ബി.സി 12,000-നും 10,000-നും ഇടയിൽ ചരിത്രാതീത മനുഷ്യൻ നാടോടികളുടെ വേട്ടയാടുന്ന ജീവിതശൈലിയിൽ നിന്നു മാറി കൂടുതൽ സ്ഥിരതയാർന്ന ജീവിതരീതികളിലേക്കു നീങ്ങാൻ തുടങ്ങിയെന്നു കരുതപ്പെടുന്നു. സസ്യങ്ങളെയും മൃഗങ്ങളെയും വളർത്തി. ഗ്രാമങ്ങൾ രൂപപ്പെട്ടു. സാമൂഹികഘടനകളും മതപരമായ മാതൃകകളും നിർമ്മിക്കാൻ തുടങ്ങി, അത് നമ്മൾ ഇന്നു ജീവിക്കുന്ന സമൂഹത്തിന്റെ അടിത്തറയാണ്. ഇതിനുള്ള തെളിവുകൾ നൽകുന്ന നിയോലിത്തിക്ക് സൈറ്റുകളിലൊരെണ്ണം ഗ്രീസിനും ഇറാനും ഇടയിലായി വടക്ക് കരിങ്കടലിലേക്കും തെക്ക് സിനായ് ഉപദ്വീപിലേക്കും വ്യാപിച്ചുകിടക്കുന്നു.
ഈജിപ്തിലെ കൃഷിരീതികൾ ഇപ്പോഴത്തെ ഇസ്രായേൽ, ജോർദാൻ, ലെബനൻ, സിറിയ എന്നിവയിലൂടെ കിഴക്കൻ പ്രദേശങ്ങളിലേക്കും തുടർന്ന് തെക്കൻ ഇറാഖിലൂടെ പേർഷ്യൻഗൾഫ് വരെയും വ്യാപിച്ചിരിക്കണം. ഈ ഫലഭൂയിഷ്ഠമായ പ്രദേശത്തെ നാഗരികതയുടെ തൊട്ടിൽ എന്നു വിളിക്കുന്നു. ആധുനിക മനുഷ്യരാശിയുടെ ചരിത്രത്തിൽ അത്യന്തം പ്രാധാന്യമുള്ള ഒരു മേഖലയാണിത്. ആദ്യ നഗരങ്ങളുടെ വികാസവും എഴുത്ത്, വ്യാപാരം, ശാസ്ത്രം, സംഘടിതമതം, ചരിത്രം എന്നിവയെല്ലാം രൂപപ്പെട്ട ഒരു പ്രദേശം ഇവിടെയായിരിക്കണം.
മെസൊപ്പൊട്ടേമിയയിലെ പടിഞ്ഞാറൻ പ്രദേശത്താണ് ബൈബിളിൽ പരാമർശിക്കുന്ന വംശാവലിയുടെ പൂർവ്വ പിതാവായ അബ്രഹാം ജനിച്ചതെന്നാണ് കരുതപ്പെടുന്നത്. വിശുദ്ധ ഭൂമിയിലെ ആദ്യനിവാസികളുടെ കാലമായിരിക്കണം ഇത്. യൂഫ്രട്ടീസിന്റെയും ടൈഗ്രിസിന്റെയും ദേശത്തുനിന്ന് നൈൽ നദിയുടെ ഈജിപ്തിലേക്ക് കുടിയേറുന്നതിനുള്ള വഴി വിശുദ്ധ ഭൂമിയിലൂടെയായിരുന്നു. വികസിതമായ രണ്ടു നാഗരികതകൾ തമ്മിലുള്ള ബന്ധമായിരുന്നു അത്. ഈ രണ്ടു നാഗരികതകളും തുടക്കത്തിൽ സ്വതന്ത്രമായി വികസിച്ചു വന്നവയാണെന്നു കരുതണം. ഇവർക്കിടയിൽ രാഷ്ട്രീയമായ ബന്ധങ്ങളുണ്ടായിരുന്നില്ല, അതിനാൽ സംഘർഷസാദ്ധ്യതകളും കുറവായിരുന്നു. എങ്കിലും, ഒരു കേന്ദ്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവർക്ക് വിശുദ്ധഭൂമിയിലൂടെ സഞ്ചരിക്കേണ്ടിയിരുന്നു. ഭൂപടം നോക്കിയാൽ കാരണം വ്യക്തമാകും. വളരെ കുറച്ചുപേർ മാത്രമേ പർവ്വതങ്ങളിലൂടെയോ മരുഭൂമികളിലൂടെയോ സഞ്ചരിക്കാൻ തയ്യാറാകുമായിരുന്നുള്ളൂ. തീരപ്രദേശപാതയും പർവ്വതതാഴ്‌വരയിലൂടെയുള്ള പാതയും അപകടകരമായിരുന്നില്ല.
വിശുദ്ധ ഭൂമി ഈ രണ്ടു ശക്തികളുടെയും ഭാഗമോ അല്ലെങ്കിൽ അവയ്ക്കിടയിലുള്ള ഒരു സ്വതന്ത്രപ്രദേശമോ ആയിരുന്നു. മെസൊപ്പൊട്ടേമിയയോ ഈജിപ്‌തോ ഈ സഞ്ചാരമേഖലയിൽ രാഷ്ട്രീയമായ നിയന്ത്രണം ഉറപ്പിക്കാൻ ശക്തമല്ലാതിരുന്നപ്പോൾ മാത്രമാണ് അത് സ്വതന്ത്രപ്രദേശമായിരുന്നത്. ഈജിപ്തിനും മെസൊപ്പൊട്ടേമിയയ്ക്കും ഇടയിൽ സന്തുലിതാവസ്ഥ നിലനിന്നപ്പോൾ മാത്രം പുണ്യഭൂമി രാഷ്ട്രീയമായി സ്വതന്ത്രമായി നിന്നു. മെസൊപ്പൊട്ടേമിയയിൽ നിന്നും അറേബ്യൻ ഉപദ്വീപിൽ നിന്നുമുള്ള സെമിറ്റുകൾ, ഈജിപ്ത്, സുഡാൻ മുതലായവയിൽ നിന്നുള്ള ഹാമിറ്റുകൾ. വടക്കു നിന്നുള്ള ജാഫെറ്റീകൾ എന്നിങ്ങനെ വിശുദ്ധഭൂമിയിലേക്ക് എത്തിയവരെ കുറിച്ച് ബൈബിൾ പറയുന്നുണ്ട്. ഈജിപ്തിലും മെസൊപ്പൊട്ടേമിയയിലും വികസിച്ച ആദ്യകാല നാഗരികതകൾ വിശുദ്ധഭൂമിയിലേക്കു വ്യാപിച്ചു. അവിടെ നഗരങ്ങൾ വികസിച്ചു. ഏതാണ്ട് ക്രി.മു. 2350ൽ ഈജിപ്ഷ്യൻ ഫറവോനായിരുന്ന പെപ്പി ഒന്നാമൻ പലസ്തീനിലെ നഗരങ്ങളുടെ മേൽ തന്റെ നിയന്ത്രണം വർദ്ധിപ്പിച്ചുവെന്ന് കരുതപ്പെടുന്നു.
മെസൊപ്പൊട്ടേമിയ- ഇപ്പോഴത്തെ സിറിയയുടെയും ഇറാഖിന്റെയും തുർക്കിയുടെയും നാടാണിത്. തേരഹിന്റെ കുടുംബം 'കൽദായരുടെ ഊർ' വിട്ടുപോയി എന്ന് ബൈബിൾ (ഉൽപ്പത്തി 11:31) പറയുന്നുണ്ട്. കൽദായക്കാർ ബാബിലോണിയൻ സാമ്രാജ്യം സ്ഥാപിച്ച ഒരു ജനവിഭാഗമായിരുന്നു. തെക്കൻ ഇറാഖിലുള്ള ഊർ നഗരം ആധുനിക ടെൽ എൽ-മുഖയ്യർ ആണെന്നതിന് തെളിവുണ്ട്. ലിയോനാർഡ് വൂളിയുടെ നേതൃത്വത്തിൽ 1922-ൽ തെക്കൻ മെസൊപ്പൊട്ടേമിയയിൽ നടത്തിയ ഖനനപ്രവർത്തനങ്ങളിൽ ഊർ എന്ന പുരാതന നഗരത്തെ കുറിച്ച് സവിശേഷമായ ചില തെളിവുകൾലഭിക്കുകയുണ്ടായി. സ്വർണവും വിലയേറിയ കല്ലുകളും കൊണ്ടു നിർമിച്ച ആഭരണങ്ങൾ, സംഗീതോപകരണങ്ങൾ, കൊത്തുപണികളുള്ള ഷെൽ ഫലകങ്ങൾ, മൊസൈക്ക് ചിത്രങ്ങൾ, പ്രതിമകൾ എന്നിങ്ങനെ ചരിത്രകാരന്മാർക്ക് മുമ്പ് അറിയാത്ത ഒരു നാഗരികതയെ കാണിക്കുന്ന സവിശേഷപ്രാധാന്യമുള്ള ശേഖരം കണ്ടെത്തി. അബ്രഹാമിന്റെ പിതാവായ തേരഹിന്റെ കുടുംബം മരുഭൂമിയിലൂടെ സഞ്ചരിച്ച് വടക്ക് പടിഞ്ഞാറ് സിറിയയുടെയും തുർക്കിയുടെയും അതിർത്തിയുടെ വടക്ക് ഭാഗത്തുള്ള ഹാരാനിലേക്ക് പോകുന്നതായാണ് ബൈബിൾ പരാമർശങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.
അബ്രാമും ലോതും പിന്നീടുള്ള യാത്രയിൽ തെക്കോട്ട് കാനാനിലേക്ക് തുടർന്നു, സോദോമും ഗൊമോറയും സ്ഥിതി ചെയ്യുന്ന സമതലം ഉൾപ്പെടെയുള്ള പ്രദേശം നല്ല ജലസമൃദ്ധവും ഫലഭൂയിഷ്ഠവുമായിരുന്നുവെന്ന് ബൈബിൾ പരാമർശിക്കുന്നുണ്ട്. ലോത് യോർദ്ദാൻ താഴ്‌വരയെ കാണുന്നതായി പറയുന്ന ഭാഗത്ത് (ഉൽപ്പത്തി 13:10) അത് ജലസമൃദ്ധമാണെന്ന സൂചനയുണ്ട്. സോദോമിലും ഗൊമോറയിലും നടത്തിയ കാർഷികപ്രവർത്തനങ്ങളോ വിളകളോ ബൈബിൾ വ്യക്തമാക്കുന്നില്ല. ഏതെങ്കിലും പ്രത്യേക വിളകളെക്കുറിച്ചോ മയക്കുമരുന്ന് സസ്യങ്ങളെക്കുറിച്ചോ വ്യക്തമായ പരാമർശമില്ല. ഇസ്രായേലിന്റെയും ജോർദാനിന്റെയും തെക്കൻ മേഖലയിൽ ചാവുകടലിന് സമീപമാണ് സോദോമും ഗൊമോറയും സ്ഥിതി ചെയ്തിരുന്നതെന്നാണ് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നത്. എന്നാൽ, ഈ പുരാതന നഗരങ്ങളുടെ കൃത്യമായ സ്ഥാനങ്ങളെ കുറിച്ച് പണ്ഡിതന്മാർക്കിടയിൽ യോജിപ്പുകളില്ല. ഈ പുരാതന നഗരങ്ങളായിരിക്കാൻ സാധ്യതയുള്ള ചില സ്ഥലങ്ങളെ സൂചിപ്പിക്കുന്ന പുരാവസ്തു തെളിവുകൾ ചാവുകടലിന്റെ സമീപത്തു നിന്നു കണ്ടെത്തിയതായി പറയുന്നുണ്ടെങ്കിലും കൃത്യമായ തിരിച്ചറിയൽ ഒന്നും നടന്നിട്ടില്ല.
നാം ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും അന്വേഷണവിഷയമാക്കുകയും അവയെ സാറാ ജോസഫിന്റെ കറ എന്ന നോവലിനോടു ബന്ധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ചരിത്രം, ഭൂമിശാസ്ത്രം, സാഹിത്യം തുടങ്ങിയ വ്യവഹാരങ്ങളുടെ വ്യതിരിക്തതകളെ കാണാതിരിക്കരുത്. അക്കാദമിക ചരിത്രകാരന്മാർ പഠനത്തിലുടനീളം ഘടനാപരവും വിശകലനപരവുമായ സമീപനമായിരിക്കും പിന്തുടരുന്നത്. വസ്തുതാപരമായ വിവരങ്ങൾ അവതരിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധത അവർ പ്രകടിപ്പിക്കും. ചരിത്രസംഭവങ്ങളുടെ കൃത്യമായ വിവരണവും തെളിവുകളുടെ വിമർശനാത്മകപരിശോധനയും നൽകുന്നതിലാണ് അവർ ശ്രദ്ധിക്കുക. എന്നാൽ, ചരിത്രാഖ്യാനപരമായ സാഹിത്യകൃതികളിൽ വായനക്കാരെ വൈകാരികമായി ഇടപഴകാനും സംഭവങ്ങളെ ജീവസുറ്റതാക്കാനും സർഗ്ഗാത്മകവും ഭാവനാത്മകവുമായ ഘടകങ്ങൾ ഉപയോഗിക്കുന്നുണ്ടാകാം. ആഖ്യാനഘടന കാലക്രമസംഭവങ്ങളോട് കർശനമായി ചേർന്നു നിൽക്കണമെന്നില്ല, ചരിത്രത്തിന്റെ വിശദാംശങ്ങളേക്കാൾ പ്രാധാന്യം ചില കഥാപാത്രങ്ങൾക്കു ലഭ്യമായേക്കാം. ചരിത്രത്തെ ആസ്പദമാക്കുന്ന രചനകളാണെങ്കിലും സാഹിത്യകാരന്മാർ അവരുടെ വീക്ഷണങ്ങളും വ്യാഖ്യാനങ്ങളും പ്രത്യയശാസ്ത്രവും ആഖ്യാനത്തിലേക്ക് സന്നിവേശിപ്പിക്കുന്നുണ്ടാകാം. ആത്മനിഷ്ഠമായ അനുഭവങ്ങൾക്കും ചരിത്രസംഭവങ്ങളിലെ മാനുഷികഘടകത്തിനും ഊന്നൽ നൽകുന്നുണ്ടാകാം. സാഹിത്യകാരന്മാർ സർഗ്ഗാത്മകമായ സ്വാതന്ത്ര്യം ഉപയോഗിക്കുന്നു. പാർശ്വവൽക്കരിക്കപ്പെടുന്നതോ അവഗണിക്കപ്പെടുന്നതോ ആയ മനുഷ്യരുടെ അനുഭവങ്ങൾക്കും വീക്ഷണങ്ങൾക്കും ഊന്നൽ നൽകുന്ന സമീപനത്തെ ഭൂതകാലത്തിന്റെ ചിത്രീകരണത്തിൽ സാഹിത്യകാരന്മാർക്ക് ഉപയോഗിക്കാൻ കഴിയും. 'നമുക്കുവേണ്ടത് ഒരു ജനകീയ ചരിത്രമാണ്, അത് അവഗണിക്കപ്പെടുകയും മറക്കപ്പെടുകയും ചെയ്തവരുടെ പോരാട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നു' എന്നു പറയുന്ന ഹോവാർഡ് സിനിന്റെ ജനകീയചരിത്രത്തോടുള്ള പരിപ്രേക്ഷ്യത്തോടാണ് സാഹിത്യകൃതികളിലെ ചരിത്രത്തിന് വിദൂരമായ ബന്ധമെങ്കിലും ഉള്ളതെന്നു പറയണം.
ജനകീയചരിത്രം സാഹിത്യത്തിന്റെ ഭാഗമാകുന്നത് ഭൂതകാലത്തെ കൂടുതലായി മനസ്സിലാക്കുന്നതിൽ സംഭാവന ചെയ്യുന്നുണ്ട്. വൈവിധ്യമാർന്ന ശബ്ദങ്ങൾ, വ്യക്തിഗതമായ ആഖ്യാനങ്ങൾ എന്നിവയെ മൂല്യവൽക്കരിച്ചു കൊണ്ട് ചരിത്രത്തിന്റെ സങ്കീർണ്ണതകളെ കുറിച്ച് ആഴത്തിലുള്ള ധാരണ സൃഷ്ടിക്കുന്നതിനുള്ള മാധ്യമമായി സാഹിത്യം മാറാം. ഒരു കാര്യം ഉറപ്പിച്ചു പറയണം. സാഹിത്യകൃതികളിലെ ചരിത്രം വസ്തുനിഷ്ഠതയെ എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന അക്കാദമിക് ചരിത്രകാരന്മാരുടെ ചരിത്രമല്ല. സാഹിത്യകൃതികളിലെ ചരിത്രത്തിനു പൂർണ്ണമായും നിർവ്വഹിക്കാനുള്ളത് അക്കാദമിക് ചരിത്രത്തിന്റെ ദൗത്യവുമല്ല. സാഹിതീയവ്യവഹാരങ്ങളുടെ സവിശേഷദൗത്യമാണ് അതിന് ആദ്യമേ നിർവ്വഹിക്കാനുള്ളത്. എങ്കിലും, ഇവയെയെല്ലാം കൊടുക്കുകയും വാങ്ങുകയും പരസ്പരം പോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്.
സാഹിത്യകൃതികളിൽ എഴുതപ്പെടുന്ന ചരിത്രം ഭാവനാത്മകമായ ചരിത്രമാണ്. എഴുത്തുകാരിയുടെ സങ്കൽപ്പനങ്ങൾ അതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. അറിയപ്പെടുന്ന ചരിത്രരചനാരീതികളിൽ നിന്ന് ഇതു വ്യത്യസ്തമാണ്. ഭൂതകാലത്തിന്റെ വശങ്ങൾ പര്യവേക്ഷണം ചെയ്യാനും അറിയാനും ഇരുവരും ലക്ഷ്യമിടുന്നുണ്ടെങ്കിലും അവരുടെ സമീപനങ്ങളും മുൻഗണനകളും ലക്ഷ്യങ്ങളും വ്യത്യസ്തമാണ്. നോവലിലെ ഭാവനാത്മകചരിത്രരചനയിൽ സാങ്കൽപ്പിക കഥാപാത്രങ്ങളെയും സംഭവങ്ങളെയും ചരിത്രത്തിന്റെ വ്യവഹാരത്തിലേക്ക് സന്നിവേശിപ്പിക്കുന്നു. ഈ കഥാപാത്രങ്ങളും സംഭവങ്ങളും യഥാർത്ഥ ചരിത്രവ്യക്തികളും സംഭവങ്ങളുമായി പ്രതിപ്രവർത്തിക്കുകയും ഒരു പുതിയ വീക്ഷണത്തിന്റെ ആവിർഭാവത്തിനു കാരണമാകുകയും ചെയ്യുന്നു. ഇത് പരമ്പരാഗത ചരിത്രവിചാരങ്ങളിൽ അവഗണിക്കപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ മനുഷ്യരുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങാൻ അനുവദിക്കുന്നു. ഭാവനാത്മകതയുടെ പ്രയോഗങ്ങൾ ചരിത്രവ്യക്തികൾക്കു തന്നെ വ്യക്തിപരവും വൈകാരികവുമായ ആഴം നൽകാൻ സഹായിക്കുന്നു. ധർമത്തെയും പ്രതിരോധത്തെയും കുറിച്ചള്ള വിചാരങ്ങളെ ശക്തമായി ഉന്നയിക്കാൻ ഈ രീതി സഹായകമാകുന്നു. ഉൽപ്പത്തിപുസ്തകത്തെ ഒരു ചരിത്രരേഖ എന്നതിലുപരി ദൈവശാസ്ത്രപരമോ സാഹിത്യപരമോ ആയ നിർമിതിയായി കാണണമെന്ന റൊണാൾഡ് ഹെൻഡലിന്റെ വാദം കൂടി ഇവിടെ ഓർക്കേണ്ടതാണ്. ബൈബിളിനെ ഒരു സാഹിത്യകൃതിയായിട്ടാണ് നാം പരിഗണിക്കുന്നതെങ്കിൽ സാറാ ജോസഫിന്റെ നോവൽ ഒരു സാഹിത്യകൃതിയുടെ പുനർരചനയാണ്. ബിന്ദ്യയും എമാലത്തും യാഖീനും മറ്റും ഈ പുനർരചനയിൽ എഴുത്തുകാരി സ്വയം സൃഷ്ടിച്ച കഥാപാത്രങ്ങളാണ്.
അബ്രഹാമിന്റേയും ലോതിന്റേയും കഥകൾ പറയുമ്പോൾ ബൈബിൾ ആഖ്യാനങ്ങളെയാണ് സാറാ ജോസഫ് പ്രധാനമായും പിന്തുടരുന്നത്. എന്നാൽ, ഈഡിത്തിന്റെയും ബിന്ദ്യയുടെയും എമാലത്തിന്റേയും യാഖീന്റെയും ആഖ്യാനങ്ങളിൽ ഇതിനു സാദ്ധ്യതയില്ല. ആ കാലത്തിന്റെ ജീവിതത്തെ എഴുതേണ്ട പ്രകരണമാണത്. ഇവിടെ, എഴുത്തുകാരിയുടെ ഭാവനയും സ്ഥല-കാലങ്ങളുടെയും ചരിത്രത്തിന്റെയും സവിശേഷമായ വ്യാഖ്യാനങ്ങളും രചനയിൽ മുന്നിട്ടു നിൽക്കുന്നു. സമകാലത്തിന്റെ വിളികൾ അതിൽ പ്രതിദ്ധ്വനിക്കുന്നുമുണ്ടാകും. ജനങ്ങളെ ഒന്നാകെ ആവേശിച്ചിരുന്ന മയക്കുമരുന്നിനോടുള്ള ആസക്തിയെയാണ് സോദോം ഗൊമോറയുടെ ധാർമ്മികതകർച്ചയുടെ പ്രധാന കാരണമായി എഴുത്തുകാരി കാണുന്നത്. നോവലിന്റെ ശീർഷകത്തെ സൃഷ്ടിക്കുന്ന ആദ്യ പ്രേരകം കറുപ്പിന്റെ കറയാണെന്നു പറയാവുന്നതുമാണ്. നോവലിൽ സൂചിപ്പിക്കുന്നതു പോലെയല്ല, മയക്കുമരുന്നു സസ്യങ്ങളുടെ കൃഷിയെ കുറിച്ച് ബൈബിളിൽ നേർ പരാമർശമില്ലെന്ന് ഫാദർ പോൾ തേലക്കാട്ട് ഒരു ചർച്ചയ്ക്കിടയിൽ പറയുന്നുണ്ട്. എന്നാൽ, സോദോം ഗൊമോറയിൽ കറുപ്പിന്റെ വ്യാപകമായ ഉപയോഗമുണ്ടായിരുന്നതായി വ്യാഖ്യാനിക്കുന്നതിനെ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങൾ ചരിത്രത്തിൽ നിന്നും കണ്ടെത്താൻ കഴിയും. പൂർവ്വകൃതിയായ ബൈബിളിനെയും അക്കാലത്തെ കുറിച്ചുള്ള ലഭ്യമായ അക്കാദമിക് ചരിത്രത്തെയും ജനകീയചരിത്രത്തിന്റെ മാനവികമായ വീക്ഷണങ്ങളെയും പുരാവസ്തു ശാസ്ത്രത്തിന്റെ ഗവേഷണഫലങ്ങളെയും തന്റെ ഭാവനയെയും സമർത്ഥമായി കൂട്ടിയിണക്കുന്ന ഒരു രചനാരീതി എഴുത്തുകാരി രൂപപ്പെടുത്തുന്നുണ്ടെന്നു പറയാം. സാറാ ജോസഫിന്റെ ഭാവനാസങ്കൽപ്പനങ്ങൾ ചരിത്രവിരുദ്ധമായ കേവലതകളിൽ നിൽക്കുന്നതല്ല.
ഇന്ത്യയിലേക്കും ചൈനയിലേക്കും കറുപ്പ് എത്തിച്ചേരുന്നത് അറബ് ദേശങ്ങളിൽ നിന്നാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. 6,000 വർഷങ്ങൾക്ക് മുമ്പു തന്നെ സുമേറിയർക്ക് പോപ്പിയെ കുറിച്ച് അറിയാമായിരുന്നു. അവർ പോപ്പിയെ സന്തോഷത്തിന്റെ ചെടി എന്നു വിശേഷിപ്പിച്ചിരുന്നു. ഈജിപ്തിൽ നിന്നാണ് ഇതിന്റെ ഗുണങ്ങളേയും ഉപയോഗത്തേയും കുറിച്ചുള്ള ആദ്യ തെളിവുകൾ ലഭിക്കുന്നത്. കറുപ്പ് ആദ്യം പുരോഹിതരുടെ കുത്തകയായിരുന്നു, അത് പുരോഹിതരുടെ രഹസ്യങ്ങളുടെയോ നിഗൂഢതയുടെയോ ഭാഗമായിരുന്നു.
പിന്നീട്, ഈജിപ്ത് വൈദ്യശാസ്ത്രവിജ്ഞാനത്തിന്റെ കേന്ദ്രമായപ്പോൾ, കറുപ്പ് ചികിത്സക്കായി വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പോപ്പിയുടെ കൃഷി ആരംഭിച്ചത് പടിഞ്ഞാറൻ മെഡിറ്ററേനിയനിലാണോ അതോ സമീപ കിഴക്കൻ പ്രദേശങ്ങളിലാണോ എന്നതിനെ കുറിച്ചുള്ള അഭിപ്രായങ്ങളിൽ ഇപ്പോഴും യോജിപ്പുകളില്ല. പടിഞ്ഞാറൻ മെഡിറ്ററേനിയനിൽ സഹസ്രാബ്ദങ്ങളോളം വ്യാപകമായിരുന്ന പാപ്പാവർ സെറ്റിഗെറം എന്ന ഇനത്തിന് കറുപ്പുപോപ്പിയുമായി അടുത്ത ബന്ധമുണ്ടെന്ന് സസ്യശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നു. പോപ്പിയുമായി ഒത്തുപോകുന്ന മനുഷ്യവാസത്തിന്റെ ആദ്യ തെളിവ്, ജോർദാൻ താഴ്‌വരയിലെ ആദ്യകാല നിയോലിത്തിക്‌സൈറ്റിൽ നിന്നും കണ്ടെത്തിയതാണ്. ഈ സസ്യാവശിഷ്ടങ്ങൾ 8000 -10000 വർഷങ്ങൾക്കിടയിലാണെന്ന് കാർബൺ ഡേറ്റിംഗ് ഫലങ്ങൾ കാണിക്കുന്നുണ്ടത്രെ! ഇതിൽ ഗ്ലേസിയം ഫ്‌ളേവത്തിന്റെ അവശിഷ്ടങ്ങളും ഉൾപ്പെടുന്നു. ഈ ഇനം വളരെ വിഷമുള്ളതാണ്. എന്നാൽ, ഇതിലടങ്ങിയിട്ടുള്ള ഗ്ലൂസിൻ കറുപ്പ് പോപ്പി പോലെ വേദന ഒഴിവാക്കുകയും ശ്വസനവ്യവസ്ഥയെ അമർത്തുകയും ചെയ്യുന്നു, അതിനാൽ നിരന്തരമായ ചുമയെ ലഘൂകരിക്കാൻ സഹായിക്കുന്നു.
തീബ്‌സിലെ ചികിത്സാ പാപ്പിറസിൽ പോപ്പി ഒരു മരുന്നായി പട്ടികപ്പെടുത്തിയിട്ടുണ്ട്. അത് രോഗം ഭേദമാക്കിയില്ലെങ്കിലും വേദനയെ ഇല്ലാതാക്കുന്നു. ഇത് ശരീരത്തിനും മനസ്സിനും ഒരുപോലെ ആശ്വാസം നൽകുന്നു. വെങ്കലയുഗത്തിൽ ഈജിപ്ത് കറുപ്പ് പോപ്പിയെ പൂർണ്ണമായി സ്വീകരിച്ചതിന്റെ കൂടുതൽ തെളിവ് ഈബർസ് പാപ്പിറസിലുണ്ട്. അത് ബിസി 1552 മുതൽ ആരംഭിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ഈജിപ്തിൽ താമസിച്ചിരുന്ന കുപ്രസിദ്ധ അമേരിക്കൻ ടോംബ് റൈഡർ എഡ്വിൻ സ്മിത്താണ് ഇത് കണ്ടെത്തിയത്. ഒരു അജ്ഞാത മമ്മിയുടെ കാലുകൾക്കിടയിൽ നിന്ന് സ്മിത്ത് പാപ്പിറസ് നീക്കം ചെയ്യുകയും 1873-4 ലെ ശൈത്യകാലത്ത് ജർമ്മൻ ഈജിപ്‌റ്റോളജിസ്റ്റ് ജോർജ്ജ് മോറിറ്റ്‌സ് എബേഴ്‌സിന് അതു വിൽക്കുകയും ചെയ്തു. ശിശുക്കൾക്ക് കറുപ്പു നൽകുന്നതിനുള്ള നിർദ്ദേശങ്ങൾക്ക് ഏബർസ് പാപ്പിറസ് ഏറ്റവും പ്രസിദ്ധമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും കരയുന്ന കുഞ്ഞുങ്ങൾക്കു കറുപ്പ് നൽകുന്ന രീതിയുണ്ടായിരുന്നു. സാറാജോസഫിന്റെ നോവൽ ആരംഭിക്കുന്നതു തന്നെ ഇത്തരമൊരു പ്രകരണത്തെ എഴുതിക്കൊണ്ടാണ്.
പണികഴിഞ്ഞ് അവൾ മടങ്ങിവരുംവരെ കുഞ്ഞ് ഉറങ്ങിക്കൊള്ളും എന്നു പറഞ്ഞാണ് അതറായി ഗ്രാമത്തിൽ ജീവിക്കുന്ന ബിത്യ എമാലത്തിന്റെ പക്കൽ തന്റെ കുഞ്ഞിനെ ഏൽപ്പിച്ചു പോകുന്നത്. അന്നേദിവസം, കുഞ്ഞ് ശ്വാസമെടുക്കാൻ ക്ലേശിക്കുന്നത് എമാലത്ത് കണ്ടു. കുഞ്ഞിനെ എമാലത്ത് കൈകളിലെടുത്തപ്പോൾ വായിൽ നിന്നും നുര വരുന്നുണ്ടായിരുന്നു. എമാലത്ത് വല്ലാതെ ഭയപ്പെട്ടു. എലിശേബയുടെ നാത്തൂൻ, ദുരാത്മാക്കളെ ഒഴിപ്പിക്കുന്നവൾ, കുഞ്ഞിനെ എത്രയും വേഗം അതിന്റെ അമ്മയെ ഏൽപ്പിച്ചു കൊള്ളാൻ പറഞ്ഞു. എമാലത്ത് കുഞ്ഞിനേയും കൊണ്ട് ബിത്യ പണിയെടുക്കുന്ന ലോതിന്റെ കളത്തിലേക്ക് ഓടി. ലോതിന്റെ പന്നിക്കൂട്ടിലാണ് ബിത്യ പണിയെടുക്കുന്നത്. 'നെഞ്ചത്തടക്കിപ്പിടിച്ച് ഭയം കൈമാറുന്നതുപോലെ എമാലത്ത് കുഞ്ഞിനെ ബിത്യയുടെ കൈകളിലേക്കു കൊടുത്തു.'
യാം സോവർ പറഞ്ഞിട്ടാണ് ബിത്യ കുഞ്ഞിനെ ലോതിന് അടുത്തെത്തിക്കുന്നത്. കറുപ്പു കൊടുത്തതിന്റെ ലക്ഷണങ്ങളാണ് ലോത് കുഞ്ഞിൽകണ്ടത്. എത്രകാലമായി നീയിതു കുഞ്ഞിനു കൊടുക്കുന്നുവെന്ന് ലോത് ബിത്യയോടു ചോദിക്കുന്നുണ്ട്. പിന്നീട്, ലോത് ഇങ്ങനെ പറയുന്നതായി നോവലിൽ വായിക്കാം.
'കറുപ്പ് കാളകൂടത്തിനു സമം. സോദോമിലെ റോഷേച്ചെടികളിൽ വിളയുന്നത് മരണത്തിന്റെ പാൽക്കനിയാണ്. അത് ഉദരത്തെ അടച്ചു കളയും. നാഡികളെ വലിച്ചു മുറുക്കും. മാംസപേശികളെ തകർക്കും. കാഴ്ചയെ വികലമാക്കും. വെളിച്ചത്തെ വെറുപ്പിക്കും. തലയ്ക്കുള്ളിൽ വേദനയുടെ അഗ്നിപർവ്വതം സൃഷ്ടിക്കും.'
സോദോമിന്റെ മുന്തിരി വിഷവും മരണവുമാണെന്ന് നോവൽ എഴുതുന്നു. ഈ വിഷത്തെ നീട്ടി സോദോം എല്ലാ മനുഷ്യരെയും പ്രലോഭിപ്പിക്കുന്നു.
