പുതുകാല മനുഷ്യരെ ഹതാശരാക്കുന്ന
ഭരണകൂടം, കുടുംബം, മുതലാളിത്തം…

മനുഷ്യാവസ്ഥയെ ഭരണകൂടവും കുടുംബവ്യവസ്ഥിതിയും മുതലാളിത്ത ചൂഷണവും നിരന്തരം അന്യവത്കരിക്കുന്നതിന്റെയും പുതുകാല മനുഷ്യരെ ഹതാശരാക്കുന്നതിന്റെയും ശക്തമായ ആവിഷ്ക്കാരങ്ങളാണ് എം. സുധാകരന്റെ 'തിരഞ്ഞെടുത്ത കഥകൾ' എന്ന പുസ്തകത്തിലെ കഥകളിൽ കാണാൻ കഴിയുക- മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച എം. സുധാകരന്റെ തിരഞ്ഞെടുത്ത കഥകൾ’ എന്ന പുസ്തകത്തിന്റെ വായന, കെ.ടി. ദിനേശ്.

എം. സുധാകരന്റെ തിരഞ്ഞെടുത്ത 31 കഥകളുടെ സമാഹാരം അദ്ദേഹത്തിന്റെ ദേഹവിയോഗത്തിന് ഒരു വർഷം തികഞ്ഞ 2024 ആഗസ്റ്റിൽ മാതൃഭൂമി ബുക്സ് പുറത്തിറക്കിയിരിക്കുകയാണ്. ആധുനികത ജ്വലിച്ചു നിന്ന എഴുപതുകളുടെ അവസാന വർഷങ്ങളിൽ കഥയെഴുത്തിലേക്ക് കടന്ന സുധാകരൻ നൂറോളം കഥകൾ എഴുതിയിട്ടുണ്ട്. അവയിൽ നിന്ന് ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഈ കഥകൾ ജീവിതം എന്ന പ്രഹേളികയെക്കുറിച്ചുള്ള ആഴത്തിലുള്ള ചോദ്യങ്ങളാണ്. ചിലപ്പോൾ ആ ചോദ്യങ്ങൾ വായനക്കാരെ അഗ്നി കൊണ്ട് പുതപ്പിക്കുന്നു; ചിലപ്പോൾ കുരുക്കിൽ അകപ്പെടുത്തുന്നു. ഈ സമാഹാരത്തിനൊപ്പം ചേർത്തിരിക്കുന്ന എം. ടി. വാസുദേവൻ നായരുടെ കുറിപ്പിൽ നിരീക്ഷിച്ചപോലെ, "അനുഭവങ്ങളെ പ്രതിരൂപങ്ങളായി കാണാനും അപഗ്രഥിക്കുവാനുമാണ് സുധാകരന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് കഥകള്‍ ഇടയ്ക്ക് ചോദ്യങ്ങളായിത്തീരുന്നു. സമാനഹൃദയരുമായുള്ള സംവാദങ്ങളായും ചിലപ്പോള്‍ മാറുന്നു."

“Dying is an art, like everything else.
I do it exceptionally well.
I do it so it feels like hell.
I do it so it feels real.
I guess you could say I've a call.”

ആധുനികത ജ്വലിച്ചു നിന്ന എഴുപതുകളുടെ അവസാന വർഷങ്ങളിൽ കഥയെഴുത്തിലേക്ക് കടന്ന സുധാകരൻ നൂറോളം കഥകൾ എഴുതിയിട്ടുണ്ട്.
ആധുനികത ജ്വലിച്ചു നിന്ന എഴുപതുകളുടെ അവസാന വർഷങ്ങളിൽ കഥയെഴുത്തിലേക്ക് കടന്ന സുധാകരൻ നൂറോളം കഥകൾ എഴുതിയിട്ടുണ്ട്.

