രാസവിഷനദിക്കരയിലെ
മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യർ

പെരിയാറിന്റെ തീരത്തെ വ്യവസായശാലകൾ 26 കോടി ലിറ്റർ മലിനജലമാണ് പെരിയാറിലേക്ക് പമ്പുചെയ്യുന്നത്. മനുഷ്യശരീരത്തിനും ആവാസവ്യവസ്ഥക്കും അത്യന്തം ഹാനികരമായ ഡസൻ കണക്കിന് രാസവിഷങ്ങളും ഘനലോഹങ്ങളും അടിഞ്ഞുകൂടിയ മാലിന്യങ്ങളാണ് പാതി സംസ്കരിച്ചും തീരെ സംസ്കരിക്കാതെയും ഫാക്ടറികളുടെ ഔട്ട് ലെറ്റുകളിലൂടെ പെരിയാറിലേക്ക് തള്ളുന്നത്. കേരളത്തിന്റെ ജീവരേഖയായി അറിയപ്പെടുന്ന പെരിയാർ കൊച്ചിയിലെ 40 ലക്ഷം ജനങ്ങളുടെ ജീവനെടുക്കാനുള്ള പടപ്പുറപ്പാടിലാണ്. പെരിയാറിലെ രാസവിഷമാലിന്യങ്ങളെക്കുറിച്ച് അന്വേഷണം.

റണാകുളം ജില്ലയിലെ ഏലൂർ മേഖലയിൽ 60 വയസ്സ് പിന്നിട്ട നൂറുകണക്കിനുപേർ കാലിലെ അസ്ഥികൾ പിന്നോട്ടേക്ക് വളഞ്ഞുവരുന്ന പ്രത്യേക രോഗത്തിന്റെ പിടിയിലാണ്. പേശീസംബന്ധമായ മറ്റു രോഗങ്ങളും പ്രായം ചെന്ന ഇവരിൽ പലർക്കുമുണ്ട്. കൈവിരലുകളിലെ അസ്ഥികൾ പിന്നോട്ട് വലിയുന്ന തരത്തിലുള്ള സമാന രോഗങ്ങളും പ്രദേശത്തുകാരിൽ കണ്ടുവരുന്നു. പ്രായമേറിയവരിലാണ് ഇത്തരം രോഗങ്ങൾ കൂടുതലായി കാണുന്നതെങ്കിലും പിറന്നുവീഴുന്ന കുഞ്ഞുങ്ങളിലും സമാനലക്ഷണങ്ങൾ കാണുന്നുണ്ട്. തീർന്നില്ല, ഹൃദ്രോഗികളുടെയും തൈറോയിഡ് രോഗം ബാധിച്ചവരുടെയും എണ്ണം ഈ പ്രദേശത്ത് താരതമ്യേന കൂടുതലാണ്. നാഡീസംബന്ധമായ അസുഖങ്ങളാലും അർബുദ രോഗത്താലും ബുദ്ധിമുട്ടുന്നവരുടെ എണ്ണമെടുത്താലും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് മുന്നിലാണ് ഏലൂർ മേഖലയുടെ സ്ഥാനം.

ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ് പേരറിയുന്നതും അല്ലാത്തതുമായ രോഗങ്ങൾ പെരുകുന്നത്. ഡയാലിസിസ് ആവശ്യമായി വരുന്ന രോഗികളുടെ എണ്ണം കുതിച്ചുരുന്നതും എന്തുകൊണ്ടാണെന്ന ചോദ്യം എവിടെ നിന്നും ഉയരുന്നില്ല. ഇതിനെല്ലാം എന്താണ് കാരണമെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയാനാൻ കഴിയുന്ന ഒരു ഉത്തരമുണ്ട്- പെരിയാർ. അരനൂറ്റാണ്ടിലധികമായി സംസ്ഥാനത്തെ വ്യവസായ വികസനം പുറന്തള്ളിയ രാസമാലിന്യങ്ങൾ പേറി ജീവച്ഛവമായി മാറിയ മഹാനദി. ഈ രോഗികൾക്കൊല്ലാമുള്ള ഒരു പൊതുസാമ്യം ഇവരിൽ ഏറിയപങ്കും ജീവിക്കുന്നത് പെരിയാർ തീരത്തെ, മാരകവും അല്ലാത്തതുമായ എല്ലാ വ്യവസായങ്ങളെയും കുടിയിരുത്തിയ ഏലൂർ- എടയാർ മേഖലയിലാണെന്നതാണ്.

ലെഡ്, കാഡ്മിയം, മെർക്കുറി, ആഴ്‌സനിക് തുടങ്ങിയ ഘനലോഹങ്ങളാൽ 'സമ്പന്ന'മാണ് പെരിയാറിന്റെ അടിത്തട്ട്. അതും അനുവദനീയമായതിന്റെ മുന്നൂറും നാനൂറും ഇരട്ടി അളവിൽ.

മധ്യകേരളത്തിന്റെ ജീവനാഡിയായി അറിയപ്പെട്ടിരുന്ന പെരിയാറിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നത് കൊടും രാസമാലിന്യങ്ങൾ കലർന്ന ജലമാണ്. എന്നിട്ടും കൊച്ചിക്കാരുടെ ജീവന്റെ നിലനില്പിന് നിദാനമായ കുടിവെള്ളം ഇന്നും ഇതേ പെരിയാറിൽ നിന്നു തന്നെ. ദിവസവും ഇത്തരത്തിൽ കൊടിയ വിഷമാണ് ഓരോരുത്തരുടെയും ശരീരത്തിനകത്തെത്തുന്നത്. പ്രായവ്യത്യാസമില്ലാതെ പതിനായിരങ്ങളെ രോഗികളാക്കുന്നത് ദാഹകമറ്റാൻ അവർ കുടിക്കുന്ന പച്ചവെള്ളമാണ്. 111-ഓളം രാസവസ്തുക്കളിൽ 52 എണ്ണം തിരിച്ചറിയാൻ കഴിയുന്നതും അതിൽ 39 എണ്ണം ഓർഗാനോ ക്ലോറിൻ വിഭാഗത്തിൽ പെട്ടതുമാണ്. ഇത്തരം രാസമാലിന്യങ്ങളാൽ 'സമൃദ്ധ'മാണ് കൊച്ചിക്കാരുടെ ദാഹശമനിയായ പെരിയാർ. ലെഡ്, കാഡ്മിയം, മെർക്കുറി, ആഴ്‌സനിക് തുടങ്ങിയ ഘനലോഹങ്ങളാൽ 'സമ്പന്ന'മാണ് പെരിയാറിന്റെ അടിത്തട്ടും. അതും അനുവദനീയമായതിന്റെ മുന്നൂറും നാനൂറും ഇരട്ടി അളവിൽ. ഒപ്പം റെഡ് കാറ്റഗറിയിൽപെട്ട വ്യവസായശാലകൾ നിയന്ത്രണമില്ലാതെ ആകാശത്തേക്ക് തുപ്പിക്കൊണ്ടിരിക്കുന്ന വിഷവാതകങ്ങളാൽ മലിനമായ അന്തരീക്ഷവായുവാണ് പ്രദേശത്തുകാർ ശ്വസിക്കുന്നതും.

മാറാരോഗങ്ങളുടെ പ്രധാനകാരണം കുടിവെള്ളത്തിൽ കലർന്നിരിക്കുന്ന മാരക രാസവിഷങ്ങളാണെന്ന് നൂറുകണക്കിന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ 91% ജനങ്ങളും കുടിക്കുന്നത് പെരിയാറിൽ നിന്നുള്ള വെള്ളമാണ്. പൈപ്പ് വഴിയും ടാങ്കർ വഴിയും ജില്ലയിൽ മുഴുവനും എത്തിച്ചേരുന്നതും ഇതേ വെള്ളം തന്നെ. കേരളത്തിന്റെ ജീവരേഖയായി അറിയപ്പെടുന്ന പെരിയാർ കൊച്ചിയിലെ 40 ലക്ഷം ജനങ്ങളുടെ ജീവനെടുക്കാനുള്ള പടപ്പുറപ്പാടിലാണ്. ഒരു ദിവസം 31 കോടി ലിറ്റർ ശുദ്ധജലമാണ് പെരിയാറിൽനിന്ന് കൊച്ചിക്കാർ കുടിവെള്ളമായി എടുക്കുന്നതെങ്കിൽ, പെരിയാറിന്റെ തീരത്തെ വ്യവസായശാലകൾ 26 കോടി ലിറ്റർ മലിനജലമാണ് പെരിയാറിലേക്ക് തിരിച്ച് പമ്പുചെയ്യുന്നത്. മനുഷ്യശരീരത്തിനും ആവാസവ്യവസ്ഥക്കും അത്യന്തം ഹാനികരമായ ഡസൻ കണക്കിന് രാസവിഷങ്ങളും ഘനലോഹങ്ങളും അടിഞ്ഞുകൂടിയ മാലിന്യങ്ങളാണ് പാതി സംസ്‌കരിച്ചും തീരെ സംസ്‌കരിക്കാതെയും ഫാക്ടറികളുടെ ഔട്ട് ലെറ്റുകളിലൂടെ പെരിയാറിന്റെ തെളിനീരിലേക്ക് അനുദിനം തള്ളുന്നത്. ‘പർവതനിരയുടെ പനിനീരായി’ പടർന്നിരുന്ന പെരിയാറിൽ ഫാക്ടറികളിലെ രാസമാലിന്യങ്ങൾക്കൊപ്പം 46 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ മാലിന്യങ്ങളും ആശുപത്രി, അറവ് അവശിഷ്ടങ്ങളും കൂടി ചേരുമ്പോൾ തീരങ്ങളിലെ പ്രദേശവാസികളുടെ മിഴിനീരായാണ് ഇപ്പോൾ ഒഴുകിക്കൊണ്ടിരിക്കുന്നത്. അഞ്ച് ദശകങ്ങളുടെ മലിനീകരണ ചരിത്രമുള്ള പെരിയാർ തീരത്തെ ഏലൂർ പ്രദേശത്തെ 40,000 ജനങ്ങൾ ഇന്നും ഇരകളായി ജീവിക്കുകയാണ്, മാരകരോഗികളായും ജീവച്ഛവങ്ങളായും.

വർഷത്തിൽ 44 തവണയിലധികം തവണ തുടർച്ചയായി നിറംമാറിയുള്ള ഒഴുക്കും നിരന്തരം മത്സ്യങ്ങൾ ചത്തുമലച്ച് പൊങ്ങുന്ന കാഴ്ചയും ബോർഡിന്റെ ശ്രദ്ധയിൽപെടുത്തിയാൽ മീനുകൾ ശ്വാസം കിട്ടാതെ പിടഞ്ഞുമരിക്കുന്നതാണെന്ന ഒഴുക്കൻ പ്രതികരണം നൽകുന്ന സംവിധാനം മാത്രമായി മലിനീകരണ നിയന്ത്രണ ബോർഡ് മാറിയിരിക്കുന്നു.

