ജെന്നി ഏർപെൻബെക്ക്/ Photo: commons.wikimedia

മതിലില്ലാത്ത ജർമനിയിൽ ജനിച്ചവരുടെ ജീവിതം, രാഷ്​ട്രീയം

അഭയാർത്ഥികളുടെ ജീവിതം പശ്ചാത്തലമാക്കി ജെന്നി ഏർപെൻബെക്ക് എഴുതിയ നോവലാണ് "Go Went Gone'. ബെർലിൻമതിൽ തകർന്നതിനു ശേഷമുള്ള പൂർവ/പശ്ചിമ ജർമനിയിലെ ജനങ്ങളുടെ സ്ഥാനചലനവും ആവാസവ്യവസ്ഥയും പരിശോധിക്കുന്ന നോവലിന്റെ വായന

തിർത്തി കടന്ന്​ മറ്റൊരു രാജ്യത്തേക്ക് വരുന്ന അഭയാർത്ഥി സ്വന്തം സ്വത്വബോധവും ദേശവിചാരങ്ങളും പൊരുത്തപ്പെടലുകൾക്ക് വിധേയമാക്കുന്നത് സ്വാഭാവികമാണ്. സ്വന്തം വീടിനെ താൽക്കാലികമായെങ്കിലും മറന്ന്​, വേറേതോ രാജ്യത്ത് എത്തിയിരിക്കുന്ന സ്ഥിതിയിൽ, അഭയാർത്ഥികൾക്ക് അവിടത്തെ നിയമങ്ങളുമായി സമരസപ്പെടാൻ എളുപ്പം സാധിക്കുമെന്ന് തോന്നുന്നില്ല. അവസാനയിടം എവിടെയാണെന്നോ എങ്ങനെയാണെന്നോ അറിയാതെ നിരന്തരമായ പലായനത്തിൽ സ്ഥിരമായ ആവാസകേന്ദ്രമെന്നത് പലപ്പോഴും "ആഗ്രഹം' മാത്രമാണ്. സർക്കാർ സംരക്ഷണത്തിലുള്ള അഭയകേന്ദ്രങ്ങളിൽ അനിശ്ചിതമായി കാത്തിരിക്കാനും ഉറങ്ങാനും മാത്രം സാധിക്കുന്ന അഭയാർഥികളുടെ ജീവിതം ഏകതാനമാണ്. ഈ പശ്ചാത്തലത്തിൽ ജെന്നി ഏർപെൻബെക്ക് (Jenny Erpenbeck) എഴുതിയ നോവലാണ് "Go Went Gone'.

ചരിത്രത്തിന്​ സത്യസന്ധമായി അടയാളപ്പെടുത്താൻ കഴിയാതെ പോകുന്ന ഇത്തരം അധ്യായങ്ങളെ ശക്തമായി ആവിഷ്‌കരിക്കുന്ന എഴുത്തുകാരിയാണ് ജെന്നി. അഭയാർത്ഥികളുടെ പരിസരങ്ങളിലൂടെ കണ്ണുറപ്പിച്ച, അവരുടെ ദൈനംദിനവ്യവഹാരങ്ങളിൽ ശ്രദ്ധയൂന്നുന്ന നോവലിൽ, ബെർലിൻ മതിലിനെ ഒരു പരോക്ഷപ്രതീകമായി കണക്കാക്കാം. പൂർവബെർലിനിൽ ബാല്യകാലം ചെലവഴിച്ച നോവലിസ്റ്റിനു ഇരുപത്തിരണ്ടു വയസ്സുള്ളപ്പോളാഴാണ് മതിൽ തകരുന്നത്. അതിനാൽ തന്നെ എഴുത്തുകാരിയുടെ ചില ഓർമകൾ നോവലിൽ സന്നിവേശിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത്, പശ്ചിമബെർലിൻ റെയിൽവേ സ്റ്റേഷനിൽ കേന്ദ്രകഥാപാത്രം ബെറിപ്പഴം വിൽക്കുന്നതിനെ കുറിച്ച് ആഖ്യാനത്തിൽ സൂചിപ്പിക്കുന്നു.

ഒട്ടും അറിയപ്പെടാത്ത, വിദേശിയായ ഒരു അതിഥിയെ സ്വീകരിക്കാൻ ആഭിമുഖ്യം കാണിക്കുമോ എന്ന പ്രശ്‌നത്തെയാണ് ഇവിടെ നിർധാരണം ചെയ്യുന്നത്. അഭയാർത്ഥികൾ ലോകത്തിന്റെ പല ഭാഗത്ത് നിന്നും- പ്രധാനമായും ലിബിയയിൽ നിന്നും ഇറ്റലിയിൽ നിന്നും - ജർമനിയിൽ എത്തിച്ചേരാറുണ്ട്. മധ്യപൂർവ അറബ് രാഷ്ട്രങ്ങളിലെയും ആഫ്രിക്കൻ രാജ്യങ്ങളിലെയും അഭയാർത്ഥികളാണ് ഇവരിൽ ഭൂരിപക്ഷവും. ഹംഗറിയിൽ കുടുങ്ങിക്കിടന്ന അനേകം അഭയാർത്ഥികളെയും ജർമനി സ്വാഗതം ചെയ്തിരുന്നു.

