ഡോ. ശിൽപ സതീഷ്

തൊഴിൽ- പരിസ്ഥിതി
സംഘർഷങ്ങളുടെ കേരളം,
മുതലാളിത്ത തന്ത്രങ്ങളും

തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് വേരോട്ടമുള്ള കമ്യൂണിസ്റ്റ് സർക്കാരുകൾ ഭരിച്ചിട്ടുള്ള കേരളം പോലുള്ള സംസ്ഥാനത്ത് നടക്കുന്ന തൊഴിൽ-പരിസ്ഥിതി പ്രസ്ഥാന സംഘർഷങ്ങളെ മുൻനിർത്തി സമകാലിക കേരളത്തിന്റെ പുതിയ വെല്ലുവിളികൾ വിശകലനം ​ചെയ്യുന്ന പുസ്തകമാണ് ഡോ. ശിൽപ സതീഷിന്റെ ‘Labour nature and capitalism exploring labour-environmental conflicts in Kerala, India'. തൊഴിലാളിവർഗ പ്രസ്ഥാനങ്ങളും പരിസ്ഥിതി പ്രസ്ഥാനങ്ങളും തമ്മിലുള്ള പാരസ്പര്യം സാമൂഹിക ശാസ്ത്രത്തിന്റെ വിശകലനരീതി ഉപയോഗിച്ച് പഠിച്ച ആദ്യ പഠനമായും ഈ പുസ്തകത്തെ വിലയിരുത്താം- ഡോ. രാജേഷ് കോമത്ത് എഴുതുന്നു.

രാഷ്ട്രീയ സമ്പദ്ശാസ്ത്രവും സമൂഹശാസ്ത്രവും സമൂഹത്തിന്റെ സാമ്പത്തിക പെരുമാറ്റവും സാമ്പത്തിക പെരുമാറ്റത്തിൽ രൂപീകൃതമാകുന്ന സമൂഹത്തെയും പഠിക്കാനാണ് ശ്രമിക്കുക. സമൂഹവും സമ്പത്തും ഒന്ന് മറ്റൊന്നിനെ നിർണയിക്കാൻ കഴിയുന്ന സംജ്ഞകളായാണ് മനസ്സിലാക്കുന്നത്. ഒന്നിനെ മാറ്റിനിർത്തി മറ്റൊന്നിനെ പഠിക്കാൻ കഴിയുമോ എന്ന് നമുക്ക് ചിന്തിക്കാമെങ്കിലും മനുഷ്യനെ കേന്ദ്രീകരിക്കുമ്പോൾ സമൂഹവും സമ്പത്തും സമ്പദ് വ്യവസ്ഥയും ഇഴപിരിയാതെ പരസ്പരബന്ധിതമായി, ഒന്ന് മറ്റൊന്നിനെ സ്വാധീനിക്കുംവിധം പ്രതിപ്രവർത്തിക്കുന്നതു കാണാം.

സമൂഹത്തിന് മാറ്റം സംഭവിക്കുന്നത് അതിന്റെ അകത്തുനിന്നാണോ പുറത്തുനിന്ന് വരുന്ന ഘടകങ്ങൾ കൊണ്ടാണോ എന്ന് സാമൂഹിക ശാസ്ത്രജ്ഞർ നിരന്തരം ചോദിച്ചിട്ടുള്ള രീതിശാസ്ത്ര പ്രശ്നമായിരുന്നു. സമൂഹത്തെ പഠിക്കാൻ അതിന്റെ ഉള്ളിലും പുറത്തുമായുള്ള സംഭവങ്ങളെയും ചലനങ്ങളെയും ശ്രദ്ധിക്കേണ്ടിവരും.

സമൂഹ ചലനാത്മകതയെ നിർണയിക്കുക ചിലപ്പോൾ അകത്തുനിന്നും പുറത്തുനിന്നും ഉണ്ടായിവരുന്ന മാറ്റങ്ങൾ കൊണ്ടായിരിക്കാം. സമൂഹഘടനയെ കുറിച്ചുള്ള ചർച്ചകളിൽ ചിലന്തി വലയുടെ നിർമ്മിതിയെ ഒരു ഉദാഹരണമായി അഥവാ രൂപകമായി ചർച്ച ചെയ്യാറുണ്ട്. സമൂഹ ഘടനയുടെ രൂപം ചിലന്തിവല പോലെയാണെന്ന് വിവരിക്കാറുണ്ട്. ചിലന്തി സ്വന്തം ഉമിനീരുപയോഗിച്ചാണ് വല നെയ്യുന്നത്. ഒരു ബിന്ദുവിൽ നിന്ന് തുടങ്ങി അത് മറ്റൊരു ബിന്ദുവിലേക്ക് ഇഴപാകി വല നെയ്തെടുക്കുന്നു. വല സ്വയം രൂപീകൃതമാകുന്നതാണോ മറിച്ച് ചിലന്തി ബോധപൂർവ്വം നിർമ്മിക്കുന്നതാണോ എന്ന് പറയാൻ കഴിയില്ല. ചിലന്തി വലയിൽ കുടുങ്ങുകയാണോ അതോ വല ചിലന്തിയെ കുടുക്കുകയാണോ എന്നും നിശ്ചയമില്ല. പുറത്തുനിന്ന് കനമുള്ള എന്തെങ്കിലും വസ്തു ചിലന്തിവലയിൽ വീണാൽ ആ മാത്രയിൽ അത് പൊട്ടിപ്പോകും. സമൂഹം ചിലന്തിവല പോലെയാണ്. അത് നിരന്തരം ഉണ്ടായിവരികയും ചിലതൊക്കെ പുതുതായി രൂപപ്പെടുകയും ആ കാലചക്രത്തിൽ ചിലത് അപ്രത്യക്ഷമാകുകയും ചെയ്യാം. അതുകൊണ്ടാണ് പുതിയ ചോദ്യങ്ങൾ, പാരസ്പര്യബന്ധങ്ങൾ ഉടലെടുക്കുന്നത്.

തൊഴിലാളി വർഗ രാഷ്ട്രീയം പരിസ്ഥിതി പ്രസ്ഥാനങ്ങളുമായി രാഷ്ട്രീയമായി യോജിച്ചുപോകുന്നതിനുപകരം പരസ്പര വിരുദ്ധ താൽപര്യങ്ങളായി ചിത്രീകരിക്കുന്ന മുതലാളിത്തത്തിന്റെ പലതരം തന്ത്രങ്ങളെ അനാവരണം ചെയ്യുന്ന പുസ്തകമാണ് ഡോ. ശിൽപ സതീഷ് എഴുതിയ Labour, Nature and Capitalism: Exploring labour- environmental conflicts in Kerala, India.

മുതലാളിത്തം ഒരു സാമൂഹിക വ്യവസ്ഥയാണ്. സമ്പത്തിന്റെ നിയന്ത്രണം ഒരു പറ്റം ആൾക്കാരുടെ കൈയ്യിലൊതുങ്ങി, അതിന്റെ വിനിയോഗവും പുനർവിനിയോഗവും വഴി ഈ വ്യവസ്ഥ വ്യാപിക്കുന്നു. ജീവിതത്തിൽ പണം കൈകൊണ്ട് തൊട്ടിട്ടില്ലാത്തവരുടെ ഇടയിലും പണം എത്തുന്ന പ്രക്രിയ കൂടിയാണിത്. പണമായും സ്വത്തായും വിവിധ മൂലധന ഉറവിടങ്ങളായും മുതലാളിത്തം വികസിക്കുകയും വിവിധതരം മനുഷ്യരിൽ അതിന്റെ വേരുകൾ ഉറയ്ക്കുകയും പടർന്നുപന്തലിക്കുകയും ചെയ്യുന്നു.

മുതലാളിത്തം പുതിയ തൊഴിലാളികളെയും അദ്ധ്വാനരൂപങ്ങളെയും ഉണ്ടാക്കിയെടുക്കുന്നു. ഫ്യൂഡൽ വ്യവസ്ഥയിലുണ്ടായിരുന്ന പല തൊഴിലുകളും അപ്രത്യക്ഷമാകുകയും പുതിയവ ഉണ്ടായിവരികയും ചെയ്യുന്നു. വ്യവസ്ഥകൾ മാറുമ്പോൾ വർഗ്ഗങ്ങൾ തമ്മിലും മനുഷ്യർ തമ്മിലുമുള്ള സാമൂഹിക ബന്ധങ്ങളിലും മാറ്റം വരുന്നു. അതൊരു രാഷ്ട്രീയ വ്യവസ്ഥയെ നിർമ്മിക്കും. ബലവാൻ ദുർബലനും ദുർബലൻ ബലവാനുമാകും. ചിലപ്പോൾ ദുർബലർക്ക് ചില അവകാശങ്ങളും പുതിയ വ്യവസ്ഥ ഉണ്ടാക്കിക്കൊടുക്കും. ഇതൊക്കെ നേരത്തേ കൂട്ടി ചിന്തിച്ചുറപ്പിച്ചു രൂപീകരിച്ചതായിരിക്കണമെന്നില്ല. ചില മാറ്റങ്ങൾ ചിന്തിച്ചു പദ്ധതിയിട്ട് മാറുന്നതുമാവാം.

ഏത് എന്തിനെയാണ് സ്വാധീനിച്ചത്, സ്വാധീനിച്ചതിന്റെ കാരണവും സാമൂഹിക പ്രക്രിയയുമെന്തൊക്കെയാണ് എന്നീ ചോദ്യങ്ങളാണ് സാമൂഹിക ശാസ്ത്രജ്ഞർ സമൂഹത്തെ പാളിനോക്കാൻ ചോദിക്കുന്ന ചോദ്യങ്ങൾ. വ്യാവസായിക മുതലാളിത്തത്തിൽ തൊഴിലിനും തൊഴിലാളിക്കും എന്താണ് സംഭവിക്കുന്നത്? എന്തു തരത്തിലുള്ള രാഷ്ട്രീയ സമ്പദ്ശാസ്ത്രമാണ് ഈ പരസ്പര ബന്ധപ്പെടലിൽ ഉണ്ടായിവരുന്നത്? തൊഴിലിനും തൊഴിലാളി സംഘടനയ്ക്കും വരുന്ന മാറ്റങ്ങൾ എന്തൊക്കെ? ഭരണകൂടവും പ്രാദേശിക വ്യവസായങ്ങളും തമ്മിലുള്ള കണ്ണിചേർക്കലുകൾ എങ്ങനെയാണ് ഉണ്ടായിവരുന്നത്? വ്യവസായങ്ങൾ പരിസ്ഥിതിയെ മലിനമാക്കുന്ന സന്ദർഭത്തിലുണ്ടാകുന്ന തർക്കങ്ങൾ ഏതൊക്കെ തരത്തിലാണ് തൊഴിലാളി പ്രസ്ഥാനങ്ങളെയും പരിസ്ഥിതി പ്രസ്ഥാനങ്ങളെയും തർക്കത്തിലെത്തിക്കുന്നത്? ഈ ചോദ്യങ്ങൾക്കുള്ള വിശദീകരണമാണ് ഡോ. ശിൽപ സതീഷ് എഴുതിയ Labour, Nature and Capitalism: Exploring labour- environmental conflicts in Kerala, India എന്ന പുസ്തകം ചർച്ച ചെയ്യുന്നത്. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിന്റെ UCL Press ആണ് പ്രസാധകർ. ഡോ. ശിൽപ സതീഷിന്റെ പിഎച്ച്.ഡി പ്രബന്ധമാണിത്.

ഡോ. ശിൽപ സതീഷ് എഴുതിയ Labour, Nature and Capitalism: Exploring Labour-Environmental Conflicts in Kerala, India എന്ന പുസ്തകം
ഡോ. ശിൽപ സതീഷ് എഴുതിയ Labour, Nature and Capitalism: Exploring Labour-Environmental Conflicts in Kerala, India എന്ന പുസ്തകം

അദ്ധ്വാനവും പ്രകൃതിയും മൂലധനവുമായുള്ള സങ്കീർണമായ സമകാലിക സാമൂഹിക ബന്ധങ്ങളെയാണ് അടിവരയിടുന്നത്. എങ്ങനെയാണ് മുതലാളിത്ത യുക്തി മുതലാളിത്ത വിരുദ്ധ പ്രസ്ഥാനങ്ങളെ നേരിടാൻ ഉപയോഗിക്കുന്നത്? ഏതൊക്കെ തന്ത്രങ്ങളിലൂടെയാണ് മുതലാളിത്തം മനുഷ്യരിലേക്ക് സന്നിവേശിക്കുന്നത്? എന്നിങ്ങനെയുള്ള അന്വേഷണങ്ങൾ കേരളത്തിലെ വ്യവസായ പ്രക്രിയയും പ്രകൃതിയും തമ്മിലുള്ള വ്യത്യസ്തതരം വ്യവഹാരങ്ങളെയും മുറിച്ചുകടക്കലുകളെയും (intersections) വെളിവാക്കുന്നു. ഒരർത്ഥത്തിൽ സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ അടിത്തട്ടിലെ പ്രക്രിയകളുടെ അടിസ്ഥാനത്തിൽ സിദ്ധാന്തവൽക്കരിക്കുകയാണ് ഈ പുസ്തകം.

‘പുഴ കത്തുന്നു, ഭൂമി വിതുമ്പുന്നു’ എന്ന തലവാചകത്തോടെ മലയാള മനോരമ പ്രസിദ്ധീകരിച്ച ചിത്രത്തെ ആധാരമാക്കിയാണ് ചുവക്കുന്ന പുഴയും പച്ചപ്പാർന്ന പ്രകൃതിയും തമ്മിലുള്ള സംഘർഷത്തെ ഈ പുസ്തകത്തിൽ വിവരിക്കുന്നത്. കൊച്ചിയിലെ പാതാളം പാലത്തിനിടയിൽ പെരിയാർ രണ്ട് നിറങ്ങളിൽ ഒഴുകുകയാണ്. പുഴയുടെ നിറംമാറ്റം പ്രധാനമായും വ്യാവസായിക മലിനീകരണം മൂലമാണ്. ‘പർവതനിരയുടെ പനിനീരായി’ ചിത്രീകരിച്ച പെരിയാർ മലിനജലം ഒഴുകുന്ന പുഴയായി പരിണമിച്ചതിന്റെ പാരിസ്ഥിതിക ചരിത്രവുമാണ് ഇവിടെ അനാവരണം ചെയ്യുന്നത്.

പുഴ ചുവക്കുന്നതിന്റെ കാരണം വ്യവസായങ്ങളല്ലെന്ന് പറഞ്ഞുറപ്പിക്കേണ്ട ബാധ്യത തൊഴിലാളി പ്രസ്ഥാനങ്ങൾക്കുണ്ടാവുന്നു. കാരണം അദ്ധ്വാനിക്കുന്നവരുടെ തൊഴിൽസാധ്യതയെ അത് ബാധിക്കും. എന്നാൽ പ്രാദേശിക പരിസ്ഥിതിവാദികൾ വ്യവസായത്തെയും മാറി വരുന്ന കാലാവസ്ഥാ വ്യതിയാനത്തെയും പ്രശ്നവൽക്കരിക്കുന്നു. തൊഴിലാളി പ്രസ്ഥാനങ്ങളുടെ താൽപര്യം പരിസ്ഥിതി പ്രസ്ഥാനങ്ങൾ ലംഘിക്കുന്നു. പരിസ്ഥിതിവാദം വ്യവസായത്തിന്റെ പ്രകൃതിചൂഷണത്തെയും വെളിവാക്കുന്നു. ഈ പരസ്പര സംഘർഷത്തിലൂടെ ഉണ്ടായിവരുന്ന വ്യവഹാരങ്ങൾ, വിശദീകരണങ്ങൾ, ന്യായവാദങ്ങൾ, പ്രതിവാദങ്ങൾ എന്നിവ ഈ രണ്ട് സാമൂഹിക പ്രസ്ഥാനങ്ങളുടെയും നിലനിൽപ്പിനെയും രാഷ്ട്രീയ ഭാവനകളെയും ഉറപ്പിക്കുന്നു. ഈ വ്യവഹാരങ്ങൾ അഥവാ ചിത്രീകരണരീതികളാണ് പ്രസ്ഥാനങ്ങളുടെ സാമൂഹിക യാഥാർത്ഥ്യത്തെ പ്രത്യക്ഷപ്പെടുത്തുന്നത്. ഈ പ്രക്രിയകൾ വാദ- പ്രതിവാദ രൂപങ്ങളിൽ തൊഴിലും അദ്ധ്വാന രൂപങ്ങളും പ്രകൃതിയും മുതലാളിത്ത വ്യവസ്ഥയുമായി ചേർന്നും കലഹിച്ചും മുന്നോട്ടു പോകുന്നുവെന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.

തൊഴിലാളികളുടെ സമിതിയായ സ്റ്റാന്റിംങ് കൗൺസിലും (Standing council of trade unions) പെരിയാർ മലിനീകരണ വിരുദ്ധസമിതിയും തമ്മിലുള്ള വാദപ്രതിവാദങ്ങളാണ് കൊച്ചിയിലെ ഏലൂർ - എടയാർ വ്യാവസായിക ഇടത്തിലെ തൊഴിലാളി - പാരിസ്ഥിതിക സംഘർഷമായി രൂപപ്പെടുന്നത്. സമൂഹശാസ്ത്രത്തിലെ സവിശേഷമായ പഠനരീതിയായ ഫ്രെയിമിങ് (framing) അഥവാ ഫ്രെയിം വിശകലന (frame analysis) രീതിശാസ്ത്രസംജ്ഞയാണ് ശിൽപ സതീഷ് ഉപയോഗിച്ചിരിക്കുന്നത്.

സാമൂഹിക ശാസ്ത്രജ്ഞനായ ഇർവിങ് ഗോഫ്മാനാണ് frame analysis എന്ന രീതീശാസ്ത്രം മുന്നോട്ടു കൊണ്ടുവരുന്നത്. എങ്കിലും പിന്നീട് പല വിദഗ്ധരും ഈ രീതിശാസ്ത്രം വ്യത്യസ്ത സാമൂഹിക-സാംസ്കാരിക യാഥാർത്ഥ്യങ്ങളെ പഠിക്കാനുപയോഗിക്കുന്നുണ്ട്. എങ്ങനെയാണ് മനുഷ്യർ സാമൂഹ്യവസ്തുതകളെയും യാഥാർത്ഥ്യങ്ങളെയും വ്യാഖ്യാനിക്കുന്നത്. കഥകളായും വിവിധ ഘട്ടങ്ങളിൽ വന്നു ഭവിക്കുന്ന സന്ദർഭങ്ങളായും വിവിധതരം രൂപകങ്ങളായും മനുഷ്യർ അവർ നേരിടുന്ന പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്ന സംഘർഷങ്ങളെയും വിവരിക്കും. ഇതൊക്കെ എഴുത്തുകളായും പറച്ചിലുകളായും മാധ്യമങ്ങളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തിലും അതിന്റെ രാഷ്ട്രീയ പ്രയോഗത്തിലും സമൂഹിക അർത്ഥങ്ങളായി പുനരാവിഷ്കരിക്കപ്പെടും. ഇത്തരം ആവിഷ്കാരങ്ങളുടെ പാഠത്തെ വിശകലനം ചെയ്താൽ അതിലടങ്ങിയ രാഷ്ട്രീയ നിലപാടുകളെയും തർക്കങ്ങളെയും മനസ്സിലാക്കാൻ കഴിയുമെന്ന മുന്നുപാധിയാണ് ഈ രീതി ശാസ്ത്രത്തിനുള്ളത്.

കത്തുകൾ, ബാനറുകൾ, പ്രസംഗങ്ങൾ, പത്രക്കുറിപ്പുകൾ, പത്രവാർത്തകൾ, ചിത്രങ്ങൾ, അതിന്റെ അടിക്കുറിപ്പുകൾ, നേതാക്കളുടെയും പ്രവർത്തകരുടെയും അഭിമുഖങ്ങൾ, ഭരണകൂടത്തിന്റെ പ്രതിവാദങ്ങൾ, നിലപാടുകൾ, കോടതി തർക്കങ്ങൾ, പ്രാദേശികമായ അഭിപ്രായ പ്രകടനങ്ങൾ, മാധ്യമങ്ങളിലൂടെ വിനിമയം ചെയ്യപ്പെടുന്ന പാഠങ്ങൾ, അതിന്റെ പാഠാന്തരങ്ങളും തുടർന്ന് രൂപീകൃതമാകുന്ന അഭിപ്രായങ്ങളും, വിവിധ വർഗങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഏജൻസികളുടെ അഭിപ്രായങ്ങൾ, പ്രസ്താവനകൾ, നവ മാധ്യമങ്ങളിലൂടെ ഉണ്ടായിവരുന്ന വ്യവഹാരങ്ങൾ, അതിലെ ഭാഷയും ഭാഷാപ്രയോഗങ്ങളും ചിഹ്നങ്ങളും രൂപകങ്ങളും തുടങ്ങിയവയെല്ലാം ഈ പഠനത്തിന്റെ ഉപദാനങ്ങളായി മാറുന്നു. സമരമുഖത്ത് സംഭവിക്കുന്നതും സമരത്തെ കുറിച്ച് പറഞ്ഞതും എഴുതിയതുമായ എല്ലാ പാഠങ്ങളും പഠനത്തിന്റെ ആധാരമാകുന്നതാണ് ഈ പഠനരീതിയുടെ പ്രത്യേകത.

പുഴയുടെ നിറംമാറ്റം പ്രധാനമായും വ്യാവസായിക മലിനീകരണത്തിന്റെ ഉൽപ്പന്നമാണ്. പർവതനിരയുടെ പനിനീരായി ചിത്രീകരിച്ച പെരിയാർ മലിന ജലം ഒഴുകുന്ന പുഴയായി പരിണമിച്ചതിന്റെ പാരിസ്ഥിതിക ചരിത്രവുമാണ് ഇവിടെ അനാവരണം ചെയ്യുന്നത്.
പുഴയുടെ നിറംമാറ്റം പ്രധാനമായും വ്യാവസായിക മലിനീകരണത്തിന്റെ ഉൽപ്പന്നമാണ്. പർവതനിരയുടെ പനിനീരായി ചിത്രീകരിച്ച പെരിയാർ മലിന ജലം ഒഴുകുന്ന പുഴയായി പരിണമിച്ചതിന്റെ പാരിസ്ഥിതിക ചരിത്രവുമാണ് ഇവിടെ അനാവരണം ചെയ്യുന്നത്.

തൊഴിലും മുതലാളിത്തവും പ്രകൃതിയുടെ മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്നത്തെ അനാവരണം ചെയ്യാൻ, അതുമായി ബന്ധപ്പെട്ട പാഠങ്ങളെ മുൻനിർത്തി വാദവും പ്രതിവാദവും തർക്കവും സംഘർഷവും ഓരോ വ്യാഖ്യാനങ്ങളായി കണ്ട് ആ വ്യാഖ്യാനങ്ങളെ വിശകലനം ചെയ്യുന്ന രീതിയാണ് ഫ്രെയിം വിശകലനം. തൊഴിലിനുവേണ്ടി പരിസ്ഥിതിയെ വേണ്ടെന്നുവെക്കാൻ കഴിയുമോ? പരിസ്ഥിതി സംരക്ഷണത്തിനായി തൊഴിലവസരങ്ങൾ ഉപേക്ഷിക്കാൻ കഴിയുമോ? ഈ ദ്വന്ദ്വചർച്ച തന്നെ മുതലാളിത്തത്തിന്റെ താൽപര്യം മുൻനിർത്തിയുള്ള അടയാളപ്പെടുത്തലാണ്.

ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുവാൻ മനുഷ്യരെ നിർബന്ധിപ്പിക്കുന്ന ചിന്തയും വ്യവഹാരവും ഈ വിശകലനരീതിക്കുണ്ട്. ഇപ്പോൾ നിലനിൽക്കുന്ന തൊഴിലവസരങ്ങളും നാളെ ഉണ്ടാകാൻ സാധ്യതയുള്ള അവസരങ്ങളും ഇല്ലാതാക്കുന്ന വാദമാണ് പരിസ്ഥിതി സംരക്ഷകരുടേതെന്ന് ന്യായീകരിക്കാൻ തൊഴിൽ- പരിസ്ഥിതി പകരംവെക്കലിന്റെ യുക്തിക്ക് കഴിയുന്നു. എന്നാൽ ഇതിന് കടകവിരുദ്ധമായ വാദം മുന്നോട്ട് വെക്കുന്ന പഠനങ്ങളും നമുക്ക് കാണാം. പരിസ്ഥിതി സംരക്ഷണം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണെന്ന് ചില ചിന്തകൾ അവകാശപ്പെടുന്നുണ്ട്. മത്സ്യബന്ധനം, വനവൽക്കരണം, കൃഷി എന്നിങ്ങനെ പരിസ്ഥിതിയുടെ നിലനിൽപ്പിലുണ്ടാവുന്ന വ്യവസായങ്ങൾ തൊഴിലിന്റെ ഉറവിടമായാണ് വർത്തിക്കുന്നത്. ശുദ്ധജലത്തിന്റെയും വായുവിന്റെയും ലഭ്യത തൊഴിലിന്റെ സാധ്യതകളും സാമ്പത്തിക വളർച്ചയുടെ ഉപാധിയായും മാറുന്നുണ്ട്. എന്നാൽ തൊഴിൽനഷ്ടം പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ വളർച്ചയുമായി ബന്ധപ്പെടുത്തി നിർമ്മിച്ചുണ്ടാക്കുന്നത് വികസനത്തെ കുറിച്ചും സാമ്പത്തിക വളർച്ചയെ കുറിച്ചും മറ്റ് മാതൃകകളെ കുറിച്ചുള്ള ചർച്ചകളെയും ആലോചനകളെയും നിശ്ശബ്ദമാക്കാനാണ്. ഇത്തരം സാമൂഹികശാസ്ത്ര വാദങ്ങളെ അപഗ്രഥിച്ചുകൊണ്ടാണ് ഈ പുസ്തകം നീല- പച്ച സംഘർഷത്തെ കേരളത്തിന്റെ സന്ദർഭത്തിൽ വിശദീകരിക്കുന്നത്. തൊഴിലാളിവർഗ താൽപര്യവും മധ്യവർഗ പരിസ്ഥിതിവാദികളും തമ്മിലുള്ള സംഘർഷമായി ഇത് ഭവിക്കുമ്പോൾ ഈ സാമൂഹികപ്രക്രിയയും വ്യവഹാരങ്ങളും സംഘർഷ ഭരിതമായ വിവിധ സാമൂഹിക സ്വത്വങ്ങളെയും ഉണ്ടാക്കിയെടുക്കുന്നു.

READ: രാസവിഷനദിക്കരയിലെ
മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യർ

തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് വേരോട്ടമുള്ള കമ്യൂണിസ്റ്റ് സർക്കാരുകൾ ഭരിച്ചിട്ടുള്ള കേരളം പോലുള്ള സംസ്ഥാനത്ത് നടക്കുന്ന തൊഴിൽ-പരിസ്ഥിതിപ്രസ്ഥാന സംഘർഷങ്ങൾ, അഭിപ്രായ ഭിന്നതകൾ, രാഷ്ട്രീയ നിലപാടുകൾ തുടങ്ങി കേരള വികസന മാതൃകയുടെ പതിവ് ചർച്ചകളിൽ നിന്നു വേറിട്ട്, സമകാലിക കേരളത്തിന്റെ പുതിയ വെല്ലുവിളികളെ വിശകലനം ​ചെയ്യാൻ ഈ പഠനത്തിന് കഴിയുന്നു. തൊഴിലാളി വർഗ പ്രസ്ഥാനങ്ങളും നവ സാമൂഹിക പ്രസ്ഥാനങ്ങളായ പരിസ്ഥിതി പ്രസ്ഥാനങ്ങളും തമ്മിലുള്ള പാരസ്പര്യം സാമൂഹിക ശാസ്ത്രത്തിന്റെ വിശകലനരീതി ഉപയോഗിച്ച് പഠിച്ചിട്ടുള്ള ആദ്യ പഠനമായും ഈ പുസ്തകത്തെ വിലയിരുത്താം.

കമ്യൂണിസ്റ്റ് ചിന്താബോധമുള്ള ഒരു ദേശത്ത് മുതലാളിത്തത്തിന്റെ പുതിയ രൂപങ്ങളെ വ്യാവസായിക മുതലാളിത്തം സന്നിവേശിപ്പിക്കുന്നതിന്റെ സൂക്ഷ്മരാഷ്ട്രീയം ഡോ. ശിൽപ സതീഷ് എഴുതിയ Labour, Nature and Capitalism: Exploring labour- environmental conflicts in Kerala, India എന്ന പുസ്തകം അനാവരണം ചെയ്യുന്നു.

കമ്യൂണിസ്റ്റ് ചിന്താബോധമുള്ള ഒരു ദേശത്ത് മുതലാളിത്തത്തിന്റെ പുതിയ രൂപങ്ങളെ വ്യാവസായിക മുതലാളിത്തം സന്നിവേശിപ്പിക്കുന്നതിന്റെ സൂക്ഷ്മരാഷ്ട്രീയവും പുസ്തകം അനാവരണം ചെയ്യുന്നു. 38-ഓളം അഭിമുഖങ്ങളിലൂടെയും ഏലൂർ- എടയാർ വ്യാവസായിക ഇടങ്ങളിലെ നിരന്തരമായ ഫീൽഡ് വർക്കിലൂടെയും കണ്ടെടുത്ത നിരീക്ഷണങ്ങളെ വിശദീകരിച്ചും ശേഖരിച്ച ദത്തങ്ങളെ സിദ്ധാന്തീകരിച്ചുകൊണ്ടുമാണ് ഡോ. ശിൽപ സതീഷ് ഈ പുസ്തകം നെയ്തുണ്ടാക്കിയിരിക്കുന്നത്.

എട്ട് അധ്യായങ്ങളിലായി ചിട്ടപ്പെടുത്തിയ പുസ്തകം സാമൂഹിക രീതിശാസ്ത്രത്തിൽ ഫ്രെയിം വിശകലനത്തെയും എതിർ ഫ്രെയിം വിശകലന രീതികളെയും സാമൂഹ്യ പ്രസ്ഥാനങ്ങളെയും പഠിക്കാൻ സഹായിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. വ്യവസായവൽക്കരണം പ്രാദേശിക പരിസ്ഥിതി സംരക്ഷണ സംഘങ്ങളെ ഉണ്ടാക്കിയെടുക്കുന്നതിന്റെ കാരണങ്ങളെയും വ്യവസായ സംരംഭകരും ദേശക്കാരുമായുള്ള തർക്കങ്ങളും വാദവും പ്രതിവാദവും മുന്നോട്ടു വെക്കുന്നു.

വ്യവസായ മൂലധനം തൊഴിലാളി വർഗങ്ങളെയും പരിസ്ഥിതി സംരക്ഷണ സംഘങ്ങളെയും ഏതൊക്കെ തരത്തിലാണ് വർഗീകരിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്നതെന്ന് മനസ്സിലാക്കുകയാണ് നാലാമത്തെ അദ്ധ്യായമായ ‘വ്യവസായ മുതലാളിത്തത്തിന്റെ രാഷ്ട്രീയ സമ്പദ് ശാസ്ത്രം’. വർഗവീക്ഷണത്തിനപ്പുറത്തേക്ക് നീങ്ങുന്ന തൊഴിലാളി പ്രസ്ഥാനങ്ങളും വ്യവസായ മുതലാളിമാരും തൊഴിലാളികളും തമ്മിലെത്തിച്ചേരുന്ന വർഗസഹകരണത്തിന്റെ വ്യവഹാരത്തെ തുറന്നുകാട്ടുന്നു. മൂലധനം നല്ലതാണ് എന്ന നിലപാടിലേക്കും മൂലധനം ഇഷ്ടപ്പെടുന്ന ആഗ്രഹത്തിലേക്കും നയിക്കാൻ വ്യവസായ മൂലധനത്തിന് കഴിയുന്ന സന്ദർഭത്തെ മൂലധനശക്തികളുടെ ഒരു തരത്തിലുള്ള സമ്മതനിർമ്മിതിയുടെ ഉദാഹരണമായി കാണാം.

ആറാമത്തെ അദ്ധ്യായം തൊഴിലാളി- പരിസ്ഥിതി തർക്കത്തിന്റെ വിവിധ മാനങ്ങളെ തുറന്നുകാട്ടുന്നു. വ്യവസായങ്ങൾ വലിയ ഇരുമ്പുകഷ്ണങ്ങൾ പുഴയിൽ ഒളിപ്പിക്കുമ്പോൾ കുടിവെള്ളം മലിനമാകുന്നു, പുഴകൾ മരിക്കുന്നു എന്ന് പരിസ്ഥിതി പ്രവർത്തകർ വിളിച്ചുപറയുന്നതിനെതിരെ എതിർ ഫ്രെയിം വിശകലന (Counter Framing) നടത്തുകയാണ് തൊഴിലാളി യൂണിയൻ നേതാക്കൾ. പുഴ പടിഞ്ഞാറോട്ട് ഒഴുകുന്നിടത്തോളം അത് കടലിൽ ലയിക്കുമെന്നതിനാൽ കുടിവെള്ളം മലിനമാകുമെന്ന വാദം അസംബന്ധമാണെന്ന് അവർ തർക്കിക്കുന്നു. പുഴ മലിനമാവുന്നതിന്റെ രസതന്ത്രവും വ്യാവസായിക മൂലധനത്തിന്റെ സാമ്പത്തിക ശാസ്ത്രവും കലഹിക്കുന്നതിന്റെ പുത്തൻവഴികളെ ഈ അദ്ധ്യായം വരച്ചുകാട്ടുന്നു.