മലിനീകരണ നിയന്ത്രണ ബോർഡുണ്ട്, നിയന്ത്രണമൊന്നുമില്ലെങ്കിലും

1974- ൽ രൂപീകരിച്ച സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നാലു പതിറ്റാണ്ടായി നോക്കുകുത്തിയാണെന്ന് പറഞ്ഞാൽ അധികമാവില്ല, പെരിയാറിലെ മലിനീകരണ നിയന്ത്രണത്തിന്റെ കാര്യത്തിൽ. ശാസ്ത്രനേട്ടങ്ങളോ സാങ്കേതികവിദ്യാ സാധ്യതകളോ ഒന്നും ഉപയോഗപ്പെടുത്താതെ തീർത്തും പഴഞ്ചൻ രീതിയിൽ പ്രവർത്തിക്കുന്ന, അഴിമതിയുടെ വലിയൊരു കൂത്തരങ്ങായി മാറിയ ബോർഡ് തന്നെയാണ് പെരിയാറിനെ വിഷലിപ്തമാക്കിയതിൽ ഒന്നാം പ്രതി. സംസ്ഥാനത്ത് ഏറിവരുന്ന വായു- ജല മലിനീകരണം നിയന്ത്രിക്കുന്നതിൽ പൂർണമായും പരാജയമാണെങ്കിലും, മലിനീകരണപ്രവൃത്തികൾ നിർബാധം തുടരുന്ന കമ്പനികൾക്ക് പരിസ്ഥിതി അവാർഡുകൾ സമ്മാനിക്കുന്നതിൽ ഏറെ മുന്നിലാണ് മലിനീകരണ നിയന്ത്രണ ബോർഡ്.

പെരിയാറിലെ കണ്ണാടിജലം രാസമാലിന്യത്താൽ ചുവപ്പ്, ബ്രൗൺ, കറുപ്പ് നിറങ്ങളിൽ മാറി ഒഴുകിയിട്ടും മത്സ്യസമ്പത്ത് ചത്തുപൊങ്ങി ഒഴുകി നടന്നിട്ടും കാരണമന്വേഷിക്കാൻ പോലും ബോർഡ് വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ല എന്നതാണ് വാസ്തവം. വർഷത്തിൽ 44 തവണയിലധികം തവണ തുടർച്ചയായി നിറംമാറിയുള്ള ഒഴുക്കും നിരന്തരം മത്സ്യങ്ങൾ ചത്തുമലച്ച് പൊങ്ങുന്ന കാഴ്ചയും ബോർഡിന്റെ ശ്രദ്ധയിൽപെടുത്തിയാൽ മീനുകൾ ശ്വാസം കിട്ടാതെ പിടഞ്ഞുമരിക്കുന്നതാണെന്ന ഒഴുക്കൻ പ്രതികരണം നൽകുന്ന സംവിധാനം മാത്രമായി മലിനീകരണ നിയന്ത്രണ ബോർഡ് മാറിയിരിക്കുന്നു. എന്നാൽ എന്തുകൊണ്ടാണ് ശ്വാസം കിട്ടാതെ മരിക്കുന്നതെന്ന കാരണം അന്വേഷിക്കാനോ അതിനുള്ള സംവിധാനമുണ്ടായിട്ടും ഉപയോഗിക്കാനോ ബോർഡ് ഇപ്പോഴും തയ്യാറല്ല. മത്സ്യങ്ങൾക്ക് ജീവിക്കുവാൻ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് ഒരു ലിറ്ററിന് ആറു മില്ലി ഗ്രാം എങ്കിലും വേണമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അനുശാസിക്കുന്നത്. എന്നാൽപെരിയാറിലെ പാതാളം ഭാഗത്ത് ഓക്‌സിജന്റെ അളവ് 0.97 മില്ലി ഗ്രാം വരെ താഴ്ന്ന സാഹചര്യങ്ങളേറെയുണ്ടായിട്ടുണ്ട്. സംസ്ഥാന ബോർഡിന്റെ കണക്ക് പ്രകാരം നാല് മില്ലിഗ്രാം എങ്കിലും വേണമെന്നിരിക്കെയാണിത്. ഇതിലും കുറയുമ്പോഴാണ് മത്സ്യങ്ങൾ പ്രാണവായുവിനായി പിടയുന്നത്. ഇന്ന് മത്സ്യങ്ങൾ അനുഭവിക്കുന്ന ശ്വാസംമുട്ടൽ മനുഷ്യരിലേക്കെത്താൻ അധിക നാളുകൾ വേണ്ടിവരില്ലെന്ന് ചുരുക്കം.

ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമീഷന്റെ നേതൃത്വത്തിൽ പെരിയാറിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്റെയും സെഡിമെന്റിന്റെയും (ഊറൽ) സാമ്പിളുകളിൽ ലെഡ്, ഇരുമ്പ്, സിങ്ക്, കോപ്പർ, കാഡ്മിയം എന്നീ ഘനലോഹങ്ങളുടെയും എൻഡോസൾഫാൻ, ഡി.ഡി.റ്റി എന്നീ കീടനാശിനികളുടെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. കൂടാതെ നദീജലത്തിന്റെ പി.എച്ച് നിലവാരം 1.5 മുതൽ 5.5 വരെ വ്യത്യസ്ത നിലകളിൽ രേഖപ്പെടുത്തിയതും പരിശോധനയിലൂടെ വ്യക്തമായിരുന്നു. കാത്സ്യം, സൾഫേറ്റ്, സൾഫൈഡ്, ഫ്ലൂറൈഡ്, ക്ലോറൈഡ്, അമോണിക് നൈട്രജൻ എന്നിവ അധികരിച്ച തോതിലും പെരിയാറിൽ കണ്ടെത്തിയിരുന്നു. ജലത്തിൽ അമോണിക് നൈട്രജന്റെ സാന്നിധ്യം പാടില്ലാത്തതാണ്. എന്നാൽ 1.4 മി.ഗ്രാം അളവിൽ കുറവ് ഒരിക്കൽ പോലും രേഖപ്പെടുത്തിയിട്ടില്ല എന്നും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതെല്ലാം പെരിയാറിലെ മത്സ്യക്കുരുതിയുടെ കാരണങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. ശാസ്ത്രീയമായ പരിശോധനാഫലവും പഠനവും വഴിയുള്ള വസ്തുതകൾ ഇതായിരിക്കെ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് ശ്വാസം കിട്ടാതെ വരുമ്പോഴാണെന്ന പരിഹാസ്യവാദം തന്നെയാണ് ബോർഡിന് ഇപ്പോഴും കാരണമായി പറയാനുള്ളത്.

ശ്രീശക്തി പേപ്പർ മിൽ, മെർക്കം കമ്പനി, റൂഡ്‌കെമി, എഫ്.എ.സി.ടി എന്നീ കമ്പനികളിൽ നിന്നുള്ള മാലിന്യങ്ങളും അമോണിയം, അമോണിയം നൈട്രേറ്റ് ഉൾപ്പെട്ട രാസമാലിന്യങ്ങളും കാരണമാണ് മത്സ്യങ്ങളുടെ കൂട്ടക്കുരുതിയെന്ന് പകൽപോലെ വ്യക്തമാണ്

പെരിയാറിലെ നിറംമാറ്റത്തിനും മത്സ്യസമ്പത്ത് ചത്തൊടുങ്ങുന്നതിനും കാരണമായ രാസമാലിന്യങ്ങളുടെ ഉത്ഭവകേനന്ദ്രം തീരത്ത് പ്രവർത്തിക്കുന്ന കമ്പനികൾ തന്നെയാണ്. എന്നാൽ കമ്പനികൾക്കെതിരെ പേരിനു പോലും അന്വേഷണം നടത്താൻ ബോർഡ് ഒരുക്കല്ല. മാത്രമല്ല, രാസമാലിന്യങ്ങൾ തള്ളുന്ന കമ്പനികൾക്കെതിരെ റിപ്പോർട്ട് നൽകുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് മനോവീര്യം തകർക്കുന്ന നടപടികൾസ്വീകരിക്കാൻ ബോർഡ് തന്നെ മുൻപന്തിയിലുണ്ടാകും. സ്വകാര്യ കമ്പനികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും കൊടിയ അഴിമതിയുമാണ് ഇതിനു പിന്നിൽ. സി.എം.ആർ.എൽ കമ്പനി നിർബാധം ഒഴുക്കിവിടുന്ന മാലിന്യം മൂലമാണ് പെരിയാർചുവന്ന് നിറം മാറി ഒഴുകുന്നതെന്നും ശ്രീശക്തി പേപ്പർ മിൽ, മെർക്കം കമ്പനി, റൂഡ്‌കെമി, എഫ്.എ.സി.ടി എന്നീ കമ്പനികളിൽ നിന്നുള്ള മാലിന്യങ്ങളും അമോണിയം, അമോണിയം നൈട്രേറ്റ് ഉൾപ്പെട്ട രാസമാലിന്യങ്ങളും കാരണമാണ് മത്സ്യങ്ങളുടെ കൂട്ടക്കുരുതിയെന്നും പകൽപോലെ വ്യക്തമാണെങ്കിലും പേരിനു പോലും പരിശോധന നടത്താതെ ബോധപൂർവം ഇതിൽ നിന്നെല്ലാം വിട്ടുനിൽക്കാനാണ് ബോർഡിന് താലപര്യം.

ജനറൽ പാരാമീറ്ററിൽ സ്വാഭാവികമായി അന്തരീക്ഷത്തിൽ കാണുന്നത് കാർബൺ മോണോക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ്, സൾഫർ ഡൈ ഓക്സൈഡ് എന്നിവയാണ്. എന്നാൽ, ഏലൂരിലെ അന്തരീക്ഷത്തിൽ ഇവ കൂടാതെ അഞ്ചോളം രാസവസ്തുകളുടെ അപകടകരമായ സാന്നിധ്യമുണ്ട്. കാൻസറിനു കാരണമാകുന്ന കാർസിനോജനിക് ആയ അഞ്ചോളം രാസവസ്തുക്കളാണ് ഏലൂരിനെ കൊന്നുകൊണ്ടിരിക്കുന്നത്. ബെൻസിൻ (benzene), ക്ലോറോഫോം (chloroform), ഹെക്സാക്ലോറോബൂട്ടാഡീൻ (hexachlorobutadiene), ടെട്രോക്ലോറൈഡ് (tetrachloride), കാർബൺ ഡൈസൾഫൈഡ് (carbon disulfide) തുടങ്ങി അന്തരീക്ഷവായുവിൽ ഉണ്ടാകാൻ പാടില്ലാത്ത രാസവസ്തുക്കളും ഏലൂരിനെ വിഴുങ്ങുകയാണ്. ഏലൂരിലെ വായു ഒട്ടും സുരക്ഷിതമല്ലെന്നതിന് ഈ തെളിവുകൾ തന്നെ ധാരാളം. ബെൻസീൻ അടങ്ങിയ വായു നിരന്തരമായി ശ്വസിക്കുന്നത് രക്താർബുദത്തിനു കാരണമാകും. ഏലൂരിലെ കുട്ടികളടക്കം ഇപ്പോൾ രക്താർബുദത്തിന്റെ പിടിയിലാണ്. ഹെക്സാക്ലോറൈഡ് ബൂട്ടാഡീൻ ഉള്ള അന്തരീക്ഷത്തിൽ ഡയോക്സീൻ കാണുമെന്നത് ഉറപ്പാണ്. പരിശോധനയിലും പഠനങ്ങളിലും ഇതു കണ്ടെത്തിയിട്ടുമുണ്ട്.

