പരിചിതമായ ലോകവും പരിചിതരായ മനുഷ്യരും സമൃദ്ധമായി വ്യവഹരിക്കുന്ന ധാരാളം നല്ല നോവലുകൾ മലയാളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ അത്രമേൽ പരിചയമില്ലാത്ത ഒരു ജീവിതലോകവും ഭാവാന്തരീക്ഷവും നിറഞ്ഞ കൃതിയാണ് ആത്രേയകം. പൗരാണിക ജീവിതത്തെ ആവിഷ്ക്കരിച്ച നോവലുകൾ ഏറെയുണ്ട്. ഭൂരിഭാഗവും ജനപ്രിയമായ പുനരാഖ്യാനങ്ങൾ ആയിരുന്നു. യയാതി പോലുള്ള രചനകൾ ഇതിഹാസജീവിതാവസ്ഥകളെ ഏറ്റവും നാടകീയമായി, തത്വചിന്താപരമായി, വൈകാരിക തീവ്രതയോടെ അതവതരിപ്പിച്ചു. എങ്കിലും മുഖ്യധാരാ ആഖ്യാനം തന്നെയാണ് ഈ കൃതികൾ പിന്തുടർന്നത്. രണ്ടാമൂഴത്തിൽ ഭീമൻ എന്ന വ്യക്തിക്കു പിന്നിൽ എം.ടി ക്യാമറ വെച്ചു. എപ്പോഴും രണ്ടാമതായിപ്പോകുന്ന എം.ടിയുടെ ആത്മാംശം തന്നെയായിരുന്നു ഭീമനിലുള്ളത്. എന്നാൽ മുഖ്യധാരയിൽ നിന്നു മാറി പാർശ്വങ്ങളിൽ നിന്നുള്ള നോട്ടങ്ങൾ ആത്രേയകത്തെ വേറിട്ടു നിർത്തുന്നു. പൗരാണികമായ അനുഭവ പരിസരമായിരിക്കുമ്പോഴും പുതിയ കാലത്തിൻ്റെ രാഷ്ട്രീയജാഗ്രതയും പാരിസ്ഥിതികബോധവും വിവേചനത്തെക്കുറിച്ചും ലിംഗപദവിയെക്കുറിച്ചുമുള്ള ചിന്തകളും അതിൽ ഉൾച്ചേരുന്നു. സംഹാരാത്മകമായ അധികാരഭീതിക്കെതിരെ ജൈവികനീതിയുടെ സമാന്തരലോകം അത് മുന്നോട്ടു വെക്കുന്നു.
ഓരോ നാട്ടിനും അനേകം കഥകളുണ്ട്. കഥകൾ കൊണ്ട് സമൃദ്ധമാണ് നമ്മുടെ നാടും. അവ തലമുറകളിലൂടെ സഞ്ചരിച്ചു. പല നാടുകളിലേക്ക് രൂപഭേദങ്ങളോടെ പടർന്നു. പലതും കൃത്യമായ ഉദ്ദേശ്യങ്ങളോടെ നിർമ്മിക്കപ്പെട്ടവ. രാജ്യാധികാരം നിലനിർത്താൻ ഒരുപാടു വ്യാജങ്ങളാൽ കൊരുത്തെടുക്കപ്പെട്ടവ. നോവലിസ്റ്റിൻ്റെ ഭാഷയിൽ പറഞ്ഞു തുടങ്ങിയാൽ ‘കെട്ടുപിണഞ്ഞു പോകുന്ന വ്യൂഹങ്ങളാണവ. തിരിച്ചെത്താനാകാത്ത വിധം എല്ലാവരും അതിനകത്തു പെട്ടു പോകും. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ.’ എക്കാലവും അധികാരത്തിൻ്റെ തണൽ പറ്റി അധിനിവേശ സസ്യങ്ങൾ പോലെ ഈ കഥകൾ പടർന്നു. പ്രതിരോധങ്ങളുടെ, ഓരങ്ങളിലുള്ളവരുടെ കഥകളെ അവ മായ്ച്ചു, മറച്ചു. നൂറ്റാണ്ടുകൾ മണ്ണിലാണ്ടു കിടന്ന വിത്തുകളിൽ നിന്നെന്ന പോലെ ചിലപ്പോൾ ചിലത് പുറത്തേക്ക് പച്ചനീട്ടി പടർന്നു. ആത്രേയകം അത്തരമൊരു കഥയാണ്. അധികാരത്തിൻ്റെയും ലിംഗപദവിയുടെയും ഓരങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ട ഒരു ദേശത്തിൻ്റെ കഥ. എല്ലാവർക്കും ദേശമുണ്ട്. വിവാഹം കഴിച്ചു പോകുന്ന സ്ത്രീയും സ്വന്തം ദേശവും തലയിലേറ്റിയാണ് മറ്റൊരു ദേശത്തേക്കു സഞ്ചരിക്കുന്നത്. മനുഷ്യരെ നവീകരിക്കുന്നതെന്ത് എന്ന ചോദ്യത്തിന് ആത്രേയകത്തിൻ്റെ ആമുഖത്തിൽ സഞ്ചാരം എന്ന് എഴുത്തുകാരി ഉത്തരം നൽകുന്നുണ്ട്. സ്ത്രീകളുടെ ജീവിതം ദേശങ്ങളിൽ നിന്ന് ദേശങ്ങളിലേക്ക് പറിച്ചെറിയപ്പെടുന്നതാണല്ലോ.

