‘മോഹമുള്ള്​’: പെൺപേടിയാൽ
​മലയാളി മാറ്റിവെച്ച പുസ്​തകം

മിശ്രവിവാഹക്കാരിയായ, മറ്റൊരു ഭാഷക്കാരിയായ ഞാൻ വർഷങ്ങൾക്കുശേഷം ‘മോഹമുള്ള്’ എന്ന നോവൽ വായിക്കുന്നു എന്നത് ​മനോഹരമായ മറ്റൊരു എഴുത്തുവിധി തന്നെയാണ്!

തെല്ലൊരു ജാള്യതയോടെയാണ്​ ഈ ലേഖനം എഴുതുന്നത്.
സാഹിത്യം പഠിക്കുകയും മലയാളഭാഷയുടെ അമ്മയോ സഹോദരിയോ ആണ് തമിഴ് എന്ന ഭാഷാബന്ധം പറഞ്ഞുനടക്കുകയും ചെയ്തിട്ടും ഈ നോവൽ കൈയിൽ കിട്ടുന്നതുവരെ ഞാൻ ഈ കൃതിയെക്കുറിച്ചറിഞ്ഞില്ല എന്നത് എന്നെ വല്ലാതെ ലജ്ജിപ്പിക്കുന്നുണ്ട്. 1972-ൽ പരിഭാഷ ആദ്യ പതിപ്പ് ഇറങ്ങിയിട്ടുണ്ട്, '96-ൽ രണ്ടാം പതിപ്പും. എന്നിട്ടും മലയാള സാഹിത്യാന്തരീക്ഷത്തിൽ ആരും ഈ തമിഴ് നോവലിനെപ്പറ്റി പറഞ്ഞുപോലും കേട്ടില്ല എന്നത് ആശ്ചര്യകരമായി തോന്നുന്നു.

സമകാലീകതയും ചരിത്രവും രാഷ്ട്രീയവും കുത്തിനിറച്ച ഒരു മലയാള നോവൽ (കേമം എന്ന് നിരൂപകരാൽ വാഴ്ത്തപ്പെട്ടത്) വായിച്ച് വിഷമിച്ചിരിക്കുമ്പോഴാണ് ‘എന്നാലീ നോവൽ വായിച്ചുനോക്കെന്ന്’, മോഹമുള്ള് കൈയിൽ കിട്ടുന്നത്. തി. ജാനകീരാമൻ എഴുതിയത്. പരിഭാഷ സി.എ. ബാലൻ.

വായിച്ചുതുടങ്ങി. പൊതുവെ പഴയ നോവലുകൾ രണ്ടുമൂന്നു പേജ് വായിച്ചുകഴിയുമ്പോൾ ഭാഷ മടുത്ത്, ഭാവം മടുത്ത് പുസ്തകം അവിടെ വെച്ചുപോവാറാണ് പതിവ്. ഇറങ്ങിയ സമയത്ത് ജനപ്രീതിയുണ്ടായിരുന്ന പല നോവലും ഇന്നു വായിക്കുക ബുദ്ധിമുട്ടാണ്. ഇതുപക്ഷെ വായന മുടക്കാൻ തോന്നുന്നില്ല. ഭർത്താവും രണ്ടു പിള്ളേരും ഞാനും വീടും - ഇത്രയും കാര്യങ്ങൾ നോക്കുന്നതിനിടയിൽ വായിച്ചുകൊണ്ടിരുന്നു. ഒരു സാധാരണ വീട്ടമ്മയ്ക്ക് (വീട്ടമ്മ എന്ന വാക്ക് പ്രയോഗിക്കരുത് എന്ന് പുതുഫെമിനിസ്റ്റുകൾ പറയുന്നുണ്ട്. പക്ഷേ വാക്ക് അർഥം ധ്വനിപ്പിക്കുന്നുണ്ടെങ്കിൽ പിന്നെ വാക്കിനെ എങ്ങനെ ഉപേക്ഷിക്കും?) സമയം ചെമ്പിലടച്ചുവെച്ച കുടിവെള്ളം ക്ഷണംകൊണ്ടു തീരുംപോലെയാണ്. എന്നാലും നാലുദിവസം കൊണ്ട്​ വായിച്ചു മുഴുവനാക്കി, മൊത്തം 579 പേജ്!

സാഹിത്യം രാഷ്ട്രീയ കാര്യങ്ങളിൽ ജാഗ്രത്തായിരുന്നതുകൊണ്ടാവുമോ മനുഷ്യകഥാനുഗായിയായ മോഹമുള്ള് മലയാളി വായിക്കാതെ പോയത്? അല്ല, ഏത് ഇന്ത്യൻ സമൂഹവും മറികടക്കാൻ മടിക്കുന്ന ഒന്നിനെ മറികടക്കുന്നുണ്ട് മോഹമുള്ള് എന്നുകാണാം

ഇത്രയെളുപ്പം എന്നെ വായിപ്പിച്ചതെന്തെന്ന് ഞാനിപ്പോൾ ചികഞ്ഞുചികഞ്ഞു നോക്കുന്നു. മലയാളി വായനക്കാർ എന്തുകൊണ്ടീ മഹത്​നോവലിനെ അവഗണിച്ചെന്ന് കൂലങ്കഷമായി ചിന്തിച്ച്​ കുണ്ഠിതപ്പെടുന്നു. എഴുപതുകൾ കേരളത്തെ സംബന്ധിച്ച്​ സ്വസ്ഥത കുറഞ്ഞ, രാഷ്ട്രീയകാലുഷ്യങ്ങൾ നിറഞ്ഞ കാലഘട്ടമാണ്. സാഹിത്യം രാഷ്ട്രീയ കാര്യങ്ങളിൽ ജാഗ്രത്തായിരുന്നതുകൊണ്ടാവുമോ മനുഷ്യകഥാനുഗായിയായ മോഹമുള്ള് മലയാളി വായിക്കാതെ പോയത്? അല്ല, ഒന്നുകൂടി ആഴത്തിൽ കടന്നുചിന്തിക്കുമ്പോൾ ഏത് ഇന്ത്യൻ സമൂഹവും മറികടക്കാൻ മടിക്കുന്ന ഒന്നിനെ മറികടക്കുന്നുണ്ട് മോഹമുള്ള് എന്നുകാണാം. ആണധികാരപ്രാമാണ്യമുള്ള സമൂഹം മുറുക്കെപ്പിടിക്കുന്ന ഒന്നിനെ അത് നിഷ്‌കരുണം തള്ളിക്കളയുന്നു.

തി. ജാനകീരാമൻ

മോഹമുള്ള് ഒന്നിലധികം അടരുകളുള്ള കഥയാണ്.
ഒരു കഥയിൽത്തന്നെ പല ധാരകളുണ്ട്.
സംഗീതത്തിൽ ലയിച്ച് ആനന്ദം കണ്ടെത്തുന്ന ആധ്യാത്മികലോകം, (‘ബാബുവിന് ആശ്ചര്യജനകമായിത്തോന്നി... പാട്ടുപോലുമില്ല. രണ്ടുമൂന്നു നിനദങ്ങൾ മാത്രം! വീണ്ടും വീണ്ടും ഒരേ സ്വരങ്ങൾ! ഇവയാണോ ഇത്രയധികം വികാര പാരവശ്യത്തിലെത്തിക്കുന്നത്? കാരണമെന്താണെന്നറിയുവാൻ കഴിയുന്നില്ല. കമ്പികളുടെ മാധുര്യമാണോ? സ്വരതരംഗങ്ങുടെ ദൈർഘ്യമാണോ? ശ്രുതി കലർന്ന സ്വരശുദ്ധിയുടെ പൂർണതയാണോ? തംബുരുവിന്റെ നിലയ്ക്കാത്ത ശബ്ദധാര' - എന്ന് ഒരിടത്ത്), നിത്യജീവിത പ്രാരാബ്ധങ്ങളിലൂടെ കടന്നുപോകുന്ന ഒരു ഭൗതികലോകം, (നീല മുത്തശ്ശി മരുമകളെ വിളിച്ചു. വെള്ളമൊഴിച്ചുവെച്ച ചോറ് പിഴിഞ്ഞ് രണ്ടുമൂന്നുരുള അവൾ ബാബുവിനായി പ്ലേറ്റിലേക്കെടുത്തുവെച്ചു...), പലതരം മനുഷ്യബന്ധങ്ങൾ ചേർന്നുണ്ടാക്കുന്ന ഒരു വൈകാരിക ലോകം എന്നിങ്ങനെ
ആ അടരുകളെ വേർതിരിക്കാം. ഇഷ്ടക്കണക്കിന് ഓരോന്നുമാത്രം വായിച്ചെടുത്ത് മുന്നോട്ടുപോയാലും അതിനെയെല്ലാം ഒന്നായ്‌ക്കൊരുക്കുന്നൊരു ചരട് അതിനുള്ളിലുണ്ട്.
ഒരു പാട്ട് താഴ്ന്ന സ്ഥായിയിൽ തുടങ്ങി ഏറ്റവും ഉയർന്ന സ്ഥായിയിലെത്തുമ്പോലെയാണ് നോവൽ ഘടന.

ബാബു ഒരു സാധാരണ മനുഷ്യനാണ്; എന്നാൽ സാധാരണക്കാരന്റേതല്ലാത്ത പലതരം ബന്ധങ്ങളും അയാളുടെ വൈകാരിക പ്രതിസന്ധികളും ആത്യന്തിക ലക്ഷ്യത്തിലേക്കെത്താനുള്ള അയാളുടെ പ്രയത്‌നങ്ങളുമാണ്​ മോഹമുള്ള് എന്ന നോവലിന്റെ കാതൽ. മോഹമുള്ള് എന്ന തലക്കെട്ടിൽത്തന്നെയുണ്ട് നോവൽ വായനക്കാരന് തരുന്ന വൈകാരികാനുഭവം. മുള്ള് മൂർച്ചയുള്ളതാണ്. മാംസത്തിൽ തറഞ്ഞേറുന്ന ഒന്നാണ്. ആഴ്ന്നിറങ്ങി മൂർച്ചയുള്ള തുമ്പാൽ അത് വേദനിപ്പിച്ചുകൊണ്ടിരിക്കും.

ബാബുവിന് ഇരുപത് വയസ്സുണ്ട്. ബി.എ.യ്ക്ക് വായിക്കുകയാണ്. ഒപ്പം സിംഹമുഖമുള്ള രംഗണ്ണന്റെ അടുത്ത് സംഗീതം പഠിക്കുന്നുമുണ്ട്. ഗുരുവിന്റെ തംബുരു ശ്രുതി ചേർത്തുള്ള സംഗീതധാരയിലലിഞ്ഞ് ബാബുവിന്റെ ജീവിതം അങ്ങനെ നീങ്ങിനീങ്ങിപ്പോവുകയാണ്. ഗുരുവിന് അടങ്ങാത്ത ശിഷ്യവാത്സല്യമാണ്. ഒരു ദിവസം ബാബു അധ്യയനത്തിനു ചെന്നില്ലെങ്കിൽ അദ്ദേഹത്തിന്​ വലുതായ വിഷമമാണ്. അതുപോലെ,
വൈത്തി എന്ന അച്ഛനുമായി ബാബുവിനുള്ള ബന്ധം മറ്റെങ്ങുമില്ലാത്തതാണ്. അവൻ കുംഭകോണത്തുനിന്ന് വന്നാൽ അവനെയുംകൊണ്ട്​ പുറത്തുപോയി വർത്തമാനം പറഞ്ഞുനടക്കും. എപ്പോഴും അവധി കഴിഞ്ഞ് മകൻ ബസ്സിലേറി പിരിഞ്ഞുപോകുമ്പോൾ രണ്ടുപേർക്കും ദുഃഖമാണ്. അച്ഛൻ മകന് ഉപദേശം നല്കിയിട്ടുണ്ട്. തന്റെ ഗുരു നല്കിയ ഉപദേശം മകന്​ പകർന്നുകൊടുക്കുന്നു വൈത്തി.

അച്ഛൻ ഉപദേശിച്ച ദേവിയെ ഉപാസിക്കുമ്പോഴെല്ലാം ബാബുവിന്റെ മനസ്സിൽ തിളങ്ങുന്ന വിഗ്രഹമായി വന്നുനിൽക്കുന്നത് പക്ഷേ യമുനയാണ്. യമുന കുടുംബ സുഹൃത്തായ സുബ്രഹ്മണ്യത്തിന്റെ മകളാണ്. സുബ്രഹ്മണ്യത്തിന്റെ രണ്ടാം ഭാര്യയാണ് പാർവതി. സുബ്രഹ്മണ്യം ബ്രാഹ്മണനാണ്. യമുനയുടെ അമ്മയാകട്ടെ മഹാരാഷ്ട്രക്കാരിയും. അങ്ങനെ മിശ്രവിവാഹത്തിലുള്ള പെണ്ണെന്ന നിലയിൽ യമുന കല്യാണം മുടങ്ങി മുടങ്ങി മുപ്പത്തിരണ്ടിലെത്തി നിൽക്കുന്നു. ബാബുവിനാകട്ടെ ഇരുപതുവയസ്സും . സ്ത്രീ ആയിരിക്കുന്ന ഏതു വായനക്കാരിയുടെയും നോട്ടം ചെന്നെത്തുക ഈ പ്രത്യേക ബന്ധത്തിലാണ് എന്നു ഞാൻ കരുതുന്നു. ഈ നോവൽ ഒരു പ്രത്യേക വിഷയം വിശദീകരിക്കാൻ വേണ്ടി മാത്രമാണ് അദ്ദേഹം എഴുതിയത് എന്നുപോലും വിചാരിക്കാൻ ന്യായമുണ്ട്. ബാക്കിയെല്ലാം ജീവിതത്തിൽ പലതും ഒരുമിച്ചു വന്നുചേരുമ്പോലുള്ള കാര്യങ്ങൾ. ജീവിച്ചുപോകേ പല അനുഭവങ്ങൾ ഉണ്ടാകുമെങ്കിലും അതിൽ എഴുന്നുനിൽക്കുന്ന ഒന്നോ രണ്ടോ കാര്യങ്ങളുണ്ടാവുമല്ലോ.

നോവലിലെ പെണ്ണുങ്ങളുടെ ജീവിതത്തിലേക്കുമാത്രം നോക്കാൻ തോന്നുകയാണ്. അങ്ങനെ നോക്കിക്കൊണ്ടിരിക്കുമ്പോൾ ചില കാര്യങ്ങൾ സവിശേഷമായി കാണുന്നു. ഓരോ കാലവും പെണ്ണിനോടു പെരുമാറിയ തരവും തിരിച്ച് പെണ്ണ് പ്രതികരിച്ച രീതിയും എങ്ങനെയെന്ന് ജലത്തിൽ നിഴലെന്നപോലെ വെളിപ്പെട്ടുവരുന്നു.

‘പാവം അവർക്കു മൂന്നുവയസ്സായപ്പോൾ കല്യാണം നടന്നതാണ്. നാലാം വയസ്സിൽ താലി കഴുത്തിൽ നിന്നും തെറിച്ചുപോയി. അവിടുന്നിങ്ങോട്ട് എഴുപതു കൊല്ലമായിട്ട് ഈ ലോകത്തിലാണ് ... പാവം! എന്തൊരന്യായമാണ്!'- സുബ്രഹ്മണ്യം മരിച്ച വിവരമറിഞ്ഞ് ബാബുവിനെയും കൂട്ടി അദ്ദേഹത്തിന്റെ ആദ്യഭാര്യയുടെ വീട്ടിൽപ്പോയി വരുന്ന പാർവതിയും യമുനയും വഴിവക്കിൽ ഒരു ചുമരിനോടുചേർന്ന് ശകുനപ്പിഴയാവാതിരിക്കാൻ ഒക്കിൽ ഒരു കുടവും പേറി ഒതുങ്ങിനിൽക്കുന്ന ശുഷ്‌കശരീരിയായ തൈയുമുത്തശ്ശി എന്ന വൃദ്ധയെ കാണുമ്പോൾ പറയുന്ന വാക്കുകളാണിത്.

സി.എ. ബാലൻ

മൂന്നുവയസ്സുള്ള കുഞ്ഞ് കൈക്കുഞ്ഞാണ്. ആരെങ്കിലും എടുത്ത്​ കൊണ്ടുനടന്നു കൊഞ്ചിക്കേണ്ട പ്രായമാണ്. ലോകമറിയാത്ത, ചുറ്റുമുള്ള
ഒന്നിനെക്കുറിച്ചും അറിയാത്ത പ്രായം. ആ പ്രായത്തിലാണ് കളിപ്പാവയ്ക്ക് മാലയിട്ട് കല്യാണം കളിക്കും പോലെ ചുറ്റുമുള്ളവർ അതിനോട് പെരുമാറുന്നത്! ശേഷമുള്ള ജീവിതവും ചുറ്റുമുള്ള ലോകർ ആണ് നിശ്ചയിക്കുന്നത്. അവൾ ശുഭകാര്യങ്ങളിൽ പങ്കെടുക്കരുത്, നിറമുള്ള വസ്ത്രങ്ങൾ അണിയരുത്, പൂചൂടരുത് തുടങ്ങി പട്ടിണി കിടന്നും പുലർവെള്ളത്തിൽ മുങ്ങിക്കുളിച്ചും ശരീത്തെ പീഡിപ്പിച്ചുകൊണ്ടേ ജീവിക്കാവൂ എന്നാണ് അവരുടെ മതം. കാലാകാലം മാറ്റമില്ലാതെ തുടരുന്ന ആചാരത്തിനനുസരിച്ച് നീങ്ങിപ്പോവുന്നു അവരുടെ ജീവിതം. അവൾക്കുവേണ്ടി ആരാണ് ശബ്ദിക്കുക? ഒച്ചയില്ലാത്ത ഒരു കാലത്തിന്റെ പ്രതിനിധിയാണ് തൈയുമുത്തശ്ശി. താഴ്ന്ന സ്ഥായിയിലുള്ള തുടക്കമാണത് അല്ലെങ്കിൽ സ്വരം ഉച്ചരിക്കും മുമ്പുള്ള നിശ്ശബ്ദത!

ശബ്ദിക്കുന്നവൾക്ക് ഇരുട്ടിലേ പ്രതിഷേധിക്കാൻ കഴിയൂ.
അവൾക്ക് ചുറ്റിലുമുള്ളവരെ പേടിയുണ്ട്. ബാബു താമസിക്കുന്ന വീടിനപ്പുറം വൃദ്ധനായ ക്ലാർക്കിന്റെ ഇരുപതുകാരി ഭാര്യ ബാബുവിനടുത്ത് രാത്രിയിൽ വരുന്നത് ആ വ്യവസ്ഥയോടുള്ള കലഹമായിട്ടുതന്നെയാണ്. അറുപത്തഞ്ചുകാരനായ, കാസരോഗിയായ, മകനും പേരക്കുട്ടികളും ഉള്ള അയാൾക്ക് ഇരുപതുകാരിയായ പെണ്ണിനെ വേൾക്കാൻ യാതൊരു മടിയുമില്ല. അയാൾ ആമത്താഴിട്ട് പൂട്ടിയ വാതിലിനുള്ളിൽ പകൽ മുഴുവൻ കഴിച്ചുകൂട്ടുന്ന യൗവനയുക്തയാണവൾ.
എന്തൊരു തെമ്മാടിത്തമാണിത് റാസ്‌കൽ ' എന്ന് ബാബുവിന്റെ കൂട്ടുകാരൻ ധാർമികരോഷം കൊള്ളുന്നുണ്ട്.‘നിനക്ക് അച്ഛനുമമ്മയുമില്ലേ?'‘ഇല്ല. ഇടിത്തീവീണു മരിച്ചുപോയി. വകയിലൊരമ്മായിയാണ് എന്നെ വളർത്തിക്കൊണ്ടുവന്നത്... അതിനെക്കുറിച്ചെല്ലാം ഒന്നു ചിന്തിക്കാൻ പോലും എനിക്കു മനസ്സുവരുന്നില്ല. ഒരമ്മയും അച്ഛനും വളർത്തിയിരുന്നെങ്കിൽ, ഞാൻ ഇവിടെ ഈ സമയത്ത് നിങ്ങളെ വന്ന് കാണുമായിരുന്നോ?' എന്നുചോദിക്കുന്ന ഈ പെണ്ണ് ഇരുട്ടിൽ മാത്രം ഒച്ചയുണ്ടാക്കാൻ ധൈര്യമുള്ളവളാണ്. അവൾക്ക് ചുറ്റുമുള്ളവരെ പേടിയാണ്. ആരുമില്ലാത്തപ്പോൾ മാത്രം ശബ്ദിക്കാൻ ധൈര്യപ്പെടുന്നവൾ. സ്വരം മധ്യസ്ഥായിലെത്തുമ്പോഴേക്കും നിലച്ചുപോകും പോലെ അവൾ സ്വയംഹത്യയിൽ അഭയം തേടുന്നു.

ക്ലാർക്കിന്റെ ഭാര്യ ഇരുട്ടിൽ ആരുമറിയാതെ പ്രതിഷേധിക്കുന്നവളാണെങ്കിൽ, എല്ലാം മനസ്സിലാക്കി ചുറ്റുമുള്ളതിനോട് നേരിട്ടും കളിയായും പ്രതികരിക്കുന്നവളാണ് യമുന. എന്നാൽ, നിങ്ങളുടെ ദുരാചാരങ്ങൾ നടക്കട്ടെ ഞാനിതാ നിന്നുതരാം എന്ന് എല്ലാത്തിനെയും മനസ്സിലാക്കിയ ഒരു പരിഹാസച്ചിരി എപ്പോഴും അവളുടെ ചുണ്ടിലുണ്ട്. അവൾ പ്രതിരോധിക്കുന്നവളാണ്. ജീവിതാനന്ദം ആസ്വദിക്കാനറിയുന്നവളാണ്.‘ആത്മാവിന്റെ അടിത്തട്ടിലേക്കാഞ്ഞിറങ്ങിച്ചെല്ലുന്ന സംഗീതധാരയാണിത്. ശരീരത്തെ കോരിത്തരിപ്പിക്കുന്ന സ്വരധാരയാണിത്. എന്തോ എനിക്കിത് കേട്ടുനിൽക്കാൻ കഴിയുന്നില്ലല്ലോ!' യമുനയുടെ കണ്ണുകൾ വീണ്ടുമടഞ്ഞു. അവളുടെ പിൻതല തൂണിന്മേൽച്ചെന്നു മുട്ടി ചാഞ്ഞുനിന്നു... ‘ബാബു, എനിക്ക് ഭ്രാന്തു പിടിക്കുമെന്നാണു തോന്നുന്നത് ', മഹാരാഷ്ട്രയിൽ നിന്നുവന്ന പാട്ടുകാരുടെ പാട്ടുകേട്ട് സ്വയംമറന്നു നിൽക്കുന്ന യമുനയെ തി. ജാനകീരാമൻ ഒരിടത്ത് ഇങ്ങനെ ചിത്രീകരിക്കുന്നുണ്ട്.
തനിക്കിഷ്ടമുള്ളത് ചെയ്യുന്നതുപോലെ ഇഷ്ടമില്ലാത്തതിനെ നിഷേധിക്കാനും അവൾക്കറിയാം. പതിനാലുവയസ്സിൽ വന്ന കല്യാണാലോചന നിഷേധിച്ചവളാണ്.
ബാബുവിനൊപ്പം വന്ന് അവളെ കാണുന്ന രണ്ടാം കെട്ടുകാരന്റെ മുമ്പിൽ നിൽക്കുമ്പോഴും അവളുടെ ചുണ്ടിൽ എല്ലാ ദുരാചാരങ്ങളെയും നിഷ്​പ്രഭമാക്കുന്ന ഒരു കൃസൃതിച്ചിരിയുണ്ട്. നിങ്ങളുടെ കളികളെല്ലാം കാണട്ടെ എന്ന ഒരു നിർമമത അവളിലുണ്ട്. കുട്ടിക്കളി കാണുംപോലുള്ള ശാന്തത.

പുരുഷനേക്കാൾ പ്രായം കുറഞ്ഞവളാവണം ഭാര്യയായി വരുന്ന സ്ത്രീ എന്നത് ഇന്ത്യൻ സമൂഹത്തിന്റെ നിർബന്ധമാണ്. നയിക്കുന്ന ആൾ ‘അവൻ' തന്നെയാവണം ‘അവൾ' ആവരുത് എന്നതാണ് അതിന്റെ അടിസ്ഥാനപ്രമാണം. ഈ പ്രമാണത്തെ ചോദ്യംചെയ്ത് മുന്നേറി, തരാൻ മടിക്കുന്ന ഇടം പിടിച്ചുവാങ്ങി തന്റെ ജീവിതം നേർരേഖയിൽ കൊണ്ടുപോവുന്നു യമുന / Photo : aestheticpic.com

അവളെ പെണ്ണുകാണാൻ ഒരാൾ വരുമ്പോൾ ബാബു വല്ലാതെ ദേഷ്യപ്പെടുന്നുണ്ട്. ബാബു മനസ്സിൽ നിലവിലെ സാമൂഹികശീലങ്ങളോട്, സമ്പ്രദായങ്ങളോട് വെറുപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ബാബു മനസ്സിൽ ഇങ്ങനെ വിചാരിക്കുന്നു, ‘ഇയാളോട് ദേഷ്യപ്പെടുന്നതുകൊണ്ടെന്തു ഫലം? പെണ്ണുകാണാൻ വന്നത് ഇയാളുടെ കുറ്റം കൊണ്ടാണോ? യമുനയുടെ അച്ഛൻ വരാൻ പറഞ്ഞു, പാർവതി ഭായ് സമ്മതിച്ചു , യമുനയും സമ്മതം മൂളി. സ്ത്രീകൾ കാണപ്പെടേണ്ട വസ്തുക്കളാണ്! ഏത് എമ്പോക്കിക്കു വേണമെങ്കിലും വന്നു കാണാം. മുഖം, ശരീരം, പൃഷ്ടഭാഗം, കാലുകൾ എല്ലാം നോക്കാം. പിടിച്ചില്ലെങ്കിൽ തന്ത്രം പറഞ്ഞ് നടക്കുകയും ചെയ്യാം. ഈ അപരിഷ്‌കൃത സമ്പ്രദായത്തിന് യമുന പോലും സമ്മതം മൂളിയല്ലോ!' ഇങ്ങനെയൊക്കെ വിചാരിക്കുമ്പോഴും യമുന യഥാർഥത്തിൽ ആരാണെന്ന് അയാൾക്കറിയാം. മറ്റൊരു സന്ദർഭത്തിൽ ബാബു യമുനയെ നോക്കി ഇങ്ങനെ വിചാരപ്പെടുന്നുണ്ട്, ‘അറിവിന്റെ തേജഃപ്രസരം ആമുഖത്തുണ്ട്. പഠിപ്പിന്റെ ജ്ഞാനരേഖകൾ ആ മുഖത്തുണ്ട്. ഇവൾ പള്ളിക്കൂടത്തിൽ അല്പം മാത്രമേ പഠിച്ചിട്ടുള്ളൂ. എന്നാൽ ബാല്യവും കൗമാരവും യൗവനത്തിൽ പകുതിയും പഠിപ്പിൽത്തന്നെ ചെലവാക്കിയതുപോലുള്ള വെളിച്ചമാണ് ആ മുഖത്ത്. കണ്ണുകളിൽ കളിയാടുന്ന പ്രകാശവും ശാന്തിയും കണ്ടാൽ അറിവിന്റെ കേന്ദ്രസ്ഥാനത്തെ, ജീവനെ അവ വഹിച്ചുനിൽക്കുന്നതായി തോന്നി'- ഇങ്ങനെ തോന്നുക മാത്രമല്ല അവളെ പലതവണ മനസ്സാൽ നമസ്‌കരിക്കുക കൂടി ചെയ്യുന്നുണ്ട് ബാബു.

അവളുടെ വ്യക്തിത്വത്തെ അടുത്തറിയുന്ന അയാൾ ഇങ്ങനെ ചിന്തിക്കുന്നുണ്ട്:‘എല്ലാം മനസ്സിലാക്കിക്കൊണ്ടാണവൾ ഇങ്ങനെയൊക്കെ വഴങ്ങിക്കൊടുക്കുക. അവളുടെ കണ്ണുകളിൽ തിളങ്ങുന്ന കുസൃതിച്ചിരിക്ക് മറ്റെന്താണർഥം? അമ്മ ഒരു ഭ്രാന്തിയാണ്; അച്ഛൻ ഒരു ഭ്രാന്തനാണ്, എന്തെങ്കിലുമാവട്ടേ, അവരുടെ മനസ്സു നോവിക്കുന്നതെന്തിനാണ്? ഇതാണ് അനുസരിക്കലിന്റെ രഹസ്യം. അതേ കുസൃതി, അതേ പരിഹാസം, അതേ മനോനിയന്ത്രണം, അന്തർഗതം എന്തെന്ന് വെളിപ്പെടുത്താത്ത ആത്മനിയന്ത്രണം’, ഒക്കെക്കൊണ്ട് അവൾ ചുറ്റുമുള്ളതിനോട് പ്രതികരിക്കുന്നു. ഇളകാത്ത പാവകണക്ക് മുഴംചേല ചുറ്റി അനങ്ങാതെ നിന്നിരുന്ന പെണ്ണ്, നിന്നിടത്തുനിന്ന്​ അനങ്ങുകയും ഇളകുകയും പൊട്ടിച്ചിരിക്കുകയും കണ്ണിൽ കുസൃതി നിറയ്ക്കുകയും ചെയ്യുന്ന പെണ്ണായി മാറുന്ന സ്ത്രീയുടെ വ്യക്തിത്വവളർച്ചയാണ് യമുനയിൽ കാണാൻ കഴിയുക.

ബാബുവും യമുനയും തമ്മിലുള്ള മാനസികലയം, അതിന്റെ വളർച്ച, ഒന്നുചേരാനുള്ള അവരുടെ ആഗ്രഹം ഇവയെ ചെറുചെറു വാക്യങ്ങളിലൂടെ വളർത്തിക്കൊണ്ടുവന്ന് വായനക്കാരനെ ബോധ്യപ്പെടുത്താൻ നോവലിസ്റ്റിനു കഴിയുന്നു. പക്ഷേ സമൂഹത്തെ അത് ബോധ്യപ്പെടുത്തുക കഠിനമാണ്.
സമൂഹവും വ്യക്തിയും തമ്മിലുള്ള ഇടഞ്ഞുനില്പ് ഒരു ഇന്ത്യൻ റിയാലിറ്റിയാണ്. പുരുഷനേക്കാൾ പ്രായം കുറഞ്ഞവളാവണം ഭാര്യയായി വരുന്ന സ്ത്രീ എന്നത് ഇന്ത്യൻ സമൂഹത്തിന്റെ നിർബന്ധമാണ്. നയിക്കുന്ന ആൾ ‘അവൻ' തന്നെയാവണം ‘അവൾ' ആവരുത് എന്നതാണ് അതിന്റെ അടിസ്ഥാനപ്രമാണം. ഈ പ്രമാണത്തെ ചോദ്യംചെയ്ത് മുന്നേറി, തരാൻ മടിക്കുന്ന ഇടം പിടിച്ചുവാങ്ങി തന്റെ ജീവിതം നേർരേഖയിൽ കൊണ്ടുപോവുന്നു യമുന. അതിനവൾ കൈക്കൊള്ളുന്ന മാർഗം, പറയേണ്ട വസ്തുതകൾ (സത്യങ്ങൾ) പറയേണ്ടിടത്ത് ഭയം കൂടാതെ ശാന്തയായി പറയുക എന്ന വളരെ സാധാരണമായതും എന്നാൽ ഒരു സാധാരണ സ്ത്രീക്ക് ചെയ്യാൻ കഴിയാത്തതുമായ പ്രവൃത്തിയാണ്.

താനും ബാബുവും തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതാണെന്ന് അവൾ ജോലിചെയ്യുന്ന അഗതിമന്ദിരത്തിലെ പത്മാസനിയമ്മയോട് വിശദമായി പറയുന്നു. എന്നെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന അവരോടല്ലേ ഞാൻ എല്ലാം പറയേണ്ടത്, പറയാതിരിക്കുന്നതെങ്ങനെ എന്നവൾ ആശ്ചര്യപ്പെടുന്നു. തുറന്നുപറച്ചിലുകൾ കാര്യങ്ങളെ സുതാര്യമാക്കുന്നു. മറച്ചുവയ്ക്കലിന്റെ ജാള്യതയോ ലജ്ജയോ കൂടാതെ പെരുമാറാൻ ആരെയും അത് സഹായിക്കുന്നു. ‘എല്ലാം പറഞ്ഞോ?' എന്ന് ലജ്ജിതനാവുന്നുണ്ട് ബാബു. തന്റെ ചേച്ചിയുടെ കൂട്ടുകാരിയും അതേ പ്രായക്കാരിയുമായ യമുനയെയാണ് താൻ ഹൃദയത്തിലേറ്റിയിരിക്കുന്നത്, ജീവിതത്തിൽ കൂടെ കൂട്ടിയിരിക്കുന്നത് എന്ന് അച്ഛനോടൊ അമ്മയോടോ ചേച്ചിയോടോ പറയാൻ ബാബുവിന് കഴിയുന്നില്ല. അത് കാലാകാലങ്ങളായി സമൂഹം ഉണ്ടാക്കിയ വിലക്കാണ്. പുരുഷനെ ലജ്ജിപ്പിക്കുന്ന, ചെറുതാക്കുന്ന, അവന്റെ അധികാരത്തെ, ഇടത്തെ കുറയ്ക്കുന്ന എന്തോ ഒന്ന് അതിലുണ്ടെന്ന് ഇന്ത്യൻ സമൂഹം പുരുഷനെ പറഞ്ഞുപഠിപ്പിച്ചിട്ടുണ്ട്. ആ ബോധമാണ് അബോധമായി ബാബുവിനെ വേണ്ടപ്പെട്ടവരോടുപോലും കാര്യങ്ങൾ പറയുന്നതിൽ നിന്ന്​വിലക്കുന്നത്. പക്ഷേ ആ വിലക്കിനെ, സമൂഹത്തിന്റെ അധികാരസ്വരത്തെ മറികടക്കാൻ യമുനയ്ക്ക് കഴിയുന്നു. അവൾ ബാബുവുമൊത്ത് ക്ഷേത്രദർശനത്തിന് പുറപ്പെടുംമുമ്പ് ബാബുവിന്റെ അച്ഛന് എല്ലാ കാര്യങ്ങളും കാണിച്ച് വിശദമായി കത്തെഴുതുന്നു. അദ്ദേഹം അവളെ മനസ്സിലാക്കുന്നു.‘ശ്രീമതി യമുനയ്ക്ക് ആശിർവാദം! '
എന്നുതുടങ്ങുന്ന അദ്ദേഹത്തിന്റെ മറുപടിക്കത്തിൽ ‘ഇത്രയും കർത്തവ്യബോധവും, ഗൗരവബുദ്ധിയും സത്യസന്ധതയും, ചിന്താശീലവുമുള്ള നിന്റെ പക്കൽ ആരെയും ഏൽപ്പിക്കാം. ആ മനസ്സിനു കളങ്കം സംഭവിക്കുകയില്ല. അതിനുപകരം അത് പൂർവാധികം ശോഭായമാനമായിരിക്കും' എന്ന് വൈത്തി അവളെ ഉള്ളംതുറന്ന് ആശീർവദിക്കുന്നുണ്ട്. ആ മറുപടിക്കത്ത് വായിക്കുന്ന ബാബു മറച്ചുവയ്പിന്റെ മനഃക്ലേശങ്ങളെല്ലാം അകന്ന് ആത്യന്തികലക്ഷ്യമായ സംഗീതപഠനത്തിലേക്ക് ശാന്തിയോടെ യാത്രയാവുന്നിടത്ത് മോഹമുള്ള് പൂർണമാവുന്നു. ശബ്ദമില്ലാതെ പുറപ്പെടുവിച്ച സ്വരം നിലയ്ക്കാത്ത ഒഴുക്കായി കൊണ്ടുപോവാനും
ഏറ്റവും ഉച്ഛസ്ഥായിയിലെത്തിക്കാനും അവൾക്ക് കഴിയുന്നു.
ചുറ്റുമുള്ള സമൂഹത്തെ ഭയം കൂടാതെ ശാന്തയായി നോക്കാൻ കഴിയുന്ന പെണ്ണായി യമുന വളരുന്നു.

മറഞ്ഞുനിന്ന് പ്രതിഷേധസ്വരങ്ങൾ പുറപ്പെടുവിക്കാതെ കർതൃസ്ഥാനത്തുനിന്ന്​കാര്യങ്ങൾ മുന്നോട്ടുനീക്കുന്ന യമുനയെ ഏതു പെൺവായനക്കാരിക്കാണ് കണ്ടില്ലെന്നുനടിച്ച്​ പോകാൻ കഴിയുക? യമുനയുടെ കഥാപാത്രവളർച്ചയാണ് മോഹമുള്ളിനെ ഒരു ക്ലാസിക് കൃതിയാക്കി മാറ്റുന്നത്. തീർച്ചയായും മലയാളി ഈ നോവൽ സ്വീകരിക്കാത്തതിനുകാരണം, ആണിൽനിന്ന്​ പിടിച്ചുവാങ്ങിയ സ്വന്തം ജീവിതതീരുമാനങ്ങളുമായി മുന്നിലേക്ക്​ പറക്കും പതാക കണക്കേ നിവർന്നുനിൽക്കുന്ന പെണ്ണിനെ അംഗീകരിക്കാൻ വയ്യ എന്നതുതന്നെയാണ്!

ഒരു മിശ്രവിവാഹക്കാരിയായ, മറ്റൊരു ഭാഷക്കാരിയായ ഞാൻ വർഷങ്ങൾക്കുശേഷം ഈ നോവൽ വായിക്കുന്നു, യമുനയെ നെഞ്ചോടുചേർക്കുന്നു എന്നതും മനോഹരമായ മറ്റൊരു എഴുത്തുവിധി തന്നെയാണ്! ജന്മശതാബ്ദി വർഷത്തിൽ തി. ജാനകീരാമന് കാലങ്ങൾക്കിപ്പുറത്തുനിന്ന്​ മലയാളത്തിന്റെ നമോവാകം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സന്ധ്യ എൻ.പി.

കവി. ശ്വസിക്കുന്ന ശബ്​ദം മാത്രം,​ പെൺബുദ്ധൻ എന്നിവ കവിത സമാഹാരങ്ങൾ

Comments