ലണ്ടനിലെ പ്ലേഗ്. 1625ൽ പ്രസിദ്ധീകരിച്ച തോമസ് ഡെക്കറുടെ ചിത്രീകരണം / Photo: Wikimedia Commons

സാക്ഷിയായി ബോധിപ്പിക്കുന്നത്

മാരിക്കാലം- 2

പുതിയ ക്വാറന്റയിൻ കാലത്തുനിന്ന്, ക്വാറന്റയിൻ ലംഘനങ്ങളുടേയും തുടർന്ന് കൈപ്പിടിയിലൊതുങ്ങാതെ പോകുന്ന പ്ലേഗിന്റേയും കഥ പറയുന്ന ‘എ ജേർണൽ ഓഫ് ദി പ്ലേഗ് ഇയർ' എന്ന നോവലിലൂടെ ഒരു യാത്ര

ഡെക്കാമറൺ കഥകൾ ഒരു ക്വാറന്റയിൻകാല കഥയാണെങ്കിൽ ഡാനിയേൽ ഡിഫോയുടെ, 1722 ൽ പ്രസിദ്ധീകരിച്ച, എ ജേർണൽ ഓഫ് ദി പ്ലേഗ് ഇയർ എന്ന കൃതി ക്വാറന്റയിൻ ലംഘനങ്ങളുടേയും തുടർന്ന് കൈപ്പിടിയിലൊതുങ്ങാതെ പോകുന്ന പ്ലേഗിന്റേയും കഥ പറയുന്ന നോവലാണ്. പഠന റിപ്പോർട്ടുകളിലേത് പോലെ വിശദവും കൃത്യതയുള്ളതുമായ വിവരണം ഒരു മഹാമാരിക്കാലത്തെക്കുറിച്ചും അതിനു മുമ്പുണ്ടായിട്ടില്ല.

ഡിഫോ എന്ന് പറയുമ്പോൾ തന്നെ റോബിൻസൺ ക്രൂസോ എന്നോ മോൾ ഫ്‌ളാന്റേഴ്‌സ് എന്നോ മാത്രം ഓർമ വരുന്നതിൽ നിന്നുതന്നെ വ്യക്തമാണ് എത്ര കണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടില്ല ഈ ജേർണൽ എന്നത്. അർഹതയില്ലാഞ്ഞല്ല, അർഹിക്കുന്ന പരിഗണയോ ശ്രദ്ധയോ കിട്ടാതെ പോയതായിരുന്നു കാരണം.
1665 ലും 66 ലുമായി 18 മാസം നീണ്ടുനിന്ന മഹാമാരിക്കാലത്ത് ലണ്ടൻ നഗരത്തിന് നഷ്ടപ്പെട്ടത് ഏതാണ്ട് ഒരു ലക്ഷം ജീവനുകളാണ്. അതായത് നഗരത്തിന്റെ ജനസംഖ്യയുടെ നാലിലൊന്ന്. ഈ മരണതാണ്ഡവം നടക്കുമ്പോൾ ഡീഫോയ്ക്ക് അഞ്ച് വയസ്. ആ ചെറിയ പ്രായത്തിലെ ഓർമകളൊന്നുമല്ല ജേർണലിൽ ഉള്ളത്. അക്കാലത്ത് ജീവിച്ച ഒരാളുടെ, ഇതിനു മുൻപൊരിക്കലും പരസ്യമാക്കാത്ത ഓർമക്കുറിപ്പുകളും ഡയറിക്കുറിപ്പുകളും ആണ് ഈ പുസ്തകം എന്ന് തുടക്കത്തിൽ ഡിഫോ പറയുന്നു.

എഴുതിയ ആൾ എന്ന നിലയിൽ ജേർണലിനൊടുവിൽ എച്ച്.എഫ്. എന്ന് ഇനീഷ്യൽ രേഖപ്പെടുത്തിയിട്ടുണ്ട്. എച്ച്.എഫ്. എന്നയാൾ ഡിഫോയുടെ അമ്മാവനായ ഹെൻറി ഫോ ആണെന്ന് അഭിപ്രായമുണ്ടെങ്കിലും സാഹിത്യലോകം അതിനെ അത്ര കാര്യമായി എടുത്തിട്ടില്ല. ഡിഫോയുടെ മുൻകാല പ്രവൃത്തികൾ തന്നെയാണ് അതിനുകാരണം. റോബിൻസൺ ക്രൂസോ എഴുതിയത് 28 വർഷം ഒറ്റയ്ക്ക് ഒരു ദ്വീപിൽ താമസിച്ചയാൾ ആണെന്നും, മോൾ ഫ്‌ളാന്റേഴ്‌സ് എന്ന നോവൽ അതിലെ കേന്ദ്ര കഥാപാത്രമായ മോൾ ഫ്‌ളാന്റേഴ്‌സ് എന്നുതന്നെ പേരുള്ള സ്ത്രീയുടെ ഓർമക്കുറിപ്പുകളാണെന്നുമൊക്കെ പറഞ്ഞിട്ടുള്ള ആളാണ് ഡിഫോ. എഴുത്ത് പൂർത്തിയാക്കി മാറിനിന്നിട്ട്, താനല്ല അനുഭവസ്ഥർ നേരിട്ടാണ് എഴുത്തൊക്കെ എന്നങ്ങു പറയാനുള്ള ധൈര്യം എഴുത്തുകാരന് വരുന്നത്, നേർസാക്ഷ്യത്തോളം കൃത്യതയുള്ളതാണ് താൻ എഴുതി വച്ചിരിക്കുന്നത് എന്ന വിശ്വാസത്തിൽ നിന്നാണ്. ആ വിശ്വാസം ഉണ്ടാകുന്നതാകട്ടെ കൃതിയിലെ സന്ദർഭങ്ങളെയും കാലത്തെയുമൊക്കെക്കുറിച്ച് നല്ല അവഗാഹം ഉള്ളതുകൊണ്ടും വിവരണം അത്രയേറെ വ്യക്തിപരമായി തോന്നുന്നത് കൊണ്ടുമാകും.
മഹാമാരികൾ രോഗാണുക്കളെ വിതച്ച് മരണം കൊയ്യുന്നവയാണ്. അനിശ്ചിതത്വവും ഒറ്റപ്പെടലും അക്രമ സംഭവങ്ങളും അതിന്റെ അനുബന്ധങ്ങളും. ആരോഗ്യശാസ്ത്രവും ചികിത്സാ സൗകര്യങ്ങളും അറിവും അവബോധവും പകരുന്ന മാധ്യമങ്ങളും ഉള്ള കാലത്ത് തന്നെ മനുഷ്യൻ രോഗഭീതിയിലും ഒറ്റപ്പെടലിലും വിഷാദിയാകുന്നു. ഇതൊന്നും ഇല്ലാത്ത കാലത്തെ കാര്യമാണ് ഡിഫോ തന്റെ കൃതിയിൽ പറയുന്നത്.

1665 ലെ തണുപ്പുകാലത്താണ് പ്ലേഗ് ലണ്ടൻ സന്ദർശനം തുടങ്ങിയത്. തണുപ്പിൽ പിടിച്ചുനിൽക്കാൻ ബാക്റ്റീരിയകൾക്ക് അത്ര കഴിഞ്ഞില്ലെങ്കിലും മെയ്, ജൂൺ മാസങ്ങൾ ആയപ്പോഴേക്കും തണുപ്പൻ മട്ടൊക്കെ മാറി അവർ ശക്തമായ ആക്രമണം തന്നെ അഴിച്ചുവിട്ടു.

ഡിഫോയുടെ അഞ്ചാം വയസ്സിൽ നഗരത്തിൽ പടർന്നു പിടിച്ച പ്ലേഗിനെക്കുറിച്ച് എഴുതിയ ഈ ജേർണൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് 57 വർഷങ്ങൾക്കു ശേഷമാണ്. ലണ്ടൻ നഗരത്തിൽ പ്ലേഗ് പടർന്നത്, ജനങ്ങൾ അനുഭവിച്ച കഷ്ടതകൾ, അതിനെ നേരിടാൻ സ്വീകരിച്ച മാർഗങ്ങൾ എന്നിവയൊക്കെ ഒരു ദൃക്​സാക്ഷിയുടെ ഡയറിക്കുറിപ്പുകൾ പോലെ ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. യഥാർത്ഥ സംഭവങ്ങളെക്കുറിച്ചുള്ള അറിവോടെ തന്നെ, അവ എങ്ങനെ നടന്നിരിക്കാമെന്ന് ഭാവനയിൽ കണ്ട്, വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു ജേർണലിൽ. യാഥാർഥ്യത്തോട് അത്ര ചേർന്ന് നിൽക്കുന്നതുകൊണ്ട് തന്നെയാണ്, ‘നിങ്ങളുടെ മരിച്ചവരെ പുറത്തേക്ക് കൊണ്ടുവന്നു തരൂ’ എന്ന് ഉച്ചത്തിൽ അറിയിച്ചുകൊണ്ട് ശവ മഞ്ചങ്ങൾ ദിവസവും നിരത്തിലൂടെ പോകുന്നതിനെക്കുറിച്ചൊക്കെ വായിക്കുമ്പോൾ മനസ്സിൽ ഭീതി നിറയുന്നതും.

‘ലണ്ടൻ നഗരത്തിലെ ഒരു വീഥി. ഒരാളുടെ മരണം കണ്ടുനിൽക്കുന്ന പ്രിയപ്പെട്ടവളുടെ നിലവിളി പാതയോരത്തെ വീട്ടിൽ നിന്ന് ഉച്ചത്തിൽ ഉയരുന്നു. അത് കേട്ട അയൽക്കാർ ആരുംതന്നെ പ്രതികരിക്കുന്നില്ല. ആ വഴിയിലെ ഏക പഥികനായ ആഖ്യാതാവ് അത് കേട്ട് ഒരു നിമിഷം നിന്നുവെങ്കിലും മുന്നോട്ടു തന്നെ നീങ്ങുകയാണ്’ - ദൃക്​സാക്ഷി വിവരണത്തിന്റെ മട്ടിലുള്ള ഈ രചനാരീതി സത്യസ്ഥിതി ബോധിപ്പിക്കുന്ന സാക്ഷിയുടെ കടമയിലേക്ക് എഴുത്തുകാരൻ സ്വയം സങ്കല്പിക്കുന്നതിൽ നിന്നുണ്ടാകുന്നതാണ്. യുദ്ധ സമാനമായ ദുരിതം എന്ന നിലയ്ക്ക് മഹാമാരിയെ കണ്ടതുകൊണ്ടാണ് വിവരണകല പത്രഭാഷയോടടുത്ത് നിൽക്കുന്നത്. എഴുത്തുകാരൻ വിഷയം നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതായി കരുതിയതിന്റെ സൂചനയാണ് കൃതിയുടെ പേരിലെ ജേർണൽ എന്ന വാക്ക്.
1665 ലെ തണുപ്പുകാലത്താണ് പ്ലേഗ് ലണ്ടൻ സന്ദർശനം തുടങ്ങിയത്. അന്ന് മുതൽക്കുള്ള വിവരങ്ങളാണ് എച്ച്.എഫ് എന്ന, തുകൽ ഉൽപ്പന്ന വ്യാപാരിയായ, കേന്ദ്ര കഥാപാത്രം തരുന്നത്. ഓരോ ഇടവകകളിലെയും മരണക്കണക്കുകൾ ആദ്യം മുതൽക്കേ അയാൾ എഴുതിച്ചേർത്തിട്ടുണ്ട്. തണുപ്പിൽ പിടിച്ചുനിൽക്കാൻ ബാക്റ്റീരിയകൾക്ക് അത്ര കഴിഞ്ഞില്ലെങ്കിലും മെയ്, ജൂൺ മാസങ്ങൾ ആയപ്പോഴേക്കും തണുപ്പൻ മട്ടൊക്കെ മാറി അവർ ശക്തമായ ആക്രമണം തന്നെ അഴിച്ചുവിട്ടു.

ഡാനിയേൽ ഡിഫോ / Engraved by James Tookey

പണം, ദൂരദേശങ്ങളിൽ വസതികൾ, ബന്ധുബലം എന്നിവയുള്ളവർ രോഗ വ്യാപനത്തെ ഭയന്ന് നഗരത്തിൽനിന്ന് ഒഴിഞ്ഞുപോയി. എച്ച്.എഫും അതാലോചിക്കുകയും അദ്ദേഹത്തിന്റെ സഹോദരൻ നിർബന്ധിക്കുകയും ചെയ്തെങ്കിലും പലവട്ടം ആലോചിച്ച്, അത്തരം ഒരു യാത്ര വേണ്ട എന്നുതന്നെ തീരുമാനിച്ചു. തന്റെ ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ച് അവിടെ തന്നെ തുടരാൻ തീരുമാനിക്കുകയും ചെയ്തു.

രോഗബാധിതരെ തിരിച്ചറിയാനും അവരിൽ നിന്ന്​ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുമുള്ള നടപടികൾ ഭരണാധികാരികൾ കൈക്കൊണ്ടു. അസുഖ ബാധിതരുടെ വീടുകൾക്കുമുന്നിൽ കാവൽ ഏർപ്പെടുത്തി. ആളുകൾ കൂട്ടംകൂടുന്നത്തിന് വിലക്കേർപ്പെടുത്തി. ആദ്യമൊക്കെ ഇതിനോട് നല്ല രീതിയിൽ പ്രതികരിച്ച ജനം പതിയെ എതിർപ്പ് പ്രകടിപ്പിച്ചു തുടങ്ങി. വീടുകൾക്ക് കാവൽ നിൽക്കുന്നവർ ആക്രമിക്കപ്പെട്ടു. അസുഖമുള്ളവർ പോലും തെരുവിലിറങ്ങി നടന്നു. മരണനിരക്ക് വർദ്ധിച്ചു. കാര്യങ്ങൾ കൈവിട്ടു പോകുകയായിരുന്നു.
മഹാമാരിയുടെ മൂർദ്ധന്യത്തിൽ ലണ്ടൻ നഗരം സാക്ഷിയായത് ഏറെ ദുഃഖകരമായ കാഴ്ചകൾക്കായിരുന്നു. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾ, അനാഥരായ കുഞ്ഞുങ്ങൾ, ഭീതിയാലും രോഗത്താലും സമനിലതെറ്റി തെരുവിൽ ഓടുന്നവർ, വേദന സഹിക്കാനാവാതെ ശ്മശാനത്തിലെ കുഴികളിലേക്കു സ്വയം ചാടുന്നവർ എന്ന് വേണ്ട, ചിന്തിക്കാവുന്നതിനപ്പുറം ഭീകരമായ അവസ്ഥ. ദൈവത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ നടന്ന മുതലെടുപ്പുകളിലും ആശ്രയമറ്റ ജനങ്ങൾ അകപ്പെട്ടു. രോഗികളുള്ളതും മരണം നടന്നതുമായ വീടുകൾ പോലും കൊള്ളയടിക്കപ്പെട്ടു.

വീണ്ടും സ്വസ്ഥജീവിതത്തിലേക്കു മടങ്ങാൻ കഴിഞ്ഞവരിൽ ചിലരെങ്കിലും ജീവനെക്കുറിച്ചും ജീവിതമൂല്യങ്ങളെക്കുറിച്ചും കൂടുതൽ ബോധമുള്ളവരായി. അവരുടെ രീതികളും കൂടുതൽ ഉത്തരവാദിത്തമുള്ളതായി

ഭരണാധികൾ എത്ര പരിശ്രമിച്ചാലും രോഗബാധ നിയന്ത്രണാധീനമാകാൻ ജനങ്ങൾ തന്നെയും വളരെ ശ്രദ്ധിച്ചല്ലേ മതിയാകൂ. ‘ലണ്ടൻ നഗരത്തിലെ ജനങ്ങളുടെ അക്കാലത്തെ മനോഭാവം അവരുടെ നാശത്തിന് പ്രധാന കാരണമായി എന്നെനിക്ക് പറയാതെ വയ്യ' എന്ന് ജേർണലിൽ പറയുന്നുണ്ട്. രോഗവ്യാപനവും അതുമൂലമുണ്ടായ അരാജകത്വവും നിലനിൽക്കുമ്പോളും ദയയുടെയും ആതുര സേവനത്തിന്റെയും പശ്ചാത്താപത്തിന്റെയും നന്മയുള്ള അനുഭവങ്ങൾ ജേർണലിൽ രേഖപ്പെടുത്താൻ മറന്നിട്ടുമില്ല.

തന്റെ വീട്ടിനുള്ളിൽ ദിവസങ്ങൾ നീണ്ട ഒറ്റയ്ക്കുള്ള അടച്ചിരുപ്പിനൊടുവിൽ മടുത്തു പുറത്തിറങ്ങിയ എച്ച്.എഫ്. പറയുന്നത് സെപ്റ്റംബറോടെ മരണ നിരക്ക് കുറഞ്ഞു തുടങ്ങിയതായിട്ടാണ്. വഴിയരികിൽ മൃതദേഹങ്ങളില്ല, സെമിത്തേരികളിൽ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. അങ്ങനെ പ്രതീക്ഷയ്ക്ക് വകയുള്ള ദിവസങ്ങൾ എത്തിയെങ്കിലും അപ്പോഴും വ്യാപാര വ്യവസായങ്ങളും നഗരത്തിന്റെ സാമ്പത്തിക സ്ഥിതിയും ഒന്നും പൂർവസ്ഥിതിയിൽ ആയിരുന്നില്ല. പിന്നീട് മാസങ്ങളോളം കഴിഞ്ഞ് സാവധാനത്തിലാണ് കാര്യങ്ങൾ ഏകദേശം പൂർവസ്ഥിതിയിലേക്കെത്തിയത്.

മഹാമാരിക്കാലത്തെ അനുഭവങ്ങൾ ജനങ്ങളിൽ നല്ല മാറ്റമുണ്ടാക്കുമെന്ന് എച്ച്.എഫ്. ആഗ്രഹിച്ചു. മരണത്തെ അടുത്തു നിന്ന് കണ്ടത് മനുഷ്യർ തമ്മിലുള്ള വൈരാഗ്യം മറക്കുന്നതിനും ജീവിതത്തെ പുതിയ ഒരു കാഴ്ചപ്പാടോടെ സമീപിക്കുന്നതിനും ഹേതുവാകും എന്നദ്ദേഹം കരുതി. വീണ്ടും സ്വസ്ഥജീവിതത്തിലേക്കു മടങ്ങാൻ കഴിഞ്ഞവരിൽ ചിലരെങ്കിലും ജീവനെക്കുറിച്ചും ജീവിതമൂല്യങ്ങളെക്കുറിച്ചും കൂടുതൽ ബോധമുള്ളവരായി. അവരുടെ രീതികളും കൂടുതൽ ഉത്തരവാദിത്തമുള്ളതായി. എന്നാൽ ഒരു വിഭാഗം ഇതുകൊണ്ടൊന്നും പഠിക്കാതെ പൂർവജീവിത രീതികൾ തന്നെ തുടരുകയും ചെയ്തു. ഓർമപ്പെടുത്തലുകളുമായി അങ്ങനെ എത്ര മഹാമാരിക്കാലങ്ങൾ വന്നു പോയിരിക്കുന്നു.

65ലെ പ്ലേഗ് ഭയാനകമാംവിധം ലണ്ടൻ നഗരത്തെ ഗ്രസിച്ചു. നൂറായിരം ആളുകൾ മരിച്ചു; എന്നിട്ടും ദൈവകൃപയാൽ ഞാൻ ജീവിക്കുന്നു എന്നർത്ഥം വരുന്ന ഒരു ചെറിയ കവിതാശകലത്തോടെ ജേർണൽ തീർത്ത് എച്ച്. എഫ്. എന്ന് ഇനീഷ്യലും എഴുതി ഉപസംഹരിച്ചിരിക്കുകയാണ് കാലം ചരിത്രനോവൽ എന്ന കണക്കിൽ ചേർത്തുവച്ച ഈ പുസ്തകം.

കാല്പനികവും യഥാതഥവുമായ സാഹിത്യ രൂപങ്ങൾ കടന്ന് രോഗത്തെ ഒരു ദാർശനിക പ്രശ്‌നമായി എഴുത്തുമേശയിൽ കൊണ്ടുവന്ന് വിചാരണ ചെയ്യുന്നതിനെ കുറിച്ച് അടുത്ത പാക്കറ്റിൽ. ▮

Comments