എം. സുധാകരൻ്റെ ജീവിതവും മരണവും കഥയും സിൽവിയാ പ്ലാത്തിന്റെ 'ലേഡി ലാസറസ്' എന്ന കവിതയിലെ മേലുദ്ധരിച്ച വരികളിൽ അടയാളപ്പെടുത്തിയ പോലാണ് പലപ്പോഴും. ഇതിലെ ചില കഥകളിൽ ജീവിതം മരണത്തിലേക്കുള്ള ഒരു യാത്ര മാത്രമാണ്. "മരണം വ്യർത്ഥമാക്കിയ ജീവിതത്തിനു നേരെ പുതിയ മനുഷ്യൻ കൈക്കൊണ്ട ജീവിതവീക്ഷണമാണ് ആധുനികത. നിഷേധികളുടെയും ക്ഷോഭിക്കുന്നവരുടെയും മൊഴിയാണത്”. 'എന്താണ് ആധുനികത' എന്ന തന്റെ നിരൂപണഗ്രന്ഥത്തിൽ എം. മുകുന്ദൻ ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്. ആധുനികതയുടെ സവിശേഷമമുദ്രകൾപേറുന്നവയാണ് ഈ സമാഹാരത്തിലെ മിക്ക കഥകളെങ്കിലും തന്റെമാത്രമായ ചില അടയാളപ്പെടുത്തലുകളും ഈ കഥകളിൽ എം. സുധാകരൻ സാധ്യമാക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിയും പലസ്തീൻ-ഇസ്രായേൽ യുദ്ധവും റഷ്യ-ഉക്രൈൻ യുദ്ധവും പ്രകൃതിക്ഷോഭങ്ങളും മരണത്തിന്റെ കരാളനൃത്തം ലോകമായയുദ്ധകാലങ്ങളിൽ അരങ്ങേറിയപോലെ വീണ്ടും നമുക്ക് മുന്നിലെത്തുമ്പോൾ മനുഷ്യ ജീവിതത്തിന്റെ ക്ഷണികതയും അർത്ഥരാഹിത്യവും നമ്മെ പൊള്ളിക്കുമ്പോൾ സുധാകരന്റെ കഥകൾ ആ യാഥാർഥ്യത്തിനുനേരെപിടിച്ച കണ്ണാടിയാവുന്നു.

ഈ സമാഹാരത്തിലെ ആദ്യ കഥ 'രണ്ടുകുന്നുകൾ' ജീവിതം എന്ന പ്രഹേളികയെ പലമട്ടിൽ അവതരിപ്പിക്കുന്നുണ്ട്. തിന്നുക രമിക്കുക എന്നീ ബേസിക് ഇൻസ്റ്റിൻക്റ്റുകൾ മാത്രമായി ചുരുങ്ങുന്ന വിരസ ദാമ്പത്യം ചിത്രീകരിക്കുന്ന കഥയായും പാരിസ്ഥിതിക സന്തുലിതാവസ്ഥ തകിടംമറിക്കുന്നതിലെ അപകടത്തിലേക്കു വിരൽചൂണ്ടുന്ന കഥയായും പറുദീസാനഷ്ടത്തിനു ശേഷം ഭൂമിയിൽ ജനിച്ചുവീണ ആദ്യമനുഷ്യരെ ഓർമിപ്പിക്കുന്ന ബിബ്ലിക്കൽ സൂചനയുള്ള കഥയായും വായിക്കപ്പെടാനുള്ള സാധ്യതകൾ ഇതിൽ കണ്ടെത്താം. കഥ കവിതയായി മാറുകയാണ് ഇവിടെ. മനുഷ്യനും പൂച്ചയും എലിയും ആണ് ഇതിലെ കഥാപാത്രങ്ങൾ. നാടുകടത്തപ്പെടുന്ന ആൺ പൂച്ചയും പെൺപൂച്ചയും . രണ്ടുകുന്നുകൾക്കിടയിലെ സ്ഥലരാശിയും അവിടെ ഭക്ഷണമായി ലഭിച്ച എലികളും ക്രമേണ എലികൾക്കു വംശനാശം സംഭവിക്കുന്നതും അത് പൂച്ചകളുടെ വംശനാശത്തിലേക്കു നയിക്കുന്നതും നാം കാണുന്നു. വേട്ടക്കാരൻ / ഇര എന്ന ദ്വന്ദം തകിടം മറിയുന്നതും ജീവിതം എന്ന കെണിയിൽ അകപ്പെട്ടവരായി നമ്മൾ മാറുന്നതും എം. സുധാകരൻ ഒരു കവിതയിൽ എന്നപോലെ ധ്വനിപ്പിക്കുന്നു.

