ഉത്തരാധുനികമെന്നു വിവക്ഷിക്കപ്പെടുന്നതും ചിലർ കെട്ടുകാഴ്ചകളുടെ സമൂഹം എന്നു വിളിക്കുന്നതുമായ സാമൂഹികാവസ്ഥയിൽ ജീവിതത്തിന്റെയും ജിവിതാനുഭവങ്ങളുടെയും വ്യത്യസ്തമായ അടരുകൾ ആ വിഷ്കരിക്കുന്നതിനായി നോവലിന്റെ ഘടനയെ തന്നെ മാറ്റിപ്പണിയുന്ന കാഴ്ചയാണ് മലയാള നോവലിലും കാണാൻ കഴിയുന്നത്.
ആധുനികതയുടെ കാലത്ത് ജനപ്രിയ നോവലുകൾ എന്നും ഗൗരവതരമായ നോവലുകൾ എന്നുമുള്ള വിഭജനം നോവലിലും ഉണ്ടായിരുന്നു. ഗൗരവതരമായ നോവലുകൾ വായനക്കാരുടെ ഭാഗത്തുനിന്ന് ഭാവുകത്വപരമായ നവീകരണം ആവശ്യപ്പെട്ടിരുന്നു. വായനാ സമയം കളയാനോ വിനോദിക്കാനോ ഉള്ള ഒരു പ്രവൃത്തി എന്നതിനപ്പുറം സർഗാത്മകവും ബോധപൂർവ്വവും ഉള്ള ഒരു പ്രവൃത്തിയായി മാറുകയും ചെയ്തു. അതുകൊണ്ടു തന്നെ ഗൗരവതരമായ വായനയിൽ മുഴുകുന്നവരുടെ എണ്ണത്തിൽ കുറവനുഭവപ്പെടുകയും ക്രമേണ ദൃശ്യ മാധ്യമങ്ങളുടെ പ്രഭാവത്തോടെ പുസ്തകങ്ങളിൽ നിന്ന് ആളുകൾ അകന്നു തുടങ്ങുകയും ചെയ്തു.
എന്നാൽ ഉത്തരാധുനിക കാലത്താകട്ടെ, വായനയിലേക്ക് ആളുകൾ തിരികെ എത്തുന്നതായി കാണുന്നു. ആധുനികതയുടെ ജനപ്രിയമെന്നും ഗൗരവതരമെന്നുമുള്ള വിഭജനം റദ്ദു ചെയ്യപ്പെടുകയും ഉണ്ടായി. കെ.ആർ. മീരയും വി.ജെ. ജയിംസും ഇ. സന്തോഷ് കുമാറും സുഭാഷ് ചന്ദ്രനും സുസ്മേഷ് ചന്ത്രോത്തും യമയും ഷിനിലാലും വിനോയ് തോമസും ഫ്രാൻസിസ് നെറോണയും ഒക്കെ നോവലിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുവന്നു. നോവൽ ഉള്ളടക്കത്തിലും രൂപത്തിലും വലിയ മാറ്റങ്ങൾക്ക് വിധേയമായി. നോവൽ വർത്തമാനകാല ജീവിതത്തെ ആവിഷ്ക്കരിക്കുന്നതിനായി ചരിത്രത്തിലേക്ക് തിരിയാൻ തുടങ്ങി. ചരിത്രത്തിന്റെ വ്യാഖ്യാനമായും വിശദീകരണമായും നോവൽ മാറിയെന്നല്ല, മറിച്ച് ജീവിതത്തിന്റെ അനുഭവങ്ങളുടെയും അനുഭൂതികളുടെയും ചരിത്രമായി നോവൽ മാറിത്തീരുന്നതായി കാണുന്നു.
നമ്മുടെ വർത്തമാന സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും രാഷ്ട്രീയ മേഖലയിൽ സംഭവിക്കുന്ന പരിണതികളെ കുറിച്ചുമുള്ള വിചാരങ്ങൾ പങ്കിടുന്ന നോവലാണ് അജയകുമാറിന്റെ നിഴൽക്കളങ്ങൾ.
അജയകുമാറിന്റെ നിഴൽക്കളങ്ങൾ, നോവലിലെ വഴിമാറിയുള്ള നടത്തമായി മാറുന്നുവെന്നു പറഞ്ഞാൽ അത് അലങ്കാര വർത്തമാനം മാത്രമാണെന്ന് കരുതേണ്ട. ഈ നോവൽ മലയാള ജീവിതത്തിന്റെ സാംസ്കാരിക ചരിത്രമായി മാറുന്നുവെന്നതാണ് പ്രത്യേകത. ഏതാനും കഥാപാത്രങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങൾ ആവിഷ്കരിക്കുകയോ അവരുടെ മാനസികതലങ്ങളിലെ സംഘട്ടനങ്ങളോ സംഘർഷങ്ങളോ വിശകലനം ചെയ്യുകയോ അല്ല, പകരം ജീവിതപ്രക്രിയകളെ തന്നെ എങ്ങനെയാണ് ചരിത്രവും സംസ്കാരവും സ്വാധീനിക്കുന്നതെന്നും ചരിത്രത്തിലെയും സംസ്കാരത്തിലെയും ബലങ്ങൾ ജീവിതത്തിൽ ഇടപെടുന്നതെങ്ങനെയെന്നും ഈ നോവൽ വിശദീകരിക്കുന്നു. ഒപ്പം, നമ്മുടെ വർത്തമാന സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും രാഷ്ട്രീയ മേഖലയിൽ സംഭവിക്കുന്ന പരിണതികളെ കുറിച്ചുമുള്ള വിചാരങ്ങൾ പങ്കിടുന്നു. മൂലധനത്തിന്റെ സാർവത്രികമായ കടന്നുകയറ്റം പുതിയ കാലത്ത് കോർപ്പറേറ്റുവൽക്കരണമായി മാറുന്നതെന്തുകൊണ്ട്, എങ്ങനെ എന്നതും ഈ നോവൽ ആഖ്യാനവിധേയമാക്കുന്നു.
ഒരു ട്രെയിൻ യാത്രയിലെ മോഷണത്തിൽ നിന്നാണ് നോവൽ തുടങ്ങുന്നത്. ഹരിപ്രസാദ് എന്ന കേന്ദ്രകഥാപാത്രവും അയാളുടെ സുഹൃത്തായ പ്രേമചന്ദ്രനും ചേർന്ന് ഡോക്യുമെന്ററി പരമ്പര തയ്യാറാക്കാൻ നടത്തുന്ന ഒരുക്കങ്ങളും അതിനായുള്ള അന്വേഷണങ്ങളുമെന്ന നിലയിലാണ് സംഭവങ്ങൾ ആഖ്യാനപ്പെടുന്നത്. നോവലിസ്റ്റ് ചില കഥാപാത്രങ്ങളെ മലയാളത്തിന്റെ പശ്ചാത്തലത്തിൽ വരച്ചുവെയ്ക്കുകയല്ല, ഒരു ചെറിയ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ ചരിത്രത്തിലേക്ക് ലോകത്തെ തന്നെ ഉൾപ്പെടുത്തുകയാണ്. ആഗോളവൽക്കരണകാലത്ത് പ്രാദേശികമെന്നു പറഞ്ഞാൽ ലോക കമ്പോളവും രാജ്യാന്തര ജീവിതങ്ങളും അവ പേറുന്ന വിവിധ രാജ്യക്കാരായ മനുഷ്യരും ഉൾപ്പെടുന്നത് എന്നാണ്. പ്രണയത്താൽ വഞ്ചിതയാകുകയും പോർണോ സൈറ്റിൽ ഇരയാക്കപ്പെടുകയും ചെയ്യുന്ന ഇറാക്കി യുവതിയും പല രാജ്യങ്ങളിലെയും വൻകിട പദ്ധതികൾക്കായി ഡിസൈൻ തയ്യാറാക്കുന്ന വിമൽ എന്ന കഥാപാത്രവുമൊക്കെ സംഭവിക്കുന്നത് മേൽ പറഞ്ഞ സന്ദർഭത്തിന്റെ ഭാഗമായാണ്.
കഥാപാത്രങ്ങൾ യാന്ത്രികമായി തത്വചിന്തനം നിർവഹിക്കുകയല്ല, മറിച്ച് തത്വചിന്തനം ജീവിതത്തിന്റെ സർഗാത്മക പ്രവൃത്തിയായി മാറുകയാണ്.
ഗോപികയും സാന്ദ്രയും പോലുള്ള സ്ത്രീ കഥാപാത്രങ്ങളും മാധ്യമകേന്ദ്രീകൃതമായ കാലത്തിന്റെ ഭാഗമായ മീഡിയസ്കൂളും ഒക്കെ ചേർന്ന് ആഗോളീകൃതമായ ഒരു ജീവിതാവസ്ഥ അനുഭവിപ്പിക്കുന്നു. ഒപ്പം, പ്രദേശങ്ങളുടെയും രാജ്യങ്ങളുടെയും അതിരുകൾ കടന്ന് ജീവിതം ഒഴുകിപ്പരക്കുന്നതിന്റെ ദൃശ്യങ്ങൾ, ചിത്രകലയിൽ വലിയ സംഭാവനകൾ നൽകിക്കഴിഞ്ഞ അജയകുമാർ വാക്കുകൾ കൊണ്ട് വരച്ചിടുന്നു. ദൃശ്യങ്ങളെ കാമറയിലെന്നവണ്ണം ഭാഷകൊണ്ട് പ്രത്യക്ഷമാക്കുകയും ഒപ്പം വിചാരങ്ങളും വികാരങ്ങളും കൊണ്ട് ദൃശ്യേതരതരമായ ഭാവാത്മകത പകരുകയും ചെയ്യുന്നതിലൂടെയാണ് വിചാരലോകത്തിന്റെ അർത്ഥാനുഭവ സാക്ഷാൽക്കാരമെന്ന നിലയിൽ, ആനന്ദിൽ നിന്നുമുള്ള നോവലിലെ മുന്നേറ്റമായി, ഈ നോവൽ അടയാളപ്പെടുന്നത്.
കഥാപാത്രങ്ങൾ യാന്ത്രികമായി തത്വചിന്തനം നിർവഹിക്കുകയല്ല, മറിച്ച് തത്വചിന്തനം ജീവിതത്തിന്റെ സർഗാത്മക പ്രവൃത്തിയായി മാറുകയാണ്. രാജ്യങ്ങൾ പിന്നിട്ട് ലോകത്തിന്റെ ഏതു ഭാഗത്തേക്കും ജീവിതം പറിച്ചുനടുന്നതിന്റെ സ്വാതന്ത്ര്യം ഉണ്ടാകുന്നതോടൊപ്പം ജീവിതത്തിനുമേൽ പുതിയ നിയന്ത്രണങ്ങളും ഉണ്ടാക്കുന്നുണ്ട്.
ഡെബിറ്റ്- ക്രെഡിറ്റ് കാർഡുകളും ആധാറും അടക്കമുള്ള കാർഡുസമ്പ്രദായത്തിലൂടെ മനുഷ്യരുടെ സഞ്ചാരപഥങ്ങളും ഇടപാടുകളും നിരന്തരം നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുന്നു. എപ്പോഴും എവിടെയും പിന്തുടരുന്ന കാമറകൾ ചേർന്ന് സർവൈലൻസ് കാപ്പിറ്റലിസത്തിന്റെ പിടിയിലാണ് ലോകമിന്ന്. നിരീക്ഷിത സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയിൽ പുതിയ കാലം സ്വാതന്ത്ര്യത്തിന്റെയും പാരതന്ത്ര്യത്തിന്റെയും സാധ്യതകളാണ് കാഴ്ചപ്പെടുത്തുന്നത്. സുദൃഢം എന്നു കരുതിയിരുന്ന സ്ഥാപനങ്ങളും ഘടനകളും ഉരുകി ഒലിച്ച് അപ്രത്യക്ഷ്യമാകുന്നു. ജമ്മു കാശ്മീരിലെ ജീവിതം ആർട്ടിക്കിൾ 370 എടുത്തു മാറ്റപ്പെടുന്നതോടെ തകിടം മറിയുന്നു. ചെറിയ സമയം കൊണ്ട് അതിന്റെ സംസ്ഥാന പദവിയും സവിശേഷാധികാരവും നഷ്ടപ്പെട്ട് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വെട്ടിമുറിക്കപ്പെടുന്നു. ജനജീവിതത്തെ, സമൂഹത്തെ തന്നെ ദ്രവീകൃതമാക്കുകയാണ്. ദ്രവാധുനികതയെന്നാണ് ഇക്കാലത്തെ സിഗ്മണ്ട് ബോമൻ വിശേഷിപ്പിക്കുന്നത്.
ശ്രീനാരായണഗുരുവും കുമാരനാശാനും രാജാരവിവർമ്മയും സി.വി. രാമൻപിള്ളയും സിവിയുടെ ഭാര്യ ജാനകിയമ്മയും ചങ്ങമ്പുഴയും ഇടപ്പള്ളിയുമൊക്കെ ആഖ്യാനത്തിൽ കടന്നുവരുന്നു.
മൂന്നു ഭാഗങ്ങളായി നോവൽ വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നാം ഭാഗത്തിന് 'മണൽപ്പുറ'മെന്നും രണ്ടാം ഭാഗത്തിന് 'പീതാംബരൻ വൈദ്യന്റെ ഡയറിക്കുറിപ്പുകൾ' എന്നും മൂന്നാം ഭാഗത്തിന് 'ഘ’ എന്നും പേരു നൽകിയിരിക്കുന്നു.
ഈ മൂന്നു ഖണ്ഡങ്ങളിലൂടെ ഒരു നൂറ്റാണ്ടുകാലത്തെ കേരളത്തിന്റെ സാംസ്കാരിക ജീവിതമാണ് നോവൽ ആഖ്യാനം ചെയ്യുന്നത്. കേരളീയ ജവിതത്തിലെ പരിണാമങ്ങൾ, സംസ്കാരത്തിലുണ്ടായ മാറ്റങ്ങൾ ഒക്കെ ആഖ്യാനം ചെയ്യുകയാണ് അജയകുമാർ. വ്യത്യസ്തമായ ജീവിത പശ്ചാത്തലത്തിൽ നിന്നു വരുന്ന, വ്യത്യസ്ത അനുഭവങ്ങളിലൂടെ പരുവപ്പെട്ട ഹരിപ്രസാദിനെയും പ്രേമചന്ദ്രനെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ഞാറേറ്റ എന്ന പ്രദേശമാണ്. പക്ഷികൾ ചേക്കേറുന്നതും ഔഷധസസ്യങ്ങൾ ഏറെയുള്ളതും എന്നാൽ ചതുപ്പുനിറഞ്ഞതുമായ ഒരു പ്രദേശമാണിത്. പീതാംബരൻ വൈദ്യന്റെ പിതാവും മറ്റും ഔഷധസസ്യങ്ങൾ ശേഖരിച്ചിരുന്നത് ഈ പ്രദേശത്തുനിന്നാണ്. ദലിതരാണ് ഇവിടെ താമസിക്കുന്നത്. അവരാണ് അദ്ദേഹത്തെ ഔഷധ സസ്യങ്ങൾ ശേഖരിക്കാൻ സഹായിക്കുന്നത്. ഞാറേറ്റ എന്ന ഒറ്റപ്പെട്ടതും വിജനവുമായ ഒരു പ്രദേശവും അതിന്റെ പുരാവൃത്തവും ചരിത്രവും ഒക്കെ ആഖ്യാനവിധേയമാക്കി, ലോകത്തെ തന്നെ ആഖ്യാനവിഷയമാക്കി മാറ്റുകയാണ് എഴുത്തുകാരൻ. ലോകത്തിന്റെ പല ഭാഗത്തുമുള്ള ജീവിതങ്ങളും ജീവിതകൃത്യങ്ങളും പരസ്പരം ബന്ധപ്പെടുന്നു. ഈ ജീവിതാഖ്യാനത്തിലേക്ക്, നമ്മുടെ സംസ്കാരത്തെ മാനുഷികവും ജനകീയവും ജനാധിപത്യപരവുമാക്കി മാറ്റുന്നതിൽ വലിയ സംഭാവനകൾ നൽകിയ ശ്രീനാരായണഗുരുവും കുമാരനാശാനും രാജാരവിവർമ്മയും സി.വി. രാമൻപിള്ളയും സിവിയുടെ ഭാര്യ ജാനകിയമ്മയും ചങ്ങമ്പുഴയും ഇടപ്പള്ളിയുമൊക്കെ കടന്നുവരുന്നു.
രാജാ രവിവർമ്മയും അദ്ദേഹത്തിന്റെ അനുജനായ രാജരാജവർമ്മയും കഥാപാത്രങ്ങളാകുന്നതോടെ കേരളീയ സംസ്കാരത്തിലെ ഒരു വിഛേദത്തിലേക്ക് നമ്മുടെ ശ്രദ്ധ പതിയാനിടയാക്കുന്നു. യൂറോപ്യൻ റീയലിസ്റ്റ് സങ്കേതവും ഓയിൽ പെയിന്റിങ്ങിന്റെ സാങ്കേതിക വശങ്ങളും മറ്റും പഠിച്ച രാജാ രവിവർമ്മയാണ് ചിത്രകലയെ ജനകീയമാക്കുന്നതിന് ബോംബെയിൽ ഒരു ലിത്തോഗ്രാഫിക്ക് പ്രസ് സ്ഥാപിക്കുന്നത്. ഒരു വ്യവസായി കൂടിയായി മാറുന്ന ഈ കലാകാരൻ അതിൽ പരാജയപ്പെട്ട് വലിയ ധനനഷ്ടം സഹിക്കേണ്ടി വരുന്നുണ്ട്. ജർമ്മൻകാരനും ബിസിനസ് പങ്കാളിയുമായ വെള്ളക്കാരന്റെ ചതിയും ഈ പരാജയത്തിന്റെ കാരണമാണ്. എന്നാൽ സാംസ്കാരികമായി വലിയ ഒരു മാറ്റത്തിന് കാരണമാകുന്നതിൽ ഈ ബിസിനസ് സംരംഭം വിജയിക്കുന്നു. താൻ വരച്ച ദേവീദേവന്മാരുടെ ചിത്രങ്ങളുടെ ലക്ഷക്കണക്കിന് പ്രിന്റുകൾ എടുത്ത് സാധാരണ ജനങ്ങൾക്ക് തുച്ഛമായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് രവിവർമ്മയ്ക്ക് കഴിയുന്നു. ദാരിദ്ര്യത്തിൽ ജീവിച്ച സാധാരണക്കാർക്ക് തങ്ങളുടെ ദൈവങ്ങളെ കലണ്ടർ ചിത്രങ്ങളായി അടുത്തു കാണാനും പ്രാർത്ഥിക്കാനും ഇതിലൂടെ കഴിഞ്ഞു. ഈശ്വരന്മാർ ദരിദ്രനാരായണന്മാരുടെ വീട്ടിലെ സ്ഥിരവും സമീപസ്ഥവും ആയ സാന്നിധ്യമായി.
അതുവരെ ന്യൂനപക്ഷം വരുന്ന വരേണ്യവിഭാഗത്തിൽ പെടുന്നവർക്കുമാത്രം പ്രാപ്യമായിരുന്ന കല ജനങ്ങൾക്ക് ലഭ്യമാക്കുന്ന വിപ്ലവമാണ് സാങ്കേതിക വിദ്യയുടെ വികാസം സാധ്യമാക്കിയത്.
സ്ത്രീകൾക്ക് മാറുമറയ്ക്കുന്നതിനുള്ള അവകാശത്തിന് അരനൂറ്റാണ്ടിലേറെ സമരം നടന്ന പ്രദേശമാണ് കേരളം. ചാന്നാർ സ്ത്രീകൾ നടത്തിയ ചാന്നാർ ലഹളയും ശകുന്തളയെന്ന ചാന്നാർ സ്ത്രീയുടെ രക്തസാക്ഷിത്വവും ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ നേതൃത്യത്തിൽ തിരുവിതാംകൂറിൽ നടന്ന അച്ചിപ്പുടവ സമരവും വൈകുണ്ഡ സ്വാമിയും മിഷനറിയായ റവറൻറ് മീഡു ഒക്കെ നേതൃത്വം നൽകിയ പ്രക്ഷോഭങ്ങളുമെല്ലാം ഓർമയിൽ കൊണ്ടുവരുന്ന ഒരു സന്ദർഭം നോവലിലുണ്ട്. സ്ത്രീകളെ വസ്ത്രം ധരിപ്പിക്കുന്നതിലും ശരീരത്തെ വസ്ത്രങ്ങൾ കൊണ്ട് അലങ്കരിച്ച് ഭംഗിയുള്ളതാക്കേണ്ടതുമാണെന്ന ബോധം വ്യാപകമാക്കുന്നതിലും രവിവർമ്മ ചിത്രങ്ങൾ വലിയ പങ്കു വഹിച്ചു. ദേവതമാർ സാരിയും ബ്ലൗസും ധരിച്ച് സുന്ദരികളായി വീടുകളുടെ ചുവരുകളെ സചേതനമാക്കി. ‘യാന്ത്രിക പുനരുൽപ്പാദനകാലത്തെ കല' എന്ന വിഖ്യാതമായ പ്രബന്ധത്തിൽ വാൾട്ടർ ബെൻയാമിൻ വിശദമാക്കുന്ന കാര്യം ഓർമിക്കാം: കലയെ പൊതിഞ്ഞിരുന്ന പ്രഭാവലയത്തെ (Aura) മുതലാളിത്ത സാങ്കേതികവിദ്യ ഇല്ലാതാക്കി. അതുവരെ ന്യൂനപക്ഷം വരുന്ന വരേണ്യവിഭാഗത്തിൽ പെടുന്നവർക്കുമാത്രം പ്രാപ്യമായിരുന്ന കല ജനങ്ങൾക്ക് ലഭ്യമാക്കുന്ന വിപ്ലവമാണ് സാങ്കേതിക വിദ്യയുടെ വികാസം സാധ്യമാക്കിയത്. സാഹിത്യവും കലയും സംഗീതവും സിനിമയുമൊക്കെ ജനകീയമാക്കുന്നതിൽ മുതലാളിത്ത സാങ്കേതികവിദ്യ വിജയിച്ചു എന്നാണ് ബെൻയാമിൻ പറയുന്നത്. 1931- ൽ ഈ പ്രബന്ധം രചിക്കുന്നതിന് മുമ്പുതന്നെ അതിലെ കാഴ്ചപ്പാടുകൾ രവിവർമ്മയുടെ ബോധത്തിലും ഉദിച്ചിരുന്നുവെന്നാണ്, ലിത്തോഗ്രാഫ് പ്രസ് സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ കാണിച്ചുതരുന്നത്.
മഹാകവി കുമാരനാശാനും വ്യവസായിയായിരുന്നു. ആലുവായിൽ അദ്ദേഹത്തിന് ഓട്ടുഫാക്ടറി ഉണ്ടായിരുന്നു. പല്ലനയാറ്റിൽ റെഡീമർ എന്ന ബോട്ട് ശക്തമായ കാറ്റിൽപ്പെട്ട് മറിയുമ്പോൾ അതിലെ ഒരു യാത്രക്കാരനായിരുന്നു ആശാൻ. നല്ല നീന്തൽ കാരനായിരുന്നിട്ടുപോലും, ഉറക്കത്തിലായിരുന്നതിനാൽ ആശാന് രക്ഷപ്പെടാനായില്ല. ആശാന്റെ മരണം വരെയുള്ള ജീവിതവും ആശാനും നാരായണഗുരുവും തമ്മിലുള്ള ബന്ധവും നോവലിലുണ്ട്. ഈഴവ സമൂഹത്തിലുണ്ടാവുന്ന ഉണർവ്വ്, അവരുടെ വൈദ്യവൃത്തിയിലുള്ള പ്രാവീണ്യം, ഈ സമുദായവുമായി ബന്ധം പുലർത്തുന്ന മറ്റു സമുദായങ്ങളിലെ ജീവിതം, ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ, അതുളവാക്കുന്ന സാമൂഹിക ചലനങ്ങൾ തുടങ്ങിയവയും ആഖ്യാനവിധേയമാവുന്നു. അതോടൊപ്പം, രാജാരവിവർമ്മയുടെ അനുജൻ രാജരാജവർമ്മയുടെ പത്നിയായി ചെറിയ പ്രായത്തിൽത്തന്നെ മാറുന്ന ജാനകിയമ്മയുടെ ജീവിതവും നോവലിന്റെ പ്രധാന വിഷയമായി തീരുന്നുണ്ട്.
ജാനകിയമ്മ ചെറിയ പ്രായത്തിൽ തന്നെ വിധവയാകുകയും പിന്നീട് വീണ്ടും വിവാഹം കഴിക്കുകയും അതും പരാജയപ്പെടുകയും ഒടുവിൽ അനിയത്തിയുടെ മരണത്തെ തുടർന്ന് അനിയത്തിയുടെ ഭർത്താവും എഴുത്തുകാരനുമായ സി.വി. രാമൻപിള്ളയുടെ ഭാര്യയായി തീരുകയും സി.വിയുടെ എഴുത്തു ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ജാനകിയമ്മയുടെ കുട്ടിക്കാലത്ത് അവരെ പ്രണയിച്ച ഉണ്ണിക്കൃഷ്ണൻ പീതാംബരൻ വൈദ്യന്റെ അടുത്ത കൂട്ടുകാരനായിരുന്നു. അയാളുടെ പിതാവും വൈദ്യരായിരുന്നു. ജാനകിയമ്മയെ പിന്തുടർന്ന് തിരുവനന്തത്ത് എത്തുന്ന ഉണ്ണിക്കൃഷ്ണൻ തന്റെ ബന്ധുവിന്റെ സഹായിയായി വൈദ്യശാലയിൽ പ്രവർത്തിക്കുകയും പിന്നീട് ഒരു പുരോഹിതനുമായുള്ള അടുപ്പത്തെ തുടർന്ന് ക്രിസ്തുമതം സ്വീകരിച്ച് പ്രേഷിതവൃത്തിയിൽ ഏർപ്പെടുകയും ചെയ്യുന്നു.
കെ റെയിൽ പോലുള്ള പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായി കേരളജനത വിഭജിക്കപ്പെടുന്ന ഒരു ഘട്ടത്തിലാണ് ഈ നോവൽ പ്രസിദ്ധീകരിക്കുന്നത്.
മുല്ലപ്പെരിയാർ ഡാമിന്റെ നിർമ്മാണവേളയിൽ, രോഗികളായി മാറുന്നവർക്ക് ശുശൂഷ നൽകാനും മരിക്കുന്നവരുടെ സംസ്കാരം നിർവഹിക്കാനും യോഹന്നാൻ എന്ന ഈ പുരോഹിതൻ മുന്നിട്ടിറങ്ങുന്നു. നമ്മുടെ ആധുനികവൽക്കരണത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന മുല്ലപ്പെരിയാർ ഡാമിന്റെ നിർമ്മിതിയിൽ ഉള്ളടങ്ങുന്ന, പരിസ്ഥിതിക്ക് വിനാശകരവും എന്നാൽ സാമൂഹികമായി ഗുണകരവുമായ ആയ ഘടകങ്ങളിലേക്ക് ഈ കഥാപാത്രത്തിലൂടെ അജയകുമാർ നമ്മുടെ ശ്രദ്ധ തിരിക്കുന്നു. വികസനത്തിലും ജനാധിപത്യവൽക്കരണത്തിലും ജീവിതഗുണനിലവാരം ഉയർത്തുന്നതിലും വൻകിട പദ്ധതികൾ വഹിച്ച പങ്ക് ആഖ്യാനം ചെയ്ത്, വർത്തമാനകാലത്തെ കോർപ്പറേറ്റുവൽക്കരണത്തിലേക്ക് നോവലിസ്റ്റ് ശ്രദ്ധ ക്ഷണിക്കുന്നു.
വൻകിട പദ്ധതികളുടെ കൺസൾട്ടന്റായി പ്രവർത്തിക്കുകയും ലോകമെങ്ങും സഞ്ചരിക്കുകയും ചെയ്യുന്ന വിമൽകുമാർ എന്ന കഥാപാത്രത്തിലൂടെയാണ് ഈ വിഷയത്തിൽ ആഖ്യാനം മുന്നോട്ടുപോകുന്നത്. വൻകിട പദ്ധതികൾ നടപ്പിൽ വരുത്തുന്നതാണ് വികസനം എന്ന പ്രമാണത്തിലക്ക് ഭരണാധികാരികൾ എത്തുന്നതോടെ കോർപ്പറേറ്റ് ശക്തികൾക്ക് - അദാനിമാരും അംബാനിമാരും അടക്കമുള്ള കോർപറേറ്റ് മുതലാളിമാർക്ക് - വലിയ സൗകര്യങ്ങളും ഇളവുകളും ചെയ്തുകൊടുക്കുന്നത് തങ്ങളുടെ കടമയായി ഭരണാധികാരികൾ കാണുന്നിടത്തേക്ക് കാര്യങ്ങൾ എത്തുന്നു. പി പി പി എന്നു പറയുന്ന പബ്ലിക്ക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ രീതിയിൽ സ്വകാര്യ മൂലധനവും സർക്കാരും കൈകോർത്ത് നടപ്പാക്കുന്ന വൻകിട പദ്ധതികളുടെ മെക്കാനിസത്തെ കുറിച്ച്, അതിന്റെ പിന്നിലെ മുതലാളിത്ത ചൂഷണത്തെ കുറിച്ച്, കോർപ്പറേറ്റുവൽക്കരണം പ്രകൃതിയിലും ജീവിതത്തിലും ഉണ്ടാക്കുന്ന കെടുതികളെ കുറിച്ചുമൊക്കെ നോവൽ പ്രതിപാദിക്കുന്നു.
കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളിലൂടെ, അവരുടെ വിചാരങ്ങളിലൂടെ, അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ഇതൊക്കെ വെളിപ്പെടുന്നത്. ഉൽപ്പാദനശക്തികൾ അനുവദിക്കുന്നിടത്തോളം ഉൽപ്പാദനശക്തികൾ വളരുക തന്നെ ചെയ്യും. വികസനം ജനങ്ങളെ, അവരുടെ ജീവിതത്തെ ഗുണപരമായി മെച്ചപ്പെടുത്തുന്നതായിരിക്കണം. ഒപ്പം പ്രകൃതിയുമായി ഒത്തുപോകുന്നതുമായിരിക്കണം. ഈ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കേണ്ട സന്ദർഭമാണിത്. അന്ധമായ മുതലാളിത്തത്തിന്റെ ലാഭോന്മുഖമായ വികസനക്കുതിപ്പിന്റെ ദുരന്തകരമായ ഉദാഹരണമായി ഹിമാലയത്തിന്റെ താഴ്‌വാര പ്രദേശമായ ജോഷി മഠ് നമ്മുടെ മുന്നിലുണ്ട്.
കെ റെയിൽ പോലുള്ള പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായി കേരളജനത വിഭജിക്കപ്പെടുന്ന ഒരു ഘട്ടത്തിലാണ് ഈ നോവൽ പ്രസിദ്ധപ്പെടുന്നത്. കെ- റെയിൽ അനിവാര്യമാണെന്നും പദ്ധതി നടപ്പാക്കുന്നത് പാരിസ്ഥിതികാഘാതം പരമാവധി കുറച്ചുകൊണ്ടും ആയിരിക്കും എന്ന് ഇടതുപക്ഷ സർക്കാർ ആവർത്തിക്കുന്നുണ്ട്. മുതലാളിത്തത്തിന്റെ അന്ധമായ കുതിപ്പിൽ പ്രകൃതിവിഭവങ്ങൾ തീർന്ന് ഭൂമി തന്നെ നാളെ വേസ്റ്റായി മാറിപ്പോകുന്ന അവസ്ഥ വന്നു ചേരാമെന്ന സ്റ്റീഫൻ ഹോക്കിങ്ങിന്റെ മുന്നറിയിപ്പ് നമ്മളോർക്കുന്നുണ്ട്. മാർക്സ് പറഞ്ഞതു പോലെ, മുതലാളിത്ത മൂലധനം രാജ്യാതിർത്തികൾ കടന്ന് ലോകത്തെ മുഴുവനായും കീഴ്പ്പെടുത്തുമ്പോൾ, പ്രകൃതിയെ പൂർണമായും ചൂഷണം ചെയ്ത് ഇല്ലാതാക്കുമ്പോൾ, ഭൂമി തന്നെ ഒരു ചവറ്റു കൂമ്പാരമായി മാറിപ്പോയേക്കാം. സമ്പന്നരായ കുറച്ചുപേർക്ക് ദീർഘകാല ആയുസും അതിമാനുഷശേഷികളും ശാസ്ത്രസങ്കേതിക വിദ്യ നൽകിയേക്കാം. മറ്റൊരു ഗ്രഹത്തിൽ പാർക്കുന്നതിനുള്ള സൗകര്യങ്ങൾ അവർക്ക് ഒരുക്കിക്കൊടുത്തേക്കാം. യുവൽ നോവ ഹരാരി എന്ന ഇസ്രയേലി ചിന്തകൻ പറഞ്ഞതുപോലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ വെറും ഹ്യൂമൻ വേസ്റ്റായി കരുതി ഉന്മൂലനവിധേയമാക്കാം. അർഹതയുള്ളവയുടെ അതിജീവനം എന്നത് സമ്പന്നരുടെ അതിജീവനം എന്നായി മാറിയിരിക്കുന്നു. എന്നാൽ ശാസ്ത്രവും സാങ്കേതിക വിദ്യയും ജനപക്ഷത്തിന്റെ ഭാഗമായി ഉപയോഗിക്കുക സാധ്യമാണ് എന്നും ഇക്കാലം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.
കോവിഡ് കോടിക്കണക്കിന് മനുഷ്യരുടെ ജീവൻ അപഹരിച്ചുവെങ്കിലും അതിനെതിരെ പോരാടുവാനും ശാസ്ത്രത്തിന്റെ സഹായത്തോടെ അതിനെ നിയന്ത്രണവിധേയമാക്കുവാനും കഴിഞ്ഞത് ജനാധിപത്യത്തിന്റെ വിജയമാണ്. പ്രതിബദ്ധമായ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കോർപറേറ്റ് മുതലാളിത്തത്തിന്റെ വിനാശകരമായ ചൂഷണത്തിന് തടയിടുവാനും ജനങ്ങളുടെ അതിജീവനം സാധ്യമാക്കുവാനും സർവീലൻസ് ക്യാപ്പിറ്റലിസത്തിന്റെ, ഡിജിറ്റൽ മുതലാളിത്തത്തിന്റെ, ബഹുരാഷ്ട്ര കുത്തക മൂലധനത്തിന്റെ, ക്രോണി ക്യാപ്പിറ്റലിസത്തിന്റെ, സാമ്രാജ്യത്തിന്റെ, സമഗ്രാധിപത്യത്തിന്റെ, ഹിന്ദുത്വ ഫാഷിസത്തിന്റെ ഭീഷണികൾക്കു നടുവിലും സാധ്യമാകുമെന്ന പ്രതീക്ഷയ്ക്ക് ശക്തി പകരാൻ ഈ നോവലിന് പരോക്ഷമായി കഴിയുന്നുണ്ട്.
നിഴൽക്കളങ്ങൾ എന്ന ഈ നോവൽ വായിക്കുമ്പോൾ നമ്മൾ നമ്മളെ തന്നെ, നമ്മുടെ സമൂഹഗതിയെ വായനയ്ക്ക് വിധേയമാക്കുകയാണ്. വൈകാരികവും വൈചാരികവും ആയ വായനാനുഭവത്തിലൂടെ നമ്മുടെ ചിന്തയിൽ, ബോധത്തിൽ ജാഗ്രത്തായ അനുഭവമായി ഈ നോവൽ മാറുന്നു. ഹിന്ദുത്വ ഫാഷിസത്തിന്റെ ഭീതിദമായ സാന്നിധ്യം ജനാധിപത്യത്തിന്റെ ഹൃദയം തന്നെ കാർന്നെടുക്കുന്ന വർത്തമാന കാലത്തിന്റെ ഇരുണ്ടചിത്രം പങ്കുവച്ചുകൊണ്ടാണ് ഈ നോവൽ അവസാനിക്കുന്നത്. കോർപ്പറേറ്റ് മൂലധന ശക്തികളും ഹിന്ദുത്വ ഫാഷിസവും ചേർന്ന് വ്യക്തികളുടെ പ്രതിരോധ ശ്രമങ്ങളെ ചവിട്ടിയരച്ചു മുന്നേറുന്ന കാഴ്ച വരച്ചുവയ്ക്കുമ്പോഴും അത് ഒരു അഭാവത്തെക്കൂടി സൂചിപ്പിക്കുന്നുണ്ട്. സംഘടിതമായ പ്രസ്ഥാനരൂപം ആർജിക്കുകയും ജനാധിപത്യപരമായ രാഷ്ട്രീയാശയങ്ങളാൽ പ്രചോദിതമാക്കുകയും ബഹുജന പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്ന പ്രതിരോധ പ്രസ്ഥാനത്തിന്റെ അഭാവം. നോവലിസ്റ്റ് ഈ അഭാവത്തിന്റെ സൂചനയിലൂടെ വർത്തമാനകാല ഇന്ത്യയിൽ ശക്തിപ്പെടേണ്ട ജനാധിപത്യ പ്രതിരോധ പ്രസ്ഥാനത്തിന്റെ ആവശ്യകതയിലേക്ക് വായനക്കാരുടെ ബോധത്തെ ഉണർത്തുന്നു.