പിപ്പി പാർക്കിൽ പോകുന്നു

പാർക്കിൽ പോകുന്ന പിപ്പിയുടെ കഥ. ഭാവനസമ്പന്നയായ ആസ്ട്രിഡ് ലിൻഡ്ഗ്രൻ എന്ന സ്വീഡിഷ് എഴുത്തുകാരിയുടെ Pipi in the Park എന്ന പുസ്തകം.

പിപ്പി താമസിക്കുന്ന പട്ടണം വളരെ ശാന്തമായ ഒരിടമാണ്. അവിടെ ചില ചെറിയ ചട്ടമ്പികളേ ഉള്ളൂ. അവരെയൊക്കെയാണെങ്കിൽ പിപ്പി ഒതുക്കുകയും ചെയ്തു. പക്ഷേ, വലിയ പട്ടണത്തിൽ അതല്ല സ്ഥിതി. പത്രത്തിലെ വാർത്ത കാണിച്ച് തൊമ്മി പിപ്പിയോടു പറയുകയായിരുന്നു, ""രാത്രിയിൽ ഗുണ്ടകൾ പാർക്ക് കയ്യേറി, പൊലീസ് നിസ്സഹായർ.''

""മോശം, വളരെ മോശം,'' പിപ്പി പറഞ്ഞു.
അന്നിക പറഞ്ഞു, ""അവിടെ ഒരു പിപ്പി ലോങ്‌സ്റ്റോക്കിങ് വേണം, ആ പാർക്കിൽ.'' ""നിനക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അവർക്ക് ഒരു പിപ്പി ഉണ്ടായിരിക്കും. നമുക്ക് ആ പാർക്കിലേക്ക് മാറാം.'' പിപ്പി.

""വട്ടാണോ, അതു പറ്റില്ല. നമ്മൾ എവിടെ താമസിക്കും? നമുക്കെന്താ റോയൽ ലൈബ്രറിയിൽ പോയി താമസിക്കാൻ പറ്റുമോ?'' തൊമ്മി ചോദിച്ചു.""ഹേയ്, അതിന്റെ ആവശ്യമൊന്നുമില്ല, നമ്മൾ നമ്മുടെ വീട്, വില്ല വില്ലേക്കുളള, കൂടെ കൊണ്ടു പോകും, എനിക്ക് ഇത് ഇന്ന് ഉച്ചയോടെ പൊളിച്ച് പുതിയ സ്ഥലത്ത് പണിയാനാവും,'' പിപ്പി.

""നമ്മൾ പോകുന്നു. പൊലീസ് നിസ്സഹായരാണെന്നു കേൾക്കുമ്പോൾ എനിക്ക് സങ്കടമാകും.''

""പക്ഷേ, സിറ്റിയിലെ ചട്ടമ്പികളെയല്ലാം കൈകാര്യം ചെയ്തു കഴിയുമ്പോൾ നീ വില്ല വില്ലക്കുള്ളയും തിരിച്ചു കൊണ്ടു വരുമോ?'' തൊമ്മി ഉറപ്പു വരുത്തി. ""അതെ.''
ഇതാണ് പിപ്പി.

സ്വീഡിഷ് എഴുത്തുകാരി ആസ്ട്രിഡ് ലിൻഡ്‌ഗ്രെൻ (1907-2002) എഴുതിയ പിപ്പി കഥകളെ പരിചയപ്പെടുത്തുന്നതിന്റെ രണ്ടാം ഭാഗമാണ് ഈ ലക്കത്തിലെ പുസ്തകപരിചയം. പാർക്കിൽ പോകുന്ന പിപ്പിയുടെ (Pippi in the Park) കഥ. ബാലസാഹിത്യത്തിൽ നമുക്ക് പരിചിതമായ കുട്ടിയുടെ മാതൃക ഇവിടെ പൂർണമായും തകർക്കപ്പെടുന്നു. ഭാവനയിൽ സമൂഹം നിയന്ത്രണങ്ങൾ വരുത്തിയിട്ടില്ലാത്ത ഒരു പെൺകുട്ടിയുടെ സ്വതന്ത്ര ചിന്താലോകമാണ് പിപ്പി കഥകളിലുള്ളത്. നമ്മുടെ ബാലസാഹിത്യം ഇനിയും ഈ സ്വാതന്ത്ര്യം അനുവദിക്കാൻ ധൈര്യപ്പെട്ടിട്ടില്ല എന്നയിടത്താണ് നമ്മുടെ ചിന്തയുടെ തടവറയുടെ ഇടുക്കം വെളിപ്പെടുന്നത്.

പിപ്പിയും തൊമ്മിയും അന്നികയും മിസ്റ്റർ നിൽസൺ എന്ന പിപ്പിയുടെ കുഞ്ഞു കുരങ്ങനും കുതിരയും കൂടെ സായന്തനത്തിൽ സ്റ്റോക്ക്‌ഹോം നഗരമധ്യത്തിലുള്ള സിറ്റി പാർക്കിൽ എത്തി. ഒപ്പം വില്ല വില്ലേക്കുള്ള മുഴുവൻ പൊളിച്ചെടുത്ത പലകകളും. പിപ്പി നേരെ വീടുപണി തുടങ്ങി, മുമ്പിരുന്നിടത്ത് എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ. വീട് ഏതാണ്ട് തീരാറായപ്പോഴാണ്, മേല്ക്കൂര കയറ്റാറായപ്പോൾ, തവിട്ട് കോട്ടിട്ട ഒരു കുറിയ മനുഷ്യൻ ഓടിപ്പിടിച്ചു വന്നത്. ""ഹേ, ഇതു പണിയാൻ നിങ്ങൾക്ക് അനുവാദം ഉണ്ടോ?''

""എന്ത്?'' ""നിർമാണാനുമതി?'' ""ഇല്ല, പക്ഷെ, അതില്ലെങ്കിലും ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല.'' ""ഇതാകെ വൃത്തികേടാക്കിയല്ലോ, ഉടനെ പണി നിറുത്തൂ, അല്ലെങ്കിൽ ഞാൻ മേലാപ്പീസിലേക്ക് റിപ്പോർട്ട് ചെയ്യും.'' ""ആയിക്കോട്ടെ, വീട്ടിന്റെ മേലെ കൂര വേണമെന്ന് ഈ മേലാപ്പീസുകാർക്ക് അറിയാമായിരിക്കും. അല്ലെങ്കിൽ മഴ പെയ്യുമ്പോൾ നനയും.''

ആ മനുഷ്യന് ആകെ പ്രശ്‌നമായി. അയാൾ കയറി വന്നു പിപ്പിയുടെ കയ്യിൽ കടന്നു പിടിച്ചു. പക്ഷേ, അയാൾക്കറിയില്ലല്ലോ ലോകത്തെ ഏറ്റവും ശക്തിയുള്ള പെൺകുട്ടിയാണ് നഗരത്തിലേക്ക് വന്നിരിക്കുന്നതെന്ന്.

പിപ്പിക്ക് വീടുപണി സന്ധ്യയാവും മുമ്പ് തീർക്കണം. അതുകൊണ്ട് അവൾ ആ മനുഷ്യനെ പതുക്കെ പൊക്കിയെടുത്തു റോഡിലേക്ക് കൊണ്ടു വന്നു. അവിടെ മെട്രോ പുറപ്പെടാൻ തയ്യാറായി നില്കുകയായിരുന്നു. അവൾ അയാളെ അതിൽ കൊണ്ടു നിറുത്തിയതും മെട്രോ വിട്ടു. അവർ അയാൾക്ക് തൂവാല വീശി യാത്ര പറഞ്ഞു. അയാളുടെ വീട്ടിന്റെ എതിർദിശയിലേക്കുള്ള മെട്രോ ആയിരുന്നു അത്. അതയാൾക്ക് കൂടുതൽ ദേഷ്യമായി.

പിപ്പിയും കൂട്ടുകാരും കൂടെ ഒരു കയറിത്താമസിക്കൽ വിരുന്നു നടത്തി. കുതിരയ്ക്കും പഞ്ചാര കുക്കികൾ കൊടുത്തു. അല്ലെങ്കിൽ പാർക്കിലെ പച്ചപ്പുല്ല് കണ്ട് വട്ടായി നില്ക്കുന്ന അവനെ നിയന്ത്രിക്കാൻ പാടാണ്. എന്നിട്ട് രണ്ടു ബോർഡ് വച്ചു. ഒന്ന്- പുല്ലിൽ നടക്കരുത്. രണ്ട്- തോട്ടക്കാരനെ കളിയാക്കരുത്. പക്ഷേ, കുതിര ഇതൊക്കെ വായിച്ചോ എന്നു സംശയമാണ്. കാരണം എഴുത്തിന്റെയും വായനയുടെയും കാര്യത്തിൽ പിപ്പിയെക്കാളും ഒട്ടും മെച്ചമായിരുന്നില്ല കുതിര!
എന്നിട്ട് പിപ്പിയും തൊമ്മിയും അന്നികയും കൂടെ അടുക്കള വാതിലൂടെ സ്റ്റോക്ക്ഹോം നഗരത്തിലേക്ക് നോക്കി. കൊള്ളാം, നല്ല ഭംഗിയുണ്ട്. നിറയെ വിളക്കുകൾ. സിറ്റി പാർക്കിലെ താമസം കൊള്ളാമല്ലോ.

എന്നാൽ ഇനി അല്പം ഉറങ്ങാം, ചട്ടമ്പികൾ വരില്ലായിരിക്കും, എന്നു വിചാരിക്കുമ്പോഴാണ് അതാ പാർക്കിൽ നിറയെ ചട്ടമ്പികൾ അവരുടെ പതിവ് വൈകുന്നേര പരിപാടികളുമായി എത്തിയിരിക്കുന്നു. അവർ ചിലരുടെ മീശ പിടിച്ചു വലിക്കുന്നു, ചില സ്ത്രീകളുടെ ബാഗ് പിടിച്ചു വലിക്കുന്നു. തോന്നിയവരെയൊക്കെ ഇടിക്കുന്നു. പക്ഷേ, അവർക്കറിയില്ലല്ലോ പിപ്പി ഇതെല്ലാം കാണുന്നുണ്ടെന്ന്.
പെട്ടെന്നാണ് ചട്ടമ്പികൾ വില്ല വില്ലക്കുള്ള കണ്ടത്. അവർ അടുക്കള വാതിലിലൂടെ എത്തിനോക്കി. അകത്ത് മൂന്നു പിള്ളാർ ഇരിക്കുന്നു, അതിലൊന്നിന്റെ മുടി ചോപ്പുനിറത്തിൽ. കൂടാതെ ഒരു കാലിൽ കറുപ്പും മറു കാലിൽ മഞ്ഞയും സ്റ്റോക്കിങ് ഇട്ടിട്ടുണ്ട്. ഇത് കണ്ട് അപകടമാണെന്ന് ചട്ടമ്പികൾ വിചാരിക്കുമെന്നായിരിക്കും നിങ്ങൾ കരുതുന്നത്. പക്ഷേ, അവർ പുസ്തകങ്ങൾ വായിക്കില്ലല്ലോ. ഇത് ഏതോ ഒരു ചെമ്പൻമുടിക്കാരി പെൺകുട്ടി എന്ന് അവർ വിചാരിച്ചു.

വരാന്തയിൽ നിന്ന് കുതിര "തോട്ടക്കാരനെ കളിയാക്കരുത്' എന്നത് കഷ്ടപ്പെട്ട് വായിക്കാൻ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ചട്ടമ്പികൾ കുതിരയെ കണ്ടത്. ""കൊള്ളാമല്ലോ ഈ കുതിരപ്പുറത്ത് ഒരു സവാരി നന്നായിരിക്കും.'' ""അതുകൊള്ളാം, പക്ഷേ, പ്രശ്‌നമെന്താണെന്നു വച്ചാൽ ഇത് എന്റെ കുതിരയാണ്. മാത്രവുമല്ല അവൻ സ്റ്റോക്ക്ഹോമിൽ ആദ്യമായി വരികയാണ്. അവൻ അല്പം നാണക്കാരനുമാണ്, വെറുതെ വിടുന്നതാണവനിഷ്ടം. അതുകൊണ്ട് സവാരി ഉണ്ടായിരിക്കുന്നതല്ല.'' അവിടേക്കു വന്ന പിപ്പി പറഞ്ഞു.

കൂട്ടത്തിൽ ഏറ്റവും മോശക്കാരനായിരുന്നു ജോമോ എന്ന ചട്ടമ്പി. ""സവാരി ഇല്ലെന്നോ, എന്നെ ആരു തടയും?'' അവൻ കുതിരയുടെ മേൽ വലിയൊരു ചവിട്ടു കൊടുത്തു. വൃത്തികെട്ട ഒരു ചിരിയോടെ അവൻ കുതിരയുടെ മേൽ കയറാൻ ശ്രമിച്ചു.

""ഒരു നിമിഷം,'' പിപ്പി പറഞ്ഞു. ""എന്റെ കുതിരയുടെ മേൽ കയറുന്നതിനു മുമ്പ് എനിക്ക് ഒരു കാര്യം ചോദിക്കാമോ?''""എന്ത്?'' ജോമോ ചോദിച്ചു.""എന്റെ പണി കഴിഞ്ഞാൽ തന്നെ ഞാൻ എവിടെ കൊണ്ടു തള്ളണം? ഈ സിറ്റി പാർക്കിലോ അതോ വേറെ എവിടെയെങ്കിലുമോ?''
ജോമോ കൂടുതൽ മോശമായ ഒരു ചിരി ചിരിച്ചിട്ട് കുതിരയുടെ മേൽ ചാടിക്കയറി.
അവൻ ഉണർന്നപ്പോൾ അവനും കൂട്ടുകാരും പാർക്കിന്റെ ഒരു മൂലയിൽ കിടക്കുന്നതാണ് കണ്ടത്. അവനും കൂട്ടുകാർ എല്ലാവരും കൈകാലുകൾ കൂട്ടിക്കെട്ടപ്പെട്ട് നിലത്ത് കിടക്കുന്നു. അനങ്ങാൻ മേല!

""ശരിക്കും എന്താണ് സംഭവിച്ചത്? ഒരു ഭൂമി കുലുക്കം ഉണ്ടായോ?''
ആദ്യം ആരും ഒന്നും മറുപടി പറഞ്ഞില്ല. ഒടുവിൽ ഒരാൾ പറഞ്ഞു, ""അവൾ ആ ചെമ്പൻ മുടിക്കാരി...''""ങേ, അവളാണോ, മറ്റേ...'' ""അതെ.'' ""ഞാൻ ഒരു സൂപ്പർമാനായിരുന്നെങ്കിൽ അവളെ ശരിയാക്കാമായിരുന്നു.'' ""ചങ്ങാതീ, സൂപ്പർമാനു പോലും അവളോടു പിടിച്ചു നില്ക്കാൻ പറ്റുമെന്നു തോന്നുന്നില്ല.''
പിപ്പി പൊലീസിനെ വളിച്ച് ഈ ചട്ടമ്പികളെ ഏല്പിക്കുന്നതും അവർ പാർക്കിൽ ആസ്വാദ്യകരമായി താമസിക്കുന്നതും ഒക്കെ ആയി കഥ നീണ്ടു പോവുകയാണ്.
അതീവ ജനപ്രിയമായും അതേസമയം നിലവാരം താഴാതെയും കുട്ടികൾക്കായി എഴുതുന്നതെങ്ങനെ എന്നതിന്റെ ഉദാഹരണമാണ് പിപ്പി കഥകൾ.

ആസ്ട്രിഡ് ലിൻഡ്ഗ്രൻ തന്റെ മഹത്തായ രചനകളിലൂടെ മാത്രമല്ല ശ്രദ്ധേയയായത്. എന്നും ദുർബലരുടെയും പീഡിതരുടെയും പക്ഷത്ത് അവർ നിന്നു. ആസ്ട്രിഡ് ലിൻഡ്ഗ്രന്റെ കഥകൾ ഇന്ന് പ്രസിദ്ധീകരിക്കപ്പെട്ട രൂപത്തിൽ കാണുന്നതിനെക്കാളും റാഡിക്കലും ശക്തവുമായിരുന്നു എന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. മുതിർന്നവരെയും അധികാരികളെയും കുറച്ചുകൂടെ ബഹുമാനക്കുറവോടെയാണത്രെ അവ കണ്ടിരുന്നത്.

1945 എഴുതിയ ആദ്യ പിപ്പി പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതി സ്റ്റോക്ക്‌ഹോമിലെ ബോണിയേഴ്‌സ് ഫൊർലാഗ് എന്ന പ്രസാധകന് ആസ്ട്രിഡ് ലിൻഡ്ഗ്രൻ അയച്ചു കൊടുത്തു. ചില ചർച്ചകൾക്കു ശേഷം അത് നിരസിക്കപ്പെടുകയാണുണ്ടായത്! പക്ഷേ ലിൻഡ്ഗ്രൻ നിരാശയായില്ല. കുട്ടികൾക്കായി കഥകൾ എഴുതുന്നതാണ് തന്റെ ദൗത്യം എന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു. മാത്രമല്ല കുട്ടികൾക്കായി എഴുതുന്നത് എന്ത് രസകരം എന്ന് അവർ സ്വയം പറയുകയായിരുന്നു.

പെൺകുട്ടികൾക്കുള്ള പുസ്തകങ്ങൾക്കായി ഒരു ചെറിയ പ്രസാധകൻ നടത്തിയ മത്സരത്തിൽ അടുത്ത വർഷം ലിൻഡ്ഗ്രന് രണ്ടാം സമ്മാനം കിട്ടി. ഒരു സാധാരണ വീട്ടമ്മയ്ക്ക് സമ്മാനം നല്കുന്നു എന്നാണ് ആ പ്രസാധകൻ പ്രഖ്യാപിച്ചത്. പക്ഷേ, ആ വീട്ടമ്മ ലോകത്തെ അസാധാരണ എഴുത്തുകാരിയായി മാറുകയായിരുന്നു.

പിപ്പി പുസ്തകങ്ങളിൽ രണ്ടെണ്ണത്തിനു മാത്രമേ ഇന്ത്യൻ ഇംഗ്ലീഷ് എഡിഷനുകളുള്ളൂ. Pippi Longstocking ഉം Pippi in the Park ഉം. അവ [email protected] എന്ന ഇമെയിലിൽ ആവശ്യപ്പെട്ടാൽ കിട്ടും. ആമസോണിൽ ലഭ്യമല്ല. നിങ്ങൾക്ക് ലഭ്യമായ മറ്റു രണ്ടു പിപ്പി പുസ്തകങ്ങളാണ് Pippi Longstocking എന്ന തന്നെ പേരിലുള്ള അധ്യായങ്ങളായുള്ള പുസ്തകവും Pippi Goes on Board എന്ന മറ്റൊരു കഥാസമാഹാരവും. Pippi Lambemoze എന്ന പേരിൽ തെരഞ്ഞെടുത്ത പിപ്പി കഥകൾ ഹിന്ദിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെന്നൈയിലെ തൂലിക പബ്ലിഷേഴ്‌സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇവ അടുത്തുള്ള പുസ്തകശാലയിലോ ആമസോണിലോ കിട്ടിയേക്കും.▮


റൂബിൻ ഡിക്രൂസ്‌

നാഷണൽ ബുക്ക് ട്രസ്റ്റിന്റെ മലയാളം എഡിറ്റർ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ.

Comments