രഹ്ന ഫാത്തിമ

വെന്ത കാലുകളാൽ
രഹ്ന ഓടിയ ഓട്ടം

ഒരു സ്ത്രീശരീരം ഒരുവൾ സമരായുധമാക്കിയതെന്തുകൊണ്ടെന്ന ഫെമിനിസ്റ്റ് രാഷ്ട്രീയം പറയുന്ന പുസ്തകമാണ് ‘രഹ്ന ഫാത്തിമ: ശരീരം സമരം സാന്നിധ്യം.’

കാലം തെറ്റി ജനിച്ച ഒരുവൾ കാലത്തിനു മുമ്പേ സഞ്ചരിച്ച് എഴുതിയ ആത്മകഥയാണ് ‘രഹ്ന ഫാത്തിമ: ശരീരം സമരം സാന്നിധ്യം.’

ആൺകോയ്മാബോധത്തിൻ്റെ ഉപഭോഗവസ്തുവും വിപണിയുടെ മൂലധന താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഉപകരണവും വ്യവസ്ഥയുടെ സദാചാരസങ്കല്പങ്ങളെ സംരക്ഷിച്ചുനിർത്തേണ്ട ബാധ്യതയുമുള്ള ഒരു സ്ത്രീശരീരം ഒരുവൾ സമരായുധമാക്കിയതെന്തുകൊണ്ടെന്ന ഫെമിനിസ്റ്റ് രാഷ്ട്രീയം പറയുന്ന പുസ്തകമാണിത്. അതിന് അവൾക്ക് ഭരണകൂടത്തിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും നേരിടേണ്ടിവന്ന അക്രാമകമായ സദാചാര പോലീസിംഗും നിയമ നടപടികളും ഈ നൂറ്റാണ്ടിലും സ്ത്രീ ശരീരത്തിൻമേലുള്ള അവളുടെ സ്വയംനിർണയാധികാരം ആൺകോയ്മാ വ്യവസ്ഥിതിക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നതിൻ്റെ തെളിവാണ്.

പൊളിറ്റിക്കൽ പ്രാധാന്യമുള്ള നിരവധി പുസ്തകങ്ങൾ 2023-ൽ ഇറങ്ങിയിട്ടുണ്ട്. പി. എൻ ഗോപീകൃഷ്ണൻ്റെ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥയും സുധ മേനോൻ്റെ ചരിത്രം അദൃശമാക്കിയ മുറിവുകളും ദേവകി നിലയങ്ങോടിൻ്റെ കാലപ്പകർച്ചകളും സി.കെ. ജാനുവിൻ്റെ അടിമ മക്കയുമൊക്കെ അവയിൽ ചിലതാണ്.

രഹ്ന ഫാത്തിമ എന്ന പെണ്ണിൻ്റെ പേരു പോലും ഉറക്കെപ്പറയാൻ മലയാളിയുടെ സദാചാര ബോധത്തിന് ഭയമാണെന്ന് അനുഭവപ്പെട്ട നാളുകളിൽ ജീവിച്ചവർക്ക് ഒരു തിരിച്ചറിവുകൂടിയാണ് ഈ ആത്മകഥ. ജീവിതത്തിലെ ഏറ്റവും ചലനാത്മകമായ ഘട്ടം ജീവിച്ചുകൊണ്ടിരിക്കുമ്പോൾ എഴുതിയ ആത്മകഥ, കഥയുടെ കാലവും കഥാപാത്രങ്ങളും മിക്കവാറും അങ്ങനെയൊക്കെത്തന്നെ തുടരുന്ന കാലം എന്നീ പ്രത്യേകതകൾ കൂടി ഈ പുസ്തകത്തിനുണ്ട്.

രണ്ടര വയസ്സിൽ അടുക്കളയും ബെഡ് റൂമും ലിവിംഗ് റൂം എല്ലാം ഒന്നായ അടുക്കളയിലെ ജനൽ കമ്പിയിൽ കെട്ടിയിട്ട് വളർത്തപ്പെട്ട കുഞ്ഞായി ജീവിച്ച ബാല്യം. കണ്ണിലും യോനിയിലും മുളകരച്ച് തേക്കുന്ന ശിക്ഷാസമ്പ്രദായത്തിൻ്റെ ഇര.

“നീറിപ്പുകയുന്ന ശരീരവും മനസ്സും” എന്ന ഒന്നാമത്തെ അധ്യായം ദുരിതം നിറഞ്ഞ ബാല്യത്തിലെ ശരീരത്തിൻ്റെയും മനസ്സിൻ്റെയും നീറ്റലുകളാണ്. രഹ്നയുടെ സാന്നിധ്യങ്ങളെയും സമരങ്ങളെയും ‘തിന്ന് എല്ലിൻ്റെയിടയിൽ കയറിയതിൻ്റെ കുത്തലായി’ വ്യാഖ്യാനിച്ചവർ അതൊന്ന് വായിക്കണം. 1986- ലെ കേരളത്തിൽ ഇത്ര അരക്ഷിതാവസ്ഥയിൽ ജീവിച്ച ബാല്യങ്ങളുണ്ടെന്ന തിരിച്ചറിവ് മലയാളി കെട്ടിപ്പൊക്കിയ ക്ഷേമസങ്കല്പത്തിൻ്റെ മുന്നിലെ ഒരു ചോദ്യചിഹ്നമാണ്.

രണ്ടര വയസ്സിൽ അടുക്കളയും ബെഡ് റൂമും ലിവിംഗ് റൂം എല്ലാം ഒന്നായ അടുക്കളയിലെ ജനൽ കമ്പിയിൽ കെട്ടിയിട്ട് വളർത്തപ്പെട്ട കുഞ്ഞായി ജീവിച്ച ബാല്യം. കണ്ണിലും യോനിയിലും മുളകരച്ച് തേക്കുന്ന ശിക്ഷാസമ്പ്രദായത്തിൻ്റെ ഇര. ബന്ധുവീട്ടിലെ പണികളൊക്കെ ചെയ്തുതീർത്ത് സ്കൂളിലേക്ക് ഓടിയ പ്രൈമറി സ്കൂൾ കാലം. ഷൂസും ടൈയും കെട്ടി ക്ലാസ് മുറികളും ട്യൂഷൻ സെൻ്ററുമായി ഓടുന്ന കുഞ്ഞുങ്ങളുടെ നഷ്ടപ്പെടുന്ന ബാല്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന കാലം കൂടിയായിരുന്നു അത്. കാലം തെറ്റി ജനിച്ച ഈ പെൺകുട്ടിയാണ് കേരളത്തിലെ പെൺബോധങ്ങളിൽ കാലത്തിനു മുമ്പേ സഞ്ചരിച്ചവളായത്.

ഹിന്ദുത്വ ഭീകരത കേരളത്തിൽ അതിൻ്റെ കൂർത്ത പല്ലും നഖവുമൊക്കെ പുറത്തെടുക്കാൻ നടത്തിയ ശ്രമങ്ങളായിരുന്നു സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശനവിധിക്കുശേഷം കേരളം കണ്ടത്. ഭരണഘടനാപരമായ പൗരാവകാശത്തിൻ്റെ നിഷേധം കോടതിവിധിയിലൂടെ രാജ്യം മറികടന്നപ്പോൾ ഭയന്നൊളിക്കുകയായിരുന്നോ പുരോഗമന പ്രസ്ഥാനങ്ങൾ അന്ന് ചെയ്യേണ്ടിയിരുന്നത് എന്ന ചോദ്യം ഇപ്പോഴും കേരളത്തിൽ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ല. ഭയന്നൊളിക്കാൻ തയ്യാറല്ലാതിരുന്ന ഉശിരുള്ള പെണ്ണുങ്ങൾ വിരലിലെണ്ണാവുന്നതെങ്കിലും നമ്മുടെയിടയിലുണ്ടായിരുന്നല്ലോ എന്നത് അഭിമാനം തന്നെ. എന്നാൽ ആ ഉശിരിന് വലിയ വില കൊടുക്കേണ്ടി വന്ന സ്ത്രീകളിൽ ഒരാളാണ് രഹ്ന. കോടതി വിധിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ ഇട്ട ഫോട്ടോയിലെ വേഷം മതവർഗ്ഗീയതക്കും ശരീരം ആൺകോയ്മയ്ക്കും സഹിക്കാവുന്നതിലപ്പുറമായിരുന്നു. ആ ഫോട്ടോ പോസ്റ്റ് ചെയ്തതിൻ്റെ പിന്നിലെ രാഷ്ട്രീയനിലപാട് ആത്മകഥയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. മാലയിട്ട് വ്രതമെടുത്ത് മല ചവിട്ടാനൊരുങ്ങിയതിൻ്റെ പിന്നിലെ ചേതോവികാരവും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ശബരിമല വിധിക്കുമുമ്പ് സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ട അഗസ്ത്യാർകൂടം ട്രക്കിംഗിനു വേണ്ടിയുള്ള സമരവും പുലികളിയിലെ പെൺസാന്നിധ്യവുമൊക്കെ സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ട ഇടങ്ങൾ പിടിച്ചെടുക്കാനുള്ള സ്ത്രീ പോരാട്ടത്തിൻ്റെ ഭാഗമായിരുന്നു. ആ സമരങ്ങളിൽ രഹ്നയ്ക്കും പങ്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചിലരെങ്കിലും തെറ്റിദ്ധരിച്ചതുപോലെ വർഗ്ഗീയ സംഘർഷങ്ങളുണ്ടാക്കാനോ സ്വയം പ്രൊജക്ട് ചെയ്യപ്പെടാനോ ഉള്ള ശ്രമങ്ങളായിരുന്നില്ല രഹ്നയുടെ ശബരിമല യാത്രയെന്ന് മനസ്സിലാവും. അതൊരു സ്ത്രീപക്ഷരാഷ്ട്രീയത്തിൻ്റെ ഭാഗമായിരുന്നു.

ശബരിമല വിധിക്കുമുമ്പ് സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ട അഗസ്ത്യാർകൂടം ട്രക്കിംഗിനു വേണ്ടിയുള്ള സമരവും പുലികളിയിലെ പെൺസാന്നിധ്യവുമൊക്കെ സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ട ഇടങ്ങൾ പിടിച്ചെടുക്കാനുള്ള സ്ത്രീ പോരാട്ടത്തിൻ്റെ ഭാഗമായിരുന്നു.
ശബരിമല വിധിക്കുമുമ്പ് സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ട അഗസ്ത്യാർകൂടം ട്രക്കിംഗിനു വേണ്ടിയുള്ള സമരവും പുലികളിയിലെ പെൺസാന്നിധ്യവുമൊക്കെ സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ട ഇടങ്ങൾ പിടിച്ചെടുക്കാനുള്ള സ്ത്രീ പോരാട്ടത്തിൻ്റെ ഭാഗമായിരുന്നു.

കേരളത്തിലെ പോലീസിൽ ക്രമസമാധാനപാലകർ മാത്രമല്ല, സദാചാരപാലകരും ആചാരസംരക്ഷകരും ഉണ്ടെന്ന്, തന്ത്രപൂർവ്വം മയക്കുമരുന്ന് കടത്തൽ ഉൾപ്പെടെയുള്ള കള്ളക്കേസുണ്ടാക്കുന്നവർ ഉണ്ടെന്ന്, സ്ത്രീവിരുദ്ധത വളരെ കൂടുതലാണെന്ന് രഹ്നയുടെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ തുറന്നു കാണിക്കുന്നുണ്ട് ഈ പുസ്തകം. ‘കിസ് ഓഫ് ലൗ’ സമരത്തെ പോലീസ് നേരിട്ട രീതി മുൻപ് ചർച്ചയായിട്ടുണ്ടെങ്കിലും അതിൻ്റെ ഏറ്റവും തീക്ഷ്ണമായ അനുഭവങ്ങൾ ആത്മകഥയിലുണ്ട്.

ഉമ്മയുടെ ദുരിതജീവിതം അവൾക്ക് നൽകിയ അസ്വാതന്ത്ര്യങ്ങളും ശാരീരിക മർദ്ദനങ്ങളുമാണ് സ്വന്തം ശരീരത്തെ സമരായുധമാക്കി ലോകത്തിൻ്റെ സ്ത്രീവിരുദ്ധതയെ നേരിടാൻ അവളെ പ്രാപ്തയാക്കിയത്.

രണ്ട് കാലങ്ങളുടെ ചരിത്രവും രാഷ്ട്രീയവും ഈ ആത്മകഥയിലുണ്ട്. അതിലൊന്ന്, സംഘർഷഭരിതങ്ങളായ ബാല്യ- കൗമാര അനുഭവങ്ങളാണ്. അത് അവളുടേത് മാത്രമല്ല ദരിദ്രരുടെയും വേറിട്ട ജീവിതം ജീവിക്കാൻ തീരുമാനിച്ച സ്ത്രീകളുടെയും സമൂഹത്തിൽ പ്രിവിലേജ് ഇല്ലാത്തവരുടെയും അനുഭവങ്ങളാണ്. ഒരു ബുക്ക് തന്നെ എഴുതിയാലും തീരുന്നതല്ല അത്തരത്തിലൊരാളായ അവളുടെ ഉമ്മയുടെ ദുരിത ജീവിതം. മനഃപൂർവമല്ലെങ്കിലും ഉമ്മയുടെ ദുരിത ജീവിതം അവൾക്ക് നൽകിയ അസ്വാതന്ത്ര്യങ്ങളും ശാരീരിക മർദ്ദനങ്ങളുമാണ് സ്വന്തം ശരീരത്തെ സമരായുധമാക്കി ലോകത്തിൻ്റെ സ്ത്രീവിരുദ്ധതയെ നേരിടാൻ അവളെ പ്രാപ്തയാക്കിയത്.

സദാചാരകേരളം നെറ്റി ചുളിച്ച് നോക്കിക്കണ്ട വത്തക്ക സമര (മാറ് തുറക്കൽ സമരം) ത്തിൻ്റെ ഫെമിനിസ്റ്റ് രാഷ്ട്രീയവും ഏക എന്ന സിനിമ പറയാനുദ്ദേശിച്ച രാഷ്ട്രീയവും കേരളത്തിനിന്നും ഉൾക്കൊള്ളാനായിട്ടില്ല. അല്ലെങ്കിലും ഇതൊന്നും സംഭവിച്ചിട്ട് നൂറ്റാണ്ടുകളായിട്ടില്ലാത്തതു കൊണ്ട് അതിനൊന്നും കാലമായിട്ടില്ലെന്ന് പറയാം

സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ആചാരസംരക്ഷണക്കാരെ ഭയന്ന് ഭരണകൂടം ഒളിച്ചോടിയ നാളുകളിൽ ആത്മാഭിമാനമുള്ള സ്ത്രീകൾ അനുഭവിച്ച സംഘർഷം വലുതായിരുന്നു. എന്നിട്ടും മലകയറാൻ ശ്രമിച്ചവരെ വേണ്ട രീതിയിൽ ഉൾക്കൊള്ളാനോ പിന്തുണയ്ക്കാനോ ശ്രമിച്ചില്ലെന്ന രഹ്നയുടെ വിലയിരുത്തൽ ശരിയായിരിക്കാം. അതെന്തായാലും ആ ധീരത അംഗീകരിക്കാതിരിക്കാൻ ഫെമിനിസ്റ്റുകൾക്കാവില്ല.

മക്കളെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിച്ചതിൻ്റെ പേരിൽ പോക്സോ ചുമത്തപ്പെട്ടതിനെക്കുറിച്ച് പറയുന്ന അധ്യായം Body Politics- ൻ്റെ കൃത്യമായ രാഷ്ട്രീയം വ്യക്തമാക്കിത്തരുന്നുണ്ട്. കേസും കോടതിയും ജയിൽവാസവും അതിനിടയിലെ സംഘർഷങ്ങളും ജോലിനഷ്ടവും കുടുംബവും കുട്ടികളും സദാചാര പോലീസിങ്ങുമൊക്കെ ചേർന്ന സമരജീവിതം ഒരാത്മകഥയെന്നതിലുപരി ഒരുപാട് രാഷ്ട്രീയ നിരീക്ഷണങ്ങളുമാണ്. സ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള ഒരു സ്ത്രീയുടെ രാഷ്ട്രീയനിരീക്ഷണങ്ങൾ. ഓരോ അധ്യായത്തിലും ഒന്നോ അതിലധികമോ ഫെമിനിസ്റ്റ് പ്രഖ്യാപനങ്ങളുണ്ട്. അതിൽ പലതും കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന ഒരുവളുടെ നിരീക്ഷണങ്ങളാണ്.

മകന് ചിത്രം വരയ്ക്കാനുള്ള കാൻവാസായി സ്വന്തം ശരീരം ഉപയോഗിക്കാൻ അനുവദിച്ചതിന് എതിരായ കേസിൽ രഹ്ന ഫാത്തിമയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ, സ്ത്രീക്ക് സ്വന്തം ശരീരത്തിന്മേലുള്ള അധികാരം ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ കേസ് തള്ളിക്കളയുകയായിരുന്നു.
മകന് ചിത്രം വരയ്ക്കാനുള്ള കാൻവാസായി സ്വന്തം ശരീരം ഉപയോഗിക്കാൻ അനുവദിച്ചതിന് എതിരായ കേസിൽ രഹ്ന ഫാത്തിമയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ, സ്ത്രീക്ക് സ്വന്തം ശരീരത്തിന്മേലുള്ള അധികാരം ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ കേസ് തള്ളിക്കളയുകയായിരുന്നു.

രഹ്‌നയുടെ കാലും വയറും മുലയുമൊക്കെ നോക്കി സദാചാരക്കണ്ണീരൊഴുക്കിയവർക്ക് സ്വന്തം കുടുംബങ്ങളിലെ കൗമാരക്കാരികളിലൂടെ ഇന്നത് കാണുമ്പോൾ കണ്ണീർ വരാതായിട്ടുണ്ട്. രഹ്നയുടെയും മനുവിൻ്റെയും ലിവിംഗ് ടുഗതർ അരുതാത്തതെന്തോ പോലെ അന്ന് തോന്നിയവർക്ക് ഇന്നത് പുതിയ തലമുറയുടെ ജീവിതവീക്ഷണമായി തിരിച്ചറിയാൻ കഴിയുന്നുണ്ട്. അതുകൊണ്ടാണ് കാലത്തിന് മുമ്പേ സഞ്ചരിച്ചവൾ എന്ന് പറഞ്ഞത്.

പിന്തിരിപ്പൻ മതാധികാരം മുതൽ ഭരണകൂട അധികാര സ്ഥാപനങ്ങൾ വരെ ചെയ്ത നീതികേടുകൾ, മയക്കുമരുന്നു കേസിൽ പെടുത്താൻ പോലീസ് നടത്തിയ കള്ളത്തരങ്ങൾ, ഒക്കെ അതിജീവിച്ചവൾ ,ഒരു നല്ല മകൾ, സഹോദരി, അമ്മ … എന്നിട്ടും അമ്മയെ നോക്കാത്തവളാക്കി, മക്കളെ ലൈംഗികമായി പീഡിപ്പിച്ചവളാക്കി പോലീസ് കേസുകൾ, ജയിൽവാസം, ജോലി നഷ്ടപ്പെടൽ …. ചേർത്തുപിടിച്ചവരും വിമർശിച്ചവരും വെറുത്തവരും വായിച്ചറിയേണ്ടതാണ് അവളുടെ പോരാട്ടത്തിൻ്റെയും അതിജീവനത്തിൻ്റെയും അനുഭവങ്ങൾ.

മുൻകൂർ ജാമ്യത്തിനായി ഓടിയ ഓട്ടങ്ങളെല്ലാം പരാജയപ്പെട്ട് ജയിലിലടയക്കപ്പെട്ട ദിവസത്തെക്കുറിച്ച് പുസ്തകത്തിൽ ഒരു വരിയുണ്ട്: “ഞാൻ ചിന്തിക്കുകയായിരുന്നു. ഈയൊരു ദിവസം ഒഴിവാക്കാൻ ഞാനോടിയ ഓട്ടങ്ങൾ.’’
കാലു വെന്തവളെപ്പോലെ ഓടിയ ആ ഓട്ടങ്ങൾ വായിക്കുമ്പോൾ സ്വന്തം കാലും പൊള്ളിയ പോലെ തോന്നും. മക്കളെ കൊണ്ട് അമ്മയുടെ മേനിയിൽ ചിത്രം വരപ്പിച്ചതിൻ്റെ പേരിൽ അറസ്റ്റ് ചെയ്തത് കോവിഡ് പ്രോട്ടോക്കോൾ കാലത്തായിരുന്നു. ഏതോ ഒരു സ്ഥലത്തെ ഭീകരമായ ഏകാന്തവാസക്കാലം (ക്വാറന്റയിൻ) എത്ര മനോഹരമായാണ് അനുഭവിച്ചു തീർത്തത്.

സ്വന്തം അനുഭവങ്ങളെന്നതിലുപരി സദാചാര കേരളത്തോടുള്ള ഒരു പാട് ചോദ്യങ്ങളാണീ പുസ്തകം. വായിച്ചു തീരുമ്പോഴേക്കും നമ്മോടു തന്നെ നമ്മൾ ചോദിക്കേണ്ട ഒരുപാട് ചോദ്യങ്ങൾ വായനക്കാരിൽനിന്ന് ഉയർന്നുവരുന്നു, ഈ ആത്മകഥ വായിക്കുമ്പോൾ.

Comments