എല്ലാ എഴുത്തുകാരും അവരവരുടെ ദേശങ്ങളെ പലരൂപങ്ങളിൽ കൃതികളിൽ ആവർത്തിക്കാറുണ്ട്. എന്നാൽ സ്ത്രീകൾ കെട്ടിയെടുത്തു കൊണ്ടുവരുന്ന ദേശത്തിൻ്റെ അധികഭാരം ‘കല്യാണിയുടെ കത’യിൽ നമുക്ക് കാണാൻ കഴിയും. മറ്റെഴുത്തുകാരിൽ നിന്നും ഭിന്നമായി രണ്ടു ദേശങ്ങളെ അനായാസം ട്രപ്പീസു പോലെ കൈകാര്യം ചെയ്യാൻ രാജശ്രീക്കു കഴിയുന്നുണ്ട്. അത് നിസ്സാരകാര്യമല്ല. വെറും ദേശമല്ല, അതിൻ്റെ നോട്ടങ്ങൾ, ഭാഷണങ്ങൾ, ചലനങ്ങൾ, അതിർത്തികൾ, ബന്ധങ്ങൾ, ഇടപെടലുകൾ, തുടങ്ങി ആചാരം, വിശ്വാസം, ജാതിബന്ധങ്ങൾ മുതൽ വിശാലമായ ചരിത്രം വരെ അവിടെ അനായാസം പ്രത്യക്ഷമാകുന്നു. തെക്ക് ശൂരനാട് കലാപവും വടക്ക് എ.കെ.ജിയുടെ മരണവും നമ്പ്യാരുടെ ഉദയവുമെല്ലാം ദേശചരിത്രത്തിൻ്റെ ഭാഗമാവുന്നു.
ദാക്ഷായണി കൊല്ലത്തെത്തി ഒരു ലോഹ്യം എന്ന നിലയിൽ പാൽവള്ളി പറിച്ചു നീട്ടിയപ്പോൾ അയൽ പക്കത്തെ പശു പറയുന്നത് എനിക്ക് വല്ലോര്ടേം പോച്ച പറിച്ച് തിന്നണ്ട കാര്യവില്ല. ഞങ്ങടെ അയ്യത്ത് ആവിശം പോലെ കിടക്കുന്നു എന്നാണ്. നിരന്തരം മുള്ളുവേലികൾ കൊണ്ട് അതിരു വളരുന്ന ഒരു നാട്ടിലെ പശുവിൽ പോലും കഥാകാരി നാടിൻ്റെ സ്വഭാവം ചേർത്തു വെക്കുന്നതു നോക്കുക. കസേരയിലിരുത്തേണ്ടവർ, തിണ്ണയിലിരുത്തേണ്ടവർ, ചായകൊടുക്കേണ്ടവർ എന്നിങ്ങനെ മനുഷ്യനിലയിൽ ഭേദമുണ്ടെന്ന് വീട്ടിൽ വരുന്നവർക്കെല്ലാം ചായ കൊടുക്കുന്ന നാട്ടിൽ നിന്ന് പോയ ദാക്ഷായണി തിരിച്ചറിയുന്നു. കേവലം രണ്ടു സ്ത്രീകളുടെ കത എന്നതിനപ്പുറം ഒരു കാലഘട്ടത്തിൻ്റെ സൂക്ഷ്മ ചരിത്രം കൂടി കതയിലുണ്ട്.
എൻ പ്രഭാകരൻ്റെ ‘തീയൂർ രേഖകൾ’ വടക്കേ മലബാറിനെ ഏറ്റവും സൂക്ഷ്മമായി അടയാളപ്പെടുത്തിയ നോവലാണ്. ‘കത’യ്ക്കും ഒന്നര പതിറ്റാണ്ടിനപ്പുറം. ഇരുപതാം നൂറ്റാണ്ടിൻ്റെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക ചരിത്രം എന്ന് നിസ്സംശയം പറയാവുന്ന കൃതി. വൈകാരികതയ്ക്ക് അമിതപ്രാധാന്യം കൊടുക്കുന്ന മലയാളിയുടെ ഭാവുകത്വം കാരണമാവാം ചരിത്രവും രാഷ്ട്രീയവും മനുഷ്യജീവിത ബന്ധങ്ങളും ഇടകലർന്ന ആ നോവൽ അത്രയധികം ജനപ്രിയമാകാതെ പോയത്. തീയൂരിൽ നിന്നും പത്തു കിലോമീറ്ററകലമേയുള്ളു കല്യാണിയുടെ നാട്ടിലേക്ക്. മറ്റൊരർഥത്തിൽ ഏറെക്കുറെ സമാനമായ ദേശത്തിൻ്റെ സ്ത്രൈണമായ/ആനുഭവികമായ ആഖ്യാനമാണ് ‘കത’ എന്നും കാണാം.

പുരുഷൻ്റെ ചരിത്രബോധവും സ്ത്രീയുടെ ചരിത്രബോധവും വ്യത്യസ്തമാണെന്നു പറയാറുണ്ട്. ഏറെക്കുറെ ഒരേ കാലത്തെ ജീവിതമാണ് ‘കത’യിലും അടുത്ത കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട പിവി ഷാജികുമാറിൻ്റെ ‘മരണവംശ’ത്തിലുമുള്ളത്. ‘മരണവംശ’ത്തിൻ്റെ അതേ ഭൂപ്രദേശമാണ് കെ.എൻ പ്രശാന്തിൻ്റെ ‘പൊന’ത്തിനുമുള്ളത്. കാലവും സമാനം തന്നെ. പകയും പ്രതികാരവും ആവർത്തിക്കുന്ന ഒരു ജനപ്രിയ സീരീസിനോട് ‘പൊനം’ അടുത്തു നിൽക്കുന്നു. ‘മരണവംശ’ത്തിൽ സാധാരണക്കാരും നിസ്സഹായരുമായ മനുഷ്യർ എത്തിപ്പെടുന്ന ദുരന്തങ്ങളാണ്. ചരിത്രവസ്തുതകളെക്കുറിച്ചുള്ള ചില സൂചനകളിലൂടെയാണ് (ആൻ്റണി അധികാരമേറ്റു, ചീമേനിയിൽ അഞ്ചുപേർ ചുട്ടുകൊല്ലപ്പെട്ടു തുടങ്ങി) കാലത്തെക്കുറിച്ചുള്ള അറിവ് ‘മരണവംശ’ത്തിൽ നമുക്കു ലഭിക്കുന്നത്. ഈ സൂചനകൾ കലണ്ടറിലെ അക്കങ്ങൾ പോലെയാണ്. ഇതിവിടെ സൂചിപ്പിച്ചത് ആശയപരമായ ഈ ചരിത്രബോധത്തിൽ നിന്നു ഭിന്നമാണ് കതയിലെ ആനുഭവികമായ ചരിത്രം എന്ന് വ്യക്തമാക്കാനാണ്.
1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കപ്പെട്ടു എന്നത് ആശയപരമായ ചരിത്രപരാമർശമാണ്. എന്നാൽ കല്യാണിയുടെ ‘കത’യിൽ അബൂബക്കറിൻ്റെ കുടുംബത്തിൻ്റെ അനുഭവമാണത്. അവരത് ടിവിയിൽ കണ്ടു കൊണ്ടിരിക്കെ “ഇത് ഇപ്പളൊന്നും പൊളിച്ചു തീരൂലേ” എന്ന ബിജുവിൻ്റെ അപക്വമായ ചോദ്യം ഒരു സാക്ഷിയുടേതാണ്. ഒരു വലിയ ചരിത്ര സന്ദർഭത്തെ ഒരു വീട്ടിൻ്റെ സ്വീകരണ മുറിയിലേക്ക് കൊണ്ടു വരിക എന്നത് ഒരർഥത്തിൽ സ്ത്രീയുടെ ആനുഭവികമായ ചരിത്രബോധത്തിൻ്റെ തെളിവുമാണ്. ഒരു സംഭവത്തോട് രണ്ടു സമുദായങ്ങളുടെ പ്രതികരണവുമതിലുണ്ട്. ബിജുവിനെ ആ വീട്ടിൽ നിന്നും ഇറക്കി വിടുന്നതോടെ എത്രയോ കാലമായി ദൃഢപ്പെട്ട സാമൂഹിക ബന്ധങ്ങൾ കൂടി ദുർബലമാവുകയാണ്. അബൂബക്കറിൻ്റെ വീട്ടിലെത്തുന്ന കല്യാണിക്കും അതുവരെയില്ലാത്ത തണുത്ത സ്വീകരണമാണ് കിട്ടുന്നത്. മലബാറിൽ മുസ്ലിം ഹിന്ദു സമുദായങ്ങൾ തമ്മിലുള്ള ഊഷ്മളബന്ധങ്ങളിൽ വരുന്ന വിള്ളലുകൾ ബാബറി മസ്ജിദിൻ്റെ തകർച്ചയോടെ രൂപപ്പെടുന്നതിൻ്റെ സൂചനകൾ കൃത്യമാണ്. അതുപോലെ എ.കെ.ജിയുടെ മരണവും വിലാപയാത്രയും ദാക്ഷായണിയെ സംബന്ധിച്ച് വെറും ചരിത്രമല്ല, തൻ്റെ ജീവിതത്തെ നിർണയിക്കുന്ന ഒരനുഭവമാണത്. മറ്റൊരർഥത്തിൽ താൻ എത്തിപ്പെട്ട ദേശത്തിൻ്റെ തടവറയിൽ നിന്ന് അവൾ രക്ഷപ്പെടുന്നത് എ.കെ.ജിക്കൊപ്പമാണ്.
‘ആത്രേയക’ത്തിൽ കഥകൾ രൂപപ്പെടുന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ടല്ലോ. കല്യാണിയിലും ഇങ്ങനെ ദേശം സൃഷ്ടിക്കുന്ന കഥകളെക്കുറിച്ച് സൂചന നൽകുന്നുണ്ട്. കല്യാണപ്പുരയിൽ ഫോറിൻ ഷഡ്ഢി കാണിച്ച് ആളാവുന്ന മുസ്ലിമിനെക്കുറിച്ചുള്ള (യഥാർഥത്തിൽ അയാളത് ധരിക്കാൻ മറന്നു പോയിരുന്നു) പരിഹാസ്യകഥയെക്കുറിച്ചു പറഞ്ഞയുടനെ ഇത്തരം കഥകൾ 92-നു ശേഷമാണ് പ്രചരിച്ചത് എന്നും കഥാകാരി പറഞ്ഞു വെക്കുമ്പോൾ, സാമുദായിക ധ്രുവീകരണത്തോടൊപ്പം ഒരു സമുദായത്തെക്കുറിച്ച് മറ്റു സമുദായങ്ങൾ എങ്ങിനെ കഥകൾ രൂപപ്പെടുത്തുന്നു എന്നതിൻ്റെ സാംസ്കാരികതലം കൂടി അവിടെ പ്രത്യക്ഷപ്പെടുന്നു. നോമ്പിന് അയൽ വീടുകളിലേക്കെത്തിയിരുന്ന പലഹാരപ്പൊതികളിൽ കുത്തനെ ഇടിവുണ്ടാകുന്നതായും കഥാകാരി പറഞ്ഞു വെക്കുന്നു. ആശയങ്ങളിൽ നിന്നും ചരിത്രം അനുഭവങ്ങളിലേക്കു വരുന്നതിൻ്റെ ഉദാഹരണം കൂടിയാണിത്.

പളളിയുടെ തകർക്കലോടെ സംഘപരിവാരം ലക്ഷ്യം വെച്ച മുസ്ലിം അപരവൽക്കരണത്തിനുള്ള പ്രയോഗരൂപങ്ങളായി ഇത്തരം കഥകൾ മാറുന്നു. കഥകൾ ആധിപത്യം ഉറപ്പിക്കാനുള്ള പ്രത്യയശാസ്ത്ര ഉപകരണങ്ങളായി പ്രവർത്തിക്കുന്നു. തെക്ക് ഗുരുവിൻ്റെ മരണത്തെക്കുറിച്ച് നായർ സമൂഹം സൃഷ്ടിക്കുന്ന നരേറ്റീവുകളെക്കുറിച്ചുള്ള സൂചന കതയിൽ പ്രത്യക്ഷപ്പെടുന്നത് നോക്കുക. പാർട്ടിയിൽ നിന്നും അബൂബക്കറിൻ്റെ പുറത്തു പോക്കിനും ചെരിപ്പിൻ്റെ കഥ കാരണമാവുന്നുണ്ട്. പള്ളി തകർക്കപ്പെട്ടതോടെ മുസ്ലിം ന്യൂനപക്ഷത്തിൻ്റെ അരക്ഷിതാവസ്ഥ അവരുടെ സ്വത്വങ്ങളിലേക്ക് കൂടുതൽ മതാത്മകതയിലേക്ക് അവരെ നയിച്ചിട്ടുണ്ട്. അബൂബക്കറിൻ്റെ നിലാമുറ്റത്തേക്കുള്ള യാത്ര ഈ അർഥത്തിൽ വേണം നോക്കിക്കാണാൻ. 80-കളുടെ അവസാനം കേരളത്തിൽ ഉയർന്നു വന്ന ശരീഅത്ത് വിവാദവും സമുദായത്തെ മതാത്മകമായി ഒന്നിച്ചു നിർത്തുന്നതിന് കാരണമായിട്ടുണ്ട്. ശരീഅത്തിലെ ഏറ്റവും സ്ത്രീവിരുദ്ധമായ ഒരു നിയമത്തെ - പെൺമക്കൾ മാത്രമുള്ള പിതാവ് മരണപ്പെട്ടാൽ സ്വത്തിൽ ഭൂരിഭാഗവും അയാളുടെ സഹോദരപുത്രന്മാർക്ക് പോകും - നോവലിൽ പ്രശ്നവൽക്കരിക്കുന്നുമുണ്ട്. കദീശുമ്മയുടെ കുടുംബം ആ നിയമത്തിൻ്റെ ഇരകൾ കൂടിയാണ്. ദേശത്തിൻ്റെ രാഷ്ട്രീയവും ചരിത്രവും സംസ്കാരവും സൂക്ഷ്മമായി പിന്തുടരുന്ന ഒരാൾക്കേ ഇത്തരം ആഖ്യാനങ്ങൾ സാധ്യമാവൂ.
ജാതി ബന്ധങ്ങൾ, മതങ്ങൾ, അവയുടെ പ്രതിനിധാനങ്ങൾ രണ്ടു ദേശങ്ങളിലും അവിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരുപക്ഷേ മലബാറിലെ ഇടനാടിന് പരിചിതമല്ലാത്ത കൃസ്ത്യൻ പ്രാതിനിധ്യം പോലും നോവലിലേക്ക് കൊണ്ടു വരുന്നുണ്ട്. പഴശ്ശി അണക്കെട്ടിൻ്റെ കനാൽ നിർമ്മാണത്തിനു വരുന്ന എഞ്ചിനീയർ വിൻസിച്ചൻ്റെ കുടുംബത്തിലൂടെ ആ സമുദായത്തിലെ ഏറ്റവും വിപൽകരമായ പാട്രിയാർക്കിയെ, സ്ത്രീ അവസ്ഥയെ ചൂണ്ടിക്കാട്ടാൻ എഴുത്തുകാരി ശ്രമിക്കുന്നുണ്ട്. പാട്രിയാർക്കി ഏറ്റവും പ്രബലമായി നിലനിൽക്കുന്നത് കേരളത്തിലെ കൃസ്ത്യൻ സമുദായത്തിലാണ്. വിൻസിച്ചൻ ഉപേക്ഷിച്ചു പോയപ്പോൾ ലിസി പറഞ്ഞത് തനിക്ക് ഒരാൺകുട്ടിയായിരുന്നെങ്കിൽ അയാൾ അതിനെ കൊണ്ടു പോയേനെ എന്നാണ്. ഈ പ്രയോജനവാദപരമായ സമീപനം തെക്കിൻ്റേതു കൂടിയാണെന്ന സൂചന കഥാകാരി നൽകുന്നുണ്ട്. ആഖ്യാതാവിന് പെൺകുഞ്ഞ് ജനിച്ചതിൻ്റെ നീരസം ഭർത്താവ് വിനയനും മറച്ചു വെക്കുന്നില്ല എന്നോർക്കണം. പറഞ്ഞു വന്നത് കതയിലെ ജാതി ബന്ധങ്ങൾ, സമുദായ പ്രാതിനിധ്യങ്ങൾ, രാഷ്ട്രീയം, ചരിത്രം എല്ലാം തന്നെ ഇനിയും സൂക്ഷ്മ പഠനങ്ങൾക്ക് വിധേയമാകേണ്ടതുണ്ട് എന്നു സൂചിപ്പിക്കാനാണ്. അതിലെ നർമ്മം കലർന്ന ആഖ്യാനത്തിലും ഫെമിനിസ്റ്റ് കാഴ്ചപ്പാടിലും മാത്രം ആളുകൾ കൂടുതലായി വട്ടം ചുറ്റി എന്നു തോന്നുന്നു.

താൻ മുമ്പെഴുതിയ രചനയിൽ നിന്നും തീർത്തും ഭിന്നമായ ഒരു ഭൂമികയും കഥാപാത്രങ്ങളുമാണ് ആത്രേയകത്തിൽ പ്രത്യക്ഷപ്പെടുന്നത്. നർമ്മത്തിൻ്റെ ധാരാളിത്തമുള്ള ഭാഷ കൊണ്ട് കളിച്ച ഒരെഴുത്തുകാരിയിൽ നിന്നും അത്തരത്തിലുള്ള തുടർച്ചകളാവും വായനക്കാർ പ്രതീക്ഷിക്കുക. പക്ഷേ ഒരൊറ്റ സന്ദർഭത്തിൽ മാത്രമാണ് നർമ്മം ആത്രേയകത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതും സൂക്ഷിച്ചു നോക്കുന്നവർക്കു മാത്രം ലഭിക്കുന്ന ഒന്ന്. പാഞ്ചാലിയുമായി യുധിഷ്ഠിരൻ്റെ ആദ്യസമാഗമവും ലൈംഗിക ബന്ധവും. ഓരോ കഥാപാത്രങ്ങളെക്കുറിച്ചും നാം സ്വരൂപിച്ചു വെച്ചിട്ടുള്ള ഒരു പൊതുബോധമുണ്ടല്ലോ. ആ ബോധത്തെ സാധൂകരിക്കുമാറ് ഒരു പക്ഷേ ലോകത്തിലെ ഏറ്റവും വിരസമായ രതിക്കു ശേഷം യുധിഷ്ഠിരൻ 'സൽസന്താനപ്രാപ്തിക്കായി പ്രഥമനിഷേകം പൂർത്തിയാക്കിയിരിക്കുന്നു, സ്വസ്തി' എന്ന വാചകം ഉരുവിടുന്ന സന്ദർഭം അത്രമേൽ മാരകവും ഇരുണ്ടതുമായ പരിഹാസം നമ്മിൽ സൃഷ്ടിക്കും.
തീർത്തും പ്രാദേശികമായ ഒരു ഭൂമികയിൽ നിന്നും സാർവ്വലൌകികമായ ഒരു ദേശത്തേക്കുള്ള ഉയിർപ്പു കൂടിയാണ് ആത്രേയകം. കതയിൽ തെക്കും വടക്കും രണ്ടു ദേശങ്ങളുണ്ട്. ദേശങ്ങളുമായി ബന്ധപ്പെട്ട് മനുഷ്യരുടെ സൂഷ്മ സ്വഭാവ ചിത്രീകരണങ്ങളുണ്ട്. ആത്രേയകത്തിലും ദേശങ്ങളുണ്ട്. അധികാരമത്സരങ്ങളിൽ പിണഞ്ഞ് ഭയംമൂടിയ പാഞ്ചാലവും കഥകൾ മെനയുന്നതിൽ താല്പര്യമില്ലാത്ത ദശാർണവും, കുറച്ചു കൂടി സ്വാതന്ത്ര്യവായു പുലരുന്ന മാദ്രവും കൂടാതെ നോവലിസ്റ്റിൻ്റെ കാല്പനികഭൂമികയായ അത്രേയകവുമുണ്ട്. എന്നോ ജീവിച്ചിരുന്ന കാടിനെക്കുറിച്ചുള്ള അബോധസ്മരണകൾ നാഗരികരായ നമ്മുടെ മനസ്സിലുണ്ടാവാം. വീടിനോട് ചേർന്ന് ഒരു കാട് അഥവാ പൂന്തോട്ടം നാം നിർമ്മിക്കുന്നത് ആ വിദൂരപൂർവ്വസ്മരണയെ നിലനിർത്താനാണ് എന്നു പറയാറുണ്ട്. മനുഷ്യർ കാടുകാണാൻ പോകുന്നതിനു പിന്നിൽ ഈ ആദിമലോകത്തേക്കുള്ള പിന്മടക്കമുണ്ട്. അധികാരാർത്തിയും ദുരയും നിറഞ്ഞ നാഗരികതക്കെതിരെ നാം കാടുമായി ബന്ധപ്പെട്ട കാൽപനികജീവിതത്തെ പകരം നിർത്താറുമുണ്ട്.
മലയാളികളെ സംബന്ധിച്ച് സാഹിത്യത്തിലൂടെ പരിചയപ്പെട്ട് അവർ തീർഥയാത്ര പോകുന്ന ഒരു ദേശമേയുള്ളു. അതാണ് ഖസാക്ക്. പുരുഷൻ്റെ കാമനകൾക്ക് ഉത്തരവാദിത്തങ്ങളുടെ ഭാരമില്ലാതെ, സദാചാരത്തിൻ്റെ വിലക്കുകളില്ലാതെ ഭാരരഹിതമായി സഞ്ചരിക്കാവുന്ന ഒരു കാല്പനിക ഭൂമികയാണ് വിജയൻ സൃഷ്ടിച്ചത്. തൊഴിൽ മേഖലയിൽ ഏറെ ഉത്തരവാദിത്തം ആവശ്യപ്പെടുന്ന ആസ്ട്രോ ഫിസിക്സിൻ്റെ സങ്കീർണലോകവും വ്യക്തിജീവിതത്തിൽ ഏറെ ഉത്തരവാദിത്തമാവശ്യപ്പെടുന്ന പത്മയുമായുള്ള പ്രണയവും ഉപേക്ഷിച്ചാണ് രവി ഖസാക്കിലെ ഏകാധ്യാപക വിദ്യാലയത്തിലെത്തുന്നത്. മറ്റൊരധ്യാപകനെക്കൊണ്ടുള്ള സംഘർഷം പോലുമില്ലാത്ത ഒരു സ്വതന്ത്രലോകം. സദാചാരത്തിൻ്റെ വിലക്കുകളില്ലാത്ത രക്തബന്ധങ്ങളുടെ ബാധ്യതകളില്ലാത്ത സ്വച്ഛവും ഭാരരഹിതവുമായ ഒരു ജീവിതമാണ് രവി തെരഞ്ഞെടുക്കുന്നത്. മലയാളി പുരുഷൻ്റെ സ്വപ്നജീവിതമാണിത്. എ അയ്യപ്പനോടും ജോൺ എബ്രഹാമിനോടും അവൻ വെച്ചുപുലർത്തുന്ന ആദരവിനു പിന്നിൽ പലതരം ഉത്തരവാദിത്തങ്ങളിൽ കെട്ടുപിണഞ്ഞ് തനിക്കു ജീവിക്കാൻ കഴിയാതെ പോയ ഒരു ജീവിതത്തോടുള്ള ആരാധനയുണ്ട്. ഖസാക്കു പോലെ തന്നെ ഭാവിയിൽ വായനക്കാർക്ക് സമാശ്വാസം നൽകുന്ന മറ്റൊരു ദേശമായി ആർ രാജശ്രീയുടെ നോവലിലെ ആത്രേയകം മാറും. ഇത് പക്ഷേ ഖസാക്കു പോലെ ഭാരരഹിതമായി അലയാവുന്ന പുരുഷൻ്റെ ആത്മനാശകമായ ഭാവനാലോകമല്ല. മറിച്ച് സ്ത്രീയെപ്പോലെ ഉത്തരവാദിത്തങ്ങളിലൂടെ തെഴുത്ത് വളരുന്ന ജൈവ പ്രകൃതിയാണ്. രാഷ്ട്രീയ ജാഗ്രതയുടെ ഭൂമികയാണ്. ഹിംസയുടെയും സംഹാരത്തിൻ്റെയും ആധിപത്യത്തിൻ്റെയും വിധേയത്വത്തിൻ്റെയും ദേശങ്ങൾക്കെതിരെ സൃഷ്ടിയുടെ, പുനരുജ്ജീവനത്തിൻ്റെ, സമാശ്വാസത്തിൻ്റെ ദേശമായി അത്രേയകം വേറിട്ടു നിൽക്കുന്നു. ഒടുവിൽ പുരുഷൻ്റെ യുദ്ധങ്ങളാൽ നിസ്സംശയം നശിപ്പിക്കപ്പെടുമെങ്കിലും.

വ്യക്തിയുടെ വളർച്ചയിൽ ഏറ്റവും തടസ്സമായി നിൽക്കുന്ന ഒന്ന് കുടുംബം എന്ന മാരക സ്ഥാപനമാണ്. ‘കത’ ഇതിനെ വിമർശവിധേയമാക്കുന്നുണ്ടല്ലോ. ആത്രേയകത്തിലെത്തുമ്പോൾ തൻ്റെ മാനസപുത്രിയായ ഇളയെ അത്തരമൊരു കുടുംബസ്ഥാപനത്തിൽ ബന്ധിക്കാതിരിക്കാൻ എഴുത്തുകാരി ശ്രദ്ധിക്കുന്നുണ്ട്. സദാചരത്തിൻ്റെ ഭാരമൊന്നും ആ കഥാപാത്രത്തിനുമേൽ കയറ്റി വെക്കുന്നുമില്ല. അവൾ സ്വന്തം കഴിവിൽ, തൊഴിലിൽ വൈദഗ്ദ്യം തെളിയിക്കുകയാണ്. ബലനെക്കുറിച്ച് ഉൽക്കണ്ഠ പുലർത്തുന്നവളെങ്കിലും അവൾ തൻ്റെ വഴി സ്വയം തെരഞ്ഞെടുക്കുകയാണ്. ചരിത്രം ആധിപത്യം നേടിയവൻ്റെ മാത്രമാണെന്ന് ഇന്നു നമുക്കറിയാം. പണ്ട് രാജാക്കന്മാർക്കു വേണ്ടി ചരിത്രം നിർമ്മിച്ചത് കവികളും കഥാകാലക്ഷേപക്കാരുമായിരുന്നു. അതിനു വേണ്ടി മാത്രം സംഘങ്ങളും ഒരു പക്ഷേ സമുദായങ്ങൾ തന്നെയും ഉണ്ടായിരുന്നു. ഭൂതകാലത്തെക്കുറിച്ച് അറിയുന്നവർക്കേ ഭാവി പ്രവചിക്കാനാവൂ. ഗണകൻമാർ ഭൂതകാലമറിയുന്ന ആദിമചരിത്രകാരന്മാരാവണം. അത്തരത്തിലുള്ളവർ സൃഷ്ടിച്ച ആഖ്യാനങ്ങൾ കാലങ്ങളിലൂടെ പടർന്നു. പല രൂപങ്ങളിൽ പല ഭാവങ്ങളിൽ. ചിലത് അധികാരത്തിൻ്റെ പിന്തുണയാൽ ക്രോഡീകരിക്കപ്പെട്ടു. അത് ഇതിഹാസങ്ങൾ എന്നതോടൊപ്പം ചരിത്രം കൂടിയായിരുന്നു. ആരുടെ ചരിത്രം എന്ന ചോദ്യം ആധുനിക കാലത്ത് ഉയർന്നു. ഡി.ഡി കൊസാംബിയെ പോലുള്ള ചരിത്രകാരന്മാർ അതിനെ മറ്റു നരവംശശാസ്ത്രത്തിൻ്റെയും മറ്റും ടൂളകളുപയോഗിച്ച് അഴിച്ച് മനുഷ്യരുടെ ചരിത്രം കണ്ടെത്താൻ ശ്രമിച്ചു.
ആത്രേയകത്തിലെ ഈ ഭാഗം ശ്രദ്ധിക്കുക:
“കഥാകാലക്ഷേപസംഘവുമായി ധൃഷ്ടൻ പലതവണ കൂടിക്കാഴ്ചകൾ നടത്തിയത് ദ്രുപദൻ അറിയുന്നുണ്ടായിരുന്നു. നാലോ അഞ്ചോ ചെറിയ സംഘങ്ങളായി പിരിഞ്ഞ് പല നാടുകളിലേക്ക് അവർ സഞ്ചരിച്ചു തുടങ്ങിയത് ധൃഷ്ടൻ്റെ നിർദ്ദേശപ്രകാരമാണ്. ചെല്ലുന്നിടത്ത് ഒന്നും രണ്ടും പേരായി വീണ്ടും പിരിയുന്ന അവർ സത്രങ്ങളിലും അങ്ങാടികളിലും വീഥികളിലും ആയുധക്കളരികളിലും ഗണികാഗൃഹങ്ങളിലും യാദൃച്ഛികമെന്നോണം കണ്ടുമുട്ടും. പരസ്പരം കഥകൾ പങ്കുവെക്കും, വളര സ്വാഭാവികമായി അവ പടരും. അതാണ് പുതിയ രീതി. പാഞ്ചാലത്തിനകത്ത് സ്ഥിരമായി നിൽക്കുന്ന ഒരു സംഘത്തിനാണ് നിയന്ത്രണം. കുറഞ്ഞ സമയം കൊണ്ട് നാലുപാടും പാകിപ്പടർത്തിയ കഥകളിൽ ചവിട്ടി പാഞ്ചാലം ചുവടുറപ്പിക്കുകയാണ്.”
കഥകളിലൂടെ ഒരു രാജ്യം ചുവടുറപ്പിക്കുന്നതിനെ വർത്തമാനകാലത്തിലേക്കു കൊണ്ടു വന്നു നോക്കൂ. ഒരു വിശദീകരണവും ആവശ്യമില്ലല്ലോ. നരേറ്റീവുകൾ എങ്ങിനെ നമ്മെ സ്വാധീനിക്കുന്നു, രാഷ്ട്രത്തെ, രാഷ്ട്രീയത്തെ അധികാരത്തെ നിർണയിക്കുന്നു എന്നതിന് ആയിരം ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. വിനോദ് കൃഷ്ണയുടെ 9MM ബരേറ്റയിൽ ഇത്തരം നരേറ്റീവുകൾ മുഖ്യമായി വരുന്നുണ്ട്. മാധ്യമങ്ങൾ തന്നെ പുതുകാലത്ത് നരേറ്റീവുകൾ സൃഷ്ടിക്കുന്ന കഥാകാലക്ഷേപ ഫാക്ടറികളായി മാറിയിരിക്കുന്നു. എന്തിനധികം, കേരളത്തക്കുറിച്ചു നിർമ്മിക്കപ്പെട്ട നരേറ്റീവുകൾ എത്രയാണ്! വാട്സ് ആപ് സന്ദേശങ്ങളായും സിനിമകളായും. കാട്ടാളനായിരുന്ന വാൽമീകി രചിച്ചതെങ്കിലും രാമായണത്തിലെ നോട്ടം പക്ഷേ വരേണ്യബ്രാഹ്മണ്യനോട്ടമാണ്. ആശാനിലെത്തുമ്പോൾ ആ നോട്ടം സ്ത്രീയുടെയും പിന്നോക്കക്കാരൻ്റെയും നോട്ടമായി മാറുന്നു.
അരുതോർക്കിൽ നൃപൻ വധിച്ചു നിഷ്-
ക്കരുണം ചെന്നൊരു ശൂദ്രയോഗിയെ
നിരുപിക്കിൽ മയക്കി ഭൂപനെ
തരുണീപാദജഗർഹിണീശ്രുതി.

സ്ത്രീകളെയും അസ്പൃശ്യരെയും അടിമകളാക്കുന്ന ബ്രാഹ്മണധർമ്മശാസ്ത്രത്തിൻ്റെ അടിമയാകുന്നു രാമൻ എന്നാണു വിമർശനം. മഹാഭാരതത്തിലെ നോട്ടങ്ങൾക്ക് എതിർപക്ഷത്താണ് ആത്രേയകത്തിൻ്റെ നോട്ടം. സ്ത്രീ, അവർണൻ എന്നതിനപ്പുറം ലിംഗഭേദങ്ങളുടെ മഴവിൽവർണങ്ങളിലേക്ക് എഴുത്തുകാരി പക്ഷം ചേരുന്നു. അവജ്ഞയോടെ അരികിലേക്കൊതുക്കിയ, മറച്ചുവെക്കപ്പെട്ട അവരുടെ അനുഭവലോകം മലയാളികൾക്ക് അത്ര പരിചിതമല്ല, മഹാഭാരതത്തെ ഉപജീവിച്ചെഴുതിയ നോവൽ എന്ന് പലരും ഇതിനെ വായിക്കുന്നുണ്ട്. പക്ഷേ ഇങ്ങിനെയൊരു ദേശം മഹാഭാരതത്തിലില്ല. അതുപോലെ ചൂഡകൻ, ബലൻ തുടങ്ങി പല പ്രധാന കഥാപാത്രങ്ങളും. ഉപജീവിച്ച് എന്നതിനെക്കാൾ അതിനെ അതിജീവിക്കുന്ന മറ്റൊരു ആഖ്യാനത്തിൻ്റെ വിമത സാധ്യതയാണ് രചയിതാവ് അന്വേഷിക്കുന്നത്. യുദ്ധത്തിൻ്റെ ഉന്മാദവും ജയത്തിൻ്റെ നിശ്ശൂന്യതയും വിരക്തിയുമാണല്ലോ മഹാഭാരതം മുന്നോട്ടു വെക്കുന്നത്. അതിനെതിരെ ബൗദ്ധ പാരമ്പര്യത്തിലൂന്നിയ ഒരു ബദൽ ആഖ്യാനമാണ് ആത്രേയകം. മയനെന്ന അസുരശില്പിയിലൂടെ ഇന്ദ്രപ്രസ്ഥത്തിൽ നിർമ്മിക്കുന്ന കൊട്ടാരം വഞ്ചനയുടേതാണ്. ഒരുപക്ഷേ നാഗങ്ങളെ ആരാധിച്ചിരുന്ന ഗോത്രങ്ങളെ വംശീയമായ ഒരു ഉന്മൂലനം ചെയ്തതിൻ്റെ ചരിത്രം കൂടി ഖാണ്ഡവദഹനത്തിനു പിന്നിലുണ്ട്. മയസഭയടക്കം വലിയ കൊട്ടാര എടുപ്പുകളുടെ കഥ കൂടിയാണത്. എരിഞ്ഞു തീർന്ന അരക്കില്ലങ്ങൾക്കു മുകളിലാണീ എടുപ്പുകൾ. ലാളിത്യത്തിൻ്റെയും കരുതലിൻ്റെയും ബുദ്ധ മാർഗമാണ് ആത്രേയകം. ബ്രാഹ്മണ്യവും ക്ഷാത്രവും ചേർന്ന ഹിംസാത്മകമായ ആർഷ സംസ്കൃതിക്കെതിരെ ഏതജ്ഞാതനോടുമുള്ള കരുതലും ശുശ്രൂഷയും സഹാനുഭൂതിയും നിറഞ്ഞ ബൗദ്ധപാരമ്പര്യത്തിൻ്റെ ഒരു തുരുത്ത്.
മലയാളികൾക്ക് പ്രിയങ്കരനായ കിം കിഡുക്കിൻ്റെ ‘സ്പ്രിങ്ങ്, സമ്മർ, വിൻ്റർ, ഫാൾ, ആൻ്റ് സ്പ്രിങ്ങ്’ എന്ന സിനിമയിൽ ഇത്തരമൊരു ദേശം അഥവാ ദ്വീപ് ഉണ്ട്. പ്രതീകാത്മകമായ ഒരു വാതിൽ മാത്രമുള്ള ആർക്കും കടന്നു വരാവുന്ന ഒരു ദ്വീപ്. രോഗശമനത്തിനെത്തിച്ചേരുന്ന അപൂർവ്വം മനുഷ്യർ. അതിലെ ബുദ്ധസന്യാസിയെ ഓർമ്മിപ്പിക്കുന്ന ചൂഡകനും ആ ഗുരുവിൻ്റെ ദർശനം തന്നെയാണ് മുന്നോട്ടു വെക്കുന്നത്. സിനിമയിൽ മാനസികമായ ശാന്തി തേടിവരുന്നവരെങ്കിൽ ഇവിടെ ചുറ്റുപാടും നടക്കുന്ന യുദ്ധങ്ങളിൽ മുറിവേറ്റവരും പുറന്തള്ളപ്പെട്ടവരും ആണെന്നു മാത്രം.

നമ്മുടെ ഇതിഹാസങ്ങൾ കാലങ്ങളിലൂടെ പല വാമൊഴി കൈമാറി പടർന്നൊഴുകിയാണ് ഇന്നു കാണുന്ന രൂപത്തിലെത്തിയത്. ബ്രാഹ്മണ്യത്തെയും ക്ഷാത്രത്തെയും മഹത്വവൽക്കരിക്കുന്ന മഹാഭാരതം, വൈദികധർമ്മത്താൽ ദുർബലമാക്കപ്പെട്ട ബുദ്ധധർമ്മങ്ങളെയും സ്വാംശീകരിക്കുന്നുണ്ട്. ഏറ്റവും നല്ല ആയുധം ശത്രുവിൻ്റെ കൈയിലുള്ളതാണെന്നു പറയാറുണ്ടല്ലോ. മാംസഭക്ഷണം ഉപേക്ഷിച്ച് അവർ സസ്യാഹാരികളായിത്തീർന്നത് ബുദ്ധധർമ്മത്തെ പിന്തുടർന്നാണ്.
യുദ്ധാനന്തരം ഒന്നും വേണ്ടായിരുന്നുവെന്ന് വിരക്തരായിത്തീർന്ന യുധിഷ്ഠിരാർജുനൻമാരിൽ കലിംഗത്തിൽ പശ്ചാത്താപം കൊള്ളുന്ന അശോകൻ്റെ ഛായയുണ്ടെന്ന് കെ.സി നാരായണൻ നിരീക്ഷിക്കുന്നുണ്ട്. അശോകൻ്റെ കാലത്തിനും ശേഷമാണ് ഇന്ന് കാണുന്ന ബൃഹത്തായ മഹാഭാരതം പൂർത്തികരിക്കപ്പെട്ടിരിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അങ്ങനെയെങ്കിൽ വൈദികമതവും ബുദ്ധമതവും തമ്മിലുള്ള സംഘർഷ പൂർണ്ണമായ സമ്മുഖീകരണത്തിൻ്റെ തെളിവായി മഹാഭാരതത്തെ കാണാം. മഹാഭാരതത്തിൽ തന്നെ ബൗദ്ധ തടങ്ങളുണ്ടെന്നർത്ഥം. ഇത്തരത്തിൽ നോക്കിയാൽ വൈദിക മതത്തിൻ്റെ പാരമ്പര്യത്തിന് എതിരായി നിലനിന്നിരുന്ന ബൗദ്ധപാരമ്പര്യത്തിൻ്റെ ചരിത്രപരമായ ഒരു സാന്നിധ്യം കഥാത്മകമായി ആത്രേയകത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. നോവലിലെ മറ്റുരാജ്യങ്ങളും ആത്രേയകവും അത്തരം രണ്ടു പ്രതിനിധാനങ്ങളാണ്. അധികാരവും കിടമത്സരങ്ങളും എല്ലാകാലത്തെയും എല്ലാ ദേശങ്ങളിലെയും യാഥാർഥ്യമാണ്. അതുപോലുള്ള കാലങ്ങളിലെല്ലാം ഇത്തരമൊരു ദേശത്തെക്കുറിച്ചുള്ള വിദൂരപ്രതീക്ഷകൾ എഴുത്തുകാർ മുന്നോട്ടു വെക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഭാവന കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരു പ്രതീക്ഷാ സ്ഥാനമായി ആത്രേയകം സ്ഥാനപ്പെടുകതന്നെ ചെയ്യും.