ഷെൽ സിൽവർസ്റ്റൈൻ

നൽകുന്ന മരം

ത് ഒരു ബാലസാഹിത്യ കൃതിയാണോ അതോ ഒരു തത്വചിന്താ പുസ്തകമോ? ഷെൽ സിൽവർസ്റ്റൈനിന്റെ The Giving Tree വായിക്കുന്ന ആരുടെയും മനസ്സിൽ ഉയരാവുന്ന ചോദ്യമാണിത്. പക്ഷേ, ഏത് മഹദ് കൃതിയാണ് ഒരു തത്വചിന്താ പുസ്തകം ആവാത്തത് എന്ന മറുചോദ്യമായിരിക്കാം തിരികെ ലഭിക്കുക. ലോകത്തെ ബാലസാഹിത്യ പുസ്തകങ്ങളിലെ ഒരു ക്ലാസിക് ആണ് ഈ അമേരിക്കൻ ചിത്ര പുസ്തകം.

ഒരിക്കൽ ഒരിടത്തൊരു മരമുണ്ടായിരുന്നു എന്ന സാധാരണ പ്രസ്താവനയോടെയാണ് ഈ പുസ്തകം ആരംഭിക്കുന്നത്. അവൾക്ക് ഒരു കുട്ടിയെ വലിയ ഇഷ്ടമായിരുന്നു. എല്ലാ ദിവസവും കുട്ടി വരും. അവൻ മരത്തിൽ നിന്നു പൊഴിയുന്ന ഇലകൾ പെറുക്കും. ഇലകൾ കൊണ്ട് കിരീടം ഉണ്ടാക്കി കാട്ടിലെ രാജാവായി കളിക്കും. അവൻ മരത്തിൽ വലിഞ്ഞു കയറും. ചില്ലകളിലൂഞ്ഞാലാടും. മരത്തിന്മേലിരുന്നു പഴം പറിച്ചു തിന്നും. മരവുമായവൻ ഒളിച്ചു കളിക്കും. ക്ഷീണിക്കുമ്പോൾ ആ മരത്തണലിലിരുന്നവൻ ഉറങ്ങും. ആ കുട്ടിക്ക് മരത്തിനെ എന്ത് ഇഷ്ടമായിരുന്നു! മരം വളരെ സന്തുഷ്ടമായിരുന്നു. മരത്തിന്മേൽ കുട്ടി വരച്ചു വച്ചു, Me + T.

പക്ഷേ, കാലം മുന്നോട്ടു പോയി. കുട്ടി വലുതായി. മരം മിയ്ക്കപ്പോഴും ഒറ്റയ്ക്കായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കുട്ടി മരത്തിനടുത്തേക്കു വന്നു. ആഹ്ലാദത്തോടെ മരം പറഞ്ഞു, വരൂ കുട്ടീ, എന്റെ മേൽ കയറൂ, എന്റെ ശിഖരങ്ങളിലൂഞ്ഞാലാടൂ. എന്റെ പഴങ്ങൾ കഴിക്കൂ, എന്റെ തണലിൽ വിശ്രമിക്കൂ. സന്തോഷവാനാവൂ.

മരം കേറിക്കളിക്കാൻ ആവാത്ത വിധം ഞാൻ വലുതായിക്കഴിഞ്ഞു. എനിക്ക് രസിക്കാൻ ചില സാധനങ്ങൾ വാങ്ങണം. അതിനു പണം വേണം. എനിക്കു കുറച്ചു പണം തരാമോ? യുവാവായ കുട്ടി ചോദിച്ചു. മരത്തിലവൻ എഴുതി വച്ചു, Me + Y. L. (Young Love).

ക്ഷമിക്കണം, മരം പറഞ്ഞു, എന്റെ കയ്യിൽ പണമില്ല. എനിക്ക് ഇലകളും പഴങ്ങളുമേ ഉള്ളൂ. എന്റെ പഴങ്ങൾ എടുക്കൂ കുട്ടീ, നഗരത്തിൽ കൊണ്ടു പോയി അവ വില്ക്കൂ, നിനക്ക് പണം കിട്ടും. സന്തോഷവാനാകൂ.

കുട്ടി മരത്തിൽ കയറി പഴങ്ങൾ പറിച്ചു കൂട്ടി. എന്നിട്ട് അവയുമെടുത്തുപോയി. മരം സന്തുഷ്ടയായി.

കഥ പറയുന്നതിലെയും ചിത്രങ്ങളിലെയും അസാധാരണമായ ലാളിത്യമാണ് ഷെൽ സിൽവർസ്റ്റൈനിന്റെ കൈമുദ്ര. വളരെ കുഞ്ഞു, അതിസാധാരണ വാചകങ്ങൾ, അതി ലളിതമായ കറുപ്പും വെളുപ്പും രേഖാ ചിത്രങ്ങൾ. രചനയുടെയോ വരയുടെയോ മേദസ്സ് എവിടെയുമില്ല. പലപ്പോഴും മഹദ്കൃതികൾ അങ്ങനെയാണ്, ഒ.വി വിജയൻ പണ്ട് ബഷീറിനെക്കുറിച്ചു പറഞ്ഞപോലെ ഭാഷയുടെ ദുർമേദസ്സ് മാത്രമല്ല, രക്തമാംസങ്ങളും വെട്ടിക്കളഞ്ഞ് അസ്ഥികൾ കൊണ്ട് ഉത്തമ കലയുണ്ടാക്കും.

പിന്നെയും വളരെക്കാലം ആ കുട്ടി മരത്തിനടുത്തേക്കു വന്നതേയില്ല. മരത്തിനു സങ്കടമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മരത്തെ സന്തോഷത്താൽ ഇളക്കിക്കൊണ്ട് കുട്ടി തിരിച്ചു വന്നു.

മരം പറഞ്ഞു, വരൂ കുട്ടീ, വരൂ കുട്ടീ, എന്റെ മേൽ കയറൂ, എന്റെ ശിഖരങ്ങളിലൂഞ്ഞാലാടൂ. എന്റെ പഴങ്ങൾ കഴിക്കൂ, എന്റെ തണലിൽ വിശ്രമിക്കൂ. സന്തോഷവാനാവൂ. യുവാവായ കുട്ടി മരത്തിന് ഇപ്പോഴും കുട്ടി തന്നെ.
മരം കയറാനൊന്നും എനിക്ക് നേരമില്ല. എനിക്ക് തണുപ്പിൽ നിന്ന് രക്ഷയ്ക്ക് ഒരു വീടു വേണം. എനിക്ക് ഭാര്യയും കുട്ടികളും വേണം. അതിനും ഒരു വീട് വേണം. എനിക്കൊരു വീടു തരാമോ?
എന്റെ പക്കൽ വീടില്ല. കാടാണ് എന്റെ വീട്. പക്ഷേ, നിനക്ക് എന്റെ ശിഖരങ്ങൾ മുറിച്ചെടുത്ത് ഒരു വീടുണ്ടാക്കാം. അങ്ങനെ നീ സന്തുഷ്ടനാകും.
കുട്ടി മരച്ചില്ലകൾ വെട്ടിയെടുത്തു വീടുണ്ടാക്കാൻ കൊണ്ടുപോയി. മരത്തിനു സന്തോഷമായി.
പിന്നെയും കുട്ടി വളരെക്കാലം അങ്ങോട്ടു വന്നതേയില്ല. പിന്നീടൊരിക്കലവൻ വന്നപ്പോൾ മരത്തിന് സന്തോഷം കൊണ്ട് മിണ്ടാട്ടം മുട്ടിപ്പോയി. മധ്യവയസ്‌കനായ കുട്ടി മരത്തിന് ഇപ്പോഴും കുട്ടി തന്നെ.
അവൾ പറഞ്ഞു, വരൂ കുട്ടി, വന്നു കളിക്കൂ.

