മലയാള നോവലുകളുടെ തെരഞ്ഞെടുപ്പ്: വായനയുടെയും വിമർശനത്തിന്റെയും പക്ഷങ്ങൾ

‘‘വിപണിതാൽപ്പര്യങ്ങൾ സാഹിത്യത്തെയും പിടികൂടുന്നു. വലിയ പ്രസാധകന്മാരുടെ അനുഗ്രഹങ്ങൾക്കായി, അവരുടെ ഗുഡ്ബുക്കിലെത്താനായി കാത്തുകെട്ടിക്കിടക്കുന്ന എഴുത്തുകാരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. എങ്ങനെയും പുരസ്കാരങ്ങൾ നേടിയെടുക്കാനുള്ള യശഃപ്രാർത്ഥികളുടെ നെട്ടോട്ടങ്ങൾ നാം കാണുന്നു. ഇങ്ങനെ അധികാരത്തിന്റേയും യശസ്സിന്റേയും ധനത്തിന്റേയും തണലിൽ തങ്ങളുടെ അയോഗ്യരചനകളെ സ്ഥാപിക്കാൻ ശ്രമിക്കുന്നവരോടും മറ്റും ഉറച്ച നിലപാടുകളുള്ള സമീപനങ്ങളാണ് സാഹിത്യ വിമർശനം സ്വീകരിക്കേണ്ടത്. പ്രസന്നരാജന്റെ 'മലയാള നോവൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ' എന്ന പുസ്തകത്തിന്റെ റിവ്യൂ.

ലയാളത്തിലെ ആധുനികതാവാദത്തിന്റെ മദ്ധ്യാഹ്നത്തിൽ സാഹിത്യവിമർശനത്തിന്റെ നായകത്വം വഹിച്ചിരുന്ന കെ.പി. അപ്പൻ, വി. രാജകൃഷ്ണൻ, ബി. രാജീവൻ, എം. തോമസ് മാത്യു, നരേന്ദ്രപ്രസാദ്, ആഷാമേനോൻ എന്നിവരോടൊപ്പം അതിന്റെ അവസാന കണ്ണികളിലൊരാളായി എഴുതിത്തുടങ്ങിയ നിരൂപകനാണ് പ്രസന്നരാജൻ. എന്നെ സംബന്ധിച്ച്, അപ്പന്റെയും മറ്റും രചനകളെ പിന്തുടരാൻ പ്രേരിപ്പിച്ച തോമസ് മാത്യു (തൊടുപുഴ) തന്നെയാണ് പ്രസന്നരാജന്റെ എഴുത്തുകളെയും വായിക്കണമെന്നു നിർദ്ദേശിക്കുന്നത്. ആനുകാലികങ്ങളിലെങ്കിലും അദ്ദേഹത്തിന്റെ രചനകളെ ഞാൻ നിരന്തരം പിന്തുടർന്നിരുന്നു. ഇപ്പോൾ, അദ്ദേഹം എഴുതിയ നോവൽ നിരൂപണങ്ങളുടെ ഒരു പുസ്തകം; 'മലയാളനോവൽഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ', എന്റെ മുന്നിലെത്തിയിരിക്കുന്നു. അപ്പന്റെ 'മാറുന്ന മലയാള നോവൽ' പോലെയോ രാജകൃഷ്ണന്റെ 'നഗ്നയാമിനികൾ' പോലെയോ പ്രസന്നരാജന്റെ നോവൽനിരൂപണപുസ്തകം. ഈ പുസ്തകത്തെ കുറിച്ചുള്ള എന്റെ ആദ്യ പ്രതികരണങ്ങളാണ് ഈ ലേഖനത്തിലൂടെ എഴുതുന്നത്.

എം.മുകുന്ദൻ

'മാറുന്ന മലയാളനോവൽ' എന്ന പുസ്തകത്തെ കുറിച്ചുള്ള എന്റെ ചില മൂല്യവിചാരങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു ചർച്ചയുടെ ഭാഗമായി എഴുതിയ ചെറുലേഖനത്തിൽ ഞാൻ അവതരിപ്പിച്ചിരുന്നു. ആ പുസ്തകത്തോട് ഞാൻ സ്വീകരിച്ച നിലപാട് വ്യക്തമാക്കുന്നതിന് ആ ലേഖനത്തിന്റെ ചില ഭാഗങ്ങൾ ഉദ്ധരിക്കുന്നത് നന്നായിരിക്കുമെന്നു കരുതുന്നു: ‘‘മലയാളസാഹിത്യത്തിൽ ആധുനികതാവാദം ഉദയം കൊണ്ടത് ഒരു പ്രത്യയശാസ്ത്രത്തിന്റെ രൂപത്തിലായിരുന്നു. അസ്തിത്വവാദത്തിന്റേയും ശൂന്യതാവാദത്തിന്റേയും നിരാശാവാദത്തിന്റേയും ദുരന്തദർശനങ്ങളെ സാഹിത്യത്തിലൂടെ ആവിഷ്ക്കരിക്കുന്നതാണ് ആധുനികതയെന്ന ധാരണ ഇതോടൊപ്പം പ്രബലമായി. ‘സാഹിത്യകാരന് കടപ്പാടുളളത് സമൂഹത്തോടല്ല: വായനക്കാരനോടുമല്ല; കാലത്തോടു മാത്രമാണ്. അവന് ഇന്നുളള കടപ്പാട് നാം ജീവിക്കുന്ന കാലത്തിന്റെ സവിശേഷതകളായ മയക്കുമരുന്നുകളോടും മറ്റും മറ്റുമാണ്’- മലയാള സാഹിത്യത്തിലെ ആധുനികതാപ്രസ്ഥാനം പ്രകടിപ്പിക്കുന്ന പ്രവണതകളെ വിശദീകരിച്ച് എം.മുകുന്ദൻ അക്കാലത്ത് എഴുതിയ ഈ വാക്കുകൾ നമ്മുടെ ഭാഷയിൽ അവതരിച്ച ആധുനികതാപ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രപരിസരം വെളിപ്പെടുത്തുന്നുണ്ട്. ഈ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരണമാണ് ആധുനികരായ നിരൂപകർ തങ്ങളുടെ ലേഖനങ്ങളിലൂടെ നിർവഹിച്ചത്. സൗന്ദര്യത്തിന്റെ ഉന്നത മാനദണ്ഡങ്ങൾക്കുവേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറാകുന്നവരെന്ന പ്രശസ്തി നേടിയെടുത്ത പലരും ഈ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരണത്തിനുവേണ്ടി പ്രയത്നിച്ചവരായിരുന്നു. ആധുനിക നോവലുകളെ വിലയിരുത്തുന്ന ഗ്രന്ഥത്തിൽ കെ.പി.അപ്പനെപ്പോലുളള ഒരു വിമർശകൻ കാക്കനാടന്റെ ഏഴാംമുദ്രയ്ക്കും എം. മുകുന്ദന്റെ ദൽഹിയ്ക്കും സ്ഥാനം നല്കുന്നത് ഈ ശ്രമത്തിനുളള ശരിയായ തെളിവാണ്. ഗൗരവമാർന്ന ഒരു പിൻവിചാരത്തിൽ ഈ കൃതികൾ പരാമർശിക്കപ്പെടാൻ പോലുമുളള യോഗ്യതകളില്ലാതെ പിൻതള്ളപ്പെടുന്നതു കാണാം.

ആധുനികതാവാദത്തിന്റെ തുടർച്ചയിലാണ് പ്രസന്നരാജന്റെ നിരൂപണസപര്യ ആരംഭിക്കുന്നതെങ്കിലും അപ്പനും മറ്റും തുടക്കത്തിൽഅകപ്പെട്ട പ്രത്യയശാസ്ത്രകുരുക്കിൽ നിന്നും പ്രസന്നരാജൻ മുക്തനായി നിന്നു.

ഈ കൃതികളോടൊപ്പം, ഏതാണ്ട്, ഏകകാലത്തുതന്നെ പ്രത്യക്ഷപ്പെട്ട കോവിലന്റെ തോറ്റങ്ങൾ, ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി, പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ തുടങ്ങിയ നോവലുകൾക്ക് കെ.പി.അപ്പന്റെ മാസ്റ്റർപീസിലൂടെ നിരൂപണം ചെയ്യപ്പെടാനുളള ഭാഗ്യം ലഭിക്കാതെ പോയത് അവ ഈ പ്രത്യയശാസ്ത്രപരിസരത്തിനു പുറത്തായിരുന്നുവെന്നതുകൊണ്ടാണ്. ഇതിഹാസമാനങ്ങളുളള തകഴിയുടെ കയർ എന്ന നോവൽ അമ്പലപ്പുഴ താലൂക്ക് കച്ചേരിയിലെ രേഖകളുടെ പുനരാവിഷ്ക്കരണം മാത്രമാണെന്ന് ആക്ഷേപിക്കാൻ അപ്പൻ തുനിയുന്നതും ഇതേ കാരണം കൊണ്ടാണ്. കയറിനെ നിന്ദിച്ച സൗന്ദര്യചിന്തയാണ് ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു എന്ന നോവലിന് പ്രശംസകൾ ചൊരിഞ്ഞത്. തകഴിയും കോവിലനും അന്തർജ്ജനവും മറ്റും സാഹിത്യത്തിലെ തലമുറക്കണക്കിൽആധുനികരുടെ തലമുറയിൽ ഉൾപ്പെടുന്നില്ല എന്നതും കൂടി ഈ ഉപേക്ഷയ്ക്കും നിന്ദയ്ക്കും കാരണമായി. സൗന്ദര്യത്തിന്റേയോ നീതിയുടേയോ പ്രശ്നങ്ങളിലെല്ലാമുപരിയായി തങ്ങൾക്ക് പ്രചരിപ്പിക്കാനുളള പ്രത്യയശാസ്ത്രത്തോടു ഇവർ പ്രതിജ്ഞാബദ്ധരായിരുന്നുവെന്നതാണ് സത്യം. സാഹിത്യത്തെ പ്രചരണായുധമാക്കുന്നുവെന്ന് ഇടതുപക്ഷത്തെ വിമർശിച്ച ഇവർ പ്രതിലോമകരമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ ശക്തരായ പ്രചാരകന്മാരായിരുന്നു.’’
കയറിനെ കുറിച്ചും തകഴിയെ കുറിച്ചു തന്നെയും തന്റെ മൂല്യവിചാരങ്ങളെ പുനർനിർണ്ണയം ചെയ്യാൻ കെ.പി.അപ്പൻ പിന്നീട് തയ്യാറാകുന്നുണ്ട്. കയറിനെ കുറിച്ച് അപ്പൻ പുലർത്തിയ ആദ്യകാല നിലപാടിനെ വിമർശിക്കുന്ന ഒരു സമീപനം പ്രസന്നരാജൻ സ്വീകരിക്കുന്നുണ്ട്. ആധുനികതാവാദത്തിന്റെ തുടർച്ചയിലാണ് പ്രസന്നരാജന്റെ നിരൂപണസപര്യ ആരംഭിക്കുന്നതെങ്കിലും അപ്പനും മറ്റും തുടക്കത്തിൽഅകപ്പെട്ട പ്രത്യയശാസ്ത്രകുരുക്കിൽ നിന്നും പ്രസന്നരാജൻ മുക്തനായി നിന്നു.

കെ.പി.അപ്പൻ

ഈ പുസ്തകത്തിന്റെ ശീർഷകം മലയാളനോവൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സാകല്യത്തിൽ അനതിവിദൂരഭാവിയിൽ അനുയോജ്യമല്ലാതായി തീരുന്ന ഒന്നാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ രണ്ടു ദശകങ്ങളിലെ നോവലുകളെ മാത്രമേ ഈ പുസ്തകം പരിശോധിക്കുന്നുള്ളൂവെന്നതാണ് കാരണം. പുസ്തകത്തിലെ ഒന്നാംഭാഗത്തെ ആദ്യ ലേഖനം ആഗോളതലത്തിലേക്കു നോക്കിക്കൊണ്ട് ഈ സാഹിത്യശാഖയെ കുറിച്ച് ചില മൂലധാരണകൾ സ്വരൂപിക്കാനുള്ള ശ്രമമാണ്. ഓർഹൻ പാമുക്, ഇറ്റാലിയോ കാൽവിനോ, കസാൻദ്സാക്കിസ്, ആൽബേർ കാമു, മിഖായേൽ ബക്തിൻ എന്നിങ്ങനെ പലരുടേയും ചിന്തകളെയും വാക്കുകളെയും ഉദ്ധരിക്കുന്നു. വിശ്വപ്രസിദ്ധമായ നോവൽരചനകളെ അനുസ്മരിക്കുന്നു. ആ രചനകളുടെ തുടർച്ചയിൽ രാമരാജബഹദൂർ, കയർ, സുന്ദരികളും സുന്ദരന്മാരും, ഖസാക്കിന്റെ ഇതിഹാസം, ആൾക്കൂട്ടം എന്നീ മലയാള നോവലുകളെ പരാമർശിക്കുന്നു. (ഈ തെരഞ്ഞെടുപ്പ് എനിക്ക് വലിയ സന്തോഷം നൽകി. എന്നാൽ, ചെറിയ നോവലുകളുടെ പട്ടികയിൽ ബഷീറിന്റെ മതിലുകൾ, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു എന്നീ കൃതികൾ തോറ്റങ്ങൾ എന്ന നോവലിനൊപ്പം ഉൾപ്പെടുത്തേണ്ടിയിരുന്നു; ബഷീറിന്റെ കൃതികളെ മലയാള നോവലിന്റെ ചരിത്രം പറയുന്ന ലേഖനത്തിൽപരാമർശിക്കുന്നുണ്ടെങ്കിലും. മഞ്ഞ് ഇവിടെ ഉൾപ്പെടേണ്ടതുണ്ടോയെന്ന കാര്യത്തിൽ ഞാൻ സന്ദേഹിയാണ്.)

ഈ ലേഖനം വളരെ സാധാരണമായ ചില നിരീക്ഷണങ്ങളെ സമാഹരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒരു നോവൽ പിറവിയെ കുറിച്ച് എഴുത്തുകാർക്ക് യുക്തിഭദ്രമായി വിവരിക്കുവാനാകുമെന്നു തോന്നുന്നില്ല, നോവലുകളെ മഹത്തരമാക്കുന്നത് അതിന്റെ കഥയല്ല, 'സാമൂഹികപ്രശ്നങ്ങൾക്കു പരിഹാരം തേടുവാൻ വേണ്ടിയല്ല നോവലിസ്റ്റ് നോവലെഴുതുന്നത്...' എന്നിങ്ങനെയുള്ള നിരീക്ഷണങ്ങൾ ഇതിനകം ഏറെക്കുറെ അംഗീകൃതമായ കാര്യങ്ങളാണല്ലോ? വിച്ഛേദത്തിന്റെ സ്വഭാവം വഹിക്കുന്ന നിരീക്ഷണങ്ങളല്ല ഇവ.

വൈക്കം മുഹമ്മദ് ബഷീര്‍

ഒന്നാംഭാഗത്തെ രണ്ടാമത്തെ ലേഖനം മലയാളനോവലിന്റെ ചരിത്രത്തിലൂടെയുള്ള ഒരു സഞ്ചാരമാണ്. ലേഖനത്തിന്റെ ആദ്യഭാഗത്ത് ചന്തുമേനോന്റേയും സി.വി.രാമൻപിള്ളയുടേയും കൃതികളെ പരാമർശിക്കുന്നു. നോവൽസാഹിത്യത്തെ കുറിച്ചുള്ള സമകാലീനചർച്ചകളുടെ പശ്ചാത്തലത്തിൽ; സവിശേഷമായും ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ദലിത് വിമർശനങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും, പോത്തേരി കുഞ്ഞമ്പുവിന്റെ നോവൽ സരസ്വതീവിജയം ഇവിടെ പരാമർശിക്കപ്പെടേണ്ടതായിരുന്നു.

കെ.പി. അപ്പൻ തന്റെ നോവൽ വിമർശനത്തിനായി കാക്കനാടന്റെ ഏഴാംമുദ്രയും എം. മുകുന്ദന്റെ ദൽഹിയും തെരഞ്ഞെടുത്തത് വലിയ പിഴവുകളായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്.

ഈ ചരിത്രസഞ്ചാരത്തിൽ കോവിലന്റെ തട്ടകം, ഭരതൻ എന്നിവ വിട്ടുപോയതും കെ. സുരേന്ദ്രന്റെ ചില നോവലുകളെയെങ്കിലും പേരെടുത്തു പരാമർശിക്കാത്തതും ഉചിതമായില്ല. എം.പി. നാരായണപിള്ളയുടെ പരിണാമം ചരിത്രവികലനത്തിൽ കടന്നുവരേണ്ട കൃതിയല്ലേ? പി.കെ. ബാലകൃഷ്ണന്റെ നോവൽ: സിദ്ധിയും സാധനയും എന്ന പഠനത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവൽ വിട്ടുപോകുന്നു, ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്‌നിസാക്ഷിയും. സി.വി.ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം എവിടെയും സൂചിപ്പിക്കപ്പെടുന്നില്ല. ഗൗരവമാർന്ന പഠനങ്ങൾ ആവശ്യമുള്ള നല്ല രചനകളാണല്ലോ ഇവ. പത്മരാജന്റെ ഉദകപ്പോളയും മുകുന്ദന്റെ കേശവന്റെ വിലാപങ്ങളും മറ്റും പരാമർശിക്കുമ്പോൾ ഇവ വിട്ടുപോകുന്നതിൽ മൂല്യനിർണ്ണയനത്തിന്റെ അഭാവം കാണാൻ കഴിയും. ഈ പുസ്തകത്തിന്റെ തുടർന്നുള്ള ചർച്ചകളിലും മൂല്യനിർണ്ണയനത്തിലെ പരിമിതികളെ കുറിച്ചു പറയേണ്ടിവരുന്നുണ്ട്. ഒരുപക്ഷേ, ഈ പിഴവുകൾ വളരെ സ്വാഭാവികമായി സംഭവിക്കുന്നതായിരിക്കാം. (കെ.പി. അപ്പൻ തന്റെ നോവൽ വിമർശനത്തിനായി കാക്കനാടന്റെ ഏഴാംമുദ്രയും എം. മുകുന്ദന്റെ ദൽഹിയും തെരഞ്ഞെടുത്തത് വലിയ പിഴവുകളായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഒരു നോവൽ വിശദമായ പഠനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തില്ലെന്നതും ഓർക്കുക; പുസ്തകം ഉപസംഹരിച്ച് എഴുതുന്ന ലേഖനത്തിലാണ് കുഞ്ഞബ്ദുള്ളയുടെ കൃതികൾ പ്രധാനമായും വികലനം ചെയ്യപ്പെട്ടത്. സ്മാരകശിലകൾ എന്ന കൃതി ഏഴാംമുദ്രയുമായോ ദൽഹിയുമായോ താരതമ്യം ചെയ്താൽ എത്രയോ മെച്ചപ്പെട്ട നോവലാണ്. പിൽക്കാലത്ത് എഴുതപ്പെട്ട പല ഖസാക്ക് നിരൂപണങ്ങളും (ഇ.വി.രാമകൃഷ്ണന്റെ ലേഖനം പ്രത്യേകം ഓർക്കുക.) കെ. എം. നരേന്ദ്രൻ പാണ്ഡവപുരത്തെ കുറിച്ചും വി. സി. ശ്രീജൻ മഞ്ഞിനെ കുറിച്ചും എഴുതിയ ലേഖനങ്ങളും കെ.പി.അപ്പന്റെ പല നിരീക്ഷണങ്ങളേയും വെല്ലുവിളിക്കുകയോ അസാധുവാക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ, അധികമാരും സ്പർശിക്കാത്ത വി.കെ.എൻ കൃതികളുടെ പഠനത്തിൽ അപ്പന്റെ ലേഖനം ഇപ്പോഴും വ്യത്യസ്തമായി നിലകൊള്ളുന്നുമുണ്ട്.) പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നു ലേഖനങ്ങളും സമകാല മലയാളനോവലിന്റെ പഠനത്തിനുള്ള പ്രവേശിക ഒരുക്കുന്ന രീതിയിൽ എഴുതപ്പെട്ടതാണ്. പുസ്തകത്തിന്റെ ആദ്യഭാഗം ശ്ലാഘനീയമായ ഒരു സംരംഭമാണ്.

