ഇടങ്ങൾ തേടുന്ന ശരീരം

സ്വന്തം താല്പര്യങ്ങൾക്കനുസൃതമായ ജീവിതം കെട്ടിയുയർത്താൻ, നിസ്സഹായതയുടെ വന്ധ്യമായ പാടങ്ങൾ താണ്ടുന്നവരുടെ അധ്യായങ്ങൾക്ക് നിറപ്പകിട്ടോ വേഷപ്പകർച്ചയോ ഇല്ല. ഇങ്ങനെ 'രക്ഷപ്പെടുന്നവർ'ക്കുള്ള യാതനകൾ പല തരത്തിലുള്ളതാണ്. സുരക്ഷിതമായ അഭയസ്ഥാനം ശാശ്വതമല്ലെന്ന തോന്നൽ അവരെ കീഴ്‌പ്പെടുത്തുന്നതിൽ അൽഭുതമില്ല. 'ശരീരം' പ്രതിനിധാനസ്വഭാവം പ്രകടമാക്കുന്ന വ്യവഹാരരൂപം ആയിത്തീരുകയും ശരീരത്തിന്റെ അസ്തിത്വങ്ങളെ പലായനത്തിന്റെ ഉൾപ്പിരിവുകളിലേക്ക് ചേർത്തുവെയ്ക്കുകയും ചെയ്യുന്ന പാജ്ടിം സ്റ്റാറ്റോവ്‌സിയുടെ 'ക്രോസിങ്'എന്ന നോവലിന്റെ വേറിട്ട വായന.

ടം കണ്ടെത്താനുള്ള മനുഷ്യരുടെ അലച്ചിൽ എന്നേ സാധാരണമായിക്കഴിഞ്ഞു. അസ്ഥിരമായ സ്വദേശത്തു നിന്ന് ജീവിതം മുന്നോട്ടുനീക്കാനായി ഭൂപടങ്ങളും അതിരുകളും ഭേദിക്കുന്നത് ലോകവ്യാപക പ്രതിഭാസമായി മാറിയത് ഇന്നോ ഇന്നലെയോ അല്ല. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ അസ്വസ്ഥവും കലുഷിതവുമായി തീരുന്ന രാജ്യത്തുനിന്ന് സുരക്ഷിത ഇടം തേടി യാത്രയാവുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് സാദൃശ്യങ്ങളുണ്ടാവാം.

ചതുരവടിവിൽ എഴുതിയ 'വ്യക്തിത്വ സംഹിത'കളെ പിന്തള്ളി, തന്നിടം നിർമിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിലെ പ്രധാന ഘടകങ്ങൾ, ശരീരവും സ്ഥലവും ആയി ഭവിക്കുന്നു. ഇതിലേക്ക് നയിക്കുന്ന സാമൂഹികാവസ്ഥകളെ സംബോധന ചെയ്യേണ്ടത് പ്രസക്തമാണ്. എന്നാൽ ഇക്കൂട്ടത്തിൽ സ്വന്തം ശരീരത്തിന്റെ ഭിന്നവും അപരവുമായ വൈജാത്യങ്ങൾ കൂടി സംവാദവിഷയമാവുന്നവരുടെ മാനസികനില കൂടുതൽ സങ്കീർണമാണ്. അവനവന്റെ സ്വത്വബോധത്തിന് ഉലച്ചിൽ തട്ടാതിരിക്കാനുള്ള പ്രയത്‌നം ഇതോടൊപ്പം ഉണ്ടാവുന്നു.

സ്വന്തം താല്പര്യങ്ങൾക്കനുസൃതമായ ജീവിതം കെട്ടിയുയർത്താൻ, നിസ്സഹായതയുടെ വന്ധ്യമായ പാടങ്ങൾ താണ്ടുന്നവരുടെ അധ്യായങ്ങൾക്ക് നിറപ്പകിട്ടോ വേഷപ്പകർച്ചയോ ഇല്ല. ഇങ്ങനെ 'രക്ഷപ്പെടുന്നവർ'ക്കുള്ള യാതനകൾ പല തരത്തിലുള്ളതാണ്. സുരക്ഷിതമായ അഭയസ്ഥാനം ശാശ്വതമല്ലെന്ന തോന്നൽ അവരെ കീഴ്‌പ്പെടുത്തുന്നതിൽ അൽഭുതമില്ല.

pajtim statovci

ശരീരത്തിന്റെയും മനസിന്റെയും കാമനകളെ സാധ്യമാക്കാൻ ഭൂമിശാസ്ത്ര പരികൽപനകളും അതിർത്തികളുടെ മനഃശാസ്ത്രവും മറികടക്കുന്ന മനുഷ്യരും നമ്മുടെ ഇടയിലുണ്ട്. പാജ്ടിം സ്റ്റാറ്റോവ്‌സി (Pajtim Statovci) എഴുതിയ 'ക്രോസിങ്' (Crossing) എന്ന നോവൽ കേന്ദ്രീകരിക്കുന്നത് ഈ വിഷയമാണ്. 'ശരീരം' പ്രതിനിധാനസ്വഭാവം പ്രകടമാക്കുന്ന വ്യവഹാരരൂപം ആയിത്തീരുകയും ശരീരത്തിന്റെ അസ്തിത്വങ്ങളെ പലായനത്തിന്റെ ഉൾപ്പിരിവുകളിലേക്ക് ചേർത്തുവെയ്ക്കുകയുമാണ് നോവൽ. അൽബേനിയയിൽ ജനിച്ചുവളർന്ന നോവലിസ്റ്റ് ആഭ്യന്തരപ്രശ്‌നങ്ങളെ തുടർന്ന് ഫിൻലാൻഡിലേക്ക് കുടിയേറുകയായിരുന്നു. ഫിന്നിഷ് ഭാഷയിൽ എഴുതുന്ന അദ്ദേഹത്തിന്റെ, ആദ്യ നോവലായ 'മൈ ക്യാറ്റ് യുഗോസ്ലാവിയ' (My Cat Yugoslavia) ശ്രദ്ധേയമാണ്.

രണ്ടാമത്തെ നോവലായ 'ക്രോസിങ്'ലെ മുഖ്യകഥാപാത്രമായ ബുജാർ, പല തരത്തിലുള്ള സ്വത്വഭാവങ്ങളുമായി പല സ്ഥലങ്ങളിൽ ജീവിക്കുന്നു. പ്രധാനമായും പുരുഷഭാവങ്ങൾ പ്രകടമാക്കുന്ന അയാളിൽ ഒരു സ്ത്രീ കൂടെയുണ്ട്. ഒരു സ്ത്രീ ആവാൻ കഴിയാത്ത, എന്നാൽ സ്ത്രീയുടെ രൂപഭാവങ്ങൾ വെളിപ്പെടുത്തുന്ന പുരുഷനാണ് ബുജാർ. ഭിന്നലിംഗസ്വഭാവമുള്ള അയാൾ ഭിന്നരാഷ്ട്ര 'പൗരൻ' കൂടിയായി മാറുകയാണ്. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പതനത്തിനു ശേഷം അൽബേനിയയിലെ പൊതുസമൂഹത്തിന്റെ വ്യവസ്ഥകൾ കൂടുതൽ താറുമാറാകുകയും ജനങ്ങൾ ദുരിതക്കയത്തിൽപ്പെടുകയും ചെയ്തു.

മെച്ചപ്പെട്ട ജീവിതത്തിനായി 1990ൽ ബുജാറും സുഹൃത്തായ അജിമും സ്വദേശം ഉപേക്ഷിച്ച് യാത്രയാവുന്നു. ഇറ്റലി ലക്ഷ്യമാക്കി പലായനം ചെയ്ത അവർ അൽബേനിയയുടെ തലസ്ഥാനമായ ടിറാന നഗരത്തിലാണ് എത്തുന്നത്. അവിടെ സിഗരറ്റ് മോഷ്ടിച്ച് കച്ചവടം ചെയ്ത് അവർ നിത്യച്ചെലവിന് പണം കണ്ടെത്തുകയാണ്. ഇറ്റലി പോലൊരു രാജ്യത്ത് കുടിയേറാനുള്ള യത്‌നത്തിൽ അവർ മാനസികമായും ശാരീരികമായും അടുത്തറിയുന്നു. ഇങ്ങനെയുള്ള അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ അവർക്ക് കൗമാരപ്രായം കഴിഞ്ഞിരുന്നില്ല. വിവിധതരം ശീലങ്ങളിലൂടെയും സംഭവങ്ങളിലൂടെയും മുന്നോട്ടുപോകുന്ന ബുജാറിനെ ആറുവർഷത്തെ ഇടവേളക്കുശേഷം യൂറോപ്പിലെ പല രാജ്യങ്ങളിലായി നാം കണ്ടുമുട്ടുന്നു. സ്വവർഗാനുരാഗി അല്ല താനെന്ന് തീർച്ചയുള്ള അയാൾ പക്ഷെ സ്ത്രീകളുമായും പുരുഷന്മാരുമായും ശാരീരികബന്ധം പുലർത്തുകയും ഇടക്ക് സ്ത്രീകളുടെ വസ്ത്രം ധരിക്കുകയും ചെയ്തിരുന്നു.

മനസ്സിന് ആശ്വാസം പ്രദാനം ചെയ്യുന്ന ഉറപ്പുള്ള ഒരിടം തെരയുന്ന അയാൾ ബെർലിനിൽ ഹോട്ടൽ ജീവനക്കാരനായും ഹെൽസിങ്കിയിൽ റിയാലിറ്റി ഷോയിൽ ഈഴം പരീക്ഷിക്കുന്ന മത്സരാർത്ഥിയായും തുർക്കിയിൽ വേരുകളുള്ള ഭിന്നലിംഗക്കാരിയായും പ്രത്യക്ഷപ്പെടുന്നു. മറ്റൊരു ഘട്ടത്തിൽ സർഗാത്മകരചന അഭ്യസിക്കുന്ന സ്ത്രീ ആയും വേഷമിടുന്നു. സ്ത്രീയാണെന്ന് ധരിച്ച് അയാളുമായി രതിയിൽ ഏർപ്പെടാൻ ശ്രമിക്കുന്ന സഹപാഠിയും ഇവിടെയുണ്ട്. ബെർലിനിൽ 'അരിയാന' എന്ന 23കാരിയായി രംഗപ്രവേശം നടത്തുന്ന ബുജാർ താൻ ബോസ്‌നിയയിൽ നിന്നാണെന്നും ഏതാനും മാസങ്ങൾക്ക് മുൻപ് റോമിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് സ്വയം പരിചയപ്പെടുത്തുന്നത്.

എൻവർ ഹോജ എന്ന കമ്യൂണിസ്റ്റ് ഭരണാധികാരി അൽബേനിയയിലെ ആന്തരിക സംഘർഷങ്ങൾക്ക് ആക്കം കൂട്ടുകയായിരുന്നു. നേതാവ് എന്ന നിലയിൽ എൻവറിനെ ആരാധിച്ചിരുന്ന ആളായിരുന്നു ബുജാറിന്റെ അച്ഛൻ. അയൽരാഷ്ട്രങ്ങൾ ആക്രമിച്ചാലോ എന്ന ആശങ്കയിൽ അൽബേനിയയിൽ ആയിരക്കണക്കിന് ബങ്കറുകൾ സ്ഥാപിച്ച ഭരണാധികാരിയായിരുന്നു എൻവർ. എന്നാൽ ഇത്തരം തീരുമാനങ്ങളെ പൊതുസമൂഹം പൂർണമായും സ്വാഗതം ചെയ്തിരുന്നില്ല. മുറിവുനിറഞ്ഞ ഭൂതകാലത്തെ മറന്ന് ജീവിച്ച ജനതയെ അന്തഃച്ഛിദ്രങ്ങളും സാമ്പത്തിക അരക്ഷിതത്വവും വല്ലാതെ ബാധിക്കാൻ തുടങ്ങി. സാമ്പത്തിക ചുറ്റുപാടുകളെ മെച്ചപ്പെടുത്താൻ ഹോജയുടെ ഭരണത്തിന് കഴിഞ്ഞില്ല. യൂറോപ്പിലെ ദരിദ്രരാഷ്ട്രമായി അൽബേനിയ മാറി. പട്ടിണിയും ദാരിദ്ര്യവും മൂലം ആളുകൾ കഷ്ടപ്പെടുകയും അൽബേനിയയിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് കുടിയേറ്റ ശ്രമം ഊർജിതപ്പെടുകയും ചെയ്തു. അൽബേനിയയുടെ ചരിത്രവും യുദ്ധവിവരങ്ങളും കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ സമഗ്രസംഭാവനയും ഒക്കെയാണ് ബുജാറും മറ്റു വിദ്യാർത്ഥികളും പഠിച്ചത്. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളെ കുറിച്ച് ആലോചിക്കാൻ ആരംഭിച്ച അയാൾ ഇതിനിടയിലാണ് അൽബേനിയയിൽ നിന്നുള്ള കുടിയേറ്റത്തെ ഇറ്റലി സ്വാഗതം ചെയ്യുന്ന വാർത്ത വായിക്കാനിടയായത്.

അദൃശ്യവും മറികടക്കാനാവാത്തതുമായ ഒരു മതിൽ അൽബേനിക്കും യൂറോപ്പിനും ഇടയിലുണ്ടായിരുന്നു. മാനവികതയുടെ പ്രതീകമായ മനുഷ്യരുള്ള ലോകമാണ് അതിനപ്പുറം ഉള്ളതെന്നാണ് അൽബേനിയയിലെ പൊതുധാരണ. ഇറ്റലിക്കാരുമായുള്ള ശാരീരിക രൂപസാദൃശ്യം അൽബേനിയൻ കുടിയേറ്റക്കാർക്ക് സഹായകമായിരുന്നു. എന്നാൽ വൈകാതെ മറ്റു രാജ്യങ്ങളിൽ നിന്ന് അഭയാർത്ഥികൾ പ്രവഹിച്ചേക്കും എന്ന് ഇറ്റലിക്കാർ ഭയന്നു. മാത്രമല്ല, അൽബേനിയയിൽ നിന്നുള്ളവർ രാഷ്ട്രീയാഭയത്തിന് ശ്രമിക്കാതെ ജോലി ചെയ്തുകൊണ്ട് സാമ്പത്തികസ്ഥിതി വർധിപ്പിക്കാനാണ് നോക്കുന്നതെന്ന സംഗതിയും അവരെ ചൊടിപ്പിച്ചു.

വേറെ രാജ്യത്ത് എത്തുന്നവർക്ക് ജീവിതം പച്ചപിടിപ്പിക്കുക എന്നത് വെല്ലുവിളിയാണ്. തന്മ നഷ്ടപ്പെടുന്ന സ്വദേശത്തിൽ നിന്ന് പുതിയൊരു ദേശത്തെത്തുന്നവർക്ക് എത്രകണ്ട് താദാത്മ്യം പ്രാപിക്കാനാവും എന്നത് അലട്ടുന്ന ചോദ്യവും. ഈ ആശങ്കയോടൊപ്പം സ്വന്തം ശരീരം (മനസ്സും) നേരിടുന്ന ലിംഗപരമായ പ്രതിസന്ധി കൂടി വെല്ലുവിളിയാവുന്ന മുഖ്യകഥാപാത്രമാണ് നോവലിൽ.

ചുരുക്കിപ്പറഞ്ഞാൽ സ്വന്തം 'ഇടം' കണ്ടെത്താനുള്ള വ്യഗ്രത പൂണ്ട വ്യവഹാരങ്ങളുടെ അടയാളപ്പെടുത്തലാണ് ബുജാറിന്റെ ജീവിതാധ്യായങ്ങൾ. തന്റെ പേരുപോലും ഓർമയുടെ നിഘണ്ടുവിൽ നിന്ന് മായ്ക്കാൻ അയാൾ ആഗ്രഹിച്ചു. അച്ഛൻ മരിക്കുകയും അനിയത്തിയെ കാണാതാവുകയും അൽബേനിയ അസ്ഥിരമാവുകയും ചെയ്തതോടെ ഉപരിപ്ലവമായ ഓർമപ്പെടുത്തലുകളായി ഭൂതകാലം മാറിയ ബുജാർ പലായനത്തിന് മാനസികമായി സന്നദ്ധനായി. ഇതുപോലെ എല്ലാ സൗകര്യങ്ങളും ഉണ്ടാവുമ്പോഴും ഒന്നിന്റെയും അവകാശം ഇല്ലാത്ത പോലെ ജീവിക്കേണ്ടി വരുന്ന വേറൊരു കഥാപാത്രമായ താന്യയുടെ പരിസരവും നോവലിലുണ്ട്. ആണിന്റെ ശരീരത്തിൽ ജീവിക്കുന്ന പെണ്ണിന്റെ സ്വത്വത്തെയാണ് താന്യയിലൂടെ ബോദ്ധ്യപ്പെടുത്തുന്നത്. തന്റെ ലൈംഗികാഭിമുഖ്യത്തിൽ സന്ദേഹങ്ങൾ വിട്ടൊഴിയാത്ത ബുജാർ താന്യക്ക് മുന്നിൽ പെരുമാറുന്നതും എടുത്തു പറയണ്ട രംഗമാണ്. സ്വത്വാന്വേഷണ പ്രതിസന്ധികൾക്കൊപ്പം കുടിയേറ്റത്തിന്റെ കുഴമറിച്ചിലും അയാളുടെ ജീവിതത്തെ ദുഷ്‌കരമാക്കുകയാണ്. രാജ്യം വിട്ടുപോകുന്നതിന്റെ ദാർശനികവും വ്യക്തിപരവുമായ സംഘർഷം ശരീരത്തിന്റെ നോവിലൂടെ പറയാൻ ഈ കൃതി ശ്രമിക്കുന്നു. സ്ത്രീയായും പുരുഷനായും വേഷത്തിലൂടെയും ഭാവത്തിലൂടെയും രൂപാന്തരീകരണം നടത്തുന്ന അയാളുടെ അസ്തിത്വദുഃഖത്തിനു ശമനം ഉണ്ടാവുമോ എന്ന ചോദ്യം ഇവിടെയുണ്ട്. അത് ലക്ഷ്യമാക്കുന്നതാകട്ടെ സ്വന്തം ദേശീയതയുടെ അതിരുകൾക്കുള്ളിൽ നിന്ന് പുറത്തു പോകേണ്ടി വരുന്നവന്റെ വ്യഥ സംബോധന ചെയ്യാനാണ്.

സ്വസ്ഥതയും സമാധാനവും തേടി രാജ്യങ്ങളിലൂടെയുള്ള അലച്ചിലിന്റെ ദൃശ്യം 'ശരീരം' എന്ന രൂപകത്തിലൂടെ വിശദീകരിക്കുക എന്ന രചനാരീതിയാണ് നോവലിസ്റ്റ് അവലംബിച്ചിരിക്കുന്നത്. വ്യത്യസ്ത സംസ്‌കാരങ്ങൾ വഹിക്കുന്ന കർത്തൃത്വമായി ശരീരത്തെ നിരൂപിക്കാൻ ഇത്തരം സന്ദർഭത്തിൽ സാധിക്കുമെന്ന് തോന്നുന്നു. അതുവഴി, ഹോമി കെ. ഭാഭയുടെ സങ്കൽപ്പനത്തോട് (Hybridity and Third Space, Homi K. Bhabha)) ഏറെ അടുത്തുനിൽക്കുന്ന ആശയത്തിന്റെ സാക്ഷാത്കാരത്തിന് നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.

zygmunt bauman

പ്രത്യക്ഷത്തിൽ ജീവിതത്തിന്റെ വിവിധ തുറകളിൽ സങ്കരത്വം കൈവരുന്ന കഥാപാത്രമാണ് ബുജാർ. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അയാളുടെ ശരീരം ആൺ/പെൺ സ്വത്വങ്ങളുടെയും വിവിധ രാഷ്ട്രങ്ങളുടെ സംസ്‌കാരത്തെയും വഹിക്കുന്ന സൂക്ഷ്മമാപിനിയാണ്. സ്വത്വം എന്നത് 'ഒഴുകിപ്പടരൽ' പോലെയും ശരീരം അനന്തമായ സാധ്യതകളുള്ള മൂന്നാമിടമായി (Third Space) പരിണമിക്കുന്നതിന്റെയും ദൃഷ്ടാന്തമായി പ്രസ്തുത സന്ദർഭത്തെ കാണുന്നതിൽ തെറ്റില്ല. ശരീരം ഇത്തരമൊരു മൂന്നാമിടസാധ്യത അന്വേഷിക്കുന്നതിന് സമാനമായിട്ടാണ് വിവിധ രാജ്യങ്ങളിലൂടെയുള്ള ബുജാറിന്റെ സഞ്ചാരത്തെ (പലായനത്തെ) കാണേണ്ടത്. സാമൂഹികവും സാംസ്‌കാരികവും സർഗാത്മകവുമായ ആശയങ്ങളാണ് അതിന്റെ അടിപ്പടവുകളായി വർത്തിക്കുന്നത്. ഇവ ഓരോന്നിന്റെയും ചോദ്യങ്ങളും ഉപചോദ്യങ്ങളും വിവരിക്കുകയോ ആരായുകയോ ചെയ്യുന്ന ഹേതുവായി ശരീരം മാറുന്നു. ലിംഗഭേദത്തെ കുറിച്ചുള്ള നായകന്റെ ആകുലതകൾ അയാൾ ജീവിക്കുന്ന ദേശരാഷ്ട്രങ്ങളുടെ നിശിതമായ വിലയിരുത്തലായി കാണാവുന്നതാണ്. സ്ഥലപരമായ അപരത്വം സംഭവിക്കുന്നത് ശരീരവുമായി ബന്ധപ്പെട്ടു കിടക്കുന്നതിന്റെ ഉദാഹരണമാണിത്. 'ഭിന്നലിംഗക്കാരി'യായി മത്സരത്തിൽ പങ്കെടുത്ത ബുജാറിനോട് ഭിന്നലിംഗക്കാരുടെ അനുഭവങ്ങളെ കുറിച്ച് വിധികർത്താക്കൾ ചോദിക്കുന്നുണ്ട്. പുരുഷന്റേതായ ഔദ്യോഗികരേഖകളുമായി ജീവിക്കുകയും യാത്രചെയ്യുകയും ചെയ്യുന്നത് തന്നോട് തന്നെ ചെയ്യുന്ന അവഹേളനമാണെന്നാണ് ബുജാറിലെ 'ഭിന്നലിംഗക്കാരി' കൊടുത്ത ഉത്തരം. ഭിന്നലിംഗക്കാരെ ആദ്യം സഹതാപത്തിന്റെ കണ്ണുകളോടെ നോക്കുകയും വളരെ പതുക്കെ അംഗീകരിക്കുകയും ചെയ്യുന്ന പൊതുസമൂഹത്തെ കുറിച്ചുമുള്ള പരാമർശം നോവലിലുണ്ട്. സൂചിമുന പോലെ കൂർത്ത അനുഭവങ്ങളെ മറക്കാനും പുതിയ ഒരു ലോകം സൃഷ്ടിക്കാനും വേണ്ടിയെന്നോണം വെവ്വേറെ രാജ്യങ്ങളിലേക്കുള്ള പലായനം സഹായിക്കുമെന്ന് ബുജാർ കരുതി. ഇതിലൂടെ, സ്വത്വം നിരന്തരമായ മാറ്റങ്ങൾക്ക് വിധേയമാവുന്ന സന്ദിഗ്ധതയിലൂടെയാണ് അയാൾ വിഷാദിയായ ജാലവിദ്യക്കാരനെപോലെ കടന്നുപോകുന്നതെന്ന് വ്യക്തം.

'പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും നിർമിക്കാൻ ഞാൻ തീരുമാനിച്ചു; എന്റെ ജീവിതത്തിന്റെ ഭാഗമായി മാറാനിടയുള്ള മനുഷ്യരെ കണ്ടെത്തി, പുതിയ കുടുംബം രൂപപ്പെടുത്താനും. ഓരോ ദിവസവും ഓരോ നിമിഷവും പ്രത്യേക സന്ദർഭമായിക്കണ്ട്, എല്ലാ കാര്യങ്ങളും ശുഭമായിത്തീരുമെന്നു ഞാൻ അന്ധമായി വിശ്വസിക്കുന്നു. പുസ്തകങ്ങളും സിനിമകളും നമ്മെ ജീവിതം പഠിപ്പിക്കുന്നതുപോലെ. ഇതുസംഭവിച്ചേ തീരൂ, എന്തെന്നാൽ എനിക്ക് മടങ്ങിപ്പോകാൻ മറ്റൊരിടമില്ല, സ്വരാജ്യം നഷ്ടപ്പെട്ട ഒരാളാണ് ഞാൻ'. സ്വന്തം രാജ്യം ഉപേക്ഷിക്കേണ്ടി വരുന്നയാളുടെ വേദന ബുജാറിന്റെ ഈ വാക്കുകളിൽ സ്പഷ്ടമാണ്. പലായനത്തിന്റെ രാഷ്ട്രീയം പ്രതിലോമകരമാണെങ്കിലും പ്രതീക്ഷകളുടെ തുറവി അതിനെ മറികടക്കുന്നതിന് സഹായകമാവുമോ എന്നതാണ് അറിയേണ്ടത്.

അപരിചിതരെ സ്വീകരിക്കുന്ന വിഷയത്തിൽ അന്യരാജ്യങ്ങളിലുള്ള അസഹിഷ്ണുതയെ നോവലിൽ സൂചിപ്പിക്കുന്നുണ്ട്. ഈസോപ്പിന്റെ കഥയിലെ മുയലിനെയും തവളയെയും മുൻനിർത്തി ചിന്തകനായ സിണ്ട് ബോമാൻ ഇത് വിശദീകരിക്കുന്നത് (Strangers At Our Door, Zygmunt Bauman) പരാമർശിക്കുന്നത് ഉചിതമാകും എന്ന് തോന്നുന്നു. മറ്റു മൃഗങ്ങൾ എല്ലാം തങ്ങളെ ആക്രമിക്കാൻ വരികയാണെന്ന് തെറ്റിദ്ധരിക്കുന്ന മുയലുകൾ, ഒരുപറ്റം കുതിരകളിൽ നിന്ന് രക്ഷതേടി ഒരു തടാകതീരത്തേക്ക് എത്തുകയാണ്. എന്നാൽ മുയലുകളെ കണ്ടമാത്രയിൽ, അവിടെയുണ്ടായിരുന്ന തവളകൾ ഭയന്നുകൊണ്ട് വെള്ളത്തിലേക്ക് ഈളിയിടുകയാണ് ചെയ്യുന്നത്. ഇതുകണ്ട മുയലുകൾക്ക് ആദ്യമായി 'തങ്ങൾ അത്ര മോശക്കാരല്ലല്ലോ' എന്ന ചിന്ത ജനിച്ചു. മുയലുകളെക്കാളും കഷ്ടമാണ് തവളകളുടെ സ്ഥിതി എന്നത് മുയലുകൾക്ക് ഒരു തിരിച്ചറിവായിരുന്നു. നാട്ടിൽ നിന്ന് പലായനം ചെയ്തു അന്യദേശത്തേക്ക് കുടിയേറുന്നവരും ഇതുപോലെയാണ്. 'വാഗ്ദത്ത ഭൂമി' എന്ന് ധരിച്ചു എത്തിപ്പെടുന്ന ഇടം അതിലും കഷ്ടതകൾ ഉള്ളതാകും. പലായനത്തിന്റെ നാൾവഴികളിൽ തങ്ങളേക്കാൾ ദുരിതം പേറുന്ന ജനവിഭാഗം ഉണ്ടെന്ന ബോധം അവർക്ക് ആശ്വാസമേകുമോ എന്ന ചിന്ത ഒട്ടൊക്കെ ബാലിശമാണുതാനും. കലങ്ങിയ ചിത്രങ്ങൾ പോലെയുള്ള ഭൂതകാലത്തിന്റെയും എന്താവുമെന്നറിയാത്ത ഭാവിയുടെയും ഇടയിലുള്ള ഇടനാഴിയിലൂടെയാണ് (Liminal Space) ബുജാർ ഇന്ന് യാത്ര ചെയ്യുന്നത്. സ്വാതന്ത്ര്യം, സുരക്ഷിതത്വം, സമാധാനം എന്നിങ്ങനെയുള്ള ഘടകങ്ങൾ അയാൾക്ക് നിഷേധിക്കപ്പെടുന്നതിന്റെ അനീതിയെ തരണം ചെയ്യേണ്ടത് സമകാലിക രാഷ്ട്രീയ ബോധ്യങ്ങളാണ്.

Comments