ഏകാധിപത്യത്തിന്റെ ശൈലിക്കും രീതികൾക്കും ദേശ- കാല വ്യത്യാസമൊന്നുമില്ല എന്നത് വാസ്തവമാണ്. സാധാരണ ജനങ്ങളെയും പൊതുസമൂഹത്തെയും പൂർണമായി അധീനതയിലാക്കി സ്വാർഥേച്ഛയോടെ ഭരിക്കുന്ന ഏകാധിപതിമാരുടെ രൂപ- ഭാവങ്ങൾ ഏതാണ്ട് ഒരേ പോലെയാണ്. സംസാരിക്കുന്ന ഭാഷയ്ക്ക് അന്തരമുണ്ടാവുമെങ്കിലും ആശയവിനിമയത്തിന്റെ രീതിശാസ്ത്രത്തിന് സാദൃശ്യമുണ്ടാവും. സ്വന്തം ജനതയെ സംഘർഷഭരിതരാക്കിക്കൊണ്ട്, നേതാവിന്റെ അടിമകളോ അനുയായികളോ ആക്കുന്ന വിധത്തിലുള്ള തന്ത്രം അധികാരനയം തന്നെയായി മാറി.
പ്രത്യയശാസ്ത്രപരമായ വ്യാഖ്യാനങ്ങളോ ആശയപരമായ പ്രമാണങ്ങളോ ഇല്ലാതെ, പ്രതിഷേധത്തിന്റെ കണികപോലും ഉയരാതെ, പൊതുജനത്തെ കാൽക്കീഴിലാക്കാൻ ശ്രമിക്കുന്ന ഏതൊരു ഭരണസംവിധാനവും പിന്തുടരുന്നത് ഒരു സംഹിതയുടെ പല രൂപത്തെയാണെന്നതിൽ തർക്കമില്ല.
സാമൂഹികനിയന്ത്രണം പൂർണമായും അധികൃതർ കൈയാളുന്ന ചുറ്റുപാടിൽ ജനങ്ങൾ ചാവികൊടുത്താടുന്ന പാവകളായി മാറുന്നു. ഏകാധിപതിയുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കാൻ നിർബന്ധിതരാവുന്ന ജനസമൂഹത്തിന്റെ എതിർപ്പുകളെ മുളയിലെ നുള്ളിക്കളയുന്ന രാജനീതിയാണിത്. നേതാവിന്റെ ഗുണഗണങ്ങൾ വാഴ്ത്തിപ്പാടുകയും അയാളുടെ വിവിധ തരത്തിലുള്ള ചിത്രങ്ങൾ പൊതുമധ്യത്തിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കാനും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഭരണകൂടക്രമങ്ങൾ നിലവിലുണ്ട്. ഇങ്ങനെ സംഘം ചേർന്നൊരുക്കുന്ന നാടകത്തിലെ "ഇരകളുടെ' വേഷമാണ് അറിഞ്ഞോ അറിയാതെയോ സാധാരണക്കാർക്ക് ലഭിക്കുന്നത്. ജനാധിപത്യം എന്നത് ഒരു സങ്കല്പം മാത്രമായി അവശേഷിപ്പിക്കുന്ന തരത്തിലാണ് ഏകാധിപത്യപ്രവണത ചുവടുറപ്പിക്കുന്നത്. മറ്റുമാർഗങ്ങളില്ലാതെ, പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും നീക്കങ്ങളെല്ലാം അസ്തമിക്കുമ്പോൾ, ഒരുതരത്തിലുള്ള വിഷാദരോഗത്തിനു ജനങ്ങൾ അധീനരാവുന്നു. അതിനെ മറികടക്കാൻ ഏകാധിപതിയുടെ ഭക്തരായിത്തീരുന്ന പൗരവർഗ്ഗത്തിന്റെ അവസ്ഥ ദാരുണമാണ്.
രാജ്യത്ത് സമാധാനം സ്ഥാപിക്കുന്നതിൽ വ്യഗ്രത പുലർത്താത്ത ഭരണകൂടങ്ങൾ കുഴഞ്ഞുമറിഞ്ഞ അവസ്ഥയെ ക്ഷണിച്ചുവരുത്താറാണ് പതിവ്. രാജ്യങ്ങളുടെ പേരുകൾ മാറുന്നെന്നെ ഉള്ളു. ഇന്ന് ഒരിടത്ത് നടക്കുന്നത് അധികം വൈകാതെ മറ്റൊരിടത്തും നടന്നേക്കാം. രാഷ്ട്രീയകാലാവസ്ഥ അവലോകനം ചെയ്യുമ്പോൾ, സിറിയ ഒരു രൂപകം മാത്രമാണ്. സിറിയയുടെ ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചാൽ, കാലുഷ്യങ്ങളകന്ന ഒരു കാലം ഉണ്ടായിട്ടില്ല എന്ന് വ്യക്തമാകും. ഒന്നാം ലോകയുദ്ധത്തിന് ശേഷം ഫ്രാൻസ് അധീനതയിൽ വെച്ചിരുന്ന സിറിയയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടും സുസ്ഥിരമായ ജനായത്ത ഭരണത്തിന്റെ അഭാവം എന്നും പ്രതിസന്ധി സൃഷ്ടിച്ചു. സിറിയ എന്ന രാജ്യത്തിനെ കുറിച്ചാണെന്ന പ്രത്യക്ഷമായ സൂചനകളില്ലാതെ ഏതിടത്തും നടക്കാൻ തക്കതായ അധികാരവിനിമയങ്ങളുടെ ആഖ്യാനരൂപമാണ് സിറിയൻ എഴുത്തുകാരനായ നിഹാദ് സിരീസിന്റെ "The Silence and The Roar' എന്ന നോവൽ.
രാഷ്ട്രഭേദമില്ലാതെ, ഭാഷാവ്യത്യാസമില്ലാതെ എവിടെയും കേൾക്കാവുന്ന ഇരുളൊച്ചകളെ സിറിയയിലൂടെ പ്രതിനിധീകരിക്കുന്നു എന്നേ കരുതാനാവൂ. ജനാധിപത്യം ഏകാധിപത്യമായി രൂപാന്തരം ചെയ്യുന്നതിന് യുഗങ്ങൾ ആവശ്യമില്ല എന്ന് നമുക്ക് നേരിട്ട് അറിയാവുന്നതാണ്. നിശ്ശബ്ദതയുടെ ആഴങ്ങൾ ശബ്ദമുഖരിതമായ അധികാരലോകത്തെ പ്രത്യക്ഷത്തിൽ വിറളി പിടിപ്പിക്കുന്നില്ലെങ്കിലും അധികാരവും പ്രതിരോധവും തമ്മിലുള്ള വ്യവഹാരത്തിൽ നിശ്ശബ്ദതയ്ക്കും അലർച്ചയ്ക്കും സ്ഥാനമുണ്ട്. "അധികാര'ത്തെ നിലനിർത്തുന്ന ആൾക്കൂട്ടത്തിന്റെ ശബ്ദകോലാഹലങ്ങളെയും ഏകാധിപതിയുടെ ക്രൂരതകളെ അങ്ങേയറ്റം എതിർക്കുന്ന ഒരു വ്യക്തിയുടെ നിശ്ശബ്ദതയെയും താരതമ്യം ചെയ്യുകയാണ് "The Silence and The Roar'. ഈ നോവൽ ഭരണകൂടം നിരോധിക്കുകയും എഴുത്തുകാരന് രാജ്യം വിടേണ്ടി വരികയും ചെയ്തു. തങ്ങളുടെ അധീശത്വത്തിനെതിരെയുള്ള ചെറുവിരൽനീക്കത്തെപ്പോലും അങ്ങേയറ്റം അസഹിഷ്ണുതയോടെ കാണുന്ന ഭരണവർഗ്ഗത്തെ പ്രസ്തുതനോവൽ ചൊടിപ്പിച്ചതിൽ അത്ഭുതമൊന്നുമില്ല.
1990കൾക്കൊടുവിൽ, പ്രസിഡന്റ് ആയിരുന്ന ഹഫീസ് അസദിന്റെ സർക്കാറുമായി സിരീസിന് ഇടർച്ചകളുണ്ടായി. ഇതിനു പ്രത്യാഘാതമെന്നോണം സിരീസ് എഴുതിയിരുന്നത് ഓരോ വാക്കുകളായി ഭരണകൂടം സസൂക്ഷ്മം വായിച്ചുനോക്കിയിരുന്നു. എഴുത്തിൽ സ്വാതന്ത്ര്യം ഒട്ടും അനുവദിച്ചു കൊടുക്കാത്ത സിറിയയിലെ അനുഭവങ്ങളെ അദ്ദേഹം ഒരു അഭിമുഖത്തിൽ ഓർക്കുന്നുണ്ട്. ഇപ്പോൾ ബെർലിനിൽ താമസിക്കുന്ന നിഹാദ് സിരീസ്, സ്വാനുഭവങ്ങളുടെ കൂടെ വെളിച്ചത്തിൽ എഴുതിയ "നിശ്ശബ്ദതയും അലർച്ചയും' 2004ലാണ് പ്രസിദ്ധീകരിച്ചത്. 2013ൽ മാക്‌സ് വീസ് വിവർത്തനം ചെയ്ത ഇംഗ്ലീഷ് പതിപ്പ് പുറത്തുവന്നു. ഇംഗ്ലീഷ് പെൻ പുരസ്‌കാരം ലഭിച്ച ഈ നോവൽ പിന്നീട് ഫ്രഞ്ചിലും ജർമനിലും പ്രസിദ്ധീകരിച്ചു.
രാഷ്ട്രത്തിന്റെ വേരുകളുടെ ബലം അവിടത്തെ ജനതയിലൂടെയാണ് നിലനിൽക്കുന്നതെന്ന വസ്തുതയെ മറക്കാനുള്ള വെമ്പൽ ഏകാധിപതികൾക്കുണ്ടാവും. സ്വന്തം വ്യക്തിപ്രഭാവം ഉയർത്താൻ മാത്രം അക്ഷീണം യത്‌നിക്കുന്ന ഏകാധിപതിയുടെ സ്വഭാവത്തെ അർത്ഥഗർഭമായ നിശ്ശബ്ദത കൊണ്ട് പ്രതിരോധിക്കുന്ന ഫാത്തി ഷീൻ എന്ന എഴുത്തുകാരനാണ് ഈ നോവലിലെ മുഖ്യ കഥാപാത്രം. അയാളുടെ ഒരു ദിവസത്തെ സംഘർഷങ്ങളുടെ ആഖ്യാനമാണ് നിഹാദ് സിരീസ് പറയുന്നത്.
ഭരണകൂടത്തിനെതിരെ എഴുതുന്നതിനാൽ പല തലത്തിലുള്ള നടപടികളെ നേരിടുന്ന എഴുത്തുകാരനാണ് ഫാത്തി. സാഹിത്യരംഗത്ത് നിന്നും പത്രപ്രവർത്തനത്തിൽ നിന്നും അയാളെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ ഭരണകൂടം പ്രവർത്തിച്ചു. രചനകൾ പ്രസിദ്ധീകരിക്കാനുള്ള മാർഗങ്ങൾ അയാൾക്ക് തീർത്തും ഇല്ലാതായി എന്ന് തന്നെ പറയേണ്ടി വരും.
അധികാരത്തിനെതിരെ എഴുത്തിലൂടെ ശബ്ദമുയർത്തുന്നവരെ നിശ്ശബ്ദരാക്കുന്നതിനു വേണ്ടി ഹീനമായ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ ഇവിടെ നേതാവിനും കൂട്ടർക്കും മടിയേതുമില്ല. കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തകം എഴുതുന്നതിൽ നിന്നു വരെ അയാളെ ഭരണകൂടം വിലക്കി. എഴുത്തിന്റെ സ്വാധീനത്തെ ഭയക്കുന്ന അധികാരസ്ഥാപനങ്ങളുടെ അരക്ഷിതമായ മനോഭാവം നിബന്ധനകൾക്ക് വിധേയമായി വർത്തിക്കുന്ന പൗരസമൂഹത്തെയാണ് വാർത്തെടുക്കുന്നത്. ഇങ്ങനെയൊക്കെയുള്ള ഒരു സാഹചര്യം ഉരുവപ്പെടുത്തി, നേതാവ് രാഷ്ട്രത്തിന്റെ ഭരണം വഹിച്ചുതുടങ്ങിയിട്ട് ഇരുപതു വർഷം പൂർത്തിയായി. അതിന്റെ ആഘോഷവുമായി ബന്ധപ്പെട്ട അധ്യായങ്ങളാണ് നോവലിൽ പ്രതിപാദിക്കുന്നത്.
ചെറുത്തുനിൽപ്പിന്റെ മഷി ഉപയോഗിക്കാനാവാത്ത വിധം നിശ്ശബ്ദതയിലേക്ക് ആഴ്ന്നു പോകുന്ന ആഖ്യാതാവും പ്രകമ്പനം കൊള്ളുന്ന തരത്തിൽ അട്ടഹസിക്കുന്ന നേതാവും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ സൂക്ഷ്മതകളിലാണ് നോവൽ ശ്രദ്ധ കൊടുക്കുന്നത്. കലാപങ്ങളും ആഭ്യന്തരയുദ്ധങ്ങളും കലുഷിതമാക്കിയ സിറിയയിലെ തെരുവുകളുടെ ഭീകരതയെ അലർച്ച/ നിശ്ശബ്ദത എന്നീ പ്രത്യയങ്ങൾ കൊണ്ട് രേഖപ്പെടുത്തുകയാണ്. ഭരണം കൈയാളുന്ന രാഷ്ട്രീയകക്ഷിക്ക് എതിരെ പറഞ്ഞാലും നേതാവിന് എതിരെ ഒന്നും പറയരുതെന്ന "ആപ്തവാക്യം' രാജ്യത്ത് പിന്തുടരുന്നു. ആൾക്കൂട്ടത്തിന്റെ പൊതുസ്വഭാവമായി നേതാവിനോടുള്ള "ആരാധന' ഭ്രാന്തമായ തലത്തിൽ സ്ഥാപിച്ചെടുക്കുക എന്ന ഗൂഢലക്ഷ്യം ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നു. അതിനായി തെരുവുകൾ ഇളക്കിമറിച്ചുകൊണ്ടുള്ള ജാഥകൾക്കു അധികൃതർ വഴിയൊരുക്കുന്നു. ഈ ജാഥയിൽ നേതാവിനെ പ്രകീർത്തിച്ചുള്ള മുദ്രാവാക്യങ്ങൾക്കും സ്തുതിഗീതങ്ങൾക്കും ഉന്മാദാവസ്ഥ കൈവരികയും അന്തരീക്ഷം "ഭക്തി'സാന്ദ്രമാവുകയും ചെയ്യുന്നു. തത്സമയം സംപ്രേഷണം ചെയ്യുന്ന ഇതുപോലെയുള്ള പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നവരെ തെരഞ്ഞുപിടിച്ചു "രാജ്യദ്രോഹി'കളായി മുദ്രകുത്തി ശിക്ഷയ്ക്ക് വിധേയമാക്കുകയും സാധാരണയാണ്. പൗരർ സ്വന്തം സ്വത്വം മറക്കുകയും ആൾക്കൂട്ടത്തിന്റെ വന്യതയിലേക്ക് ലയിച്ചു ചേരുകയും ചെയ്യുന്ന മന:ശാസ്ത്രത്തിന്റെ അവസരം ഏറ്റവുമധികം തിരിച്ചറിയുന്നത് ഒരു ഫാസിസ്റ്റു ഭരണകൂടമാവും. ആ ക്ഷണത്തിൽ എല്ലാ വികാരവിചാരങ്ങളും നേതാവിനൊപ്പമായി തീരുന്നു.
സ്‌നേഹവും ഉത്സാഹവും ആനന്ദവും ഇടതടവില്ലാതെ അനുഭവപ്പെടുകയും ഹർഷോന്മാദത്തിനു അടിപ്പെടുകയും ചെയ്യുന്ന ആൾക്കൂട്ടത്തെ രൂപപ്പെടുത്തുന്ന "പാചകവിധി'യാണ് ഇവിടെ ഭരണകൂടം പാകപ്പെടുത്തുന്നത്. വ്യക്തിത്വം പാടെ മറന്നു കൊണ്ട്, യാതൊരു തത്വദീക്ഷയുമില്ലാതെ അധികൃതരുടെ താളത്തിനു തുള്ളുന്ന ജനതയുടെ പരിച്ഛേദമാണ് എഴുത്തുകാരൻ അവതരിപ്പിക്കുന്നതെന്ന് വ്യക്തം. വൈകാരികമായി നേതാവിന്റെ ആശയങ്ങളോട് താദാത്മ്യം പ്രാപിക്കുന്ന രീതിയിലേക്ക് ഈ മനുഷ്യരെ മാറ്റിയെടുക്കാൻ പിന്നെ വളരെ എളുപ്പമാണ്. ജനക്കൂട്ടങ്ങളുടെ അപസ്മാരബാധയെ തങ്ങൾക്ക് അനുകൂലമായി മാറ്റുന്ന ഏകാധിപതിമാരുടെ മികച്ച ദൃഷ്ടാന്തമാണ് ഈ നോവലിലെ നേതാവ്. കൃത്രിമമായി നേതാവിനോടുള്ള വീരാരാധന വർധിപ്പിക്കാൻ വേണ്ടി ചിത്രങ്ങളും തത്സമയദൃശ്യങ്ങളും സൂക്തങ്ങൾ ഉരുവിടുന്നതിന്റെ ശബ്ദരേഖയും ഒക്കെ തന്ത്രപൂർവം സന്നിവേശിപ്പിക്കാനുള്ള ഉദ്യമമാണ് ഇത്.
ഏകാധിപതിയുടെ കുടിലതയുടെ വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെ സ്റ്റേറ്റിന് ഓശാന പാടുന്ന പൗരരുടെ ദുരിതചിത്രത്തെയാണ് നിഹാദ് സിരീസ് വിശകലനം ചെയ്യുന്നത്. ചിത്രങ്ങളും സിനിമകളും വാർത്തകളും അടങ്ങുന്ന പൊതുജനസമ്പർക്ക പരിപാടികളെ കെട്ടിയുണ്ടാക്കി, നയങ്ങൾ സ്ഥാപിക്കുന്നത് വഴി നേതാവിനെ "ആൾദൈവം' ആയി അവരോധിക്കാനുള്ള ശ്രമത്തെയാണ് നിഹാദിന്റെ നായകൻ അപലപിക്കുന്നത്. ഏകാധിപതിയെ പുകഴ്ത്താൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾ മറ്റൊന്നും തന്നെ സംസാരിക്കേണ്ട എന്ന "കേവലയുക്തി'യിൽ അധിഷ്ഠിതമാണ് രാജ്യത്തിന്റെ രാഷ്ട്രീയസിദ്ധാന്തം.
നേതാവിന് ഗുണകരമായി ഭവിക്കുന്ന തരത്തിൽ സ്‌തോത്രങ്ങളും ഗീതങ്ങളും എഴുതാനും ആലപിക്കാനും മനഃശാസ്ത്രവിദഗ്ധരും ബുദ്ധിജീവികളും അടങ്ങുന്ന ഒരു സംഘത്തെ നിയോഗിച്ചിരുന്നു. ഏതു തരത്തിലുള്ള പാട്ടുകളാണ് ജനങ്ങൾക്ക് പ്രിയമാവുക എന്നറിയാനും അവരുടെ ചായ്വുകൾ ബോധ്യപ്പെടാനും ഇടയ്ക്ക് ചെറുസംഘങ്ങളായി അവരെ വിളിച്ചുകൂട്ടുകയും പതിവാണ്. ജനാധിപത്യത്തിന്റെ സ്തൂപങ്ങൾക്ക് കരുത്തുപകരാനുള്ള നടപടികൾക്കായി ഇങ്ങനെയുള്ള ചർച്ചകളും സമവായങ്ങളും സംഘടിപ്പിച്ചിരുന്നേൽ ഭരണത്തിന്റെ ദിശ തന്നെ മാറിയേനെ! ഏകാധിപത്യം കാംക്ഷിക്കുന്ന ഏതൊരു നേതാവും രൂപകല്പന ചെയ്യുന്ന നീതിശാസ്ത്രവും നയരേഖയും ഒരേ വടിവിലുള്ള അക്ഷരങ്ങളാവും എഴുതപ്പെട്ടിട്ടുള്ളത്.
അനീതിയുടെ ഏടുകൾ നിറഞ്ഞ അത്തരം അധ്യായങ്ങളെ എഴുത്തിലൂടെ കൃത്യമായി അടയാളപ്പെടുത്താൻ പലർക്കും കഴിഞ്ഞിട്ടുണ്ട്. ആൾക്കൂട്ടത്തിന്റെ വന്യമായ രീതിശാസ്ത്രത്തെ ആഴത്തിൽ പഠിക്കാനും ഒട്ടൊക്കെ അതിനെ എതിർക്കാനുമായി ഏലിയാസ് കാനെറ്റി എഴുതിയ നാടകമാണ് "Comedy of Vanity'. ഇതുപോലെയൊരു രചനയ്ക്ക് കാനെറ്റിയെ പ്രേരിപ്പിച്ചത് ആൾക്കൂട്ടത്തിന്റെ അന്ധമായ നടപടികളാണ്.
ജർമനിയിലെ നാഷണൽ സോഷ്യലിസ്റ്റ് പാർട്ടി ജൂതന്മാരോട് പെരുമാറിയ വിധം ചരിത്രത്തിന്റെ നീറ്റലാണ്. ആൾക്കൂട്ടത്തെ മൂലധനമാക്കിയുള്ള ഈ പ്രത്യയശാസ്ത്രത്തിനു എതിരെ എഴുതിയ ജൂതനായ കാനെറ്റി ജർമനിയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്യുകയായിരുന്നു. ആക്ഷേപഹാസ്യം പോലെ എഴുതിയ "Comedy and Vanity' , ആൾക്കൂട്ടമനസ്ഥിതിയെയും ആളുകൾ ക്ഷുരകരുടെ കണ്ണാടിയിൽ നോക്കിക്കൊണ്ടിരിക്കുന്നതിനെയും പ്രമേയമാക്കി എഴുതിയതാണ്. എല്ലാ തരത്തിലുള്ള വ്യക്തിയാരാധനകളെയും കാറ്റിൽ പറത്തി, കപടമായി സൃഷ്ടിക്കുന്ന സ്വകാര്യചിത്രങ്ങൾക്കും രേഖകൾക്കും നിരോധനമേർപ്പെടുത്തിയിട്ടുള്ള ഒരു സമൂഹമാണ് കാനെറ്റിയുടെ നാടകത്തിലുള്ളത്. കണ്ണാടികൾ നിർമ്മിക്കുന്നത് തടയുകയും ഫോട്ടോകളും ചിത്രങ്ങളും എടുക്കുന്നത് കുറ്റകരമാക്കുകയും ചെയ്യുന്ന സന്ദർഭമാണ് നാടകത്തിലുള്ളത്. സ്വന്തം പ്രതിച്ഛായ കാണാൻ ആക്കം കൂട്ടുന്ന ആൾക്കൂട്ടം അതിനു വേണ്ടി നടത്തുന്ന തിക്കുമുട്ടലുകളാണ് കാനെറ്റി വിവരിക്കുന്നത്.
കണ്ണാടി നിരോധിച്ചതോടെ പ്രതിബിംബം കാണാനുള്ള ആഗ്രഹം പൂർവാധികം കരുത്താർജിക്കുകയാണ്. മനുഷ്യരുടെ അവകാശങ്ങൾക്ക് മേൽ അതിരുകവിഞ്ഞ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് യുക്തിസഹമല്ല. അതുപോലെതന്നെ പുസ്തകങ്ങൾ നിരോധിക്കുന്നതും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വിലക്ക് കൊണ്ടുവരുന്നതും ഫാസിസത്തിന്റെ വകഭേദങ്ങളാണ്. 1933ൽ ദേശീയവികാരം ആളിക്കത്തിക്കാൻ, ജർമനിയിൽ, "un-German' പുസ്തകങ്ങൾ കത്തിക്കാൻ തുടങ്ങിയതും സമകാലത്ത് സിറിയയിൽ "The Silence and The Roar' നിരോധിച്ചതും അധികാരത്തിന്റെ അസഹിഷ്ണത തുടച്ചുമാറ്റാൻ കഴിയാത്ത വികാരമാണെന്ന് തെളിയിക്കുന്നു. ബൃഹത്തായ കണ്ണാടിയുള്ള സാനറ്റോറിയത്തിൽ, തങ്ങളുടെ രൂപം കാണാനായി തടിച്ചുകൂടുന്ന വ്യക്തികളുടെ കടുത്ത അഭിനിവേശത്തിലൂടെ "mass hysteria'യയെയാണ് സംബോധന ചെയ്യുന്നത്. സിരീസിന്റെ നോവലിൽ നേതാവിന്റെ രൂപത്തെ ജനങ്ങൾ ആവേശത്തോടെ സ്വീകരിക്കുമ്പോൾ, അയാളുടെ രൂപ-ഭാവ-അധികാരത്തെ പൂർണമായി അംഗീകരിക്കുക കൂടിയാണ് ചെയ്യുന്നത്.
ഒറ്റയ്ക്കാവുമ്പോൾ നേതാവിനോട് മമത കാണിക്കാത്തവർ പോലും ആൾക്കൂട്ടത്തിൽ വിലയം പ്രാപിക്കുമ്പോൾ പൊതുവിശ്വാസങ്ങളുമായി മുന്നോട്ടുപോകുന്നത് കാണാം. യാതൊരു വിവേകവുമില്ലാതെ നേതാവിനെ അനുകരിക്കുന്ന അണികളായി അവർക്ക് സ്വഭാവം മാറുകയാണ്. ഇതിൽ നിന്ന് വിഭിന്നനായി തന്റെ പ്രമാണങ്ങളെ ചേർത്തുപിടിക്കുന്ന ഫാത്തി അധികാരം കൈയാളുന്നവരെ അങ്ങേറ്റം വെറുപ്പിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല. ഉന്മൂലനം ചെയ്യുകയോ പ്രീണിപ്പിച്ചു കൂടെ നിർത്തുകയോ ചെയ്തു കൊണ്ട് പ്രതിരോധത്തിന്റെ മുനയൊടിക്കുന്ന ഉപജാപമാണ് ഭരണനേതൃത്വം ചെയ്യുന്നത്. അനുനയിപ്പിച്ചു നിർത്താൻ പ്രയാസമാണെന്ന് ബോധ്യപ്പെടുന്നതോടെ ഫാത്തിയെ നിലനിർത്താൻ അയാളുടെ അമ്മയെ "പ്രണയിച്ച്' വിവാഹം കഴിക്കാൻ നേതാവിന്റെ അടുത്ത അനുയായി രംഗത്തുവരുന്നു. അതിനിടെ, ഫാത്തിക്ക് മാധ്യമമേധാവിയായി അധികാരത്തിന്റെ കാതലായ പദവി വാഗ്ദാനം ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നു. പരസ്പര വിരുദ്ധമായ ഉപാധികൾ മുന്നോട്ടുവെച്ചു, ചങ്ങലയ്ക്കിടാനുള്ള ഭരണകൂടത്തിന്റെ നയോപായം പൂർണമായി അയാളെ നിശ്ശബ്ദതയിലാക്കുമോ? "I can either get married to your mother or fuck her' എന്ന ചോദ്യത്തിലൂടെ അയാളെ നിസ്സഹായനാക്കാൻ അധികാരവർഗത്തിനു കഴിയുന്നുണ്ട്.
രണ്ടു പതിറ്റാണ്ടു മുൻപ് അധികാരം ഏറ്റെടുത്ത വേളയിൽ തന്നെ നേതാവ് റേഡിയോയിലൂടെ പട്ടാളമാർച്ചിന്റെ വിവരണം സംപ്രേഷണം ചെയ്യാൻ ആരംഭിച്ചിരുന്നു. സ്വന്തം നില ഉറപ്പിക്കുന്നതിനായി സ്റ്റേറ്റിന്റെ മാധ്യമങ്ങളെ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നതിനെ പറ്റി അയാൾക്ക് തികഞ്ഞ ധാരണ ഉണ്ടായിരുന്നതായി കണക്കാക്കാം. അയാൾക്ക് വേണ്ടി റേഡിയോയിലെ രചനകൾ മാറ്റിയെഴുതുകയോ പരുവപ്പെടുത്തുകയോ ചെയ്യുന്നു. യുട്ടോപ്യൻ ദർശനങ്ങളും, കാല്പനിക വികാരങ്ങളും നിറഞ്ഞ കാര്യക്രമങ്ങളെ കൊണ്ട് "ദേശീയത'യ്ക്ക് നിറപ്പകിട്ടേകാനാണ് ഭരണകൂടം യത്‌നിച്ചത്. പരിത്യാഗവും വിയോഗവും ഏകാന്തതയും മരണവും "രാജ്യദ്രോഹ'പരമായ പദ്ധതികളിൽ പെടുത്താനും അവർ മടി കാണിച്ചില്ല. ചുരുക്കത്തിൽ നേതാവ് നിശ്ചയിക്കുന്നതനുസരിച്ച് ജീവിതം രൂപപ്പെടുത്തുന്ന വ്യക്തികളെ വാർത്തെടുക്കാൻ ഏകാധിപത്യ ഭരണസംവിധാനത്തിനു കഴിഞ്ഞു, ഉറങ്ങുന്നതും ഉണരുന്നതും വരെ തീരുമാനിക്കുന്നത് ഭരണകൂടം ആവുമ്പോൾ, സമഗ്രാധിപത്യം എന്നത് നിരുപാധികമായ ശൈലിയായി തീരുന്നു. ദേശീയഗീതം ദേശീയമുരൾച്ചയായി പരിണമിക്കുന്നതിന്റെ ശബ്ദം നമുക്ക് ഭാവനയിൽ കേൾക്കാനാവും.
തെരഞ്ഞെടുക്കാൻ ഭരണവ്യവസ്ഥയുടെ ഒച്ചയും തടവറയുടെ മൂകതയും മാത്രമേ തനിക്കുള്ളൂ അല്ലേ എന്ന ഫാത്തിയുടെ ചോദ്യത്തിന് കിട്ടുന്ന മറുപടി ഫാസിസ്റ്റു രാഷ്ട്രം ആലോചിക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്നു. 'ഞാൻ ആയിരുന്നു നിങ്ങളുടെ സ്ഥാനത്തെങ്കിൽ, ശ്മശാനത്തിന്റെ ഭയപ്പെടുത്തുന്ന നിശബ്ദതയെ കുറിച്ചാവും വേവലാതിപ്പെടുക' എന്ന ഉത്തരം ഏകാധിപത്യരാഷ്ട്രവും, പൗരനും(പൗരിയും) തമ്മിലുള്ള വിനിമയത്തിന്റെ ഒറ്റവരിയിലുള്ള നിർവചനമാണ്. രാഷ്ട്രഭേദമില്ലാതെ, ഏകാധിപതികളുടെ മാനിഫെസ്റ്റോ ഒരേ ആശയഗതിയുടെ പിൻബലത്തോടെയാവും ഒരുങ്ങുന്നത്. കലാപങ്ങളും കത്തുന്ന തെരുവുകളും നിത്യേനയുള്ള കാഴ്ചയായ സിറിയയെ "സർറിയലിസ്റ്റിക്' ഭാവത്തിൽ കാണുകയാണ് ഈ നോവലിൽ.
അലയൊച്ചകളുടെ മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ കാമുകിയായ ലാമയോടുള്ള ശാരീരികബന്ധം മറ്റൊരു തരത്തിലുള്ള വിനിമയത്തിന്റെ സാധ്യതകൾക്കാണ് ഊന്നൽ നൽകുന്നത്. ഒരു പക്ഷെ ശരീരത്തിന്റെ സ്വാതന്ത്ര്യത്തെ ആഘോഷിക്കുകയും മറയൊന്നുമില്ലാതെ ശരീരത്തെ കാമുകന് മുന്നിൽ സദാ പ്രദർശിപ്പിക്കുകയും വഴി ലൈംഗികതയെ സുതാര്യമാക്കുന്ന രാഷ്ട്രീയം ലാമ പ്രകടമാക്കുന്നു. പ്രതിഷേധത്തിന്റെ ഒരു മാർഗമായി ലൈംഗികതയ്ക്ക് പരിണാമം സംഭവിക്കുന്ന കാഴ്ചയാണ് നോവലിലുള്ളത്. ഫാത്തിയുടെ "നിശ്ശബ്ദത'യുടെ ശബ്ദത്തെയും തെരുവിലെ ശബ്ദകോലാഹലങ്ങളെയും ശാരീരികബന്ധത്തിലൂടെ മറികടക്കുന്ന നായകനെയാണ് സിരീസ് അവതരിപ്പിക്കുന്നത്. സ്ഥാപിതതാല്പര്യങ്ങൾ നിറഞ്ഞ ഭരണസംവിധാനത്തിനും സമൂഹത്തിന്റെ യുക്തിസഹമല്ലാത്ത പ്രവൃത്തികൾക്കിടയിലും ആശ്വാസമേകുന്നത് ലാമ മാത്രമാണെന്ന് അയാൾ പറയുന്നുണ്ട്. "നീ ആണ് സത്യം, നിന്നെ ഞാൻ സ്‌നേഹിക്കുന്നു' എന്ന അയാളുടെ ആത്മാർത്ഥമായ വാക്കുകൾ ഇത് സാക്ഷ്യപ്പെടുത്തുന്നു.
സുരക്ഷാഭടമാർ പിടിച്ചെടുത്ത ഐഡന്റിറ്റികാർഡ് തിരിച്ചുലഭിക്കുന്നതിനായി അവരുടെ കാര്യാലയങ്ങളിൽ അയാൾക്ക് കയറിയിറങ്ങേണ്ടി വന്നു. കലുഷിതമായ ഒരു കാലത്ത്, തിരിച്ചറിയൽ രേഖ ഇല്ലാതെ, സ്വരാജ്യത്ത് ജീവിക്കുന്നതിന്റെ വെല്ലുവിളികളെ കുറിച്ച് കൃത്യമായ ബോധ്യമുള്ളയാളാണ് അയാൾ. ഫാത്തി ഷീൻ എന്ന എഴുത്തുകാരന് സ്വയം അപമാനം തോന്നേണ്ടതാണ് എന്ന് ചോദ്യം ചെയ്ത സുരക്ഷാഭടമാർ പറഞ്ഞത് അയാളെ എങ്ങനെയാണ് അധികൃതർ നോക്കിക്കാണുന്നതെന്നു വ്യക്തമാക്കുന്നു. മറ്റൊരു സന്ദർഭത്തിൽ, മനുഷ്യരുടെ "വില' ഇല്ലാതാവുകയും ശവശരീരങ്ങൾ ദിവസംപ്രതി കുമിഞ്ഞുകൂടുകയും ചെയ്യുന്നതിനെ പറ്റി ഒരു ഡോക്ട്ടർ അയാളോട് പരിതപിക്കുന്നുണ്ട്. അവിടെ നടക്കുന്നതിനെ എന്താണ് വിളിക്കേണ്ടത് എന്ന് ഡോക്ടർ ചോദിച്ചതിന് മറുപടി ആയി "സർറിയലിസം' എന്നാണ് അയാൾ മറുപടി കൊടുക്കുന്നത്. അനേകം അടരുകളുള്ള, അർത്ഥവ്യാപ്തിയുള്ള പദമായി ആ വാക്കിനു രൂപാന്തരം സംഭവിക്കുന്നതായി അനുഭവപ്പെടുന്നു.
കാര്യാലയത്തിൽ വെച്ച്, ഭരണകൂടത്തിന്റെ കമ്പ്യൂട്ടർ പ്രോഗ്രാമിങ് വിഭാഗത്തിൽ ജോലിചെയ്യുന്ന ഒരു ജീവനക്കാരനെ ഫാത്തി പരിചയപ്പെടുന്നുണ്ട്. പ്രസ്ഥാനത്തിൽ അംഗമായ അയാൾ, ശമ്പളത്തിനായി ഇപ്പറഞ്ഞ ജോലി ഏറ്റെടുത്തിരിക്കുകയാണ്. നേതാവിനുവേണ്ടി വികസിപ്പിച്ച അമ്പതോളം വെബ്‌സൈറ്റുകളിൽ നേതാവിന്റെ ഫോട്ടോകളും പ്രസംഗങ്ങളും ചിട്ടയോടെ അപ്ലോഡ് ചെയ്യുന്ന ഉത്തരവാദിത്തമാണ് അയാൾക്കുള്ളത്. നേതാവിന്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടാൻ ഇന്റർനെറ്റിനെ എത്രകണ്ട് ഉപയോഗിക്കാമെന്ന് ഗവേഷണം നടത്തുന്ന ഉദ്യോഗസ്ഥവൃന്ദത്തിന്റെ കാര്യക്ഷമതയും ഫാത്തിക്ക് മനസിലാക്കാൻ കഴിഞ്ഞു. ജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള നേതാവിന്റെ ഫോട്ടോകളുടെ തെരഞ്ഞെടുപ്പും ഭംഗപ്പെടുത്തലും ആസൂത്രിതമായ പദ്ധതിയായി വിഭാവനം ചെയ്തതാണ്.
പ്രമേയത്തിലും കഥാപാത്രനിർമിതിയിലും "Kafkaesque' പ്രതീതി ഉളവാക്കുന്ന ആഖ്യാനം, ജനങ്ങൾ ചിന്തിക്കുന്നത് തടയുന്ന അധികാരികളെ തുറന്നുകാണിക്കുന്നു. സമൂഹം ചിന്തിക്കുന്നതിനെ രാജ്യദ്രോഹമായിക്കരുതുന്ന ഭരണനിർവ്വാഹകരുടെ ചെയ്തികൾ, അവരുടെ അരക്ഷിതത്വത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്. ഒരു സ്വപ്നരംഗത്ത് അവസാനിക്കുന്ന ആഖ്യാനം ഡിസ്ടോപ്യൻ പരിസരത്തെ അടയാളപ്പെടുത്തുകയാണ്. ഓർവെലിന്റെ 1984 എന്ന നോവലിലെ സംഭവങ്ങളെ ഓർമിപ്പിക്കുന്ന തരത്തിൽ, ഭരണകൂടത്തിന്റെ സമഗ്രാധിപത്യത്തെയും ആളുകളെ ജാഗ്രതയോടെ മേൽനോട്ടം ചെയ്യുന്നതിന്റെയും ചട്ടങ്ങൾ സ്ഥല-കാല വ്യത്യാസമില്ലാതെ സമാനമാണ് എന്ന് ഉറപ്പിക്കുകയാണ് "The Silence and The Roar'.
"പൊതുബോധവും' മൂല്യവ്യവസ്ഥയും അധികാരവർഗം രചിക്കുന്ന തിരക്കഥയിലെ രംഗങ്ങൾ മാത്രമാകുന്ന സ്ഥിതിയെയാണ് നോവലിൽ ആവിഷ്‌കരിക്കുന്നത്. ഭീതി ജനിപ്പിച്ചുകൊണ്ട് ഉദ്ദിഷ്ടകാര്യം സിദ്ധിക്കുന്ന നയോപായം ഭരണകൂടം കാര്യക്ഷമമാക്കുമ്പോൾ ജനങ്ങൾ പൂർണമായി തളരുന്ന അവസ്ഥയിലാണ്. പൊതുസമൂഹത്തിൽ ശ്മശാനമൂകത സംജാതമാക്കുക എന്നാണു സർവാധിപത്യം ഇച്ഛിക്കുന്ന ഭരണകൂടങ്ങൾ നിർവഹിക്കുന്ന ‘ധർമം' എന്ന നിഗമനം അങ്ങനെ ഉറപ്പിക്കപ്പെടുന്നു.