എതിർവാദവും ചിത്രീകരണവും കൊണ്ട് വ്യത്യസ്ത വ്യവഹാര നിർമ്മിതിയിലൂടെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെയും അവരുടെ രാഷ്ട്രീയ ഭാവനകളുടെയും സാധുത്വം ഇല്ലാതാക്കാൻ ശ്രമിക്കുന്ന പ്രസ്താവനകളുടെ വിശകലനമാണ് ഏഴാമത്തെ അദ്ധ്യായം. കപട പരിസ്ഥിതിസ്നേഹികൾ, വിദേശ പണമുപയോഗിച്ച് തൊഴിലാളിവർഗത്തെയും വ്യവസായ കുതിപ്പിനെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ, ജലം മനിലമാകുന്നു പുഴ കലങ്ങുന്നു എന്ന് വിലപിക്കുന്നവർ തുടങ്ങിയവർ ജനങ്ങളിൽ ഭയമാണുണ്ടാക്കുന്നത്. അവർ തൊഴിലാളികളുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് കൂലി കുറക്കാനും കാരണക്കാരാകുന്നു. തൊഴിലാളികളുടെ കുടുംബത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നവരാണ് പരിസ്ഥിതി സ്നേഹികളെന്ന്, വിവിധ തരത്തിലുള്ള സമരങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും സാമൂഹിക വ്യവഹാര നിർമ്മിതി നടത്തി, പരിസ്ഥിതി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തെ എതിർവാദത്തിലൂടെ എതിരിടുന്ന ചിത്രമാണിവിടെ വിവരിക്കുന്നത്.

ഏലൂർ- ഇടയാർ വ്യാവസായിക ഇത്തെ കേന്ദ്രീകരിച്ച് നടക്കുന്ന ചെറുതും വലുതുമായുള്ള തർക്കങ്ങളെ ഫ്രെയിം വിശകലനത്തിന്റെ ചട്ടക്കൂടിലൂടെ നോക്കിക്കാണുന്ന ഈ പഠനം കേരളത്തിലെ വിവിധ തരം സാമൂഹിക പ്രസ്ഥാനങ്ങൾക്ക് കാലാന്തരത്തിൽ എന്തു മാറ്റമാണ് സംഭവിക്കുന്നതെന്ന് പറഞ്ഞുതരുന്നു.
ഏലൂർ- ഇടയാർ വ്യാവസായിക ഇത്തെ കേന്ദ്രീകരിച്ച് നടക്കുന്ന ചെറുതും വലുതുമായുള്ള തർക്കങ്ങളെ ഫ്രെയിം വിശകലനത്തിന്റെ ചട്ടക്കൂടിലൂടെ നോക്കിക്കാണുന്ന ഈ പഠനം കേരളത്തിലെ വിവിധ തരം സാമൂഹിക പ്രസ്ഥാനങ്ങൾക്ക് കാലാന്തരത്തിൽ എന്തു മാറ്റമാണ് സംഭവിക്കുന്നതെന്ന് പറഞ്ഞുതരുന്നു.

സാമൂഹികശാസ്ത്രത്തിലെ ഗഹനമായ പഠനങ്ങളിൽ സാമൂഹികശാസ്ത്ര സങ്കൽപ്പങ്ങളും സിദ്ധാന്തങ്ങളുമുപയോഗിച്ച് ശാസ്ത്രീയമായ സാമൂഹിക നിരീക്ഷണങ്ങളിലൂടെ വസ്തുതകളെയും വാദങ്ങളെയും പ്രസ്താവനകളെയും സൂക്ഷ്മവിശകലനത്തിന് വിധേയമാക്കുന്ന പഠനത്തിന്റെ ഒരു ഉത്തമ ഉദാഹരണം കൂടിയാണ് ഈ പുസ്തകം.

കേരളത്തിലെ ഏലൂർ- ഇടയാർ വ്യാവസായിക ഇടത്തെ കേന്ദ്രീകരിച്ച് നടക്കുന്ന ചെറുതും വലുതുമായ തർക്കങ്ങളെ ഫ്രെയിം വിശകലനത്തിന്റെ ചട്ടക്കൂടിലൂടെ നോക്കിക്കാണുന്ന ഈ പഠനം കേരളത്തിലെ വിവിധതരം സാമൂഹിക പ്രസ്ഥാനങ്ങൾക്ക് കാലാന്തരത്തിൽ എന്തു മാറ്റമാണ് സംഭവിക്കുന്നതെന്ന് പറഞ്ഞുതരുന്നു. തൊഴിലാളി വർഗ രാഷ്ട്രീയം പരിസ്ഥിതി പ്രസ്ഥാനങ്ങളുമായി രാഷ്ട്രീയമായി യോജിച്ചുപോകുന്നതിനുപകരം പരസ്പര വിരുദ്ധ താൽപര്യങ്ങളായി ചിത്രീകരിക്കുന്ന മുതലാളിത്തത്തിന്റെ പലതരം തന്ത്രങ്ങളെ അനാവരണം ചെയ്യാൻ ഈ പുസ്തകത്തിന് കഴിയുന്നു.

Comments