പെരിയാറിനെയും പ്രദേശത്തെയും അന്തരീക്ഷത്തെയും രൂക്ഷമായി വിഷലിപ്തമാക്കുന്ന ഇത്തരത്തിലുള്ള 13 കമ്പനികളെയെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞാൽ മലിനീകരണം ഒരുപരിധിവരെ ഇല്ലാതാക്കാൻ കഴിയുമെന്നിരിക്കെയാണിത്. അടിമുടി അഴിമതിയിൽ കുരുങ്ങിക്കിടക്കുന്ന ബോർഡിനെ പൂർണമായും അഴിച്ചുപണിയാതെ പെരിയാറിലേക്കുള്ള വിഷമാലിന്യമൊഴുക്കിനെ തടയാനാവില്ല. ശാസ്ത്രബോധവും സാങ്കേതികത്തികവും പരിസ്ഥിതി ധാർമികതയുമുള്ള ഉദ്യോഗസ്ഥരെ നിയമിക്കാത്ത പക്ഷം ഊർധശ്വാസം വലിക്കുന്ന പെരിയാറിനെ മരണമുഖത്തുനിന്ന് തിരിച്ചുകൊണ്ടുവരാൻ സാധിക്കില്ലെന്ന് കാര്യം ഉറപ്പാണ്.

പെരിയാർ മലിനീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര മലീനകരണ നിയന്ത്രണ ബോർഡ് ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ച റിപ്പോർട്ടിലും സംസ്ഥാന മലിനീകരണ ബോർഡ് പ്രതിക്കൂട്ടിൽ തന്നെയാണ്. പെരുമ്പാവൂർ, കാലടി, ഏലൂർ, എടയാർ, കളമശ്ശേരി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 71 വ്യവസായ ശാലകളിൽ ഒന്നിനു പോലും കാര്യക്ഷമമായി പ്രവർത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റുകൾ ഇല്ലെന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ. എഫ്.എ.സി.ടി, സി.എം.ആർ.എൽ, എച്ച്.എം.ടി തുടങ്ങിയ വൻ കമ്പനികളിലും മലിന്യസംസ്‌കരണ പ്ലാന്റുകൾ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമായിരുന്നു. 2009-ൽ പെരിയാറിലെ മുകൾത്തട്ട് മുതൽ താഴെത്തട്ട് വരെ നടത്തിയ പഠനത്തിൽ സൂക്ഷമജീവികളെല്ലാം ഏതാണ്ട് പൂർണമായും ഇല്ലാതായി എന്നു കണ്ടെത്തിയിട്ടുണ്ട്. ദേശീയ മലിനീകരണ നിയന്ത്രണ ബോർഡും ദൽഹി ഐ.ഐ.ടിയും സംയുക്തമായി തയ്യാറാക്കിയ 'കോമ്പ്രഹെൻസീവ് എൻവയോൺമെന്റൽ പൊലൂഷൻ ഇൻഡെക്സി'ൽ75.08 സ്‌കോറാണ് ഏലൂരിന് ലഭിച്ചത്, അതായത് അപകടകരമാം വിധം മലീനീകരിക്കപ്പെട്ട പ്രദേശം എന്നു ചുരുക്കം.

ഒഴുക്കു നിലച്ച് മാലിന്യത്തെ അലിയിച്ചു കളയാൻ പോലും കരുത്തില്ലാതെ മരണം കാത്തുകിടക്കുന്ന ക്രൂരമായ വാർധക്യത്തിലാണിന്ന് മഹാനദി.

രാസമാലിന്യ വൈവിധ്യങ്ങളുടെ
ഹോട്ട്‌സ്‌പോട്ട്

പശ്ചിമഘട്ട മലനിരകളിൽ നിന്ന് ഉത്ഭവിച്ച്, കൊച്ചരുവികളായി ഒഴുകി, പുഴയോര കാടുകളുടെ സമൃദ്ധികളേറ്റുവാങ്ങി, വെള്ളച്ചാട്ടങ്ങൾക്ക് ജന്മം നൽകി, നിതാന്തമായ ഒഴുക്കിന്റെ താളത്തിനൊത്ത് മണലും എക്കലും നിക്ഷേപിച്ച്, പുഴത്തടങ്ങളെയും കണ്ടൽക്കാടുകളെയും തൊട്ടുരുമ്മിയൊഴുകി, കടൽ വരെ ശുദ്ധജലം എത്തിക്കുന്ന പെരിയാർ, ഇപ്പോൾ പാട്ടിലെ വരികളിൽ മാത്രമേ പർവതനിരയുടെ പനിനീരായി ഒഴുകുന്നുള്ളൂ. വർഷകാലത്ത് ഒഴുകുന്ന പെരിയാറിൽ വിരലൊന്നു മുക്കിയാൽ വിരലറ്റുപോകുന്ന ഒഴുക്കായിരുന്നുവെന്ന് പൂർവികർ അതിശയം കൂറും. തോട്ടംമേഖലകളിൽ നിന്ന് ഒഴുകിയെത്തുന്ന അപകടകരമായ കീടനാശിനികളും വ്യവസായശാലകൾ പുറന്തള്ളുന്ന രാസമാലിന്യങ്ങൾ നിറക്കുന്ന കൊടിയ വിഷവുമാണ് ഇപ്പോൾ ഈ നദി ശിരസ്സിൽ പേറുന്നത്. ഒഴുക്കു നിലച്ച് മാലിന്യത്തെ അലിയിച്ചു കളയാൻ പോലും കരുത്തില്ലാതെ മരണം കാത്തുകിടക്കുന്ന ക്രൂരമായ വാർധക്യത്തിലാണിന്ന് മഹാനദി.

കേരളത്തിന്റെ 'പെരിയ ആറായ' പെരിയാറിന്റെ ഇരുകരയിലായി 280 വ്യവസായശാലകളാണ് ഇന്നുള്ളത്. ഇതിൽ 98 എണ്ണവും ഗുരുതരമായ മലിനീകരണ (റെഡ് കാറ്റഗറിയിലുള്ള) സാധ്യതയുള്ളവയാണ്. ഓറഞ്ച് കാറ്റഗറിയിലുള്ള 109 എണ്ണം വേറെയും. വ്യവസായശാലകളിൽ നിന്ന് വർഷം തോറും 2,000 കിലോഗ്രാം മെർക്കുറിയും 10,095 കിലോഗ്രാം സിങ്കും ഹെക്സവാലന്റ് ക്രോമിയവും 327 കിലോഗ്രാം കോപ്പറുമാണ് പുഴയിലേക്ക് പുറംതള്ളുന്നത്. മനുഷ്യജീവിതത്തിനും ആവാസവ്യവസ്ഥക്കും അത്യന്തം അപകടകരമാകുന്ന വിധത്തിലാണ് ഇത്രയും വലിയ രാസമാലിന്യ നിക്ഷേപം പുറംതള്ളുന്നത്. 1980-ൽ നടത്തിയ പഠനത്തിൽ തന്നെ രാസമലിനീകരണം രൂക്ഷമാണെന്നും അടിയന്തര ശ്രദ്ധ വേണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. മലിനീകരണ വ്യാപ്തിയെക്കുറിച്ച് സംസ്ഥാന കേന്ദ്ര ഗവേഷണ സ്ഥാപനങ്ങൾ, യുണിവേഴ്സിറ്റികൾ, സുപ്രീം കോടതി മോണിട്ടറിങ് കമ്മിറ്റി, സംസ്ഥാന അതോറിറ്റികൾ, പരിസ്ഥിതി സന്നദ്ധ സംഘടനകൾ തുടങ്ങിയവരും വിപുല പഠനങ്ങൾ തന്നെ നടത്തി. എന്നാൽ മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും ഇതിനൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നതാണ് ഏറെ ശ്രദ്ധേയം.

ജൈവവൈവിധ്യങ്ങളുടെ കലവറയായിരുന്ന പെരിയാർ, ഇന്ന് വൈവിധ്യമാർന്ന രാസമാലിന്യങ്ങളുടെ സാന്നിധ്യം കൊണ്ട് ഒരു 'ഹോട്ട് സ്പോട്ട്' ആയി മാറിയതായി ഗ്രീൻപീസ് പഠനം രേഖപ്പെടുത്തിയിട്ടുണ്ട്. പെരിയാറിലെ കണ്ണാടിജലം രാസമാലിന്യം പേറി ചുവപ്പ്, ബ്രൗൺ, കറുപ്പ് നിറങ്ങളിൽ നിറംമാറി ഒഴുകുന്നതും മത്സ്യസമ്പത്ത് ചത്തുപൊങ്ങുന്നതും ഇന്ന് സ്ഥിരം കാഴ്ചയാണ്. വർഷത്തിൽ 44 തവണയിലധികം നിറംമാറിയൊഴുകുന്ന നദിയിൽ 23 തവണയാണ് മത്സ്യങ്ങൾ ചത്തുമലച്ച് പൊങ്ങിയത്. 80-കളിൽ 35 തരം മത്സ്യങ്ങളുണ്ടായിരുന്ന പെരിയാറിൽ ഇന്ന് ശേഷിക്കുന്നത് 12 ഇനങ്ങൾ മാത്രമാണ്. 2009-ൽ പെരിയാറിലെ മുകൾത്തട്ട് മുതൽ താഴെത്തട്ട് വരെ നടത്തിയ പഠനത്തിൽ സൂക്ഷമജീവികളെല്ലാം ഏതാണ്ട് പൂർണമായും ഇല്ലാതായി എന്നും കണ്ടെത്തിയിട്ടുണ്ട്.

1999- ൽ ഗ്രീൻപീസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയ അത്യന്തം ഹാനികരമായ ഓർഗാനോ ക്ലോറിൻ വിഭാഗത്തിൽ പെട്ട 110-ൽപ്പരം രാസവിഷങ്ങൾ കുഴിക്കണ്ടം തോട്ടിലൂടെ ഉന്തിത്തോട് വഴി ഒഴുകിയെത്തി പെരിയാർ ഒന്നടങ്കം വ്യാപിച്ചതോടെയാണ് പുഴ രാസവിഷങ്ങളുടെ കലവറയായി മാറിയത്.