ബെർലിൻമതിൽ തകർന്നതിനു ശേഷമുള്ള പൂർവ/പശ്ചിമ ജർമനിയിലെ ജനങ്ങളുടെ സ്ഥാനചലനവും ആവാസവ്യവസ്ഥയും പരിശോധിക്കുന്ന നോവലിൽ പ്രധാനമായും ചർച്ച ചെയ്യുന്നത് അഭയാർഥികളുടെ പ്രശ്‌നങ്ങളാണ്

ആംഗല മെർക്കൽ ചാൻസലറായി അവരോധിക്കപ്പെട്ട പെട്ട ശേഷമാണ് അഭയാർത്ഥികളോട് ഉദാരമായ സമീപനം ജർമനി കൈക്കൊണ്ടത്. 2015ൽ ജർമനി പത്തുലക്ഷം അഭയാർത്ഥികളെയാണ് സ്വീകരിച്ചത്. ഈ തീരുമാനത്തിൽ ജർമനിയിലും ലോകമെമ്പാടവും ആംഗലയെ അനുമോദിച്ചു. പക്ഷെ, തുടരെയുള്ള കൊല്ലങ്ങളിൽ രാജ്യത്തിന് താങ്ങാനാവാത്ത വിധത്തിലാണ് അഭയാർത്ഥികൾ പ്രവഹിച്ചത്. സ്വാഭാവികമായും പ്രസ്തുതനയത്തെ പിന്തുണച്ചവർ പോലും ജർമൻ ഭരണകൂടത്തെ എതിർക്കാനും തുടങ്ങി.

അഭയാർത്ഥികൾ എവിടെനിന്നാണ് വരുന്നത്, ഒറ്റയ്ക്കാണോ കുടുംബമായിട്ടാണോ വരുന്നത്, അവരുടെ തൊലിയുടെ നിറമെന്താണ് എന്നതിനെയൊക്കെ ചൊല്ലി പൊതുസമൂഹത്തിൽ താമസിയാതെ വിവേചനവും രൂപപ്പെട്ടു. മാനസികമായ പരിഗണനകൾ അഭയം അന്വേഷിച്ചുവരുന്നവർക്ക് നൽകണമെന്ന ചിന്ത ഉണ്ടെങ്കിലും തദ്ദേശവാസികൾ ഒട്ടൊക്കെ അങ്കലാപ്പോടെയാണ് അവരെ കണ്ടിരുന്നത്. എന്നാൽ അതിർത്തികളിൽ തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടു എന്ന് ചാൻസലറിന് പൊതുമദ്ധ്യം സമ്മതിക്കേണ്ടി വരുന്ന വിധത്തിൽ കാര്യങ്ങൾ മാറി. പരിധി വിട്ടുള്ള ആളുകൾക്ക് സ്ഥലസൗകര്യം നൽകാൻ കഴിയാത്തതോടെ തിരിച്ചയയ്ക്കാനുള്ള തീരുമാനം എടുക്കാൻ ജർമൻ സർക്കാർ നിർബന്ധിതമായി. ബെർലിൻമതിൽ തകർന്നതിനു ശേഷമുള്ള പൂർവ/പശ്ചിമ ജർമനിയിലെ ജനങ്ങളുടെ സ്ഥാനചലനവും ആവാസവ്യവസ്ഥയും പരിശോധിക്കുന്ന നോവലിൽ പ്രധാനമായും ചർച്ച ചെയ്യുന്നത് അഭയാർഥികളുടെ പ്രശ്‌നങ്ങളാണ്. ജർമനിയിൽ ജനിച്ചുവളർന്ന, അവിടെ ശക്തമായ വേരുകളുള്ള പൗരരും അഭയം തേടി അവിടേക്ക് എത്തിപ്പെട്ടവരും തമ്മിലുള്ള വ്യവഹാരത്തെ നോവലിൽ അപഗ്രഥിക്കുന്നു.

ആംഗല മെർക്കൽ

അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച പണ്ഡിതനും വിഭാര്യനും ആയ റിച്ചാർഡ് ആണ് നോവലിലെ കേന്ദ്രകഥാപാത്രം. തന്റെ പരിസരത്തിൽ സജീവമാവുന്ന അഭയാർത്ഥികളെ കുറിച്ച് റിച്ചാർഡ് ഗൗരവമായി ചിന്തിക്കുന്നത് വീടിനടുത്തുള്ള തടാകത്തിൽ വെച്ച് അവരിലൊരാൾ മരിച്ചതിനുശേഷമാണ്. ഏകനായി കഴിഞ്ഞ റിച്ചാർഡ് അഭയാർത്ഥികളെ പുനരധിവസിപ്പിച്ച കേന്ദ്രത്തിലെ സ്ഥിരം സന്ദർശകനായി മാറിയത് അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മറ്റൊരു ദിശയിലേക്ക് സഞ്ചരിപ്പിച്ചു. അപരിചിതരായി കണ്ടിരുന്ന അഭയാർത്ഥികളുടെ പ്രതിസന്ധികളെയും അതിജീവനശ്രമങ്ങളെയും കുറിച്ച് ബോധ്യപ്പെട്ട റിച്ചാർഡ് അവരെ പിന്തുണയ്ക്കാൻ തീരുമാനിക്കുന്നു. തനിച്ചു താമസിക്കുന്നതിന്റെ വിരസത ഏറെ വൈകാതെ റിച്ചാർഡിന്​ ഇല്ലാതായി. ആഫ്രിക്കയിലെ പല രാജ്യങ്ങളിൽ നിന്നുള്ളവർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായി. അപ്പോളോ, റുഫു, ട്രിസ്റ്റാൻ, ഒസാറോബോ , റഷീദ്, അലി എന്നിങ്ങനെയുള്ളവർ റിച്ചാർഡുമായി അടുപ്പം സ്ഥാപിച്ചു. ഒസാറോബോയ്ക്ക് പിയാനോ പഠിപ്പിച്ചു കൊടുക്കാനും റുഫുവിനെ കൊണ്ട് ദാന്തെയുടെ പുസ്തകങ്ങൾ വായിപ്പിക്കാനും അദ്ദേഹം താല്പര്യമെടുത്തു. സ്വസ്ഥമായി ജീവിക്കാൻ വേണ്ടി രാജ്യങ്ങളുടെ അതിരുകൾ താണ്ടിയ അവർ അനേകം ഭാഷകൾ പഠിച്ചെങ്കിലും സ്വന്തം ഭാഷയും അതോടൊപ്പം മുഖവും അവർക്ക് മറക്കേണ്ടി വന്നു. മുഖമില്ലാത്ത മനുഷ്യരായി, പിടിച്ചുനിൽക്കാൻ പോരാടുന്നവരായി അവർ ജീവിതമെഴുതുന്നതിനു റിച്ചാർഡ് സാക്ഷിയാവുകയാണ്.

മരുഭൂമിയിൽ ജനിച്ചുവളർന്നവർ മണലിൽ എഴുതിപ്പഠിക്കുന്ന വാക്കുകൾ, ഒട്ടകത്തെ കറക്കാൻ പോയി തിരിച്ചുവരുമ്പോഴേക്കും കാറ്റ് മായ്ച്ചു കളഞ്ഞിരിക്കും. എന്നാലും വീണ്ടും എഴുതും. അങ്ങനെ ഹൃദിസ്ഥമായ അക്ഷരങ്ങളും ഭാഷയും സംവേദനത്തിനു സഹായിക്കാത്തതിന്റെ നിരാശ വെച്ചുപുലർത്തുന്ന, അറബ് നാടുകളിൽ നിന്നുള്ള അഭയാർഥികളുടെ ചിത്രമുണ്ട് നോവലിൽ

ബെർലിനിലെ ഒറെനിയെൻപ്ലാറ്റ്സ് (Oranienplatz) എന്ന സ്ഥലം കേന്ദ്രീകരിച്ചായിരുന്നു അഭയാർത്ഥികൾ തമ്പടിച്ചിരുന്നത്. അനധികൃതമായി താമസിച്ച വിവിധയിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ സർക്കാർ അധീനതയിലുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റി താമസിപ്പിക്കുകയാണ്. അവിടെവെച്ച് ജർമൻഭാഷ പഠിപ്പിക്കാനുള്ള ശ്രമം അധികൃതർ തുടങ്ങി. ഫ്രഞ്ചും ജർമനും ഇറ്റാലിയനും അറിഞ്ഞിട്ടും സ്വന്തം ഭാഷ എവിടെയെയും ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ വിസ്മൃതമാവുന്നതിന്റെ വ്യഥ അനുഭവിക്കുന്നവരാണ് അവർ. മരുഭൂമിയിൽ ജനിച്ചുവളർന്നവർ മണലിൽ എഴുതിപ്പഠിക്കുന്ന വാക്കുകൾ, ഒട്ടകത്തെ കറക്കാൻ പോയി തിരിച്ചുവരുമ്പോഴേക്കും കാറ്റ് മായ്ച്ചു കളഞ്ഞിരിക്കും. എന്നാലും വീണ്ടും എഴുതും. അങ്ങനെ ഹൃദിസ്ഥമായ അക്ഷരങ്ങളും ഭാഷയും സംവേദനത്തിനു സഹായിക്കാത്തതിന്റെ നിരാശ വെച്ചുപുലർത്തുന്ന, അറബ് നാടുകളിൽ നിന്നുള്ള അഭയാർഥികളുടെ ചിത്രമുണ്ട് നോവലിൽ.

എത്തിപ്പെടുന്ന രാജ്യത്തെ ഭാഷ പഠിച്ചുകൊണ്ട് അവിടവുമായി ഇണങ്ങിക്കഴിയാം എന്നത് എത്രകണ്ട് വാസ്തവമാണെന്ന് ഉറപ്പില്ല. സഹാറ മരുഭൂമിയിൽ നിന്ന് വന്ന അപ്പോളോ ത്വറെഗ് (Tuareg) വംശജനാണ്. അവന്റെ കവിളിന്റെ ഇരുവശവും, വംശചിഹ്നമായ നാലുവരയുണ്ട്. ഒട്ടകങ്ങളുടെയും കഴുതകളുടെയും ആടുകളുടെയും കൂടെ പകലന്തിയോളം "അടിമ'യായി പണിയെടുത്ത അപ്പോളോ നൈജറിൽ നിന്നാണ് ബെർലിനിൽ എത്തിയത്. നാടോടികൾക്കൊപ്പം മരുഭൂമിയിലെ അലച്ചിലിലൂടെ ജീവിച്ച അവൻ ഒന്നര വർഷത്തോളമായി ബെർലിനിൽ എത്തിയിട്ട് "Go', "Went', "Gone' എന്നിങ്ങനെയുള്ള ക്രിയാപദങ്ങളുടെ ജർമൻ ഭാഷയിലുള്ള പദങ്ങളെ ശ്രദ്ധാപൂർവം പഠിക്കുന്ന അപ്പോളോയെ പോലെയുള്ളവരെ റിച്ചാർഡ് കാണുന്നുണ്ട്.

ബെർലിൻ മതിൽ തകരുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ബ്രാൻഡൻബർഗ് ഗെയ്റ്റിനുമുൻഭാഗത്തെ മതിലിനുമുകളിൽ കയറി നിൽക്കുന്ന ജർമ്മൻകാർ

ഔപചാരികമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത അഭയാർത്ഥികൾ വിവിധ ഭാഷകൾ സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്നു. രക്ഷിതാക്കളുടെ സാമ്പത്തിക പരാധീനത മൂലം സ്‌കൂളിൽ പോകാൻ സാധിക്കാത്ത യൂസുഫ് അറബിക്, ഫ്രഞ്ച്, ഇറ്റാലിയൻ, ഇംഗ്ലീഷ് എന്നിവയിൽ പ്രാവീണ്യം നേടി. ബെർലിനിൽ വെച്ച് അയാൾ ജർമൻഭാഷയും പഠിക്കുന്നു. അവിടത്തെ മറ്റൊരു അന്തേവാസിയായ ഘാനക്കാരനായ അവാദിനെ പ്രസവിച്ചയുടനെ അമ്മ മരിച്ചു പോയിരുന്നു. അച്ഛന്റെ സംരക്ഷണവും അയാൾക്ക് കിട്ടിയില്ല. അല്ലലുകളിലൂടെയുള്ള ജീവിതത്തിനു അറുതി ലഭിക്കാനായി തെരഞ്ഞെടുത്ത പലായനം അയാളെ സഹായിക്കുമോ? ഏഴ് വയസ്സുള്ളപ്പോൾ ലിബിയയിൽ പാർപ്പുറപ്പിച്ച അയാൾ ഒരു വാഹനമെക്കാനിക്ക് ആയിത്തീർന്നു. അധികംവൈകാതെ, കലുഷിതമായ അവസ്ഥ ലിബിയയിൽ സംജാതമാകുകയും അച്ഛൻ വെടിയേറ്റ് മരിക്കുകയും ചെയ്തു. മാത്രമല്ല കലാപകാരികൾ അയാളുടെ വീടും സ്ഥാവര-ജംഗമ വസ്തുക്കളും തീയിട്ടു നശിപ്പിച്ചു. സ്വയംരക്ഷയ്ക്കായി പട്ടാളത്താവളത്തിലേക്ക് അഭയം പ്രാപിച്ച അയാൾക്ക് അവിടെ കൂട്ടായി ഒട്ടനവധി ആഫ്രിക്കക്കാരുണ്ടായിരുന്നു. ടൂണിഷ്യ, മൊറോക്കോ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളും അവിടെ ആശ്രയം പ്രാപിച്ചു. കൈയിലുണ്ടായിരുന്ന ഫോണും പണവും രേഖകളും എല്ലാം കവർന്നെടുത്ത്​ ഒരു സംഘം ആളുകൾ അവരെ കേണൽ ഗദ്ദാഫിയുടെ പതാക വഹിക്കുന്ന ഒരു ബോട്ടിൽ കയറ്റി നടുക്കടലിലേക്ക് തള്ളി വിടുകയും ചെയ്തു.

ബോട്ട് തകർന്ന് കടലിലകപ്പെട്ട, തുർക്കി തീരത്തുനിന്നും കുടുംബത്തോടൊപ്പം ലെസ്‌ബോസിലേക്ക് തിരിച്ച അഫ്ഗാൻ അഭയാർത്ഥികളെ കരയ്‌ക്കെത്തിക്കുന്ന ലൈഫ്ഗാർഡ് വളണ്ടിയർ/Photo:UNHCR/A. Zavallis

തിരിച്ചു കരയിലേക്ക് നീന്തി രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ ഇല്ലാതാക്കാൻ, കരയിൽ സംഘാംഗങ്ങൾ കാത്തുനിന്നിരുന്നു. എങ്ങോട്ടെന്നറിയാതെ, ദിവസങ്ങളോളം യാത്രചെയ്തതിനു ശേഷം ഇറ്റലിയിലാണ് അവർ എത്തിയത്. ജലപാനം ചെയ്യാനാവാതെ, വിസർജനത്തിനു പോലും സൗകര്യമില്ലാതെയുള്ള യാത്ര അവരെ മൃതപ്രായരാക്കി. പല്ലുകൊണ്ട് പ്ലാസ്റ്റിക്ക് കുപ്പികളിൽ വലിയ ദ്വാരമുണ്ടാക്കി, ഉപ്പുവെള്ളം കോരിക്കുടിച്ചാണ് അവർ ജീവൻ നിലനിർത്തിയത്. ഇതിനിടയിൽ മരിച്ചുപോയ ആളുകളുടെ ശവശരീരങ്ങൾ കടലിൽ ഉപേക്ഷിച്ചു. അവാദിന്റെ കാഴ്ചപ്പാടിൽ യുദ്ധം സർവ്വതും നശിപ്പിക്കുന്നു. നിങ്ങളുടെ കുടുംബം, സുഹൃത്തുക്കൾ, ജനിച്ചുവളർന്ന ഇടം, ജോലി, ജീവിതം എല്ലാം. പ്രാണരക്ഷാർത്ഥം അന്യരാജ്യത്ത് എത്തിപ്പെട്ടാൽ പിന്നെ യാതൊരു തെരഞ്ഞെടുപ്പുകൾക്കും പ്രസക്തി ഇല്ലാതാവുകയാണ്. അന്തിയുറങ്ങാൻ ബെർലിനിൽ അയാൾക്ക് ആദ്യകാലങ്ങളിൽ ടെന്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒടുവിൽ അച്ഛന് ലിബിയ അഭയം നല്കിയതുപോലെ ഒറെനിയൻപ്ലാറ്റ്സിലെ ഇടങ്ങൾ അയാൾക്ക് കൂടെ തലചായ്ക്കാൻ സ്ഥലം കൊടുത്തു. എങ്ങോട്ടു പോകണമെന്നോ, എന്ത് ചെയ്യണമെന്നോ, എന്താണ് ഭാവിയെന്നോ അറിയാത്ത നാളുകളാണ് പിന്നീട് ഉരുണ്ടുകൂടുന്നത്. ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു എന്നത് ലളിതമായ സമവാക്യമായി തോന്നാമെങ്കിലും സന്നിഗ്ധതകളും സങ്കീർണതകളും അതിനെ ദുഷ്‌കരമാക്കുന്നുണ്ട്. അനേക വർഷം, എത്രയോ വിദ്യാർത്ഥികൾക്ക് മാർഗദർശിയായ റിച്ചാർഡിന്​, ഫൂക്കോയിലും ബോദ്രിയാദിലും നീറ്റ്ഷെയിലുമുള്ള അഗാധപാണ്ഡിത്യം കടലുകളും അതിർത്തികളും താണ്ടി വന്നവർക്ക് എങ്ങനെ താങ്ങാവും എന്ന വിഷയം പഠിപ്പിക്കാനുള്ള അറിവ് നൽകിയിരുന്നില്ല. റോമിന്റെയും ഗ്രീസിന്റെയും പാരമ്പര്യത്തെ കുറിച്ചും യൂറോപ്പിന്റെ സാംസ്‌കാരിക പരിസരത്തെ കുറിച്ചും ആഴത്തിൽ അവഗാഹമുള്ള റിച്ചാർഡ് ഇതുവരെ ദന്തഗോപുരത്തിലാണ് കഴിഞ്ഞുകൂടിയതെന്നു കരുതണം. ജർമനിയുടെയും പൊതുവിൽ യൂറോപ്പിന്റെയും ക്ലാസിക്കൽ പരിവേഷത്തിൽ ഊറ്റം കൊണ്ടിരുന്ന അയാൾ അധിനിവേശവുമായി ബന്ധപ്പെട്ട ജർമനിയുടെ ചരിത്രത്തെ മനഃപൂർവം മറക്കുകയായിരുന്നു.

ബെർലിൻമതിൽ തകർന്നതോടെ ജർമനിയുടെ കിഴക്കും പടിഞ്ഞാറുമുള്ളവർ "രക്തബന്ധു'ക്കളായി തീർന്നതും, മതിലില്ലാത്ത ജർമനിയിൽ ജനിച്ചവർക്ക് അതിന്റെ രാഷ്ട്രീയം വ്യക്തമാവാതെ പോകുന്നതും ചേർത്തുവായിക്കണം

ഇച്ഛാനുസരണം ജീവിക്കുന്നത് സ്വപ്നതുല്യമായ സ്ഥിതിയായി മാറിയ, അത്യന്തം ദുര്യോഗമുള്ളവരെ ആശ്വസിപ്പിക്കുന്നത് വെല്ലുവിളിയാണ്. അഭയാർത്ഥികൾക്ക് ആവാസയോഗ്യമല്ലാത്ത യൂറോപ്പിൽ, മനുഷ്യസത്തയ്ക്ക് പ്രവേശനമില്ലാത്ത വിധത്തിൽ ശരീരം പരിണമിക്കുന്നതു റിച്ചാർഡ് സശ്രദ്ധം നിരീക്ഷിക്കുന്നു. സുരക്ഷിതമായ അഭയസ്ഥാനത്തെക്കാൾ ജോലി ചെയ്യാനും സ്വന്തം കാലിൽ ഉറച്ചുനിന്നുകൊണ്ട് ജീവിതം പുലർത്താനും സാധിക്കുന്ന തരത്തിലുള്ള നീക്കുപോക്കാണ് അവർക്ക് ആവശ്യം. അഭയാർത്ഥികൾക്കായി തുറന്നുകൊടുത്ത അതിർത്തികളിൽ നിയന്ത്രണം കൊണ്ടുവരാൻ ജർമൻ ഭരണകൂടം തീരുമാനിക്കുന്നതോടെ ലക്ഷ്യമില്ലാത്ത യാത്രകളുടെ ദൈർഘ്യം കൂടുകയേ ഉള്ളു എന്നും തീർച്ചയാണ്. ഏതാനും അടുക്കളപ്പാത്രങ്ങളും കിടക്കയും സമ്പാദ്യം ആയി അഭയകേന്ദ്രങ്ങൾ മാറിമാറി കഴിയേണ്ട ഗതികേട് എന്നാണവർക്ക് അവസാനിപ്പിക്കാൻ സാധിക്കുക എന്നതിന് ഒരു തിട്ടവുമില്ല.

ബെർലിൻമതിൽ നിലംപതിച്ച 1990ൽ, ആഭ്യന്തര പലായനങ്ങൾ കണ്ട റിച്ചാർഡിനു അഭയാർത്ഥികളുടെ ക്ലേശങ്ങൾ ഇപ്പോഴാണ് പൂർണമായ അർത്ഥത്തിൽ ബോധ്യപ്പെടുന്നത്. അല്ലെങ്കിൽ അദ്ദേഹത്തിന് അത്തരം കാര്യങ്ങളിൽ ഇടപെടാനോ ആലോചിക്കാനോ അന്ന് സമയം ഉണ്ടായിരുന്നില്ല എന്നും കരുതണം. ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ (GDR) പൗരത്വത്തിൽ നിന്ന് ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനിയുടെ പൗരനായിത്തീരുക എന്ന സാങ്കേതികത മാത്രമായിരുന്നു അദ്ദേഹത്തിന് ബെർലിൻ മതിലിന്റെ പതനം. അഭയാർത്ഥികൾക്ക് രാജ്യത്ത് താമസിക്കാനുള്ള അനുമതിപത്രം ലഭിക്കുന്നതിന് മുന്നേ Certificate of Fiction എന്ന താത്കാലികരേഖ കൈവശം വേണമെന്നാണ് ജർമനിയിലെ നിയമം അനുശാസിക്കുന്നത്. "അഭയാർത്ഥി' എന്ന പദം ഔദ്യോഗികമായി ചാർത്തി കിട്ടുന്നതിന് മുന്നേയുള്ള ചിട്ടവട്ടമാണിതത്രെ. പ്രസ്തുതവ്യക്തി ജീവിക്കുന്നു എന്ന് സ്ഥാപിക്കുന്ന പ്രമാണമാണിത്. ഇത്തരത്തിലുള്ള നിയമവശങ്ങളെ പറ്റിയൊക്കെ റിച്ചാർഡ് ആദ്യമായി കേൾക്കുന്നത് അഭയാർത്ഥികളുമായുള്ള സഹവാസത്തെ തുടർന്നാണ്.

യു.എൻ.എച്ച്.സി.ആർ പ്രവർത്തകരിൽ നിന്നും പുതപ്പുകളും അവശ്യസാധനകളും ശേഖരിക്കുന്ന സിറിയൻ അഭയാർത്ഥികൾ/Photo:UNHCR/Firas Al-Khateeb

നിയമപരമായി അഭയാർത്ഥികളെ അംഗീകരിക്കലും അവർക്ക് വേണ്ട സംവിധാനങ്ങളൊരുക്കലും മറ്റും വൈകിക്കാൻ അധികൃതർ ചില തന്ത്രങ്ങൾ മെനയുന്നു എന്ന് ഒരു ഘട്ടത്തിൽ റിച്ചാർഡ് സംശയിക്കുന്നു. അന്തേവാസികളിൽ രണ്ടുപേർക്ക് ചിക്കൻപോക്‌സ് പിടിപെട്ടു എന്നത് അത്തരത്തിൽ ഒരു നീക്കമാണെന്നു അദ്ദേഹം ആലോചിക്കുന്നതിനു ചരിത്രപരമായ പിൻബലം കൂടെയുണ്ട്. രണ്ടാംലോകയുദ്ധത്തിന്റെ കാലത്ത് വണ്ടുകളിലൂടെ ജൈവായുധത്തിന്റെ സാധ്യതയെ ജർമനി പരീക്ഷിച്ചിരുന്നു. ഏതാണ്ട് അതേ പോലെ കൃത്രിമമായി രോഗാണുക്കളെ പരത്തുകയാണോ എന്ന ആശങ്ക ഉടലെടുത്തതിന് റിച്ചാർഡിനെ മുഴുവനായി കുറ്റം പറയാനുമാവില്ല. ഈ സാഹചര്യത്തിൽ, ജർമൻപട്ടാളത്തിലെ സൈനികനായിരുന്ന റിച്ചാർഡിന്റെ അച്ഛനെ സംഘർഷങ്ങൾ സൃഷ്ടിക്കാനായി നോർവെയിലേക്കും റഷ്യയിലേക്കും അയച്ചതൊക്കെ അദ്ദേഹം ഓർക്കുന്നു. അതുവരെ ചിന്തിക്കാത്ത തരത്തിൽ അദ്ദേഹം, സ്റ്റേറ്റിന്റെ രാഷ്ട്രീയനീക്കങ്ങളെയെയും ദുഷ്ടലാക്കിനെയും അപഗ്രഥിക്കുകയാണ്. ബെർലിൻമതിൽ തകർന്നതോടെ ജർമനിയുടെ കിഴക്കും പടിഞ്ഞാറുമുള്ളവർ "രക്തബന്ധു'ക്കളായി തീർന്നതും, മതിലില്ലാത്ത ജർമനിയിൽ ജനിച്ചവർക്ക് അതിന്റെ രാഷ്ട്രീയം വ്യക്തമാവാതെ പോകുന്നതും ചേർത്തുവായിക്കണം. നിയന്ത്രണങ്ങളില്ലാതെ രാജ്യത്തിന്റെ വിവിധ ഭാഗത്തു സഞ്ചരിക്കുന്നത് അവരുടെ "കഴിവായി' കാണാൻ സാധിക്കില്ലലോ. അതേ യുക്തിയിൽ രാജ്യം നഷ്ടപ്പെടുന്നവരുടെയും രാജ്യം വിട്ടോടുന്നവരുടെയും ദൗർഭാഗ്യം അത്തരക്കാരുടെ ദോഷം കൊണ്ടുള്ളതുമല്ല. നിറം, വർഗം, ഭാഷ എന്നിങ്ങനെയുള്ള സംവർഗങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യരുടെയിടയിൽ വിവേചനം ഉണ്ടാവുന്നതോടെ പൊതുസമൂഹത്തിൽ അഭയാർഥികളുടെ തൊട്ടുകൂടായ്മ പ്രകടമാകുകയാണ്. അഭയാർത്ഥികൾ ഇറ്റലിയിലെ അനുഭവത്തെ പറ്റി വിവരിക്കുന്നുണ്ട്. കറുത്ത നിറമുള്ളവരുടെ സാന്നിധ്യം അവിടത്തുകാരെ അസ്വസ്ഥരാക്കി. മെട്രോ തീവണ്ടികളിൽ ഇരുന്നു യാത്ര ചെയ്യുന്ന തദ്ദേശീയർ കറുത്ത നിറമുള്ളവർ അടുത്തുനിൽക്കുന്നത് കണ്ടാൽ, അവിടെ നിന്ന് എഴുന്നേറ്റു പോകുന്ന സ്ഥിതി പ്രാകൃതമാണ്. ശരീരത്തിന്റെ നിറം തൊഴിൽ നൈപുണ്യമുള്ള അഭയാർത്ഥിയുടെ അവസരം റദ്ദുചെയ്യുന്ന അവസ്ഥാവിശേഷമാണ് ജർമനിയിലും ഉരുണ്ടുകൂടിയിട്ടുള്ളത്. ഇറ്റലിയിൽ ക്യാംപിലെ അന്തേവാസികൾക്ക് മാസംതോറും എഴുപത്തഞ്ച് യൂറോ വേതനമായി കൊടുക്കുമായിരുന്നു. അതിൽ മിച്ചം വെച്ചു ഇരുപതോ മുപ്പതോ യൂറോ വീട്ടിലേക്ക് അയച്ചുകൊടുക്കുന്നവരുണ്ട്. എന്നാൽ അഞ്ഞൂറുയൂറോ നഷ്ടപരിഹാരം പോലെ വിതരണം ചെയ്തുകൊണ്ട് ക്യാമ്പ് നിർത്തലാക്കിയപ്പോൾ വീണ്ടും മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നവർ ജർമനിയിലും എത്തി. മറ്റൊരു കാര്യം, കീടനാശിനി കുടിച്ചുകൊണ്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു എന്നതാണ്. ഘാനയിൽ നിന്നുള്ള അഭയാർത്ഥിയോട് റിച്ചാർഡ് വിശദമായി സംസാരിക്കുന്നുണ്ട്. ആന്തരികവ്യഥയും ആഭ്യന്തരകാലുഷ്യങ്ങളും കാരണം നാട് വിടേണ്ടി വന്ന അയാളുടെ കഥയും അനുഭാവപൂർവം അദ്ദേഹം കേൾക്കുന്നു.

എത്രയൊക്കെ പരാധീനതകളുണ്ടെങ്കിലും നാട് എന്ന "പറുദീസ' നഷപ്പെട്ടതിനു നിരാശയും സങ്കടവും അനുഭവിക്കേണ്ടി വരുന്നവരുടെ കൈയൊപ്പ് ഈ പുസ്തകത്തിൽ ചേർക്കാൻ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. ആ അർത്ഥത്തിൽ, നഷ്ടപ്പെട്ടവയെ കുറിച്ചുള്ള ഒരു ഡോക്യുമെന്റ് കൂടിയാണ് "Go W​​​​​​​ent Gone'.

റിച്ചാർഡുമായി അടുപ്പമുള്ള ഒസാറോബോ നൈജറിൽ നിന്നാരംഭിച്ച യാത്ര ലിബിയയും ഇറ്റലിയും വഴിയാണ് അവസാനം ബെർലിനിൽ എത്തിയത്. ഇത്രയും വലിയ ദൂരം താണ്ടിയിട്ടും അയാൾക്ക് റിച്ചാർഡിന്റെ വീട്ടിൽ നിന്ന് ക്യാംപിൽ എത്താനുള്ള വഴി തിട്ടമില്ലാതാവുകയാണ്. ഭൂപടം ആദ്യമായി റിച്ചാർഡിന്റെ കൈയിലാണ് അയാൾ കാണുന്നത്. ഭൂപടങ്ങളും അതിരുകളും അറിയാത്ത അത്തരത്തിലുള്ള പലായനമാണ് മിക്ക അഭയാർത്ഥികളുടേതും.
മരണം ഓർമിക്കാനുള്ള ദിവസത്തിൽ (Totensonntag) വിഷാദത്തിന്റെ സമുദ്രദൂരങ്ങൾ താണ്ടുന്ന ചെറുപ്പക്കാരനായ അഭയാർഥിയെ കുറിച്ച് നോവലിൽ പരാമർശമുണ്ട്. ഉറ്റവരെ പിരിഞ്ഞു, അതിരുകളും നെടുംപാതകളും തരണം ചെയ്തവർ വീടിനെയും അച്ഛനമ്മമാരെയും സ്‌നേഹവ്യസനങ്ങളോടെ ആഗ്രഹിക്കുന്നു. കൂടെയുണ്ടായിരുന്നവർ വഴിയിലോ, കടലിലോ, മലയിടുക്കുകളിലോ, അതിർത്തികളിലോ വെച്ചു നഷ്ടപ്പെട്ടതിനെ അവർ വിഷാദത്തോടെ ഓർക്കുകയാണ്. എത്രയൊക്കെ പരാധീനതകളുണ്ടെങ്കിലും നാട് എന്ന "പറുദീസ'യെ നഷപ്പെട്ടതിനു നിരാശയും സങ്കടവും അനുഭവിക്കേണ്ടി വരുന്നവരുടെ കൈയൊപ്പ് ഈ പുസ്തകത്തിൽ ചേർക്കാൻ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. ആ അർത്ഥത്തിൽ, നഷ്ടപ്പെട്ടവയെ കുറിച്ചുള്ള ഒരു ഡോക്യുമെന്റ് കൂടിയാണ് "Go W​​​​​​​ent Gone'. സ്വദേശവിയോഗം അസ്തിത്വദുഃഖത്തിലേക്ക് നയിക്കാതെ, പ്രതീക്ഷയുടെ മുനമ്പിലൂടെ നടന്നുനീങ്ങുന്ന ഒരുകൂട്ടം മനുഷ്യരെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. അതിജീവനത്തിന്റെ ഭൂപ്രദേശങ്ങൾ തേടിക്കൊണ്ടുള്ള ആ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു. ഉറ്റവരും കൂട്ടുകാരും ഒത്തുള്ള ഒരു ജീവിതം എന്നെങ്കിലും ഉണ്ടാവുമെന്നത് ഒരു പ്രത്യാശ മാത്രമാണ്; രൂപരേഖയോ ആസൂത്രണമോ ആവുന്നില്ല അത്. ▮


രാഹുൽ രാധാകൃഷ്ണൻ

എഞ്ചിനീയർ. ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ എഴുതുന്നു.

Comments