പിപ്പി ലോങ്‌സ്റ്റോക്കിങ് കവർ

​രണ്ടു കാലിലും വെവ്വേറെ നിറത്തിലെ

നീണ്ട സ്റ്റോക്കിങ്‌സ് ഇടുന്ന ഒരു പെൺകുട്ടി

പിപ്പി അങ്ങനെയാണ്! ലോകത്തെ ഏറ്റവും ശക്തിയുള്ള പെൺകുട്ടിയാണത്രെ! ലോകത്ത് ഒരു പൊലീസുകാരനുമില്ല പിപ്പിയോളം ശക്തിയുള്ളതായി. പിപ്പി വലിയ പണക്കാരിയുമാണ്. നിറയെ സ്വർണനാണയങ്ങളുള്ള വലിയ ഒരു ബാഗുമുണ്ട് അവളുടെ കയ്യിൽ. അവൾ വില്ല വില്ലേക്കുള്ള എന്ന വലിയ വീട് വാങ്ങി. അവിടെ അവൾ ഒറ്റയ്ക്ക് താമസിക്കാൻ പോവുകയാണ്. ഒരു കുതിരയും മിസ്റ്റർ നിൽസൺ എന്നു പേരുള്ള അവളുടെ കുരങ്ങനുമായി. പിപ്പിക്ക് അമ്മയും അച്ഛനുമൊന്നുമില്ല.

അവൾക്കതിൽ ഒരു പ്രശ്‌നവുമില്ല. മാത്രവുമല്ല, അവൾ നല്ല രസമായി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോൾ പോയി ഉറങ്ങൂ എന്നു പറയാൻ ആരുമില്ലല്ലോ. സ്വീഡിഷ് എഴുത്തുകാരി ആസ്ട്രിഡ് ലിൻഡ്‌ഗ്രെൻ (1907-2002) എഴുതിയ പിപ്പി കഥകൾ ലോകത്തെ ആധുനിക ബാലസാഹിത്യ ക്ലാസിക്കുകളാണ്.

ആസ്ട്രിഡ് ലിൻഡ്‌ഗ്രെൻ

പിപ്പി ലോങ്‌സ്റ്റോക്കിങ് എന്ന ലിൻഡ്ഗ്രന്റെ ഏറ്റവും പ്രസിദ്ധമായ കഥ 1945ലാണ് സ്വീഡിഷ് ഭാഷയിൽ പ്രസിദ്ധീകരിക്കുന്നത്. 1950ൽ ഇംഗ്ലീഷ് വിവർത്തനം പ്രസിദ്ധീകരിക്കപ്പെട്ടു. പിപ്പി ഗോസ് ഓൺ ബോർഡ്, പിപ്പി ഇൻ ദ സൗത്ത്‌ സീസ് എന്നീ രണ്ടു പുസ്തകങ്ങളും കൂടെ അവർ പിപ്പിയെ കഥാപാത്രമാക്കി തുടർന്നു പ്രസിദ്ധീകരിച്ചു. നിരവധി ചിത്ര പുസ്തകങ്ങളും കവിതകളും നാടകങ്ങളും കഥകളും നോവലുകളും ഒക്കെ എഴുതിയ ആസ്ട്രിഡ് ലിൻഡ്ഗ്രൻ നൂറിലേറെ പുസ്തകങ്ങൾ തന്റെ നീണ്ട എഴുത്തുജീവിതത്തിൽ പ്രിസിദ്ധീകരിച്ചു. പക്ഷേ, പിപ്പി കഥകളെപ്പോലെ പ്രചാരം നേടിയവയല്ല മറ്റുള്ളവ. ലോകമെങ്ങുമുള്ള ഭാഷകളിൽ പിപ്പിയുടെ വിവർത്തനം പ്രസിദ്ധീകരിക്കപ്പെട്ടു. ഹിന്ദി, തമിഴ്, ബാംഗ്‌ള, മറാത്തി തുടങ്ങിയ ഇന്ത്യൻ ഭാഷകളടക്കം. (പിപ്പി പ്രസിദ്ധീകരിക്കപ്പെടാത്ത ഒരു ഇന്ത്യൻ ഭാഷ മലയാളമാണ്. ബാലസാഹിത്യത്തെക്കുറിച്ചുള്ള നമ്മുടെ അലക്ഷ്യത വെളിവാക്കുന്നതാണ് ഇത്.) പിപ്പി ലോങ്‌സ്റ്റോക്കിങ് ആണ് ഈ ലക്കത്തിൽ പരിചയപ്പെടുത്തുന്നത്.

അയൽക്കാരായ തൊമ്മിയും അന്നികയും പിപ്പിയെ ആദ്യം കാണുന്നതു തന്നെ പുതിയ വീട്ടിലേക്ക് താമസമാക്കാൻ ഒരു കുതിരയേയും പൊക്കി എടുത്തു വരുന്നതാണ്. അത്രേ ഉള്ളൂ, ഒരു വലിയ കുതിരയെ രണ്ടു കയ്യിലുമായി ഉയർത്തിക്കൊണ്ടു വരിക ഒക്കെ പിപ്പിക്ക് എത്ര നിസ്സാരം! തൊമ്മിക്കും അന്നികയ്ക്കും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. ചെറിയ പെൺകുട്ടികൾ കുതിരയെ ഉയർത്തിയെടുത്തു നടക്കാറില്ല. പക്ഷേ അങ്ങനെ ചെയ്യാൻ പറ്റുന്ന പെൺകുട്ടിയുടെ പേരാണ്, പിപ്പി ലോങ്‌സ്റ്റോക്കിങ്! "

എന്റെ കൂടെ പ്രാതൽ കഴിക്കുന്നോ?' പിപ്പി തൊമ്മിയോടും അന്നികയോടും ചോദിച്ചു. തീർച്ചയായും എന്നായിരുന്നു മറുപടി. "ആരാ ഭക്ഷണം ഉണ്ടാക്കുന്നത്? ' "ഞാൻ തന്നെ. '
പിപ്പി എല്ലാം ചെയ്യുന്നത് തനിച്ചാണ്. ഇപ്പോൾ അവൾ പാൻ കേക്ക് ഉണ്ടാക്കുകയാണ്. "ഞങ്ങൾ കഴിച്ചിട്ടുള്ള ഏറ്റവും നല്ല പാൻ കേക്ക്! ' ​തൊമ്മി പറഞ്ഞു.
പിപ്പിയുടെ തലമുടിയിൽ വീണ് ഒരു മുട്ട പൊട്ടി. അവൾ പാൻ കേക്കിന് മാവ് ശരിയാക്കുമ്പോഴാണതു സംഭവിച്ചത്. പക്ഷേ, പിപ്പി അതു കാര്യമാക്കുന്നില്ല.
മുട്ടയുടെ മഞ്ഞക്കുരു മുടി വളരാൻ നല്ലതാണെന്നാണ് എല്ലാവരും പറയുന്നത്. നോക്കിക്കോ എന്റെ മുടി ഭയങ്കരമായി വളരും.

പിപ്പി കുക്കീസും ഉണ്ടാക്കി. അടുക്കളയുടെ നിലത്താണ് പിപ്പി മാവ് പരത്തുന്നത്. കാരണം നിങ്ങൾ ഒരു അഞ്ഞൂറു കുക്കിയൊക്കെ ഉണ്ടാക്കുമ്പോൾ ഈ കൗണ്ടർ
പോര. മിസ്റ്റർ നിൽസൺ, അവളുടെ കുഞ്ഞു കുരങ്ങൻ അവളെയിതിൽ സഹായിക്കും. പക്ഷേ, കുതിരയുടെ സഹായം അനുവദിച്ചിട്ടില്ല. അത് വരാന്തയിൽ നില്ക്കും.

ഇനിയുമുണ്ട് പിപ്പിയുടെ കാര്യങ്ങൾ. പിപ്പിക്ക് ഒരേ സമയം ഒരു കൈകൊണ്ട് തലമുടി പിന്നിയിടാനും മറ്റേക്കൈ കൊണ്ട് ഉടുപ്പിന്റെ പുറകിലെ കുടുക്ക് ഇടാനും പറ്റും? നിങ്ങൾക്കതു പറ്റുമോ?

മേശയിൽ കിടന്നു കൊണ്ട് താഴെ ഭക്ഷണം കസേരയിൽ വച്ചാണ് അവൾ കഴിക്കുക. നേരെയിരിക്കൂ എന്നവളോടു പറയാൻ ആരുമില്ലല്ലോ!
അവൾ കുളിക്കുമ്പോൾ തല മുഴുവനായും വാഷ് ബേസിനിൽ മുക്കും. കണ്ണിൽ വെള്ളം കയറുന്നത് അവൾക്കെന്തിഷ്ടമാണ്.
വല്ലപ്പോഴും അവൾ അടുക്കളയുടെ തറ കഴുകും. ചെരുപ്പിൽ ബ്രഷ് വച്ചിട്ട്, ഒരു ബക്കറ്റ് വെള്ളം മറിച്ചിട്ട് അതിനു മേൽ സ്‌കേറ്റിങ് നടത്തിയാണ് അവൾ അടുക്കളത്തറ കഴുകുന്നത്.
അവൾ വിറക് വെട്ടുമ്പോൾ അഞ്ചു കഷണത്തിൽ കുറഞ്ഞൊരിക്കലും വെട്ടില്ല. ഓരോന്നായി വിറകുവെട്ടുന്നതൊക്കെ വെറും സാധാരണമല്ലേ!"ഞാനൊരു സാധനങ്ങൾ കണ്ടെത്തൽകാരിയാണ്,' പിപ്പി പറഞ്ഞു. "സാധനങ്ങൾ കണ്ടെത്തൽകാരിയോ? ' തൊമ്മിയും അന്നികയും അത്ഭുതപ്പെട്ടു. "അതെന്താ?' "അതെ കണ്ടെത്തൽകാരി'. ഈ ലോകം മുഴുവൻ പലവിധം സാധനങ്ങൾ കിടക്കുകയാണ്. അവയെല്ലാം കണ്ടെത്തുകയാണ് കണ്ടെത്തൽകാരി ചെയ്യുന്നത്. പിപ്പി ഒരു ദിവസം ഒരു പഴയ തകരപ്പാട്ട കണ്ടെത്തി. "ഇതുകൊണ്ടെന്തു ചെയ്യും?'
നിങ്ങൾക്ക് നിങ്ങളുടെ കഴുത്ത് ഇതിനുള്ളിൽ പൂഴ്ത്തി വയ്ക്കാം. എന്നിട്ട് ഇപ്പോൾ അർദ്ധരാത്രി ആണ് എന്നു വിചാരിക്കാം.

പിപ്പി സർക്കസിന് പോയ കഥ, പിപ്പിയുടെ വീട്ടിൽ കയറിയ കള്ളനെ പിപ്പി രണ്ടു കയ്യിലും എടുത്ത് ഉയർത്തിയ സംഭവം ഒക്കെയുണ്ട് അതീവ ഹൃദ്യവും രസകരവുമായ ഈ ബാലസാഹിത്യ ക്ലാസിക്കിൽ. പിപ്പിയുടെ ബർത്ത്‌ഡേ പാർട്ടിയോടെയാണ് ഈ പുസ്തകത്തിലെ കഥകൾ അവസാനിക്കുന്നത്. തൊമ്മിക്കും അന്നികയ്ക്കും പിപ്പി ഒരുക്കുന്ന പിറന്നാൾ വിരുന്ന് എങ്ങനെ ആയിരിക്കും എന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ!

1958ൽ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്‌സൻ പുരസ്‌കാരം നേടിയ ആധുനിക ലോകത്തെ ഏറ്റവും വലിയ ബാലസാഹിത്യകാരിയാണ് ആസ്ട്രിഡ് ലിൻഡ്‌ഗ്രെൻ. ബാലസാഹിത്യത്തിനുള്ള നോബൽ സമ്മാനമായി കരുതപ്പെടുന്നതാണ് ഈ പുരസ്‌കാരം. ഇത്രയും ഉയർന്ന സാഹിത്യമേന്മയും അസാമാന്യമായ ജനപ്രിയതയും ഒത്തുചേരുന്ന മറ്റൊരു എഴുത്തുകാരിയെ സമീപകാലത്ത് ലോകബാലസാഹിത്യം കണ്ടിട്ടില്ല. 2002ൽ ആസ്ട്രിഡ് ലിൻഡ്‌ഗ്രെൻ മരിച്ചപ്പോൾ സ്വീഡിഷ് സർക്കാർ ഏർപ്പെടുത്തിയ ആസ്ട്രിഡ് ലിൻഡ്‌ഗ്രെൻ പ്രൈസ് ഇന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ബാലസാഹിത്യപുരസ്‌കാരമാണ്.

ആസ്ട്രിഡ് ലിൻഡ്ഗ്രന്റെ മകൾ കാരിന് ഒരിക്കൽ ഒരു വലിയ പനി വന്നു. ഒരു കഥ പറയൂ അമ്മേ എന്ന മകളുടെ ആവശ്യത്തിന് പെട്ടന്നുണ്ടാക്കിയ കഥാപാത്രമാണ് പിപ്പി ലോങ്‌സ്റ്റോക്കിങ് എന്നാണ് ആസ്ട്രിഡ് ലിൻഡ്ഗ്രൻ എഴുതിയിട്ടുള്ളത്. കഥാപാത്രത്തിന് വായിൽ വന്ന പേര് പിപ്പി ലോങ്‌സ്റ്റോക്കിങ് എന്നായിരുന്നു. തമാശ നിറഞ്ഞ ഒരു പേര്. എന്നാൽ പിന്നെ കഥയും അങ്ങനെ ആവാതെ തരമില്ലല്ലോ. ഇനിയും കഥ, എന്ന് കാരീൻ ആവശ്യപ്പെട്ടതനുസരിച്ച് ലിൻഡ്ഗ്രൻ ഉണ്ടാക്കിയതാണ് ഈ കഥാപാത്രവുമായുള്ള ബാക്കി കഥകൾ.

പിപ്പി ഒരു സൂപ്പർവുമൺ ആണോ എന്നു ചോദിച്ചാൽ അതെ. പക്ഷേ, സൂപ്പർമാനില്ലാത്ത ഒരു കാര്യം പിപ്പിക്കുള്ളത് ഹാസ്യമാണ്. ഈ കഥകൾ നിറയെ ഐറണിയും സാഹചര്യ കോമഡികളും നോൺസെൻസും ഒക്കെ നിറഞ്ഞിരിക്കുന്നു. പിപ്പിയിൽ ഒരു സ്വീഡിഷ് ഗ്രാമത്തിന്റെ പ്രകൃതിയോടിണങ്ങിയുള്ള ജീവിതം നിരഞ്ഞു നില്ക്കുന്നു. ഒരു പെൺകുട്ടി ഇങ്ങനെയൊക്കെ ആവാൻ പാടില്ല എന്ന പൊതുബോധത്തെ പിപ്പി തലതിരിച്ചിടുന്നു. മാത്രവുമല്ല, നല്ല കുട്ടികൾ ഇങ്ങനെ ആവരുത് എന്ന് ഗുണദോഷിക്കാൻ ആരുമില്ലാത്ത ഒരു ലോകം പിപ്പി കുട്ടികൾക്കായി സൃഷ്ടിക്കുകയും ചെയ്യുന്നു. ഉപദേശികൾ ഇല്ലാത്ത, മുകളിൽ നിന്ന് ഉത്തരങ്ങൾ നല്കുന്ന സർവവിജ്ഞാനകോശങ്ങളായ അമ്മാവന്മാരും മാഷുമാരുമില്ലാത്ത എത്ര മനോഹരലോകമാണത്!

പിപ്പി തലയിണയിൽ കാൽ വച്ച് പുതപ്പിനുള്ളിൽ തല വച്ചാണ് ഉറങ്ങുന്നത്. അങ്ങനെ ഉറങ്ങിയാലെന്താ? ഈ സമീപനമാണ് പിപ്പിയെ ലോകമെങ്ങുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട പുസ്തകം ആക്കുന്നത്.

മുമ്പ് ഞാൻ വിവർത്തനം ചെയ്ത അമ്മപ്പശുവിന്റെ കഥകളിൽ അമ്മപ്പശുവിന്റെ ഒരു ചോദ്യം ഉണ്ട്, ഒരു പശുവാണെന്നു വച്ച് മരത്തിൽ കയറിക്കൂടെ? അതും ഒരു സ്വീഡിഷ് പുസ്തകമായിരുന്നു. ഇവിടെ പിപ്പി ഒരു പെൺകുട്ടിക്കെന്താ ഇഷ്ടമുള്ളതുപോലെ ജീവിച്ചാൽ എന്നു നേരിട്ടു ചോദിക്കുകയാണ്. ▮


റൂബിൻ ഡിക്രൂസ്‌

നാഷണൽ ബുക്ക് ട്രസ്റ്റിന്റെ മലയാളം എഡിറ്റർ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ.

Comments