കെ. സുരേന്ദ്രന്‍

ആധുനികതാവാദത്തിന്റെ ഉച്ചകാലത്തിന്റെ എഴുത്തുകാരായിരുന്ന ആനന്ദ്, മുകുന്ദൻ, സേതു എന്നിവർ ഈ നൂറ്റാണ്ടിന്റെ ആദ്യത്തെ രണ്ടു ദശകങ്ങൾക്കിടയിലെഴുതിയ മൂന്നു നോവലുകൾ; യഥാക്രമം അപഹരിക്കപ്പെട്ട ദൈവങ്ങൾ, ദൽഹി ഗാഥകൾ, മറുപിറവി എന്നീ നോവലുകൾ, നിരൂപണവിധേയമാക്കുന്ന ലേഖനങ്ങളാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിലുള്ളത്. ഈ എഴുത്തുകാരുടെ മികച്ച രചനകളല്ല ഇവ. മികച്ച നോവലുകളുടെ ഒരു നിരൂപണഗ്രന്ഥമാണ് എഴുത്തുകാരൻ അഭിലഷിച്ചിരുന്നതെങ്കിൽ ഈ കൃതികളുടെ പഠനമായിരിക്കില്ല ഉൾപ്പെടുത്തുകയെന്നതു തീർച്ചയാണ്.

മുകുന്ദൻ സ്വയം അനുകരിച്ചു കൊണ്ടെഴുതിയതും പല മുകുന്ദൻനോവലുകളുടേയും നിഴൽ പരന്നുകിടക്കുന്നതുമായ ഒരു നോവലാണ് ദൽഹിഗാഥകൾ.

മുകുന്ദൻ സ്വയം അനുകരിച്ചു കൊണ്ടെഴുതിയതും പല മുകുന്ദൻനോവലുകളുടേയും നിഴൽ പരന്നുകിടക്കുന്നതുമായ ഒരു നോവലാണ് ദൽഹിഗാഥകൾ. സേതുവിനെ മലയാളസാഹിത്യചരിത്രം സ്മരിക്കുക പാണ്ഡവപുരം എന്ന നോവലിന്റേയും ദൂത് എന്ന കഥയുടേയും എഴുത്തുകാരൻ എന്ന നിലയിലായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. അടുത്തകാലത്ത് അദ്ദേഹമെഴുതിയ പല രചനകളും കൃത്രിമത്വം ഏറി വായനയെ തടസ്സപ്പെടുത്തുന്നതായാണ് എന്റെ അനുഭവം. അപഹരിക്കപ്പെട്ട ദൈവങ്ങൾ ആനന്ദിന്റെ മറ്റു കൃതികളെ പോലെ തന്നെ സാമൂഹികവും ധൈഷണികവുമായ മാനങ്ങളുള്ള നോവലാണെങ്കിലും ആൾക്കൂട്ടം, മരുഭൂമികൾ ഉണ്ടാകുന്നത്, ഗോവർദ്ധന്റെ യാത്രകൾ, വ്യാസനും വിഘ്നേശ്വരനും എന്നീ കൃതികൾക്കു മുന്നിൽ ഗണനീയമായ നോവലല്ല. ആധുനികതാവാദകാലത്തെ ഉച്ചസൂര്യന്മാർ ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും സാഹിത്യരചനകൾനടത്തിയിരുന്നുവെന്നതിന്റെ തെളിവുകളായി കരുതാവുന്ന ഈ കൃതികൾ ഈ ദശകത്തിലെ മലയാളനോവലിന്റെ സാഫല്യങ്ങളുമല്ല. ഈ നൂറ്റാണ്ടിലെ മലയാള നോവലുകളിൽ ഫോക്കസ് ചെയ്തതു കൊണ്ടോ സാഹിത്യവിമർശകന് ഭൂതകാലത്തിലെ എഴുത്തുകാരോടുള്ള മമത കൊണ്ടോ ആയിരിക്കണം ഈ പുസ്തകത്തിലെ രണ്ടാം ഭാഗം ഇങ്ങനെ നിർമ്മിക്കപ്പെട്ടത്.

ആധുനികതാവാദകാലത്തിനും ആധുനികാനന്തരതയുടെ വരവിനും ഇടയിലുള്ള കാലത്ത് എഴുതിത്തുടങ്ങിയവരുടെ രചനകളെയാണ് പ്രധാനമായും പുസ്തകത്തിന്റെ മൂന്നാം ഭാഗത്ത് വിശകലനവിധേയമാക്കുന്നത്. ഇങ്ങനെ പറയുമ്പോൾ, ആധുനികതാവാദകാലത്തെ എഴുത്തുകാരനായ കെ.പി.നിർമ്മൽകുമാറിന്റെ ജനമേജയന്റെ ജിജ്ഞാസ ഈ ഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന കാര്യം ഒരു വൈരുദ്ധ്യമായി നിൽക്കുന്നുണ്ട്. ഇതോടൊപ്പം എൻ.എസ്. മാധവന്റെ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ, സാറാജോസഫിന്റെ മാറ്റാത്തി, എൻ. പ്രഭാകരന്റെ തീയൂർ രേഖകൾ, സി.വി.ബാലകൃഷ്ണന്റെ ദിശ, കെ.പി.രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം എന്നീ നോവലുകളെ കുറിച്ചുള്ള പഠനങ്ങളാണ് മൂന്നാം ഭാഗത്തുള്ളത്.

പുനത്തിൽ കുഞ്ഞബ്ദുള്ള

മലയാളത്തിലെ ആധുനികതാവാദത്തിന്റെ അവസാനത്തെ കോട്ട കാവൽക്കാരനായി മാധവനെ ഞാൻ വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ, മാധവന്റെ ഹിഗ്വിറ്റയ്ക്കു കിട്ടിയ ചുമപ്പുകാർഡുകളിൽ നിന്നും ആധുനികാനന്തര തലമുറയിലെ എഴുത്തുകാർ പല പാഠങ്ങളും പഠിച്ചുവെന്നും ഞാൻ എഴുതിയിരുന്നു. ലന്തൻബത്തേരിയെ കുറിച്ചുള്ള എന്റെ പഠനത്തിൽ ഇങ്ങനെ എഴുതിയിരുന്നു: 'കുരിശിനു വിശുദ്ധി കൈവന്നതുപോലെ ഭ്രാന്തും വിശുദ്ധിയാർജ്ജിക്കുന്നു. ധാർമ്മികമൂല്യങ്ങൾക്കുവേണ്ടി ഉന്മാദത്തെ വരിച്ച ജെസിക്ക ഭ്രാന്തു പിടിക്കുന്നവൻ നേരിടുന്ന അപമാനത്തെ കഴുകിക്കളയുന്നു. ഉന്മാദം ആത്മാർത്ഥത നിറഞ്ഞ ഹൃദയങ്ങളുടെ പ്രതിഷേധമാണെന്ന്, മൂല്യങ്ങൾക്കു വേണ്ടിയുളള കലഹമാണെന്ന് പറഞ്ഞുതരുന്നു. ജെസിക്കയുടെ കഥയ്ക്കുശേഷം ഭ്രാന്തിനെ ധാർമ്മികമായി തളളിപ്പറയാൻ മലയാളിക്കു കഴിയില്ല തന്നെ.'

ആധുനികതയുടെ യാഥാസ്ഥിതികതയിൽ നിന്നും മലയാള സാഹിത്യത്തെ ചലനാത്മകതയിലേക്കു തിരിച്ചുവിട്ട എഴുത്തുകാരനായിട്ടാണ് പ്രസന്നരാജൻ മാധവനെ വിലയിരുത്തുന്നത്. ഈ നോവലാകട്ടെ, മാധവന്റെ നർമ്മബോധം കൊണ്ട് ഗൗരവത്തിൽ രചിക്കപ്പെട്ട തമാശകൃതിയായും അദ്ദേഹം കാണുന്നു. ജെസിക്ക ഭ്രാന്തിലേക്കുപോകാൻ നിർബ്ബന്ധിക്കപ്പെടുകയാണെന്നും ഇതു ജെസിക്കയുടേതു മാത്രമല്ല കാലത്തിന്റെ തന്നെ അവസ്ഥയാണെന്നും പ്രസന്നരാജൻ എഴുതുന്നു.

സാറാ ജോസഫ്‌

സാറാജോസഫിന്റെ ഏറ്റവും മികച്ച നോവൽ രചനകൾ ആലാഹയുടെ പെൺമക്കൾ, മാറ്റാത്തി എന്നിവയാണ്. ആദ്യത്തെ നോവലിനെ മാറ്റിനിർത്തി മാറ്റാത്തിയെ വിശ്ലേഷണം ചെയ്യാൻ നമ്മുടെ വിമർശകൻ തീരുമാനിച്ചത്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൃതി അതായതു കൊണ്ടാകണം. സ്വകാര്യങ്ങൾ രാഷ്ട്രീയമാകുമ്പോൾ എന്ന നോവൽപഠനത്തിന്റെ ശീർഷകം തന്നെ സാറാ ജോസഫ് എന്ന സ്ത്രീവാദിയുടേയും അവരുടെ രചനയുടേയും ആദർശലോകത്തിലേക്കുള്ള താക്കോൽ വാക്യമായി തീരുന്നുണ്ട്. സി.വി.ബാലകൃഷ്ണന്റെ നോവൽ സാഹിത്യത്തെ പുരസ്‌കരിച്ചു സംസാരിക്കുന്നവർ ആയുസ്സിന്റെ പുസ്തകം എന്ന നോവലിനെ കുറിച്ചു വേണം പറയുവാൻ. മറ്റുള്ള രചനകളെ കുറിച്ചുള്ള പഠനങ്ങൾ അസംഗതമാണെന്നു പറയുകയല്ല, നോവലിന്റെ കലയെ ഉയർന്ന വിതാനങ്ങളിലേക്ക് എത്തിക്കുന്ന ഒരു കൃതിയെ നിരൂപണം ചെയ്യുകയോ വിമർശിക്കുകയോ ചെയ്യുമ്പോൾ നമ്മുടെ പ്രവൃത്തി കൂടുതൽ സാർത്ഥകമാകുന്നു. സി.വി.ബാലകൃഷ്ണന്റെ ദിശ എന്ന നോവലിനെ കുറിച്ചെഴുതുന്ന പ്രസന്നരാജൻ സത്യാനന്തരരാഷ്ട്രീയഘട്ടത്തിന്റെ ആന്തരികത ആ നോവലിൽ പ്രകാശിതമാകുന്നതായി കണ്ടെത്തുന്നുണ്ട്. എൻ.പ്രഭാകരന്റെ തീയൂർ രേഖകൾ 1999-ലാണ് പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയത്. അതിനുമുന്നേ അത് ഒരു വാരികയിലൂടെ പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നിട്ടും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കൃതിയായി അതിനെ അവതരിപ്പിക്കുന്നത് പ്രഭാകരന്റെ മറ്റു നോവലുകളെ അപേക്ഷിച്ച് ഈ കൃതിയോട് നമ്മുടെ വിമർശകനുള്ള പ്രത്യേക മമത കൊണ്ടായിരിക്കണം.

മലയാളിക്കു ലഭിക്കേണ്ട മികച്ച രചനകൾ നഷ്ടപ്പെടുന്നത് നമ്മുടെ എഴുത്തുകാരുടെ അക്ഷമ കൊണ്ടു കൂടിയാണെന്ന് എനിക്കു തോന്നുന്നു.

എന്നാൽ, ഈ നോവലിന്റെ തുടക്കത്തിൽ സ്വീകരിക്കപ്പെടുന്ന മുറുക്കമുള്ള ആഖ്യാനഭാഷ പതുക്കെ അയഞ്ഞുപോകുകയും ശിഥിലമാകുകയും പ്രമേയത്തിൽ തന്നെ കുഴങ്ങിയ അവസ്ഥകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. ജനകഥ എന്ന പ്രഭാകരന്റെ നോവലിന്റെ ആദ്യ അദ്ധ്യായം അത്ഭുതകരമായ ഭാഷാശിൽപ്പമായി നമുക്ക് അനുഭവപ്പെടും. എന്നാൽ, തീയൂർ രേഖകളുടെ അതേ അനുഭവം തന്നെയാണ് ഈ നോവലിന്റെ തുടർച്ചയിൽ വായനക്കാരെ കാത്തിരിക്കുന്നത്. നോവലിലുടനീളം ആഖ്യാനഭാഷയുടെ മുറുക്കത്തെ സ്ഥിരതയോടെ നിലനിർത്തപ്പെടുന്ന എൻ. പ്രഭാകരന്റെ നോവലുകൾതാരതമ്യേന ചെറിയ രചനകളായ ക്ഷൗരവും മലയാളിഭ്രാന്തന്റെ ഡയറിയുമാണ്. സാകല്യത്തിൽ, എൻ. പ്രഭാകരന്റെ മികച്ച നോവൽ കൃതി ക്ഷൗരം ആണ്. തട്ടകം എന്ന നോവലിന്റെ രചനയിൽ കോവിലൻ അനുഭവിച്ചതായും കീഴ്പ്പെട്ടതായും തുറന്നുപറയുന്ന കാര്യങ്ങൾ പ്രഭാകരനും തീയൂർ രേഖകളുടേയും ജനകഥയുടേയും നിർമ്മാണത്തിന്നിടയിൽ അഭിമുഖീകരിച്ചിട്ടുണ്ടാകണം. ഒരുപക്ഷേ, നമ്മുടെ നല്ല എഴുത്തുകാരായ പലരും ഇതേ പ്രശ്നത്തെ അഭിമുഖീകരിക്കുന്നുണ്ടെന്നു കൂടി പറയണം. ഏകാഗ്രതയോടെ തന്റെ പ്രമേയത്തിന്നനുസരിച്ച മുറുക്കവും ശിൽപ്പദാർഢ്യവുമുള്ള ആഖ്യാനഭാഷയ്ക്കുവേണ്ടി മനനം ചെയ്യാനും കാത്തിരിക്കാനുമുള്ള ക്ഷമ പ്രകടിപ്പിക്കാതെ പെട്ടെന്ന് എഴുതി തീർക്കുന്ന രചനകളായി അവ ഒടുങ്ങുന്നു. മലയാളിക്കു ലഭിക്കേണ്ട മികച്ച രചനകൾ നഷ്ടപ്പെടുന്നത് നമ്മുടെ എഴുത്തുകാരുടെ അക്ഷമ കൊണ്ടു കൂടിയാണെന്ന് എനിക്കു തോന്നുന്നു. ഒരു തത്ത്വചിന്തയ്ക്കും വിശദീകരിക്കാനാകാത്ത മനുഷ്യജീവിതത്തിന്റെ മൗലികഭാവങ്ങളെ തീയൂർ രേഖകൾ പ്രത്യക്ഷമാക്കുന്നുണ്ടെന്ന് പ്രസന്നരാജൻ നിരീക്ഷിക്കുന്നു.

പി.എഫ്. മാത്യൂസ്

ഏകദേശം തീയൂർ രേഖകൾക്കൊപ്പം പ്രസിദ്ധീകരിക്കപ്പെട്ട പി.എഫ്. മാത്യൂസിന്റെ ചാവുനിലം എന്ന നോവൽ ഈ പുസ്തകത്തിലൊരിടത്തും പരാമർശിക്കപ്പെടുന്നില്ലെന്നത് വലിയ അനൗചിത്യമാണ്. ഒരു പക്ഷേ, ഖസാക്കിന്റെ ഇതിഹാസത്തിനും ആലാഹയുടെ പെൺമക്കൾക്കും ശേഷം മലയാളഭാഷയിൽ എഴുതപ്പെട്ട ഏറ്റവും മികച്ച നോവലാണത്. 'ദൈവവരം കിട്ടുകയോ പിശാചു ബാധിക്കുകയോ ചെയ്ത ഏതോ നിമിഷങ്ങളിലായിരിക്കണം, ചാവുനിലം എന്ന നോവൽ പി. എഫ്. മാത്യൂസ് എഴുതിയത്. വേറെ ഏതോ ലോകത്തുനിന്നും വന്നവരുടെ സഹായത്തിലാണ് ഈ നോവൽ രചിക്കപ്പെട്ടിരിക്കുന്നത്. ആദിമമായ പാപബോധങ്ങളും പ്രാചീനമായ ഉൽക്കണ്ഠകളും അബോധത്തിൽ നിന്നും ഉണർന്നെഴുന്നേറ്റു വന്ന് ഈ നോവലിന്റെ രചനയിൽ പങ്കുചേരുകയും അതിനെ നയിക്കുകയും ചെയ്തിരിക്കുന്നു. ഒരു മനുഷ്യൻ ഒറ്റയ്ക്കിരുന്നെഴുതിയതു പോലെയല്ല, പരസ്പരം കലമ്പുന്ന കുറേ ഭ്രാന്താത്മാക്കൾ ഒരുമിച്ചുകൂടുമ്പോൾ ചമച്ചതു പോലെയുണ്ട്, ഈ കൃതി.'

അശോകൻ ചരുവിൽ എഴുതിയ കറുപ്പൻ, കാട്ടൂർക്കടവ് എന്നീ നോവലുകൾ പ്രസന്നരാജന്റെ ശ്രദ്ധയിൽ വരാത്തത് എന്തുകൊണ്ടാകും എന്ന ആശങ്കയും എനിക്കുണ്ട്. കാട്ടൂർക്കടവ് പുറത്തിറങ്ങുന്നതിനു മുന്നേ ഈ വിമർശനപുസ്തകത്തിന്റെ തയ്യാറെടുപ്പുകൾ പൂർത്തിയായതാകാം കാരണമെന്നു കരുതാമെങ്കിലും കറുപ്പൻ എന്ന ചെറുനോവൽ ഉപേക്ഷിക്കപ്പെട്ടതിന് ഒരു കാരണവും കാണുന്നില്ല. കറുപ്പൻ എന്ന നോവൽ എൻ. പ്രഭാകരന്റെ ക്ഷൗരം എന്ന നോവലിനോളമോ അതിലേറെയോ പ്രാധാന്യമുള്ള രചനയാണ്.

അശോകൻ ചരുവിൽ

സാഹിത്യത്തിന്റെ മണ്ഡലവും കൂടി ഏറെ ദൂഷിതമായി കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. വിപണിതാൽപ്പര്യങ്ങൾ സാഹിത്യത്തെയും പിടികൂടുന്നു. വലിയ പ്രസാധകന്മാരുടെ അനുഗ്രഹങ്ങൾക്കായി, അവരുടെ ഗുഡ്ബുക്കിലെത്താനായി കാത്തുകെട്ടിക്കിടക്കുന്ന എഴുത്തുകാരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. എങ്ങനെയും പുരസ്കാരങ്ങൾ നേടിയെടുക്കാനുള്ള യശഃപ്രാർത്ഥികളുടെ നെട്ടോട്ടങ്ങൾ നാം കാണുന്നു. സാഹിത്യത്തിന്റെ അധികാരിയായി തീരാനുള്ള ശ്രമങ്ങളിൽ വ്യാപൃതരാകുന്നവർ ഏറെയാണ്. ഇതിനായി അധികാരരാഷ്ട്രീയവുമായി ചങ്ങാത്തത്തിൽ വർത്തിക്കുന്നു. ഇങ്ങനെ അധികാരത്തിന്റേയും യശസ്സിന്റേയും ധനത്തിന്റേയും തണലിൽ തങ്ങളുടെ അയോഗ്യരചനകളെ സ്ഥാപിക്കാൻ ശ്രമിക്കുന്നവരോടും മറ്റും ഉറച്ച നിലപാടുകളുള്ള സമീപനങ്ങളാണ് സാഹിത്യവിമർശനം സ്വീകരിക്കേണ്ടത്. ജീവിതമോ ഭാവനയോ ആഖ്യാനവൈഭവമോ പ്രകടമല്ലാത്ത കൃത്രിമത്വം നിറഞ്ഞ രചനകൾ ഗൗരവപൂർവ്വം തയ്യാറാക്കപ്പെടുന്ന നിരൂപണപുസ്തകങ്ങളിൽ ഖണ്ഡനവിമർശനത്തിനായിട്ടു പോലും കടന്നുവരുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. അവയുടെ മണ്ഡനവിമർശനം കുറ്റകരമായ അനാസ്ഥയുടെ ഫലവുമാണ്. കെ.പി.രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം പോലൊരു രചനയുടെ നിരൂപണം ഇങ്ങനെയൊരു വിമർശനഗ്രന്ഥത്തിന്റെ പരിമിതിയായി തീരുന്നുവെന്ന രവിശങ്കറുടെ അഭിപ്രായത്തെ ഞാനും പങ്കുവയ്ക്കുന്നു.

വായനയിൽ ഒട്ടും മുന്നോട്ടു പോകാൻ കഴിയാത്ത ചില നോവലുകൾ പോലും പ്രസന്നരാജന്റെ നിരൂപണപട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കാമ്പുള്ളതും പേടും ഒരുമിച്ചുവയ്ക്കുമ്പോൾ സംഭവിക്കുന്ന ശരാശരിവൽക്കരണം ഭാവുകത്വമൂല്യത്തെ കുറിച്ചു തെറ്റായ ധാരണകൾ സൃഷ്ടിക്കാനേ ഉതകുന്നുള്ളൂ.

ആധുനികാനന്തര തലമുറയിലെ എഴുത്തുകാരുടെ നോവലുകളെ വിശകലനം ചെയ്യുന്ന പുസ്തകത്തിന്റെ നാലാം ഭാഗത്ത് കൃതികളുടെ തെരഞ്ഞെടുപ്പ് മൂല്യനിർണ്ണയനമില്ലാതെ നടത്തിയതായി തോന്നും. ഇത് ശരാശരിവൽക്കരണത്തിനും സാമാന്യവൽക്കരണത്തിനും കാരണമായിരിക്കുന്നു. പ്രസാധകരുടെ പരസ്യം, ഉയർന്ന തോതിലുള്ള വിൽപ്പന, ജനപ്രിയത, ഇപ്പോൾ ഏറെ പറഞ്ഞു കേൾക്കുന്ന വായനാസുഖം എന്നിവയിലൂടെ പ്രചാരം നേടിയിട്ടുള്ള കുറേ രചനകളെയാണ് പഠനത്തിനായി പ്രസന്നരാജൻ തെരഞ്ഞെടുത്തിട്ടുള്ളത്. പൾപ്പ് നോവലുകളെന്നു വിളിക്കാവുന്നവയുമുണ്ട്. എന്നാൽ അവയുടെ ജനപ്രിയതയുടെ സാമൂഹികമായ കാരണങ്ങളോ പ്രത്യയശാസ്ത്രമോ അഴിച്ചെടുക്കുന്ന ഖണ്ഡനവിമർശനരീതി അവലംബിക്കുന്നതുമില്ല. അന്ധകാരനഴി, കെ.ടി.എൻ കോട്ടൂർ, മനുഷ്യന് ഒരാമുഖം എന്നിങ്ങനെ ആധുനികാനന്തര കാലത്തെ ചില മെച്ചപ്പെട്ട നോവലുകൾ ഈ തെരഞ്ഞെടുപ്പിൽ കടന്നുവന്നിട്ടുണ്ടെന്നു മാത്രം. വായനയിൽ ഒട്ടും മുന്നോട്ടു പോകാൻ കഴിയാത്ത ചില നോവലുകൾ പോലും പ്രസന്നരാജന്റെ നിരൂപണപട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കാമ്പുള്ളതും പേടും ഒരുമിച്ചുവയ്ക്കുമ്പോൾ സംഭവിക്കുന്ന ശരാശരിവൽക്കരണം ഭാവുകത്വമൂല്യത്തെ കുറിച്ചു തെറ്റായ ധാരണകൾ സൃഷ്ടിക്കാനേ ഉതകുന്നുള്ളൂ. ഈ ഭാഗത്ത് പത്തു നോവലുകൾ നിരൂപണം ചെയ്യപ്പെടുന്നുണ്ടെങ്കിലും നോവൽ ഭാവുകത്വത്തെ മാറ്റിത്തീർക്കാനുള്ള ശേഷികൾ പ്രകടിപ്പിച്ച കൽപ്പറ്റ നാരായണന്റെ ഇത്രമാത്രം, കരുണാകരന്റെ യുവാവായിരുന്ന ഒമ്പതുവർഷം എന്നീ നോവലുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നില്ലെന്നതും കാണണം. ഇത്രയേറെ നോവലുകൾ തെരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഉൾപ്പെടേണ്ടിയിരുന്ന അശോകന്റെ ആവർത്തനപുസ്തകവും ഒഴിവാക്കപ്പെട്ടിരിക്കുന്നു.

ഇ.സന്തോഷ് കുമാർ

വിൽപ്പനയിലും മറ്റും റിക്കാർഡുകൾ സ്ഥാപിച്ച ആരാച്ചാർ, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, മുല്ലപ്പൂ നിറമുള്ള പകലുകൾ എന്നിവയെല്ലാം മണ്ഡനനിരൂപണത്തിനു വിധേയമാകുന്ന നോവലുകളിലുണ്ട്. ഇവയുടെ ഖണ്ഡനവിമർശനത്തിന്റെ വാക്കുകൾ എഴുതപ്പെടുന്നതുമില്ല. നോവൽ വിക്കിപീഡിയജ്ഞാനം ഉൾപ്പെടെ എന്തുകൊണ്ടും നിറയ്ക്കാവുന്നതാണെന്ന സ്ഥിതി സൃഷ്ടിച്ചതിലും എഴുത്തിൽ പ്രശ്നീകരണങ്ങളല്ല, രാഷ്ട്രീയശരികളെ സ്ഥാപിച്ചെടുക്കുകയാണു വേണ്ടതെന്ന ധാരണ പരത്തുന്നതിലും മലയാളനോവലിനെ പ്രസാധകരുടെ ലാഭതാൽപ്പര്യങ്ങൾക്കനുസരിച്ചുള്ള വലിയ കമ്പോളവസ്തുവാക്കി മാറ്റിയതിലും മറ്റും (അടുത്തകാലത്ത് വർദ്ധമാനമായ പ്രവണതകളാണിത്) ഈ കൃതികൾക്ക് വലിയ പങ്കുണ്ട്. ചരിത്രവും മറ്റും പ്രധാന വ്യവഹാരമാകുന്ന നോവലുകൾ തന്നെ ചരിത്രവിരുദ്ധമായ നിലപാടുകളെ വഹിക്കുന്നതും നാം ഈ രചനകളിൽ അഭിമുഖീകരിക്കുന്നു. ദേവനായകിയിലെ ഈ ഭാഗം നോക്കൂ: 'ചരിത്രം രേഖപ്പെടുത്തുന്ന കാര്യത്തിൽ നമ്മുടെ പൂർവ്വികർ വേണ്ടത്ര ജാഗ്രത കാണിച്ചില്ല. നമുക്ക് ആ രീതി മാറ്റണം. എല്ലാ ചരിത്രസംഭവങ്ങളും കൃത്യമായി രേഖപ്പെടുത്തുകയും കുട്ടികളെ പഠിപ്പിക്കുകയും വേണം.'
ആയിരം വർഷങ്ങൾക്കു മുമ്പ് രാജരാജൻ ദേവനായകിയോടു പറയുന്നതായി നോവലിൽ എഴുതപ്പെടുന്ന ഈ വാക്കുകൾ ചരിത്രത്തെ കുറിച്ചു പറഞ്ഞുകൊണ്ട് ചരിത്രവിരുദ്ധമാകുന്നതാണ്. ചരിത്രം ഒരു ജ്ഞാനവിഷയമെന്ന നിലയ്ക്ക് സ്ഥാപിതമാകുന്നത് എപ്പോഴാണെന്നോ ഏതു കാലത്തെ സംഭവമാണ് ആഖ്യാനം ചെയ്യുന്നതെന്നോ ഹ്രസ്വമായ ആലോചന പോലുമില്ലാതെയാണ് നോവലിൽ ഈ രീതിയിലുള്ള വാക്യങ്ങൾ എഴുതപ്പെട്ടിരിക്കുന്നത്.

ഭാവസാന്ദ്രമായ കൃതിയാണ് വാക്കുകൾ. എന്നാൽ, നമ്മുടെ സാഹിത്യരംഗത്തു നിലനിൽക്കുന്ന ആശാസ്യമല്ലാത്ത പ്രവണതകൾ മൂലം ഇപ്പോൾ പോലും ശ്രദ്ധ ലഭിച്ചിട്ടില്ലാത്ത കൃതിയുമാണത്.

ഇ. സന്തോഷ്കുമാറിന്റെ അന്ധകാരനഴി, ടി.പി.രാജീവന്റെ കെ.ടി.എൻ കോട്ടൂർ എന്നീ നോവലുകളെ കുറിച്ചുള്ള നിരൂപണങ്ങൾ ഈ പുസ്തകത്തിന്റെ സാഫല്യങ്ങളാണ്. എന്നാൽ, ഇ. സന്തോഷ്കുമാറിന്റെ വാക്കുകൾ എന്ന നോവലിനെ പരാമർശിക്കാനുള്ള സന്ദർഭം പ്രസന്നരാജനു ലഭിക്കുന്നില്ല. ഒരു നോവലിസ്റ്റിന്റെ ഒരു കൃതി മാത്രം പഠനവിധേയമാക്കിയാൽ മതി എന്ന മനോഭാവം ഇതിനു കാരണമായിട്ടുണ്ടാകാം. ഒരു പക്ഷേ, ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന എം.ടിയുടെ മഞ്ഞ് എന്ന നോവലിനേക്കാളും (നിർമ്മൽ വർമ്മ ഒരു നോവലിൽസൃഷ്ടിച്ച അന്തരീക്ഷത്തോട് എം.ടിയുടെ നോവലിന് ചില ബന്ധങ്ങളുണ്ടെന്ന തോന്നൽ എനിക്കുണ്ട്) ഭാവസാന്ദ്രമായ കൃതിയാണ് വാക്കുകൾ. എന്നാൽ, നമ്മുടെ സാഹിത്യരംഗത്തു നിലനിൽക്കുന്ന ആശാസ്യമല്ലാത്ത പ്രവണതകൾ മൂലം ഇപ്പോൾ പോലും ശ്രദ്ധ ലഭിച്ചിട്ടില്ലാത്ത കൃതിയുമാണത്. വി. രാജകൃഷ്ണൻ ഈ കൃതിയുടെ സവിശേഷതകളെ തിരിച്ചറിഞ്ഞിരുന്നു. ആരാച്ചാർ എന്ന നോവലിലെ ചേതന എന്ന കഥാപാത്രത്തിന്റെ സൃഷ്ടിക്കു നൽകുന്നത് അമിതപ്രശംസയാകുന്നതായും എനിക്കു തോന്നുന്നു. ആദ്യവായനയിൽ കരുത്തുള്ള കഥാപാത്രമെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ടെങ്കിലും രണ്ടാം വായനയിൽ ആ പാത്രചിത്രണത്തിലെ അതിഭാവുകത്വം തെളിഞ്ഞു വരുന്നുണ്ട്.

ടി.പി രാജീവന്‍

പൊനം (കെ.എൻ. പ്രശാന്ത്), കാട്ടൂർക്കടവ് (അശോകൻ ചരുവിൽ), മീശ (എസ്.ഹരീഷ്), പുറ്റ് (വിനോയ് തോമസ്), കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത (രാജശ്രീ), സൂസന്നയുടെ ഗ്രന്ഥപ്പുര (അജയ് മങ്ങാട്ട്) എന്നീ കൃതികൾ നിരൂപകന്റെ പദ്ധതിയിൽ ഉൾപ്പെട്ടില്ലെന്നു കരുതാനാണ് ന്യായം.

എന്തായാലും, മലയാള നോവലുകളിലൂടെയുള്ള പ്രസന്നരാജന്റെ ഈ വിശാലപര്യടനം വലിയ സംവാദസാദ്ധ്യതകളെ തുറന്നിടുന്നുണ്ട്. ഈ പുസ്തകത്തിന്റെ രചനക്കിടയിൽ അദ്ദേഹത്തിന്റെ അബോധം തയ്യാറാക്കിയ രാമരാജബഹദൂർ, കയർ, സുന്ദരികളും സുന്ദരന്മാരും, ഖസാക്കിന്റെ ഇതിഹാസം, ആൾക്കൂട്ടം എന്നിവ ഉൾക്കൊള്ളുന്ന നോവൽപട്ടികയിലേക്കു തുടർന്നുള്ള കാലത്തെ മൂന്നു കൃതികളെ ഞാൻ കൂട്ടിച്ചേർക്കട്ടെ. ആലാഹയുടെ പെൺമക്കൾ, ചാവുനിലം, അന്ധകാരനഴി. ചെറുനോവലുകളുടെ പട്ടികയിൽ മതിലുകൾ, തോറ്റങ്ങൾ എന്നിവയുടെ തുടർച്ചയിൽ ക്ഷൗരം, കറുപ്പൻ, ഇത്രമാത്രം എന്നിവയെ ചേർക്കണം.

എന്റെ ഭാവുകത്വം കൂട്ടിച്ചേർത്ത നോവലുകൾ കാലത്തിന്റെ വലിയ പരീക്ഷണങ്ങളെ കടന്നേ ഈ പട്ടികയിൽ നിലനിൽക്കുകയുള്ളൂവെന്ന് എനിക്കു ബോദ്ധ്യമുണ്ട്. ഇപ്പോഴും വലിയ വികലനങ്ങൾക്കു വിധേയമായിട്ടില്ലാത്ത കൃതികളാണിവ എന്ന വലിയ പരിമിതിയിൽ നിന്നുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പ്. എന്നാൽ, ഈ കാലയളവിലെ മറ്റേതെങ്കിലും കൃതികൾ ഈ പട്ടികയിലേക്കു കടന്നു വരുമെന്നു ഞാൻ കരുതുന്നുമില്ല.


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments