കുട്ടിക്കാലത്തെ ഓർമകളിൽ ഭയപ്പെടുത്തിയിരുന്ന വാക്കായിരുന്നു ‘പൊനം’. പാമ്പിന്റെ മിന്നൽത്തിളക്കവും വഴക്കവും ഇഴഞ്ഞുകയറുന്ന പൊത്ത് എന്നാണ് അന്ന് മനസ്സിലാക്കിയ അർഥം. ‘പുനം’ എന്നത് ഉയർന്ന ഭൂമിയിൽ വൃക്ഷങ്ങൾ കരിച്ച് കൃഷിയോഗ്യമായി എടുക്കുന്ന ഇടമാണ്. (slash and burn agriculture ) കെ. എൻ. പ്രശാന്തിന്റെ നോവൽ അതിന്റെ വാമൊഴി വഴക്കത്തിലാണ് പൊനം ആയി മാറിയത്. എന്നാൽ മറിച്ചൊരു അർഥത്തിലും /ഒരിക്കലും വായനക്കാർക്ക്ഇറങ്ങിവരാനാവാത്ത ഇരുണ്ടവഴികളുള്ള മാളം എന്ന നിലയിലും അതിന്റെ വായനാ സാദ്ധ്യതകൾ അനവധി വിതാനങ്ങളിൽ പടർത്താം.
കാസർകോടിന്റെ കിഴക്കൻ വനമേഖല; ജാൽസൂറും സുള്ള്യയും അഡൂറും മുതൽ മംഗലാപുരം വരെ നീണ്ടുകിടക്കുന്ന തുളുദേശത്തിന്റെ പകയുടെയും പ്രതികാരത്തിന്റെയും ജീവിതകാമനകളുടെയും ഭ്രമിപ്പിക്കുന്ന കഥയാണ് പ്രശാന്തിലെ കഥാകാരൻ പൊനത്തിലൂടെ പറയുന്നത്. യഥാർത്ഥത്തിൽ കരിമ്പുനം എന്ന അതിർത്തി ഗ്രാമമല്ല ഇക്കഥയുടെ ഭൂമിക. അതിനെ ചുറ്റുന്ന വനഭൂമിയാണ്. നായാട്ടും ലഹരിയും അതിന്റെ ഭാഷാഗതികളാണ്. കാട്ടുമുയലും കൂരിയും കാട്ടു പന്നിയും പക്ഷിക്കൂട്ടങ്ങളും പുളയ്ക്കുന്ന അവയുടെമേൽ മനുഷ്യരെന്ന അധികാര രൂപത്തിന്റെ, അവരിലെ വൈകാരികത്തള്ളിച്ചയുടെ അധിനിവേശ രൂപമായി വേട്ടയാടൽ തുടരുന്നു. കാടിന്റെ അഗാധവും വന്യവുമായ ഓരോ അണുവിലും തൊട്ടും തൊടാതെയും അതിന്റെ ഉൾമുഴക്കത്തെ ഭീതിതമാക്കുന്നു.
ദൈനംദിന ജീവിതവ്യവഹാരങ്ങളിൽ പെട്ടുഴലുന്ന ഉത്തരാധുനികരായ അൽപായുസ്സുകളുടെ സദാചാരമാപിനി വച്ച് അളക്കാവുന്നതല്ല കരിമ്പുനത്തിലെ ജീവിതങ്ങൾ. അങ്ങനെ ചെയ്യാതിരിക്കലാണ് പൊനത്തോട് കാണിക്കേണ്ട നീതിയും വായനായുക്തിയും.
ഇലവും കരിവീട്ടിയും ചന്ദനവും നിറയുന്ന അതിന്റെ മാംസളതയിലൂടെ, തണുത്ത ജലപാതങ്ങളും, ഇടതൂർന്ന പൊന്തക്കാടുകളും സുരംഗകളും നീർച്ചാലുകളും തീർക്കുന്ന ആ മായാദേശത്തിലാണ് ഇവിടുത്തെ കഥാപാത്രങ്ങൾ പുലർന്നത്. അവരെ നയിക്കുന്നതാവട്ടെ ചോരയിലെഴുതിയ ദുരയും ഉടൽ കാമനകളും ആക്രമണോത്സുകതയുമാണ്. ഇവിടേയ്ക്കാണ് തന്റെ സിനിമക്കിണങ്ങുന്ന കഥ തേടി പൊനത്തിന്റെ പേരില്ലാത്ത ആഖ്യാതാവ് വന്നിറങ്ങുന്നത്. കിരിയാനും പാർവതിയും നിരത്തിയിട്ട ആ ഭൂമിയുടെ ഭൂതകാലത്തെ അറിയാൻ ശ്രമിക്കുംതോറും വഴികൾ കുടുങ്ങിയ കഥകളുടെ ഇരുണ്ട മാളത്തിൽ അയാൾ അകപ്പെടുന്നു. കൈയ്യൊതുക്കമുള്ള ഭാഷയിൽ മുന്നോട്ടും പിന്നോട്ടും നീളുന്ന മനുഷ്യാനുഭവങ്ങളുടെ വൈവിധ്യത്തെ ആലേഖനം ചെയ്യുന്ന സമയസൂചികയുടെ മിടിപ്പാണ് ഈ നോവലിന്റെ കാതൽ എന്നുപറയാം
ശേഖരന്റെയും മാധവന്റെയും തലമുറകൾ നീളുന്ന പക, അവരോടൊപ്പം ഇരു പക്ഷത്തും ചേരുന്ന സോമപ്പനായ്ക്കനും കാന്തയും മാലിംഗനുമൊക്കെ പലതരം പ്രതികാരദാഹങ്ങളുടെ ഇരകളാണ്. ഒടുവിൽ ഗണേശന്റെ മരണത്തിലും അവസാനിക്കാതെ അത് നീളുന്നു. മനുഷ്യന്റെ അടിസ്ഥാന വാസനകളുടെയും ആസക്തികളുടെയും ആൺകോയ്മയുടെയും പെരുമ്പാത താണ്ടലാണ് പൊനം. വായനയുടെ ഒരേയൊരു സൂത്രകല. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഉറങ്ങിയുണർന്നും ഭക്ഷിച്ചും വിസർജ്ജിച്ചും, ഭാവിയെ ഭയന്ന് അരിമണികൾ ശേഖരിച്ചും ദൈനംദിന ജീവിതവ്യവഹാരങ്ങളിൽ പെട്ടുഴലുന്ന ഉത്തരാധുനികരായ അൽപായുസ്സുകളുടെ സദാചാരമാപിനി വച്ച് അളക്കാവുന്നതല്ല കരിമ്പുനത്തിലെ ജീവിതങ്ങൾ. അങ്ങനെ ചെയ്യാതിരിക്കലാണ് പൊനത്തോട് കാണിക്കേണ്ട നീതിയും വായനായുക്തിയും. ഏതു നിമിഷവും തലയ്ക്കുപിറകിൽ നീളുന്ന ബിലാത്തികുഴലിന്റെ തണുപ്പിനെ ഭയക്കുമ്പോഴും വീശിയടിക്കുന്ന തൂച്ചം പൊളപ്പൻ (തുലാമാസത്തിലെ കാറ്റിന് പുനത്തിലെ പേര് ) ജീവനെടുക്കുമ്പോഴും മറുവശത്ത് ജീവിതാനന്ദങ്ങളുടെ ഉത്സവമാണവിടെ. അപരിഷ്‌കൃതനെന്നും, പൂർവ ആധുനികനെന്നും ബാർബറിക്ക് എന്നുമൊക്കെ തോന്നാമെങ്കിലും പുതിയ മനുഷ്യന്റെ കേവലയുക്തികൾക്കുമേൽ ഒരു പരിഹാസച്ചിരി ചിരിച്ച് തങ്ങളുടെ ഉള്ളിൽ മേഞ്ഞുനടക്കുന്ന മൃഗത്തെ അതിന്റെ ഒടുങ്ങാത്ത വിശപ്പോടും ഘ്രാണ ശക്തിയോടും നഖമുനകളോടും കൂടി കെട്ടഴിച്ചുവിട്ട് മദിക്കുന്ന സമാന്തര ലോകമാണ് പൊനം. അതവരുടെ കുറ്റമല്ല. അവരെ ചൂഴ്ന്നുനിൽക്കുന്ന ജൈവപ്രകൃതിയും ആവാസവ്യവസ്ഥയും ആവശ്യപ്പെടുന്ന ജീവനകലയാണ്.
നായകജീവിതങ്ങൾ തകർന്നടിയുമ്പോഴും അവർക്കുമേൽ സ്ത്രീജീവിതങ്ങൾ നടത്തുന്ന വിജയഭേരിയുടെ അന്യൂനമായ ആവിഷ്‌കാരം കൂടിയാണ് പൊനം.
പൊനത്തിലെ സ്ത്രീകഥാപാത്രങ്ങളെ ഉരുക്കിയെടുത്ത മൂശ അത്ഭുതപ്പെടുത്തുന്നതാണ്. മൂന്നു തലമുറ നീളുന്ന സ്ത്രീജീവിതങ്ങളുടെ കിതപ്പും ഇനിപ്പും കനപ്പുമെല്ലാം പേറി അവർ നടത്തുന്ന തേർവാഴ്ച. ചിരുതയിലൂടെ വിതച്ച്പാർവതിയിലൂടെ പടർന്നുകയറി രമ്യയിൽ പുഷ്പിക്കുന്ന മൂന്നു തലമുറകൾ. സ്വന്തം ഉടലിനുമേലുള്ള കർത്തൃത്വം തനിക്കുമാത്രമെന്ന് ഉറക്കെ പറഞ്ഞും ഉടലെന്ന ടൂളിന്റെ നിരവധി സാധ്യതകളെ കൊണ്ടാടിയും അവരവിടെ ജീവിച്ചു. മോഹിച്ചവർക്കുമേൽ മഴയായി പൊഴിഞ്ഞും സഹതപിക്കേണ്ടവന് ആർദ്രതയുടെ തിരിത്തുമ്പു നീട്ടിയും പുച്ഛിക്കേണ്ടവരെ തീക്കണ്ണകൊണ്ടെറിഞ്ഞും അവർ ജീവിച്ചുതീർത്ത കനൽക്കാടുകളുണ്ട് അവിടെ. നായകജീവിതങ്ങൾ തകർന്നടിയുമ്പോഴും അവർക്കുമേൽ സ്ത്രീജീവിതങ്ങൾ നടത്തുന്ന വിജയഭേരിയുടെ അന്യൂനമായ ആവിഷ്‌കാരം കൂടിയാണ് പൊനം. സാംസ്‌കാരിക- മത ബോധങ്ങൾ തുന്നിത്തന്ന തണുത്ത ഓറകൾ അഴിച്ചിട്ട് നഗ്‌നതയുടെ സത്യസന്ധതയെ പൂകി മുന്നിൽ പ്രതിഫലിക്കുന്ന കണ്ണാടിയിൽ ഓരോ സ്ത്രീക്കും ദർശിക്കാനാവും തന്റെയുള്ളിലെ ചിരുതയെ, പാർവതിയെ, രമ്യയെ.
ആരുടെ മുന്നിലും തലകുനിക്കാതെ, തീക്ഷ്ണരുചികളാൽ പാകപ്പെടുത്തിയ അതിജീവനസമവാക്യങ്ങളാൽ ഇവർ പുരുഷകഥാപാത്രങ്ങളെ പിൻതള്ളി പർവതരൂപീകളായി നിലയുറപ്പിക്കുന്നു.
പൊനത്തിലെ കാടെന്ന സങ്കല്പം അത്യന്തം രസാവഹമാണ്. മണ്ണും മരക്കൂട്ടങ്ങളും, വായുപ്രവാഹവും ജന്തുജീവജാലങ്ങളും അടങ്ങുന്ന അതിന്റെ ബാഹ്യപ്രകൃതി മാറ്റിനിർത്തിയാൽ കാടെന്ന ഈ രൂപകം അതിന്റെ ആന്തരികസ്വഭാവം ലോകത്തിലെ ഏതിടത്തും ദർശിക്കാവുന്ന ഒന്നാണ് എന്നതാണ്. വളരെ സൂക്ഷ്മമായ ഒന്നിൽനിന്ന് സാമാന്യത്തിലേക്കുള്ള വാതിൽ. ആളുകൾ തിങ്ങി പാർക്കുന്ന മഹാനഗരങ്ങളിലും മരുഭൂമികളിലും തീരദേശങ്ങളിലും ഇത് മറ്റൊരു തരത്തിൽ നിലനിൽക്കുന്നു. തങ്ങളിൽ താഴ്ന്നവയുടെ മുകളിൽ അധീശത്വം പുലർത്തി, വെട്ടിപ്പിടിക്കേണ്ടവയെ വെട്ടിപ്പിടിച്ചു നടത്തുന്ന തേർവാഴ്ച.
പ്രണയവും രതിയും പകയും കൂടിക്കലർന്ന കാടിന്റെ ഉർവരതകളെ കഥാകാരൻ വർണ്ണിക്കുന്നത് കാൽപ്പനിക ഭാഷയിലാണ്.
ചില ഉദാഹരണങ്ങൾ:
സോമപ്പന്റെ മരണത്തിനു തൊട്ടുമുൻപത്തെ കാട് ഇങ്ങനെയാണ്:‘‘നിലാവില്ലാത്ത രാത്രിയിലെ കാട് മൂന്നിരട്ടി കാടാണ്. ഇരുട്ടിന്റെ ഇരുട്ട് അറിയണമെങ്കിൽ അപ്പോൾ വനത്തിലൂടെ നടക്കണം.മണ്ണും അടിക്കാടും ഒന്നാക്കി അന്ധകാരം ഉറഞ്ഞു കിടക്കുന്ന വഴിയിലൂടെ സോമപ്പ നായിക്ക് തനിക്ക് എത്ര ശ്രമിച്ചാലും അടക്കാനാവാത്ത പ്രണയവുമായി നടന്നു.’’
എന്നാൽ കാന്ത കാണുന്ന കാട് മറ്റൊന്നാണ്: ‘‘പകൽവെളിച്ചത്തിലെ കാടല്ല, നിലാവിൽ കുളിച്ചുനിൽക്കുന്ന കാട്. അത് മനുഷ്യരെയും മൃഗങ്ങളെയും തന്നിലേക്ക് ആകർഷിക്കും. എന്നത്തേക്കാളും വലിയ ചന്ദ്രൻ ഒരു കൂറ്റൻ മരത്തിന്റെ ചില്ലയിൽ കേറി ഇരിക്കുന്നതായി മാലിംഗന് തോന്നി. ഇടതൂർന്ന കാടിനു മുകളിൽ നിലാവ് തൂകിപ്പരന്ന് മരങ്ങളുടെ തലപ്പുകളിലൂടെ ഒഴുകി അടിക്കാടുകളിൽ വിടർന്നു മണം പരത്തുന്ന രാപ്പൂക്കൾക്ക് വെളുത്ത നിറം നൽകി.’’
ഇങ്ങനെ കാൽപ്പനിക ഭാഷയിൽ കാടിന്റെ ജൈവികതയെ വായനക്കാർക്കുമുന്നിൽ തുറന്നിടുമ്പോഴും അതിന്റെ രാഷ്ട്രീയത്തിൽ കഥാകാരൻ അതീവ ശ്രദ്ധാലുവാണ്. ഒന്നുകൂടി ചിന്തിച്ചാൽ കാൽപ്പനിക ഭാഷയുടെയും എന്നാൽ നിയതമായ പകയുടെ രാഷ്ട്രീയത്തിന്റെയും സുവർണ അനുപാതത്തിലുള്ള ആഖ്യാനസാങ്കേതത്തിലാണ് പൊനത്തിന്റെ വായനയുടെ താക്കോൽ.എന്നാൽ ഇത് നോവലിസ്റ്റ് മനഃപൂർവമായി നടത്തുന്ന ശ്രമമല്ല, മറിച്ച്, കഥാപറച്ചിലിന്റെ ഒഴുക്കിൽ സ്വഭാവികമായി വന്നു ചേരുന്നു എന്നതാണ് നോവലിന്റെ ലാവണ്യാനുഭവം.
വയനാട്ടു കുലവൻ തെയ്യവും കണ്ടൻ കോരന്റെ തോറ്റവും നായാട്ടുകാരുടെ ദൈവമായ തൊണ്ടച്ചൻ തെയ്യവും തുടങ്ങി ഒരു ദേശത്തിന്റെ പാരമ്പര്യവും തീവ്ര സ്‌നേഹത്തിന്റെ കമ്പനങ്ങളും പൊനത്തിന്റെ ആന്തരിക സ്വത്വത്തെ അടയാളപ്പെടുത്തുന്നു.
പൊനത്തിലെ പകയുടെ രാഷ്ട്രീയം സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ടതാണ്. രായ്രു നായർ എന്ന ജന്മിയിൽ തുടങ്ങുന്നു പൊനത്തിന്റെ മണ്ണിന്റെയും പെണ്ണിന്റെയും മേലുള്ള അധികാരരാഷ്ട്രീയം. പിന്നീട് അമ്പൂട്ടിയുടെ മകനായ പതിനഞ്ചുകാരൻ ശേഖരനിൽ എത്തി. ആദ്യം അയാളുടെ കൈക്കാരനും പിന്നീട് അതേ ജന്മിത്വത്തിന്റെ മറ്റൊരു ആൺകോയ്മാരൂപവുമായി മാറുന്നുണ്ട് അയാൾ. സോമപ്പനോടൊപ്പം ചേർന്ന് കാതലുള്ള ചന്ദനത്തടിയുടെയും പെൺ ഉടലുകളുടെയും ചോദ്യം ചെയ്യപ്പെടാത്ത ഉടയോൻ. മാധവൻ നോവലിസ്റ്റിന്റെ തന്നെ ഭാഷയിൽ ഈ കളിയിലേക്ക് എടുത്തറിയപ്പെട്ടവനാണ്. സഹോദരി ശൈലജയുടെ ദാരുണമരണത്തിന്റെ പകയാണ് അയാളെ നയിക്കുന്നത് എങ്കിലും കാന്തയുടെ സഹായത്താൽ ശേഖരന്റെ നിഴൽശത്രുവായി മാറാൻ അയാൾക്ക് കഴിയുന്നു. പുതിയകാല രാഷ്ട്രീയസമസ്യകളുമായി കൂട്ടിവായിക്കുമ്പോൾ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുമേലുള്ള കൈയ്യേറ്റശ്രമങ്ങളെ ചെറുത്തു നിൽക്കുന്ന ബഹുജനസംഘടനകളും കൂട്ടായ്മകളും ഒരേ കളരിയിൽ പോരാടി നിൽക്കുമ്പോൾ കാലം പോകെ മറ്റൊരു ഫാസിസ്റ്റ് രൂപമായി പരിണമിക്കുന്ന പേടിപ്പെടുത്തുന്ന അധികാര കാഴ്ചകളുണ്ട് ചുറ്റും. അധികാരവടംവലിയിൽ ഒറ്റപ്പെട്ട ശബ്ദങ്ങൾ ഒരു കൂട്ടത്തിന്റെതായി മാറുമ്പോൾ ആൾക്കൂട്ടത്തിന്റെ രാഷ്ട്രീയവും അതിന്റെ ശരിയും അവിടെ പ്രയോഗവൽക്കരിക്കപ്പെടുന്നു എന്ന യാഥാർഥ്യം വിസ്മരിച്ചുകൂടാ.
മിത്തുകളുടെയും ഉപകഥകളുടെയും മോഹിപ്പിക്കുന്ന ക്യാൻവാസിനെ അറിഞ്ഞുപയോഗിച്ചാണ് നോവലിസ്റ്റ് ഈ ചരിത്രഗാഥ എഴുതിയിട്ടുള്ളത്. വയനാട്ടു കുലവൻ തെയ്യവും കണ്ടൻ കോരന്റെ തോറ്റവും നായാട്ടുകാരുടെ ദൈവമായ തൊണ്ടച്ചൻ തെയ്യവും തുടങ്ങി ഒരു ദേശത്തിന്റെ പാരമ്പര്യവും തീവ്ര സ്‌നേഹത്തിന്റെ കമ്പനങ്ങളും പൊനത്തിന്റെ ആന്തരിക സ്വത്വത്തെ അടയാളപ്പെടുത്തുന്നു. നിങ്ങളിലെ അപരിഷ്‌കൃതനായ ആധുനിക പൂർവ മനുഷ്യന്, ആദി മാനവനുവേണ്ടി എഴുതപ്പെട്ട കഥയാണിത്. അവർ മൃഗങ്ങളെ വേട്ടയാടി, ജീവിതാനന്ദങ്ങളിൽ ആറാടി, നിയമങ്ങളെ കാറ്റിൽ പറത്തി, കരിമ്പാറകെട്ടുകളിൽ വെയിൽ കാഞ്ഞു കൊല്ലികളെ കടന്ന്, ചോദനകൾക്ക് കീഴടങ്ങി സ്വാതന്ത്രരായി ജീവിച്ചു.
അവരാണ് പൊനത്തിന്റെ അലകും പിടിയും.
ഒരുപക്ഷെ മലയാളത്തിൽ ആദ്യമായിട്ടാണ് കാസർകോഡും അവിടുത്തെ കളിയാട്ടവും, തെയ്യക്കോലങ്ങളും, കോഴിപ്പോരും, കാളപ്പോരുകളും നിറയുന്ന സാംസ്‌കാരിക ഭൂമിക ഒരു മുഴുനീള നോവലിന് വിഷയീഭവിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ മലയാള നോവൽ ചരിത്രത്തിൽ പുതിയ ഒരേട് തുറക്കുന്ന ഒന്നാവും പൊനം.
ഇനിയും തന്നെ തേടിയെത്താത്ത വായനക്കാരനെ / ക്കാരിയെ തേടി ഒരു മരോട്ടി വിളക്കിന്റെ വെളിച്ചത്തിൽ ഇക്കഥ വിളിക്കുന്നു, ‘ഒരാ ഇയ്യി ഇൻച്ചി ബല്ലാ.’ * ▮
* നീ ഇവിടെ വരും. വീണ്ടും ഇവിടേയ്ക്ക് വരും
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.