മറ്റു രാഷ്ട്രങ്ങളെ ചതിച്ചും വഞ്ചിച്ചുമാണ് സോദോമിലെ ധനികരും അധികാരികളും അതിസമ്പന്നരാകുന്നത്. സോദോമിന്റെ ധാർമികത്തകർച്ചയിൽ കറുപ്പിന്, മയക്കുമരുന്നുകളുടെ വലിയ തോതിലുള്ള കൃഷിക്കും വിപണനത്തിനും ഉപഭോഗത്തിനും പങ്കുണ്ടെന്ന് സാറാ ജോസഫിന്റെ ആഖ്യാനം പറയുന്നു. ബൈബിളിൽ പരാമർശിക്കപ്പെടുന്ന മുന്തിരിയ്ക്ക് അതിപരിചിതമല്ലാത്ത ചില അർത്ഥങ്ങൾ നൽകുന്നു. ചരിത്രത്തിന്റെയും സോദോമിലെ അധാർമിക ജീവിതത്തിന്റെയും പശ്ചാത്തലത്തിൽ സോദോം ഗൊമോറയുടെ തകർച്ചയ്ക്ക് സാഹിതീയമായ വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നു. ബിത്യയുടെയും എമാലത്തിന്റെയും യാഖീന്റെയും ജീവിതാനുഭവങ്ങളുടെ ദീർഘമായ വിവരണങ്ങളിലൂടെ സോദോമിന്റെ നൃശംസതയെ കഥാകാരി എഴുതുന്നുണ്ട്. നോവൽ സോദോം ഗൊമോറയുടെ അധോതലലോകങ്ങളിലേക്ക് സഞ്ചരിക്കുന്നു. വ്യാപകമായി റോഷെച്ചെടികളും മറ്റും കൃഷിചെയ്യുന്നതും മയക്കുമരുന്നിനുള്ള കറ ഊറ്റുന്നതും കുട്ടികളേയും യുവാക്കളേയും കൃഷിക്കളങ്ങളിൽ അടിമകളാക്കി പണിയെടുപ്പിക്കുന്നതും മറ്റും നോവൽ കാണുന്നുണ്ട്. കുട്ടികൾ മയക്കുമരുന്നിൽ ആസക്തരാകുന്നതും കായികവും മാനസികവുമായ ശേഷികൾനഷ്ടപ്പെട്ട് ജീവിതം തുലയ്ക്കുന്നതും നോവലിൽ എഴുതുന്നുണ്ട്.
ബിത്യയുടെ കുഞ്ഞിനെ ലോത് തന്റെ ചികിത്സയിലൂടെ ഭേദപ്പെടുത്തിയെങ്കിലും ഓഫീറിന്റെ പടയാളികൾ അവരെ തേടിയെത്തുന്നു. പരദേശിയിൽ നിന്ന് നിയമവിരുദ്ധമായി ചികിത്സ സ്വീകരിച്ചതിന് ബിത്യയേയും എമാലത്തിനേയും പീഡിപ്പിക്കുന്നു. ഓഫീറിന്റെ സന്നാഹങ്ങൾ അവരെ പീഡിപ്പിക്കുന്നതിന്നായി ഊഴം കാത്തുനിൽക്കുകയാണ്. ഓഫീർ കുഞ്ഞിനെ പ്രതിമരുന്നു നൽകി കൊല്ലുകയും മൃതദേഹം ലോതിന് എത്തിക്കുകയും ചെയ്യുന്നു. ഓഫീറിന്റെ ഭവനത്തിലേക്കു കണ്ണുകൾ കെട്ടി കൊണ്ടുപോകുമ്പോൾ, എമാലത്തിന്റെ മുറവിളിക്കും അലമുറയിട്ടുള്ള കരച്ചിലിനും ഇടയിൽ അവൾ പറയുന്നത് സോദോമിലെ നിന്ദ്യരായ അടിമസ്ത്രീകളുടെ നരകജീവിതത്തെയാണ്. പട്ടണാതിർത്തിയിലെ കുറ്റിക്കാട്ടിൽ മരിക്കാറായി കിടന്ന ആ സ്ത്രീകളെ ലോതിന്റെ ശുശ്രൂഷാലയത്തിൽ ചികിത്സിക്കുന്നു.
പെണ്ണായി പിറന്നതുകൊണ്ട് കുഞ്ഞുന്നാളിലെ മുതൽ എമാലത്ത് അനുഭവിക്കുന്ന പീഡനങ്ങളുടെ കഥ എഴുതുന്ന നോവലിലെ പേജുകൾ വീണ്ടും വായിക്കാതെ ആർക്കെങ്കിലും കടന്നുപോകാൻ കഴിയുമെന്നു തോന്നുന്നില്ല. 'എമാലത്തിനോട് പടയാളികൾ ആക്രോശിക്കുന്നതു ബിത്യയും കേട്ടു. 'കുനിഞ്ഞ് നിൽക്ക് വേശ്യേ. നാലുകാലിൽ നിൽക്ക്, എന്റെ പട്ടി നിൽക്കുന്നതു പോലെ നിൽക്ക്.'
അവർക്കുമുമ്പ് ഭയം എമാലത്തിന്റെ ഉടുപ്പിനുള്ളിൽ കയറിക്കൂടി. തണുത്തുറഞ്ഞ വിരലുകൾ കൊണ്ട് അവളെ ഞെക്കിപ്പിഴിഞ്ഞു. പഴകിപ്പൊട്ടിയ കുറ്റി നഖം കൊണ്ട് കുത്തിക്കീറി. വഴുക്കുന്ന നാവായി ഇഴഞ്ഞുനടന്നു. വെട്ടുകിളികളെ പോലെ അവർ കൂട്ടമായി ദേഹത്തു വന്നു വീണപ്പോഴാകട്ടെ എമാലത്ത് തീരുമാനിച്ചു, എന്തുവന്നാലും മരിച്ചുകൂടാ.
തന്റെ ബാല്യകാലാനുഭവം ഇപ്പോൾ അവൾ ഓർക്കുന്നുണ്ട്. ആബ്ബയുടെ സഹോദരന്റെ ആദ്യജാതനെ ബാലിനു ബലി കൊടുക്കാൻ കാത്തുനിൽക്കുന്നവരുടെ കൂട്ടത്തിൽ അവളുമുണ്ടായിരുന്നു. കുഞ്ഞിനെ ബലി കൊടുക്കുകയാണ്. അമ്മമാരുടെ നിലവിളികൾ. തന്നെ കൊല്ലാൻ കൊണ്ടുപോകുകയാണെന്നറിഞ്ഞ ബലിമൃഗം അലറുകയും കുതറുകയും ചെയ്യുന്നുണ്ടായിരുന്നു. തിരക്കിന്നിടയിലാണ് അവർ അവളെയും എടുത്ത് പൂജാഗിരിയുടെ പിറകിലേക്കു പോയത്. അവൾ മരിച്ചില്ലെന്നത് അത്ഭുതമായിരുന്നു. മരിക്കരുത്, പിടിച്ചുനിൽക്ക് എന്ന ഈമയുടെ വാക്കുകൾ പിന്നെ എത്രയോ തവണ അവളുടെ ചെവിയിൽ മുഴങ്ങിയിരിക്കുന്നു. ഭർത്താവായി യാഖീൻ വന്നിട്ടും അവളുടെ ജീവിതത്തിന് മാറ്റമുണ്ടായില്ല. അവൻ ദുർബ്ബലനും ഭീരുവുമായിരുന്നു. യാഖീൻ അവളെ കൃഷിയിടത്തിലേക്കു കൊണ്ടുപോയപ്പോഴും അവൾ പലരാലും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു.
എമാലത്തും ബിത്യയും യാഖീനും ഹാറീമും നോവലിലെ പ്രധാന കഥാപാത്രങ്ങളല്ല. എന്നാൽ, ഏറെയും അവരിലൂടെയാണ് സോദോം ഗൊമോറയുടെ സാമൂഹിക ജീവിതചരിത്രം എഴുതപ്പെടുന്നത്. സോദോം ഗൊമോറയിലെ സാമാന്യജനതയുടെ ജീവിതം എഴുതുന്നതിന് ഭാവനയിൽ സൃഷ്ടിക്കപ്പെട്ട ഈ കഥാപാത്രങ്ങളെ ആവശ്യമായിരുന്നു. ഓഫീറിന്റെ പ്രത്യൗഷധചികിത്സയിൽ മരണപ്പെട്ട തന്റെ കുഞ്ഞിന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനു നിൽക്കാതെ ചന്തത്തെരുവിൽ കറുപ്പു വിറ്റു നടക്കുന്ന ബിത്യയെ ലോതും അദോണിയയും ഹൊദയയും കാണുന്നുണ്ട്. നിനക്ക് കുഞ്ഞിന്റെ ദേഹം കാണണമെന്നില്ലേയെന്നു ചോദിക്കുന്ന ലോതിനോട് 'ഇല്ല' എന്ന് നിസ്സംഗതയോടെ മറുപടി പറയുന്നു, ബിത്യ. അവരിൽ നിന്ന് അകന്നു പോകുന്നതിന് അവൾ തിടുക്കം കാണിക്കുന്നു. നന്മയുടെ മൂല്യങ്ങളിൽ നിന്നും സന്ദേശങ്ങളിൽ നിന്നും അകന്നുപോകാൻ പ്രേരിപ്പിക്കുന്ന ജീവിതമാണ് സോദോമിലെ ജനങ്ങളുടേത്. അവരെ ചൂഴ്ന്നുനിൽക്കുന്ന വികാരം പേടിയാണ്. സോദോം ഗൊമോറയുടെ സാമൂഹികവ്യവസ്ഥ മക്കളുടെ മൃതദേഹത്തോടു ഉപേക്ഷയും സ്‌നേഹരാഹിത്യവും കാണിക്കുന്ന അമ്മമാരെ പോലും സൃഷ്ടിച്ചിരിക്കുന്നു. സ്വയം അതിജീവനത്തിന് ഈ നികൃഷ്ടത അനിവാര്യമാണെന്ന് അധികാരത്തിന്റെ ക്രൗര്യം ബിത്യയെ നിർബ്ബന്ധിക്കുന്നുണ്ടായിരുന്നു. കറുപ്പു വിളയുന്ന പാടങ്ങളിൽ പണിയെടുക്കേണ്ടി വരുന്ന യാഖീൻ അതിന്നായി പരിവർത്തിക്കപ്പെടുന്നതിന്റെ ദീർഘമായ വിവരണങ്ങൾ എഴുത്തുകാരി നൽകുന്നു. കണ്ണുകെട്ടി പരിസരമേതെന്നു തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് യാഖീൻ കറുപ്പുപാടങ്ങളിലേക്കു നയിക്കപ്പെടുന്നത്. കറുപ്പിന്റെ പുക നിറച്ച അറകളിൽ അവൻ പരിശീലിക്കപ്പെടുന്നു. മർദ്ദനമുറകൾക്കു വിധേയനാകുന്നു. അവനെ കറുപ്പിന്റെ മാരകമായ ലഹരിക്ക് അത്യാസക്തനാക്കുന്നു. സോദോം മുന്തിരി നൽകുന്ന ലഹരിയുടെ പാതിബോധത്തിലാണ് അവൻ പണിയെടുക്കുന്നത്. കറുപ്പിന്റെ ലഹരിയില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത സ്ഥിതി സൃഷ്ടിക്കപ്പെടുന്നു. അവൻ അടിമയാണ്.
അടിമ - ഉടമ ബന്ധത്തിലെ ഏറ്റവും ഹീനമായ ചൂഷണരീതികളെയാണ് കഥാകാരി ആവിഷ്‌ക്കരിക്കുന്നത്. കറുപ്പിലും ലൈംഗികാഭാസങ്ങളിലും അത്യാസക്തരായി തീർന്ന മനുഷ്യരാണ്, സോദോമിലുള്ളത്. മനുഷ്യരെ ദുർവൃത്തികളിലേക്കു പ്രലോഭിപ്പിച്ചു സമ്പത്തും അധികാരവും വർദ്ധിപ്പിക്കുന്ന ധനാഢ്യരും അധികാരികളും സോദോം ഗൊമോറയെ നരകമാക്കി മാറ്റിയിരിക്കുന്നു. സമകാലജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നുള്ള വിളികളും ഈ രചനാസന്ദർഭങ്ങളിൽ എഴുത്തുകാരിക്ക് ത്വരകമായി തീർന്നിരിക്കാം. ഒരു പക്ഷേ, ഇതിനെല്ലാമപ്പുറത്ത് സാറാ ജോസഫിന്റെ നോവൽ ഉൾക്കൊള്ളുന്ന സ്ത്രീവാദപരമായ സമീപനങ്ങളും പ്രാന്തവൽകൃതരുടെ ജീവിതത്തോടുള്ള പ്രതിജ്ഞാബദ്ധതയുമാണ് ഭാവനാത്മകചരിത്രത്തിന്റെ രൂപീകരണത്തിൽ വലിയ പങ്കു വഹിക്കുന്നത്. ഈഡിതും ലേയയും മിഹാലും എമാലത്തും ബിത്യയും യാഖീനും ഹാറീമും എല്ലാം രൂപമെടുക്കുന്നത് ഈ കാഴ്ചയിൽ നിന്നാണ്.
ബൈബിൾ ദൈവജീവിതത്തിൽ സ്ത്രീകളുടെ പങ്കാളിത്തം പരിമിതപ്പെടുത്താൻ ശ്രമിക്കുന്നു, സ്ത്രീകൾ ഭർത്താക്കന്മാർക്കോ യജമാനന്മാർക്കോ പിതാക്കന്മാർക്കോ വിധേയരാകുന്നതിനെയും കീഴ്‌പ്പെടുന്നതിനെയും പ്രബോധിപ്പിക്കുന്നവയാണ്, അവ. ഇത് സാമൂഹികയാഥാർത്ഥ്യത്തോടു ഒത്തുചേരുന്നതല്ല. മറിച്ച്, കീഴ്‌വഴക്കങ്ങൾ നിർദ്ദേശിക്കുന്ന വരേണ്യപുരുഷപക്ഷശ്രമത്തിന്റെ ഫലമാണത്. ഇങ്ങനെ രൂപം കൊണ്ട ആഖ്യാനങ്ങളെ പുനർനിർമിക്കാനുള്ള ശ്രമങ്ങളിൽ ധാരാളം സ്ത്രീവാദികൾ മുഴുകിയിരിക്കുന്നു. സാറാ ജോസഫിന്റെ നോവലിൽ ഈ നിലയിലുള്ള പ്രവർത്തനം ഉള്ളടങ്ങിയിട്ടുണ്ട്. മലയാളത്തിലെ ആദ്യശ്രമങ്ങളുമാണല്ലോ അത്. 1895-ലും 1898-ലും പ്രത്യക്ഷപ്പെട്ട സ്ത്രീബൈബിളിനെ ചുറ്റിപ്പറ്റിയുള്ള സംവാദം ഫെമിനിസ്റ്റ് ബൈബിൾ വ്യാഖ്യാനത്തിന്റെ രാഷ്ട്രീയസാഹചര്യങ്ങളെ സുവ്യക്തമാക്കിയിരുന്നു. സ്ത്രീകളുടെ ബൈബിൾ എന്ന പദ്ധതിയുടെ തുടക്കക്കാരിയായ എലിസബത്ത് കാഡി സ്റ്റാന്റൺ ദൈവശാസ്ത്രപരമായ ഫെമിനിസ്റ്റു വ്യാഖ്യാനത്തിന് ചില നിർണായകമായ ഉൾക്കാഴ്ചകൾ നൽകി. കാഡി സ്റ്റാന്റൺ മുന്നോട്ടു വച്ച സമീപനങ്ങൾ ഇക്കാര്യത്തിൽ ഫെമിനിസ്റ്റു നിലപാടുകളുടെ അവസാനവാക്ക് അല്ലെങ്കിലും സാറാജോസഫിന്റെ നോവൽ സങ്കൽപ്പനത്തിൽ സ്ത്രീവാദപരമായ നിലപാടുകൾ എങ്ങനെയെല്ലാം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നുവെന്നു കാണുന്നതിന് സ്റ്റാന്റൺ മുന്നോട്ടുവച്ച സ്ത്രീകളുടെ ബൈബിൾ എന്ന പദ്ധതി ഏറെ സഹായകമാണെന്നു കരുതുന്നു.
ബൈബിൾ ഒരു 'നിഷ്പക്ഷ'പുസ്തകമല്ലെന്നും സ്ത്രീകളുടെ വിമോചന പോരാട്ടത്തിനെതിരായ ഒരു രാഷ്ട്രീയ ആയുധമാണെന്നും കാഡി സ്റ്റാന്റൺ പറഞ്ഞു. ദൈവത്തെ അറിയാത്ത പുരുഷന്മാരുടെ മുദ്ര ബൈബിൾ വഹിക്കുന്നു. ഇസബെല്ല ബീച്ചർ ഹുക്കർ എഴുതിയ 'ഓ, മഹാനായ യഹോവേ, ഞങ്ങളെ നയിക്കേണമേ' എന്ന ഗാനം ആലപിക്കുന്ന ഒരു പ്രാർത്ഥനായോഗത്തിൽ പങ്കെടുക്കാൻ കാഡി സ്റ്റാന്റൺ വിസമ്മതിച്ചു. യഹോവ അടിച്ചമർത്തപ്പെട്ടവരുടെ പക്ഷത്തല്ലെന്നതായിരുന്നു അവളുടെ അനുഭവം. ബൈബിളിന്റെ ഒരു പുനരവലോകനം തയ്യാറാക്കാൻ സ്റ്റാന്റൺ നിർദ്ദേശിക്കുന്നു. ബൈബിളിലെ സ്ത്രീകളെ പരാമർശിക്കുന്ന എല്ലാ പ്രസ്താവനകളും ശേഖരിക്കുകയും വിമർശബുദ്ധി കൊണ്ട് വ്യാഖ്യാനിക്കുകയും ചെയ്യുക എന്ന ലക്ഷ്യം അതു മുന്നോട്ടുവച്ചു. സ്ത്രീകളുടെ ബൈബിളിന്റെ ഈ പദ്ധതി അതിന്റെ രാഷ്ട്രീയമായ പ്രത്യാഘാതങ്ങൾ മൂലം ജനപിന്തുണ ഇല്ലാത്തതായിരുന്നു.
ഈ പദ്ധതിക്കെതിരെ ഉയർന്നുവന്ന എതിർപ്പുകളെ കാഡി സ്റ്റാന്റൺ ഇങ്ങനെയാണ് സംഗ്രഹിച്ചത്. 'സുഹൃത്തും ശത്രുവും ശീർഷകത്തെ എതിർക്കുന്നു.' സ്ത്രീകളുടെ ബൈബിൾ 'സ്ത്രീകളുടെയും പിശാചിന്റെയും സൃഷ്ടിയാണ്' എന്ന് ഒരു പുരോഹിതൻ ആരോപിക്കുന്നുണ്ട്. അതിന് സ്റ്റാന്റൺ ഇങ്ങനെ മറുപടി പറയുന്നതായി എലിസബത്ത് ഷൂസ്ലർ ഫിയോറെൻസാ എഴുതുന്നുണ്ട്. 'ഇത് ഗുരുതരമായ തെറ്റാണ്. സ്ത്രീകൾ മാത്രം അടങ്ങുന്ന സമിതിയിൽ പിശാച് ചേരാൻ പാടില്ലായിരുന്നു. കൂടാതെ, സിനഡുകളിലും ജനറൽ അസംബ്ലികളിലും കോൺഫറൻസുകളിലും സ്ത്രീപ്രതിനിധികൾ പങ്കെടുക്കുന്നതു തടയാൻ പിശാച് വളരെ തിരക്കിലാണല്ലോ?'
മതമൗലികവാദികളുടെ ആക്രമണങ്ങൾ, ഫെമിനിസ്റ്റുകൾക്കിടയിലെ തർക്കങ്ങൾ, ക്ഷമാപണങ്ങൾ എന്നിവയെല്ലാം ബൈബിളിലെ സ്ത്രീകളെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ സംഭവിക്കുന്നുണ്ട്. ഉദാഹരണത്തിന്, ക്രിസ്ത്യൻ ദൈവശാസ്ത്രവും വിശ്വാസവും പ്രാരംഭഘട്ടത്തിൽ തന്നെ ലൈംഗികമായ വിഭാഗീയത പുലർത്തിയിരുന്നുവെന്നും പൗലോസിന്റെ ലേഖനങ്ങൾ അതു തെളിയിക്കുന്നുണ്ടെന്നും വാദിക്കുന്ന സ്ത്രീവാദികളുണ്ട്. ബൈബിളിന്റെ ഫെമിനിസ്റ്റ് വ്യാഖ്യാനം പരാജയപ്പെടുമെന്നതിന്റെ സൂചനയായി ഇതിനെ കാണുന്നവരുമുണ്ട്. മറിച്ച്, പൗലോസിനെ 'വിമോചനവാദി’ എന്നു ന്യായീകരിക്കുന്ന ഫെമിനിസ്റ്റുകളുമുണ്ട്. ഇങ്ങനെയുള്ള നിരവധി വൈരുദ്ധ്യങ്ങളും പ്രശ്‌നങ്ങളും നിലനിൽക്കുമ്പോഴും ഒരു ഫെമിനിസ്റ്റ് വ്യാഖ്യാനത്തിനായി കാഡി സ്റ്റാന്റൺ മുന്നോട്ടുവച്ച രാഷ്ട്രീയകാരണങ്ങൾ ഇപ്പോഴും പ്രസക്തമാണ്.
1. ചരിത്രത്തിലുടനീളം, ഇപ്പോഴും സ്ത്രീകളെ കീഴ്‌പെടുത്താനും അവരുടെ വിമോചനത്തെ തടസ്സപ്പെടുത്താനും ബൈബിൾ ഉപയോഗിക്കപ്പെടുന്നു.
2. ദൈവവചനമെന്ന നിലയിൽ ബൈബിളിന്റെ വലിയ വിശ്വാസികൾ സവിശേഷമായും സ്ത്രീകളാണ്, പുരുഷന്മാർ മാത്രമല്ല. പുരുഷന്മാർക്കു മാത്രമല്ല, സ്ത്രീകൾക്കും ബൈബിളിന് അവകാശാധികാരങ്ങളുണ്ട്.
3. ബൈബിളിനെ വിശുദ്ധഗ്രന്ഥമായി അവകാശപ്പെടുന്ന ബൈബിൾ-മതത്തെ പരിഷ്‌കരിക്കാതെ നിയമത്തെയും മറ്റു സാംസ്‌കാരിക സ്ഥാപനങ്ങളെയും പരിഷ്‌കരിക്കാനാവില്ല. 'എല്ലാ പരിഷ്‌കാരങ്ങളും പരസ്പരാശ്രിതമാണ്' എന്നതിനാൽ, വിമർശനാത്മകമായ ഒരു ഫെമിനിസ്റ്റ് വ്യാഖ്യാനം അനിവാര്യമായ ഒരു രാഷ്ട്രീയശ്രമമാണ്. കൂടുതൽ ശക്തമായ രാഷ്ട്രീയപ്രശ്‌നങ്ങൾ ഉള്ളതിനാൽ ബൈബിളിന്റെ പുനരവലോകനം അവഗണിക്കാമെന്ന് കരുതുന്നുവെങ്കിൽ, പള്ളികളിലും സമൂഹത്തിലും സ്ത്രീകളുടെ ജീവിതത്തിലും തിരുവെഴുത്തുകളുടെ രാഷ്ട്രീയസ്വാധീനം തിരിച്ചറിയുന്ന തീരുമാനമായിരിക്കില്ല, അത്.
ബൈബിളിന്റെ അറിയപ്പെടുന്ന പണ്ഡിതോചിതമായ വ്യാഖ്യാനങ്ങൾ പുരുഷകേന്ദ്രിതവും പിതൃആധിപത്യപരവുമാണെന്ന് കാഡി സ്റ്റാന്റൺ പറയും. എന്നാൽ, ബൈബിളിനെ രാഷ്ട്രീയത്തിൽ ഉപയോഗിക്കാമെന്നത് അവരുടെ വിമർശനാത്മക ഉൾക്കാഴ്ചയായിരുന്നു. ബൈബിളിനെ ദൈവത്തിന്റെ നേരിട്ടുള്ള വചനമായി കാണുന്നതിനുപകരം അത് എഴുതിയത് പുരുഷന്മാരാണെന്നും പുരുഷതാൽപ്പര്യങ്ങളെ ഉൾക്കൊള്ളുന്നതാണെന്നും കാഡി സ്റ്റാന്റൺ ഊന്നിപ്പറയുന്നു. ഒരു മനുഷ്യനും ദൈവത്തെ കണ്ടതായോ സംസാരിച്ചതായോ അവർ വിശ്വസിക്കുന്നില്ല. സ്ത്രീകളെ കുറിച്ചുള്ള നിന്ദ്യമായ ആശയങ്ങളും അവരോടു കീഴടങ്ങാൻ ആവശ്യപ്പെടുന്ന പുരുഷാധിപത്യപരമായ നിർദ്ദേശങ്ങളും ദൈവത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്ന് കാഡി സ്റ്റാന്റൺ വിശ്വസിക്കുന്നില്ല. നിന്ദ്യമായ ആശയങ്ങളെല്ലാം പുരുഷാധികാരികളുടെ തലയിൽ ഉരുത്തിരിഞ്ഞതാണെന്ന് അവർ വാദിക്കുന്നു. ബൈബിളിനെ ഒരു മാനുഷികസൃഷ്ടിയായി കണക്കാക്കുന്നു. 'സ്ത്രീകളുടെ ബൈബിൾ' ഒരു യഥാർത്ഥ അനുഗ്രഹം പോലെ സാധാരണ വായനക്കാരിലേക്ക് വരുന്നു. നല്ല കർത്താവ് പുസ്തകം എഴുതിയിട്ടില്ലെന്ന് അത് അവരോട് പറയുന്നു.
ഈ സമൂലമായ വിമർശനങ്ങൾക്കിടയിലും ബൈബിളിലെ ചില ധാർമിക തത്ത്വങ്ങൾ ഇന്നും സാധുവാണെന്ന് കാഡി സ്റ്റാന്റൺ അഭിപ്രായപ്പെടുന്നു. നിന്റെ അയൽക്കാരനെ നിന്നെപ്പോലെ സ്‌നേഹിക്കാൻ നിർദ്ദേശിക്കുന്ന സ്‌നേഹകൽപ്പന ഇപ്പോഴും എപ്പോഴും പ്രസക്തമാണ്. എന്നാൽ, ബൈബിൾ മനുഷ്യർ രചിച്ചതാണെന്ന വസ്തുതയെ ഇതു നിഷേധിക്കുന്നില്ല. ചരിത്രപരമായി പരിമിതവും സാംസ്‌കാരികമായി വ്യവസ്ഥാപിതവുമായ മാനുഷിക ഭാഷയിലാണ് ദൈവവചനങ്ങൾ വ്യക്തമാക്കപ്പെട്ടതെന്ന യാഥാർത്ഥ്യത്തെ കാഡി സ്റ്റാന്റൺ സ്ഥിരീകരിക്കുന്നു. ബൈബിളിലെ ഭാഷ പുരുഷഭാഷയാണെന്നും ബൈബിളിലെ കാഴ്ചപ്പാടുകൾ പുരുഷാധിപത്യപരമാണെന്നും വ്യക്തമാക്കുന്നതിലൂടെ ഫെമിനിസ്റ്റ് വ്യാഖ്യാനം ബൈബിളിനെ കൂടുതൽ വിശദമാക്കുകയും ആപേക്ഷികമാക്കുകയും ചെയ്യുന്നു.
സാറാ ജോസഫിന്റെ ബൈബിൾ - ബൈബിളിനെ അവലംബിക്കുന്ന നോവൽ കൃതി - എലിസബത്ത് കാഡി സ്റ്റാന്റൺ വളരെ നേരത്തെ മുന്നോട്ടുവച്ച സമീപനങ്ങളെയും നിലപാടുകളെയും അതിന്റെ സാമാന്യാർത്ഥത്തിൽ പിന്തുടരുന്നുണ്ടെന്നു കരുതണം. ഉറച്ച ശാസകനും കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്നു പ്രഖ്യാപിക്കുന്നവനും സർവ്വാധികാരിയുമായ ഏകദൈവത്തെ ഈഡിതും ലേയയും മിഹാലും സന്ദേഹിക്കുകയും വിചാരണ ചെയ്യുകയും ചെയ്യുന്നത് ഈ സമീപനങ്ങളിൽ നിന്നു കൊണ്ടാണ്. ലോതിനെ സന്ദേഹിയോ അജ്ഞേയവാദിയോ അനിശ്ചിതത്വങ്ങളിലും സന്ദിഗ്ദ്ധതകളിലും നിൽക്കുന്നവനോ ആയി ചിത്രീകരിക്കുന്നതിലും പാവങ്ങളോടും രോഗികളോടും പരമ കാരുണികനാക്കുന്നതിലും സ്‌ത്രൈണമൂല്യങ്ങൾ പ്രവർത്തനക്ഷമമാകുന്നുണ്ട്. നോവലിലെ ലോതിന്റെ അന്തർദർശനത്തിൽ, ഭാവിക്കാഴ്ചയിൽ, നിന്റെ അയൽക്കാരനെ നിന്നെപ്പോലെ സ്‌നേഹിക്കാൻ നിർദ്ദേശിക്കുന്ന യേശുനാഥൻ വരുന്നതും പല്ലിനു പല്ല് എന്ന ശാസനയുടെ കാലം അവസാനിക്കുന്നതായി പറയുന്നതും ഫെമിനിസ്റ്റ് മൂല്യങ്ങളിൽ നിന്നുകൊണ്ടാണ്. എമാലത്തും ബിത്യയും യാഖീനും ഹാറീമും ഉൾപ്പെടുന്ന പ്രാന്തവൽകൃതർക്ക് കൃതിയിൽ സ്ഥാനം നൽകുന്നതും അവരെ കരുണയോടെയും സ്‌നേഹത്തോടെയും പരിചരിക്കുന്നതും ഈ ദർശനത്തിൽ നിന്നുകൊണ്ടാണ്. ബൈബിളിന്, വേദപുസ്തകങ്ങൾക്കെല്ലാം പെണ്ണിന്റെ വായനയും പെൺപാഠങ്ങളും ആവശ്യമുണ്ടെന്ന് സാറാജോസഫിന്റെ കൃതി മലയാളിയോടു പറയുന്നു.
▮
കുറിപ്പ്: എലിസബത്ത് കാഡി സ്റ്റാന്റൺ സ്ത്രീകളുടെ ബൈബിളിനുവേണ്ടി നടത്തിയ ഇടപെടലുകളെ കുറിച്ച് ഈ ലേഖനത്തിൽ ഉപയോഗിക്കപ്പെട്ട ആശയങ്ങൾക്ക് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് In Memory of Her എന്ന പുസ്തകത്തിൽ എലിസബത്ത് ഷൂസ്ലർ ഫിയോറെൻസാ നൽകിയിരിക്കുന്ന വിശദീകരണങ്ങളെയാണ്.
അവലംബം:
1. കറ (നോവൽ) - സാറാജോസഫ്, കറന്റ് ബുക്‌സ്, തൃശൂർ, ആഗസ്റ്റ് 2023.
2. തമസ്‌ക്കരിക്കപ്പെട്ട സ്ത്രീജീവിതങ്ങളുടെ കറ - വി.വിജയകുമാർ, സമകാലിക മലയാളം വാരിക, 06, നവംബർ 2023.
3. സാറയുടെ ബൈബിൾ: അബ്രഹാം സ്മരണയിലൂടെ - വി.വിജയകുമാർ, ദേശാഭിമാനി വാരിക, 16, ജനുവരി 2024.
4. ലോത്: ധർമ്മവ്യഥകളുടെ തീച്ചൂളയിൽ - വി.വിജയകുമാർ, എഴുത്ത് മാസിക, കൊച്ചി, മാർച്ച് 2024.
5. Inglis, Lucy: Milk of Paradise - A History of Opium, Pegasus Books, New York, February 2019.
6. Scott. J.M : The White Popy - A History of Opium, Funk & Wagnalls, A Division of Reader's Digest Books, USA, 1969.
7. Wigal, Donald: The Mystique of Opium in History and Art , Digitized by the Internet Archive in 2022 with funding from Kahle/Austin Foundation.
8. Kitchen, K.A: The Bible in its World - The Bible and Archaeology Today, The Pater Noster Press Ltd, 1977.
9. Barr, James: History and Ideology in the Old Testament, Oxford University Press, NY, 2000.
10. Fiorenza , Elisabeth Schiissler: In Memory of Her, Cross Road, NY, 1994.
11. Stanton, Elizabeth Cady : The Woman's Bible, ©Global Grey, 2018.