ഷീലാ ടോമി

എഴുത്തിന്റെ ഹൃദയം കൊണ്ട്​ പരിഭാഷപ്പെടുത്തിയ സ്വാതന്ത്ര്യത്തിന്റെ ഭരണഘടന

അഭയാർഥിയുടെ ഹൃദയഭാരം മുഴുവൻ താങ്ങുന്ന കൃതി. മലയാള നോവൽപ്പരപ്പിൽ അതേ മേഘദൃശ്യം ഈ കൃതിയുടെ ഛായയിൽ ഞാനും കാണുന്നു. ഷീലാ ടോമിയുടെ ‘ആ നദിയോട് പേരു ചോദിക്കരുത്' എന്ന നോവലിന്റെ വായന.

ഷീലാ ടോമിയുടെ നോവൽ ‘വല്ലി' ജെ.സി.ബി. പുരസ്‌കാരത്തിന്റെ ലോങ്​ ലിസ്റ്റിൽ ഇടംനേടിയ അവസരത്തിൽ ഷീലയുടെ പുതിയ നോവലും വായനക്കെത്തിയിരിക്കുന്നു; ‘ആ നദിയോട് പേരു ചോദിക്കരുത്'.

പുതിയ കൃതി കൈയിലെടുക്കുമ്പോൾ, നിശ്ചയമായും, പുരാതനമായ ഭൂപടങ്ങളിലേക്ക് തിരിയും നമ്മുടെ സഞ്ചാരദിശ. വായനയെന്നൊന്നും അതിനെ വകയിരുത്തരുത്. പുസ്തകമെന്ന പരിപ്രേക്ഷ്യത്തിൽനിന്ന് നാം പുറത്തുകടക്കും. പല നൂറ്റാണ്ടുകൾ പിന്നിടുന്ന സഞ്ചാരിയായി കഴിഞ്ഞതോ വരാനിരിക്കുന്നതോ ആയ വൃത്താന്തങ്ങൾക്കു കാതോർത്ത്, കഥയുടെ കവാടം തുറന്ന് കാലത്തിന്റെ ക്രമത്തോട് നമ്മൾ വിടപറയുകയായി.

ആ നദിയോട് പേരു ചോദിക്കരുത്. പേരുകൊണ്ട് പലായനത്തിന്റെ രേഖാചിത്രം; ഉള്ളംകൊണ്ട് തീർഥാടനം, രക്തധാരകൊണ്ട് ആന്തരികകവചം, കാവ്യരഹസ്യംകൊണ്ട് ക്രാഫ്റ്റ്, കഥാപാത്രങ്ങളെകൊണ്ട് ഹൃദയജ്യാമിതി, വചനംകൊണ്ട് രാഷ്ട്രീയഭൂപടം, ഭാഷകൊണ്ട് സമരോത്സുകം... സൗമ്യതയില്ലാത്ത വായനാച്ചുഴിയിലേക്ക് വായനക്കാർ വലിച്ചുതാഴ്ത്തപ്പെടും, തീർച്ച

നോവലിന്റെ സാങ്കേതികവിദ്യയുടെ വിജയം, അത് വായനക്കാരെ കൈയിലൊതുക്കിയോ എന്നതല്ല. റോക്കറ്റിന്റെ സാങ്കേതിക ‘നിർവൃതി' അത് ലക്ഷ്യം പൂർത്തീകരിച്ചോയെന്നതു മാത്രമായിരിക്കാം. വിക്ഷേപണകൃത്യം കണ്ടുനിൽക്കുന്നവരുണ്ടാവാം. അത്തരക്കാരാണ്, പുസ്തകത്തിന്റെ കാര്യത്തിൽ, പലപ്പോഴും വായനക്കാർ. ഓരോരുത്തരുടെയും യുക്ത്യനുഭവങ്ങൾക്കൊത്ത് നോവൽ പരിഭാഷപ്പെടണമെന്നില്ല. സ്വന്തമായ വളർച്ചയും രൂപാന്തരവും പൂർത്തീകരണവും കൃതി സ്വയം സഫലമാക്കുന്നുണ്ട്. സ്രഷ്ടാവു കൂടി ഒടുവിൽ പുറത്താവണം. ‘കർത്താവിന്റെ മരണ’മെന്ന ആശയം റൊളാങ് ബർത്ത് ഉയർത്തിയതിന്റെ അനുധ്വനിയാണിത്. ഒരേസമയം സന്ദർശകരെ അപരിചിതരും പരിചിതരുമാക്കുന്ന ഒരു പ്രവിശ്യയായി ഇവിടെ നോവൽ പെരുമാറുന്നു. ആഖ്യാനത്തിന്റെ പുതിയൊരു സംവിധാനത്തിലാണ് അതിനുള്ള വിദ്യ ഘടിപ്പിച്ചിരിക്കുന്നത്.

കാഴ്ചപ്പാടുപ്രകാരം, നോവൽ സാമൂഹ്യജ്യാമിതിയുടെ കലയാണ്; അതിന്റെ സാംസ്‌കാരികമായ പാഠമാണ്; ദേശം, കാലം, മാനവസത്ത എന്നിവയാൽ മുദ്രവയ്ക്കപ്പെട്ട ജൈവഭാഷയുടെ സ്വരാവലികളാണ്. അവയൊക്കെ ബാധകമാണ് ഈ നോവലിനും. കൂടാതെ, ഭാഷയ്ക്കുളളിലെ കാലതരംഗങ്ങളും ചരിത്രപിന്നണിയുടെ പുതുക്കലും അനുഭവങ്ങൾ തമ്മിലുള്ള യുദ്ധസംഹിതയും തത്വചിന്തയുടെ പ്രശ്‌നത്തുടർച്ചയും ഈ കൃതിയെ സവിശേഷമാക്കുകയും ചെയ്യുന്നു. നമ്മൾ പ്രാചീനത, ആധുനികത എന്നമട്ടിൽ കാലവിഭജനങ്ങളുടെ വികലമായ അന്തഃസ്സാരം കെട്ടിച്ചമയ്ക്കുന്നതൊന്നും നോവൽ കാര്യമാക്കുന്നില്ല. രണ്ടു യുഗങ്ങളെ കോർത്തിണക്കി ഒരു സമവാക്യം അനായാസം രൂപപ്പെടുത്തിയിട്ടുണ്ട് ഇതിൽ നോവലിസ്റ്റ്. അതിനു പാകത്തിൽ രൂപപരമായ അന്വേഷണം കൂടിയായി മാറുന്നു രചന. ഇന്നത്തെ സംസ്‌കൃതിയെ ബിബ്ലിക്കലായി പകർത്താനുള്ള ഒരു യുക്തിയുടെ വർത്തനം. ഒപ്പം പ്രാചീന നസ്രെത്തിലെ നാട്ടോർമകളുടെ ആധുനികീകരണവും. വാക്ക് എന്ന മാധ്യമം യുഗപരമാണ്. ചിലപ്പോൾ വാക്ക് കടങ്കഥയാവുന്നു. മലയാളത്തിന്റെ ഭാഷാപ്പഴമ പുരാതന നസ്രെത്തോളം നീണ്ടുപോകുന്നതായി ഒരുവേള നമ്മൾ വിജൃംഭിതരായേക്കും. അത്തരത്തിൽ, രണ്ടു യുഗങ്ങൾക്കിടയിലെ പ്രതിസന്ധി മനോഹരമായി പരിഹരിക്കുന്നുവെന്നതാണ് ഈ കൃതിയുടെ കരുത്ത്. നോവൽ ക്രിസ്തുവിന്റെ സ്വന്തം നക്ഷത്രദേശമായി പരിണമിക്കുന്നത് നമ്മളറിയുന്നു. അങ്ങനെയൊരു പരീക്ഷണമാവാം നോവലിസ്റ്റിന്റെ നിയോഗം.

ശൈലീപരമായ ദ്വിമാനതയേക്കാൾ ചരിത്രത്തിന്റെ ത്രിമാനതയാണ് ഇവിടെ പ്രകടമാകുന്നത്. ചരിത്രവും പ്രതിചരിത്രവും ചേരുന്ന സമയഘടനയുടെ പ്രതിബിംബം പകർത്തുന്നതാണ് ആ ത്രിമാനത. അന്നത്തെ പ്രതിച്ഛന്ദം പതിഞ്ഞുകിടക്കുന്നത് കാലരഹിതമായാണ്. യേശുവിന്റെ അനേകം ഛായകൾ കാലാന്തരങ്ങളിൽ പ്രതിബിംബിക്കുന്നു. ഇന്നും എത്രയെത്ര കുരിശുമരണങ്ങൾ. ആധുനികവും പ്രാചീനവുമായ രണ്ടു ദേശങ്ങളുടെ അഭിമുഖം അന്നിന്റെ ദിവ്യമായ പരാജയത്തെയും ഇന്നിന്റെ ദുർധരമായ വിജയത്തെയും വെളിപ്പെടുത്തുന്നുണ്ട്. അതിനായി ഘടികാരം അതിന്റെ കർക്കശമായ കറക്കം പൂർത്തിയാക്കുന്നു. സമയത്തിന്റെ മായകൾക്കിടയിൽ പെടുന്നു നമ്മുടെ കാഴ്ചയും. കൃതിയുടെ അകത്തോ പുറത്തോ എവിടെയാണ് സംഭവിക്കുന്നതെന്ന കുഴപ്പത്തിൽ ചാടാതിരിക്കില്ല വായന. അതിനാൽ, കൃതിയിൽ ആധുനികതയുടെ മിഴി പ്രവർത്തിക്കുന്നതൊന്നും നമ്മൾ ശ്രദ്ധിക്കണമെന്നില്ല; ഭാഷയുടെ പരിവേഷം പുരാതനധ്വനിയോടെ പുതുക്കപ്പെടുന്നത് നമ്മൾ തിരിച്ചറിയണമെന്നില്ല; കഥാപാത്രങ്ങളുടെ പാദമുദ്രകൾ പുതുരൂപം കൈവരിച്ചതും നമ്മൾ കാണണമെന്നില്ല; എന്തിനേറെ, മട്ടിൽ വന്ന മാറ്റം പോലും നമ്മുടെ ശ്രദ്ധയിൽ വരില്ല... (കഥ തീരുംമുമ്പ് ഇറങ്ങിപ്പോയൊരാൾ എന്ന തുടക്കത്തിലെ ഘടിത തന്നെ കൈയ്യടി നേടുന്നതാണ്).

വായന തുടങ്ങിക്കഴിഞ്ഞാൽ പിന്നെ പുസ്തകം നമ്മുടെ കൺമുന്നിലില്ല. പകരം, പേരറിയാത്ത നദിയോ നമ്മളോ ഒഴുകുന്നുണ്ടാകും. ഒരുപക്ഷെ രണ്ടും. സമാന്തരമോ അന്യോന്യം മുറിച്ചുകടക്കുന്നതോ ആയ വികാരത്തിന്റെ ചലനവിധി പലതാകാം. കൃതിയുടെ പേര് ഒന്നുകൂടി എഴുതാം: ആ നദിയോട് പേരു ചോദിക്കരുത്. പേരുകൊണ്ട് പലായനത്തിന്റെ രേഖാചിത്രം; ഉള്ളംകൊണ്ട് തീർഥാടനം, രക്തധാരകൊണ്ട് ആന്തരികകവചം, കാവ്യരഹസ്യംകൊണ്ട് ക്രാഫ്റ്റ്, കഥാപാത്രങ്ങളെകൊണ്ട് ഹൃദയജ്യാമിതി, വചനംകൊണ്ട് രാഷ്ട്രീയഭൂപടം, ഭാഷകൊണ്ട് സമരോത്സുകം... സൗമ്യതയില്ലാത്ത വായനാച്ചുഴിയിലേക്ക് വായനക്കാർ വലിച്ചുതാഴ്ത്തപ്പെടും, തീർച്ച. ഇതിലെ അക്ഷരവും എഴുത്തും നാടുകടത്തപ്പെടുന്ന പടമലയുടേത്. സ്വരവും വെളിച്ചവും യുഗമുറിവുകളിലൂടെ നാടുതാണ്ടിയ നസ്രെത്തിന്റേതും. നിശ്ശബ്ദതയുടെ ഒറ്റുകൊടുക്കൽ; ഇരുട്ടിന്റെ ബലി; രക്തമായൊഴുകുന്നത് വിധിയുടെ പ്രായശ്ചിത്തം; മാംസമായി മുറിയുന്നത് ഉയിർത്തെഴുന്നേറ്റ വിശുദ്ധരൂപം. അതിന്റെ സാക്ഷിപ്രവാഹമാണ്, ഇതിവൃത്തം. ഏതോ മറുകരയിലേക്ക് അതിനൊരു ലക്ഷ്യമുണ്ട്.

ഭാവസംഘർഷങ്ങളിലൂടെ, പ്രണയപാളങ്ങളിലൂടെ, ഹൃദയമർമങ്ങളിലൂടെ, യുദ്ധപഥങ്ങളിലൂടെ... അതിന്റെ സഞ്ചാരപാത അനിശ്ചിതമാണ്. പൂരിപ്പിക്കപ്പെടാത്ത കർമഫലങ്ങളിലാണ് പതനം. വിമോചനത്തിന്റെ വില ഇനിയും നിശ്ചയിക്കപ്പെടാത്ത സ്വപ്നവ്യാപാരങ്ങളാണ് നിർണയിക്കേണ്ടത്. ‘വല്ലി'ക്കുശേഷം ഷീലാ ടോമി ഈ പ്രവാഹത്തിലിറങ്ങിയത് ഭാവനയുടെ മറുകര ഗണിച്ചാണ്. പടമലയുടെ പ്രതിബിംബമായി നസ്രെത്തിനെ അനാവരണം ചെയ്യണം; തന്റേതായ രൂപങ്ങളിൽ തിരുമുറിവുകൾ കോറിയിടണം; യുഗവിപര്യയത്തിന്റെ സമയസന്ധിയിൽ ക്രിസ്തുവിന് മറുരൂപമെഴുതണം; കുരിശിനെ കടങ്കഥയിൽ കെട്ടിയിടണം. വ്യക്തിയുടെ പ്രതിഛായകളാണ് കഥാപാത്രങ്ങളെങ്കിൽ, ദേശത്തിന്റെ പ്രതിബിംബിതങ്ങളെയാണ് നോവൽ ഭൂമികയാക്കുന്നത്. അഭൗമതലങ്ങളിൽ വിഹരിക്കുന്ന പകലും രാവുമാണ് അതിൽ ദിനബോധം സംവിധാനംചെയ്യുന്നത്. ജീവിതം അതിന്റെ മറുകര കടന്നാണ് നോവലിന്റെ ശയ്യകളിലെത്തുക. അതിജീവനകഥാപാത്രങ്ങളെയാണ് ദൃശ്യവിളുമ്പിൽ നമ്മൾ കാണുക. നമ്മളിൽ അവരുടെ നിഴൽ പതിയും. പുരാതനമനുഷ്യരുടെയും ചൈതന്യരൂപങ്ങളുടെയുമൊക്കെ ഛായകൾ അക്കൂട്ടത്തിലുണ്ടാകും.

‘... മറിയം നിലാവിലേക്ക് നടക്കും. ഒട്ടുനേരം റൂത്ത് അവളുടെ പോക്കിൽ മിഴിയൂന്നി നിൽക്കും. കാണെക്കാണെ മറിയം നിലാവാകും. ആ നേരത്ത് എങ്ങുനിന്നോ ഒരു ഗാനം ഒഴുകിവരും. മരണത്തോളമെത്തുന്ന ഏകാന്തതയെക്കുറിച്ച് റൂത്തിനപ്പോൾ നൂറ്റിയൊന്നാം പ്രാവശ്യവും ഓർമ വരും. അവൾ മെല്ലെ പടമലയിലേക്ക് പതുങ്ങിക്കയറും. കരച്ചിലിന്റെ ഒരു തുണ്ടുകണക്കെ ആൽബിക്കും തീസയ്ക്കും കാത്തുവിനുമിടയിൽ ഞെങ്ങിഞെരുങ്ങിക്കിടക്കും. ശാലോമിലെ പ്രാവുകളുടെ കുറുകൽ കേട്ട് വെളുപ്പിന് കണ്ണുതുറക്കുവോളം, കാലദേശങ്ങൾക്കിടയിൽ ആടിക്കളിച്ചങ്ങനെ...' (പേജ്-48) മറിയം മറ്റേതെങ്കിലും കഥാപാത്രമല്ല. സാക്ഷാൽ കന്യാമറിയം തന്നെ.

കാലത്തിന്റെ ഇരുധ്രുവങ്ങളിലും ആന്ദോളമാടിയാലേ എഴുത്തുകാർക്ക് കഥയെ കൂട്ടിമുട്ടിക്കാനാവൂ. ദൃശ്യത്താൽ വിഭജിക്കാനാവാത്ത അകവും പുറവും അവർക്ക് പകർത്തേണ്ടിവരും. വായനയുടെ ശരീരം കടമെടുത്തുകൊണ്ടാണ് നോവലിസ്റ്റ് ഈ സാഹസത്തിലൂടെയൊക്കെ സഞ്ചരിച്ചിരിക്കുക.

ദേശം, കാലം, ജീവിതം എന്നിവയെയും അവയോരോന്നിന്റെ പ്രതിസങ്കേതത്തെയും എഴുത്തിന്റെ ദർപ്പണം ഒന്നിച്ചു പ്രതിഫലിപ്പിച്ചാലേ നോവൽ ഉത്തമസൃഷ്ടിയാകൂ. ഭാഷയിൽ തന്നെ അതിന്റെ പ്രാഥമിക ദോലനം നടക്കുന്നുണ്ട്. ഈ എഴുത്തുകാരിയുടെ ഭാഷയിൽ അത്തരം ആന്റി ക്ലോക്ക് കാണാം. കഥയുടെ ചില മർമങ്ങൾ മുൻകൂർ തൊട്ടുകാണിക്കുന്നത് അതിന്റെ ലക്ഷണമാണ്. നോവൽഘടനയിൽതന്നെ മാന്ത്രികഘടികാരത്തിന്റെ അയനപ്രഹേളിക ദർശിക്കാം. പത്തുമിനിട്ടെടുക്കുന്ന ഒരു വഴിനടത്തം പോലും യുഗങ്ങളുടെ ദൈർഘ്യത്തിലാണ് ചരിക്കുന്നത്. ഒന്നുമായിരുന്നില്ല കാലം - ത്രികാലങ്ങൾ ഒന്നുമല്ലെന്ന് വെളിപ്പെടുത്താനുള്ള ദൃശ്യധീരത നോവൽ പ്രകടിപ്പിക്കുന്നു. സമയത്തോടടുക്കുമ്പോഴാണ് ഘടികാരത്തിന്റെ നിരർഥകത ബോധ്യപ്പെടുക. അതുപോലെ യുദ്ധത്തോടടുക്കുമ്പോഴാണ് സമാധാനത്തിന്റെ സമനില തെറ്റുന്നത്. യുദ്ധം ദൈവകല്പനകളെ മാറ്റിയെഴുതിക്കൊണ്ടിരുന്നത് ഷീല അനായാസം റിപ്പോർട്ട് ചെയ്യുന്നു.

വ്യക്തിയുടെ പ്രതിഛായകളാണ് കഥാപാത്രങ്ങളെങ്കിൽ, ദേശത്തിന്റെ പ്രതിബിംബിതങ്ങളെയാണ് നോവൽ ഭൂമികയാക്കുന്നത്. അഭൗമതലങ്ങളിൽ വിഹരിക്കുന്ന പകലും രാവുമാണ് അതിൽ ദിനബോധം സംവിധാനംചെയ്യുന്നത്. ജീവിതം അതിന്റെ മറുകര കടന്നാണ് നോവലിന്റെ ശയ്യകളിലെത്തുക. അതിജീവനകഥാപാത്രങ്ങളെയാണ് ദൃശ്യവിളുമ്പിൽ നമ്മൾ കാണുക. നമ്മളിൽ അവരുടെ നിഴൽ പതിയും. പുരാതനമനുഷ്യരുടെയും ചൈതന്യരൂപങ്ങളുടെയുമൊക്കെ ഛായകൾ അക്കൂട്ടത്തിലുണ്ടാകും.

അബായകൾ വിൽക്കുന്ന ബാബയുടെ മകനെ ഇസ്രയേലി പൊലീസ് പിടിച്ചപ്പോൾ അയാൾ സങ്കടത്തിലും രോഷത്തിലുമായി.
‘അവൻ എറിഞ്ഞത് വെറും കല്ലല്ലേ ബാബ?'
‘അതുതന്നെയാണ് പ്രശ്‌നം. അവനെറിഞ്ഞ ഒരു കല്ലിനു പകരം ഈ രാത്രി അവർ എത്ര മിസൈലുകൾ പറത്തും? എത്ര പലസ്തീനികളുടെ ജീവനെടുക്കും?' (പേജ്-21)

വെറുമൊരു കല്ലുമതി മിസൈൽയുദ്ധത്തിന്റെ കെട്ടഴിക്കാൻ. യുദ്ധവ്യാപാരികൾക്ക് വൻകിട വിപണികൾ തുറന്നുകിട്ടിയേ പറ്റൂ. ചരിത്രത്തെ എത്ര നിരർഥകമായി ചുരുട്ടിക്കെട്ടാമെന്ന് ആയുധഭീമത്വം എന്നോ പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. അതിനിടയിൽ സമാധാനത്തിനും ശാന്തിക്കും സ്‌നേഹദൂതർക്കും ഒളിവിൽപോകാതെ വയ്യ.

‘ചിലപ്പോൾ നമ്മുടെ പ്രകാശമായിരിക്കാം നമ്മളെ ഒറ്റിക്കൊടുക്കുന്നത്.' (പേജ്-22)

ബാബയെന്ന വൃദ്ധന്റെ ദീർഘനിശ്വാസം നമുക്കു കേൾക്കാം. വെട്ടത്തിന്റെ ഈ രഹസ്യചതിക്കുഴി കണ്ടെത്തുന്നുവെന്നതാണ് നോവലിന്റെ രാഷ്ട്രീയമഹത്വം.
അഭയഭൂപടത്തിന്റെ ചാമ്പൽ കൈപ്പിടിയിലൊതുക്കി വിതുമ്പുന്ന ദൃശ്യം എത്രവട്ടം നമുക്ക് കാണേണ്ടിവരുന്നു. രണ്ടു കൊടികൾക്കിടയിൽ വിറങ്ങലിച്ചുകിടക്കുന്ന ഒരു മരപ്പാലത്തെ വഴിയിലെവിടെയോ കണ്ടു. രണ്ടു ദേശങ്ങൾക്കിടയിൽ പൂതലിച്ച പൊക്കിൾക്കൊടിപോലെ. അഭയാർഥികളുടെ ദിശ ചുഴറ്റിയെടുക്കുന്ന പ്രതിചരിത്രത്തിന്റെ നോട്ടപ്പുള്ളിയായി - ‘മുന്നിൽ ഒരു മരവിച്ച മരപ്പാലം. കാറ്റിലാടുന്ന പതാക. ചുവപ്പ്, വെള്ള, കറുപ്പ്, പച്ച...'
‘നോക്കൂ, ഇങ്ങേയറ്റത്ത് കാണുന്നത് ജോർദാൻ പതാക. അങ്ങേത്തലയ്ക്കൽ ഇസ്രായേൽ പതാക. കണ്ടില്ലേ, വെളുപ്പിൽ ദാവീദിന്റെ നീലനക്ഷത്രം. ഒരുപാട് കണ്ണീർ വീണിട്ടുണ്ടിവിടെ. പാലം കടക്കാൻ കാത്തിരുന്ന് മറഞ്ഞുപോയവർ... കൊല്ലപ്പെട്ടവർ... രേഖകളില്ലാത്തവർ... ജന്മദേശത്ത് കാലുകുത്താനാവാത്തവർ... നമുക്കറിയില്ല, കാൽക്കീഴിൽനിന്നും മണ്ണ് എടുത്തുമാറ്റപ്പെടുന്നവന്റെ നൊമ്പരം.'

തള്ളിമാറ്റപ്പെടുന്ന, ദേശീയതയുടെ, ജനവംശത്തിന്റെ, അരികുവത്കരിക്കപ്പെടുന്നവരുടെ, ഒറ്റപ്പെടുന്നവരുടെ ജീവചക്രത്തെ വരച്ചിടുന്നതിൽ വിദഗ്ധമായ ഒരു ഹൃദയമുണ്ട് ഈ നോവലിസ്റ്റിന്. ആ ഭാവചാതുര്യം, ‘ആരുമില്ലാത്തവരെ കേട്ടിരിക്കാൻ ജോലിക്കാരെ നിയമിക്കുന്ന കാലം ഉടൻ വരും' (പേജ്-46) എന്നെഴുതുന്നതിൽവരെ കാണാം. യുദ്ധത്തിന്റെ കഥ ഇനിയും ലോകം മനസ്സിലാക്കിയിട്ടില്ലെന്നതിന് നോവൽ അടിവരയിടുന്നു: ‘ലോകത്തിലെ ആറായിരത്തിലധികം ഭാഷകൾക്കും ഞങ്ങളുടെ കഥ ഉൾക്കൊള്ളാനാവില്ല. ഞങ്ങൾ, നോവലും പ്രബന്ധവും കവിതയും കണ്ണീരും കൂടിക്കുഴഞ്ഞവർ... നിങ്ങൾ എഴുതാൻ മടിക്കുന്ന സത്യമാണ് ഞങ്ങൾ...'

ഈ കൃതിയിലെ ‘അനാഥരുടെ പാഠശാലകൾ' എന്ന അധ്യായത്തിലൂടെ കടന്നുപോകുമ്പോൾ ആ സത്യം നമ്മുടെ മനസ്സിൽ തറച്ചുകേറും. നമ്മളെന്നും എഴുതപ്പെട്ടവ തേടുകയായിരുന്നു. എഴുതപ്പെടാത്ത സത്യങ്ങൾ അവഗണിക്കുകയും. സഹലിന്റെ ഈ ചൂണ്ടൽ എത്ര തീവ്രം! (പേജ്-125)
നോവലിലുടനീളം സഹലിനെ തിരയുകയാണ് അഷേർ. സഹൽ വിപ്ലവത്തിന്റെ തീനാളമാണ്. അതെവിടെയും കണ്ടെത്താനാവില്ലെന്നതിന്റെ ഒരടയാളം / അന്തിമവിധി ഈ നോവൽ കൊത്തിയിടുന്നു. പക്ഷെ, അവർ ഒന്നിച്ചാണ്. അന്യോന്യം നയിക്കുന്നവരാണ്. യുദ്ധത്തിന്റെ, ശത്രുതയുടെ, കരുനീക്കങ്ങളുടെ, ചതുരംഗതന്ത്രങ്ങളുടെ, മൊത്തവില്പനക്കാർ ഭരണകൂടങ്ങളാണ്. ജനങ്ങൾക്കോ, അവരുടെ അതിജീവനങ്ങൾക്കോ അതിൽ പങ്കില്ലെന്നതിന് ഈ നോവലിന്റെ ചരിത്രഛായ കണിശമായ തെളിവാണ്. (പേജ്-182 തെളിവ് തരും.)

വായനയ്ക്കിടയിൽ, വളരെ സുന്ദരമായ, സമയങ്ങളിൽ, ഇടങ്ങളിൽ, നോവലിസ്റ്റ്, എന്നെ കൊണ്ടുനിർത്തിയതിന്റെ വിസ്മയത്തിലാണ് ഞാൻ. ‘ആറുമണി നേരം. ദൂരെ ചാവു കടലിന്റെ നീലം. ജോർദാനിയൻ മൊവാബ് പർവതനിരകൾക്കും ചാവുകടലിനും മേലേ വിരിയുന്ന ഉദയവർണങ്ങളുടെ വിസ്മയം! ആ കാഴ്ച കാണാൻ ഈ പ്രപഞ്ചത്തിൽ രണ്ടേ രണ്ടു പേർ മാത്രം! മലയുടെ മുകൾപ്പരപ്പിലെ പഴയ പാണ്ടികശാലകളും ബൈസാന്റിയൻ ഗുഹയും കടന്ന് തോളോടുതോൾ ചേർന്നുനിന്നു.' (പേജ്- 271)

നോവലിനെ പുനർനിർവചിക്കേണ്ടുന്ന ഒരു ഘട്ടം ഈ കൃതി ഉയർത്തിക്കാട്ടുന്നുണ്ട്. പറയപ്പെടാനിരിക്കുന്ന ഒരു കഥയ്ക്കുവേണ്ടി കാത്തിരിക്കുന്ന കഥാപാത്രങ്ങളെ നമുക്കിവിടെയെല്ലാം കാണാം. കൃതിയുടെ സമയക്രമീകരണം, കഥാപാത്രസംഗമം, ഇതിവൃത്തത്തിന്റെ പുതുധാര, വീക്ഷണസൗന്ദര്യം... കുടുംബത്തിന്റെ നവസാംസ്‌കാരിക പരിപ്രേക്ഷ്യം നിർമിക്കുന്നതിൽവരെ അതിനു മാതൃകയുണ്ട്.

റൂത്തിന്റെ മകൾ തീസയെ പരിചയപ്പെടുത്തുന്ന ഒരു പരാമർശമുണ്ട്, ‘പെയ്യാനാവാതെ പുഴയിൽ വീണുകിടക്കുന്ന മേഘമാണവൾ, ആകാശത്തിന്റെ ഭാരം മുഴുവൻ താങ്ങുന്ന മേഘം.’ (പേജ്-117). ആ പ്രയോഗത്തിൽ ഈ കൃതിയുടെ മൊത്തം പരിപ്രേക്ഷ്യമുണ്ട്. അഭയാർഥിയുടെ ഹൃദയഭാരം മുഴുവൻ താങ്ങുന്ന കൃതി. മലയാള നോവൽപരപ്പിൽ അതേ മേഘദൃശ്യം - ഈ കൃതിയുടെ ഛായയിൽ ഞാനും കാണുന്നു.

നോവലിനെ പുനർനിർവചിക്കേണ്ടുന്ന ഒരു ഘട്ടം ഈ കൃതി ഉയർത്തിക്കാട്ടുന്നുണ്ട്. പറയപ്പെടാനിരിക്കുന്ന ഒരു കഥയ്ക്കുവേണ്ടി കാത്തിരിക്കുന്ന കഥാപാത്രങ്ങളെ നമുക്കിവിടെയെല്ലാം കാണാം. കൃതിയുടെ സമയക്രമീകരണം, കഥാപാത്രസംഗമം, ഇതിവൃത്തത്തിന്റെ പുതുധാര, വീക്ഷണസൗന്ദര്യം... കുടുംബത്തിന്റെ നവസാംസ്‌കാരിക പരിപ്രേക്ഷ്യം നിർമിക്കുന്നതിൽവരെ അതിനു മാതൃകയുണ്ട്. മെനഹേം കുടുംബത്തിന്റെ കോശഘടന നോക്കൂ. അധികാരത്തിന്റെ ചാട്ടവീശലില്ല, സ്‌നേഹഭാരങ്ങൾ ചുമക്കുന്നില്ല, ഹൃദയത്തിൽ വിടരുന്ന സ്വാതന്ത്ര്യത്തിന്റെ സുഗന്ധം ആ ഗൃഹത്തിൽ യഥേഷ്ടം പ്രസരിക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ ഭരണഘടന എഴുത്തിന്റെ ഹൃദയംകൊണ്ടു പരിഭാഷപ്പെടുത്തുമ്പോഴാണല്ലോ സംസ്‌കാരത്തിന്റെ പാരമ്യത്തിലേക്ക് ഒരു കൃതി വിലയം പ്രാപിക്കുക. ▮


എ. പത്​മനാഭൻ

കവി, നോവലിസ്​റ്റ്​, സാംസ്​കാരിക പ്രവർത്തകൻ. കൈരളി ബുക്​സ്​, അകം മാസിക, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുസ്തകവിഭാഗം എന്നിവയിൽ എഡിറ്ററായും ചാനലിൽ സ്​ക്രിപ്​റ്റ്​ റൈറ്ററായും പ്രവർത്തിച്ചു. കാവുമ്പായി കാർഷിക കലാപം (ചരിത്രം), ആകാശത്തിന്റെ കണ്ണാടി, ജൂൺ നക്ഷത്രം, വരച്ചുവച്ച വാതിൽ, സൂഫി മറഞ്ഞ നിലാവ് (കാവ്യസമാഹാരങ്ങൾ), ചിത്രപ്പറവകൾ (നോവൽ), ശബരിമല - വിചാരണയും വിധിയെഴുത്തും (എഡിറ്റർ) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments