ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും സാമൂഹിക- ദാർശനിക ചിന്തയുടെയുമെല്ലാം മണ്ഡലങ്ങളിൽ ആഴത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രതിഭാസമായി മനുഷ്യാനന്തര ചിന്തകൾ മാറുന്ന സാഹചര്യത്തിൽ പ്രൊഫ. ടി.ടി. ശ്രീകുമാറിന്റെ പോസ്റ്റ്ഹ്യൂമൻ വിചാര ലോകങ്ങൾ: ശാസ്ത്രം, സൗന്ദര്യം, മൃത്യുരാഷ്ട്രീയം എന്ന പുസ്തകം വായിക്കുന്നു
അനുദിനം സങ്കീർണമാവുന്ന പുതിയ ലോകക്രമത്തിന്റെ (new world order) നിരവധി തലങ്ങളുള്ള വൈരുധ്യങ്ങളെ മുഴുവൻ (രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക വൈരുധ്യങ്ങൾ) പ്രതിനിധാനം ചെയ്യുന്ന ഒരു പരികൽപ്പന ഉണ്ടാവാൻ ഇടയില്ല. അങ്ങനെ ഒന്നിനെക്കുറിച്ച് നാമാലോചിച്ചാൽ അതിന്റെ ഏറ്റവും നല്ല ഉദാഹരണമായി നമ്മുടെ മുന്നിലെത്താൻ സാധ്യതയുള്ള ഒരു സമകാലിക ആശയം മനുഷ്യാനന്തരതയെക്കുറിച്ചുള്ളതായിരിക്കും (പോസ്റ്റ്ഹ്യൂമൻ). അതുകൊണ്ടുതന്നെ, ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും സാമൂഹിക-ദാർശനിക ചിന്തയുടെയുമെല്ലാം മണ്ഡലങ്ങളിൽ ആഴത്തിൽ ചർച്ചചെയ്യപ്പെടുന്ന ഒരു പ്രതിഭാസമായി മനുഷ്യാനന്തര ചിന്തകൾ മാറുന്നതിൽ അത്ഭുതമില്ല. ഈ ഒരു പശ്ചാത്തലത്തിലാണ് പ്രൊഫ. ടി.ടി. ശ്രീകുമാറിന്റെ പോസ്റ്റ്ഹ്യൂമൻ വിചാര ലോകങ്ങൾ: ശാസ്ത്രം, സൗന്ദര്യം, മൃത്യുരാഷ്ട്രീയം എന്ന പുസ്തകവും പ്രസക്തമാവുന്നത് (പുസ്തക പ്രസാധക സംഘം കോഴിക്കോട്; 2021).
മാത്രമല്ല, ഇത്തരം ചർച്ചകളിൽ നമുക്ക് പരിചിതമായ പാശ്ചാത്യ സമീപനങ്ങളിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയുടെയും ഏഷ്യയുടെയും പോസ്റ്റ്കൊളോണിയൽ ചരിത്രപശ്ചാത്തലത്തിൽ നിലയുറപ്പിച്ചുകൊണ്ട് വിപുലമായ സ്വന്തം ലോകാനുഭവങ്ങളുടെയും സൈദ്ധാന്തിക ധാരണകളുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ പുസ്തകം രചിച്ചിട്ടുള്ളത്. നമ്മുടെ ചിന്തകളെയും ആശയങ്ങളെയും പുതിയ അന്വേഷണവഴികളിലേക്കു നയിക്കാൻ പര്യാപ്തമായ ഒരു ഗ്രന്ഥമാണിത് എന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്.
ഈ പുസ്തകത്തിൽ മനുഷ്യൻ എന്ന സങ്കൽപ്പത്തെ/സങ്കൽപനത്തെ മാറ്റിമറിക്കുന്ന സാങ്കേതികവിദ്യയെയും, സൈബോർഗിയൻ പ്രതിഭാസത്തെയും, അതിന്റെ മൃത്യുരാഷ്ട്രീയത്തെയും ഇതിന്റെ അടിത്തറയായി നിലകൊള്ളുന്ന ആഗോള മൂലധനയുക്തിയെയും പത്ത് അധ്യായങ്ങളിലായി എഴുത്തുകാരൻ വിശകലന വിധേയമാക്കുന്നു. മനുഷ്യർ മരിക്കുകയും സൈബോർഗ് കടന്നുവരുകയും ചെയ്യുന്ന നിയോലിബറൽ മുതലാളിത്തത്തിന്റെ വഴിത്തിരിവിൽ വെച്ചാണ് കോവിഡ്- 19, എയിഡ്‌സ്, പക്ഷിപ്പനി, സാർസ്, എബോള, സീക്ക, കൊറോണ പോലുള്ള ജന്തുജന്യമായ രോഗങ്ങൾ കൂടി മാനവരാശിയെ ഗ്രസിക്കുന്നത് എന്ന ആകസ്മികതയുടെ ചരിത്രപരമായ ഒരു വിശകലനം കൂടിയാണ് ഈ പുസ്തകം. ചരിത്രത്തിൽ, സാമ്പത്തികശാസ്ത്രത്തിൽ, സാങ്കേതികവിദ്യയുടെ സാമൂഹികപഠനത്തിൽ, സാഹിത്യത്തിൽ സിനിമാ പഠനതിന്റെ രീതിശാസ്ത്രത്തിൽ ഒക്കെയുള്ള ശ്രീകുമാർ മാഷിന്റെ അവഗാഹം ഈ പുസ്തകരചനയിൽ തെളിഞ്ഞുനിൽക്കുന്നു.
‘പോസ്റ്റ്ഹ്യുമൻ ഹൃദയത്തിന്റെ വിശപ്പ്' എന്ന ആമുഖക്കുറിപ്പിൽ തുടങ്ങി ‘മനുഷ്യൻ മരിക്കുന്നു, സൈബോർഗ് കടന്നുവരുന്നു', ‘നീതി, ഭരണകൂടം, സാങ്കേതികവിദ്യ', ‘രോഗവും സ്മരണയും: കോവിഡിന്റെ നൈതികപാഠങ്ങൾ', ‘മൂലധനവും മഹാമാരിയും: കോവിഡിന്റെ ടൈറ്റാനിക് യുക്തികൾ', ‘കോവിഡിന്റെ പോസ്റ്റ്ഹ്യുമൻ സന്ദർഭങ്ങൾ', ‘ട്രാൻസ്ഹ്യുമൻ ലോകത്തിന്റെ സാങ്കേതികയുക്തിവാദം', ‘മൃത്യുരാഷ്ട്രീയത്തിന്റെ പോസ്റ്റ്ഹ്യൂമൻ വിശകലനം', ‘പോസ്റ്റ്ഹ്യുമൻ സിനിമയുടെ രാഷ്ട്രീയസന്ദേഹങ്ങൾ', ‘സൈബോർഗിന്റെ അവതാര നിയോഗങ്ങൾ', ‘സൈബർ- യുട്ടോപ്പിയകളും സൈബോർഗ് രൂപകവും' എന്നീ പത്തു അധ്യായങ്ങളും ‘കോവിഡ്: അമിതാധികാരത്തിന്റെ രാഷ്ട്രീയം', ‘ദൈവമാകാൻ ശ്രമിക്കുന്ന മനുഷ്യൻ', ‘സ്വകാര്യതയുടെ മാറുന്ന രാഷ്ട്രീയതലങ്ങൾ' എന്നിങ്ങനെ മൂന്നു സംഭാഷണങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്.
സമകാലിക പോസ്റ്റ്ഹ്യൂമൻ ചിന്തയുടെ സാധ്യതകളും പരിമിതികളും രാഷ്ട്രീയ-സാംസ്‌കാരിക- സാമ്പത്തിക പശ്ചാത്തലങ്ങളും ഇവിടെ സമഗ്രമായും പുനഃപരിശോധിക്കപ്പെടുന്നു. മാനവീകാനന്തരവാദത്തിന്റെ ഒരു ഏഷ്യൻ/പോസ്റ്റ് കൊളോണിയൽ വിമർശനമാണ് ഇതിന്റെ സവിശേഷത.
ഗഹനമായ ദാർശനികവിഷയങ്ങൾ അവയുടെ സൈദ്ധാന്തിക പ്രാധാന്യം നഷ്ടപ്പെടുത്താതെ ഗവേഷകർക്കും വിദ്യാർഥികൾക്കും പത്രപ്രവർത്തകർക്കും സ്വാംശീകരിക്കാനും ചർച്ചചെയ്യാനും കഴിയുന്ന രചനാപരമായ ഒരു മാതൃകയാണ് ഈ പുസ്തകത്തിൽ സ്വീകരിച്ചിരിക്കുന്നത്. വൈജ്ഞാനിക സാഹിത്യത്തെ സമീപിക്കാനുള്ള ഭാഷാപരമായ ഒരു രീതിശാസ്ത്രം തന്നെ ഈ പുസ്തകത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുന്നു. "മനുഷ്യൻ മരിക്കുന്നു സൈബോർഗ് കടന്നുവരുന്നു' എന്ന ആദ്യത്തെ ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ളത്, മനുഷ്യസംബന്ധിയായ വസ്തുക്കളുടെയും യന്ത്രങ്ങളുടെയും സാമൂഹികപരിണാമമാണ്. മനുഷ്യൻ ഒരു ജൈവപ്രതിഭാസമാണെന്ന ആലോചനകളിൽനിന്നും ഇപ്പോൾ എത്തിയിരിക്കുന്നത് നിർമിതബുദ്ധിയുടെ പുതിയ യന്ത്രജൈവ സംയുക്തത്തിലേക്കാണ്. യന്ത്രവും മനുഷ്യനും പലതലങ്ങളിലായി ലയിച്ചുചേരുന്ന ശാസ്ത്ര/ ശാസ്‌ത്രേതര പ്രതിഭാസങ്ങളെയാണ് "പോസ്റ്റ്ഹ്യൂമൻ വിചാരലോകങ്ങൾ' അവതരിപ്പിക്കുന്നത്.
പോസ്റ്റ്ഹ്യുമൻ ഡിജിറ്റൽ ഇന്ത്യ എന്നത് ആർക്കും ആനന്ദം പകരുന്ന ഒരു സ്വപ്നമാണെങ്കിലും അതിന്റെ സാക്ഷാത്ക്കാരത്തിലേക്കുള്ള വഴികൾ എത്രമാത്രം ജാതിവിവേചനവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്ന ചരിത്രപരമായ സമസ്യ സമകാലീന കാലഘട്ടത്തിൽ ആരെയും ആശ്ചര്യപ്പെടുത്തും.
1960കളിൽ തന്നെ പോസ്റ്റ്ഹ്യൂമൻ ചിന്തകൾക്കും പ്രോജക്റ്റുകൾക്കും അമേരിക്കയിലും യൂറോപ്യൻ നാടുകളിലും നാന്ദികുറിക്കപ്പെട്ടിരുന്നതായി നമുക്കറിയാം. എൺപതുകളിൽ തന്നെ ഡോണ ഹാരവേ സൈബോർഗ്യൻ ലോകത്തെക്കുറിച്ചും മനുഷ്യനെത്തന്നെ യന്ത്രമാക്കുക എന്ന വിപ്ലവകരമായ പരിണാമത്തെക്കുറിച്ചും സോഷ്യലിസ്റ്റ് ഫെമിനിസ്റ്റ് കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ചർച്ച ചെയ്തിട്ടുണ്ട് (Haraway, D. 1985 'Manifesto for Cyborgs: Science, Technology, and Socialist Feminism in the 1980s', Socialist Review, 80, 65-108). ഈ പ്രധാന രാഷ്ട്രീയ സാമൂഹിക അന്വേഷണം ഇന്നെത്തിച്ചെർന്നിരിക്കുന്ന മുന്നേറ്റങ്ങളെ സ്വാംശീകരിച്ച് അപഗ്രഥിക്കുകയും തന്റെ സ്വന്തമായ വീക്ഷണത്തിൽ വിമർശിക്കുകയുമാണ് ടി.ടി. ശ്രീകുമാർ ചെയ്യുന്നത്. ഈ വിഷയത്തെക്കുറിച്ചുള്ള പാശ്ചാത്യ ഗ്രന്ഥങ്ങൾ വായിക്കുന്നതിൽനിന്ന് വ്യത്യസ്തമായ അനുഭവമാണ് ഈ പുസ്തകം വായനക്കാർക്ക് നൽകുന്നത്.
ഹേബർമാസ്, സമീർ അമീൻ, സിസേക് തുടങ്ങിയവരെപ്പോലുള്ള സാമൂഹിക ചിന്തകർ ഈ പുതിയ വികാസത്തെപ്പറ്റിയുള്ള ഭീതികൾ അവരുടെ ലേഖനങ്ങളിലും പുസ്തകങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. നിർമിതബുദ്ധി, സൈബോർഗ് സാംസ്‌കാരം, ജീവിതത്തെപ്പറ്റിയും ജീവിതം-മരണം എന്നിവയെപ്പറ്റിയുമുള്ള കാഴ്ചപ്പാടുകൾ തലകീഴ്‌മേൽ മറിയുന്ന സാഹചര്യങ്ങൾ അവരെ പലതരം വിഹ്വലതകളിലേക്ക് എത്തിച്ചിരിക്കുന്നു. "Her' എന്ന സിനിമ (Spike Jonze) സൈബോർഗിയൻ വ്യാകുലതകളെ ധാർമികതയുടെ കെട്ടുപാടുകൾ ഇല്ലാതെ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ശ്രീകുമാർ മാഷ് സൂചിപ്പിക്കുന്നുണ്ട്.
സ്ത്രീശബ്ദത്തിൽ സംസാരിക്കുന്ന ഇലക്ട്രോണിക് യന്ത്രവുമായി പ്രണയബന്ധത്തിലേർപ്പെടുന്ന ഒരു മനുഷ്യന്റെ കഥയാണ് ഇതിന്റെ പ്രത്യേകത. യാക്കിൻ ഫീനിക്‌സിന് യന്ത്രവുമായി തോന്നുന്ന അഭിനിവേശത്തെ Bruno Latourന്റെ സൈബോർഗിനെക്കുറിച്ചുള്ള Material- semotic എന്ന ആശയത്തെ ആസ്പദമാക്കി ശ്രീകുമാർ വിശകലനം ചെയ്യുന്നു. സൈബോർഗിയൻ ലോകം ഉണ്ടാക്കിയെടുത്ത ആശയങ്ങളും ആശയപരമായ സംഘട്ടനങ്ങളും എങ്ങിനെ മനുഷ്യസമൂഹത്തെ പുതിയ Ontological (സത്താഭാവവാദപരമായ) യാഥാർഥ്യത്തിലേക്ക് വിന്യസിപ്പിക്കുന്നു എന്നത് പുസ്തകത്തിൽ പ്രതിപാദിച്ചിച്ചിട്ടുണ്ട്. പോസ്റ്റ്ഹ്യൂമൻ യാഥാർഥ്യങ്ങൾ ഏഷ്യൻ സാഹചര്യങ്ങളിൽ എങ്ങനെ സാഹിത്യത്തിലും ശാസ്ത്രത്തിലും സ്വീകരിക്കപ്പെടുന്നു എന്നതും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
പ്രശസ്ത ന്യൂറോളജിസ്റ്റ് വിളയന്നൂർ രാമചന്ദ്രന്റെയും Terry Dartnall-ന്റെയുമെല്ലാം നിരീക്ഷണങ്ങൾ അടിസ്ഥാനപരമായി "നമ്മൾ എല്ലാകാലത്തും സൈബോർഗുകളായിരുന്നു' (We have always been cybogs) എന്ന ഒരേ നിഗമനത്തിലേക്കു നയിക്കുന്നുണ്ട്. ഫ്യൂഡലിസത്തിൽ നിന്നും മുതലാളിത്തത്തിലേക്കുള്ള പരിവർത്തനം മനുഷ്യനെ ചെറിയ ഒരുകാലയളവിൽ തന്നെ ഇലക്ട്രോണിക്‌സിലേക്കും ഡിജിറ്റൽ മാധ്യമങ്ങളിലേക്കും കൊണ്ടെത്തിച്ചിരിക്കുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും അൽഗോരിതമിക് സർവീധിപത്ത്യത്തിന്റെയും (Algorithmic Totalitarianism) ജെനിറ്റിക് എഞ്ചിനീയറിങ്ങിന്റെയും സാർവത്രികശക്തികൾ മുന്നേറുന്ന ചുറ്റുപാടുകളിലേക്ക് എത്തുന്നതിന്റെ സാമൂഹിക, രാഷ്ട്രീയ ശാസ്ത്രീയ വശങ്ങൾ ആഴത്തിൽ വിശകലനം നടത്തി സമകാലീന യാഥാർഥ്യങ്ങളെ പുതിയ പരിപ്രേക്ഷ്യത്തിൽ ഈ പുസ്തകം നോക്കിക്കാണുന്നു.
"നീതി, ഭരണകൂടം, സാങ്കേതികവിദ്യ' എന്ന ലേഖനത്തിൽ ആഫ്രിക്കൻ അമേരിക്കൻ വംശജനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെയും, ഇന്ത്യയിൽ ഡിജിറ്റൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്ത ദലിത് വിദ്യാർഥിനിയായ ദേവികയുടെയും പേരുകൾ എടുത്തുപറഞ്ഞുകൊണ്ട് നീതിയെപ്പറ്റിയും ഭരണകൂട സമീപനങ്ങളെപ്പറ്റിയും വിപുലമായ രീതിയിൽ വിമർശനാത്മകമായ അഭിപ്രായങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.
പോസ്റ്റ്ഹ്യൂമൻ ഡിജിറ്റൽ ഇന്ത്യ എന്നത് ആർക്കും ആനന്ദം പകരുന്ന ഒരു സ്വപ്നമാണെങ്കിലും അതിന്റെ സാക്ഷാത്കാരത്തിലേക്കുള്ള വഴികൾ എത്രമാത്രം ജാതിവിവേചനവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്ന ചരിത്രപരമായ സമസ്യ സമകാലീന കാലഘട്ടത്തിൽ ആരെയും ആശ്ചര്യപ്പെടുത്തിയിരിക്കും. പോസ്റ്റ്ഹ്യൂമൻ ദിസ്റ്റൊപ്പിയ വളരെ വ്യക്തമായി ഈ അധ്യായങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നു.
നവലിബറൽ മുതലാളിത്തത്തിന്റെ വളർച്ചയെ സമഗ്രമായി പരിശോധിച്ച ശേഷമാണ് മനുഷ്യാനന്തര കാലഘട്ടത്തിലെ യുക്തികളെയും വൈജ്ഞാനിക മണ്ഡലങ്ങളെയും പഠനവിധേയമാക്കുന്നത്. ഈ പുസ്തകത്തിന്റെ മൗലിക സംഭാവനകളിൽ ഒന്നാണിത്.
"കോവിഡിന്റെ പോസ്റ്റ്ഹ്യൂമൻ സന്ദർഭങ്ങൾ' എന്ന അധ്യായം ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളെ വിമർശനാത്മകമായി വിലയിരുത്തിക്കൊണ്ടാണ് തുടങ്ങുന്നത്. ആയിരത്തി തൊള്ളായിരത്തി അമ്പതുകളിലും അറുപതുകളിലും ഉണ്ടായ ക്ഷേമരാഷ്ട്ര സങ്കല്പത്തെ John Rawls ന്റെ A Theory of Justice എന്ന പുസ്തകത്തിലെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം നടത്തിയിരിക്കുന്നു. സോഷ്യലിസം, ലിബറൽ ക്ഷേമരാഷ്ട്രം, നീതിദർശനം എന്നീ സങ്കൽപനങ്ങൾ കഴിഞ്ഞ അമ്പത് വർഷങ്ങളിലായി വിവിധ രാഷ്ട്രങ്ങളിൽ എങ്ങനെയൊക്കെ ഫലവത്തായി, അവയുടെ സാമൂഹികലക്ഷ്യങ്ങൾ കൈവരിച്ചു എന്നതിന്റെ ചരിത്രം വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. നവലിബറൽ മുതലാളിത്തത്തിന്റെ വളർച്ചയെ സമഗ്രമായി പരിശോധിച്ചശേഷമാണ് മനുഷ്യാനന്തര കാലഘട്ടത്തിലെ യുക്തികളെയും വൈജ്ഞാനിക മണ്ഡലങ്ങളെയും പഠനവിധേയമാക്കുന്നത്. ഈ പുസ്തകത്തിന്റെ മൗലികസംഭാവനകളിൽ ഒന്നാണിത്.
കേരളത്തിലെ ഫൂക്കോ ചർച്ചകളിൽ ഒരിക്കലും കടന്നുവന്നിട്ടില്ലാത്ത ഒരു പ്രധാന വിഷയം ഈ സന്ദർഭങ്ങളിൽ ഇവിടെ വിശകലനം ചെയ്യപ്പെടുന്നുണ്ട്. അത് ഫൂക്കോയുടെ നവലിബറൽ ചിന്തയോടുള്ള ആഴത്തിലുള്ള ഇടപെടലും അദ്ദേഹത്തിന്റെ ജൈവരാഷ്ട്രീയം എന്ന പരികൽപനയ്ക്ക് ഫൂക്കോയുടെ നവലിബറൽ ചിന്തയുമായുള്ള എഴുപതുകളിലെ ആ സംവാദത്തിൽനിന്നുള്ള ബന്ധവുമാണ്. ഒരു ഇടതുപക്ഷ ക്ഷേമരാഷ്ട്ര സമീപനത്തിൽനിന്ന് ലോകമെങ്ങനെ നിയോലിബറൽ-പോസ്റ്റ്ഹ്യൂമൻ വലതുരാഷ്ട്രീയത്തിലേക്ക് ആ ദശകത്തിൽ മാറി എന്നതിന്റെ സങ്കീർണമായ ഒരു ചിത്രം ഫൂക്കോൾദ്യൻ ഇടപെടലുകളുടെ വ്യാഖ്യാനത്തിലൂടെ ഈ പുസ്തകം വരച്ചിടുന്നു.
ഇതോടനുബന്ധിച്ച് Stem Cell Research, Genetic Engineering എന്നീ വിജ്ഞാനശാഖകൾ വിജ്ഞാന നവമാധ്യമ സാങ്കേതികവിദ്യകൾക്കൊപ്പം പോസ്റ്റ്ഹ്യൂമൻ സമീപനത്തെ ട്രാൻസ്ഹ്യൂമൻ ചുറ്റുപാടുകളിലേക്ക് നയിക്കുന്ന ഒട്ടേറെ സാങ്കേതിക കുതിപ്പുകൾ ആ കാലഘട്ടത്തിൽ ഉണ്ടായി. ഹേബർമാസിന്റെയും ഡീല്യൂസിന്റെയും താത്ത്വികസംഹിതകൾ വിമർശനപരമായി ഉപയോഗിച്ചുകൊണ്ട് പോസ്റ്റ്ഹ്യൂമൻ ഹൈബ്രിഡിറ്റിയുടെയും (Posthuman Hybridity) സൈബോര്ഗ് (Cyborg) പൗരത്വത്തിന്റെയും ഭാവശാസ്ത്രപരമായ മാറ്റം (Ontological Shift) എന്താണെന്ന് വിശദീകരിക്കാൻ ശ്രീകുമാർ മാഷ് ശ്രമിച്ചിട്ടുണ്ട്. അഷീൽ മേമ്‌ബെയുടെ (Achille Mbembe) മൃത്യുരാഷ്ട്രീയ സങ്കല്പനത്തിന്റെ (Necro politics. Necro power) വിശകലനവും പോസ്റ്റ്ഹ്യൂമൻ രാഷ്ട്രീയവുമായുള്ള അതിന്റെ ബന്ധവും മൗലികമായിത്തന്നെ "മൃത്യുരാഷ്ട്രീയത്തിന്റെ പോസ്റ്റ്ഹ്യൂമൻ വിശകലനം' എന്ന അദ്ധ്യായത്തിൽ നിർവഹിക്കപ്പെടുന്നു (Mbembe, A. 2019, Necro politics, Duke University Press). ഈ പുസ്തകത്തിലെ മറ്റൊരു പ്രധാന സംഭാവനയാണ് ഈ അധ്യായം.
മൃത്യുരാഷ്ട്രീയത്തിന്റെ ചട്ടക്കൂടുകൂടി വിശദീകരിച്ചുകൊണ്ട് സമകാലീന അധികാരാഷ്ട്രീയത്തിന്റെ നിഗൂഢതലങ്ങളെ വായിച്ചെടുക്കുവാൻ ശ്രമിച്ചിട്ടുണ്ട്. ഫൂക്കോയുടെ ജൈവരാഷ്ട്രീയത്തിൽനിന്ന് (Bio politics) മേമ്‌ബെയുടെ Necro politics എന്ന സങ്കൽപനത്തിലേക്ക് മാറുമ്പോൾ വിശകലനപരമായി ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നത് പുസ്തകം വിശദീകരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ അവസാനദശകത്തിലെ തത്ത്വചിന്തകരുടെ ആശയങ്ങളെ കോർത്തിണക്കിക്കൊണ്ട് പുതിയ ഉൾക്കാഴ്ച്ചകളോടെയാണ് ഈ ചർച്ചകൾ പലതും അവതരിപ്പിച്ചിട്ടുള്ളത് എന്നതും പുസ്തകത്തിന്റെ സവിശേഷതയാണ്.
2021-ലെ കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി നടമാടുന്ന ജീയോപൊളിറ്റിക്കൽ യാഥാർഥ്യങ്ങൾ വിലയിരുത്തുന്ന പഠനമാണു "രോഗവും സ്മരണയും: കോവിഡിന്റെ നൈതികപാഠങ്ങൾ'. എഴുത്തുകാരൻ ഹോങ്കോങ്ങിൽ ജീവിച്ചിരുന്ന കാലത്താണ് സാർസിന്റെ രൂക്ഷവ്യാപനം ഉണ്ടാവുന്നത്. അക്കാലത്തെ തന്റെ വ്യക്തിഗത അന്താരാഷ്ട്രാനുഭവങ്ങളെ അതിസൂക്ഷ്മമായി കോവിഡിന്റെ ഭരണകൂട രാഷ്ട്രീയവും പോസ്റ്റ്ഹ്യൂമൻ രാഷ്ട്രീയവും ചർച്ചചെയ്യാൻ എഴുത്തുകാരൻ ഉപയോഗിക്കുന്നു. മനുഷ്യാനന്തര കാലഘട്ടത്തിൽ അധ്വാനത്തിന് വിലയില്ലാതാവുകയും തൊഴിലിന്റെയും തൊഴിലിടങ്ങളുടെയും ക്രിയാത്മകവും ഉത്പന്നാത്മകവുമായ ചുറ്റുപാടുകൾക്കുതന്നെ കോർപറേറ്റ് മുതലാളിത്തം നാളിതുവരെ ഇല്ലാത്തതിൽനിന്ന് വ്യത്യസ്തമായ നിയന്ത്രണങ്ങളും വിലക്കുകളും പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുന്ന മുൻപില്ലാത്ത ഒരു സാഹചര്യം ഉണ്ടായി എന്നത് നമുക്കറിയാം. ഈ വിലക്കുകളെ നമ്മൾ "ന്യൂ നോർമൽ' (new normal) എന്നും "വർക്ക് ഫ്രം ഹോം' (work from home) എന്നുമെല്ലാം ഓമനപ്പേരിട്ടു സ്വാംശീകരിച്ചതിന്റെ പിന്നിലുള്ള കാണാക്കെണികളെ സസൂക്ഷ്മം അടിവരയിട്ട് അവതരിപ്പിക്കുന്ന "കോവിഡും മൂലധനവും: മൃത്യുരാഷ്ട്രീയത്തിന്റെ യുക്തികൾ' എന്ന അധ്യായം അതിനുപിന്നീടുള്ള അധ്യായങ്ങളിലെ ചർച്ചകളെ കൂടുതൽ തെളിച്ചമുള്ളതാക്കുന്നു.
സൈബോർഗിന്റെ ആവിർഭാവത്തിനു ശേഷമുണ്ടായ ചരിത്രപരിവർത്തനങ്ങളെയും, രാഷ്ട്രീയ വ്യതിയാനങ്ങളെയും മനുഷ്യ കർതൃത്ത്വത്തെയും പഠനവിധേയമായി പരിശോധിക്കുന്നു ഈ പുസ്തകം
കഴിഞ്ഞ നാല്പതുവർഷങ്ങളിൽ നിർമിക്കപ്പെട്ട അമേരിക്കൻ സിനിമകളിൽ നിർമിതബുദ്ധിയും സൈബോർഗ്യൻ കഥാപാത്രങ്ങളും എങ്ങനെ സാധാരണ മനുഷ്യരുമായി ഭൗതിക- നാഗരിക സംഘർഷത്തിലേർപ്പെടുന്നു എന്നത് ജൈവരാഷ്ട്രീയത്തിന്റെയും മേൽനിരീക്ഷണ ഡിജിറ്റൽ മുതലാളിത്ത ഇൻസ്ട്രുമെന്റൽ യുക്തിയുടെയും അടിസ്ഥാനത്തിൽ പ്രതിപാദ്യവിഷയമാക്കുന്ന അധ്യായമാണ് "പോസ്റ്റ് ഹ്യൂമൻസിനിമയുടെ രാഷ്ട്രീയ സന്ദേഹങ്ങൾ.' Terminator സീരീസ്, Black Panther, Blade Runner, Matrix Trilogy തുടങ്ങിയ സിനിമകളെയാണ് പഠനവിധേയമാക്കുന്നത്. ദൃശ്യപരവും സൗന്ദര്യശാസ്ത്രപരവുമായ അനുഭവങ്ങൾ പകരുന്ന പ്രക്രിയയിൽനിന്ന് സിനിമ ഏതൊക്കെ രീതിയിൽ പുതിയ മനുഷ്യാനന്തര വഴികളിലേക്ക് സഞ്ചരിക്കുന്നു എന്ന് വിശദമാക്കുന്നതാണ് ലേഖനം. അഷീൽ മേമ്‌ബെയുടെ Out of the Dark Night എന്ന ഏറ്റവും പുതിയ പുസ്തകത്തിലെ നിരീക്ഷണങ്ങൾ ഉദ്ധരിച്ച്‌കൊണ്ട് "ബ്ലാക്ക് പാന്തർ' എന്ന സിനിമയിൽ പ്രവർത്തിക്കുന്ന വംശീയ പക്ഷഭേദങ്ങളുടെയും അപമാനവീകരിക്കപ്പെട്ട നരവംശപരമായ നോട്ടങ്ങളെയും വിമർശനവിധേയമാക്കുന്നുണ്ട് (Mbembe, A. 2021, Out of the Dark Night: Essays on Decolonization. New York: Columbia University Press). സിനിമാചർച്ചകളിൽ അധികം കടന്നുവരാത്ത അഗംബന്റെ സിനിമാസംബന്ധിയായ നിരീക്ഷണങ്ങളെ പരിശോധിക്കുന്നുവെന്ന സവിശേഷതകൂടി ഈ അധ്യായത്തിനുണ്ട്.
സൈബോർഗിന്റെ ആവിർഭാവത്തിനു ശേഷമുണ്ടായ ചരിത്രപരിവർത്തനങ്ങളെയും, രാഷ്ട്രീയവ്യതിയാനങ്ങളെയും മനുഷ്യ കർതൃത്ത്വത്തെയും പഠനവിധേയമായി പരിശോധിക്കുന്നവയാണ് പുസ്തകത്തിലെ അവസാന അധ്യായങ്ങളായ"സൈബോർഗിന്റെ അവതാര നിയോഗങ്ങൾ', "സൈബർ-യുട്ടോപ്പിയകളും സൈബോര്ഗ് രൂപകവും' എന്നിവ. ആഗോള മുതലാളിത്ത വ്യവസ്ഥയിൽ സൈബോർഗ് രൂപകം എങ്ങനെയൊക്കെ, ഏതൊക്കെ വഴികളിലായി സൈബർ യൂട്ടോപ്പ്യകൾ സാക്ഷാത്കരിക്കുവാൻ ഉതകുന്നു എന്ന് വിശിദീകരിക്കുന്ന സന്ദർഭത്തിൽ ഹാരവേയുടെ ആശയങ്ങളെ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. വിപ്ലവങ്ങൾ അവസാനിച്ചിരിക്കുന്ന സമകാലീന ലോകത്തിൽ സാമൂഹികമാറ്റം എങ്ങനെയെന്ന കാതലായ ചോദ്യം ശക്തമായി ഉന്നയിക്കപ്പെടുന്നു. ഈ പുസ്തകത്തെ ഇതേ വിഷയത്തെക്കുറിച്ചുള്ള മറ്റു പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന മൗലിക ഘടകങ്ങൾ ഈ അധ്യായങ്ങളിലും കാണുവാൻ കഴിയും.
പുസ്തകത്തിന് അനുബന്ധമായി ഡോ. ടി.ടി. ശ്രീകുമാറുമായി എസ്. ഗോപാലകൃഷ്ണൻ, എൻ.കെ. ഭൂപേഷ്, "തിരിച്ചറിവുകൾ' പത്രാധിപസമിതി എന്നിവർ നടത്തിയ മൂന്ന് അഭിമുഖങ്ങളും ചേർത്തിട്ടുണ്ട്. പുസ്തകത്തിൽ പ്രതിപാദിച്ച മൗലികമായ പല ആശയങ്ങളെയും സ്പർശിക്കുകയും ചില സമാന്തരചിന്തകൾ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ അഭിമുഖങ്ങളിൽ. അധ്യാപകർക്കും, ചിന്തകർക്കും, ഗവേഷണവിദ്യാർഥികൾക്കും പോസ്റ്റ്ഹ്യൂമൻ വിചാരലോകങ്ങളിൽ എത്തിച്ചേരുവാനുള്ള സുപ്രധാന റഫറൻസ് പുസ്തകമായും ഇത്തരം കാലികമായ ആഗോളവിഷയങ്ങളിൽ വിമർശനപരമായ ഒരു ഏഷ്യൻ/പോസ്റ്റ്കൊളോണിയൽ സമീപനം എങ്ങനെ വികസിപ്പിക്കണം എന്നതിന്റെ ശക്തമായ ഉദാഹരണമായും ഈ പുസ്തകത്തെ വിലയിരുത്താം. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.