പശ്ചിമഘട്ട മലനിരകളിൽ തെളിനീരുറവയുടെ വിശുദ്ധിയുമായി ഒഴുകിത്തുടങ്ങുന്ന പെരിയാർ മുല്ലപെരിയാർ പിന്നിടുമ്പോൾ തന്നെ മലിനീകരിക്കപ്പെട്ടു തുടങ്ങുന്നുണ്ട്. മലനാട്ടിലെ കാപ്പിത്തോട്ടങ്ങളിലും ഏലപ്പാടങ്ങളിലും തളിക്കുന്ന എൻഡോസൾഫാൻ ഉൾപ്പെടെയുള്ള ഉഗ്ര കീടനാശിനികൾ പെരിയാറിലേക്കാണ് ഒഴുകിയെത്തുന്നത്. പിന്നെയും ഒഴുകുന്ന പെരിയാറിനെ തടഞ്ഞുനിർത്തുന്നത് ഇടുക്കി ഡാമിലാണ്. 18- ഓളം അണക്കെട്ടുകളെ വഹിക്കുന്ന പെരിയാർ പലസ്ഥലത്തും മുറിഞ്ഞുപോയി, കിലോമീറ്ററുകളോളം പലയിടത്തും വരണ്ടുപോയി. ഇടക്കുള്ള പോഷകനദികളാണ് പെരിയാറിനെ കുത്തൊഴുക്കുള്ള പഴയ പെരിയാറായി നിലനിർത്തുന്നത്. അങ്ങനെ ഇടമലയാറും ഭൂതത്താൻകെട്ടും കടന്ന് മലയാറ്റൂരും കാലടിയും പിന്നിട്ട് പെരിയാർ ആലുവയിലും കൊച്ചിയിലുമെത്തുമ്പോൾ വനശോഷണത്തിന്റെയും അണക്കെട്ടുകളുടെയും കീടനാശിനികളുടെയും മാലിന്യങ്ങളുടെയും മണലൂറ്റിന്റെയും പ്രതിരോധങ്ങളെ മറികടന്നെത്തുന്ന പെരിയാറിനെ മഹാനഗരത്തിലെ രാസഫാക്ടറികൾ ഒരുക്കിയ രാസമാലിന്യങ്ങളുടെ കുപ്പത്തൊട്ടിയാണ് കാത്തിരിക്കുന്നത്.

ഒരു മില്ലിഗ്രാം പോലും അപകടകരം;
പെരിയാറിൽ അടിയുന്നത് മുന്നൂറ് ഇരട്ടി!

റേഡിയോ ആക്ടീവ് മൂലകങ്ങളുടെയും ഘനലോഹങ്ങളുമുൾപ്പെടെ രാസമാലിന്യങ്ങളുടെയും ടാങ്കായി പെരിയാർ മാറിയിട്ട് കാലങ്ങളായി. 1999- ൽ ഗ്രീൻപീസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയ അത്യന്തം ഹാനികരമായ ഓർഗാനോ ക്ലോറിൻ വിഭാഗത്തിൽ പെട്ട 110-ൽപ്പരം രാസവിഷങ്ങൾ കുഴിക്കണ്ടം തോട്ടിലൂടെ ഉന്തിത്തോട് വഴി ഒഴുകിയെത്തി പെരിയാർ ഒന്നടങ്കം വ്യാപിച്ചതോടെയാണ് പുഴ രാസവിഷങ്ങളുടെ കലവറയായി മാറിയത്. ലെഡ്, കാഡ്മിയം, മെർക്കുറി, ആഴ്‌സനിക് തുടങ്ങിയ ഘനലോഹങ്ങളാൽ 'സമ്പന്ന'മാണ് ഇന്ന് പെരിയാറിന്റെ അടിത്തട്ട്. അതും അനുവദനീയമായ അളവിന്റെ മുന്നൂറും നാനൂറും ഇരട്ടിയാണ് ഇവയുടെ അളവ്. കേവലം ഒരു മില്ലിഗ്രാം പോലും മനുഷ്യശരീരത്തിന് ഹാനികരമാണെന്നിരിക്കെയാണ് ഈ പുറംതള്ളൽ. പെരിയാർ തീരത്തെ മാറാരോഗങ്ങളിലേക്ക് തള്ളിവിടുന്ന എടയാർ മേഖലയിലെ രാസമാലിന്യങ്ങളിലെ ഘനലോഹ സാന്നിധ്യം 2006-07 കാലത്ത് തന്നെ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. കാഡ്മിയം കാൻസറിനും വൃക്കരോഗങ്ങൾക്കും കാരണമാകുമ്പോൾ മസ്തിഷ്‌ക രോഗങ്ങൾക്കും വിളർച്ചക്കും വൃക്കരോഗങ്ങൾക്കും മന്ദതയ്ക്കും വരെ വഴിയൊരുക്കുന്നതാണ് ലെഡിന്റെ സാന്നിധ്യം. മെർക്കുറിയാകട്ടെ നാഡീ- വൃക്കരോഗങ്ങൾക്കും വായിലും മോണയിലും വ്രണങ്ങളുണ്ടാകുന്നതിനും വഴിയൊരുക്കുന്നു. ആഴ്സനിക്ക് ഇഞ്ചിഞ്ചായി ആളെ കൊല്ലും. പ്രമേഹം, വൃക്കരോഗങ്ങൾ, നാഡീരോഗങ്ങൾ എന്നിങ്ങനെ അനേകം രോഗങ്ങൾക്ക് ഈ ലോഹം കാരണമാകുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഡി.ഡി.റ്റി ഉൽപ്പാദിപ്പിക്കുന്ന ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡ് പെരിയാറിന്റെ തീരത്താണ്. കാൻസർ, പ്രത്യുൽപ്പാദന ശേഷിക്കുറവ്, പ്രമേഹം, മസ്തിഷ്‌കരോഗങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഹേതുവാണ് ഡി.ഡി.റ്റി നിർമാണത്തിനുശേഷം പുറംതള്ളുന്ന രാസമാലിന്യങ്ങൾ. തൊട്ടടുത്ത് തന്നെയാണ് യുറേനിയം ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ ഐ.ആർ.ഇ കമ്പനിയും രാസമാലിന്യങ്ങൾ കൂട്ടത്തോടെ പുറംതള്ളുന്ന റെഡ് കാറ്റഗറിയിൽപെട്ട മറ്റു കമ്പനികളും.

2001-ൽ ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതിയുടെ നേതൃത്വത്തിൽ നടന്ന സ്റ്റോക്ക്ഹോം കൺവെൻഷൻകർശനമായും നിയന്ത്രിക്കപ്പെടേണ്ട പട്ടികയിൽ ഉൾപ്പെടുത്തിയ 12 പോപുകളിൽ ഉൾപ്പെട്ട ആൾഡ്രിൻ, ക്ലാർഡേൻ, ഡൈൽഡ്രിൻ, എൻഡ്രിൻ, ഹെപ്റ്റക്ലോർ, ഹെക്സാ ക്ലോറോബെൻസീൻ, മിറെക്സ്, ടോക്സഫീൻ തുടങ്ങിയ മാരക കീടനാശിനികളുടെ സാന്നിധ്യം പെരിയാറിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഡേർട്ടി ഡസൻ’ എന്ന പേരിൽ അറിയപ്പെടുന്ന ഇവ നിയന്ത്രിക്കാനുള്ള സ്റ്റോക്ക്ഹോം കൺവെൻഷൻ തീരുമാനങ്ങൾ നടപ്പാക്കാമെന്ന് 2014-ൽ ഇന്ത്യയടക്കം 179 രാജ്യങ്ങൾ അംഗീകരിച്ചിട്ടുള്ളതുമാണ്. ‘പോപ്’ എന്നറിയപ്പെടുന്ന സ്ഥാവര കാർബണിക മാലിന്യങ്ങൾ രാസപരമോ ജൈവപരമോ ഫോട്ടോളിസിസ് വഴിയോ നശിക്കുന്നില്ല. തത്ഫലമായി പ്രകൃതിയിൽ അവ ദീർഘകാലം നിലനിൽക്കുന്നു. കീടനാശിനികളും ലായകങ്ങളും മരുന്നുകളും വ്യാവസായിക ആവശ്യങ്ങൾക്കുള്ള രാസവസ്തുക്കളും ഉൾപ്പെടെ പല പദാർത്ഥങ്ങളും ഈ വിഭാഗത്തിൽ പെടുന്നവയാണ്. മാത്രമല്ല, കാൻസർ ജനകങ്ങളും ശരീരത്തിലെ വിവിധ അവയവ വ്യവസ്ഥകളെ മാരകമായി ബാധിക്കുന്നവയുമാണ്. ഇവയിൽ കുപ്രസിദ്ധനാണ് ഡി.ഡി.ടി.

കരിമീനിൽ മെർക്കുറി,
കോഴിമുട്ടയിൽ ഡയോക്‌സിൻ

2009-ൽ പെരിയാറിലെ മുകൾത്തട്ട് മുതൽ താഴെത്തട്ട് വരെ നടത്തിയ പഠനത്തിൽ സൂക്ഷമജീവികളെല്ലാം ഏതാണ്ട് പൂർണമായും ഇല്ലാതായതായി കണ്ടെത്തിയിരുന്നു. കിഴങ്ങ്, ചേന, ചേമ്പ്, വാഴപ്പഴം, കോഴി ഇറച്ചി, മത്സ്യം, പാല്, തേങ്ങ, പപ്പായ, കറിവേപ്പില തുടങ്ങി ഏലൂരിലെ 23 ഭക്ഷ്യവസ്തുക്കളിൽ കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ കെമിക്കൽ ഓഷ്യാനോഗ്രാഫി ലാബിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 540 മില്ലിഗ്രാം സിങ്കാണ് ഒരു കിലോ വേപ്പിലയിൽ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയത്. കാഡ്മിയവും അളവിൽ കൂടുതലായാണ് കണ്ടെത്തിയത്. ഓരോ ഭക്ഷ്യവസ്തുവിലും ഹെവി ലെവൽ കെമിക്കലുകളാണ് അടങ്ങിയിരിക്കുന്നതെന്നു പഠനം അടിവരയിടുന്നു. ലെഡ്, സിങ്ക്, കാഡ്മിയം, ക്രോമിയം, അയൺ, ഫ്ലൂറൈഡ് എന്നിവയെല്ലാം അപകടകരമായ അളവിലാണ് ഓരോന്നിലും അടങ്ങിയിരിക്കുന്നത്. 15,000 മുതൽ 75,000 വരെ ഇരട്ടിയിൽ ഈ കെമിക്കലുകൾ ഏലൂരിലെ ഭക്ഷ്യവസ്തുക്കളിൽ ഉണ്ടെന്നാണ് പറയുന്നത്. ഏലൂരിലെ കോഴികളെയും മത്സ്യങ്ങളെയും പരിശോധിച്ചപ്പോൾ ഡി.ഡി.റ്റിയും എൻഡോസൾഫാനും മാരക അളവിലാണ് കണ്ടെത്തിയത്.

കരിമീൻ, ഏട്ട, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങളുടെ ശരീരഭാഗങ്ങളിൽ മെർക്കുറിയുടെ അളവ് അനുവദനീയമായ അളവിന്റെ പല മടങ്ങ് കൂടുതലാണെന്ന് 2011-ൽ നടത്തിയ പഠനം പറയുന്നു. ഭക്ഷ്യവസ്തുക്കളിലും ഘനലോഹങ്ങളുടെ സാന്നിധ്യമുണ്ട്.

മത്സ്യങ്ങൾ വംശനാശ ഭീഷണി നേരിടുന്ന നദികളുടെ പട്ടികയിലും മുൻനിരയിലാണ് പെരിയാർ. കുറുവ, പൂളാൻ, കൂരി, ഈൽ ഇനത്തിൽ പെട്ട പതിന്നാലോളം മത്സ്യവിഭാഗങ്ങൾ പൂർണമായി അപ്രത്യക്ഷമായി. 19-ഓളം ഇനത്തിൽ പെട്ട മത്സ്യങ്ങൾ വംശനാശഭീഷണി നേരിടുന്നു. കിളിമീൻ, നരിമീൻ, വറ്റ, മാന്തൾ, കരിമീൻ, കാലാഞ്ചി, ഏട്ട തുടങ്ങിയ മത്സ്യങ്ങളിലും വിവിധയിനം കക്കകളിലും ചെമ്മീനുകളിലും മാരക വിഷാംശങ്ങൾ അടങ്ങിയതായി തെളിഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടന, യു.എൻ. ഭക്ഷ്യ-കാർഷിക സംഘടന എന്നിവ നിഷ്‌കർഷിക്കുന്നതിന്റെ പലമടങ്ങ് അധികമാണ് മേഖലയിലുള്ള മത്സ്യങ്ങളിലെ രാസസാന്നിധ്യം. കരിമീൻ, ഏട്ട, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങളുടെ ശരീരഭാഗങ്ങളിൽ മെർക്കുറിയുടെ അളവ് അനുവദനീയമായ അളവിന്റെ പല മടങ്ങ് കൂടുതലാണെന്ന് 2011-ൽ നടത്തിയ പഠനം പറയുന്നു. ഭക്ഷ്യവസ്തുക്കളിലും ഘനലോഹങ്ങളുടെ സാന്നിധ്യമുണ്ട്. പ്രദേശത്തെ വളർത്തുകോഴികളിടുന്ന മുട്ടയിൽ ഡയോക്‌സിന്റെ അളവ് നാലിരട്ടിയോളമാണ്. പാലിൽ കാഡ്മിയം കണ്ടാമിനേഷന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചിക്കായലിലെ കക്കകളിലുള്ള രാസമാലിന്യങ്ങൾ വിവിധ ഗവേഷകർ പഠനവിധേയമാക്കിയപ്പോൾ സിങ്ക്, കാഡ്മിയം, ലെഡ് തുടങ്ങിയ ലോഹങ്ങൾ അധികരിച്ചതായി കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ നിബന്ധന പ്രകാരം അനുവദനീയമായ അളവ് സിങ്ക്-150 PPM, കാഡ്മിയം-0.2 PPM, ലെഡ്-0.2 PPM എന്നിങ്ങനെയാണ്. എന്നാൽ അനുവദനീയമായതിന്റെ 30 ഇരട്ടിയോളമാണ് കൊച്ചിക്കായലിന്റെ വടക്കൻ മേഖലയിലെ കക്കകളിലുള്ള ഘനലോഹങ്ങളുടെ സാന്നിധ്യം.

പ്രളയം വന്നു,
പ്രതിസന്ധി ഇരട്ടിച്ചു

കേരളത്തെ ദുരിതങ്ങളിലേക്ക് മുക്കിത്താഴ്ത്തിയ പ്രളയം, പെരിയാർ തീരവാസികൾക്ക് ഇടിവെട്ടേറ്റവനെ പാമ്പു കടിച്ച അവസ്ഥയാണുണ്ടാക്കിയത്. ഇരമ്പിയാർത്തുവന്ന പ്രളയത്തിൽ എടയാർ മേഖലയിലെ ഏതാണ്ടു എല്ലാ കമ്പനികളും മുങ്ങിപ്പോയിരുന്നു. ഐ.ആർ.ഇ, ടി.സി.സി, എഫ്.എ.സി.ടി, മെർക്കം, എച്ച്.ഐ.എൽ, ബിനാനി സിങ്ക്, സി.എം.ആർ.എൽ തുടങ്ങിയ കമ്പനികളിൽ വെള്ളം കയറുക മാത്രമല്ല, കോമ്പൗണ്ടുകളിൽ കുന്നുകൂടി കിടന്നിരുന്ന എല്ലാ രാസമാലിന്യങ്ങളും ആണവമൂലകങ്ങളുടെ അവശിഷ്ടങ്ങളും തിരികെ പെരിയാറിലേക്ക് ഒഴുകുകയും ചെയ്തു. കരകവിഞ്ഞ് ഗതിമാറിയൊഴുകിയ പെരിയാർ ഈ ആപത്കരമായ ഈ രാസ, ആണവ മാലിന്യങ്ങളെ തീരത്തെ ജനവാസകേന്ദ്രങ്ങളിലേക്ക് പിന്തള്ളിയാണ് പിൻവാങ്ങിയത്. പ്രധാനമായും പെരിയാറിനോട് ചേർന്ന് തന്നെ രാസമാലിന്യ നിക്ഷേപത്തിന് കുളംകുത്തിയ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് ഫെറസ് ക്ലോറൈഡും സിമോക്‌സും 2014-ൽ അടച്ചുപൂട്ടിയ ബിനാനി സിങ്ക് കമ്പനിയിൽ നിന്ന് ജേറോസൈറ്റും അല്പം പോലും അവശേഷിക്കാതെ പെരിയാറിലേക്ക് തിരിച്ചൊഴുകി എന്നർത്ഥം. എട്ട് മീറ്ററോളം ഉയരത്തിൽ വെള്ളം കയറി എച്ച്.എ.എൽ കമ്പനി പാടെ മുങ്ങിപ്പോയപ്പോൾ അവിടെ അവശേഷിച്ചിരുന്ന എൻഡോസൾഫാൻ, ഡി.ഡി.റ്റി, ബി.എച്ച്.സി എന്നിവ പ്രളയജലത്തിലൂടെ ജനവാസകേന്ദ്രങ്ങളിലേക്കാണ് തിരിച്ചൊഴുകി അടിഞ്ഞുകൂടിയത്.

പ്രളയത്തിനുശേഷം പെരിയാറിലെ മാലിന്യങ്ങൾ പ്രളയജലത്തോടൊപ്പം കടലിലേക്ക് കുത്തിയൊഴുകിപ്പോയെന്നായിരുന്നു നദിയെ രാസമാലിന്യങ്ങളിൽ മുക്കിക്കൊല്ലുന്ന കമ്പനികൾ നടത്തിയ പ്രചാരണം. എന്നാൽ കമ്പനി കോമ്പൗണ്ടുകളിലെ വലിയ കുളങ്ങളിലും മറ്റുമായി സുക്ഷിച്ചിരുന്ന രാസമാലിന്യങ്ങളും തോറിയവും മെസോതോറിയവുമുൾപ്പെടെയുള്ള ആണവ വികിരണ മാലിന്യങ്ങളും പ്രളയജലത്തോടൊപ്പം ഏലൂരിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്ന് വേമ്പനാട്ടു കായലിലും പെരിയാറിന്റെ മറ്റു ജലസ്രോതസ്സുകളിലും എത്തിയെന്നതാണ് യാഥാർഥ്യം. പെരിയാറിന്റെ തീരത്തെ പ്രദേശങ്ങളിലേക്ക് വ്യാപകമായി രാസമാലിന്യങ്ങൾക്കൊപ്പം ആണവവികിരണ മാലിന്യങ്ങളും നിക്ഷേപിച്ചാണ് പ്രളയം പിൻവാങ്ങിയതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പ്രളയാനന്തരം പ്രദേശത്ത് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ പ്രത്യക്ഷത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ആണവ വികിരങ്ങളുടെ ആയുസ്സ് ആയിരക്കണക്കിന് വർഷങ്ങളാണെന്ന കാര്യം ആശങ്ക പരത്തുന്നത് തന്നെയാണ്. ഭാവി തലമുറ വളരെ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളെ നേരിടേണ്ടിവരുമെന്നർത്ഥം.

പ്രളയം ദുരിതംവിതച്ച എല്ലായിടത്തും വീടുകളുടെ അകത്തളങ്ങളിലുൾപ്പെടെ എട്ട് ഇഞ്ച് കനത്തിൽ ചെളിയും അവശിഷ്ടങ്ങളുമാണ് അടിഞ്ഞുകൂടിയതെങ്കിൽ ഏലൂരിലും പരസരത്തും പ്രളയം ബാക്കിയാക്കിയത് രാസമാലിന്യങ്ങളും ആണവമൂലകങ്ങളും ചേർന്ന ചെളിയാണ്. ദിവസങ്ങളുടെ മനുഷ്യാധ്വാനം കൊണ്ടു ഇവയെല്ലാം നീക്കി പൂർവസ്ഥിതിയിലാക്കിയെങ്കിലും രാസമാലിന്യങ്ങളും ആണവമൂലകങ്ങളുടെ അവശിഷ്ടങ്ങളും ഇനിയും പൂർണമായും നീക്കം ചെയ്യാനായിട്ടില്ല. ശുചീകരണ സമയത്ത് ഞാൻ ധരിച്ചിരുന്നത് കറുത്ത പാന്റ്‌സായിരുന്നു. ജോലിക്കിടെ ചെളി വീണതിനെ തുടർന്ന് പാന്റ്‌സിന് വെളുത്ത നിറമായി. ചെളി ഉണങ്ങിപ്പിടിച്ചതാണെന്ന് കരുതി നിരവധി കഴുകിയിട്ടും വെളുത്ത പാട് പോകുന്നതേയില്ല. ചെളി വീണ ഭാഗങ്ങളിലെല്ലാം നിറം വെളുപ്പായി മാറി. അതിനർഥം അതു ആസിഡ് അടങ്ങിയ ചെളിയാണെന്ന കാര്യത്തിൽ സംശയമേയില്ല - പരിസ്ഥിതി പ്രവർത്തകനും പെരിയാർ സംരക്ഷണ സമിതി നേതാവുമായ പുരുഷൻ ഏലൂർ അനുഭവം വിശദീകരിക്കുന്നു. പ്രളയത്തിന് ശേഷം കേരളത്തിന്റെ പുനർനിർമാണ പ്രക്രിയയിൽ പെരിയാറിന് വേണ്ടത്ര പ്രാധാന്യം നൽകിയിട്ടില്ലെന്നും ഏലൂർ പ്രദേശവാസികൾക്ക് പരാതിയുണ്ട്. പ്രളയം പെരിയാറിന്റെ തീരത്തിന്റെ പലഭാഗങ്ങളിൽ ബാക്കിയാക്കിയ മാലിന്യങ്ങൾ വിദഗ്ദ സംഘത്തെ കൊണ്ടു പരിശോധിപ്പിക്കണം, ഒപ്പം തീരത്തടിഞ്ഞ നിക്ഷേപങ്ങളിലെ രാസമാലിന്യത്തിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തണം. വ്യവസായ കമ്പനികളിലെ കോമ്പൗണ്ടുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി തയ്യാറാക്കിയ കുളങ്ങൾ ഇല്ലാതാക്കുകയോ, മാറ്റി സ്ഥാപിക്കുകയോ ചെയ്യണം. ജലസ്രോതസ്സുകൾ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകി അധികാരത്തിലേറിയ സർക്കാറിന്, ജലസ്രോതസ്സുകൾ മലിനമാക്കുന്നവർക്കെതിരെ നിമയനടപടിയെടുക്കുമെന്ന വാഗ്ദാനമെങ്കിലും നിറവേറ്റണമെന്നാണ് പെരിയാർ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ പ്രവർത്തകരുടെ ആവശ്യം.

ഫെറസ് ക്ലോറൈഡ് വെള്ളത്തിലെ ഓക്‌സിജനുമായി പ്രവർത്തിക്കുമ്പോൾ നിറംമാറുകയും സൂര്യരശ്മിയുടെ തീക്ഷ്ണതക്കും ചരിവിനുമനുസരിച്ച് പലപ്പോഴും ചുവപ്പ്, ബ്രൗൺ നിറത്തിലൊഴുകുകയും ചെയ്യുന്നു.

ഇവരാണ്
കൊലയാളികൾ

കോമ്പൗണ്ടിനു ചുറ്റിലും സൂക്ഷ്മ ക്യാമറകൾ സ്ഥാപിച്ച് ഇലയനക്കം പോലും സദാ നിരീക്ഷിച്ച്, പഴുതടച്ച സുരക്ഷയൊരുക്കി സി.എം.ആർ.എൽ കമ്പനി പെരിയാറിന്റെ തെളിനീരുറവയിലേക്ക് പ്രതിദിനം തള്ളുന്നത് കോടിക്കണക്കിന് ലിറ്റർ രാസമാലിന്യങ്ങളാണ്. ധാതുവിഭവമായ ഇൽമനൈറ്റിൽ നിന്ന് സിന്തറ്റിക് റൂട്ടൈൽസ് നിർമിക്കുന്ന കമ്പനിയാണ് കൊച്ചിൻ മിനറൽ ആന്റ് റൂട്ടൈൽസ് ലിമിറ്റഡ് എന്ന സി.എം.ആർ.എൽ. സിന്തറ്റിക് റൂട്ടൈൽസ് നിർമാണത്തിലെ അവശിഷ്ടങ്ങളിലൊന്നായ ഫെറസ് ക്ലോറൈഡ് എന്ന അമ്ലത കൂടിയതും ഘനലോഹങ്ങൾ അടങ്ങിയതുമായ മാലിന്യമാണ് പെരിയാറിലെ കണ്ണാടിജലത്തെ കറുപ്പും ചുവപ്പും നിറങ്ങളിൽ മാറി ഒഴുക്കുന്നത്. ഫെറസ് ക്ലോറൈഡ് വെള്ളത്തിലെ ഓക്‌സിജനുമായി പ്രവർത്തിക്കുമ്പോൾ നിറംമാറുകയും സൂര്യരശ്മിയുടെ തീക്ഷ്ണതക്കും ചരിവിനുമനുസരിച്ച് പലപ്പോഴും ചുവപ്പ്, ബ്രൗൺ നിറത്തിലൊഴുകുകയും ചെയ്യുന്നു. റൂട്ടൈൽസ് നിർമാണത്തിൽ പുറംതള്ളുന്ന സിമോക്‌സ് ഉയർന്ന അളവിൽ സിങ്ക്, മാംഗനീസ്, ക്രോമിയം ലെഡ് എന്നിവയടങ്ങിയതാണ്. പെരിയാറിൽ നിറംമാറ്റമുണ്ടായപ്പോൾ സംസ്ഥാന ശാസ്ത്ര-സാങ്കേതിക വകുപ്പ് ചുമതലപ്പെടുത്തിയതു പ്രകാരം കോഴിക്കോടുള്ള ജലവിഭവ വികസന മാനേജ്മെന്റ് കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം) നടത്തിയ പഠനത്തിൽ ഇരുമ്പു സംയുക്തങ്ങളുടെ അധികരിച്ച സാന്നിധ്യമാണ് നിറം മാറ്റത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. അതിന്റെ പ്രഭവകേന്ദ്രം ഇൽമനൈറ്റ് സംസ്‌ക്കരിച്ച് സിന്തറ്റിക് റൂടൈൽ നിർമിക്കുന്ന സി.എം.ആർ.എൽ ഫാക്ടറിയാണെന്നും പഠനത്തിൽ വ്യക്തമാക്കിയിരുന്നു.

കമ്പനിയെ എതിർക്കുന്നവരെ ഭരണസംവിധാനം ഉപയോഗിച്ചും പണം വാരിയെറിഞ്ഞും നിഷ്പ്രഭമാക്കാനും വ്യാജകേസുകളിൽ കുടുക്കാനും പ്രത്യേക ശ്രദ്ധയാണ് സി.എം.ആർ.എൽ പുലർത്തുന്നത്. പെരിയാർ സംരക്ഷണ സമിതി, പ്രദേശത്തെ പരിസ്ഥിതി പ്രവർത്തകർ എന്നിവർക്കെതിരെ നുറുകണക്കിന് വ്യാജകേസുകളാണ് കമ്പനി ഇതിനകം കൊടുത്തിട്ടുള്ളത്. പെരിയാറിലെ മാലിന്യം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തെയും വ്യാജ പരാതി നൽകി കേസിൽ കുരുക്കാനുള്ള ശ്രമം നടത്തി. പെരിയാറിൽവിഷം കുത്തവെച്ചവരിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ കമ്പനിയെ വർഷംതോറും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡുകളും തേടിയെത്തുന്നുവെന്നതാണ് അതിലേറെ രസരകരം.

'രാസമാലിന്യ ബോംബാ'യി
ബിനാനി സിങ്ക്

അടച്ചുപൂട്ടി വർഷങ്ങൾ കഴിഞ്ഞിട്ടും എപ്പോൾ വേണമെങ്കിലും 'രാസമാലിന്യ ബോംബാ'യി ഇപ്പോഴും ആശങ്ക പരത്തുകയാണ് പെരിയാറിൽ വ്യാപകമായി ഘനലോഹങ്ങളും രാസമാലിന്യങ്ങളും തള്ളിയിരുന്ന ബിനാനി സിങ്ക് കമ്പനി. വിവിധ ടാങ്കുകളിലായി സൂക്ഷിച്ചിരിക്കുന്ന 150 ടൺ വീര്യമേറിയ സൾഫ്യൂരിക് ആസിഡ്, ടാങ്കുകളിലും പൈപ്പുകളിലുമായി സംഭരിച്ച 9 ലക്ഷം ടൺ സിങ്ക് സൾഫേറ്റ്, 20 ഏക്കർ ഭൂമിയിലെ ആറു പോണ്ടുകളിലായി കിടക്കുന്ന ജെറോസൈറ്റ് മാലിന്യം എന്നിവ പെരിയാറിനും പരിസ്ഥിതിക്കും ഭീഷണിയുയർത്തുന്ന തരത്തിൽ ഉപേക്ഷിച്ചാണ് ബിനാനി സിങ്ക് എടയാർ വിട്ടത്. നീക്കം ചെയ്യാതെ കമ്പനി വളപ്പിൽ കൂട്ടിയിട്ടിരിക്കുന്ന രാസമാലിന്യങ്ങൾ പെരിയാറിലേക്ക് തന്നെയാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. ടാങ്കുകളിൽ പൊട്ടിത്തെറിയുണ്ടായാൽ പെരിയാർ നാശോന്മുഖമാകുമെന്ന കാര്യത്തിൽ സംശയമില്ല. കമ്പനിയുടെ 5 കിലോമീറ്റർ ചുറ്റളവിലുള്ള ജലാശയങ്ങളെല്ലാം രാസമാലിന്യം കലർന്ന് ഉപയോഗശൂന്യമാണ്. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിലെല്ലാം രാസവിഷമാലിന്യങ്ങൾ പടർത്തി ജനത്തിന്റെ ദാഹജലം മുട്ടിച്ചുകൊണ്ടു തുടങ്ങിയ കമ്പനി, പ്രദേശത്തെ ഭൂഗർഭ ജലവും മലിനമാക്കിയതോടെ 500 വർഷക്കാലമെങ്കിലും പ്രദേശവാസികൾ കുടിവെള്ളം പണംകൊടുത്ത് വാങ്ങേണ്ട അവസ്ഥയുണ്ടാക്കിയാണ് അടച്ചുപൂട്ടിയത്.

80-ഓളം വ്യവസായ സ്ഥാപനങ്ങൾ ഏലൂരുണ്ട്. ഏലൂർ എടയാറിൽ 280-ഓളം രാസാധിഷ്ഠിത വ്യവസായങ്ങളും പ്രവർത്തിക്കുന്നു. വാർധക്യത്തിലേക്ക് നീങ്ങുന്ന രാസവ്യവസായങ്ങളായിരുന്നു ഇവയെല്ലാം.

മിൽ പൂട്ടിയിട്ടും
മാലിന്യമൊഴുക്കിന് മുടക്കമില്ല

പാഴ്ക്കടലാസ് പൾപ്പാക്കി മാറ്റി അതിൽ നിന്ന് ക്രാഫ്റ്റ് പേപ്പറുകൾ നിർമിക്കുന്ന എടയാറിലെ ശ്രീശക്തി പേപ്പർ പെരിയാറിലേക്ക് നിലക്കാതെ മാലിന്യമൊഴുക്കിയാണ് പ്രവർത്തിച്ചിരുന്നത്. പൾപ്പ് ഉല്പാദനത്തിനുശേഷം അവശിഷ്ടം വരുന്ന ദ്രാവകം അതേപടി പെരിയാറിലേക്ക് ഒഴുക്കലായിരുന്നു രീതി. മതിയായ മാലിന്യ ശുദ്ധീകരണ സംവിധാനം പോലുമില്ലാതെ പ്രവർത്തിച്ചിരുന്ന കമ്പനിക്ക് വർഷാവർഷം പെർമിറ്റ് പുതുക്കി നൽകിയതിന് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെതിരെ വിജിലൻസ് കേസു വരെയുണ്ടായിരുന്നു. വർഷങ്ങൾക്കുമുമ്പ് കമ്പനി പ്രവർത്തനം നിർത്തിയെങ്കിലും മാലിന്യമൊഴുക്ക് മാറ്റമില്ലാതെ തുടരുകയാണ്. പൂട്ടിയ കമ്പനി വളപ്പിൽ 20 അടി ഉയരത്തിൽ കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇപ്പോഴും വലിയ കൂനയായി കമ്പനി വളപ്പിലുണ്ട്. ഇവ മാലിന്യമായി അടിഞ്ഞുകൂടി നേരെ പതിക്കുന്നത് പെരിയാറിലേക്കാണ്.

മെർക്കം കമ്പനി

റബ്ബർ അധിഷ്ഠിത വ്യവസായമായി തുടങ്ങിയതാണ് മെർക്കം കമ്പനി. റബ്ബർ വ്യവസായങ്ങൾക്ക് ആവശ്യമായ ആന്റി ഓക്‌സിഡന്റ്‌സും ആക്‌സിലറേറ്റേഴ്‌സും സോഡിയം ബൻഡോ തയോസോൾ, എം ബി ഇ എസ്, എൻ എ എം ബി ടി, സി സി ബി എസ്, ടിക്യു തുടങ്ങിയ രാസവസ്തുക്കളുമാണ് നിർമിച്ചിരുന്നത്. പെരിയാറിൽ മാലിന്യമൊഴുക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ കുപ്രസിദ്ധി നേടിയ കമ്പനിയാണിത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും അതൊന്നും കണ്ടില്ലെന്ന മട്ടിലായിരുന്നു അധികൃതർ. രാസമാലിന്യ വാഹിനിയായ കുഴിക്കണ്ടംതോട് ഈ കമ്പനിക്ക് പുറകുവശത്തുകൂടി ഒഴുകുന്നു. കമ്പനിയിലെ എല്ലാ മാലിന്യവും സംസ്‌ക്കരിക്കാതെ തന്നെയാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിലും പുറംതള്ളിയ മാലിന്യങ്ങൾ പെരിയാറിനെ ഇപ്പോഴും വിഷമയമാക്കുന്നതിന് അറുതിയായിട്ടില്ല. കമ്പനി വലിയ ജനകീയ പ്രക്ഷോഭങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട്.

80-ഓളം വ്യവസായ സ്ഥാപനങ്ങൾ ഏലൂരുണ്ട്. ഏലൂർ എടയാറിൽ 280-ഓളം രാസാധിഷ്ഠിത വ്യവസായങ്ങളും പ്രവർത്തിക്കുന്നു. വാർധക്യത്തിലേക്ക് നീങ്ങുന്ന രാസവ്യവസായങ്ങളായിരുന്നു മുകളിൽ പറഞ്ഞവയെല്ലാം. ഗ്യാസ് അധിഷ്ഠിത വ്യവസായങ്ങൾക്കൊപ്പം കാറ്റലിസ്റ്റ്, സിങ്ക്, മിനറൽസ് ആന്റ് റൂട്ടിൽസ് അടങ്ങിയ ഇതര വ്യവസായങ്ങളെല്ലാം കൂടിയാണ് ഏലൂരിനെ ഗ്യാസ് ചേംബറാക്കുന്നത്. കാലം അതിവേഗം പുരോഗമിക്കുന്നു. അതിലപ്പുറം ശാസ്ത്ര സാങ്കേതികവിദ്യയും പുരോഗമിച്ചു. ലാഭവും നേട്ടങ്ങളും ആഗ്രഹിക്കുന്നവർശുദ്ധ വായുവും ശുദ്ധജലവും സമൂഹത്തിനാകെനിഷേധിക്കുന്നുവെന്നതാണ് യാഥാർഥ്യം.

പെരിയാർ കൊച്ചിയുടെ
വിഷജല സംഭരണകേന്ദ്രം

കൊച്ചിയുടെ ജലസംഭരണിയാണ് പെരിയാർ, ഇപ്പോഴും 50 ലക്ഷം വരുന്ന ജനങ്ങളുടെ ജീവന്റെയും ജീവിതത്തിന്റെയും നിദാനം. ജില്ലയിലെ 40 ലക്ഷം പേരും നദീതടത്തെ പത്തുലക്ഷത്തോളം ആളുകളും കുടിക്കുന്നത് പെരിയാറിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്ന വെള്ളമാണ്. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം ഘനലോഹങ്ങൾ അടങ്ങിയ 112 രാസപദാർഥങ്ങൾ വെള്ളത്തിൽ അടങ്ങിയിട്ടില്ല എന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ അത് ശുദ്ധജലമാവുകയുള്ളൂ. ഇന്ത്യൻ മാനദണ്ഡങ്ങൾ അനുസരിച്ച് ഇതിലും കൂടുതൽ പരിശോധനകൾ നടത്തപ്പെടേണ്ടതുണ്ട്. ലോകവ്യാപകമായി കുടിവെള്ളത്തിനു നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പോയിട്ട് ദേശീയ മാനദണ്ഡങ്ങൾ പോലും പാലിക്കപ്പെടാതെയാണ് പെരിയാറിലെ ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതെന്നതാണ് സത്യം. പരമ്പരാഗതമായ ശുചീകരണ സംവിധാനങ്ങളാണ് ഇന്നും ജലവകുപ്പ് തുടർന്നുപോരുന്നത്. പാതാളം ബണ്ടിനു താഴെ അടിഞ്ഞുകൂടുന്ന മാരകമായ കീടനാശിനികളും രാസമാലിന്യങ്ങളും ഘനലോഹങ്ങളും കലർന്ന വിഷജലം വലിയൊരു വിഭാഗം ജനങ്ങളാണ് കുടിച്ചുകൊണ്ടിരിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പഠനത്തിലൂടെ തന്നെയാണ് ഇത് കണ്ടെത്തിയതും. ഇടുക്കി, എറണാകുളം ജില്ലകളിലായി പെരിയാർതീരത്തെ 16 കേന്ദ്രങ്ങളിൽ നിന്നു ശേഖരിച്ച വെള്ളം പരിശോധിച്ചു തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇതു എണ്ണിപ്പറഞ്ഞിരിക്കുന്നത്. രാസമാലിന്യങ്ങൾ നിറഞ്ഞതും ഘനലോഹങ്ങളുടെ സാന്നിധ്യം അനുവദനീയമായതിന്റെ മുന്നൂറിലധികം ഇരട്ടിയോളം കണ്ടെത്തുകയും ചെയ്ത പെരിയാറിലെ ജലം കൊണ്ടു ജീവൻ നിലനിർത്തുന്ന കൊച്ചിക്കാർ, ഇപ്പോൾ കുടിച്ച വെള്ളത്തെ വിശ്വസിക്കാനാവത്ത അവസ്ഥയിലാണ്.

കൊച്ചിക്കായലിലുള്ള ലോഹമാലിന്യങ്ങളായ കാഡ്മിയം, ക്രോമിയം, കോപ്പർ, സിങ്ക് എന്നിവയുടെ ശരാശരി അളവുപോലും വ്യവസായമേഖലയിലെ സാന്നിദ്ധ്യത്തേക്കാൾ വളരെയധികം കൂടുതലാണ്.

എറണാകുളം ജില്ലയിൽ കുടിവെള്ളത്തിന് ദിവസേന 2,75,300 ദശലക്ഷം ലിറ്ററാണു പെരിയാറിൽ നിന്നു ശുദ്ധീകരിച്ചു വിതരണം നടത്തുന്നത്. കുടിവെള്ള സംഭരണ മേഖലയിലെ വെള്ളത്തിലും മത്സ്യങ്ങളിലും നടത്തിയ പഠനങ്ങളിൽ രാസപദാർഥങ്ങളുടെ / ഘനലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രദേശത്തു നിഷ്‌കർഷിക്കുന്ന വിശദമായ പരിശോധനകളൊന്നും നടത്താതെയാണ് വാട്ടർ അതോറിറ്റി ജലവിതരണം നടത്തുന്നത്. അതും ദേശീയ അഗീകാരം പോലും ഇല്ലാത്ത വാട്ടർ അതോറിറ്റിയുടെ ലാബിലെ കേവല പരിശോധനക്ക് ശേഷം. ജലാശയങ്ങളിലെ മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നത് അടിത്തട്ടിൽ അടിഞ്ഞ ഊറൽ രാസജൈവ പരിശോധനകൾക്കു വിധേയമാക്കിയാണ്. കൊച്ചിക്കായലിന്റെ വടക്കുപടിഞ്ഞാറും വടക്കുകിഴക്കൻ മേഖലകളിലും ഉള്ള വൃഷ്ടിപ്രദേശങ്ങളിലെ ഊറലിൽ നടത്തിയ പഠനങ്ങളിൽ ഖനലോഹങ്ങളുടെയും (മെർക്കുറി, കാഡ്മിയം, ലെഡ്, ക്രോമിയം, കോപ്പർ, നിക്കൽ, സിങ്ക്, അയേൺ, കോബോൾട്ട്) കൊടിയ കീടനാശിനികളുടെയും ആണവ വികിരണങ്ങളുടെയും സാന്നിദ്ധ്യം അനുവദനീയമായ അളവിന്റെ പലമടങ്ങ് അധികമാണ്. കിലോമീറ്ററുകൾ അകലെയുള്ള വടുതല, കടമക്കുടി, മുളവുകാട്, വല്ലാർപാടം, നെടുങ്ങാട്, വീരൻപുഴ, വൈപ്പിൻ, ബോൾഗാട്ടി തുടങ്ങിയ പ്രദേശങ്ങളിൽ ഈ മാലിന്യങ്ങൾ എത്തിച്ചേർന്നിട്ടുണ്ടെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

കൊച്ചിക്കായലിലുള്ള ലോഹമാലിന്യങ്ങളായ കാഡ്മിയം, ക്രോമിയം, കോപ്പർ, സിങ്ക് എന്നിവയുടെ ശരാശരി അളവുപോലും വ്യവസായമേഖലയിലെ സാന്നിദ്ധ്യത്തേക്കാൾ വളരെയധികം കൂടുതലാണ്. അതായത്, മാലിന്യം അപകടകരമായ അവസ്ഥയിൽ അടിഞ്ഞുകൂടിയിട്ടുണ്ട് എന്നതു വ്യക്തം. 2005-ൽ നടത്തിയ പഠനത്തിൽ കാഡ്മിയം, സിങ്ക് തുടങ്ങിയ ഘനലോഹങ്ങളുടെ സാന്നിധ്യം യഥാക്രമം 10 ഉം 25 ഉം മടങ്ങാണെങ്കിൽ 2010-ലും 2016-ലുമുള്ള പഠനത്തിൽ ലോഹമാലിന്യങ്ങളുടെ സാന്നിധ്യം നാൽപത് മടങ്ങോളം വർധിച്ചു. നാല് നദികൾ ചേരുന്ന കൊച്ചിക്കായലിന്റെ തെക്കൻ മേഖലയിൽ പല ലോഹമാലിന്യങ്ങളുടെ നൂറിലധികം ഇരട്ടിയാണ് പെരിയാറിലുള്ള സാന്നിധ്യത്തിന്റെ അളവ്. 2014-ൽ ജർമ്മനിയിലെ RWTH Aachen യൂണിവേഴ്‌സിറ്റിയും Leibniz Center for Tropical Marine Ecology കേന്ദ്രവും കൊച്ചി സർവകലാശാലയും സംയുക്തമായി നടത്തിയ പഠനത്തിൽ പുഴയുടെ അടിത്തട്ടിലുള്ള ജീവജാലങ്ങൾ പൂർണമായും അപ്രത്യക്ഷമായെന്നും ഈ രാസമാലിന്യം ആവാസവ്യവസ്ഥയിലൂടെ ജീവജാലങ്ങളിലും മനുഷ്യരിലും എത്തിച്ചേരുമെന്നുമുള്ള മുന്നറിയിപ്പാണ് നൽകിയത്. ലോകത്തെ മറ്റു മലിനീകരിക്കപ്പെട്ട 22 പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഓർഗാനോ ക്ലോറിൻ പെസ്റ്റിസൈഡുകൾ കൊച്ചിക്കായലിൽ അപകടകരമായ അളവിൽ കാണുന്നുവെന്നാണ് കൊച്ചിൻ സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

പെരിയാറിലെ ജലസമൃദ്ധി കണ്ട് തീരത്തെ ഏലൂർ- എടയാർ ഭാഗത്ത് 1943-ൽ ഇന്ത്യൻ അലുമിനിയം കമ്പനിയുടെ വ്യവസായശാല ഉയർന്നതോടെയാണ് കൊച്ചിയിലെ വ്യവസായ മേഖലയായി പെരിയാർ തീരം മാറിയത്.

അറുതിയാകുമോ,
ഈ വിഷം കുത്തിവെപ്പിന്?

ഉത്ഭവസ്ഥാനത്തുനിന്ന് ഒഴുകിത്തുടങ്ങി പെരിയാർ അറബിക്കടലിലേക്ക് പതിക്കുന്നതിന്റെ അന്ത്യപാദം കൊച്ചിയാണ്. അക്ഷരാർത്ഥത്തിൽ 'പെരിയാറിന്റെ ഒടുക്കം' കാണുന്ന പ്രദേശമായാണ് ഇന്ന് ആലുവയും കൊച്ചിയും അറിയപ്പെടുന്നത്. 18-ഓളം ജലവൈദ്യുത വിതരണ പദ്ധതികളുള്ള, 50 ലക്ഷം കൊച്ചിക്കാർക്ക് കുടിവെള്ളം നൽകുന്ന പെരിയാർ, നീരുറവകൾ നാമ്പെടുക്കുന്ന കിഴക്കൻ മലയോരങ്ങളിലെ കുടിയേറ്റവും വനനശീകരണവും കീടനാശിനി പ്രയോഗങ്ങളും മൂലമാണ് ആദ്യം ക്ഷയിച്ചതെങ്കിൽ, നാശം പൂർത്തിയാക്കുന്നത് അന്ത്യപാദത്തിലെ വ്യവസായശാലകളിലെ വിഷവാഹിനിയായ രാസമാലിന്യങ്ങളാണെന്ന കാര്യം അറിയാത്തവരായി ആരുമുണ്ടാകില്ല.

പെരിയാറിലെ ജലസമൃദ്ധി കണ്ട് തീരത്തെ ഏലൂർ- എടയാർ ഭാഗത്ത് 1943-ൽ ഇന്ത്യൻ അലുമിനിയം കമ്പനിയുടെ വ്യവസായശാല ഉയർന്നതോടെയാണ് കൊച്ചിയിലെ വ്യവസായ മേഖലയായി പെരിയാർ തീരം മാറിയത്. പിന്നാലെ എഫ്.എ.സി.ടി, ടി.സി.സി, ഐ.ആർ.ഇ, എച്ച്.ഐ.എൽ, ബിനാനി സിങ്ക്, പെരിയാർ കെമിക്കൽസ്, സുഡ്‌കെമി, സി.എം.ആർ.എൽ, മെർക്കം, കൈരളി ലെതർ ഇന്റസ്ട്രീസ്, യോമൻ ബോൺ ആന്റ് അലൈഡ് പ്രൊഡക്ട് തുടങ്ങി അതിവേഗത്തിലാണ് വ്യവസായ ശാലകൾ തീരം ലക്ഷ്യമാക്കി എത്തിയത്. നാല് വർഷം മുമ്പ് പ്രവർത്തനം നിർത്തിയ ശ്രീലക്ഷ്മി പേപ്പർ നിൽസ്, മെർക്കം കമ്പനി, ബിനാനി സിങ്ക് എന്നീ കമ്പനികളൊഴികെ മറ്റെല്ലാ സ്ഥാപനങ്ങളും പഴയതുപോലെ ഒരുപക്ഷേ പഴയതിലും ഉല്പാദനശേഷി വർധിപ്പിച്ച് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. നേരത്തെ വ്യവസായശാലകൾക്ക് ഉപയോഗിക്കുന്നതിനും, ഉപയോഗശേഷമുണ്ടാകുന്ന മലിനജലം നദിയിലേക്ക് തന്നെ ഒഴുക്കി കളയുമ്പോൾ അത് വിഷരഹിതമായി നേർപ്പിക്കുവാനും വേണ്ടുവോളം ജലം പെരിയാറിലുണ്ടായിരുന്നു. എന്നാൽ പിന്നീട് വ്യവസായശാലകളുടെ എണ്ണം വർധിക്കുകയും അവയുടെ ഉപയോഗജലം പതിന്മടങ്ങ് ഉയരുകയും മലിനജലം അളവറ്റതാകുകയും ചെയ്തതോടെ പെരിയാറിന്റെ മലിനീകരണം നിരന്തര പ്രശ്‌നമായി. ഒരുകാലത്ത് വ്യവസായങ്ങളെ പെരിയാറിന്റെ തീരത്തേക്കു ക്ഷണിച്ച സർക്കാറിനുതന്നെ പിന്നീട് ഇത് തലവേദനയായി.

ഇന്ന് പ്രതിദിനം ശരാശരി അഞ്ച്‌കോടി ലിറ്റർ മലിനജലമാണ് ഫാക്ടറികൾ പുറംതള്ളുന്നത്. മഴക്കാലത്ത് 2157 സെക്കൻഡിൽ ക്യുബിക് മീറ്റർ ഒഴുക്കുണ്ടായിരുന്ന പെരിയാറിൽ ഇന്ന് ഒൻപത് ക്യുബിക് മീറ്ററാണ് ഒഴുക്ക്, അതും ഭൂതത്താൻകെട്ട് ഇറിഗേഷൻ ഡാമിലെ ഷട്ടറുകൾ തുറക്കുമ്പോൾ മാത്രം. നദിയിൽ അണക്കെട്ടുകൾ ഏറിതോടെ വൈദ്യുതി ഉല്പാദിപ്പിക്കുമ്പോൾ മാത്രം വെള്ളം തുറന്നുവിടുന്ന സാഹചര്യമുണ്ടായി. എന്നാൽ വ്യവസായശാലകളുടെ പ്രവർത്തനസമയത്തിൽ യാതൊരു ക്രമീകരണവും ഏർപ്പെടുത്തിയതുമില്ല. അതുകൊണ്ടു തന്നെ ഒഴുക്കുനിലച്ച പുഴയിൽ അളക്കാനാവാത്ത അത്രയോളം മലിനജലം ഒഴുകി വന്നതോടെ, ശിരസ്സിൽ രാസമാലിന്യങ്ങളെ ഏറ്റുവാങ്ങി നെടുവീർപ്പിടുകയാണിന്ന് പെരിയാർ. കമ്പനികളുടെ ജലമൂറ്റലും മലിനജലം നിർബാധം പുറംതള്ളുന്നതും മുടക്കമില്ലാത്ത പ്രവൃത്തിയായതോടെ വഴിമുടങ്ങിയത് പെരിയാറിന്റെ പ്രയാണത്തിനായിരുന്നു. വ്യവസായശാലകൾ മലിനജലം ട്രീറ്റ് ചെയ്യാതെയും പാതി ട്രീറ്റ് ചെയ്തു വിട്ടും നിയമലംഘനം നടത്തി. ആസിഡും ആൽക്കലിയും കലർന്ന ജലം, ഘനലോഹ മലിനീകരണം, അമിതമായ പ്ലവകസസ്യ പ്രജനനം തുടങ്ങിയ പ്രശ്‌നങ്ങൾ മൂലം പെരിയാറിലെ ജലത്തിന്റെ മലിനീകരണ തോത് അനുദിനം കൂടിയതല്ലാതെ പിന്നീട് ഇന്നേവരെ കുറഞ്ഞതേയില്ല.

വ്യവസായശാലകളിൽ മലിനജലം സംസ്‌കരിച്ച് പുഴയിലൊഴുക്കാനുള്ള ഔട്ട് ലെറ്റുകളുണ്ട്, മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ചവയാണിവ. എന്നാൽ അംഗീകാരമില്ലാത്ത ഔട്ട് ലെറ്റുകളാണ് പുഴയോട് ചേർന്നുള്ള ഭിത്തിയിൽ കൂടുതൽ. അവസരം കിട്ടുമ്പോഴെല്ലാം രാസമാലിന്യങ്ങൾ നദിയിലേക്ക് ഒഴുക്കിക്കളയുന്നതിന്റെ അവശേഷിപ്പുകളുമേറെ കാണാം ഭിത്തികളിൽ. ഭിത്തിയിൽ മാത്രമല്ല, പെരിയാറിന്റെ ഇടനെഞ്ചിലേക്ക് കൊടിയ വിഷം ഒഴുക്കിവിടാൻ ഭൂമിക്കടിയിലുമുണ്ട് 'ഭൂഗർഭ വിഷമാലിന്യ പൈപ്പുകൾ'. ഇതുവഴി പുഴയുടെ അടിത്തട്ടിലേക്ക് കുത്തിവെക്കുന്ന കൊടിയ വിഷത്തിന് കണക്കുപോലുമില്ലെന്നതാണ് യാഥാർത്ഥ്യം.

Comments