നമ്മുടെ സ്വന്തം വീട്
""ഞാൻ എന്താ കൊണ്ടു വന്നിരിക്കുന്നതെന്നു നോക്കൂ,'' ദുലാരി കൂട്ടുകാരുടെ അടുത്തേക്ക് ഓടി വന്നു. സഞ്ചി തുറന്നു പഴയ പ്ലേറ്റുകളും പാത്രങ്ങളും കണ്ട കൂട്ടുകാർ അത്ഭുതപ്പെട്ടു, ""എത്ര മനോഹരം! എവിടെ നിന്ന് കിട്ടി?''""ആ വലിയ വീട്ടിലെ പ്രായമായ സ്ത്രീ തന്നതാണ്. മുറ്റം അടിച്ചതിന്. ''""ഓ, അവർ ജോലിക്ക് ഒരിക്കലും പൈസ തരില്ല. കഴിഞ്ഞ തവണ പട്ടിക്കൂട് വൃത്തിയാക്കിയതിന് എനിക്ക് പഴയ ഒരു പാവാട തന്നു,'' സുനെഹരി പറഞ്ഞു.""അവർക്ക് നിനക്ക് ഇരുപത് രൂപയെങ്കിലും തരാമായിരുന്നു. നമുക്ക് ചായയും പക്കോടയും കഴിക്കാമായിരുന്നു. ഈ പ്ലേറ്റും പാത്രവും കൊണ്ട് നമ്മൾ എന്തു ചെയ്യും?''
മേഘ അഗർവാൾ എഴുതിയ "നമ്മുടെ സ്വന്തം വീട്' തുടങ്ങുന്നതിങ്ങനെയാണ്. കുട്ടികൾക്കായി ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രം എഴുതിയ മേഘ കുട്ടികൾക്കായി പരിസ്ഥിതി സംബന്ധിച്ച പുസ്തകങ്ങൾ എഴുതുന്നു. തൂലിക പബ്ലിഷേഴ്‌സിലെ റൈറ്റ്‌സ് മാനേജരും ആണ്.
എന്നിട്ട് കുട്ടികൾ "ഹൗസ് ഹൗസ്' കളിക്കാൻ തുടങ്ങി. ആരൊക്കെ അച്ചൻ, അമ്മ, ചേട്ടൻ, ചേച്ചി, കുട്ടി, കുഞ്ഞ് ഒക്കെ ആവണമെന്നു തീരുമാനിച്ചു. പിന്നെയവർ വീട്ടിലേക്കുള്ള ബാക്കി സാമാനങ്ങൾ ശേഖരിക്കാൻ തുടങ്ങി. സുനെഹരി റെയിൽവേ സ്റ്റേഷന് അടുത്ത് നിന്ന് ശേഖരിച്ച കാലിക്കുപ്പികളും ചിപ്‌സിന്റെ ഒഴിഞ്ഞ കവറുകളും അവളുടെ സഞ്ചിയിൽ നിന്ന് പുറത്തെടുക്കാൻ തുടങ്ങി.
ദീപ കുറച്ച് ഇലയും പുല്ലും കൊണ്ടു വന്നു. കുറച്ച് ചെളി നനച്ച് കുഴച്ചു കൊണ്ട് പ്രഖ്യാപിച്ചു, ""ഇതെല്ലാം കൂടെ റൊട്ടിയും പച്ചക്കറിയുമായി.''
അപ്‌സര ഹോട്ടലിന്റെ പുറത്ത് ദീപയ്ക്ക് ബാക്കി വന്ന റൊട്ടിയും കറിയും ഉള്ള പാക്കറ്റുകൾ കിട്ടും. ചിലപ്പോഴൊക്കെ മധുരപലഹാരവും. ആദ്യമൊക്കെ ഗാർഡ് അവളെ ഓടിക്കുമായിരുന്നു. പിന്നെപ്പിന്നെ അയാൾ അതു നിറുത്തി, അവൾ ഗേറ്റിനടുത്ത് പോയി നില്ക്കാതിരുന്നാൽ മതി.
""ഈ പാത്രങ്ങൾ നോക്കൂ,'' മനോഹർ പറഞ്ഞു. മെക്കാനിക്കിന്റെ കടയിൽ നിന്ന് ഒരു വട്ടപ്പാത്രവും പൊട്ടിയ ഒരു ഹെൽമെറ്റും ആയാണവന്റെ വരവ്. അവിടെ അവൻ കാറും ബൈക്കുകളും കഴുകിക്കൊടുക്കും. പെട്ടെന്നു തന്നെ കുറച്ച് ചുടുകട്ടയും വച്ച് അവൻ ഒരു അടുപ്പുണ്ടാക്കി.
കുറച്ചു ജോലിക്കാർക്ക് ഒരു ചുവര് പെയിന്റടിക്കുന്നതിൽ സഹായി ആയിരുന്നു സൽമാൻ. ഒഴിഞ്ഞ ഒരു പെയിന്റ് ബക്കറ്റുമായാണ് അവന്റെ വരവ്. ""ഇത് നമ്മുടെ കസേര ആണ്.'' അത് തല തിരിച്ചിട്ട് അതിനു മേൽ കാലിന്മേൽ കാലും കയറ്റി വച്ച് അവനിരുന്നു.
ഒരു കാർഡ് ബോർഡ് പെട്ടിയുമായാണ് അസീം വന്നത്. ഒരു കൂട്ടര് വീടു മാറി. അവരുടെ വീട്ടിനു മുന്നിലെ വഴിയിൽ കുറേ പെട്ടികൾ വലിച്ചെറിഞ്ഞിരുന്നു. അസീം പെട്ടി സൽമാന്റെ മുന്നിൽ വച്ചു. ഇതാണ് നമ്മുടെ ടിവി. ""ടിവി?'' കുട്ടികളെല്ലാവരും ആർത്തു ചിരിച്ചു.
അപ്പോഴാണ് ഒരു പൂക്കൂടയുമായി രേഷ്മ വന്നത്. ""ഇന്ന് ട്രാഫിക് ലൈറ്റിൽ ആരും ഈ റോസാപ്പൂക്കൾ വാങ്ങിയില്ല. നമുക്ക് നമ്മുടെ വീട് ഇതുകൊണ്ടലങ്കരിക്കാം.''
അവർ അവരുടെ വീട് അലങ്കരിക്കാൻ തുടങ്ങി.
പെട്ടെന്ന്..
മാനമിരുണ്ടു, മഴത്തുള്ളികൾ വീഴാൻ തുടങ്ങി. ഇനിയിപ്പോൾ എവിടെ കളിക്കും? ""ഇങ്ങോട്ടു വാ,'' എന്നു പറഞ്ഞ് മനോഹർ ഓടാൻ തുടങ്ങി. ഉപേക്ഷിച്ചിട്ടിരുന്ന ഒരു കാറിന്റെ അടുത്തേക്കാണ് അവനോടിയത്. ""ഇത് നമുക്ക് വീട് ആക്കാം.'' കുട്ടികളെല്ലാവരും കൂടെ അതിനുള്ളിലേക്ക് തിക്കിഞെരുങ്ങിക്കയറി. എന്നിട്ട് അവരുടെ സാധനങ്ങൾ നിരത്തി വയ്ക്കാൻ തുടങ്ങി.
ആ രാത്രി, ദുലാരി, സുനെഹരി, ദീപ, മനോഹർ, സൽമാൻ, അസീം, രേഷ്മ ഇവരെല്ലാവരും അവരുടെ സ്വന്തം വീട്ടിലാണുറങ്ങിയത്. ഒരിക്കലും സ്വന്തമായി വീട് ഉണ്ടായിരുന്നിട്ടില്ലാത്തവരുടെ ഹൗസ് ഹൗസ് കളിയും സ്വന്തം വീട്ടിലെ ഉറക്കവും!
തെരുവിൽ വളരുന്ന, വീടില്ലാത്ത കുട്ടികളുടെ കഥ അവരോട് സഹതാപം പ്രക്ഷേപിക്കാതെ ഇതിലും നന്നായി അവതരിപ്പിക്കാനാവുമോ? തെരുവിൽ വളരുന്ന കുട്ടികളെ ദുഖത്തിന്റെയും കഷ്ടപ്പാടിന്റെയും ജീവികൾ എന്നു പറയാതെ അവരുടെ സന്തോഷത്തെ കണ്ടെത്തുകയാണ് മേഘ അഗർവാൾ.
മേഘയുടെ രചനയെക്കാളും ഒട്ടും കുറവല്ലാത്ത പ്രാധാന്യം ഈ പുസ്തകത്തിനു ചിത്രങ്ങൾ വരച്ച ഹബീബ് അലിയുട സംഭാവനയ്ക്കുണ്ട്. ഭോപ്പാലിലെ റിയാസ് അക്കാദമിയിലെ വിദ്യാർത്ഥി ആയിരുന്നു ഹബീബ് അലി. ഇന്ത്യയെങ്ങും നിന്നുള്ള കുട്ടികളുടെ ചിത്രകാരെ പരിശീലിപ്പിക്കുന്നതിനുള്ള അനന്യമായ സ്ഥാപനമാണ് റിയാസ് അക്കാദമി.
ഈ കുട്ടികൾ നഗരപരിസ്ഥിതിയ്ക്ക് നല്കുന്ന സംഭാവനയും ഉപന്യാസരൂപത്തിലല്ലാതെ പറയാൻ കഴിയുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രാധാന്യം.
വഴിമാറ്, വഴിമാറ്!
രണ്ട് ഉമാ കൃഷ്ണസ്വാമിമാർ ചേർന്ന് എഴുതിയ പുസ്തകമാണ് വഴിമാറ്, വഴിമാറ്! ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ബാലചിത്രകാരിയാണ് ഇതിൽ ഒരു ഉമ കൃഷ്ണസ്വാമി. അടുത്ത ഉമ കൃഷ്ണസ്വാമി വളരെ കാവ്യാത്മമകമായി കുട്ടികൾക്കായി പുസ്തകങ്ങൾ എഴുതുന്നു. അലങ്കാരപ്പണിപോലുള്ള ചിത്രങ്ങളാണ് ഉമ വരയ്ക്കുക. ചിത്രകലയുടെ വിവിധ ശൈലികളുടെ ഒരു മിശ്രണം ഉണ്ട് ഉമയുടെ വരയിൽ.
ഗ്രാമത്തിലൂടെ ഒരു നാട്ടുവഴി പോകുന്നുണ്ടായിരുന്നു. ആളുകളും മൃഗങ്ങളും അതിലേ അങ്ങോട്ടും ഇങ്ങോട്ടും പോയി. ഒരു ദിവസം വഴിയുടെ നടുവിൽ ഒരു കുട്ടി ഒരു കുഞ്ഞു തൈച്ചെടി കണ്ടു. അവനതിനു ചുറ്റും കുറച്ച് കല്ലുകൾ എടുത്തു വച്ചു.
അതുവഴി പോയ മാമ്പഴക്കച്ചവടക്കാരൻ പറഞ്ഞു, വഴിമാറ്, വഴിമാറ്.
തൈ വളരാൻ തുടങ്ങിയതോടെ അങ്ങോട്ടും ഇങ്ങോട്ടും പോവുകയായിരുന്ന ആളുകളുടെ കാല്പാടുകൾ ആ വഴിയെ വളഞ്ഞതാക്കി.
അതുവഴി പോയ കാളവണ്ടിക്കാരൻ പറഞ്ഞു, വഴിമാറ്, വഴിമാറ്.
മരം വീണ്ടും വളർന്നു. മരച്ചില്ലകളിൽ കിളികൾ കലപില കൂട്ടി.
രണ്ടു കാക്കകൾ ഒരു മരച്ചില്ലയിൽ കൂടു വയ്ക്കുന്നത് ഒരു ദിവസം കുട്ടി കണ്ടു.
ട്ണീം, ട്ണീം.. സൈക്കിൾ മണികൾ മുഴങ്ങി.
സൈക്കളോട്ടക്കാർ വിളിച്ചു പറഞ്ഞു, വഴിമാറ്, വഴിമാറ്.
മരത്തിന്റെ തടി വണ്ണം വച്ചു. ചില്ലകൾ പടർന്നു.
അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോഴും വരുമ്പോഴും ആ കുട്ടിയും കൂട്ടുകാരും മരച്ചുവട്ടിൽ കളിതമാശകളുമായി കൂടി. മുകളിൽ അണ്ണാറക്കണ്ണന്മാരും പച്ചത്തത്തകളും ഇഷ്ടപ്പെട്ട പഴം നുണഞ്ഞു.
അതിനിടെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന ആളുകളുടെ കാല്പാദങ്ങൾ, വാഹനങ്ങളുടെ ചക്രങ്ങൾ പാതയെ അടിച്ചുറപ്പിച്ചു. ക്രമേണ ആ പാത മരത്തിന്റെ ഭാഗത്തു നിന്നു മാറിപ്പോയി. വഴി മാറ്, വഴി മാറ്.
മരത്തിന്റെ ഇലകൾ തൂവലുകൾ പോലെ പടർന്നു. അതിന്റെ തണലിലേക്ക് കുട്ടികളും മുതിർന്നവരും മൃഗങ്ങളും ഒക്കെ വന്നു. മരം ആളുകൾ കൂടുന്ന ഒരു സ്ഥലം ആയപ്പോഴേക്കും ആ വഴി ഒരു റോഡ് ആയി. യന്ത്രങ്ങൾ വന്ന് അതിനെ നിരപ്പാക്കി. മരത്തിനു മാറി ശ്രദ്ധയോടെ റോഡുണ്ടാക്കി. അപ്പോഴും മരത്തിന്റെ ഏറ്റവും മുകളിലെ ചില്ലകളിൽ പ്രാണിപിടിയന്മാർ ഇരപിടിച്ചു നടന്നു.
അപ്പോൾ ഈ മരത്തെ നന്നായി അറിയുന്ന യുവാവ് തന്റെ മക്കളുമായി റോഡ് മുറിച്ചു കടന്നു. വഴിമാറ്, വഴി മാറ് സ്‌കൂട്ടറുകാരും ബൈക്കുകാരും വിളിച്ചു കൂവി.
കാലക്രമേണ യുവാവിന്റെ മക്കൾ വലുതായി അയാൾ വൃദ്ധനുമായി.
മരം ഒരു വന്മരമായി. അതിന്റെ വിശാലശിഖരങ്ങൾ റോഡിൽ തണൽവിരിച്ചു നിന്നു. സായാഹ്ന മാരുതൻ ഇലകളിളക്കി, അയാൾ മറന്നു പോയ കഥകൾ ഓർമിപ്പിച്ചു കൊണ്ട്. അയാളുടെ അപ്പനമ്മമാരുടെയും അവരുടെ അപ്പനമ്മമാരുടെയും. പണ്ടു പണ്ടത്തെ മരങ്ങളെക്കുറിച്ച്, അവിടെ ഒരു വഴിയുണ്ടാകുന്നതിനും മുമ്പത്തെ മരങ്ങളെക്കുറിച്ച്.
ഇന്നും ആ കഥകൾ വീണ്ടും വീണ്ടും പറയപ്പെടുന്നു. തിരക്കുപിടിച്ച വാഹനഗതാഗതം മുന്നോട്ടും പിന്നോട്ടും പോകുന്നതിനിടയിലും. പക്ഷേ, ചിലപ്പോഴൊക്കെ വാഹനങ്ങൾ ഓടിക്കുന്നവർ ഒന്നു നിറുത്തി കേൾക്കുന്നു.
ഇപ്പറഞ്ഞതിലൂടെ നിങ്ങൾക്ക് ഈ പുസ്തകം എന്താണെന്ന് മുഴുവനായും മനസ്സിലാവില്ല. പുസ്തകത്തിലെ രചനയും ചിത്രീകരണവും സമാന്തരമായാണ് പോകുന്നത്. ചിത്രങ്ങളിലൂടെയാണ് ആ നാട്ടിടവഴിയിലെ മരത്തിനു ചുറ്റും ഒരു നഗരകേന്ദ്രം ഉണ്ടായി വരുന്നത് കാണുന്നത്. വഴി നടുവിൽ വളർന്ന ഒരു ചെറു തൈയെ സംരക്ഷിച്ചുകൊണ്ട് കാലം ചുറ്റും ഒരു നഗരം വളർത്തിയ കഥ.
വികസനവും പരിസ്ഥിതിയും സംബന്ധിച്ച സാധാരണ ധാരണകളെ ഈ പുസ്തകം തകിടം മറിക്കുന്നു. ഒരു വശത്ത് ഒരു മരച്ചുവട്ടിലെ ശാന്തമായ ജീവിതവും അതിന് സമാന്തരമായി ഒരു നഗരം വളർന്നു വരുന്നതും ഇവിടെ സഹവർത്തിക്കുന്നു.
ലോകമെങ്ങും നിന്നുള്ള വെള്ളത്തിന്റെ കഥകൾ
തൂലിക പബ്ലിഷേഴ്‌സിന്റെ സ്ഥാപകരായ രാധികാ മേനോനും സന്ധ്യാ റാവുവും ചേർന്ന് എഡിറ്റ് ചെയ്ത പുസ്തകമാണിത്. രാധിക ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബാലസാഹിത്യ പ്രസാധകയും സന്ധ്യ റാവു ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബാലസാഹിത്യകാരിയുമാണ്. നിരുപമ ശേഖർ ഈ പുസ്തകത്തിലെ മനോഹര വരകൾ ചെയ്തിരിക്കുന്നു.
ദീപ വെൽസാർ എഴുതിയ വെള്ളത്തിന്റെ ഉടമസ്ഥർ ആര് എന്നതാണ് ഇന്ത്യയിൽ നിന്നുള്ള ഒരു കഥ. അമേരിക്കൻ ആദിമരുടെ കഥ പറഞ്ഞിരിക്കുന്നത് സുനീതി നാംജോഷിയാണ്. മറിയം കരീം അഹ്ലാവത്ത് പറയുന്നത് പല മിത്തുകൾ ചേർത്തുള്ള ഒരു കഥയാണ്. ബോട്‌സ്വാനയിൽ നിന്നുള്ള കഥ പറയുകയാണ് സായി വിറ്റക്കർ. സ്‌പെയിനിൽ നിന്നുള്ള ഒരു കഥ സന്ധ്യ റാവു തന്നെ പറയുന്നു. രാധിക ഛദ്ദയും ഒരു ഇന്ത്യൻ കഥയാണ് പറയുന്നത്. അമൃത പാട്ടീൽ നൈജീരിയയിൽ നിന്നുള്ള ഒരു കഥ പറയുന്നു. സൗമ്യ രാജേന്ദ്രനും ഒരു ആദിമ അമേരിക്കൻ കഥ പറയുന്നു. എന്നിട്ട് വീണ്ടും സുനീതി നാംജോഷി ആസ്‌ട്രേലിയയിൽ നിന്നുള്ള ഒരു ഗോത്രകഥ പറയുന്നു. ചൈനയിൽ നിന്ന് നിവേദിത സുബ്രഹ്മണ്യം പറയുന്നതാണ് ഇനിയത്തെ കഥ. സന്ധ്യ റാവു പറയുന്ന ഗ്രീസിൽ നിന്നുള്ള ഒരു കഥയാണ് ഈ സമാഹാരത്തിലെ അവസാന കഥ.
നൂറു പേജുള്ള ഈ പുസ്തകത്തിലെ ഈ കഥകളെല്ലാം പരിചയപ്പെടുത്തുക ഈ പംക്തിയുടെ പരിധിക്കുള്ളിൽ നില്ക്കില്ല. അതിനാൽ ഈ സമാഹാരത്തിലെ കഥകളുടെ സ്വഭാവം വ്യക്തമാക്കുന്ന ഒരു കഥ പറയാം.
പണ്ടു പണ്ടൊരിക്കൽ പൊടിപിടിച്ച ഒരു ഗ്രാമത്തിനു വെളിയിൽ ഒരു കുഞ്ഞു കിളി മുട്ടയിടാൻ സ്ഥലം തേടുകയായിരുന്നു. വരണ്ട സ്ഥലം. മുട്ടയിടാൻ ഒരു പുൽക്കൊടിയുടെ തണൽ പോലുമില്ല. അവസാനം ഗത്യന്തരമില്ലാതെ ഒരു ചെറുകുഴി വലുതാക്കി വെയിലത്ത് കിളി മുട്ടയിട്ടു. മുട്ട വിരിഞ്ഞു, തള്ളക്കിളി പക്ഷിക്കുഞ്ഞുങ്ങളെ കാത്തു, തീറ്റ കൊടുത്തു. കിളിക്കുഞ്ഞുങ്ങൾ പറക്കമുറ്റുന്നതു വരെ.
കഥ ഇവിടെ തീരുന്നില്ല. അതിന് ഇത് മുട്ടയിടാൻ ഇടം തേടിയ കിളിയുടെ കഥയല്ല. പക്ഷേ, കിളി മുട്ടയിട്ട കുഴിയുടെ കഥയാണ്.
ഒരു കുഴി? തറയിലൊരു കുഴിയുള്ളതിലെന്താണ് ഇത്ര രസകരമായ കഥ? ഉം, അത് നിങ്ങൾക്ക് വഴിയേ മനസ്സിലാകും.
ആ കുഴിയിൽ കുറേ നാളത്തേക്ക് ഒന്നും സംഭവിച്ചില്ല. ഒരു ദിവസം ഒരു കാട്ടു പന്നി വന്ന് തന്റെ പള്ള ആ കുഴിയിലേക്കാക്കി അവിടെ കിടക്കും വരെ. പന്നിക്ക് കിടക്കാൻ ആ കുഴി പോരായിരുന്നു. അവനത്, കാലു കൊണ്ടും തേറ്റ കൊണ്ടും വലുതാക്കി കിടക്കാനും വേണ്ടി പറ്റുന്ന വലിയ ഒരു കുഴിയാക്കി. അവിടെ തുമ്മിയും ചീറിയും ഇടയ്ക്ക് ഇളകിയും പന്നി കിടന്നു. ഇടയ്‌ക്കൊന്ന് എഴുന്നേറ്റ് ചുറ്റുമുള്ള മണ്ണും ഇളക്കി. പിന്നെ വിശന്നപ്പോൾ എഴുന്നേറ്റ് വലിയ ഒരു തുമ്മലും പാസാക്കി, അവിടമാകെ ഈർപ്പം നിറച്ച്, തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ സ്ഥലം വിട്ടു.
ഇത്രയേ ഉള്ളോ കഥ? അല്ല, കഥ തുടങ്ങിയിട്ടേ ഉള്ളൂ.
പന്നിയുടെ മണം പിടിച്ച് ഒരു കൂട്ടം കാട്ടുപട്ടികൾ അവിടെ വന്നുകൂടി. അവർ പന്നിയുടെ മണം കൂടുതൽ ഉള്ള വട്ടത്തിൽ കൂടുതൽ മണം പിടിക്കുകയും തുമ്മുകയും ചെയ്തു. പന്നി കിടന്നിടത്ത് അവരെല്ലാം വീണ്ടും വീണ്ടും തട്ടിയും തപ്പിയും കാലുകൊണ്ടു മണ്ണുമാറ്റിയും പരിശോധിച്ചു, ആ പന്നിയെ അവിടെ കുഴിച്ചിട്ടിരിക്കുകയാണെന്ന മട്ടിൽ. അവരുടെ അത്താഴം അവിടെ ഇല്ല എന്നു മനസ്സിലാക്കിയ കാട്ടുപട്ടികൾ ക്രമേണ സ്ഥലം വിട്ടു. അവരും ആ കുഴി മുമ്പുണ്ടായിരുന്നതിനെക്കാളും അല്പം വലുതാക്കിയാണ് പോയത്.
പിന്നെ എന്തു സംഭവിച്ചു? മറ്റു മൃഗങ്ങളും വന്നോ?
തീർച്ചയായും വന്നു. കുഴിക്ക് ഒരു കഥ പറയാനുണ്ടെന്നു മനസ്സിലായില്ലേ?
അങ്ങനെയിരിക്കെ മഴക്കാലം വന്നു. കോരിച്ചൊരിയുന്ന മഴ. മൂന്നു രാവും പകലും നിറുത്താതെ മഴ പെയ്തു. മണ്ണ് നനഞ്ഞ് കുതിർന്നു. ചുറ്റും പെയ്ത മഴ ഈ കുഴിയിൽ വന്നു കൂടി. കുഴിക്കു ചുറ്റും വളർന്ന പുല്ലിന് കുറച്ച് പച്ചപ്പ് കൂടി. പെട്ടെന്നു തന്നെ പുല്ലു നിറഞ്ഞ ഈ ഇടം എരുമകൾക്ക് തിരിഞ്ഞു. അവർ ചെളിവെള്ളത്തിൽ നിന്ന് എഴുന്നേറ്റ് വന്ന് ഇവിടെ കിടന്ന് കുഴിയെ ഒരു ചെളിക്കുളമാക്കി.
എന്നിട്ട് അവ അവിടെ സന്തോഷമായി എല്ലാക്കാലത്തേക്കും വാണു അല്ലേ? സത്യത്തിലുള്ള കഥകളിൽ ഇങ്ങനെ വളരെ അപൂർവമായല്ലേ സംഭവിക്കൂ. ഇനിയും കഥയുണ്ട്. അല്പം കൂടെ കാത്തിരിക്കൂ.
ഒരിക്കൽ ചെറിയ ഒരു കുണ്ട് ആയിരുന്നിടത്തെ കുഴിയുടെ അടുത്ത് ഒരു കൃഷിക്കാരൻ നിലമുഴുതു. കൃഷിക്കാരന്റെ ജീവിതം കഷ്ടമായിരുന്നു. നീണ്ട വേനൽക്കാലത്ത് വെള്ളം കിട്ടുക തന്നെ പ്രയാസം. പക്ഷേ, ഇവിടെ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് തന്റെ പാടത്തിന്റെ കരയിൽ അതാ ഒരു ചെളിക്കുളം. സന്തോഷം പൂണ്ട അയാൾ ഉടനെ വീട്ടിലേക്കോടി. മണ്ണുവെട്ടിയും കൂന്താലിയുമായി വന്ന് നല്ലൊരു കുളം തന്നെ അവിടെ വെട്ടി.
ഇതൊരു ഗുണപാഠകഥയായി അവസാനിക്കാൻ പോവുകയാണോ?
അല്ലല്ലോ, പക്ഷേ എത്ര ചെറിയ കാര്യമായാലും അതിൽ നിന്നും എന്തെങ്കിലും പഠിക്കാൻ കാണും. കഥയുടെ അവസാനഭാഗമായി, അല്പം കൂടി കാത്തിരിക്കൂ.
സന്തോഷം നിറഞ്ഞ കൃഷിക്കാരൻ ഇക്കാര്യം ഭാര്യയോടു പറഞ്ഞു. ഭാര്യ ഉടനെ നാട്ടിലെ പൂജാരിയെ കുളത്തിലേക്ക് വിളിച്ചു, ഒരു പൂജ നടത്താൻ. പൂജാരി വന്ന് ആർക്കും ഒരിക്കലും മനസ്സിലാകാത്ത ചില മന്ത്രങ്ങൾ പറഞ്ഞു. അപ്പോഴേക്കും നാട്ടുകാരാകെ അവിടെ കൂടി.
അതിനിടയിലേക്ക് തിക്കിത്തിരക്കി വന്ന നാട്ടിലെ പ്രമാണി കൃഷിക്കാരൻ പൂജാരിയോടു ചോദിച്ചു, എന്റെ കുളം ആശീർവദിക്കാൻ വന്നതാണ് അല്ലേ? നിങ്ങളുടെ കുളം? നമ്മുടെ പാവം കൃഷിക്കാരൻ ചോദിച്ചു. നിങ്ങളുടെ നിലം ദാ അവിടെ അവസാനിക്കുന്നു. ഇത് എന്റെ നിലത്താണ്.
പ്രമാണി കൃഷിക്കാരനും ദരിദ്ര കൃഷിക്കാരനും പരസ്പരം നോക്കി നിൽകേ, എരുമകളും പന്നിയും നായക്കളും കുഞ്ഞു പക്ഷികൾ വരെ അതൊന്നു കാണാൻ ഒരു നിമിഷം നിന്നു. അവരെല്ലാവരും ആ നീല രത്‌നത്തിനു ചുറ്റും കൂടി നിന്നു. വലുതും ചെറുതും എല്ലാം. ഇതിൽ എനിക്കും ഒരു പങ്കുണ്ട് എന്ന് പറയുന്നതുപോലെ.
അപ്പോൾ ഒരു ഗുണപാഠത്തോടെയല്ല, ഒരു ചോദ്യത്തോടെ ഈ കഥ അവസാനിപ്പിക്കാം. ആരാണ് വെള്ളത്തിന്റെ ഉടമസ്ഥർ?
ഇത്തരത്തിലുള്ള പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിൽ. വെള്ളത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന നാടോടിക്കഥകളും മിത്തുകളിൽ നിന്നുള്ള കഥകളും. വെള്ളത്തിന്റെ പ്രാധാന്യത്തിന്റെയും അത് സംരക്ഷിക്കേണ്ടുന്നതിന്റെയും ആവശ്യം പറയുന്ന കഥകൾ. വിവിധ രാജ്യങ്ങളിലെ മിത്തുകളിലോ നാടോടിക്കഥകളിലോ നിന്ന് എടുത്തിട്ടുള്ള ഈ കഥകൾ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബാലസാഹിത്യകാർ പുനരാവിഷ്‌കരിച്ചിരിക്കുന്നു.
ഓരോ സംസ്‌കാരത്തിൽ നിന്നുള്ള ചിത്രരചനാശൈലികളാൽ പ്രചോദിതമാണ് ഇതിലെ ചിത്രങ്ങൾ.
സുസ്ഥിര വികസന ലക്ഷ്യ ബുക്ക് ക്ലബ്
ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്ന പതിനേഴ് സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ (SDG's) തത്വങ്ങളുമായി കുട്ടികൾ സംവദിക്കുന്നതിനായി യു.എൻ ആരംഭിച്ചിട്ടുള്ള റീഡേഴ്‌സ് ക്ലബ് ആണ് എസ്.ഡി.ജി ബുക്ക് ക്ലബ്. ആറു മുതൽ പന്ത്രണ്ടു വരെ വയസ്സുള്ള കുട്ടികൾക്കാണ് ഈ പുസ്തകങ്ങൾ. ഐക്യരാഷ്ട്രസഭയുടെ ആറ് ഔദ്യോഗിക ഭാഷകളിൽ (അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രെഞ്ച്, റഷ്യൻ, സ്പാനിഷ്.) പ്രസിദ്ധീകരിക്കുന്ന, തെരഞ്ഞടുക്കപ്പെട്ട പുസ്തകങ്ങളാണ് ഈ ബുക്ക് ക്ലബ്ബിലുള്ളത്.
പതിനേഴ് മാസം കൊണ്ട് പതിനേഴ് പുസ്തകങ്ങൾ വായിക്കൂ എന്നാണ് ആഹ്വാനം. ഇതുവരെ 39 പുസ്തകങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. സെപ്തംബർ 2020 ഓടെ ഈ പുസ്തകപ്പട്ടിക പ്രഖ്യാപനം പൂർത്തിയാവും എന്നാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നതെങ്കിലും പതിനേഴിൽ പതിനൊന്ന് ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളേ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളൂ. ഇന്ത്യയിൽ നിന്ന് ആകെ മൂന്നു പുസ്തകങ്ങളാണ് ഈ പട്ടികയിൽ വന്നത്. മൂന്നും ചെന്നൈയിലെ തൂലിക പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ചത്.
ഈ ബുക്ക് ക്ലബിൽ ഇതുവരെ പ്രഖ്യാപിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു. ലോകത്തെ ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള മികച്ച ബാലസാഹിത്യം എങ്ങനെയാണ് എന്ന് അറിയാൻ താല്പര്യമുള്ളവർക്ക് ഈ പട്ടികയിലെ പുസ്തകങ്ങളെക്കുറിച്ച് യു.എൻ വെബ്‌സൈറ്റിൽ വിശദവിവരങ്ങൾ നല്കിയിരിക്കുന്നത് കാണാം.
Goal One - Poverty• Serfina's Promise- Ann E Burg• Last Stop on Market Street- Matt De La Pena• A Chair for my Mother- Vera B Williams• The Happy Prince- Oscar Wilde
Goal Two - Zero Hunger• The Good Garden- Katie Smith Milway• Thank You Omu- Oge Mora• Maddi's Fridge- Luis Brandt• Stone Soup- Jon J Muth• The Lunch Thief- Anne C Bromley
Goal Three - Good Health and Well Being• What, What, What? - Arata Tendo• I am Peace- Susan Verde
Goal Four - Quality Education• Razia's Ray of Hope- Elezabath Suneby• Rain School- James Rumford• When I was Eight- Christy Jordan Fenton
Goal Five - Gender Equality• Malala My Story of Standing up for Girls' Rights• Bright Sparks- Owen O'Doherty
Goal Six - Clean Water and Sanitation• One Well- The Story of Water on Earth - Rochelle Strauss• Water Stories from Around the World• Gizo-Gizo
Goal Seven - Affordable and Clean Energy• The Boy Who Harnessed the wind• Iqbal and his ingenious Idea• What if we run out of Oil - Nick Hunter
Goal Eight - Decent Work and Economic Growth• Basket of Bangles- Ginger Howard• One Hen- Katie smith Milway• Twenty Two Cents- Paula Yoo
Goal Nine - Industries Innovation and Infrastructure• Awesome Engineering- Sally Spray• Wild Buildings and Bridges- Etta Kaner• Camilla Cartographer- Julie Dillemuth• One Plastic Bag- Miranda Paul
Goal Ten - Reduced Inequalities• This Child Every Child- David J Smith• A Home Our Own- Megha Aggarwal• Little Mouse and the Red Wall- Britta Teckentrup• I am a Global Citizen We are all Equal- Georgia Amson - Bradshaw • The Lost Homework- Richard O'Neill
Goal Eleven - Sustainable Cities and Communities • Potatoes on Rooftops: Farming in the City- Hadley Dyer• Out of the Out of Way- Uma KrishnaSwami• The Streets are Free- Kurusa• Errol's Garden- Gillian Hibbs ▮