറഞ്ഞ മാർക്കും, സാമ്പത്തികമായ പിന്നാക്കാവസ്ഥയോടൊപ്പം ജാതിമുദ്രയെ സൂചിപ്പിക്കുന്ന സ്റ്റെപ്പന്റും ലംസം ഗ്രാന്റുമാണ്. സ്റ്റെപ്പന്റും ലംസം ഗ്രാന്റും ഒരു സാമുദായികാവകാശമായി തിരിച്ചറിയപ്പെടാതിരിക്കുന്നതിനാൽ അതൊരപകർഷതയായി മാറിയിരുന്നു. മറ്റൊരു കാരണം, ദലിത് വിദ്യാർത്ഥി - വിദ്യാർത്ഥിനികളുടെ കുടുംബാംഗങ്ങളുടെ കാർഷികമേഖലയിലെ തൊഴിൽ പശ്ചാത്തലവും പ്രസ്തുത തൊഴിൽ മേഖലയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇടപെടലുകളുമാണ്. ഇത്, ഇത്തരം വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ ഇടതുപക്ഷ ചായ്​വുള്ളവരാക്കി മാറ്റുന്നു''(89).

മഹാരാജാസിലെ ഇടതുചേരിയിൽ കൊച്ച് എത്തിപ്പെടാൻ അധിക സമയം വേണ്ടി വന്നില്ല എന്നു മാത്രമല്ല അതിനു തുടർച്ചയായി നാട്ടിൽ രൂപീകരിച്ച കർഷകത്തൊഴിലാളി യൂണിയനിൽ ചേരുന്നതിലേയ്ക്കും സമരങ്ങളിൽ പങ്കെടുക്കുന്നതിലേയ്ക്കും ഇടതുപക്ഷം ചേർന്നുള്ള ആ യാത്ര കാരണമായി. ഇക്കാലയളവിൽ വായിച്ച ഇടതു സൈദ്ധാന്തിക പുസ്തകങ്ങൾ അദ്ദേഹത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. വായനയിൽനിന്നും കോളേജിലെ സമരങ്ങളിൽനിന്നും വിപ്ലവോർജ്ജം മനസ്സിൽ തിരതല്ലിനിന്ന കാലത്താണ് നാട്ടിലെ കർഷകത്തൊഴിലാളി യൂണിയനിൽ ചേരുന്നതും അവരുടെ കൂടെ ‘ജോലിസമയം കുറയ്ക്കുക, കൂലിക്കൂടുതൽ നൽകുക, എട്ടിനൊന്ന് പതം നൽകുക' (91) എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരങ്ങളിൽ പങ്കെടുത്തതും. എന്നാൽ മുതലാളിമാരുമായി പണിക്കരാർ ഉറപ്പിച്ചശേഷം നടത്തിയ ആ സമരം കേവലമൊരു വിപ്ലവാഭാസമായിരുന്നുവെന്നും താൻ അപമാനിക്കപ്പെട്ടതായും തൊഴിലാളികൾ വഞ്ചിക്കപ്പെട്ടതായും നീറ്റലോടെ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവിന്റെ വെളിച്ചത്തിൽ യൂണിയനോടുള്ള എതിർപ്പും തൊഴിലാളികളോടുള്ള അനുഭാവവും പ്രകടിപ്പിച്ചുകൊണ്ട് ‘വിലയിരുത്തൽ' എന്ന തലക്കെട്ടോടെ കൊച്ച് തന്റെ പ്രഥമ രാഷ്ട്രീയലേഖനം തയ്യാറാക്കി വിതരണം ചെയ്തു. ഈ അനുഭവത്തോടെ കർഷകത്തൊഴിലാളി യൂണിയനുമായും കോളേജിലെ ഇടതു വിദ്യാർത്ഥി സംഘടനയുമായും പാർട്ടിയുമായും ബന്ധം വിഛേദിച്ച കൊച്ച് തുടർന്നുള്ള കാലങ്ങളിലെല്ലാം താൻ ഇടപെട്ട പ്രസ്ഥാനങ്ങൾ ലക്ഷ്യങ്ങളിൽനിന്നും മാറിനടന്നപ്പോഴെല്ലാം സമാന ആർജ്ജവം കാണിക്കുക തന്നെ ചെയ്തു.

Photo : Shafeeq Thamarassery
Photo : Shafeeq Thamarassery

കൊച്ചിന് തന്റെ ലക്ഷ്യങ്ങൾ എന്നും വ്യക്തമായിരുന്നു. വ്യക്തമായ ആ ലക്ഷ്യങ്ങളെ ഹനിക്കുന്ന ഒന്നിനോടും അദ്ദേഹം സമരസപ്പെട്ടില്ല എന്നു മാത്രമല്ല അവയോടെല്ലാം കലഹിച്ച് മാറുകയും ചെയ്തു. ഇടതു പ്രസ്ഥാനത്തോടു മാത്രമല്ല നക്‌സൽ പ്രസ്ഥാനത്തോടും കൂസലേതുമില്ലാതെയാണ് അദ്ദേഹം കലഹിച്ചതും വഴിമാറിയതും. ആദർശങ്ങളിലും ലക്ഷ്യങ്ങളിലുമുള്ള വ്യക്തതയും അവയോടുള്ള പ്രതിബദ്ധതയും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച കൊച്ചിനെ സംബന്ധിച്ച്​വിട്ടുവീഴ്ചകൾ അചിന്ത്യമായിരുന്നു. ഇക്കാരണത്താൽ തന്നെ വിദ്യാഭ്യാസം മുറിഞ്ഞപ്പോഴും മികവും നേട്ടവും ഉള്ള ജോലികൾ ലഭിക്കാതിരുന്നപ്പോഴും അദ്ദേഹം അസ്തപ്രജ്ഞനായില്ല.

