Photo: Akhi Nanniyod

ഒരു ഫീനിക്‌സ് പക്ഷിയുടെ കഥ

രഹന ഫാത്തിമ രൂപപ്പെട്ടതിനു പിന്നില്‍ യാതൊരു ഫെമിനിസ്റ്റ് തിയറിയുമില്ല. ജോലിസ്ഥലങ്ങളില്‍ തനിക്കു നേരേ നീണ്ടുവന്ന കൈകളും തുറിച്ചുനോട്ടങ്ങളുമാണ് രഹനയെ ശരീരരാഷ്ട്രീയത്തിലേയ്ക്കു ചിന്തിപ്പിച്ചത്. രഹന ഫാത്തിമയുടെ ‘ശരീരം സമരം സാന്നിധ്യം’ എന്ന പുസ്​തകത്തിന്റെ വായന

'ശരീരം, സമരം സാന്നിധ്യം' എന്ന രഹനാ ഫാത്തിമയുടെ ആത്മകഥ ഒരു ഫീനിക്‌സ് പക്ഷിയുടെ കഥയാണ്. നാനാതരത്തില്‍ തകര്‍ക്കപ്പെട്ടിട്ടും, തകര്‍ച്ചകളുടെ ചാരത്തില്‍ നിന്ന് പൂര്‍വാധികം ഊര്‍ജ്ജത്തോടെ ഉയര്‍ന്നുപൊങ്ങുന്ന പെണ്‍പക്ഷി! വിവാദപരമായ പോക്‌സോ കേസില്‍ രഹനയെ കുറ്റവിമുക്തയാക്കി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തു നല്‍കിയ ചരിത്രപരമായ ഹൈക്കോടതി വിധിയ്ക്കു തൊട്ടു പിറകെയാണ് പുസ്തകമിറങ്ങുന്നത്. മുപ്പത്തിയഞ്ചു വയസ്സ് മാത്രമുള്ള രഹനയുടെ കഥ സമകാലീന സമൂഹത്തിന്റെ അപചയങ്ങളോടും ഇരട്ടത്താപ്പുകളോടുമുള്ള തുറന്ന പെണ്‍സമരത്തിന്റെ ചരിത്രമാണ്. സ്വന്തം ശരീരത്തിനുമേലുള്ള പരമാധികാരത്തിനുവേണ്ടി നടത്തിയ പോരാട്ടം! രഹനയുടെ നഗ്‌നമായ മാറിടത്തില്‍ പതിനാലുകാരനായ മകന്‍ വരച്ച ഫീനിക്‌സ് പക്ഷി അവള്‍ തന്നെയാണ്.

ശ്ലാഘനീയമായ ഈ ഹൈക്കോടതി വിധിയില്‍, നഗ്‌നത അശ്ലീലമായി കാണാന്‍ പാടില്ലെന്ന് പറയുന്നുണ്ട്. പുരാതന ക്ഷേത്രങ്ങളില്‍ സ്ത്രീയുടെ അര്‍ദ്ധ നഗ്‌ന ശില്‍പങ്ങളും ചുവര്‍ചിത്രങ്ങളുമുണ്ട്. അര്‍ദ്ധനഗ്‌നയായ ദേവിയെ പ്രാര്‍ത്ഥിക്കുമ്പോള്‍ ഉണരുന്ന വികാരം ലൈംഗികതയല്ല. സ്ത്രീയുടെ നഗ്നശരീരം ലൈംഗികാവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിനെതിരെയുള്ള സമരമുറയായിട്ടാണ്, തന്റെ ശരീരത്തില്‍ കുട്ടികള്‍ ചിത്രം വരയ്ക്കുന്ന വീഡിയോ രഹന സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ശരീരമാണ് തന്റെ സമരായുധമെന്ന്​ രഹന വ്യക്തമാക്കുന്നുണ്ട്.

തീക്ഷ്ണമായ ശരീരബോധത്തോടെ വളര്‍ന്നു വന്ന രഹന എന്ന പെണ്‍കുട്ടി, അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്ന് പുത്തന്‍ ചിറകുകള്‍ മുളപ്പിച്ചു കൊണ്ട് പറന്നുയര്‍ന്നു. ഒറ്റ മുറി വീട്ടില്‍ നിന്ന്​ പുറത്തേക്ക് ഓടിപ്പോകാതെ കെട്ടിയിട്ടു വളര്‍ത്തപ്പെട്ട കുട്ടിക്കാലം. മൂന്നര വയസ്സില്‍ അനിയത്തിയെ തൊട്ടിലാട്ടവേ തല മുട്ടിച്ചതിന് കുഞ്ഞുയോനിയില്‍ പച്ചമുളകരച്ചു തേച്ച മനോനില തെറ്റിയ അമ്മ. സ്‌കൂളില്‍ നിന്ന്​ കിട്ടുന്ന ഉച്ചക്കഞ്ഞി സ്വപ്നം കണ്ടു കഴിച്ചു കൂട്ടിയ കയ്‌പ്പേറിയ ബാല്യം. അന്യമതത്തിന്റെ ആരാധനാലയത്തില്‍ പോയ കുറ്റത്തിന് തുടകള്‍ അടിച്ചു പറിച്ച ക്രൂരനായ ഉസ്താദ്. അന്ന് ഇറങ്ങി ഓടിയതാണ് ഓത്തുപള്ളിയില്‍ നിന്ന്. ശരീരത്തിന്റെ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ആ ഓട്ടമാണ് രഹനയുടെ ജീവിതം.

തന്റെ രാഷ്ട്രീയം പറയാന്‍ തന്റെ ശരീരം തന്നെയാണ് ഏറ്റവും പ്രഹരശേഷിയുള്ള ആയുധമെന്നു തിരിച്ചറിഞ്ഞ രഹന ബിക്കിനി മോഡലിങ്ങിന്റെയും ചുംബനസമരത്തിന്റെയും പേരില്‍ കേട്ട തെറികള്‍ക്ക് കണക്കില്ല.

ആത്മാഭിമാനത്തിന്റെ അഗ്‌നി ഉള്ളില്‍ ജ്വലിപ്പിച്ച അബ്ബ മാത്രമാണ് നല്ലൊരു ഓര്‍മ.
'സ്വപ്നം കണ്ടും പ്രണയിച്ചും നടക്കേണ്ട പ്രായത്തില്‍’ അച്ഛന്റെ മരണം കാരണം കുടുംബഭാരം ആ ഇളം ചുമലുകളിലായി. എന്തിനോടൊക്കെ പൊരുതണം? 'ആണുങ്ങളില്ലാത്ത വീട്ടിലേക്കു നീണ്ടുവരുന്ന 'സഹതാപ'ഹസ്തങ്ങള്‍. ഉച്ചവരെ പ്ലസ് വണ്‍ ക്ലാസിലെ പഠനം. അതു കഴിഞ്ഞ്​ രാത്രി പത്തര വരെ നൂല്‍ക്കമ്പനിയിലെ ജോലി. ഇങ്ങനെ നിലം തൊടാതെ ഓടി നടക്കേണ്ടിവന്ന പെണ്‍കുട്ടിയെ 'രാത്രി ഇറങ്ങിനടക്കുന്നവള്‍ ' എന്നു ശകാരിക്കുന്ന നാട്ടുകാര്‍. രോഗിയും ശയ്യാവലംബിയുമാകട്ടെ, ഒരു 'പുരുഷന്‍' വീട്ടിലുണ്ടെങ്കില്‍ ഒരു പെണ്‍കുട്ടിക്ക് ഇത്രയും ചോദ്യങ്ങള്‍ നേരിടേണ്ടി വരില്ലെന്ന് രഹന ഓര്‍മിപ്പിക്കുന്നു.

ജോലിസ്ഥലങ്ങളില്‍ തനിക്കു നേരേ നീണ്ടുവന്ന കൈകളും തുറിച്ചുനോട്ടങ്ങളുമാണ് രഹനയെ ശരീരരാഷ്ട്രീയത്തിലേയ്ക്കു ചിന്തിപ്പിച്ചത്. / Photo: Akhi Nanniyod

രഹന രൂപപ്പെട്ടതിനു പിന്നില്‍ യാതൊരു ഫെമിനിസ്റ്റ് തിയറിയുമില്ല. ജോലിസ്ഥലങ്ങളില്‍ തനിക്കു നേരേ നീണ്ടുവന്ന കൈകളും തുറിച്ചുനോട്ടങ്ങളുമാണ് രഹനയെ ശരീരരാഷ്ട്രീയത്തിലേയ്ക്കു ചിന്തിപ്പിച്ചത്. അച്ഛന്‍ മരിച്ച സാഹചര്യത്തില്‍ കിട്ടിയ ബി എസ് എന്‍ എല്‍ ജോലികൊണ്ട് കുടുംബം പുലര്‍ത്തിയും പുരുഷസുഹൃത്തിനോട് ചേര്‍ന്ന് തട്ടുകട നടത്തിയും മുന്നേറിയ രഹന, അയാളോടൊപ്പം ഒരു മുറിയില്‍ ജീവിക്കാന്‍ തീരുമാനിയ്ക്കുമ്പോള്‍, ലിവിങ് ടുഗെതര്‍, ഡേറ്റിംഗ് എന്നൊന്നും കേട്ടിരുന്നില്ലത്രേ. അവര്‍ ഒരുമിച്ചു രാത്രിയില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ സദാചാര പോലീസിനെ പോലെ പെരുമാറുകയും, ഫോണ്‍ പിടിച്ചു വാങ്ങി വീട്ടുകാരെ വിളിക്കുകയും ചെയ്യുന്ന കേരള പോലീസ്. അവജ്ഞയോടെയും മുന്‍വിധിയോടെയുമാണ് പോലീസ് സ്ത്രീകളെ നേരിടുന്നതെന്നു രഹന അനുഭവത്തിലൂടെ വ്യക്തമാക്കുന്നു.

രഹനയുടെ പങ്കാളി മനുവും അയാളുടെ അമ്മയും കൂടി ഒരു രാത്രി, അമ്മ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേയ്ക്കു പോകുമ്പോള്‍ തടഞ്ഞുനിറുത്തി, ഇവളെ എവിടെ കൊണ്ടു പോകുന്നു, ഇവള്‍ക്ക് എന്താണ് വില എന്നൊക്കെ അസഭ്യങ്ങള്‍ പുലമ്പുകയും തുടര്‍ന്ന് ഹോസ്പിറ്റലിലേയ്ക്കു ഫോണ്‍ ചെയ്തു സ്റ്റാഫാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന മറ്റൊരു സംഭവവും രഹന പറയുന്നുണ്ട്. എന്തുതരം ട്രെയിനിങ് ആണ് സംസ്ഥാന പോലീസിനു ലഭിക്കുന്നത്? എത്ര രോഗാതുരമായ സമൂഹത്തിലും സംവിധാനത്തിലുമാണ് നാം ജീവിക്കുന്നത്!

സ്വന്തം ശരീരത്തിനുമേലുള്ള പരമാധികാരത്തിനുവേണ്ടി നടത്തിയ പോരാട്ടം. രഹനയുടെ നഗ്‌നമായ മാറിടത്തില്‍ പതിനാലുകാരനായ മകന്‍ വരച്ച ഫീനിക്‌സ് പക്ഷി അവള്‍ തന്നെയാണ്.

മനുഷ്യര്‍ തമ്മില്‍ ലിംഗഭേദമന്യേ തുറന്നിടപെടാനും ആരോഗ്യകരമായ സൗഹൃദം പുലര്‍ത്താനും സാധ്യമായ സാഹചര്യത്തിലാണോ നമ്മുടെ കുട്ടികള്‍ വളരുന്നത്? സൗഹൃദത്തോടെയുള്ള ഒരു നോട്ടത്തെയും സ്പര്‍ശത്തെയും പോലും സെക്‌സിനുള്ള ക്ഷണമായി പുരുഷന്മാര്‍ തെറ്റിദ്ധരിക്കാറുണ്ടെന്നു രഹന പറയുന്നുണ്ട്.

ബിക്കിനി മോഡലിംഗ് ചെയ്തപ്പോള്‍ സോമാലിയയിലെ മോഡലാകാന്‍ കൊള്ളാം എന്ന് ആക്ഷേപിച്ചാണ് 'ഫേസ്ബുക് ആങ്ങളമാര്‍' തങ്ങളുടെ സൗന്ദര്യ സങ്കല്‍പം തുറന്നു കാട്ടിയത്.

മറ്റൊരു ശ്രദ്ധേയമായ നിരീക്ഷണം- എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് - സ്ത്രീകള്‍ ഉദ്യോഗവും വിവാഹവും പ്രസവവും കുട്ടി വളര്‍ത്തലും വീട്ടു ജോലികളുമായി കുടുംബത്തിനുവേണ്ടി പണിയെടുക്കുന്ന നേരങ്ങളാണ് പുരുഷന്‍ തന്റെ അറിവും സാമൂഹ്യബന്ധങ്ങളും വിപുലപ്പെടുത്തുന്ന സമയം. തന്റെ രാഷ്ട്രീയം പറയാന്‍ തന്റെ ശരീരം തന്നെയാണ് ഏറ്റവും പ്രഹരശേഷിയുള്ള ആയുധമെന്നു തിരിച്ചറിഞ്ഞ രഹന ബിക്കിനി മോഡലിങ്ങിന്റെയും ചുംബനസമരത്തിന്റെയും പേരില്‍ കേട്ട തെറികള്‍ക്ക് കണക്കില്ല. പെണ്ണിനെ ഒതുക്കാന്‍ തെറിവിളിയാണല്ലോ ഏറ്റവും വിലകുറഞ്ഞ വഴി. ബികിനി ഷൂട്ടിംഗ് നടന്ന ഗോവയിലോ മണാലിയിലോ കേരളത്തിലെ പോലെ തുറിച്ചു നോട്ടങ്ങളുണ്ടായില്ല എന്ന വെളിപ്പെടുത്തല്‍ കേരളം ഗൗരവമായി കാണണം. ബിക്കിനി മോഡലിംഗ് ചെയ്തപ്പോള്‍ സോമാലിയയിലെ മോഡലാകാന്‍ കൊള്ളാം എന്ന് ആക്ഷേപിച്ചാണ് 'ഫേസ്ബുക് ആങ്ങളമാര്‍' തങ്ങളുടെ സൗന്ദര്യ സങ്കല്‍പം തുറന്നു കാട്ടിയത്. മലമ്പുഴ യക്ഷിയിലും ഖജുരാഹോ ശില്പങ്ങളിലും അശ്ലീലം കാണുന്ന ഒരാള്‍ക്ക് കലാസ്വാദനം സാധ്യമാണോ!

ബികിനി ഷൂട്ടിംഗ് നടന്ന ഗോവയിലോ മണാലിയിലോ കേരളത്തിലെ പോലെ തുറിച്ചു നോട്ടങ്ങളുണ്ടായില്ല എന്ന വെളിപ്പെടുത്തല്‍ കേരളം ഗൗരവമായി കാണണം.

ഇന്റര്‍ സെക്‌സ് വ്യക്തിയുടെ കഥപറയുന്ന 'ഏക' എന്ന സിനിമയില്‍ രഹന നഗ്‌നയായി അഭിനയിക്കുന്നുണ്ട്. ഈ സിനിമ ബീഫിന്റെ രാഷ്ട്രീയം കൂടി പറയുന്നുണ്ട്. ഇതുകൂടി ആയപ്പോഴേയ്ക്കും രഹനയ്ക്ക്​ ബി എസ് എനി ലെ ജോലിയും നഷ്ടമായി.

പുലി വേഷം വരച്ചു പുരുഷന്മാര്‍ കളത്തിലിറങ്ങുന്നത് അശ്ലീല ദൃശ്യമല്ലെങ്കില്‍ സ്ത്രീകളുടെ പുലിവേഷവും ആ വിധം അംഗീകരിക്കപ്പെടണമെന്ന ചിന്തയാണ് ഒരു കൂട്ടം സ്ത്രീകളെ പുലി വേഷം കെട്ടാന്‍ പ്രേരിപ്പിച്ചത്. ഇതില്‍ പങ്കെടുത്ത രഹനയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ഒരു വിഷയം മുസ്​ലിം സ്ത്രീ എന്തിനു ഹിന്ദു ആചാരങ്ങളില്‍ കൈ കടത്തുന്നു എന്നതാണ്. സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടിയ മുസ്​ലിം ഭക്തയെ തന്ത്രികള്‍ നട അടച്ചു പൂട്ടിയും ആചാര സംരക്ഷകര്‍ കുട്ടികളെ നിരത്തി കിടത്തി വഴി ബ്ലോക്ക് ചെയ്തുമാണല്ലോ തടഞ്ഞത്.

തിരിഞ്ഞു നോക്കുമ്പോള്‍ വേദനയോടെ തിരിച്ചറിയുന്ന ഒരു സത്യം, പുരുഷാധിപത്യത്തിന്റെ ഇരകളായ സ്ത്രീകളില്‍ നിന്നാണ് താന്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിട്ടതെന്നാണ്. കേരളത്തിലെ ഫെമിനിസ്റ്റുകളുടെ ഉള്ളില്‍പോലും ഒരു സദാചാരവാദിയുണ്ടെന്നാണ് രഹനയുടെ അനുഭവം.

പുലി വേഷം വരച്ചു പുരുഷന്മാര്‍ കളത്തിലിറങ്ങുന്നത് അശ്ലീല ദൃശ്യമല്ലെങ്കില്‍ സ്ത്രീകളുടെ പുലിവേഷവും ആ വിധം അംഗീകരിക്കപ്പെടണമെന്ന ചിന്തയാണ് ഒരു കൂട്ടം സ്ത്രീകളെ പുലി വേഷം കെട്ടാന്‍ പ്രേരിപ്പിച്ചത്.

പത്രമാധ്യമങ്ങളുടെ സങ്കുചിതത്വത്തെ വേണ്ടവിധം വിമര്‍ശിച്ചിട്ടുണ്ട്. സദാചാരം ലംഘിച്ച ഡല്‍ഹിയിലെ 'നിര്‍ഭയ'യെ ബലാത്സംഗം ചെയ്യുകയും യോനിയില്‍ ഇരുമ്പു കമ്പി കയറ്റുകയും ചെയ്തതിനു സമാനമായ പ്രവൃത്തിയാണ് ചാനല്‍ പ്രവര്‍ത്തകരും പത്രക്കാരും പേനയും ക്യാമറയും കൊണ്ട് നടപ്പാക്കുന്നതെന്നു അത്യന്തം പരുഷമായ ബ്ലാക്ക് ഹ്യൂമറിലാണ് രഹനപറയുന്നത്. നിരക്ഷരനായ ഒരാളും ഉന്നതനായ ഒരു നേതാവും മനസ്സില്‍ സൂക്ഷിക്കുന്നത് ഒരേ തരം ലിംഗനീതിയാണ്. തന്റെ രാഷ്ട്രീയം പറയാനുള്ള ഭാഷയോ വാക്കുകളോ തനിക്കില്ലെന്നും ശരീരമാണ് തന്റെ സമരായുധമെന്നും പറയുമ്പോഴും സ്ഫുടതയും മൂര്‍ച്ചയുമുള്ള നല്ല ഭാഷയില്‍ തന്നെയാണ് ഗ്രന്ഥത്തിന്റെ രചന. പൊടിപ്പും തൊങ്ങലുമില്ലാത്ത, ഉള്ളില്‍ നിന്ന് ഒഴുകി വരുന്ന ലളിതമായ ഭാഷ ഈ ബുക്കിന്റെ പ്രത്യേകതയാണ്.

അടുത്തകാലത്തുണ്ടായ ചില കോടതി വിധികളില്‍ മനുസ്മൃതിയെയും ശരിഅത്തിനെയുമൊക്കെ വലിച്ചുകൊണ്ട് വന്നത് ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. ഈ സാമൂഹ്യാന്തരീക്ഷത്തിലാണ് രഹനയുടെ പുസ്തകത്തിന്റെ വലിയ പ്രസക്തി.

'എല്ലാ പ്രാന്തവത്കരിക്കപ്പെട്ടവരും എനിക്ക് ഞാന്‍ തന്നെയാണ്. എല്ലാ സമരങ്ങളും ഫാഷിസത്തോടും പാട്രിയാര്‍ക്കിയോടുമാണ്'.
എല്ലാവരും വായിക്കേണ്ടതാണ് ഈ പുസ്തകം. കൗമാരത്തിലേയ്ക്കു കടക്കുന്ന ഓരോ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും സമ്മാനിക്കാവുന്ന ഒന്ന്. അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍ തുടങ്ങി സമൂഹത്തിന്റെ സംസ്‌കാരത്തെയും അടുത്തതലമുറയുടെ വാര്‍ത്തെടുപ്പിനെയും നേരിട്ട് ബാധിക്കുന്ന താക്കോല്‍സ്ഥാനങ്ങള്‍ കയ്യാളുന്നവരുടെ മാനസിക ജീര്‍ണതയും സങ്കുചിതത്വവും നാം കാണുന്നുണ്ട്. അടുത്തകാലത്തുണ്ടായ ചില കോടതി വിധികളില്‍ മനുസ്മൃതിയെയും ശരിഅത്തിനെയുമൊക്കെ വലിച്ചുകൊണ്ട് വന്നത് ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. ഈ സാമൂഹ്യാന്തരീക്ഷത്തിലാണ് രഹനയുടെ പുസ്തകത്തിന്റെ വലിയ പ്രസക്തി.

Comments