ജീവിതത്തിനും പ്രവചനാതീതമായ മരണത്തിനും ഇടയിൽ നിൽക്കുന്ന, എന്നിട്ടും സ്വാർത്ഥമായ ജീവിതത്തെ കുറിച്ചാണ് ‘പ്ലേഗ്' എന്ന നോവലിൽ കാമു പറയുന്നത്.
അൾജീരിയൻ തീരത്തെ ഫ്രഞ്ച് അധീനതയിലുള്ള ഒരു പ്രദേശം എന്നതിൽപ്പരം ഒരു പ്രത്യേകതയും ഒറാൻ നഗരത്തിനില്ല.
അവിടെയോരോരുത്തരും സ്വന്തം കാര്യവും സമ്പത്തും മാത്രമാണ് പ്രധാനം എന്ന് വിശ്വസിക്കുന്ന, തിരക്കേറിയ യാന്ത്രിക ജീവിതം ജീവിക്കുന്നവരാണ്. അങ്ങനെയിരിക്കെ ബെർണാഡ് റിയു എന്ന ഡോക്ടറുടെ മുന്നിൽ പെട്ടെന്ന് ഒരു എലി ചത്തുവീണു.
അത് ഒരു തുടക്കം മാത്രമായിരുന്നു.
പിന്നീട് നഗരമാകെ എലികൾ ചത്തുമലച്ചു.
നഗരവാസികളുടെ ആവശ്യപ്രകാരം ഗവൺമെന്റ് വൃത്തിയാക്കൽ നടപടി തുടങ്ങുകയും ദിവസങ്ങൾക്കകം നഗരം പൂർവ സ്ഥിതിയിലാകുകയും ചെയ്തു. പക്ഷേ ഡോക്ടർ റിയുവിന് അതോടെ മനഃസമാധാനം നഷ്ടപ്പെടുകയായിരുന്നു. എവിടെയോ മരണം പതുങ്ങിയിരിക്കുന്നത് അദ്ദേഹത്തിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.
14ാം നൂറ്റാണ്ടിലെ ബ്ലാക്ക് ഡെത്ത് എന്നറിയപ്പെട്ട മഹാമാരിയും 15, 16 നൂറ്റാണ്ടുകളിൽ ആവർത്തിച്ച മഹാമാരികളും വായനയിലൂടെ അറിഞ്ഞിട്ടുള്ള ഡോക്ടർക്ക് പ്ലേഗിന്റെ ഭീകരത അറിഞ്ഞുകൊണ്ട് എങ്ങനെ സമാധാനിക്കാനാവും. വൈകാതെ ഡോക്ടർ ഭയന്നതുതന്നെ സംഭവിച്ചു. ഇത്തവണ മരിച്ചുവീണത് എലികളായിരുന്നില്ല; മനുഷ്യരായിരുന്നു.
പ്ലേഗ് പടർന്ന വർഷമൊന്നും നോവലിൽ കാമു എടുത്തു പറഞ്ഞിട്ടില്ല. മാനവചരിത്രത്തിൽ ആവർത്തിക്കപ്പെടുന്ന മഹാമാരിയെക്കുറിച്ചുള്ള നോവലാണ് എന്നത് തന്നെ ഇവിടെ കാലഗണനകളെ അപ്രസക്തമാക്കുന്നു.
പ്ലേഗ് എന്ന നോവലിനെ കുറിച്ചാണ് പറഞ്ഞുവരുന്നത് എന്ന് വ്യക്തമാണല്ലോ. എന്നാൽ ആഖ്യാതാവ് ആരെന്നുപോലും ആദ്യമൊന്നും വ്യക്തമാക്കാത്ത തരത്തിലാണ് കാമു കഥ തുടങ്ങുന്നത്. പിന്നീട് വരാനിരിക്കുന്ന ഭീകരതയുടെ ലാഞ്ഛന ഒട്ടുമില്ലാതെ വളരെ സാധാരണ സ്ഥിതിയിലുള്ള ഒറാൻ നഗരത്തെകുറിച്ച് പറഞ്ഞാണ് നോവൽ തുടങ്ങുന്നത്. പ്രധാന കഥാപാത്രങ്ങളിലൊരാളായ ബെർണാഡ് റിയു എന്ന ഡോക്ടർ തന്നെയാണ് കഥ പറയുന്നത്. റാം ബേർ എന്ന പത്രപ്രവർത്തകനായ കഥാപാത്രം കാമുവിനെത്തന്നെയാണ് പ്രതിനിധീകരിക്കുന്നതെന്ന് പോകെപ്പോകെ വ്യക്തമാകുകയും ചെയ്യും. രണ്ടാം ലോകമഹായുദ്ധത്തിൽ ഫ്രാൻസിനെ ജർമനി കീഴടക്കിയ കാലത്ത് കാമു ഫ്രഞ്ച് പ്രതിരോധ സംഘത്തിന്റെ ഭാഗമായ കോമ്പാറ്റ് എന്ന പത്രത്തിൽ ജോലി ചെയ്തിരുന്നു. യുദ്ധകാലത്ത് കാമുവിന് കാമുകിയെ പിരിഞ്ഞ് ഫ്രാൻസിൽ പത്രപ്രവർത്തകനായി കഴിയേണ്ടിവന്നതുപോലെ നോവലിൽ പ്ലേഗ് ബാധ മൂലം ഒറാൻ നഗരകവാടം അടച്ചതിനാൽ പുറത്തുള്ള കാമുകിയെ കാണാനാകാതെ റാം ബേർ ഉഴറുന്നുണ്ട്.
ഒറാൻ നഗരത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തി നഗരത്തിലെ ജനസംഖ്യയുടെ ഏകദേശം പകുതിയോളമാണ് അസുഖബാധിതരായി മരിച്ചത്. പ്ലേഗ് പടർന്ന വർഷമൊന്നും നോവലിൽ കാമു എടുത്തു പറഞ്ഞിട്ടില്ല. മാനവചരിത്രത്തിൽ ആവർത്തിക്കപ്പെടുന്ന മഹാമാരിയെക്കുറിച്ചുള്ള നോവലാണ് എന്നത് തന്നെ ഇവിടെ കാലഗണനകളെ അപ്രസക്തമാക്കുന്നു.
ജീവിതത്തിനും പ്രവചനാതീതമായ മരണത്തിനും ഇടയിൽ നിൽക്കുന്ന, എന്നിട്ടും സ്വാർത്ഥമായ ജീവിതത്തെ കുറിച്ചാണ് ഈ നോവലിൽ കാമു പറയുന്നത്. ആ ജീവിതാവസ്ഥ വ്യക്തമാക്കാൻ ഒരൊറ്റ വാക്കാണുള്ളത്- അസംബന്ധം
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലെ ഏറ്റവും മഹത്തായ നോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ദി പ്ലേഗ് (ലാ പെസ്റ്റ്), 1941 ൽ തന്റെ ഇരുപത്തിയെട്ടാം വയസ്സിലാണ് കാമു എഴുതിത്തുടങ്ങുന്നത്. 1947 ൽ ഈ നോവൽ പ്രസിദ്ധീകരിച്ചു. ഇതിൽ കാമു പറയാൻ ശ്രമിക്കുന്നത് പ്ലേഗ് എന്ന മഹാമാരി പടർന്നു പിടിക്കുന്നതിനെക്കുറിച്ച് മാത്രമല്ല. കുറച്ചുകൂടി താത്വികമായാണ് അദ്ദേഹം കാര്യങ്ങൾ ചർച്ചക്കുവയ്ക്കുന്നത്. പ്ലേഗ് എന്നത് മരണം തന്നെയാണ്. മരണം എപ്പോഴും നമുക്ക് ചുറ്റിലും പതുങ്ങി നടക്കുന്നുണ്ട്. അതിന് ഉചിതമെന്നും നമുക്ക് അപ്രതീക്ഷിതമെന്നും പറയാവുന്ന ഏതു നേരത്തും നമുക്കുമേൽ ചാടിവീഴാനാണ് ആ പതുങ്ങൽ. എന്നാൽ നമ്മൾ ജീവിക്കുന്നതോ, നാളെ നാളെയെന്ന് കണക്കുകൂട്ടി ഇന്നിനെ മറന്നുകൊണ്ടും. ജീവിതത്തിനും പ്രവചനാതീതമായ മരണത്തിനും ഇടയിൽ നിൽക്കുന്ന, എന്നിട്ടും സ്വാർത്ഥമായ ജീവിതത്തെ കുറിച്ചാണ് ഈ നോവലിൽ കാമു പറയുന്നത്. ആ ജീവിതാവസ്ഥ വ്യക്തമാക്കാൻ ഒരൊറ്റ വാക്കാണുള്ളത്- അസംബന്ധം (Absurd).
പ്ലേഗിന് മുൻപ് ഒറാൻ നഗരവാസികൾ സ്വാർത്ഥരും മരണഭയം ഇല്ലാത്തതുകൊണ്ടുതന്നെ അഹങ്കാരമുള്ളവരും കരുണയില്ലാത്തവരും കാര്യങ്ങളെ മുൻവിധിയോടെ കാണുന്നവരുമൊക്കെ ആയിരുന്നു. ചെറിയ സന്തോഷങ്ങൾക്കൊന്നും വിലകൊടുക്കാതെ, അവരവർക്ക് ലഭിച്ച ജീവിതത്തോടുള്ള നന്ദിയോ അതിൽ ആനന്ദമോ ലവലേശമില്ലാതെ അവരങ്ങനെ കഴിഞ്ഞു; മറ്റേതൊരു ആധുനിക നാഗരിക ജനതയെയും പോലെ. പ്ലേഗൊക്കെ നൂറ്റാണ്ടുകൾക്ക് മുൻപ് അപരിഷ്‌കൃത ജനതയ്ക്ക് വന്ന രോഗങ്ങളാണെന്നും തങ്ങൾ അതിനൊക്കെ അതീതരാണെന്നുമുള്ള ബോധമായിരുന്നു അവരുടെ ഉപബോധമനസ്സിൽ.
‘പ്ലേഗോ? ഇതതൊന്നുമല്ല, അതൊക്കെ പടിഞ്ഞാറൻ നാടുകളിൽ നിന്ന് എന്നേ അപ്രത്യക്ഷമായി എന്ന് എല്ലാവർക്കും അറിയാം' എന്നാണ് നോവലിലെ ഒരു കഥാപാത്രം പറയുന്നത്.
‘എല്ലാവർക്കുമറിയാം; മരിച്ചവർക്കൊഴികെ' എന്നാണ് അതിന് ആഖ്യാതാവിന്റെ മറുപടി. അങ്ങനെയാണ് പ്ലേഗ് എന്ന കൃതി അസംബന്ധം എന്ന വാക്കിന്റെ തത്വചിന്താപരമായ വിശദീകരണം കൂടിയാകുന്നത്.
കാമുവിന്റെ അഭിപ്രായത്തിൽ പ്ലേഗ് എന്നുമുണ്ട്.
മരണമാണത്. നിമിഷനേരം കൊണ്ട് വീട്ടിലെത്തി നമ്മളിലൊരാളെ കൂട്ടിക്കൊണ്ടുപോയി, മറ്റുള്ളവരുടെ ജീവിതത്തെയും ആകെ മാറ്റിമറിക്കുന്ന മരണം. പ്ലേഗിന്റെ അണുക്കൾ വർഷങ്ങളോളം നിഷ്‌ക്രിയമായിരുന്ന്, ഇനിയില്ല എന്ന് വിശ്വസിപ്പിച്ച ശേഷം എത്രയോ തവണ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എല്ലാ മഹാമാരിക്കാലത്തേയും പോലെ പ്ലേഗ് കാലത്തും മറ്റുള്ള ആളുകൾ മരിച്ചുവീഴുമ്പോഴും അതെന്നെ തേടിവരില്ല എന്ന വിശ്വാസത്തിൽ ജീവിക്കുന്നവരാണ് ഏറെയും. എന്നാൽ അങ്ങനെ സമാധാനമായിരിക്കുന്നവരെ പെട്ടെന്ന് ഭീതിപ്പെടുത്തുകയല്ല ഈ പുസ്തകം. അത്തരത്തിൽ പെട്ടെന്നുണ്ടാകുന്ന ഭീതിക്ക് ഹേതുവും പെട്ടെന്നുണ്ടാകുന്ന, അൽപായുസ്സായ സംഭവങ്ങൾ ആയിരിക്കുമല്ലോ. എന്നാൽ എന്നും നിലനിൽക്കുന്ന, ഡെമോക്ലിസിന്റെ വാൾ പോലെയുള്ള മരണത്തെകുറിച്ചാണ് കാമു പറയുന്നത്. പരസ്പര സഹവർത്തിത്വത്തോടെയും ദീനാനുകമ്പയോടെയും ജീവിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും.
ജീവിതം പതിവുപോലെ മുന്നോട്ടുപോയി. വ്യവസായങ്ങളും യാത്രകളും ഒന്നും നിർത്തിവച്ചുമില്ല. അവരും മറ്റെല്ലാ ജനതയെയും പോലെ, തങ്ങൾ സ്വതന്ത്രരാണ് എന്ന് ധരിച്ചു.
മഹാമാരികളും യുദ്ധങ്ങളും ചരിത്രത്തിൽ ആവർത്തിക്കപ്പെട്ടവയാണെങ്കിലും അവ സാധാരണക്കാരന് മുന്നിൽ അപ്രതീക്ഷിതമായാണ് അവതരിക്കുന്നത്. അതിനാൽ അവർ അതിനെ നേരിടാൻ സജ്ജരുമല്ല.യുദ്ധം തുടങ്ങുമ്പോൾ ജനങ്ങൾ പറയുന്നത്, ഇത് അധികകാലം നീളില്ല, ഇത് നിരർത്ഥകമാണ് എന്നൊക്കെയാണ്. പക്ഷെ നിരർത്ഥകത യുദ്ധകാലത്തെ ചുരുക്കുന്നില്ലല്ലോ. അതേപോലെ ഒറാൻ നഗരത്തിലെ ജനങ്ങളും മഹാമാരിയെ എളുപ്പം മറികടക്കാവുന്ന ഒരു ദുഃസ്വപ്നം പോലെയാണ് ആദ്യം കണ്ടത്. ജീവിതം പതിവുപോലെ മുന്നോട്ടുപോയി. വ്യവസായങ്ങളും യാത്രകളും ഒന്നും നിർത്തിവച്ചുമില്ല. അവരും മറ്റെല്ലാ ജനതയെയും പോലെ, തങ്ങൾ സ്വതന്ത്രരാണ് എന്ന് ധരിച്ചു. പട്ടിണിയും മഹാമാരികളും യുദ്ധവുമൊക്കെ ലോകത്ത് നിലനിൽക്കുമ്പോൾ എന്താണ് സ്വാതന്ത്ര്യം. ഇവയിലേതെങ്കിലുമൊന്ന് അപ്രതീക്ഷിതമായി കീഴ്പ്പെടുത്തുമ്പോൾ തീരുന്ന സ്വാതന്ത്ര്യമേയുള്ളു മനുഷ്യന് എന്ന തിരിച്ചറിവാണ് കാമു നൽകുന്നത്.
ഒറാൻ നഗരത്തിൽ ആയിരങ്ങൾ മരിക്കുമ്പോൾ പാൻലു എന്ന വികാരി ജനങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്. ധാർമിക അധഃപതനത്തിന് ദൈവം തന്ന ശിക്ഷയാണ് പ്ലേഗ് എന്നാണ് പാതിരി പറയുന്നത്. എന്നാൽ ഡോക്ടർ റിയു ഇതിനോട് യോജിക്കുന്നേയില്ല. ധാർമിക അധഃപതനം എന്നൊക്കെ പറയണമെങ്കിൽ മുൻപ് ധാർമികതയിൽ നിന്ന് അണുവിട വ്യതിചലിക്കാത്ത സമൂഹം ഇവിടെ ഉണ്ടായിരുന്നുവോ? ഉള്ളതിൽ നിന്നല്ലേ അധഃപതനം സാധ്യമാകൂ. ദൈവശിക്ഷയാണെങ്കിൽ എന്തിന് പിഞ്ചു കുഞ്ഞുങ്ങൾ മരിക്കുന്നു?
റിയുവിനുള്ള ചോദ്യങ്ങൾ നിരവധിയാണ്. ഉത്തരങ്ങൾ തേടുമ്പോൾ ജീവിതത്തിന്റെ അസ്ഥിരതയെക്കുറിച്ചും ആത്മവിശ്വാസം എന്നതിന്റെ യുക്തിരാഹിത്യത്തേ കുറിച്ചുമാവും സംവാദം ആവശ്യമാവുക. അത് തന്നെയാണ് കാമു പറയുന്നതും.
താത്വികമായി ചിന്തിച്ച് വെറുതെയിരിക്കുകയല്ല ഡോക്ടർ റിയു. ആ അവസ്ഥയിൽ തന്റെ ജീവിതം കൊണ്ട് ചെയ്യാനാവുന്ന കടമയായ ആതുര ശുശ്രൂഷയിൽ കൂടുതൽ വ്യാപൃതനാകുകയാണ് അദ്ദേഹം. ഇതൊരു ഹീറോയിസമായി കാണേണ്ടതില്ല. ഇതാണ് മര്യാദയും ഔചിത്യവും എന്നാണ് കാമു പറയുന്നത്. എന്താണ് ഔചിത്യമര്യാദ എന്നൊരാൾ ഡോക്ടറോട് ചോദിക്കുന്നുണ്ട്. ‘സാമാന്യാർത്ഥത്തിൽ പറയാൻ എനിക്കറിയില്ല. പക്ഷെ, എനിക്കത് എന്റെ ജോലി നന്നായി ചെയ്യലാണ്' എന്നാണ് ഉടൻ വന്ന മറുപടി.
സിസിഫസ് പുരാണം എന്ന തന്റെ കൃതിയിൽ മനുഷ്യനെ സിസിഫസിനോട് താരതമ്യപ്പെടുത്തുന്നുണ്ട് കാമു. ഗ്രീക്ക് പുരാണങ്ങളിലെ നാറാണത്തു ഭ്രാന്തൻ തന്നെയാണ് സിസിഫസ്. കല്ലുരുട്ടി കയറ്റുകയും മലമുകളിലെത്തിയാൽ അത് താഴേക്ക് പതിക്കുകയും ചെയ്യുന്നതിൽ വ്യാപൃതനായിരിക്കുന്ന സിസിഫസ് ആ പ്രവർത്തിയുടെ നിരർത്ഥകത വിസ്മരിച്ചുകൊണ്ട് ആ പ്രവർത്തിയിൽ സംതൃപ്തനായിരുന്നു എന്ന് സങ്കൽപ്പിച്ചുകൂടേയെന്ന് കാമു ചോദിക്കുന്നുമുണ്ട്.
ഭാവി അനിശ്ചിതമെന്ന് അറിഞ്ഞുകൊണ്ടാണെങ്കിലും ജീവിതത്തിൽ താന്താങ്ങൾ ഏർപ്പെടുന്ന പ്രവർത്തികളിൽ സിസിഫസിനെപ്പോലെ അർപ്പണബോധമുള്ളവരായി നിന്നുകൊണ്ടുതന്നെ സന്തോഷമായിരിക്കാൻ കഴിയുമല്ലോ. ഡോക്ടർ റിയു തന്റെ ജോലിയിൽ അതീവ ശ്രദ്ധയുള്ളയാൾ ആയിരിക്കുമ്പോൾ തന്നെയും നൃത്തവും പ്രണയവും പൂക്കളുടെയും നിറങ്ങളുടേയുമൊക്കെ ഭംഗിയും ആസ്വദിച്ചിരുന്നു.
ആതുര ശുശ്രൂഷ കഴിഞ്ഞുള്ള വൈകുന്നേരങ്ങളിൽ അനന്തമായ ജലാശയത്തിൽ നീന്തുന്നത് കാമുവിനെപ്പോലെ ഡോക്ടറും ആസ്വദിച്ചിരുന്നു. അർത്ഥശൂന്യതയുടെ പ്രസക്തി എന്നു പറയാവുന്ന തരത്തിലുള്ള, എഴുത്തുകാരനായ കാമുവിന്റെ കലാ ചിന്തയും ജീവിതവീക്ഷണവുമാണ് ഡോക്ടർ റിയുവിന്റെ സൃഷ്ടിയിലൂടെ വെളിപ്പെടുത്തുന്നത്.
പ്ലേഗ് ബാസില്ലസിന് മരണമില്ല. അത് നിർവീര്യമായവണ്ണം കാലങ്ങളോളം ഭൂമിയിൽ തുടരുന്നു. തനിക്കുതകുന്നതെന്ന് തോന്നുന്ന സമയത്ത് ഒരു എലി ശരീരത്തിലൂടെ വീണ്ടും എവിടെയും പ്രത്യക്ഷപ്പെട്ടേക്കാം. മരണമെന്ന ആത്യന്തിക സത്യം പോലെ.
ഒരു വർഷത്തിനപ്പുറം ദുരിതം വിതച്ച പ്ലേഗ് ഒറാൻ നഗരത്തിൽ നിന്ന് പിന്മാറ്റം തുടങ്ങി. മാസങ്ങൾ കൊണ്ട് പൂർണമായിത്തന്നെ പിന്മാറി. ജനജീവിതം പഴയപടി ആയി. ആളുകൾ ആഘോഷങ്ങൾ തുടങ്ങി. ദുരിതപർവം ഒടുങ്ങി. സാധാരണ ജീവിതം തിരികെയെത്തി. എന്നാൽ കാമു അതിനെ കണ്ടത് അങ്ങിനെയല്ല. ഡോക്ടർ റിയു മഹാമാരിയുടെ ഒരു ആക്രമണത്തെ പിടിച്ചു നിർത്താൻ സഹായിച്ചിട്ടുണ്ടാകാം. എന്നാൽ ഇനിയും അപകങ്ങൾ പതിയിരിക്കുന്നുണ്ട്. അത്ഡോക്ടർക്ക് അറിയാംതാനും. അതുകൊണ്ടു തന്നെ ഡോക്ടറുടെ അഭിപ്രായത്തിൽ ഇതൊരു സമ്പൂർണ വിജയകഥയല്ല. ഇനിയുണ്ടാവാകുന്ന മഹാമാരിക്കാലങ്ങൾക്ക് സഹായകമാവുന്ന രേഖപ്പെടുത്തലുകൾ ആണ്.
ഒറാൻ ജനതയുടെ ആഹ്‌ളാദാരവങ്ങൾ കേൾക്കുന്ന ഡോക്ടർക്കറിയാം, ഇനിയും എപ്പോൾ വേണമെങ്കിലും പൊടുന്നനെ ആക്രമിക്കാവുന്നതുപോലെ പ്ലേഗ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന്. പ്ലേഗ് ബാസില്ലസിന് മരണമില്ല. അത് നിർവീര്യമായവണ്ണം കാലങ്ങളോളം ഭൂമിയിൽ തുടരുന്നു. തനിക്കുതകുന്നതെന്ന് തോന്നുന്ന സമയത്ത് ഒരു എലി ശരീരത്തിലൂടെ വീണ്ടും എവിടെയും പ്രത്യക്ഷപ്പെട്ടേക്കാം. മരണമെന്ന ആത്യന്തിക സത്യം പോലെ.
കാമു ദി പ്ലേഗ് എഴുതിയത് അദ്ദേഹം ഒരു ദിവ്യപ്രവാചകൻ ആയിരുന്നതുകൊണ്ടല്ല. മനുഷ്യജീവിതം എത്ര എളുപ്പത്തിൽ നിസ്സാരമെന്നപോൽ തകർക്കപ്പെടാവുന്നതാണ് എന്നും; അതല്ലെന്ന വിശ്വാസം എത്ര നിരർത്ഥകം (Absurd) ആണ് എന്നുമുള്ള തിരിച്ചറിവിൽ നിന്നാണ്.
പുറത്തെ മഹാമാരിയിൽ നിന്നകന്നുകഴിഞ്ഞ ക്വാറൻറയിൻ കഥകളായ ഡെകാമെറണും മഹാമാരിയുടെ നേർസാക്ഷ്യമെന്ന മട്ടിലുള്ള നോവലായ ജേർണൽ ഓഫ് എ പ്ലേഗ് ഇയറും നിരർത്ഥകതയുടെ തത്വശാസ്ത്രം വിശദീകരിച്ച കാമുവിന്റെ പ്ലേഗും കടന്ന്, ഗാബോയുടേതല്ലാത്ത, കോളറക്കാലത്തെ പ്രണയത്തെ കുറിച്ച് അടുത്ത പാക്കറ്റിൽ. ▮