പുസ്തകത്തിലെ സ്വജീവിതചിത്രണത്തിൽ കുടുബത്തിന്റെ വയനാട്ടിലേയ്ക്കും തിരിച്ചുമുള്ള പറിച്ചുനടലുകളും അച്ഛനമ്മാരുടെ സാമ്പത്തിക, അധ്വാനക്ലേശങ്ങളും കൂടെപ്പിറപ്പുകളുടെ ജീവിതത്തിലെ കയറ്റിറക്കങ്ങളും സാമൂഹ്യവ്യവസ്ഥിതിയിലെ ഉച്ചനീചത്വങ്ങളും സവിസ്തരം പറഞ്ഞുവയ്ക്കുന്നു. താൻ പങ്കെടുത്ത സമരങ്ങളും മുന്നേറ്റങ്ങളും സംഘടനാ രൂപീകരണങ്ങളും അവയുടെ തകർച്ചകളും ഈ സംരംഭങ്ങളിലും സന്ദർഭങ്ങളിലും തന്നോട് പങ്കുചേർന്നവരെയും ഒക്കെ വ്യക്തമായ ഓർമ്മയോടെ അവതരിപ്പിക്കുന്നു. തന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന കർമവീര്യത്തെയും ആത്മാർപ്പണത്തെയും ദീർഘമായും വ്യക്തമായും പ്രതിപാദിക്കുന്നുവെങ്കിലും അവയിലൊന്നും ആത്മപ്രശംസ കലർന്നിട്ടില്ല എന്നത് ഈ പുസ്തകത്തിന്റെ വായനയെ വേറിട്ടൊരു അനുഭവമാക്കുന്നു.

തകർക്കപ്പെട്ട ദലിത് ജീവിതത്തെ എല്ലാ അർത്ഥത്തിലും ഉദ്ഗ്രഥിക്കുക, ഉണർത്തുക എന്ന ലക്ഷ്യമാണ് കൊച്ചിന്റെ ജീവിതത്തെ സാർത്ഥകമാക്കുന്നതെന്ന് ഈ പുസ്തകം തെളിയിക്കുന്നു. അംബേദ്കർ ഉയർത്തിയ വാദമുഖങ്ങളിലെ സത്യവും സാംഗത്യവും ആഴത്തിൽ സ്വാംശീകരിച്ച കൊച്ചിന് അദ്ദേഹം ഗുരുസ്ഥാനീയനാണെങ്കിലും അംബേദ്കറോടുള്ള കടപ്പാടും ആദരവും ആരാധനയിലേയ്ക്ക് വഴുതി വീഴുന്നില്ല. ഇനിയുമേറെ ദൂരം പോകാനുണ്ടെന്നും പോരാട്ടങ്ങൾക്കവസാനമില്ലെന്നും കൊച്ച് തിരിച്ചറിയുന്നു. ദലിതർ അവരുടെ ദലിതാവസ്ഥ തിരിച്ചറിയുന്നില്ലെന്നും, അവർ പാർട്ടികളുടെ പാവകളായി സ്വന്തം സത്വം മുടിയ്ക്കുകയാണെന്നും കൊച്ച് ദുഃഖിക്കുന്നു. അതൊരു തിരിച്ചറിവാണ്. രാഷ്ട്രീയമായ ശാക്തീകരണത്തിനു മുന്നുപാധിയാണ് ഈ തിരിച്ചറിവ്. ഭാഷയുടെയും ആഖ്യാനത്തിന്റെയും മികവുകളാൽ തിളങ്ങുന്ന ഈ പുസ്തകം കൊച്ചിന്റെ ആഴമാർന്ന വായനയുടെയും തീഷ്ണതയാർന്ന ധിഷണയുടെയും നേർക്കാഴ്ചയൊരുക്കുന്നുണ്ട്. പലവട്ടം വായിക്കാനും ഓരോ വായനയിലൂടെയും ദലിതമായ ചരിത്രജീവിതത്തിന്റെ സത്യചിത്രീകരണം കാണാനും ആന്തരികവീര്യം ആർജിക്കാനും അതിജീവനത്തിന്റെ പാഠമുൾക്കൊള്ളാനും ഈ പുസ്തകം വായനക്കാരനെ ക്ഷണിക്കുന്നു. ▮


ജോണി ജി. വടക്കേൽ

അധ്യാപകൻ, വിവർത്തകൻ. The Inside Logic of English, English Teaching - The Constructivist Paradigm, English Infused Malayalam (വിവർത്തനം) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments