വിൻസന്റ് വാൻഗോഗിന്റെ ജീവിതം ആസ്പദമാക്കി 2017-ൽ പുറത്തിറങ്ങിയ 'ലവിങ്ങ് വിൻസെന്റ്' എന്ന ആനിമേഷൻ ചിത്രത്തിലെ രംഗം.

വരൂ, ഈ മുറിവുകളിൽ ചുംബിക്കൂ...

വിൻസെൻറ്​ വാൻഗോഗിനെ പരാമർശിക്കുമ്പോൾ ഒരു ക്രിസ്തുബിംബത്തിന്റെ സൂചനകൾ വട്ടം വീശി വിടരുന്നത് വായിച്ചെടുക്കപ്പെട്ടേക്കാം, വരുംകാലത്തിന്റെ വായനകളിൽ- ഇർവിംഗ് സ്റ്റോണിന്റെ ലസ്​റ്റ്​ ഫോർ ലൈഫ്​ എന്ന നോവലിന്റെ വായന

1880 മുതൽ 1890 വരെയുള്ള ഒരു ദശകത്തെ കലാപര്യകൊണ്ടുമാത്രം കലാസ്വാദകരുടെ മനസ്സിൽ ശാശ്വത ഇരിപ്പിടം നേടിയ ഡച്ച് പെയിന്റർ വിൻസെൻറ്​ വാൻഗോഗ് ജീവിച്ചിരുന്ന കാലത്ത് എല്ലാവരാലും നിരസിക്കപ്പെടുകയും കൊടിയ അപമാനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. 37 വയസ്സും മൂന്നു മാസവും മാത്രം ജീവിച്ചിരിക്കുകയും അതിനിടയിൽ ഒരു മനുഷ്യൻ അനുഭവിക്കാവുന്നതിന്റെ പരമാവധി ഒറ്റപ്പെടലും ദാരിദ്ര്യത്തിനും പുറമെ സ്‌കിസോഫ്രീനിയ എന്ന തീവ്ര മനോരോഗവും കൂടിച്ചേർന്നപ്പോൾ വിൻസെൻറ്​ സമാനതകളില്ലാത്ത ദുരിതപർവങ്ങളിലൂടെ കടന്നു പോയി.

ഇർവിങ്ങ് സ്റ്റോൺ
ഇർവിങ്ങ് സ്റ്റോൺ

പെണ്ണൊരുത്തിയുടെ പ്രണയത്തിനായി വിൻസെൻറ്​ മനമുരുകി ജീവിതകാലമത്രയും കഴിഞ്ഞുവെങ്കിലും എല്ലായിടത്തും ആ പ്രേമാസക്തി തിരസ്‌കരിക്കപ്പെട്ടു. കേവലമായ മോഹാവേശമായിരുന്നില്ല വിൻസെന്റിന് പ്രണയം. ജീവിതരതിയുടെ ഒളിമങ്ങാത്ത പ്രകാശനമായിരുന്നു, സ്‌നേഹത്തിനായുള്ള ആ ഉഴറി നടപ്പ്! മനസ്സിൽ പ്രതിഷ്ഠിച്ച സ്ത്രീകളൊക്കെയും ഒരു കുഷ്ഠരോഗിയെപ്പോലെ വിൻസെന്റിനെ കണ്ടു. ജീവിതനിരാസത്തിന്റെ നെരിപ്പോടിൽ പക്ഷേ, വാൻഗോഗ് എന്ന കലാകാരൻ ചുട്ടെടുക്കപ്പെട്ടു. ആ കലാവല്ലഭത്വത്തിന് വലിയ വിലയാണ് ജീവിതം പകരം ആവശ്യപ്പെട്ടത്. വിൻസെൻറ്​ വാൻഗോഗിനെ പരാമർശിക്കുമ്പോൾ ഒരു ക്രിസ്തുബിംബത്തിന്റെ സൂചനകൾ വട്ടം വീശി വിടരുന്നത് വായിച്ചെടുക്കപ്പെട്ടേക്കാം, വരുംകാലത്തിന്റെ വായനകളിൽ.

വിൻസെൻറ്​ വാൻഗോഗ് എന്നും ഒരു ഒബ്‌സഷനായി മാറിയിട്ടുണ്ട് ജീവിതത്തിൽ. സഹനത്തിന്റെ കാര്യത്തിൽ ക്രിസ്തുസദൃശമായ ഒരു ജീവിതം വാൻഗോഗിനുണ്ടായിരുന്നു. ഒരു കുഞ്ഞിനെപ്പോൽ നിഷ്‌കളങ്കനായ
വിൻസെന്റിന്റെ പീഡാസഹനങ്ങൾ നെറ്റിയിൽ, ഉദരത്തിൽ സർവോപരി മനസ്സിൽ വടുക്കളായി കിടന്നു. ഇർവിംഗ് സ്റ്റോണിന്റെ ലസ്​റ്റ്​ ഫോർ ലൈഫ്​ വിൻസെന്റിന്റെ കലാജീവിതവും യാതനാനിർഭരമായ വാഴ്‌വും അസാധാരണ മിഴിവോടെ ആ വിഷ്‌കരിക്കുന്ന നോവലാണ്. വല്ലാത്ത അഭിനിവേശം ജനിപ്പിക്കുന്ന ഒരു ക്ലാസ്സിക് രചന! എത്ര തവണ വായിച്ചാലും മതിയാവില്ല ഈ നോവൽ. സഹനത്തിന്റെ പാരമ്യത്തിൽ വിൻസെൻറ്​ ഉന്മാദത്തിരത്തള്ളലിൽപ്പെട്ട് നട്ടം തിരിയുന്നുണ്ട്. കവിതയായി മാറുന്നുണ്ട് ഇതിലെ ഓരോ ഖണ്ഡവും. ഏതോ ഒരു കാമുകിയെത്തേടി അലയുന്ന ഭ്രഷ്ടകാമുകനായിരുന്നു വിൻസെൻറ്​. വളരെ അടുപ്പം കാണിച്ച ഉർസുല എന്ന യുവതി, പ്രണയമറിയിച്ചപ്പോൾ ഭ്രാന്തൻ എന്നു വിളിച്ച് ഓടി രക്ഷപ്പെടുന്ന ഒരു രംഗം നോവലിലുണ്ട്. ഇതു നമ്മെ അസ്വസ്ഥമാക്കുക തന്നെ ചെയ്യും.

ആത്മകഥാപരമായ നോവലുകളിൽ ഡേവിഡ് കോപ്പർഫീൽഡും ബയോഗ്രഫിക്കൽ നോവലിൽ ദ് ഡ്രീം ഓഫ് ദ സെൽറ്റും ഒക്കെ എങ്ങനെ നിൽക്കുന്നുവോ, അതേ തലപ്പൊക്കത്തിൽ സ്റ്റോണിന്റെ നോവൽ നിലകൊള്ളുന്നു.

നോവലിന്റെ ആരംഭത്തിൽ ഉർസുല എന്ന പെൺകുട്ടി വിൻസെൻറിനെ വിളിച്ചുണർത്തുന്നു; ‘മോൺഷ്യോർ വാൻഗോഖ് ! ഉണരാൻ സമയമായി. '
ഒരർത്ഥത്തിൽ വാൻഗോഖിലെ പ്രണയഭാവത്തെയാണ് അവൾ വിളിച്ചുണർത്തുന്നത്! പ്രണയം ഉണ്ടെന്ന്​ തോന്നിപ്പിക്കും വിധമായിരുന്നോ ഉർസുലയുടെ പെരുമാറ്റം? അതോ വിൻസെൻറ്​ തെറ്റിദ്ധരിച്ചതോ? അവൾ വാൻഗോഖിന്റെ പ്രണയാഭ്യർത്ഥനയെ ഭയത്തോടെ നിരസിക്കുന്നു. വിൻസെൻറിന്റെ ഹൃദയത്തിലെ ആദ്യ മുറിവായി ഉർസുല.

ലണ്ടൻ, ബോറിനേജ്, ഏറ്റ്ൻ (Etten), ഹേഗ്, ന്യൂനെൻ, പാരീസ്, ആർലെസ്, സെൻറ്​ റെമി (Saint Remy), ഓവേർസ് എന്നീ ഖണ്ഡങ്ങളിൽ ഇർവിങ് സ്റ്റോൺ വിൻസെൻറിന്റെ ജീവിതകഥ പറയുകയാണ് ഈ ബയോഗ്രഫിക്കൽ നോവലിൽ. ആത്മകഥാപരമായ നോവലുകളിൽ ഡിക്കൻസിന്റെ ഡേവിഡ് കോപ്പർഫീൽഡും ബയോഗ്രഫിക്കൽ നോവലിൽ മാരിയൊ വർഗാസ് യോസയുടെ ദ് ഡ്രീം ഓഫ് ദ സെൽറ്റും ഒക്കെ എങ്ങനെ നിൽക്കുന്നുവോ, അതേ തലപ്പൊക്കത്തിൽ സ്റ്റോണിന്റെ നോവൽ നിലകൊള്ളുന്നു.

തെക്കൻ ബെൽജിയത്തിലെ ബോറിനേജിൽ സുവിശേഷ വേലയ്ക്കായെത്തിയ വിൻസെൻറ്​ പാവപ്പെട്ട ഖനിത്തൊഴിലാളികളുടെ കൂടെ അവരിലൊരാളായി ജീവിച്ചു. അവർ തിന്നുന്നത് തിന്നു, കുടിക്കുന്നത് കുടിച്ചു. അവർ ഉറങ്ങുന്ന ജീർണിച്ച മുറിയിൽ ഉറങ്ങി.
‘കൽക്കരി ഖനിയിലെ ക്രിസ്തു' എന്നാണ് ഖനിത്തൊഴിലാളികൾ വിൻസെന്റിനെ വിളിച്ചിരുന്നത്. മേഡം ഡെനിസ് പറയുന്നുണ്ട്, ‘വിൻസെൻറ്​ നിങ്ങൾക്ക് ഇങ്ങനെ ജീവി ക്കാനാവില്ല, യേശുക്രിസ്തുവിനു ശേഷം കാലമൊത്തിരി മാറി' എന്ന്.
ഖനിത്തൊഴിലാളികൾക്ക് ദൈവവചനം പറഞ്ഞു കൊടുക്കുന്ന ജോലിയായിരുന്നു വിൻസെന്റിന്. ബോറിനേജിലെ ദരിദ്രരിൽ ദരിദ്രരായ തൊഴിലാളികളെ സംബന്ധിച്ച്​ ദൈവവചനം ഒരു ആർഭാടമായിരുന്നു. വിൻസെൻറ്​ തന്റെ ശമ്പളത്തിന്റെ നാല്പതു ശതമാനത്തോളം ആ നിർധന തൊഴിലാളികളുടെ ഭക്ഷണം, മരുന്ന് എന്നിവക്കായി മാറ്റിവച്ചു. പെറ്റിറ്റ് വാസ്മിസിൽ ജനം എന്തെന്നില്ലാത്ത വറുതിയിലായിരുന്നു.

അവർ വിശപ്പു സഹിക്കവയ്യാതെ എലികൾ, നിലയണ്ണാൻ, തവള, പല്ലി, പൂച്ച, പട്ടി ഇവയെ ആഹാരമാക്കി. ഖനിത്തൊഴിലാളികളുടെ ജീവിതം അത്രമേൽ അനിശ്ചിതത്വവും ദാരിദ്ര്യവും രോഗപീഡകളും നിറഞ്ഞതായിരുന്നു. (the heat at this low level was like that of a blazing oven, thick enough to be cut with a blunt instrument. The men at work were panting like stricken animals, their tongues hanging out, thick and dry and their naked bodies covered with a plaster of filth, grime and dust. Vincent doing absolutely nothing, thought he could not bear the fierce heat and dust another minute. The miners were doing violent manual labour and their gorge was a thousand times higher than this, yet they could not stop to rest or cool off for a minute.’ പുറം 65).

വിൻസന്റ് വാൻഗോഗ് 19-ാം വയസ്സിൽ /  Van Gogh Museum Amsterdam
വിൻസന്റ് വാൻഗോഗ് 19-ാം വയസ്സിൽ / Van Gogh Museum Amsterdam

നന്മയുടെ പൂമരം ആയിരുന്ന വിൻസെൻറ്​ ബോറിനേജിലെ ഖനിത്തൊഴിലാളികൾക്ക് സാന്ത്വനം പകരാൻ ശ്രമിക്കുന്നുണ്ട്, വ്യർത്ഥമെങ്കിലും. വിൻസെന്റിന്റെ സംസാരം ശ്രവിച്ച ഒരു സ്ത്രീ പറയുന്നുണ്ട്; ‘ദൈവത്തിൽ എനിക്കു വിശ്വാസമില്ലായിരുന്നു. ഞങ്ങളുടെ ദുരിത ജീവിതത്തിൽ ദൈവം അപ്രസക്തമായിരുന്നു. അങ്ങയുടെ വാക്കുകൾ കേട്ട് എന്റെ മനം തെല്ല് ആശ്വാസം കൈവരിക്കുന്നു.'
ഖനിത്തൊഴിലാളികളുടെ ദരിദ്രവും അപകടം പിടിച്ചതുമായ ജീവിത യാഥാർത്ഥ്യങ്ങളെ പച്ചയായി ആവിഷ്‌കരിക്കുന്ന ഈ നോവൽ ഇനിയും എത്ര തവണ കൂടി വായിക്കുമെന്ന് എനിക്കു നിശ്ചയമില്ല.

ഇന്ന് ഖനിത്തൊഴിലാളികൾ മുൻപുള്ളതുപോലെയുണ്ടോ എന്നറിയില്ല. ബോറിനേജിൽ നിന്ന്​ വിൻസെൻറ്​ ഏറ്റ്‌നിൽ എത്തുന്നു. വിൻസെൻറ്​ കുറേക്കൂടി ലൗകികനായി മാറുകയാണ് ഇവിടെ. തനിക്ക് സ്‌നേഹിക്കാൻ ഒരു പെണ്ണു വേണം. ഒരു കുടുംബം വേണം. മക്കളുണ്ടാവണം. സ്‌നേഹം നൽകുകയും അനുഭവിക്കുകയും വേണം. കസിൻ കേയ്റ്റുമായുള്ള തന്റെ സഹവാസം വിൻസെൻറിൽ കുടുംബ ജീവിതത്തേക്കുറിച്ചുള്ള മോഹങ്ങൾ നിറയ്ക്കുന്നുണ്ട്. എന്നാൽ വിധവയായ കേയ്റ്റ്, വിൻസെന്റിന്റെ വിവാഹാഭ്യർത്ഥന തള്ളിക്കളയുകയാണുണ്ടായത്. ജീവിതത്തിലൊരുനാളും ഒരു സ്ത്രീയും തന്നോട് സ്‌നേഹത്തോടെ സംസാരിക്കുകയോ, ഒരു വേള ഇമ്പം കാണിക്കുകയോ ചെയ്തതായി വിൻസെന്റിന് ഓർമയില്ല. സ്‌നേഹത്തിനായി ആ മനസ്സ് തീവ്രമായി ആഗ്രഹിച്ചു.Love was the salt of life ; one needed itto bring out the flavour of the world.

ക്രിസ്റ്റിൻ എന്ന തെരുവുവേശ്യയെ വിൻസെൻറ്​ കണ്ടുമുട്ടുന്നു. കുറഞ്ഞ പണത്തിന് ഒരു മോഡലായിരിക്കാൻ അവൾ തയ്യാറാവുന്നു. അവളുമൊത്ത് വിൻസെൻറ്​ ജീവിക്കുന്നു. അവൾ വേശ്യാവൃത്തി ഉപേക്ഷിക്കുന്നു. കുറഞ്ഞ കാലത്തേക്കെങ്കിലും അവൾ ഗലീലിയിലെ മഗ്ദലനയാവുന്നു.

പെയിന്റിങ്ങും അടങ്ങാത്ത പ്രണയ ദാഹവുമായിരുന്നു വാൻഗോഗിന്റെ ജീവിതത്തിലെ രണ്ടു അഭിനിവേശങ്ങൾ. ജീവിതത്തെ പുതുതായി നിർവചിക്കുന്നതിനുള്ള വഴികളായിരുന്നു അവ. ദിവ്യമെന്നു പറയാവുന്ന ഏതോ ഉൾവിളികൾ കേട്ട്​ ആ പാതകളിലൂടെ വിൻസെൻറ്​ തിരസ്‌കരിക്കപ്പെടാനായി മാത്രം സഞ്ചരിച്ചു. തിരസ്‌കാരമാണ് എല്ലാ മനിതരെയും ഉയിർത്തെഴുന്നേല്പിലേക്ക് നയിക്കുന്നത്. ഉള്ളിൽ ഉരുകിത്തീർന്നുകൊണ്ട് അവർ തിരസ്‌കൃതന്റെ അൾത്താരയിൽ സ്വയം ബലി അർപ്പിക്കുന്നു. അവർ പാപികളോടും, തെരുവു വേശ്യകളോടും, ചുങ്കക്കാരോടും കൂട്ടുകൂടുന്നു. ജീവിതം ചുട്ടുപൊള്ളുന്ന തെരുവിൽ അവർ വിയർക്കുന്നു.
ക്രിസ്റ്റിൻ എന്ന തെരുവുവേശ്യയെ വിൻസെൻറ്​ കണ്ടുമുട്ടുന്നു. കുറഞ്ഞ പണത്തിന് ഒരു മോഡലായിരിക്കാൻ അവൾ തയ്യാറാവുന്നു. അവളുമൊത്ത് വിൻസെൻറ്​ ജീവിക്കുന്നു. അവൾ വേശ്യാവൃത്തി ഉപേക്ഷിക്കുന്നു. കുറഞ്ഞ കാലത്തേക്കെങ്കിലും അവൾ ഗലീലിയിലെ മഗ്ദലനയാവുന്നു. ഒരു നേരത്തെ ആഹാരം പോലും കൊടുക്കാനാവാത്ത
വിൻസെന്റിനെ ഉപേക്ഷിച്ച് അവൾ വീണ്ടും തെരുവ് വീടാക്കുന്നു. യഥാർത്ഥ ജീവിതത്തിൽ വിൻസെന്റ് കണ്ടുമുട്ടിയ ആൽക്കഹോളിക്കായ നഗരവധു ക്ലാസിന മാരിയ ഹൂർനിക്കിന്റെ ഫിക്ഷണൽ പ്രതിരൂപമാണ് ക്രിസ്റ്റീന. ദാരിദ്ര്യം വാൻഗോഖിനെ അപമാനവീകരിക്കുന്നുണ്ട്. വീസൻബ്രൂഹിനോട് വിൻസെൻറ്​ ഒരിക്കൽ ഇരുപത്തഞ്ച് ഫ്രാങ്ക് കടം ചോദിക്കുന്നുണ്ട്. കലാകാരന്റെ ദാരിദ്ര്യത്തെ അപ്പോൾ പുകഴ്​ത്തുകയാണയാൾ ചെയ്തത്!
ഒരു കലാകാരന് പട്ടിണി ഒഴിച്ചുകൂടാൻ വയ്യാത്തതാണ്. അത് അയാളെ വളർത്തും, നിർണയിക്കും; വീസൻ ബ്രൂഹ് ഗുണദോഷിച്ചു. സഹനമാണ് കലാകാരനെ മഹാനാക്കി മാറ്റുന്നത്. Happiness is bovine; it is only good for cows and tradesman. Artists thrive on pain; if you are hungry, discouraged and wretched, be grateful. God is being good to you! (പുറം 189).

വാൻഗോഗിന്റെ Pietà (1889). ക്രിസ്തുവിന്റെ മരണത്തിൽ വിലപിക്കുന്ന മേരി. /  Van Gogh Museum, Amsterdam
വാൻഗോഗിന്റെ Pietà (1889). ക്രിസ്തുവിന്റെ മരണത്തിൽ വിലപിക്കുന്ന മേരി. / Van Gogh Museum, Amsterdam

മരിക്കാൻ പോവുന്നവനോട് പറയുന്ന വേദാന്തമാണ് വീസൻ ബ്രൂഹ് പറയുന്നത്! ‘‘കൊടും ദാരിദ്ര്യം വരുത്തി വയ്ക്കുന്ന വിൻസെന്റിന്റെ സിരാരോഗവും ദൈവാനുഗ്രഹമാണ്..! വിൻസെൻറ്​, നിങ്ങളിൽ ക്രിസ്തുസമാനമായ ഏതോ ഒന്നുണ്ട്’’; ഇതു പറയുന്നത് മാർഗോട്ട് എന്ന നാല്പതുകാരിയായ നിത്യകന്യകയാണ്. വിൻസെൻറ്​ ക്രിസ്റ്റിയുടെ കഥ പറയുന്ന വേളയിലാണ് മർഗോട്ട് ബെഗിമൻ ഇതു പറയുന്നത്. അവൾ ധനിക കുടുംബത്തിൽ ജനിച്ച് ആശിച്ച പുരുഷസാമീപ്യം കിട്ടാതെ പോയവളാണ്.
‘അവൾ നിങ്ങളുടെ ഭാര്യ ആയിരുന്നു. വേശ്യ ആയിരുന്നില്ല. അവളെ രക്ഷിക്കാൻ കഴിയാതിരുന്നത് നിങ്ങളുടെ കുറ്റമല്ല. ഒരാൾക്ക് ഒരു നാഗരികതയെ ഒറ്റയ്ക്കു രക്ഷിക്കാനാവില്ല’; അവൾ പറയുന്നു. മാർഗോട്ട് മാത്രമാണ് ശരിയായ അർത്ഥത്തിൽ വാൻഗോഗിനെ പ്രണയിച്ചിട്ടുള്ളത്. എന്നാൽ ആ പ്രണയം നിർഭാഗ്യവശാൽ പൂവിട്ടില്ല. ഹതാശയായ അവൾ വിഷപാനം ചെയ്യുന്നു.

പോൾ ഗോഗിന്റെ ചിത്രമെഴുത്ത് അത്ഭുതഭാവമാണ് വാൻഗോഗിൽ സൃഷ്ടിച്ചത്. ഗോഗിനു മാത്രം സൃഷ്ടിക്കാൻ കഴിയുന്ന മനുഷ്യർ, ഒരു ദൈവത്തിനും അധിവസിക്കാൻ കഴിയാത്ത ആകാശം...

പാരീസ് ചിത്രകലയുടെ മാത്രമല്ല, നാഗരികത മുന്നോട്ടുവച്ച എല്ലാ സാഹിത്യ സാംസ്‌കാരിക ചലനങ്ങളുടെയും പ്രഭവകേന്ദ്രമായിരുന്നു. വിൻസെൻറ്​ വാൻഗോഗ്​ പാരീസിലെ ചിത്രകാരന്മാരുടെ സദസ്സിലേക്ക് എത്തിപ്പെടുന്നുണ്ട്. ഇംപ്രഷനിസത്തെക്കുറിച്ച് വാൻഗോഗ്​ മനസ്സിലാക്കുന്നത് അവിടെ വെച്ചാണ്. ചിത്രകലയിലെ അതികായന്മാരുമായി വാൻഗോഗ്​ നേരിട്ട് ഇടപഴകുകയും അവരുടെ ശൈലി മനസ്സിലാക്കാനിടവരുകയും ചെയ്യുന്നത് നോവലിൽ വിവരിക്കുന്നുണ്ട്. അതിലൊന്ന്, പോൾ ഗോഗിനുമായുള്ള സൗഹൃദമാണ്. ചിത്രകലയുടെ പുത്തൻ സങ്കേതങ്ങളെ വിൻസെൻറ്​ പരിചയിക്കുന്നത് നോവലിൽ വർണിക്കുന്നുണ്ട്.
പോൾ ഗോഗിന്റെ ചിത്രമെഴുത്ത് അത്ഭുതഭാവമാണ് വാൻഗോഗിൽ സൃഷ്ടിച്ചത്. സൂര്യപ്രകാശം കുത്തിയൊഴുകുന്ന അതിശയകരമായ വർണരചനകൾ, ഒരു സസ്യശാസ്ത്രജ്ഞനും കണ്ടെത്താനാവാത്ത വൃക്ഷങ്ങൾ, ജന്തുശാസ്ത്രജ്ഞൻ കൂവിയറിനുപോലും സങ്കല്പിക്കാനാവാത്ത മൃഗങ്ങൾ, ഗോഗിനു മാത്രം സൃഷ്ടിക്കാൻ കഴിയുന്ന മനുഷ്യർ, ജ്വാലാമുഖികളിൽ നിന്നു മാത്രം പൊട്ടിയൊഴുകുന്ന വിധത്തിലുള്ള സമുദ്രം, ഒരു ദൈവത്തിനും അധിവസിക്കാൻ കഴിയാത്ത ആകാശം... ഗോഗിന്റെ ചിത്രകല കണ്ട് വാൻഗോഗ്​ മതിമറന്നിരുന്നുപോവുന്നുണ്ട്. ചിത്രകലയെ സംബന്ധിച്ച ഈ ദൃശമായ വിവരണങ്ങൾ ജീവിതാസക്തിയുടെ വായനയ്ക്ക് സവി
ശേഷമായ ഒരു മാനം നൽകുന്നു.

സൂര്യകാന്തിപ്പൂക്കൾ വരക്കുന്ന വാൻഗോഗ്. പോൾ ഗോഗിന്റെതാണ് ചിത്രീകരണം / Van Gogh Museum, Amsterdam
സൂര്യകാന്തിപ്പൂക്കൾ വരക്കുന്ന വാൻഗോഗ്. പോൾ ഗോഗിന്റെതാണ് ചിത്രീകരണം / Van Gogh Museum, Amsterdam

സ്യൂറാറ്റിനെപ്പോലുള്ള ചിത്രകാരന്മാർ, എമിലി സൊലയെപ്പോലുള്ള സമുന്നതരായ എഴുത്തുകാർ ഇവരൊക്കെ വാൻഗോഗിന്റെ സൗഹൃദവലയത്തിൽ വരുന്നുണ്ട്. ഇവരിൽ നിന്ന്​ വാൻഗോഖ് കലയുടെ നിയമങ്ങൾ മനസ്സിലാക്കുന്നുണ്ട്. എന്നാൽ എല്ലാ നിയമങ്ങൾക്കുമതീതമായ പ്രതിഭയുടെ ജ്വാലാഗ്‌നിയാണ് വിൻസെന്റിനെ ലോകം ആദരിക്കുന്ന ഒരു കലാകാരനാക്കിത്തീർത്തതെന്ന്​ നോവൽ നമ്മോടു പറയുന്നു. ലസ്റ്റ് ഫോർ ലൈഫ് വീണ്ടും വീണ്ടും വായിക്കാനുള്ള പ്രേരണ എന്താവാം എന്നു ആലോചിച്ചുപോയിട്ടുണ്ട്.

ചിത്രകലയുടെ അത്ഭുതലോകങ്ങൾ ഈ നോവലിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നത് ഒരു കാരണമാണെന്നു തോന്നുന്നു. വിൻസെൻറ്​ വാൻഗോഗ് എന്ന കലാകാരന്റെ മുറിവേറ്റ ജീവിതവും കലാഭിനിവേശവും അയാൾ വരച്ച ചിത്രങ്ങളുടെ സാംസ്‌കാരിക- സാമൂഹിക- വൈയക്തിക പശ്ചാത്തലവുമെല്ലാം അത്യന്തം സൂക്ഷ്മമായി വരച്ചുചേർത്തതിനാലാവാം. The Potato Eaters എന്ന ചിത്രം വരയ്ക്കുന്ന തിനിടയായ സംഭവങ്ങൾ നോവലിൽ അതീവ ചാരുതയോടെ വിവരിക്കുന്നുണ്ട്. ഭഗ്‌നപ്രണയത്തിന്റെ കൂരമ്പുകളാൽ പിടഞ്ഞിരുന്ന വിൻസെൻറ്​ മാർഗോട്ടിനോടു പറയുന്നു, നീ വീട്ടുകാരെ വിട്ട് എന്നോടൊപ്പം വരൂ എന്ന്. അവൾക്ക് അതിനു കഴിയുന്നില്ല. തുടർന്നാണ് ‘ദേ ഗ്രൂറ്റ്‌സ്' (De Groots) എന്ന കർഷക ഫാമിലിയുമായി വിൻസെൻറ്​ ബന്ധപ്പെടുന്നത്. വിൻസെൻറ്​ എത്രയോ തവണ വരച്ചു പരാജയപ്പെട്ടിട്ടാണ് ഒടുവിൽ ആ ദരിദ്രകർഷക കുടുംബത്തിന്റെ ചിത്രം വരയ്ക്കുന്നത്. ‘ഉരുളക്കിഴങ്ങു തിന്നുന്നവർ' എന്ന ചിത്രം അങ്ങനെയാണ് രൂപപ്പെടുന്നത്. യാതനകളാണ് വിൻസെന്റിന്റെ കലയ്ക്ക് മിഴിവും ജീവനും നൽകിയിട്ടുള്ളത്.

The Potato Eaters /  Vincent van Gogh, Van Gogh Museum, Amsterdam
The Potato Eaters / Vincent van Gogh, Van Gogh Museum, Amsterdam

എത്രയോ ചിത്രകാരന്മാരെ ഈ നോവലിൽ നമ്മൾ കണ്ടുമുട്ടുന്നു.നോവലിൽ Monet, Sisley, Pissaro, Manet, Paul Gaugain, Paul Cessan, Toulouse - Lautrecs എന്നീ ചിത്രകാരന്മാരുടെ സാന്നിധ്യം കുറഞ്ഞ നേരമേയുള്ളുവെങ്കിലും അവരുടെ ചിത്രകലയും ജീവിതവും കൊണ്ട് നോവലിൽ ഉത്സാഹാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട് ഇർവിങ്ങ് സ്റ്റോൺ. നോവലിൽ ടൗലോസ് ലോട്രിക്‌സിനെക്കുറിച്ച്​ വിവരിക്കുന്ന ഭാഗം വായിക്കുമ്പോൾ, അയാളുടെ ജീവിതത്തിന് വിൻസെൻറിന്റെ ജീവിതവുമായി വലിയ സാമ്യമുണ്ടെന്നു തോന്നിപ്പോകുന്നു. ജീവിതത്തിന്റെ നരക സമാനമായ തലങ്ങളിൽ ജീവിക്കുകയും അത്തരം സന്ദർഭങ്ങളെ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട് ടൗലോസ്.

നോവലിൽ എമിലി സൊല വിൻസെന്റിനെ കണ്ടുമുട്ടുന്ന രംഗം ഉദ്വേഗത്തോടെയാണ് വായിച്ചത്. ബെൽജിയൻ ബോറിനേജിൽ താൻ രണ്ടു വർഷമുണ്ടായിരുന്നുവെന്ന് വിൻസെൻറ്​ പറയുമ്പോൾ സൊല അത്ഭുതപ്പെടുന്നു: So you are the second coming of Christ ! ബോറിനേജിൽ, പെറ്റിറ്റ് വാസ്‌മെസിൽ, മാർക്കാസിൽ ഉണ്ടായിരുന്ന വിൻസെന്റിന്റെ പ്രവർത്തനങ്ങളെപ്പറ്റി സൊല കേട്ടിട്ടുണ്ടായിരുന്നു. നോവലിൽ അവിടവിടെയായി പ്രത്യക്ഷപ്പെടുന്ന ചിത്രകലാനിരൂപണങ്ങൾ വളരെ കൗതുകത്തോടെയാണ് വായിച്ചത്. ഒരു ഉദാഹരണം നൽകട്ടെ: ‘Art is amoral; so is life. For me there are no obscene pictures or books. There are only poorly conceived and poorly executed ones. A whore by Toulouse Lautrec is moral because he brings out the beauty liesbeneath her external appearance; a pure country girl by Bouguereau is immoralbecause she is sentimentalised and so cloyingly sweet that just to look at her isenough to make you vomit !'
ഇത്തരം വിചിന്തനങ്ങൾ നോവലിന് ആത്മഗൗരവം വർദ്ധിപ്പിക്കുന്നതിന് സഹായകമാവുന്നുണ്ട്. ഒരു വിമർശകൻ സൊലയെ അശ്ലീല സാഹിത്യകാരൻ എന്നു വിശേഷിപ്പിച്ചത് ഓർമിപ്പിച്ചപ്പോഴാണ്​ സൊല ഈ ശ്രദ്ധേയമായ നിരീക്ഷണം നടത്തുന്നത്.

വാൻഗോഗിന്റെ സെൽഫ് പോട്രയ്റ്റ്. മുറിവു വെച്ചു കെട്ടിയ ചെവി ചിത്രത്തിൽ കാണാം / Wikimedia Commons
വാൻഗോഗിന്റെ സെൽഫ് പോട്രയ്റ്റ്. മുറിവു വെച്ചു കെട്ടിയ ചെവി ചിത്രത്തിൽ കാണാം / Wikimedia Commons

കലയെയും സാഹിത്യത്തെയും സംബന്ധിച്ച അനുഭവം മാത്രമല്ല അറിവും പകർന്നുനൽകുന്നുണ്ട്​ ഈ നോവൽ. തന്റെ പ്രണയിനിക്ക് ചെവി മുറിച്ചുനൽകി ചോരയിൽ കുളിച്ചു നിൽക്കുന്ന വാൻഗോഖിന്റെ ഇമേജ് സാഹിത്യപ്രണയികളെ എന്നും കിടിലംകൊള്ളിച്ചിട്ടുണ്ട്. റെയ്ച്ചൽ എന്ന യുവതിയുമായി പ്രണയം മൂർച്ഛിച്ചു നിൽക്കുമ്പോൾ അവൾ ഇങ്ങനെ പറയുന്നു: ‘നിങ്ങളുടെ പക്കൽ അഞ്ച് ഫ്രാങ്ക് എനിക്കു നൽകാനില്ലെങ്കിൽ ആ ചെവി മുറിച്ചു തന്നാലും മതി'.
വാസ്തവത്തിൽ അവൾ വിൻസെന്റിനെ കളിയാക്കുകയായിരുന്നു. പിന്നീട് സ്‌കിസൊഫ്രീനിയ രോഗം മൂർച്ഛിച്ചു നിൽക്കുന്ന വേളയിൽ തന്റെ കാമുകിക്ക് ​ഇടതു ചെവി മുറിച്ചുനൽകുന്നുണ്ട് വാൻഗോഗ്​. വിൻസെന്റിനെ ചികിത്സിച്ച ഡോക്ടർ കാൻ പറയുന്നുണ്ട്, ഓഡിറ്ററി നെർവ്‌സ് അത്യധികം സെൻസിറ്റീവാകുമ്പോൾ ചെവി മുറിച്ച്​ അതിന്റെ കാഠിന്യത്തിൽ നിന്ന്​ വിമോചനം നേടാമെന്ന് സ്‌കീസോഫ്രീനിക് രോഗികൾ കരുതുന്നു എന്ന്. ഭ്രാന്ത് അനുഭവിക്കുന്നതിന്റെ അതിരറ്റ സുഖം ഇത്തരം ഭ്രാന്തമായ പ്രവൃത്തികളിൽ സാക്ഷാത്കരിക്കപ്പെടുന്നുണ്ടെന്നും ഡോ. കാൻ പറയുന്നു. രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ വിൻസെൻറ്​ മായക്കാഴ്ചകൾ ധാരാളമായി കാണുന്നുണ്ട്. മായ എന്നു പേരുള്ള യുവതി വിൻസെന്റിനെ സന്ദർശിക്കുന്നു. തനിക്ക് നിഷേധിക്കപ്പെട്ട പ്രണയത്തിന്റെ രാഗവായ്പുകൾ നിർലോഭം നൽകുന്നുണ്ട് മായ. മായയുമായി വാൻഗോഖ് ദീർഘമായി സംസാരിക്കുന്നു. തീവ്ര വികാരത്താൽ ചിരിക്കുകയും കരയുകയും ചെയ്യുന്നു.
ജീവിതകാലം മുഴുവൻ തന്നെ തേടി വന്ന തിരസ്‌കാരങ്ങളെ മുഴുവൻ തന്റെ ഉന്മാദം കൊണ്ട് വാൻഗോഖ് പരാജയപ്പെടുത്തുന്നു. അവൾ അഗാധമായ പ്രണയാനുഭൂതിയാൽ വിൻസെന്റിന്റെ ചുണ്ടുകൾ പാനം ചെയ്യുന്നു. പ്രണയത്തിന്റെ മഹോത്സവമാടുന്നു.! വിൻസെൻറ്​ മായയോട്​ നിലയ്ക്കാതെ, ആവേശത്തോടെ സംസാരിക്കുന്നു. The longer he talked, the more excited he became. Wordsflew out of his mouth like pigments from tubes. His whole body sprang into action. He talked with his hands, gesticulated with his arms and shoulders, walked up and down before her with violent body contortions...' (പുറം 356).