സുധാകരൻ തന്റെ ബാല്യകാല അനുഭവങ്ങളിൽനിന്നു സൃഷ്ടിച്ചെടുത്ത കഥകൾ ആധുനികത മുന്നോട്ടുവച്ച ദുരന്തബോധത്തെയും അർത്ഥരാഹിത്യത്തെയും തന്റെ യൗവ്വനകാലാനുഭവ കഥകളുടെ മട്ടിലല്ല അവതരിപ്പിക്കുന്നത്. 'സായാഹ്നം' എന്ന കഥയിൽ തന്റെ ബാല്യകാല സുഹൃത്തതായ സുരേഷും താനും ഡിറ്റക്ടീവ് കഥകളുടെ വലിയ ആരാധകരായിരുന്നു എന്ന് പറയുന്നുണ്ട്. നാട്ടിലെ അറിയപ്പെടാത്ത ഇടങ്ങളിലേക്കും വ്യക്തികളിലേക്കും തങ്ങളുടെ അന്വേഷണം വ്യാപിപ്പിക്കുക എന്നതാണ് ഈ അഭിനവ ഡിറ്റക്റ്ററ്റീവ്‌മാരുടെ പണി. അപ്പോഴാണ് താടിയും മുടിയുമെല്ലാം ജഡകെട്ടിയ ആനന്ദതീർഥൻ എന്ന വിചിത്രമനുഷ്യൻ അവിടെ പ്രത്യക്ഷപ്പെടുന്നത്. വിചിത്രമായി പെരുമാറുന്ന ആനന്ദതീർഥൻ ഈ കുട്ടികളുടെ അന്വേഷണത്വരയെ വലിയ അളവിൽ ഉണർത്തുന്നു. ചന്ദ്രമതി ടീച്ചർ ക്ലാസെടുക്കുമ്പോൾപോലും കുട്ടിഡിറ്റക്ടീവായ കഥാകാരൻ ആനന്ദതീർഥനെക്കുറിച്ചാണ് ചിന്തിക്കുന്നത്. ടീച്ചറെ പകച്ചുനോക്കിയ നോട്ടം ശരിയല്ല എന്ന് തോന്നിയപ്പോൾ വിദ്യാർത്ഥിയായ കഥാകാരനെ സ്റ്റാഫ്റൂമിലേക്കു വിളിപ്പിക്കുന്നു. താൻ ആനന്ദതീർത്ഥനെകുറിച്ച് ചിന്തിക്കുകയായിരുന്നു എന്നാണ് കഥാകാരൻ ടീച്ചറോട് പറയുന്നത്. പിന്നീട് ചന്ദ്രമതി ടീച്ചർ ചോദിക്കുന്നുണ്ട് 'ആരാണ് ആനന്ദതീർത്ഥൻ?’ പക്ഷെ കുറച്ചുകാലങ്ങൾക്കുശേഷം പൊടുന്നനെ ഒരുദിവസം ആനന്ദതീർത്ഥൻ അപ്രത്യക്ഷനാവുന്നു.

മാസങ്ങൾകഴിഞ്ഞുപോകുന്നു. ചന്ദ്രമതിടീച്ചർ ആത്മഹത്യചെയ്യുന്നു. ഒടുവിൽ ആനന്ദതീർത്ഥൻ വർഷങ്ങൾക്കുശേഷം തിരിച്ചെത്തുന്നു. താടിയും മുടിയും ഒന്നുമില്ലാതെ. പുതിയ രൂപത്തിലും ഭാവത്തിലും ആന്ദതീർത്ഥനെ കണ്ട കഥാകാരൻ അയാളുടെ അടുത്തേക്ക് ഓടിച്ചെല്ലുന്നു. അപ്പോൾ ആനന്ദതീർത്ഥൻ കഥാകാരനോട് ഒറ്റ ചോദ്യമാണ്. 'ആരാ കുട്ടി ഈ ചന്ദ്രമതി ടീച്ചർ?’
കുരുക്കുകൾ അഴിക്കുന്ന ഡിറ്റക്ടീവുകളുടെ മുന്നിൽ കുരുക്കുകൾ മുറുകുന്നു. ഇങ്ങനെ ഡിറ്റക്ടീവ് കഥകളുടെ ചുവടുപിടിച്ച് എഴുതുമ്പോഴും ഉത്തരങ്ങൾ കണ്ടുപിടിക്കുകയല്ല കഥാകാരൻ. ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കു മുന്നിൽ ഉഴറിനിൽക്കുകയാണ് അയാൾ. ഡിറ്റക്ടീവ് കഥകളുടെ നേർ വിപരീത ദിശയിലേക്ക് സഞ്ചരിക്കുന്ന കഥകളായി മാറുകയാണ് ഈ കഥകളൊക്കെയും.

കഥ കവിതയായി മാറുകയാണ് ഇവിടെ. മനുഷ്യനും പൂച്ചയും എലിയും ആണ് ഇതിലെ കഥാപാത്രങ്ങൾ. നാടുകടത്തപ്പെടുന്ന ആൺ പൂച്ചയും പെൺപൂച്ചയും . രണ്ടുകുന്നുകൾക്കിടയിലെ സ്ഥലരാശിയും അവിടെ ഭക്ഷണമായി ലഭിച്ച എലികളും ക്രമേണ എലികൾക്കു വംശനാശം സംഭവിക്കുന്നതും അത് പൂച്ചകളുടെ വംശനാശത്തിലേക്കു നയിക്കുന്നതും നാം കാണുന്നു.

ഡിറ്റക്റ്റീവ് കഥകളുടെ ആചാര്യനായ ആർതർ കോനൻ ഡോയലിന്റെയും അദ്ദേഹത്തിന്റെ കഥാപാത്രമായ ഷെർലക് ഹോംസിന്റെയും ലോകത്തിലൂടെ നടത്തുന്ന യാത്രയാണ് ‘ഷർലക് ഹോംസ് കൊല്ലപ്പെട്ടതെങ്ങിനെ’ എന്ന കഥ. കഥാകാരനും / കഥാപാത്രവും തമ്മിലുള്ള ബന്ധത്തിന്റെ പൊരുൾ അന്വേഷിക്കുന്ന കഥയാണിത്. ഏറ്റവും യുക്തിഭദ്രമായി അന്വേഷണം നടത്തുന്ന കഥാപാത്രത്തെ സൃഷ്ടിച്ച കഥാകാരനാണ് കോനൻ ഡോയൽ. പക്ഷെ അദ്ദേഹത്തിന് ഷെർലക് ഹോംസ് എന്ന തന്റെ കഥാപാത്രം എങ്ങിനെ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നു എന്ന് പിടികിട്ടുന്നില്ല. ജീവിതം / മരണം / പുനർജന്മം എന്നീ പ്രഹേളികകളുടെ മുന്നിൽ പകച്ച് ഒടുവിൽ മരണത്തിന് കീഴടങ്ങുന്ന ആർതർ കോനൻ ഡോയലിനെയും അദ്ദേഹത്തിന്റെ ശവകല്ലറയ്ക്ക് താഴെ ആകാശം നോക്കി കിടക്കുന്ന ഷർലക് ഹോംസ് എന്ന കഥാപാത്രത്തെയുമാണ് നാം ഈ കഥയിൽ കാണുന്നത്. ഷർലക് ഹോംസ് വധിക്കപ്പെടുന്ന ദ ഫൈനൽ പ്രോബ്ലം എന്ന കഥയും അനന്തരം വായനക്കാരുടെ അഭ്യർത്ഥനമാനിച്ച് ഹോംസിനെ പുനർജീവിപ്പിച്ച കോനൻ ഡോയലിനേയും ഈ കഥ നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരും.

ഡിറ്റക്റ്റീവ് കഥകളുടെ ആചാര്യനായ ആർതർ കോനൻ ഡോയലിന്റെയും അദ്ദേഹത്തിന്റെ കഥാപാത്രമായ ഷെർലക് ഹോംസിന്റെയും ലോകത്തിലൂടെ നടത്തുന്ന യാത്രയാണ് ‘ഷർലക് ഹോംസ് കൊല്ലപ്പെട്ടതെങ്ങിനെ’ എന്ന കഥ
ഡിറ്റക്റ്റീവ് കഥകളുടെ ആചാര്യനായ ആർതർ കോനൻ ഡോയലിന്റെയും അദ്ദേഹത്തിന്റെ കഥാപാത്രമായ ഷെർലക് ഹോംസിന്റെയും ലോകത്തിലൂടെ നടത്തുന്ന യാത്രയാണ് ‘ഷർലക് ഹോംസ് കൊല്ലപ്പെട്ടതെങ്ങിനെ’ എന്ന കഥ

'വെയിൽ' എന്ന മികച്ച കഥയിൽ വീടിനടുത്ത് വെയിൽ തിളങ്ങി നിറഞ്ഞുനിന്ന ഒരിടം ചിത്രീകരിക്കുകയാണ് കഥാകാരൻ. അമ്മയുടെ സഹായിയായ സ്ത്രീയുടെ അനിയത്തി മീനു കഥാകാരന്റെ രഹസ്യ പ്രണയിനിയാണ്. അവരുടെ സംഗമ സ്ഥലമാണ് വെയിൽ വീണു തിളങ്ങി നിൽക്കുന്ന ഈ ഇടം. അതിന്റെ ഉടമയായ സ്ത്രീ സുന്ദരിയും സംഗീതാസ്വാദയയും ഏതോ രോഗപീഢയാൽ തന്റെ വീടിന്റെ മുകൾ നിലയിലെ ഒരു മുറിയിൽ ഏകാകിയായി കഴിയുന്നവരാണ്. നേരത്തെ സൂചിപ്പിച്ച ഡിറ്റക്ടീവ് സ്വഭാവമുള്ള കഥാകാരൻ അവരെ തന്റെ പ്രണയിനിയായ മീനു പോലുമറിയാതെ സന്ദർശിക്കുന്നു. ജീവിതത്തിൽ ആദ്യമായി താൻ കണ്ട ആ സ്ത്രീ തന്നെക്കുറിച്ച് തന്റെ പ്രണയത്തെക്കുറിച്ച് എല്ലാം മനസ്സിലാക്കിയിരിക്കുന്നു എന്ന ഞെട്ടലിലാണ് കഥ അവസാനിക്കുന്നത്. ജീവിതം അയുക്തികളുടെയും ഭ്രമകൽപ്പനകളുടെയും കുഴിമറിഞ്ഞ ഒരിടമായി വെയിൽ തിളങ്ങി നിറഞ്ഞുനിൽക്കുന്നു. സ്ഥലകാലങ്ങളുടെ സുഘടിതമായ അവസ്ഥയെ തകിടം മറിക്കുന്ന രചനാതന്ത്രം ഇവിടെയും കാണാം.

വംശപരമ്പരകൾ പ്രദാനം ചെയ്ത അറിവിൽ നിന്ന് മൃഗങ്ങളോടും പക്ഷികളോടും സംസാരിക്കുന്ന 'വംശപരമ്പരകൾ' എന്നു പേർ നൽകിയ കഥയിലെ കഥാപാത്രമായ മൂരിക്കാരനായ ചോയ്യച്ചൻ കഥാകാരന്റെ കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യനാണ്. കുട്ടിയായിരുന്നപ്പോൾ പാമ്പ് കടിയേറ്റ കഥാകാരനെ വിഷഹാരിയായ അച്യുതൻ നമ്പ്യാരുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് ചോയ്യച്ചൻ ആണ്. പക്ഷെ വർഷങ്ങൾക്ക് ശേഷം ചോയ്യച്ചൻ വിഷം തീണ്ടി മരിക്കുന്നു. മരണ ദൂതനായ പാമ്പിന്റെ ഭാഷാമാത്രം ചോയ്യച്ചന് വശമാവാതെപോയത് എന്തുകൊണ്ടാവും? മരണത്തിന്റെ കുരുക്ക് മുറുകുകയാണ് ഈ കഥയിലും.

സാഹചര്യങ്ങളുടെ നിർബന്ധത്തിനുവഴങ്ങി ജാരവേഷം കെട്ടാൻ വിധിക്കപ്പെട്ട ഒരു വിവാഹിതനായ പുരുഷനാണ് 'ഗർത്തം' എന്ന കഥയിലെ ആഖ്യാതാവ്. പാപബോധം പുരുഷനെ വേട്ടയാടുന്നു. എന്നാൽ കഥയിലെ മുഖ്യ സ്ത്രീ കഥാപാത്രമായ മറിയം ഭർത്താവ് ആകാശവും ജാരൻ കടലുമാണന്ന് പ്രഖ്യാപിക്കുന്നു. ആകാശവും കടലുമില്ലാതെ ഭൂമിയുണ്ടോ എന്ന ഗഹനമായ ചോദ്യം അവൾ ഉയർത്തുന്നു. ഭൂതവും ഭാവിയും വർത്തമാനകാലമായി മാറ്റുന്ന പണിക്കർ തന്റെ പ്രവചനശേഷി തന്റെ മരണത്തെ പ്രവചിക്കാൻ തന്നെ പ്രാപ്തനാക്കുന്നില്ല എന്ന് ഒടുവിൽ തിരിച്ചറിയുന്നു. കുളവും കുളപ്പടവുകളും അജ്ഞാതയായ പെൺകുട്ടിയും ശക്തമായ മോട്ടീവുകളായി മാറുന്നുണ്ട് 'കുളപ്പടവുകൾ' എന്ന കഥയിൽ.

കാഫ്കയുടെ മെറ്റമോർഫോസിസ് കഥയെ ഓർമിപ്പിക്കുന്ന കഥയാണ് 'ദുരന്തകഥകളിൽ എലിപ്പെട്ടിയുടെ സാധ്യതകൾ'. ചേട്ടനും അനുജനും മുത്തച്ഛനും മാത്രമുള്ള വീട്ടിൽ നിന്ന് പല സാധനങ്ങളും അപ്രത്യക്ഷമാവുന്നു. ഒടുവിൽ അടുക്കള സഹായത്തിനെത്തുന്ന പെൺകുട്ടിയും അപ്രത്യമാവുന്നു. അപ്പോഴാണ് മുത്തച്ഛൻ അറിയാതെ ചേട്ടനും അനുജനും എലിക്കെണി വെക്കുന്നത്. പക്ഷെ അതിൽ കുടുങ്ങിയ മുത്തച്ഛനെ ആണ് പിറ്റന്നാൾ ചേട്ടനും അനുജനും കാണുന്നത്.

കാഫ്ക
കാഫ്ക

സാമൂഹിക രാഷ്ട്രീയ വിഷയങ്ങളും തനിക്ക് അന്യമല്ല എന്ന് സുധാകരൻ കാണിച്ചുതരുന്നുണ്ട് 'സ്ഥാവര ജംഗമ സ്വത്തുക്കൾ' എന്ന കഥയിലൂടെ. ഒരു കോളനിയിൽ സാധനങ്ങൾ വിൽക്കാൻവരുന്ന ആളാണ് വിനോദ് പാണ്ഡെ. വൈദ്യുത ചാർജ് കുറയുന്ന ലൈറ്റുകളും ടേസ്റ്റ് മേക്കറും ചെടികളുടെ ദ്രുത വളർച്ചയ്ക്കുള്ള ഹോർമോണും അയാൾ പല സന്ദർശങ്ങൾക്കിടയിൽ കോളനിയിൽ വിറ്റു തീർക്കുന്നു. പക്ഷെ കോളനിയിൽ പിന്നീട് മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. ഈ കച്ചവട പ്രലോഭനങ്ങളെ അതിജിവിച്ച ചുരുക്കം ചിലർ രോഗങ്ങളിൽ നിന്ന് രക്ഷപ്പെടുന്നു. ഒടുവിൽ വിനോദ് പാണ്ഡെ കോളനിയിൽ എത്തുന്നത് പോർട്ടബിൾ ശവപ്പെട്ടിയുമായാണ്. അത് വാങ്ങിക്കൂട്ടാനും ആളുകൾ തിക്കും തിരക്കും കൂട്ടുന്നിടത്ത് കഥ അവസാനിക്കുന്നു.

ഉദാരവത്കരണത്തെയും നവകോളനിവത്കരണത്തെയും ധ്വനിപ്പിക്കുന്ന ലാക്ഷണിക കഥയാണ് ഇത്. പക്ഷെ ദുരന്തബോധവും മരണവും കഥാകാരനെ എപ്പോഴും പിന്തുടരുന്നുണ്ട് എന്നും ഈ കഥ ഓർമിപ്പിക്കുന്നു.

The other is hell എന്ന് പറഞ്ഞത് സാർത്ര് ആണ്. മറ്റൊരാളിന്റെ സാന്നിദ്ധ്യം നമ്മളെ അപര കാഴ്ച്ചയിലൂടെ കാണാൻ പ്രേരിപ്പിക്കുന്നു എന്ന അർത്ഥത്തിലാണ് സാർത്ര് അങ്ങിനെ പറഞ്ഞത്. എന്നാൽ മറ്റൊരാളെ നമ്മുടെ സാന്നിദ്ധ്യം അറിയിക്കാതെ ഒളിഞ്ഞ് നോക്കുമ്പോൾ ലഭിക്കുന്ന വോയൂറിസ്റ്റിക് പ്ലഷറിനെക്കുറിച്ചാണ് 'ബനഡിക്റ്റ് സ്വസ്ഥമായുറങ്ങുന്നു' എന്ന കഥ. നാടും വീടുമില്ലാതെ നഗരത്തിലെ ലോഡ്ജിലെ കുടുസു മുറിയിൽ ഏകാകികളായി ജീവിതം നയിക്കുന്ന രണ്ട് പുരുഷൻമാരാണ് കഥാകാരനും ബനഡിക്റ്റും. ബെനഡിക്റ്റിന്റെ ഏറ്റവും സ്വകാര്യമായ നിമിഷങ്ങൾ പോലും കഥാകാരൻ ഒളിഞ്ഞുകാണുന്നു. ഒടുവിൽ ബനഡിക്റ്റിന്റെ മരണവും ഒരു ഒളിഞ്ഞുനോട്ടത്തിലൂടെ കഥാകാരൻ അറിയുന്നു. ശവം അഴുകി മണം വമിക്കുമ്പോൾ മാത്രമെ പുറംലോകം ആ മരണം അറിയുകയുള്ളു. അന്യവത്കരിക്കപ്പെട്ട ആധുനിക മനുഷ്യന്റെ കെട്ട ജീവിതത്തിന്റെ പൊള്ളിക്കുന്ന വാങ്ങ്മയമായി മാറുന്നു ഈ കഥ.

കാഫ്കയുടെ മെറ്റമോർഫോസിസ് കഥയെ ഓർമിപ്പിക്കുന്ന കഥയാണ് 'ദുരന്തകഥകളിൽ എലിപ്പെട്ടിയുടെ സാധ്യതകൾ'. ചേട്ടനും അനുജനും മുത്തച്ഛനും മാത്രമുള്ള വീട്ടിൽ നിന്ന് പല സാധനങ്ങളും അപ്രത്യക്ഷമാവുന്നു. ഒടുവിൽ അടുക്കള സഹായത്തിനെത്തുന്ന പെൺകുട്ടിയും അപ്രത്യമാവുന്നു.

യാതൊരു കാരണവുമില്ലാതെ ഗോവിന്ദനാശാരി സാലിക്കുട്ടിയെ വീതുളികൊണ്ട് അടിവയറ്റിൽ കുത്തിക്കൊല്ലുന്നു 'എന്നാൽ നിർണയം ഇപ്രകാരം' എന്ന കഥയിൽ. ഗോവിന്ദനാശാരി പോലീസ് സ്റ്റേഷനിൽ ചെന്ന് കുറ്റം ഏറ്റുപറയുന്നു. പക്ഷെ പോലീസ് അത് വിശ്വസിക്കുന്നില്ല. മാത്രമല്ല കുറ്റം തെളിയിക്കേണ്ട തങ്ങളുടെ ജോലി ഗോവിന്ദനാശാരി സ്വയം ചെയ്തതിൽ അയാളെ തെറിവിളിക്കുന്നു. സർക്കാർ ഡോക്ട്ടരുടെ അടുത്ത് സാലിക്കുട്ടിയുടെ ജഡവുമായിപ്പോയ ഹെഡ് കോൺസ്റ്റബിളിനോട് ഡോക്ട്ടർ ചോദിക്കുന്നത് ഒരാൾ മരിച്ചു എന്ന് തീരുമാനിക്കേണ്ടത് പോലീസാണോ അത് ഡോക്റ്ററുടെ പണിയല്ലേ എന്നാണ്. പിന്നീട് ഗോവിന്ദനാശാരി കുറ്റം നിഷേധിക്കുമ്പോൾ അയാളെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയും ചെയ്യുന്നത് നമ്മൾ കാണുന്നു. കോടതിയിൽ കേസ് എത്തുമ്പോൾ തെളിവിന്റെയും മെഡിക്കൽ റിപ്പോർട്ടുകളുടെയും നൂലാമാലയിൽ കുറ്റം സംശയരഹിതമായി തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ല എന്ന കാരണത്താൽ ഗോവിന്ദനാശാരി കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്യുന്നു. ഭരണകൂടത്തിന്റെ മർദ്ദനോപാധികൾ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് ഈ കഥ വെളിപ്പെടുത്തുന്നു. ഇങ്ങനെ മനുഷ്യാവസ്ഥയെ ഭരണകൂടവും കുടുംബവ്യവസ്ഥിതിയും മുതലാളിത്ത ചൂഷണവും നിരന്തരം അന്യവത്കരിക്കുന്നതിന്റെയും പുതുകാല മനുഷ്യരെ ഹതാശരാക്കുന്നതിന്റെയും ശക്തമായ ആവിഷ്ക്കാരങ്ങളാണ് എം. സുധാകരന്റെ 'തിരഞ്ഞെടുത്ത കഥകൾ' എന്ന ഈ പുസ്തകത്തിലൂടെ നമുക്കുമുന്നിലെത്തുന്ന കഥകളിൽ കാണാൻ കഴിയുക.

(എം. സുധാകരന്റെ തിരഞ്ഞെടുത്ത കഥകൾ, എം. സുധാകരൻ, മാതൃഭൂമി ബുക്സ്)

Comments