മലയാളാധുനികതയിലെ ജാതിരൂപ (ക )ങ്ങൾ

സാഹിത്യത്തിലൂടെ ഒരു ജനതയുടെ സാംസ്‌കാരികമായ സ്വത്വ സവിശേഷതകളെ അന്വേഷിക്കുകയെന്നത് സങ്കീർണ്ണമായ ഒരു വിമർശനപ്രക്രിയയാണ്. അത്തരത്തിലുള്ള അന്വേഷണങ്ങളുടെ കാതലുള്ള തുടർച്ചയാണ് സജീവ് പി.വിയുടെ "ജാതി രൂപകങ്ങൾ - മലയാളാധുനികതയെ വായിക്കുമ്പോൾ'

""ശാകുന്തളത്തിന്റെ തർജ്ജമ പ്രസിദ്ധീകരിക്കാനായി അഭിപ്രായം തേടി കയ്യെഴുത്തുപ്രതിയുമായി കേരള വർമ്മയെ കണ്ട വെളുത്തേരി കേശവൻവൈദ്യരോട് കേശവന് ഇത് പ്രസിദ്ധീകരിക്കണമെന്നുണ്ടോ എന്നായിരുന്നു കേരളവർമ്മ ചോദിച്ചത്. ഉദ്ദേശ്യം മനസ്സിലാക്കിയ വെളുത്തേരിക്ക് അദ്ദേഹത്തിന്റെ തർജ്ജമ മറച്ചുവയ്‌ക്കേണ്ടി വന്നു. തുടർന്ന് കേരള വർമ്മ വലിയകോയിത്തമ്പുരാൻ തന്റെ ശാകുന്തള തർജ്ജമ നിർവഹിക്കുന്നു. അതാടെ വെളുത്തേരിയുടെ പരിഭാഷ ചരിത്രത്തിൽ എന്നേക്കുമായി അദൃശ്യമായിത്തീർന്നു.''
(ജാതി രൂപകങ്ങൾ മലയാളാധുനികതയെ വായിക്കുമ്പോൾ - സജീവ് പി.വി, പ്രോഗ്രസ് ബുക്‌സ് കോഴിക്കോട്, 2019.)

സാഹിത്യവിമർശനം വിവിധ സാംസ്‌കാരിക മേഖലകളെ സ്പർശിക്കുന്നതാവണം എന്ന താരതമ്യേന ആധുനികമായ അഭിപ്രായം കേസരി ബാലകൃഷ്ണപിള്ളയ്ക്ക് ഉണ്ടായിരുന്നു, പക്ഷേ പിന്നീട് മലയാള വിമർശനത്തിന്റെ മുഖ്യധാര ചലിച്ചത് സാഹിത്യത്തെ കൂടുതൽ വിഭാഗീയവും വരേണ്യവുമാക്കാൻ സഹായിക്കുന്ന പാതയിലൂടെയായിരുന്നു എന്നൊരു നിരീക്ഷണം പി.പി. രവീന്ദ്രൻ നടത്തുന്നത് 1999ലാണ്. സാഹിത്യ വ്യവഹാരത്തെ സംസ്‌കാരത്തിന്റെ ഇതര വ്യവഹാരങ്ങളിൽ നിന്നു മാറ്റി സംരക്ഷിച്ചു നിർത്തുന്ന ലാവണ്യവാദ സമീപനത്തെക്കുറിച്ച് സാംസ്‌കാരിക വിമർശം എന്ന കുറിപ്പിൽ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അതൊരു വരേണ്യ മിഥ്യയാണ് എന്ന നിരീക്ഷണവും കൂട്ടത്തിലുണ്ട്. മലയാളത്തിലെ ആധുനികതാവാദത്തിന്റെ അപചയത്തിനു ശേഷം സാഹിത്യ വിമർശനത്തെ സ്വാധീനിച്ച ചിന്താപദ്ധതികളെക്കുറിച്ച് വിവരിക്കുമ്പോൾ ഇന്ത്യൻ ആധുനികതാ വാദവും പാശ്ചാത്യ മോഡേണിസവും തമ്മിലുള്ള വ്യത്യാസം പരിശോധിക്കപ്പെടുന്നുണ്ട്. യു.ആർ. അനന്തമൂർത്തി, ഡി.ആർ. നാഗരാജ്, കെ. പി. അപ്പൻ തുടങ്ങിയ ചിന്തകർ കരുതുന്നതു പോലെ പാരമ്പര്യത്തിനും ആധുനികതയ്ക്കുമിടയ്ക്ക് നിലവിലിരിക്കുന്ന ബന്ധത്തിന്റെ സവിശേഷതകളിലല്ല ആ വ്യത്യാസമുള്ളത്, മറിച്ച് കൊളോണിയൽ ആധുനികതയാണ് ഇന്ത്യൻ ഭാഷകളിലെ ആധുനികതാവാദത്തിന് കളമൊരുക്കിയത് എന്നതാണ് ആ വ്യത്യാസത്തിനു കാരണമായി പി.പി. രവീന്ദ്രൻ കാണുന്നത്.