നിരവധി വിശ്രുത രചനകൾ വരയ്ക്കാനുണ്ടായ സാഹചര്യവും അതിന്റെ സാക്ഷാത്കാരത്തിനായി ബലി നൽകപ്പെട്ട ജീവിതവും നോവലിൽ ആവിഷ്‌കരിക്കുന്നുണ്ട്. തന്റെ ജീവിതം ഒരു ബലിയായി നൽകി ക്കൊണ്ടാണ് വാൻഗോഖ് ഈ ഔന്നത്യത്തിലേക്കു പ്രവേശിക്കുന്നത്.

ഇത്തരം സൂക്ഷ്മചിത്രീകരണങ്ങൾ ലസ്റ്റ് ഫോർ ലൈഫിനെ ഒരു ക്ലാസിക് കൃതിയാക്കി മാറ്റുന്നുണ്ട്. ഈ നോവലിനെ വശ്യമാക്കിത്തീർക്കുന്ന മറ്റൊരു ഘടകം വാൻഗോഗിന്റെ പ്രസിദ്ധങ്ങളായ ചിത്രങ്ങൾ വരയ്ക്കാനുണ്ടായ സാഹചര്യങ്ങളെ നോവലിൽ പുനഃസൃഷ്ടിക്കുന്ന മുഹൂർത്തങ്ങളാണ്. ഓവേർസ് എന്ന അധ്യായത്തിൽ ഇതിന്റെ സൂക്ഷ്മവും മനോഹരവുമായ വിവരണങ്ങൾ കാണാം. ‘ലാൻഡ്‌സ്‌കെയ്പ് ഫ്രം ആർലെസ് ', ‘നൈറ്റ് വ്യൂ ഓൺ റോൺ ' (Rhone), ‘ബ്ലൂമിംഗ് ഒർച്ചാർഡ്‌സ് ', ‘ദ് പൊട്ടാറ്റോ ഈറ്റേഴ്‌സ് ', ‘സൂര്യകാന്തിപ്പൂക്കൾ ', ‘ദ് ഗാർഡൻ ഓഫ് ദ അസൈലം അറ്റ് സെൻറ്​ റെമി ' തുടങ്ങിയ നിരവധി വിശ്രുത രചനകൾ വരയ്ക്കാനുണ്ടായ സാഹചര്യവും അതിന്റെ സാക്ഷാത്കാരത്തിനായി ബലി നൽകപ്പെട്ട ജീവിതവും നോവലിൽ ആവിഷ്‌കരിക്കുന്നുണ്ട്. തന്റെ ജീവിതം ഒരു ബലിയായി നൽകി ക്കൊണ്ടാണ് വാൻഗോഖ് ഈ ഔന്നത്യത്തിലേക്കു പ്രവേശിക്കുന്നത്. ക്രിസ്തു സദൃശമായിരുന്നു ആ ജീവിതം എന്ന് ഈ അർത്ഥത്തിൽ പറയാവുന്നതാണ്. ജീവിച്ചിരുന്ന കാലത്ത് അധിക്ഷേപിക്കപ്പെടുകയും ദുരിതങ്ങൾക്ക് ആകരമാവുകയും ചെയ്ത ആ മഹനീയ കലാകാരൻ മരണശേഷം അംഗീകരിക്കപ്പെട്ടു. അത് ഒരു തരത്തിലുള്ള ഉത്ഥാനമായിരുന്നു. ദരിദ്രനും ഉന്മാദിയുമായിരുന്ന ഈ അതുല്യ കലാകാരൻ പക്ഷേ, അന്തസ്സുള്ളവനായിരുന്നു എന്നു നാം സ്റ്റോണിന്റെ നോവലിൽ നിന്നു മനസ്സിലാക്കുന്നു. വാൻഗോഗിനെക്കുറിച്ച് സംസാരിക്കവെ ഡോ. ഗാഷെ അരിസ്റ്റോട്ടിലിന്റെ വാക്കുകൾ ഉദ്ധരിക്കുന്നുണ്ട്: No excellent soul is exempt from a mixture of madness! അതെ വാൻഗോഖ് ഉന്മാദം കോരിക്കുടിച്ചവനായിരുന്നു. ദുരിതങ്ങളുടെ ദയാരഹിതമായ കുത്തൊഴുക്കിൽ സഹോദരൻ തിയോ ആയിരുന്നു ഒരു കച്ചിത്തുരുമ്പ്. ആ ആശ്രയവും നിലച്ച വേളയിൽ വിൻസെൻറ്​ തന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. തിയോ വിൻസെന്റിന്റെ കൂരിരുട്ടു നിറഞ്ഞ ജീവിതത്തിലെ പ്രകാശമായിരുന്നു. അതും നിലച്ചപ്പോൾ വിൻസെൻറ്​ തന്റെ തിരയടങ്ങാത്ത ദുരിതങ്ങൾക്കും മഹിതമായ കലാസപര്യയ്ക്കും തിരശ്ശീല വീഴ്ത്തുകയായിരുന്നു.

വിൻസെന്റ് വാൻഗോഗിന്റേയും സഹോദരൻ തിയോടോറിന്റേയും കല്ലറകൾ / Photo: Van Gogh Museum, Amsterdam
വിൻസെന്റ് വാൻഗോഗിന്റേയും സഹോദരൻ തിയോടോറിന്റേയും കല്ലറകൾ / Photo: Van Gogh Museum, Amsterdam

വാൻഗോഗിന്റെ മരണാനനന്തരം ഡോ. ഗാഷെ പറയുന്ന വാക്കുകൾ വല്ലാത്തൊരു മുഴക്കത്തോടെ നമ്മുടെ ഹൃദയത്തിൽ വന്നു തട്ടി പ്രതിധ്വനിക്കുന്നുണ്ട്; ‘വിൻസെൻറ്​ മരിച്ചിട്ടില്ല. അവൻ ഒരിക്കലും മരിക്കില്ല. അവന്റെ സ്‌നേഹം, അവന്റെ പ്രതിഭ, അവൻ സൃഷ്ടിച്ച മഹത്തായ സൗന്ദര്യം എക്കാലത്തേക്കും നിലനില്ക്കും. അത് ലോകത്തെ സമ്പന്നമാക്കിത്തീർക്കും. ആ ചിത്രങ്ങളിലേക്ക് നോക്കാതെ ഒരു നാഴിക പോലും കടന്നുപോവില്ല, അതിൽ ജീവിതത്തെ സംബന്ധിച്ച ഒരു പുതിയ വിശ്വാസവും അർത്ഥവും കുടികൊള്ളും. വിൻസെൻറ്​ ഒരു അതികായനായിരുന്നു, മഹാനായ ചിത്രകാരൻ,ഒരു വലിയ തത്ത്വചിന്തകൻ.

സ്‌കിസോഫ്രീനിയയുടെ ഉന്മത്തനിമിഷങ്ങളിൽ തന്നെ ഏറ്റവും നിർണായക നിമിഷങ്ങളിൽ ഒറ്റയാക്കി പോയ പ്രണയിനികൾ വിൻസെന്റിനെ സന്ദർശിക്കുന്നത് നാം വായിക്കുന്നു. സ്വപ്‌നമേത്, ജീവിതമേത് എന്ന് നിശ്ചയിക്കാനാവാത്ത ഒരു ലോകം

‘അവൻ അവന്റെ കലയോടുള്ള സ്‌നേഹത്തെ പ്രതി രക്തസാക്ഷിയായവൻ’; ഈ വാക്കുകളോടെയാണ് ലസ്റ്റ് ഫോർ ലൈഫ് അവസാനിക്കുന്നത്.
സാഹിത്യം ആത്യന്തികമായി വേദനിക്കുന്നവന്റെ ആത്മനൊമ്പരങ്ങളാണ് ആവിഷ്‌കരിക്കുന്നത്. അത്താഴം കഴിഞ്ഞുള്ള ദുഃഖനാട്യമല്ല അത്. ഇങ്ങനെയൊക്കെ കുറച്ചു മനുഷ്യർ ഇവിടെ ജീവിച്ചു കടന്നു പോയി എന്നതിന്റെ പ്രത്യക്ഷ സാക്ഷ്യങ്ങളാണ് എല്ലാ മഹത്തായ കലയും സാഹിത്യവും. ഈ മാനവികതയാണ് എന്നെ അക്ഷരങ്ങളിലേക്ക്, സാഹിത്യത്തിലേക്ക് അടുപ്പിക്കുന്നത്.
വിൻസെന്റിന്റെ ജീവിതം തന്നെ ഒരു നിലയ്ക്കാത്ത കലാപ്രവർത്തനമായിരുന്നു. സ്‌കിസോഫ്രീനിയയുടെ ഉന്മത്തനിമിഷങ്ങളിൽ തന്നെ ഏറ്റവും നിർണായക നിമിഷങ്ങളിൽ ഒറ്റയാക്കി പോയ പ്രണയിനികൾ വിൻസെന്റിനെ സന്ദർശിക്കുന്നത് നാം വായിക്കുന്നു. സ്വപ്‌നമേത്, ജീവിതമേത് എന്ന് നിശ്ചയിക്കാനാവാത്ത ഒരു ലോകത്ത് വിൻസെൻറ്​ സഹനത്തിന്റെ മരക്കുരിശ്
ചുമക്കുന്നു. വിൻസെൻറ്​ വാൻഗോഗിന്റെ മുഖം എന്നെ ക്രിസ്തുവിനെ ഓർമ്മിപ്പി ക്കുന്നു. വാൻഗോഗ് കടന്നു പോയ തിക്തവും ദയാരഹിതവുമായ ജീവിതപന്ഥാവ് മനുഷ്യത്വം അസ്തമിച്ചിട്ടില്ലാത്ത ഓരോ മനുഷ്യനിലും ഒരു കൂരമ്പായ് പിന്തുടരുക തന്നെ ചെയ്യും. നിസ്വനും കലയുടെ രക്തസാക്ഷിയുമായ വിൻസെന്റ് വാൻഗോഗ് ഇന്നും ഗോതമ്പുപാടങ്ങളിൽ നിന്ന്, ഖനിത്തൊഴിലാളികൾക്കിടയിൽ നിന്ന് നമ്മെ മാടി വിളിക്കുന്നുണ്ട്: ഇതാ നിങ്ങളുടെ വിൻസെൻറ്​ വാൻഗോഗ്​. ഒരു നിമിഷം ഇതിലേ വരൂ. എന്റെ യാതനകളുടെ സാക്ഷാത്കാരം നിങ്ങൾക്കായി ഞാൻ കാത്തു സൂക്ഷിച്ചിട്ടുണ്ട്. സ്‌നേഹമാണെന്റെ രാജ്യം. വിഷാദികളെ ഞാൻ വല്ലാത്തൊരു പ്രണയത്തോടെ ആഞ്ഞു പുൽകുന്നുണ്ട്. എന്റെ ഹൃദയത്തിന്റെ സിരാപടലം ഇന്നും മുറിവുകളേറ്റതിന്റെ വടുക്കൾ കൊണ്ട് നിറഞ്ഞിരി ക്കുന്നു. തിരസ്‌കരിക്കപ്പെട്ടവരുടെ അപ്പോസ്തലൻ ഞാൻ. വരൂ എന്റെ മുറിവുകളിൽ ചുംബിക്കൂ...


ബെന്നി ഡൊമിനിക്

എഴുത്തുകാരൻ, വിവർത്തകൻ. കൊപ്പം ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്നു. ആത്മശൈലങ്ങളിലെ യാത്രികർ എന്ന സാഹിത്യ നിരൂപണ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments