സി. രവിചന്ദ്രനും പ്രതിലോമ ചിന്തയുടെ എസ്സൻസും

കേരളത്തിന്റെ യുക്തിവാദ പ്രസ്ഥാനത്തെ ഹൈജാക്കു ചെയ്ത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വിടുപണിസംഘമാക്കി മാറ്റുകയും അതിനുള്ള ഉപരിപ്ലവയുക്തികൾ ശാസ്ത്രീയമാണെന്ന മട്ടിൽ അവതരിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കുതന്ത്രത്തെ തുറന്നുകാട്ടുന്നതാണ് ഗുലാബ് ജാൻ എഡിറ്റു ചെയ്ത നവനാസ്തികത നവനാസിസം എന്ന പുസ്തകമെന്ന് വി. അബ്ദുൽ ലത്തീഫ്.

2023-ൽ എല്ലാ തരത്തിലും പെട്ട പുസ്തകങ്ങളിലൂടെ കടന്നുപോകാൻ അവസരമുണ്ടായിട്ടുണ്ട്. ഓരോ പുസ്തകവും ഓരോ തരത്തിൽ പ്രധാനപ്പെട്ടതാണ്. വായിച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ ഇവിടെ ചർച്ച ചെയ്യാനുദ്ദേശിക്കുന്ന പുസ്തകം ഗുലാബ് ജാൻ എഡിറ്റു ചെയ്ത്,​ പ്രോഗ്രസ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച നവനാസ്തികത നവനാസിസം എന്ന പുസ്തകമാണ്. കേരളീയ സമൂഹത്തിൽ പതിയെ വേരോടാൻ ശ്രമിക്കുന്ന ഒരു പ്രവണത തിരിച്ചറിയുകയും അതിനോട് സൈദ്ധാന്തികമായി ഇടപെടുകയും ചെയ്യുന്നു എന്നതാണ് ഈ പുസ്തകം തിരഞ്ഞെടുക്കാനുള്ള ന്യായം.

ഉപരിപ്ലവമായ കേവലയുക്തികൾകൊണ്ട് നേരിടാനാവത്ത പ്രശ്നങ്ങൾ തിരിച്ചറിയുകയും ഉചിതമായ തരത്തിൽ ഒരു സംവാദത്തിന് തുടക്കം കുറിക്കുകയും ചെയ്യുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പ്രശ്നങ്ങളുമായി സൈദ്ധാന്തികസംവാദങ്ങളിലേർപ്പെട്ട ധൈഷണികരുടെ ആലോചനകൾ ചേർത്തുവയ്ക്കുന്ന പുസ്തകം എന്ന പ്രത്യേകത കൂടി ഗുലാബ് ജാന്റെ പുസ്തകത്തിനുണ്ട്.

‘തീവ്രവലതുപക്ഷത്തിന്റെ രാഷ്ട്രീയ വ്യാമോഹങ്ങളും കോർപ്പറേറ്റ് മൂലധനത്തിന്റെ സാമ്പത്തികയുക്തികളും ആന്തരീകരിച്ച ഒരു ആൾക്കൂട്ടമാണ് നവനാസ്തികത. ആഗോളതലത്തിൽത്തന്നെ മുസ്‍ലിം വിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവുമായ പ്രത്യയശാസ്ത്രലോകം വളർത്തിയെടുത്ത നവനാസ്തികത പുരോഗമനമുഖമണിഞ്ഞ പ്രതിലോമ ചിന്തയാണ്. അമേരിക്കൻ അധിനിവേശങ്ങളെ ലജ്ജാശൂന്യമായി ന്യായീകരിക്കുകയും അതിജീവന പോരാട്ടങ്ങളെ അപഹസിക്കുകയും ചെയ്യുന്ന റിച്ചാർഡ് ഡോക്കിൻസ് മുതൽ രവിചന്ദ്രൻ വരെയുള്ളവർ ആധുനിക കാലത്തെ സാമ്രാജ്യത്വ ദാസൻമാരാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.’ ഇങ്ങനെയൊരു പുസ്തകം എന്തിന് എന്നതിനെ കുറിച്ച് ഗുലാബ്ജാൻ പറയുന്നത് ഇങ്ങനെയാണ്.

റിച്ചാർഡ് ഡോക്കിൻസ്, ഡാനിയൽ ഡെന്നെറ്റ് , സാം ഹാരിസ് , ക്രിസ്റ്റഫർ ഹിച്ചൻസ്
റിച്ചാർഡ് ഡോക്കിൻസ്, ഡാനിയൽ ഡെന്നെറ്റ് , സാം ഹാരിസ് , ക്രിസ്റ്റഫർ ഹിച്ചൻസ്

ഇന്ത്യൻ സാഹചര്യത്തിൽ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ യുക്തികൾ കൂടുതൽ മേഖലകളിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി അതിന്റെ പാരമ്പര്യവഴികൾ വിട്ട് പുതുസങ്കേതങ്ങൾ തേടുന്ന സാഹചര്യത്തിലും ഈ പുസ്തകം പ്രസക്തമാകുന്നുണ്ട്. കേരളത്തിലെ സവിശേഷമായ രാഷ്ട്രീയസാഹചര്യത്തിൽ രാഷ്ട്രീയചർച്ചയുടെ പുതിയ വഴികൾ തുറന്ന് അതിനെ ബ്രാഹ്മണിക് ഹിന്ദുത്വയിലേക്ക് കണ്ണിചേർക്കുന്ന ഒന്നിലധികം ശ്രമങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ നടന്നിരുന്നു. ട്വന്റി ട്വന്റി പോലുള്ള അരാഷ്ട്രീയ മുന്നേറ്റങ്ങൾ, വൺ ഇന്ത്യ വൺ പെൻഷൻ കാമ്പയിൻ തുടങ്ങിയ നിലനിൽക്കുന്ന രാഷ്ട്രീയവ്യവസ്ഥയെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളായിരുന്നു. ജനാധിപത്യവ്യവസ്ഥയിൽ പുതിയ ഏതു തരം ആലോചനകൾക്കും സമരങ്ങൾക്കും സാധുതയുണ്ട്. എന്നാൽ ജനാധിപത്യ ഇന്ത്യയെ അട്ടിമറിക്കുന്ന ബ്രാഹ്മണിക് ഹിന്ദുത്വയിലേക്ക് കണ്ണിചേർക്കുന്ന പ്രസ്ഥാനങ്ങളെ അത്തരത്തിൽ തന്നെ തിരിച്ചറിയേണ്ടതുമുണ്ട്.

ഗുലാബ് ജാൻ
ഗുലാബ് ജാൻ

ഗുലാബ് ജാൻ പ്രത്യക്ഷത്തിൽത്തന്നെ ഉന്നം വയ്ക്കുന്നത്, സി. രവിചന്ദ്രന്റെ നേതൃത്വത്തിൽ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലൂടെ സജീവമായ എസ്സൻസ് ഗ്രൂപ്പിനെയാണ്. സാം ഹാരിസൺ, റിച്ചാർഡ് ഡോക്കിൻസ്, ക്രിസ്റ്റഫർ ഹിച്ചൻസ്, ഡാനിയൽ ഡെന്നറ്റ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അമേരിക്കയുടെയും യൂറോപ്പിന്റെയും പിന്തുണയോടു കൂടി ശക്തിപ്പെട്ട ഈ ആശയപ്രചാരണത്തെയാണ് നവനാസ്തികതയായി ലോകമെങ്ങുമുള്ള രാഷ്ട്രീയനിരീക്ഷകർ തിരിച്ചറിയുന്നത്. ആഗോള കോർപ്പറേറ്റ് യുക്തിയുടെ നേർ തുടർച്ചയാണ് സി. രവിചന്ദ്രന്റെ പ്രസ്ഥാനമെന്ന് പുസ്തകം സയുക്തികം സമർത്ഥിക്കുന്നു.

നവനാസിസത്തിലേക്കെത്തുന്ന രാഷ്ട്രീയവഴികൾ ആമുഖത്തിൽ ഗുലാബ് ജാൻ ചർച്ച ചെയ്യുന്നുണ്ട്. സോവിയറ്റ് അനന്തര ലോകക്രമത്തിൽ അമേരിക്കൻ സാമ്രാജ്യത്വം അതിന്റെ നിലനില്പിനാവശ്യമായ ഒരു എതിര് സൃഷ്ടിച്ചെടുക്കുന്നതിന്റെ വഴികൾ ഫുകുയാമ മുതൽ സാമുവൽ ഹണ്ടിംഗ്ടൺ വരെയുള്ളവരെ മുൻനിർത്തി ഗുലാബ് വിശദമായി പരിശോധിക്കുന്നുണ്ട്. ‘സംസ്കാരങ്ങൾ തമ്മിലുള്ള സംഘർഷങ്ങളുടെ കാലം’ എന്ന് ഹണ്ടിംഗ്ടൺ പറയുമെങ്കിലും ക്രമേണ അത് പാശ്ചാത്യ സംസ്കാരവും ഇസ്‍ലാമുമായുള്ള ഏറ്റുമുട്ടലായി മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. വേൾഡ് ട്രേഡ് സെന്ററിനു നേരെയുണ്ടായ ആക്രമണം ഒരു മൂലധനമായി സ്വീകരിച്ച് ആദ്യം പൊളിറ്റിക്കൽ ഇസ്‍ലാമിസ്റ്റ് സംഘടനകളെയും പിന്നീട് മൊത്തം ഇസ്‍ലാമിനെയും എതിർപക്ഷത്തുനിർത്തുന്നതിന്റെ രാഷ്ട്രീയയുക്തികളാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇസ്‍ലാമിനെ അപരവൽക്കരിച്ച് അമേരിക്കൻ അധിനവേശങ്ങൾക്ക് അനുകൂലമായി മുസ്‍ലിം വിരുദ്ധവും അറബ് വിരുദ്ധവുമായ സാമാന്യബോധം സൃഷ്ടിച്ചെടുക്കാനുള്ള പ്രത്യയശാസ്ത്ര പരിസരം ഒരുക്കുകയാണ് നവനാസിസത്തിന്റെ രാഷ്ട്രീയ അജണ്ട.

Photo : wikipedia commons
Photo : wikipedia commons

വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ദി എന്റ് ഓഫ് ഫെയ്ത്ത്: റിലീജ്യൻ, ടെറർ ആന്റ് ഫ്യൂച്ചർ ഓഫ് റീസൺ എന്ന സാം ഹാരിസിന്റെ പുസ്തകം, പരിണാമശാസ്ത്ര അധ്യാപകനായ റിച്ചാർഡ് ഡോക്കിൻസിന്റെ ഗോഡ് ഡെല്യൂഷൻ, മാധ്യമപ്രവർത്തകനായ ക്രിസ്റ്റഫർ ഹിച്ചൻസിന്റെ ഗോഡ് ഈസ് നോട്ട് ഗ്രേറ്റ്, ഡാനിയൽ ഡെന്നറ്റിന്റെ ബ്രേക്കിംഗ് ദി സ്പെൽ എന്നീ പുസ്തകങ്ങളാണ് നവനാസിസത്തിന്റെ ആശയധാരകൾ ഉറപ്പിക്കുന്നത്. ഇവർ ഒരുമിച്ചു ചേർന്നുള്ള ഒരു അഭിമുഖം 2007-ൽ യുറ്റ്യൂബിലുടെ പുറത്തു വന്നതോടെ നവനാസ്തികതയുടെ നേതാക്കളായി പടിഞ്ഞാറൻ ലോകം ഇവരെ വാഴ്ത്തി. ഒരു പരിധിവരെ അടഞ്ഞു പോയ യുക്തിവാദപ്രസ്ഥാനത്തെ ആഗോള തലത്തിൽ ഉണർത്തുന്നതിന് ഈ നാലുപേരുടെ ശ്രമങ്ങൾ നിമിത്തമായിട്ടുണ്ട് എന്നത് ശരിയാണ്. ഇവരുടെ ഊന്നലുകളിൽ വന്ന മാറ്റങ്ങളാണ് പിന്നീട് പരക്കെയുള്ള വിമർശനത്തിന് കാരണമായത്.

വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ദി എന്റ് ഓഫ് ഫെയ്ത്ത്: റിലീജ്യൻ, ടെറർ ആന്റ് ഫ്യൂച്ചർ ഓഫ് റീസൺ എന്ന സാം ഹാരിസിന്റെ പുസ്തകം
വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ദി എന്റ് ഓഫ് ഫെയ്ത്ത്: റിലീജ്യൻ, ടെറർ ആന്റ് ഫ്യൂച്ചർ ഓഫ് റീസൺ എന്ന സാം ഹാരിസിന്റെ പുസ്തകം

ഇവരുടെ ആശയഗതികളെ പുസ്തകം വിലയിരുത്തുന്നത് ഇപ്രകാരമാണ്: ‘ബൗദ്ധിക വ്യവഹാരത്തിലൂന്നിയുള്ള മതവിമർശനമാണ് തങ്ങളുടേത് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത്തരമൊരു വിമർശന സംസ്ക്കാരത്തെ പ്രചോദിപ്പിക്കലായിരുന്നില്ല അവരുടെ ലക്ഷ്യം. മുതലാളിത്തത്തിന്റെ തുടക്കം മുതൽ വികസിച്ചുവന്ന ഭൗതികവാദചിന്തയുടെ തുടർച്ചയുമല്ല നവനാസ്‌തികർ പങ്കുപറ്റുന്നത്. ഇസ്‍ലാം അടക്കമുള്ള മതങ്ങളെ ദാർശനികമായി അപഗ്രഥിക്കുകയോ വിമർശിക്കുകയോ പുനരാലോചിക്കുകയോ ചെയ്യുന്ന ജ്ഞാനപരമായ പ്രവർത്തനധാര ലോകത്താകെ തത്ത്വചിന്താമണ്ഡലത്തിലും സാമൂഹിക ജീവിതത്തിലും ഇന്നും സജീവമായി നിലനിൽക്കുന്നുണ്ട്. മതവിമർശനം സംവാദാത്മകമായ ജനാധിപത്യവികാസത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്. മതം രാഷ്ട്രീയരൂപമണിയുന്ന, നേരിയ വിമർശനങ്ങളോടു പോലും സഹിഷ്‌ണുത പുലർത്താത്ത പുതിയകാലത്തെ മതപൗരോഹിത്യം നിരന്തരം ചോദ്യം ചെയ്യപ്പെടേണ്ടത് ആശയ സംവാദത്തിന്റെ ജനാധിപത്യവൽക്കരണത്തിന് അനിവാര്യമാണ്. എന്നാൽ നവനാസ്‌തികർ ഇസ്‍ലാമിന് ചുറ്റും കറങ്ങുന്നത് മുസ്‍ലിം അപരത്വം നിർമിച്ചെടുക്കാനുള്ള രാഷ്ട്രീയ ദൗത്യവുമായാണ്. മുസ്‍ലിംകൾ വെറുക്കപ്പെടേണ്ടവരാണെന്നാണ് അവരുടെ വാദം. അപരിഷ്കൃതരും രക്തദാഹികളുമാണവർ. ഡോക്കിൻസിന്റെ തന്നെ ഭാഷയിൽ, 'ഇസ്‍ലാം ലോകത്തിലെ ഏറ്റവും വലിയ തിന്മയാണ്'.’

പാശ്ചാത്യലോകത്ത് ഇടതുപക്ഷ ബുദ്ധിജീവികളും ജനാധിപത്യവാദികളും ഈ പ്രവണത തിരിച്ചറിയുകയും സൈദ്ധാന്തികമായും ജനകീയമായും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. പല രാജ്യങ്ങളും വംശീയവും മതപരവുമായ വിഭജനത്തിനും വിദ്വേഷപ്രചാരണങ്ങൾക്കും എതിരായി നിയമനിർമ്മാണങ്ങൾ വരെ നടത്തിക്കൊണ്ടിരിക്കുന്നു. 2017-ൽ കെ.ഫി.എഫ്.എ റേഡിയോക്ക് ജനകീയപ്രതിഷേധങ്ങളെ തുടർന്ന് ഡോക്കിൻസിന്റെ പ്രഭാഷണപരിപാടി റദ്ദാക്കേണ്ടി വന്നത് അതിന്റെ ഉള്ളടക്കത്തിലെ കടുത്ത മുസ്‍ലിം വിരുദ്ധതകൊണ്ടായിരുന്നു. വിവിധ പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2022-ൽ യു.എൻ. പൊതുസഭയിൽ ഇസ്‍ലാമോ ഫോബിയക്കെതിരെ ഒരു പ്രമേയം അവതരിപ്പിക്കപ്പെടുകയുണ്ടായി. ഇതിനെ തുടർന്ന് മാർച്ച് 15 ഇസ്‍ലാമോഫോബിയ വിരുദ്ധദിനമായി യു.എൻ. പ്രഖ്യാപിക്കുകയും ചെയ്തു.

Photo: stratheia.com
Photo: stratheia.com

ഇത്തരത്തിൽ നവനാസ്തികതയെ ലോകം പല വിധത്തിൽ കൈയൊഴിയാൻ തുടങ്ങിയപ്പോഴാണ് നവനാസ്തികതയെ കേരളത്തിലെത്തിക്കാൻ രവിചന്ദ്രന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിക്കുന്നത്. 2012-ൽ രവിചന്ദ്രൻ പുറത്തിറക്കിയ നാസ്തികനായ ദൈവം എന്ന പുസ്തകത്തിന്റെ റീഡേഴ്സ് ഗ്രൂപ്പാണ് പിന്നീട് എസ്സൻസ് ഗ്രൂപ്പ് എന്ന അഭിനവ യുക്തിവാദ ഗ്രൂപ്പായി മാറുന്നത്. 2018- മുതൽ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമിൽനിന്ന് എസ്സൻസ് ഗ്രൂപ്പ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പൊടുന്നനെ യുക്തിവാദിയായി പ്രത്യക്ഷപ്പെട്ട രവിചന്ദ്രനെ, ജീവിതം കൊണ്ട് യുക്തിവാദപ്രസ്ഥാനം രൂപപ്പെടുത്തിയെടുത്ത കേരളത്തിലെ ധിഷണാശാലികളായ ഒരു നിര പണ്ഡിതരെയും ആക്ടിവിസ്റ്റുകളെയും നിരത്തി ഗുലാബ് ജാൻ വിചാരണ ചെയ്യുന്നുണ്ട്. ജീവിതത്തിൽ വലിയ പങ്കും സാമൂഹ്യ രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുകയും മതവിർശനം മുഖ്യമായി നിർവഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന യുക്തിവാദികളും സ്വന്തം ജീവിതംകൊണ്ട് മതരഹിത ബദലുകൾ വികസിപ്പിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരും കേരളത്തിൽ ജീവിക്കുന്നുണ്ട്. എന്നാൽ അവരുടെയെല്ലാം ജീവിതത്തെയും പ്രവർത്തനങ്ങളെയും അപഹസിച്ചുകൊണ്ടാണ് അഹങ്കാരം കൊണ്ടും പരപുച്ഛം കൊണ്ടും പാകപ്പെടുത്തിയ ശരീരഭാഷയിൽ രവിചന്ദ്രൻ അഭിരമിക്കുന്നത്.

കേരളത്തിലെ യുക്തിവാദ പ്രസ്ഥാനം കേരള നവോത്ഥാനത്തിന്റെ തുടർച്ച സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഗുലാബ് ജാൻ നിരീക്ഷിക്കുന്നുണ്ട്. സഹോദരനയ്യപ്പൻ, വി.ടി. ഭട്ടതിരിപ്പാട്, കുറ്റിപ്പുഴ കൃഷ്ണപിള്ള, പവനൻ, എം.സി. ജോസഫ്, യു. കലാനാഥൻ, ജബ്ബാർ മാഷ് തുടങ്ങിയവർ മതവിമർശനവും സമുദായ വിമർശനവും നടത്തുമ്പോൾ തന്നെ എങ്ങനെ പൊതുസ്വീകാര്യത നേടുന്നു എന്നത് ആലോചിക്കേണ്ടതാണ്. ബഹുസ്വരതയോടു നീതി പുലർത്തിക്കൊണ്ടുതന്നെ ജനാധിപത്യപരമായി സംവദിക്കാൻ സാധിക്കുന്ന തുറന്ന അന്തരീക്ഷത്തെയാണ് അടഞ്ഞ മാതൃകകൊണ്ട് രവിചന്ദ്രൻ പകരം വയ്ക്കാൻ ശ്രമിക്കുന്നത്. ഇതു പറയുമ്പോൾ എസ്സൻസ് ഗ്രൂപ്പിന്റെ രഹസ്യസ്വഭാവത്തെയാണ് ഗുലാബ് പ്രശ്നവൽക്കരിക്കുന്നത്.

2012-ൽ രവിചന്ദ്രൻ പുറത്തിറക്കിയ നാസ്തികനായ ദൈവം എന്ന പുസ്തകത്തിന്റെ റീഡേഴ്സ് ഗ്രൂപ്പാണ് പിന്നീട് എസ്സൻസ് ഗ്രൂപ്പ് എന്ന അഭിനവ യുക്തിവാദ ഗ്രൂപ്പായി മാറുന്നത്.
2012-ൽ രവിചന്ദ്രൻ പുറത്തിറക്കിയ നാസ്തികനായ ദൈവം എന്ന പുസ്തകത്തിന്റെ റീഡേഴ്സ് ഗ്രൂപ്പാണ് പിന്നീട് എസ്സൻസ് ഗ്രൂപ്പ് എന്ന അഭിനവ യുക്തിവാദ ഗ്രൂപ്പായി മാറുന്നത്.

ഉപരിപ്ലവവും പരനിന്ദയിൽ അധിഷ്ഠിതവുമായ ഒരു സൈദ്ധാന്തിക പരിസരമുണ്ടാക്കി സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ- സാമൂഹിക സന്ദർഭങ്ങളോട് ആഴമില്ലാതെ പ്രതികരിക്കുന്ന രവിചന്ദ്രന്റെ ലജ്ജാവഹമായ നില ഈ പുസ്തകം വേണ്ടത്ര തെളിവുകളോടെ തുറന്നു കാണിക്കുന്നുണ്ട്. മാർക്സിനെയും മാർക്സിസത്തെയും ശരിയായി മനസ്സിലാക്കാതെയും ലോകത്താകെ മാർക്സ് അകാദമികമായി ശക്തമായി തിരിച്ചുവരികയും ചെയ്യുന്ന ഒരു കാലത്ത്, അത് കാണാതെ, ഉപരിപ്ലവമായ മാർക്സ് വിമർശനത്തിലൂടെ ഒരു ചിന്താധാരയെ അപ്രസക്തമാക്കിക്കളയാനുള്ള രവിചന്ദ്രന്റെ പരിഹാസ്യമായ ശ്രമങ്ങളെയും ഗുലാബ് ജാൻ പരിശോധനക്കെടുക്കുന്നുണ്ട്.

ഗുലാബ് ജാന്റെ സുദീർഘമായ ആമുഖപഠനത്തിനു പുറമെ നവനാസ്തികതയെ പല കോണുകളിൽനിന്ന് പരിശോധിക്കുന്ന ഒരു കൂട്ടം ലേഖനങ്ങളുടെ സമാഹാരം കൂടിയാണ് ഈ പുസ്തകം. കെ.എൻ. ഗണേശ് തന്റെ ലേഖനത്തിൽ യുക്തിവാദപ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ അവർ നേരിട്ട സൈദ്ധാന്തികമായ വെല്ലുവിളികളും സംഘർഷങ്ങളും വിശദമായി പരിശോധിക്കുന്നു. പരിണാമസിദ്ധാന്തത്തെ പുതിയ പരിസരത്ത് സവിശേഷമായി വിശദീകരിക്കാൻ ശ്രമിക്കുന്ന നവനാസ്തികരെ മലയാളത്തിലേക്കു കൊണ്ടുവരുമ്പോൾ രവിചന്ദ്രന് പിഴയ്ക്കുന്നതെവിടെയാണെന്നുകൂടി ഈ ലേഖനം വിശദീകരിക്കുന്നു.

യു. കലാനാഥൻ / Photo : Muhammed Hanan
യു. കലാനാഥൻ / Photo : Muhammed Hanan

‘യുക്തിവാദത്തിന്റെ കുലപതി’ എന്ന ലേഖനത്തിൽ യു. കലാനാഥന്റെ ജീവിതവും യുക്തിവാദ പ്രസ്ഥാനത്തിന്റെ ചരിത്രവും പരിശോധിക്കുന്നു. ബ്രാഹ്മണിക് ഹിന്ദുത്വ രാഷ്ട്രീയത്തിന് വിടുപണി ചെയ്യുന്ന എസ്സൻസ് ഗ്ലോബലിന്റെയും ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിന്റെയും രാഷ്ട്രീയമാണ് കെ.ടി. കുഞ്ഞിക്കണ്ണൻ പരിശോധിക്കുന്നത്. ജബ്ബാർ മാഷുമായി നീതു രമ മോഹൻ നടത്തുന്ന അഭിമുഖത്തിൽ, തന്റെ യുക്തിവാദ ജീവിതവഴികൾ മാഷ് പരിശോധിക്കുകയാണ്. സോഷ്യൽ ഡാർവിനിസം എന്ന സിദ്ധാന്താഭാസത്തിന്റെ ചുവടു പിടിച്ച് ജാതിശ്രേണീകൃതമായ ഇന്ത്യൻ സാമൂഹിക സാമ്പത്തിക ക്രമത്തെ സ്വാഭാവികമെന്നു വിശദീകരിക്കാൻ ശ്രമിക്കുന്ന രവിചന്ദ്രൻ പ്രഭാഷണങ്ങളെ ശാസ്ത്രീയ യുക്തികൾകൊണ്ട് തുറന്നു കാണിക്കുന്ന ലേഖനമാണ് ഡോ. വിശ്വനാഥൻ സി.വി.എന്നിന്റെ ‘അസമത്വം പ്രകൃതിനിയമമോ’ എന്ന ലേഖനം.

ആധുനിക ഇന്ത്യൻ സമൂഹത്തിന്റെ രൂപപ്പെടലിന്റെ ജ്ഞാനശാസ്ത്രപരമായ അടിസ്ഥാനം വിശദമായി പരിശോധിച്ച് രവിചന്ദ്രന്റെ നിലപാടു തറ പരിശോധിക്കുകയാണ് പ്രശാന്ത് ഗീത അപുൽ. ‘താൻ യുക്തിവാദി അല്ല എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതുവഴി രവിചന്ദ്രൻ ചെയ്യുന്നത് ഇന്ത്യൻ നവോത്ഥാനത്തിന്റെ ആദ്യകാല വക്താ ക്കളായ ഫുലെ, അയ്യങ്കാളി, നാരായണഗുരു, സഹോദരൻ അയ്യപ്പൻ പെരിയോർ തുടങ്ങിയവരുടെ ബ്രാഹ്മണ്യവിരുദ്ധ യുക്തിവാദധാരയെ പൂർണമായി തള്ളുകയും തന്റെ ആശയത്തിൽനിന്ന് വിഛേദിക്കുകയും ചെയ്യുക എന്നുള്ളതാണ്. അതേസമയം ചാതുർവർണ്യത്തെ അംഗീക രിക്കുകയും, ന്യായീകരിക്കുകയും ചെയ്‌തുകൊണ്ട് നാസ്‌തികർക്ക് പോലും ക്ഷേത്ര പടിക്കെട്ടുക്കളിൽനിന്ന് ആശയപ്രചാരണം നടത്താൻ കഴിയുന്ന സുവർണ ഭൂതകാലത്തെ സ്വപ്നം കാണുന്ന, ചോദ്യം ചെയ്യാതെ വിശ്വസിക്കുന്ന ആസ്തികനേക്കാൾ ഭേദം നാസ്‌തികനാണ് എന്ന് പറയുന്ന വിവേകാനന്ദന്റെയും, സവർക്കറിന്റെനയും നാസ്‌തിക വാദത്തിന്റെ ധാരയാണ് രവിചന്ദ്രൻ പിൻപറ്റുന്നത്. ചാതുർവർണ്യത്തെ നുള്ളിനോവിക്കുക പോലും ചെയ്യാതെ മുസ്ലിം സമൂഹത്തിനോട് വെറുപ്പ് ഉൽപ്പാദിപ്പിച്ച് ബ്രാഹ്മണ്യാധിപത്യം ഉറപ്പിക്കുന്ന സവർക്കറിന്റെ നാസ്‌തികവാദത്തിനോടാണ് സവർക്കറുടെ നാസ്തികവാദം ചേർന്നു നിൽക്കുന്നത്’ എന്ന് പ്രശാന്ത് രവിചന്ദ്രനെ അടയാളപ്പെടുത്തുന്നു.
ഏറെക്കുറെ ഇതേ ആശയം തന്നെയാണ് കെ. ജയദേവനും പറയാൻ ശ്രമിക്കുന്നത്.

ഇ.എ. ജബ്ബാർ
ഇ.എ. ജബ്ബാർ

ആധുനിക കേരള സമൂഹത്തിന്റെ രൂപപ്പെടലിൽ യുക്തിചിന്താ പ്രസ്ഥാനങ്ങൾക്കുള്ള പങ്ക് പരിശോധിച്ച്, സമകാലിക കേരള സമൂഹത്തിൽ സജീവസാന്നിധ്യമായ സ്വതന്ത്രചിന്തയെ ചരിത്രം, രാഷ്ട്രീയം, സാമൂഹ്യ മനഃശാസ്ത്രം തുടങ്ങിയ വീക്ഷണകോണുകളിലൂടെ വിലയിരുത്തുന്ന ലേഖനമാണ് ഷിജു ജോസഫിന്റേത്. നവനാസ്തികത രൂപപ്പെട്ട പശ്ചാത്തലവും അതിന്റെ സാധ്യതകളും പരിമിതികളും പരിശോധിക്കുകയാണ്, ‘നവനാസ്തികതയുടെ കാണാപ്പുറങ്ങൾ’ എന്ന ലേഖനത്തിലൂടെ ഫർമീസ് ഹാഷിം. നവനാസ്തികതയ്ക്കുനേരെ ഉയർന്നുവന്ന വിമർശനങ്ങളെക്കൂടി ഉൾക്കൊണ്ടുകൊണ്ട് രൂപപ്പെട്ട അതിന്റെ വഴിത്തിരിവുകളും അദ്ദേഹം പരിശോധിക്കുന്നുണ്ട്.

നവയുക്തിവാദത്തിന്റെ സൈദ്ധാന്തികയുക്തി മറയാക്കി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൈയാളായി അതെങ്ങനെ പ്രവർത്തിക്കുന്നു എന്നാണ് ശ്രീജിത്ത് ദിവാകരൻ പരിശോധിക്കുന്നത്.

ശാസ്ത്രപ്രചാരണമെന്ന പേരിൽ രവിചന്ദ്രൻ നടത്തുന്ന കൃത്യതയില്ലാത്തതും അബദ്ധങ്ങളും സയൻസിലെ സങ്കല്പനങ്ങളെ കുറിച്ചുള്ള വ്യക്തതയില്ലായ്മയും ശാസ്ത്രീയമായിത്തന്നെ തുറന്നു കാണിക്കുന്ന പഠനമാണ് പ്രസാദ് അലക്സിന്റേത്. നാച്ചുറൽ സെലകഷൻ അഥവാ പ്രകൃതി നിർദ്ധാരണം, ജനറ്റിക് ഡ്രിഫ്റ്റ് തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ച് നവനാസ്തികരുടെ ധാരണപ്പിശകുകൾ ഈ ലേഖനം സമഗ്രമായി പരിശോധിക്കുന്നു. സി.ജെ. വെർലെമാനെ പോലുള്ള നവനാസ്തിക വിമർശകരുടെ ലേഖനങ്ങളുടെ പരിഭാഷകളും മറ്റു ചില ലേഖനങ്ങളും കൂടി അടങ്ങിയതാണ് ഈ പുസ്തകം. ഡോ. ടി.പി. ഷിഹാബുദ്ദീൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ഷാരോൺ പ്രദീപ് എന്നിവരുടെ ലേഖനങ്ങളും വിവിധ കോണുകളിൽ വിഷയത്തെ സമീപിക്കുന്നവയാണ്.

മുകുൾ ശർമ്മ
മുകുൾ ശർമ്മ

കേരളത്തിന്റെ യുക്തിവാദ പ്രസ്ഥാനത്തെ ഹൈജാക്കു ചെയ്ത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വിടുപണിസംഘമാക്കി മാറ്റുകയും അതിനുള്ള ഉപരിപ്ലവയുക്തികൾ ശാസ്ത്രീയമാണെന്ന മട്ടിൽ അവതരിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കുതന്ത്രത്തെയാണ് ഈ പുസ്തകം പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. നവനാസിസത്തെ പുതിയ ലോകക്രമത്തിന്റെ രാഷ്ട്രീയയുക്തിയൊരുക്കുന്നതിനുവേണ്ടി എങ്ങനെയാണ് സാമ്രാജ്യത്വം ഉപയോഗിപ്പെടുത്തുന്നത് എന്നതുപോലെ തന്നെ പ്രധാനമാണ് നിലവിലുള്ള ആശയധാരകളിലേക്കു കടന്നുകയറി ഹിന്ദുത്വരാഷ്ട്രീയം അതിനെ സ്വന്തമാക്കുന്നതും. സംഘപരിവാർ വിവിധങ്ങളായ രീതിയിൽ അതിന്റെ ജനകീയാടിത്തറ ഉറപ്പിക്കാൻ ശ്രമിച്ചപ്പോൾ അവർ കണ്ടെത്തിയ വഴികളിലൊന്ന് പരിസ്ഥിതിവാദത്തിന്റേതായിരുന്നു. മുകുൾ ശർമ്മയുടെ ഗ്രീൻ ആന്റ് സാഫ്രൺ: ഹിന്ദു നാഷണലിസം ആന്റ് ഇന്ത്യൻ എൻവിയോൺമെന്റൽ പൊളിറ്റിക്സ് എന്ന പുസ്തകം, എങ്ങനെയാണ് സംഘപരിവാരം പരിസ്ഥിതിവാദത്തെ ഉപയോഗപ്പെടുത്തിയത് എന്ന് വിശദീകരിക്കുന്നുണ്ട്. പ്രകൃതിയെ അമ്മയായി കാണുന്ന ഇന്ത്യൻ അവബോധത്തിലേക്ക് പാരിസ്ഥിതിക രാഷ്ട്രീയത്തെ കൂട്ടിക്കെട്ടി രാഷ്ട്രീയലാഭമുണ്ടാക്കാനുള്ള കെണിയാണ് മുകുൽ ശർമ തുറന്നുകാണിക്കുന്നത്. പരിസ്ഥിതിവാദമെന്താണ്? അതിന്റെ രാഷ്ട്രീയമെന്താണ്? തുടർസംവാദങ്ങളിൽ അതിന് വിച്ഛേദങ്ങൾ സംഭവിക്കുന്നത് എവിടെയൊക്കെയാണ് തുടങ്ങിയ അന്വേഷണങ്ങളിൽനിന്ന് സാധാരണ മനുഷ്യർ വഴി തെറ്റി ഹിന്ദുത്വയിൽ എത്തിച്ചേരുന്നു. ഇതേ രീതിശാസ്ത്രമാണ് കേരളത്തിലെ നവനാസ്തികരും പിന്തുടരുന്നത് എന്നതുകൊണ്ടാണ് തത്വത്തിൽ അത് നവനാസിസമായി മാറുന്നത്.

യുക്തിവാദപ്രസ്ഥാനത്തിന്റെ വിശാലമായ ഇന്ത്യൻ കേരള പരിസരത്തേക്ക് നുഴഞ്ഞുകയറി ഒരു പ്രതിലോമചിന്ത രൂപപ്പെടുത്താനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്ന തരത്തിൽ സൂക്ഷ്മമായ ഒരു രാഷ്ട്രീയ ഉള്ളടക്കമുള്ളതുകൊണ്ട് 2023-ലെ എന്റെ പുസ്തകമായി നവനാസ്തികത, നവനാസിസം എന്ന പുസ്തകം തിരഞ്ഞെടുക്കുന്നു.


Summary: nava nasthikatha nava nazism c ravichandran and esSENSE Global


ഡോ. വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments