വിപ്ലവങ്ങളും യുദ്ധങ്ങളും പോലെ മഹാമാരിയും പ്രണയവും വിരഹവും പോലെ രോഗവും കലയേയും സാഹിത്യത്തേയും നവീകരിച്ചിട്ടുണ്ട്. ഒപ്പം അത് ജീവിതത്തിന്റെ ശുദ്ധീകരണ പ്രക്രിയ കൂടിയാണ് എന്ന തത്വചിന്ത മുന്നോട്ട് വയ്ക്കുകയാണ് ‘വെനീസിലെ മരണം’ എന്ന കൃതി.
സ്വദേശമായ മ്യൂണിക്കിൽ ഒരു ഉച്ചനടത്തത്തിനിടെയാണ് എഴുത്തുകാരനായ ആസ്‌ചെൻബാക്കിന്റെ ജീവിതം വഴിമാറുന്നത്.
വിദേശിയെന്ന് തോന്നിക്കുന്ന ഒരു അപരിചിതനെ വഴിയിൽ കണ്ടപ്പോൾ, ജർമനി വിട്ട് പുറംലോകത്തേക്ക് യാത്ര ചെയ്യാൻ ആസ്‌ചെൻബാക്കിന് ഒരു പ്രലോഭനമുണ്ടായി. വായിച്ചറിഞ്ഞതുവച്ച്, കാൽപനികത നിറഞ്ഞ നഗരമാണെന്ന കൗതുകത്താൽ ആ യാത്രയ്ക്ക് അദ്ദേഹം വെനീസ് നഗരം തിരഞ്ഞെടുക്കുകയും ചെയ്തു.
അവിടേയ്ക്കുള്ള ബോട്ടുയാത്രക്കിടെ, നാട്ടിൽ കണ്ട അജ്ഞാതനായ ആ വിദേശിയെ വീണ്ടും കാണുന്നു. വെനീസിലെ താമസക്കാലത്ത് ഹോട്ടലിന് സമീപവും പിന്നീട് ഇയാളെ കാണുന്നുണ്ട്. തോമസ് മൻ എഴുതിയ വെനീസിലെ മരണം എന്ന നോവെല്ലയിലെ കേന്ദ്രകഥാപാത്രമാണ് എഴുത്തുകാരനായ ആസ്ചെൻബാക്.
നാമറിയാതെ നമ്മെ പിന്തുടരുന്ന രോഗവും മരണവുമാണ് വിദേശിയായ അജ്ഞാതൻ. ആസ്ചെൻബാക് നമ്മളോരോരുത്തരുടേയും പ്രതിരൂപവും.
രോഗത്തെ വ്യക്തിപരമായ ഒരു ദുരന്തത്തിന്റെ ഭാവത്തിലാണ് തോമസ് മൻ ഈ കൃതിയിൽ അവതരിപ്പിക്കുന്നത്. രോഗബാധിതന്റെ ആന്തരിക സംഘർഷങ്ങളെ കഥാപാത്രത്തിന്റെ രോഗാവസ്ഥയായി തന്നെ അദ്ദേഹം പരിഗണിക്കുന്നു. കഠിന യാഥാർഥ്യങ്ങളും കാല്പനികതയും പ്രണയവും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരാളുടെ മനസ്സിന്റെയും ശരീരത്തിന്റെയും രോഗാതുരതയുടെ ആകെത്തുക എന്ന നിലയിലാണ് ആസ്‌ചെൻബാക്കിന്റെ ജീവിതത്തെ തോമസ് മൻ വെനീസിലെ മരണത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
രോഗസൂചകങ്ങളായ വാക്കുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഭാഷയാണ് ഈ കൃതിയിൽ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. യാത്രയെക്കുറിച്ചുള്ള ആസ്‌ചെൻബാക്കിന്റെ ചിന്തകളിൽ ഇത് കൂടുതൽ പ്രകടമാണ്. പെട്ടന്നുള്ളൊരു രോഗമൂർച്ഛയിൽ പെട്ട് പിടയുന്നതുപോലെയാണ് ആസ്ചെൻബാക്കിനെ യാത്രചെയ്യാനുള്ള ആഗ്രഹം പിടികൂടിയത്. തന്റെ എഴുത്തു ജീവിതത്തിൽ നേരിടുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്നും അതുവഴിയുള്ള ഉറക്കമില്ലായ്മയിൽ നിന്നുമൊക്കെ ആശ്വാസം തേടിയായിരുന്നു വെനീസിലേക്കുള്ള ആ യാത്ര. പക്ഷെ, ജീവിതത്തിന്റെ കടിഞ്ഞാൺ കയ്യിൽ നിന്ന് പോകുന്നതിന്റെ ആദ്യപടിയായിരുന്നു അതെന്ന് തിരിച്ചറിയാൻ ആ കഥാപാത്രത്തിന് കഴിയുമായിരുന്നില്ല. കാരണം അയാൾ അപ്പോൾ രോഗബാധിതനായിരുന്നു!
വെനീസിലെ മരണം എന്ന നോവെല്ലയിൽ ഇവിടെവരെ രോഗം വ്യക്തിപരം മാത്രമായി നിൽക്കുകയാണ്. എന്നാൽ പിന്നീടങ്ങോട്ട് അതിന് സാമൂഹികമായ ഒരു സ്വഭാവം കൈവരുന്നു.
വെനീസ് നഗരം ഒരു പശ്ചാത്തലം മാത്രമല്ല കഥാപാത്രവും കൂടിയാണ് ഈ കൃതിയിൽ. ലഹരിപിടിപ്പിക്കുന്ന സ്വഭാവമാണ് വെനീസിനുള്ളത്. അതേസമയം കഴുത്തറപ്പൻ കച്ചവടക്കാരുടെ ഇടവുമാണത്. പൗരാണികതയും ആധുനികതയും കൈപിടിച്ചങ്ങനെ സഹവർത്തിത്വത്തോടെ കഴിയുന്ന നഗരം. അവിടെ എത്തിച്ചേർന്ന മുതൽക്കുതന്നെ ആസ്‌ചെൻബാക്കിന്റെ ശരീരത്തോട് ആരോഗ്യം പിണങ്ങി മാറി നിന്ന് തുടങ്ങിയിരുന്നു. മുൻപൊരിക്കൽ വെനീസിലേക്ക് യാത്ര ചെയ്തപ്പോൾ ഉണ്ടായതുപോലെ കാലാവസ്ഥയുടെ മാറ്റം കൊണ്ടുള്ള വിഷമതകൾ ആയിരിക്കും ഇത്തവണയും എന്നാണയാൾ കരുതിയത്.
ഹോട്ടലിൽ വച്ച് കണ്ടുമുട്ടിയ, അതിസുന്ദരനായ താഡ്‌സിയോ എന്ന പതിന്നാലുകാരൻ പയ്യനിൽ മനസ്സുടക്കിയില്ലായിരുന്നെങ്കിൽ ജർമനിയിലേക്ക് വേഗം തന്നെ മടങ്ങിയേനെ ആസ്ചെൻബാക്. കാരണം ആ ക്ഷീണിത ശരീരനായ മനുഷ്യന് താങ്ങാവുന്നതിനപ്പുറമായിരുന്നു വെനീസിലെ കാലാവസ്ഥ ഏൽപ്പിക്കുന്ന പ്രഹരം. എഴുത്തുകാരൻ എന്ന നിലയിലും സാധാരണ വ്യക്തി എന്ന നിലയിലും ആസ്ചെൻബാക് എന്നും നേരിട്ടിരുന്ന പ്രശ്‌നം ‘മനസ്സിന്റെ ചായ്വുകളും ശരീരത്തിന്റെ ക്ഷമതയും തമ്മിലുള്ള സംഘർഷം' തന്നെയാണെന്ന് തോമസ് മൻ പറയുന്നു. വെനീസിലെ ആ പയ്യനുമായുള്ള കണ്ടുമുട്ടലും അവനോട് തോന്നിയ ഒട്ടും അഭികാമ്യമല്ലാത്ത ആകർഷണവും പോകെപ്പോകെ അയാളുടെ മനസ്സിനെയും ശരീരത്തെയും തളർത്തുകയാണ് ഉണ്ടായത്.
തികവുറ്റ ഒരു ഗ്രീക്ക് പ്രതിമയ്ക്ക് ജീവൻ വച്ചപോലെ എന്നാണ് താഡ്‌സിയോ എന്ന പയ്യനെ കാണുമ്പോൾ ആസ്‌ചെൻബാക്കിന് തോന്നിയത്. എന്നാൽ അവന്റെ വിളർച്ച രോഗലക്ഷണമാണോ എന്നും ഒരുവേള അയാൾ സംശയിക്കുന്നുണ്ട്. ഏറെ ലാളിക്കപ്പെട്ട് വളർന്ന കുട്ടിയെന്ന നിലയിൽ, പുറത്തിറങ്ങിയുള്ള വെയിലേൽക്കൽ കുറഞ്ഞിരുന്നത് മാത്രമായിരുന്നു ആ വിളറിയ നിറത്തിന് കാരണം. എന്നാൽ അവൻ ഒരു രോഗി തന്നെ ആയിരിക്കും എന്നും ദീർഘായുസുള്ളവനല്ല എന്നും ആസ്ചൻബാക് സ്വയമേ തീരുമാനിക്കുകയാണ്. അവന്റെയും തന്റെയും അവസ്ഥകൾ തമ്മിൽ താദാത്മ്യം പ്രാപിക്കണം എന്ന ആഗ്രഹത്തിന്റെ പ്രതിഫലനമാണ് യഥാർത്ഥത്തിൽ ഇത്തരം ചിന്തകൾ.
വെനീസിലെ മരണം എന്ന നോവെല്ലയിൽ ഇവിടെവരെ രോഗം വ്യക്തിപരം മാത്രമായി നിൽക്കുകയാണ്. എന്നാൽ പിന്നീടങ്ങോട്ട് അതിന് സാമൂഹികമായ ഒരു സ്വഭാവം കൈവരുന്നു. കനാൽ ജലം മലിന്യപ്പെടുന്നതുവഴി കോളറ പകരുന്നതായി മുന്നറിയിപ്പ് നൽകുന്ന, ഭരണകൂടം പതിപ്പിക്കുന്ന നോട്ടീസുകൾ അവിടവിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വരാനിരിക്കുന്ന മഹാമാരിക്കാലത്തിന്റെ മുന്നറിയിപ്പായിരുന്നു ഈ നോട്ടീസുകൾ. എങ്കിലും അത്ര ആശങ്കാജനകം അല്ല അവസ്ഥ എന്ന് വിശ്വസിക്കാനാണ് ഭരണകൂടവും ജനങ്ങളും താല്പര്യപ്പെട്ടത്. ആസ്‌ചെൻബാക്കും അക്കാര്യത്തിൽ വ്യത്യസ്തമായിരുന്നില്ല. മറിച്ചു വിശ്വസിച്ചാൽ ജർമനിയിലേക്ക് ഉടനേ മടങ്ങേണ്ടി വരുമല്ലോ. താഡ്‌സിയോ ഉള്ള വെനീസ് വിട്ട് എവിടേക്കും പോകാൻ അയാളുടെ മനസ്സ് ഒരുക്കവുമായിരുന്നില്ല.
കോളറ അയാളെയും ബാധിച്ചു. മോഹാലസ്യവും മതിഭ്രമവുമൊക്കെ പാതി ശാരീരികവും ബാക്കി മാനസികവും ആണെന്നാണ് കോളറക്ക് അടിപ്പെട്ട അവസ്ഥയിലും അയാൾക്ക് തോന്നിയത്.
വെനീസ് നഗരത്തിനാകെ അണുനാശിനിയുടെ മണമായി. ഉടനെ തന്നെ നഗരവാസികൾ ക്വാറന്റൈനിൽ ആകേണ്ടി വരുമെന്നും ഉറപ്പായി. താഡ്‌സിയോയുടെ കുടുംബത്തോട് അതിന് മുൻപേതന്നെ പോളണ്ടിലേക്ക് മടങ്ങാൻ ഉപദേശിച്ചാലോ എന്ന് ആലോചിച്ചെങ്കിലും പിന്നീട് ആ ചിന്ത തന്നെ ആസ്‌ചെൻബാക് ഉപേക്ഷിച്ചു. രോഗം പലപ്പോഴും അയാളെ ലഹരി പിടിപ്പിക്കുന്നുമുണ്ട്. ഇതിങ്ങനെ പടരുകയാണെങ്കിൽ താഡ്‌സിയോ അധികകാലം ജീവിക്കില്ല എന്നൊക്കെ ചിന്തിക്കുന്നതുപോലും ഓട്ടൊരാഹ്ളാദത്തോടെയാണ്. നഗരം കടന്നുപോകാനിടയുള്ള അടച്ചുപൂട്ടലിനെയും പരിഭ്രാന്തിയെയും കുറിച്ചൊക്കെ ചിന്തിക്കുമ്പോൾ ആവേശമാണ് അയാൾക്ക്. സ്വതവേ അനാരോഗ്യവാനായ തന്നോടൊപ്പം സമൂഹം ചേരുകയാണ് എന്നതാണ് അതിന് പിന്നിലെ ചേതോവികാരം.
വെനീസിലെ അപ്പോഴത്തെ അവസ്ഥയോടും താഡ്‌സിയോയോടുള്ള സ്വവർഗ്ഗ പ്രണയത്തോടും ജീവിതത്തെ ചേർത്തുവച്ച് പുതിയ ഒരാളായി ജീവിക്കാൻ തന്നെയാണ് ആസ്‌ചെൻബാക് ഉറപ്പിക്കുന്നത്. അത് അധികകാലം നീണ്ടുനിന്നില്ല എന്നുമാത്രം. കോളറ അയാളെയും ബാധിച്ചു. മോഹാലസ്യവും മതിഭ്രമവുമൊക്കെ പാതി ശാരീരികവും ബാക്കി മാനസികവും ആണെന്നാണ് കോളറക്ക് അടിപ്പെട്ട അവസ്ഥയിലും അയാൾക്ക് തോന്നിയത്. പ്രണയത്താലും കോളറയാലും ഒരേപോലെ പീഢിതനായിരുന്നു ആസ്‌ചെൻബാക്. രോഗപീഡകളെ വകവയ്ക്കാതിരുന്നതിനാൽ, താഡ്‌സിയോയും കുടുംബവും വെനീസ് വിട്ടുപോകുന്നതിന് തൊട്ടുമുൻപ് കടൽത്തീരത്ത് കിടന്ന് ആസ്ചെബാക് മരിക്കുകയാണുണ്ടായത്. രോഗത്തെ പ്രണയിച്ചും പ്രണയമെന്ന രോഗത്താലുമാണ് അയാൾ മരിച്ചത്.
അൽപായുസ്സാകുമായിരുന്നയാൾക്ക് രോഗം പാപങ്ങളിൽ നിന്നുള്ള ശുദ്ധീകരണമാകുകയാണ് ആസ്‌ചെൻബാക്കിന്റെ കാര്യത്തിൽ. രോഗാവസ്ഥയെ ഒരളവ് വരെ ആസ്ചെൻബാക് ആസ്വദിച്ചിരുന്നു എന്നുതന്നെ തോന്നും
മരണം ആസന്നമായിരുന്നപ്പോഴും രോഗാവസ്ഥയെക്കുറിച്ചോർത്ത് ആസ്‌ചെൻബാക് വിഷാദിയായില്ല. കാമാതുരമായ തന്റെ മനസ്സിന് ആയുർ ദൈർഘ്യം താങ്ങാവുന്നതല്ല എന്ന ചിന്തയായിരുന്നു അതിന് കാരണം. താഡ്‌സിയോയോട് തനിക്കുള്ള പ്രണയവും മഹാമാരിയുടെ വരവ് മുൻകൂട്ടി അറിഞ്ഞിട്ടും അവനെയും കുടുംബത്തെയും മുന്നറിയിപ്പ് നൽകി പോളണ്ടിലേക്ക് തിരിച്ചയക്കാത്തതും ഒക്കെ തെറ്റാണെന്ന് അയാൾക്ക് അറിയാമായിരുന്നു. അറിഞ്ഞുകൊണ്ടുതന്നെ തെറ്റായ തീരുമാനങ്ങൾ എടുക്കാൻ കാരണം കോളറ അധികം താമസിയാതെ തന്നെ കീഴടക്കും എന്ന തോന്നലായിരുന്നു. അല്ലെങ്കിലും അൽപായുസ്സാകുമായിരുന്നയാൾക്ക് രോഗം പാപങ്ങളിൽ നിന്നുള്ള ശുദ്ധീകരണമാകുകയാണ് ആസ്‌ചെൻബാക്കിന്റെ കാര്യത്തിൽ. രോഗാവസ്ഥയെ ഒരളവ് വരെ ആസ്ചെൻബാക് ആസ്വദിച്ചിരുന്നു എന്നുതന്നെ തോന്നും. കോളറ പിടിപെടുന്നതിന് മുൻപുതന്നെ അനാരോഗ്യത്തെ തന്റെ വ്യക്തിത്വത്തിന്റെ ഭാഗമാക്കികഴിഞ്ഞിരുന്നു അയാൾ.
വിപ്ലവങ്ങളും യുദ്ധങ്ങളും പോലെ മഹാമാരിയും പ്രണയവും വിരഹവും പോലെ രോഗവും കലയേയും സാഹിത്യത്തേയും നവീകരിച്ചിട്ടുണ്ട്. ഒപ്പം അത് ജീവിതത്തിന്റെ ശുദ്ധീകരണ പ്രക്രിയ കൂടിയാണ് എന്ന തത്വചിന്ത മുന്നോട്ട് വയ്ക്കുകയാണ് വെനീസിലെ മരണം എന്ന കൃതി. രോഗത്തിന്റെ വൈയക്തികതയെ വിവരിക്കേണ്ടതുകൊണ്ടാണ് തോമസ് മൻ തന്റെ ആസ്‌ചെൻബാക് എന്ന കഥാപാത്രത്തെ എഴുത്തുകാരൻ തന്നെ ആക്കിയതും. ▮