സജീവ് പി. വി.
സജീവ് പി. വി.

ചാൾസ് ഫീഡൽസണും റിച്ചാർഡ് എൽമാനും മോഡേണിസത്തിനു കൊടുക്കുന്ന The Modern Tradition എന്ന പേരാണ് നമ്മുടെ ആധുനികതാവാദത്തിന് ഇണങ്ങുകയെന്ന് ഒരു നിരീക്ഷണം കൂടി അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. സംസ്‌കാരവും ജാതിബാധ്യതകളും എന്ന ലേഖനത്തിൽ (ആധുനികാനന്തരം വിചാരം വായന, 1999 ) കേരളീയ സമൂഹത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന് ജാതി യുക്തികളോടുള്ള ബന്ധം സാമാന്യമായി വിശദീകരിച്ചിട്ടുണ്ട്. സാഹിത്യത്തിലൂടെ ഒരു ജനതയുടെ സാംസ്‌കാരികമായ സ്വത്വ സവിശേഷതകളെ അന്വേഷിക്കുകയെന്നത് സങ്കീർണമായ ഒരു വിമർശന പ്രക്രിയയാണ്. അത്തരത്തിലുള്ള അന്വേഷണങ്ങളുടെ കാതലുള്ള തുടർച്ചയാണ് സജീവ് പി.വിയുടെ "ജാതി രൂപകങ്ങൾ - മലയാളാധുനികതയെ വായിക്കുമ്പോൾ' എന്ന പുസ്തകം. നിലവിലുള്ള സാഹിത്യ ചരിത്രധാരണകളോട് വസ്തുതകൾ നിരത്തിക്കൊണ്ട് വിയോജിക്കുകയും അവയെ യുക്തിപൂർവം വിമർശിക്കുകയും ചെയ്യുന്നുണ്ട് ഈ പുസ്തകം.

ജാതി പത്തൊമ്പതാം നൂറ്റാണ്ടിലെ കാവ്യ സംവാദങ്ങളിൽ പ്രവർത്തിച്ച രീതിയെക്കുറിച്ച് കവി രാമായണത്തെ മുൻനിർത്തി സജീവ് അന്വേഷിക്കുന്നുണ്ട്. സാഹിത്യചരിത്ര പുസ്തകങ്ങളിൽ പേരുകൾ പരാമർശിച്ചു പോകുന്നതിനപ്പുറം കവിരാമായണം, കവി ഭാരതം തുടങ്ങിയ കൃതികളുടെ സാംസ്‌കാരിക രാഷ്ട്രീയം ആഴത്തിൽ വിശകലനം ചെയ്യപ്പെട്ടിട്ടില്ല. കവി രാമായണ സമരത്തിന്റെ വിധ്വംസകമൂല്യത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളതുകൊണ്ടുതന്നെയാവാം സാഹിത്യചരിത്ര രചയിതാവ് കൂടിയായ ഉള്ളൂർ അതിന്റെ ആഖ്യാനത്തിൽ തികഞ്ഞ നിസ്സംഗത പുലർത്തിയത്. ജാതിയെന്ന സംവർഗ്ഗത്തെ നേരിട്ട് തൊട്ടു പോകുന്നതു കൊണ്ടാണ് പിൽക്കാല കാവ്യ നിരൂപണത്തിൽപ്പോലും കവി രാമായണം നിസ്സാരമാക്കപ്പെട്ടത് എന്ന് ലേഖകൻ നിരീക്ഷിക്കുന്നു. വി .കുഞ്ഞുകൃഷ്ണനും എൻ.കെ. ദാമോദരനും അതിന്റെ പ്രഹര ശേഷിയെ നേരത്തെ തിരിച്ചറിയുകയും ചെയ്തിരുന്നു എന്നത് മറ്റൊരു വസ്തുതയാണ്. കവി ഭാരതത്തിൽ തമസ്‌കരിക്കപ്പെട്ട നാരായണ ഗുരു, വെളുത്തേരി കേശവവൈദ്യൻ, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ എന്നിവരെക്കുറിച്ചുള്ള അന്വേഷണം എത്തിനില്ക്കുന്നത് സാഹിത്യചരിത്രത്തിലെ സവർണ്ണാവർണ്ണ സംഘർഷത്തിലാണ്. അതിന്​ ബലം നല്കാൻ അക്കാലത്തു നടന്ന കവിതാ നാടക പരീക്ഷകളുടെ ഏകപക്ഷീയമായ വിജയങ്ങളുടെ ചരിത്രം കൂടി ലേഖകൻ തുറന്നു വയ്ക്കുന്നുണ്ട്.

പുലയസമുദായത്തിന്റെ മോചനം തന്നെയാണ് നോവലിന്റെ ലക്ഷ്യമെന്ന് ഉറപ്പിച്ചു പറഞ്ഞ സരസ്വതീ വിജയം എന്ന നോവലിനെ ഇല്ലാതാക്കാൻ ശ്രമിച്ച ചരിത്രത്തെയാണ് മലയാളത്തിലെ ഖണ്ഡന വിമർശനം എന്ന് പ്രകീർത്തിക്കുന്നത് എന്ന് സജീവ് സമർത്ഥിക്കുന്നു.

ദ്വിതീയാക്ഷര പ്രാസവാദത്തെക്കുറിച്ചുള്ള ലേഖനത്തിൽ പാരമ്പര്യവും ആധുനികതയും സാഹിത്യ ചരിത്രത്തിൽ പ്രവർത്തിക്കുന്നതിനെ മുൻനിർത്തിയുള്ള ഗൗരവതരമായ അന്വേഷണങ്ങൾ കാണാം. പ്രാസവാദത്തെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ ആധുനിക ബുദ്ധിജീവി വിഭാഗം രൂപപ്പെട്ടു വരുന്ന പശ്ചാത്തലത്തിലാണ് സജീവ് പരിശോധിക്കുന്നത്. മൂർക്കോത്തിന്റെ സാഹിത്യ വിമർശനങ്ങളും ആശാൻ വിമർശനങ്ങളും ആശാന്റ രചനകൾ തന്നെയും അത്തരമൊരു ഭൂമികയിലാണ് വായിക്കപ്പെടേണ്ടത്. മൂർക്കോത്തിന്റെ സമകാലികർ ആശാൻ വായനയിൽ പുലർത്തിയ ജാതീയമായ തമസ്‌കരണങ്ങളെ വെളിച്ചത്തു കൊണ്ടുവരാൻ സാധിച്ചതാണ് മൂർക്കോത്തിന്റെ ആശാൻ വിമർശനങ്ങളുടെ സവിശേഷതയായി ലേഖകൻ വിലയിരുത്തുന്നത്. കുമാരനാശാനും കേരള വർമ്മ വലിയകോയിത്തമ്പുരാനും എ.ആറും, സാഹിത്യപഞ്ചാനനും മലയാളാധുനികതയെ രൂപപ്പെടുത്തിയതെങ്ങനെ എന്ന അന്വേഷണം പുസ്തകം പൊതുവായി ഏറ്റെടുക്കുന്നുണ്ട്.

പി.കെ. നാരായണപിള്ള
പി.കെ. നാരായണപിള്ള

മലയാള സാഹിത്യത്തിലെ ശൂദ്ര ഹിന്ദുത്വത്തിന്റെ സ്ഥാനപ്പെടലിൽ പി.കെ നാരായണപിള്ള വഹിച്ച പങ്കിനെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ നിരവധി തുറസ്സുകൾക്കും തുടർപഠനങ്ങൾക്കും വഴിയൊരുക്കുന്നവയാണ്. മലയാള കാവ്യ സാഹിത്യത്തെ ‘ബ്രാഹ്മൺ ഫാഷനിംഗി’ന്റെ ഭാഗമാക്കാനുള്ള നിലമൊരുക്കിയതിൽ ഹൈന്ദവ പുരാണേതിവൃത്തങ്ങളുടെ പൊതുഭൂതകാലമുള്ള സാഹിത്യ പ്രവർത്തനങ്ങളെ ആധുനിക സാഹിത്യ ചരിത്രമായി പ്രതിഷ്ഠിക്കുന്ന പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ട് എന്ന നിരീക്ഷണം ലേഖകൻ മുന്നോട്ടുവയ്ക്കുന്നു.

മറവികൾ മായ്ക്കലുകൾ - ആധുനികതയുടെ സാഹിത്യ വിമർശന യുക്തികൾ എന്ന ലേഖനം, ഉണ്ടായ കാലത്ത് തമസ്‌കരിക്കപ്പെട്ട രതിസുന്ദരി, സരസ്വതീ വിജയം എന്നീ നോവലുകളെ മുൻനിർത്തിയാണ് പുരോഗമിക്കുന്നത്. പുലയസമുദായത്തിന്റെ മോചനം തന്നെയാണ് നോവലിന്റെ ലക്ഷ്യമെന്ന് ഉറപ്പിച്ചു പറഞ്ഞ സരസ്വതീ വിജയം എന്ന നോവലിനെ ഇല്ലാതാക്കാൻ ശ്രമിച്ച ചരിത്രത്തെയാണ് മലയാളത്തിലെ ഖണ്ഡന വിമർശനം എന്ന് പ്രകീർത്തിക്കുന്നത് എന്ന് സജീവ് സമർത്ഥിക്കുന്നു. ഭാഷാപരമായ വിലക്ഷണതകൾ ആരോപിക്കപ്പെട്ട രതിസുന്ദരി മറവിയിൽ മാഞ്ഞു. ഈ പുസ്തകത്തിലെ ഏറ്റവും തീക്ഷ്ണമായ ലേഖനങ്ങളിലൊന്ന് ഇതാണ്.

കവിതയിലെ ജാതി വ്യാവഹാരികമായി നിർമിക്കപ്പെടുന്ന ഒരു പാഠമാണ്, കവിയുടെ വ്യക്ത്യനുഭവങ്ങളായി അതിനെ ചുരുക്കുന്നതിനെ എസ്.ജോസഫിന്റെ ഗ്രൂപ്പ് ഫോട്ടോ എന്ന കവിതയുദ്ധരിച്ച് വിമർശിക്കുന്നുണ്ട് ലേഖകൻ

ദളിത് കവിതകളിലെ കാവ്യരൂപകങ്ങളുടെ രാഷ്ട്രീയത്തെക്കുറിക്കുന്ന ലേഖനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. നേരത്തെ പി.പി. രവീന്ദ്രൻ ചൂണ്ടിക്കാണിച്ചതു പോലെ, സാഹിത്യ മേന്മ ഉന്നയിച്ച് ലാവണ്യവാദപരമായി കവിതയെ വിലയിരുത്തുന്നത് നിഷ്‌കളങ്കമായ പ്രക്രിയയല്ല എന്ന് സ്ഥാപിക്കുന്ന ലേഖനമാണ് ഇത്. മുഖ്യധാരാ കാവ്യ വ്യവഹാരത്തിന്റെ അബോധത്തിൽ പ്രവർത്തിക്കുന്ന ജാതിക്കെതിരെ ദളിത് കവിതകൾ സൃഷ്ടിക്കുന്ന പ്രതി വ്യവഹാരത്തെക്കുറിച്ചാണ് ലേഖനം സംസാരിക്കുന്നത്.

ദളിത് വിമർശകരും ദളിത് കവിതയുടെ ആന്തോളജി തയ്യാറാക്കിയവരും ദളിത് കവിതകളെ മനസ്സിലാക്കിയതിൽ വന്ന അടിസ്ഥാനപരമായ പിശകുകൾ ലേഖനം ചർച്ച ചെയ്യുന്നു. കവിതയിലെ ജാതി വ്യാവഹാരികമായി നിർമിക്കപ്പെടുന്ന ഒരു പാഠമാണ്, കവിയുടെ വ്യക്ത്യനുഭവങ്ങളായി അതിനെ ചുരുക്കുന്നതിനെ എസ്.ജോസഫിന്റെ ഗ്രൂപ്പ് ഫോട്ടോ എന്ന കവിതയുദ്ധരിച്ച് വിമർശിക്കുന്നുണ്ട് ലേഖകൻ. കീഴാളാനുഭവങ്ങളെ വിവരിക്കാൻ ഭാഷയില്ലാതാകുന്ന പ്രതിസന്ധി പുതിയ ഭാഷയിൽ വിവരിക്കാൻ ശ്രമിക്കുകയാണ് ദളിത് കവിത. വൈലോപ്പിളളിയിൽ എം.എൻ. വിജയനടക്കമുള്ള നിരൂപകർ ദർശിച്ച വിലക്ഷണത മനഃശാസ്ത്രപരമായിരുന്നെങ്കിൽ പുതിയ ദളിത് കവിതകളിൽ അത് സാമൂഹ്യ ശാസ്ത്രപരമാണ്. ചെറുശ്ശേരിയും പൂന്താനവും നിർമ്മിച്ചെടുത്ത സവർണ ബാല്യത്തിന്റെ പ്രതിനിധാനങ്ങളാണ് മലയാള കവിതയിൽ പിന്നീട് ഉണ്ണികളായി നിറഞ്ഞത്. മാളിക വീട്ടിലെ പൊന്നുണ്ണിയുടെ മാതൃകകൾ മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമായി. കുട്ടിക്കാലങ്ങൾ പുതിയ ദളിത് കവിതകളിൽ ആവിഷ്‌കരിക്കപ്പെടുന്നത് ഇതിന്റെ പ്രതിവ്യവഹാരമായാണെന്ന നിരീക്ഷണം ചർച്ച ചെയ്യപ്പെടേണ്ടതാണ്.

പാരമ്പര്യത്തിന്റെ തിരുത്തിയെഴുത്തായി വന്ന ആധുനികതയിലും മേൽക്കൈ നേടിയത് ബ്രാഹ്മണ പ്രത്യയശാസ്ത്രമാണ്. ഇതേ പ്രത്യയശാസ്ത്രം തന്നെയാണ് പിന്നീട് കേരളത്തിന്റെ ആധുനികീകരണത്തിലും ദേശീയവാദ വ്യവഹാരത്തിലും പ്രകടമായത്.

പ്രാചീന മദ്ധ്യകാല കൃതികളിലും ആധുനിക സാഹിത്യത്തിലും പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്ന പ്രമേയങ്ങളിലൊന്നായ ഭക്ഷണത്തെ മലയാളി മനസ്സിലാക്കിയ പ്രകാരങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ആധുനികതയും സസ്യഭക്ഷണത്തിന്റെ സാമൂഹികപദവിയും എന്ന ലേഖനം. സസ്യഭക്ഷണത്തിനു ലഭിച്ച ഉയർന്ന സാമൂഹിക പദവി ആധുനിക മധ്യവർഗ്ഗ മലയാളിയുടെ സ്വത്വ രൂപീകരണ പ്രക്രിയയുടെ ആദ്യഘട്ടങ്ങളിൽത്തന്നെ പ്രകടമായിരുന്നു. കേരളത്തിലെ ബ്രാഹ്മണരൊഴികെയുള്ള ജാതി വിഭാഗങ്ങളുടെയും മുസ്‌ലിം സുറിയാനി ക്രിസ്ത്യൻ വിഭാഗങ്ങളുടെയും വൈവിദ്ധ്യമാർന്ന മാംസാഹാരങ്ങൾ ജനപ്രിയമായിരുന്നെങ്കിലും ആധുനിക കേരളത്തിന്റെ പ്രതിനിധാനം നിർവഹിക്കുന്നത് ഇലയിൽ വിളമ്പിയ സദ്യയുടെ ചിത്രമാകുന്നതിലെ വൈരുദ്ധ്യം ശ്രദ്ധേയമാണ്.

പാരമ്പര്യത്തിന്റെ തിരുത്തിയെഴുത്തായി വന്ന ആധുനികതയിലും മേൽക്കൈ നേടിയത് ബ്രാഹ്മണ പ്രത്യയശാസ്ത്രമാണ്. ഇതേ പ്രത്യയശാസ്ത്രം തന്നെയാണ് പിന്നീട് കേരളത്തിന്റെ ആധുനികീകരണത്തിലും ദേശീയവാദ വ്യവഹാരത്തിലും പ്രകടമായത്. അവർണരുടെ ഭക്ഷണ- ജീവിതരീതികളടക്കം ആധുനികമല്ലാത്തതിനാൽ പരിഷ്‌കരിക്കപ്പെട്ടു. നാരായണഗുരു ഈഴവരുടെ ഭക്ഷണ സമ്പ്രദായത്തിലും ആരാധനാരീതികളിലും നിർദ്ദേശിച്ച മാറ്റങ്ങൾ ഉദാഹരണമാണ്. കേരളത്തിലെ പാചകത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന് പാചകത്തെ ആധുനികതയുമായി ബന്ധപ്പെടുത്തിയ മിസ്സിസ് കെ. എം. മാത്യുവിന്റെ പാരമ്പര്യത്തിന്റെ വിപണിമൂല്യം വരെയും വ്യാപ്തിയുണ്ട്. അത്തരം സൂചനകൾ കൂടി ഉൾപ്പെടുത്തി ഇനിയും വികസിപ്പിക്കേണ്ട ലേഖനമാണിത്.
പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷങ്ങൾ പലപ്പോഴും ഉപരിതല സ്പർശിയായിരുന്നു. ആധുനികത തന്നെ പല ഘട്ടങ്ങളിലും പാരമ്പര്യോന്മുഖമായതിന്റെ സൂചനകൾ ഈ പുസ്തകത്തിലെ അദ്ധ്യായങ്ങൾ പൊതുവായി പങ്കുവയ്ക്കുന്നുണ്ട്.

മൂർക്കോത്ത് കുമാരൻ
മൂർക്കോത്ത് കുമാരൻ

മലയാള സാഹിത്യ വിമർശനം എന്ന സ്ഥാപനത്തെയും അതിന്റെ ലാവണ്യ നിയമങ്ങളെയും അപനിർമ്മിക്കാനുള്ള ആദ്യ ശ്രമം നടത്തി എന്നുള്ളതാണ് മലയാളത്തിലെ ആധുനികോത്തര ചർച്ചകളെ പ്രസക്തമാക്കുന്നത് എന്നൊരു നിരീക്ഷണം മുന്നോട്ടുവയ്ക്കുന്നുണ്ട് ആധുനികത/ആധുനികോത്തരത മലയാളത്തിലെ ചർച്ചകളും സാഹിത്യ ചരിത്രവും എന്ന ലേഖനം. മലയാളവിമർശനത്തിന് പാശ്ചാത്യമായ ആധുനികതയെക്കുറിച്ചും ആധുനികോത്തരതയെക്കുറിച്ചുമുണ്ടായ സന്ദേഹങ്ങളുടെയും അതിനെ മുൻനിർത്തിയുണ്ടായ സംവാദങ്ങളുടെയും ചരിത്രം ഇതിൽ പരിശോധിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ ബന്ധമില്ലെന്നു തോന്നിക്കുമെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലെ കാവ്യസംവാദങ്ങളുടെ സാംസ്‌കാരിക രാഷ്ട്രീയത്തിലേക്ക് തുറക്കുന്ന ആദ്യത്തെ രണ്ട് അദ്ധ്യായങ്ങളെ അപ്‌ഡേറ്റ് ചെയ്യത്തക്ക വിധത്തിലാണ് ഇതിന്റെ നില. ആധുനികതയുമായി ബന്ധപ്പെട്ട സാഹിത്യ വ്യവഹാരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് ആരംഭിച്ച് മലയാള സാഹിത്യത്തിലെ ആധുനികോത്തരതയുടെ ഇടപെടലുകളെ പരാമർശിച്ച് അവസാനിക്കുന്ന ഈ മൂന്നധ്യായങ്ങൾ ഒന്നിച്ചെടുത്താൽ മലയാള സാഹിത്യ വിമർശന ചരിത്രത്തിന്റെ ഒരു ചക്രം പൂർത്തിയാവുന്ന ദൃശ്യം കാണാം. കാല്പനികത, റിയലിസം, സർ റിയലിസം എന്നിങ്ങനെ യൂറോപ്യൻ സാഹിത്യ പ്രസ്ഥാനങ്ങൾ മലയാളത്തിലേക്കു വന്ന് സമീകരിക്കപ്പെട്ടതുപോലെ സ്വാഭാവികമായി വന്നുചേരേണ്ട ഒന്നായി പോസ്റ്റ് മോഡേണിസത്തെ കരുതിയ മലയാളി സാഹിത്യബോധത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് കോളനി ആധുനികതയെയും അതിന്റെ ചരിത്ര പ്രക്രിയകളെയും വിശകലനം ചെയ്താണ് സിദ്ധാന്തീകരിക്കേണ്ടത് എന്ന വസ്തുത ലേഖകൻ ഉറപ്പിക്കുന്നുണ്ട്. ലിയോത്താർ മുതൽ ബോദ്രിയാർ വരെയുള്ള പാശ്ചാത്യ ചിന്തകരുടെ വാദഗതികൾക്കൊപ്പം പി.കെ പോക്കർ, കെ .പി . അപ്പൻ, ബി.രാജീവൻ, വി. സി. ശ്രീജൻ, പി. പവിത്രൻ, വി. സി. ഹാരിസ്, പി. പി. രവീന്ദ്രൻ എന്നിവരുടെ ആധുനികോത്തരതയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ വിശദമായി പരിശോധിക്കപ്പെടുന്നുണ്ട് ഈ ലേഖനത്തിൽ. മലയാളസാഹിത്യവിമർശനം രൂപപരവും അതിഭൗതികവുമായ പരിമിതികളെ മറികടന്നുവെന്നതാണ് ആധുനികോത്തരതാ സംവാദങ്ങളുടെ പ്രസക്തിയെന്ന് ലേഖകൻ സമർത്ഥിക്കുന്നു.

ചരിത്രത്തെ സാഹിത്യ വിമർശനത്തിനുള്ള ഏറ്റവും ശക്തമായ ഉപാധിയായി പരിവർത്തിപ്പിക്കുന്നതിന്റെ മികച്ച മാതൃക കൂടിയാണ്​ ജാതി രൂപകങ്ങൾ മലയാളാധുനികതയെ വായിക്കുമ്പോൾ എന്ന പുസ്​തകം

മലയാളാധുനികതയെക്കുറിച്ച് മലയാളത്തിലുണ്ടായ ശ്രദ്ധേയമായ ഗവേഷണങ്ങളിലൊന്നായി ഈ പുസ്തകത്തെ പരിഗണിക്കേണ്ടതാണ്. ചരിത്രത്തെ സാഹിത്യ വിമർശനത്തിനുള്ള ഏറ്റവും ശക്തമായ ഉപാധിയായി പരിവർത്തിപ്പിക്കുന്നതിന്റെ മികച്ച മാതൃക കൂടിയാണിത്. പുസ്തകത്തിനു പിന്നിൽ നല്കിയിരിക്കുന്ന പദസൂചിക ശ്രദ്ധേയമാണ്. മലയാളത്തിൽ എഴുത്തുകാരുടെയും പ്രസാധകരുടെയും ശ്രദ്ധ വേണ്ടത്ര പതിയാത്ത മേഖലയാണ് അത്. വായനയെ കൂടുതൽ സൂക്ഷ്മമാക്കാൻ ഈ പദസൂചിക സഹായിക്കും.

"മലയാളത്തിൽ ആധുനികതയുടെയും നവോത്ഥാനത്തിന്റെയും കഥകൾ ഏതെങ്കിലുമൊരു വ്യക്തിയെയോ വിഗ്രഹത്തെയോ ചുറ്റിത്തിരിഞ്ഞു കൊണ്ടുള്ളതായിരുന്നു. പല വ്യക്തികളുടെയും ആശയങ്ങളുടെയും കലർപ്പുകൾ ആധുനിക ബൗദ്ധികചരിത്രത്തിന്റെ ഭാഗമാണ്. അവിടെ ഒന്നിനു പകരം മറ്റൊന്നിനെ പ്രതിഷ്ഠിക്കുന്നത് ആ യുക്തിയുടെ തന്നെ മറു പുറമായിരിക്കുകയേയുളളൂ’- ജാതി ആധുനികത വിമോചനം -മൂർക്കോത്തിന്റെ സാഹിത്യ വിമർശനങ്ങൾ എന്ന ലേഖനത്തിൽ നിന്നുദ്ധരിച്ച ഈ വാക്യം ഈ പുസ്തകത്തിന്റെ വീക്ഷണത്തെ മൊത്തത്തിൽ പ്രതിഫലിപ്പിക്കുന്നുണ്ട്. നമ്മുടെ സാഹിത്യചരിത്രങ്ങൾ ഇനിയും ശീലമാക്കേണ്ട ഉൾക്കൊള്ളൽ സ്വഭാവത്തെ അത് ഓർമിപ്പിക്കുന്നു.▮


ആർ. രാജശ്രീ

എഴുത്തുകാരി, നോവലിസ്റ്റ് കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത, അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും തുടങ്ങിയവ പ്രധാന കൃതികളാണ്.

Comments