എനിക്ക് വയസ്സായി, സങ്കടവും. കളിക്കാനുള്ള കാലമല്ല, കുട്ടി പറഞ്ഞു. എനിക്ക് ഒരു വള്ളം വേണം. എന്നെ ഇവിടെ നിന്ന് ഒരുപാടു ദൂരെ കൊണ്ടുപോകാൻ കഴിയുന്ന ഒരു വള്ളം. എനിക്ക് ഒരു വള്ളം തരാമോ?
എന്റെ തായ്ത്തടി മുറിച്ച് ഒരു വള്ളമുണ്ടാക്കൂ, മരം പറഞ്ഞു. എന്നിട്ട് നീ ദൂരേക്കു തുഴഞ്ഞു പോയി സന്തുഷ്ടനാകൂ.
അങ്ങനെ മരം മുറിച്ച് ഒരു വള്ളമുണ്ടാക്കി കുട്ടി ദൂരേക്ക് തുഴഞ്ഞുപോയി.
മരത്തിനു സന്തോഷമായി, പക്ഷേ, ശരിക്കും?
മരക്കുറ്റിയിൽ അപ്പോഴും ആ Me + T അവശേഷിച്ചു.
പിന്നെ ഒരുപാടു നാൾക്കു ശേഷം കുട്ടി വീണ്ടും തിരിച്ചു വന്നു. ഇന്ന് വൃദ്ധനായ കുട്ടിയെ പക്ഷേ, മരം ഇന്നും വിളിക്കുന്നത് കുട്ടി എന്നു തന്നെയാണ്.
മരം പറഞ്ഞു, ക്ഷമിക്കണം കുട്ടീ, നിനക്ക് തരാൻ എന്റെ പക്കൽ ഒന്നുമില്ലല്ലോ. എന്റെ പഴങ്ങൾ പോയി.

പഴം കടിച്ചു തിന്നാൻ എനിക്കു പല്ലുകളില്ല, കുട്ടി പറഞ്ഞു.എന്റെ ശിഖരങ്ങൾ പോയി. നിനക്കവയിൽ ഊഞ്ഞാലാടാനാവില്ല. മരച്ചില്ലയിൽ ഊഞ്ഞാലാടാനാവാൻ ഉള്ള വയസ്സിലല്ല ഞാൻ, കുട്ടി പറഞ്ഞു.എന്റെ തായ്മരവും പോയി. നിനക്ക് കയറാനാവില്ല. മരം കയറാനുള്ള ആവതില്ല എനിക്ക്, കുട്ടിയുടെ മറുപടി.ക്ഷമിക്കൂ കുട്ടീ, നിനക്ക് എന്തെങ്കിലും തന്നെങ്കിൽ എന്ന് എനിക്ക് ആഗ്രഹമുണ്ട്, പക്ഷേ, എന്റെ പക്കൽ ഒന്നുമില്ല. ഞാൻ വെറുമൊരു മരക്കുറ്റി മാത്രമാണ്. ക്ഷമിക്കണം.

എനിക്ക് കാര്യമായൊന്നും വേണ്ട. കുട്ടി പറഞ്ഞു. സ്വസ്ഥമായിരുന്നു വിശ്രമിക്കാൻ ശാന്തമായ ഒരിടം മാത്രം മതി. ഞാൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. ശരി, കഴിയുന്നത്ര നിവർന്നു കൊണ്ടു മരം പറഞ്ഞു, ഒരു പഴയ മരക്കുറ്റി ഇരുന്നു വിശ്രമിക്കാൻ പറ്റിയ ഇടമാണ്. വരൂ കുട്ടീ, ഇരിക്കൂ, വന്നിരുന്നു വിശ്രമിക്കൂ.

കുട്ടി അങ്ങനെ ചെയ്തു.
മരത്തിനു സന്തോഷമായി.

1964 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകമാണ് ഷെൽ സിൽവർസ്‌റ്റൈനിന്റെ ഏറ്റവും പ്രസിദ്ധമായ പുസ്തകം. എല്ലാം നല്കുന്ന മരവും കുട്ടിയുമായുള്ള ബന്ധം ആദർശാത്മകമായ ഒന്നാണോ അതോ ചൂഷണമാണോ എന്ന വിവാദം എന്നും ഉണ്ടായിരുന്നു. എല്ലാം നല്കുന്ന സ്ത്രീയും എല്ലാം സ്വീകരിക്കുന്ന ആൺകുട്ടിയും എന്നതിലൂടെ പരമ്പരാഗത മാതൃ സങ്കല്പത്തെ ആദർശവല്ക്കരിക്കുകയാണ് ഈ പുസ്തകം ചെയ്യുന്നതെന്നും.

സൈമൺ ആൻഡ് ഷുൾട്‌സ് എന്ന പ്രസാധകർ, വളരെ സങ്കടം നിറഞ്ഞതായതിനാൽ കുട്ടികൾക്കും അതി ലളിതമായതിനാൽ മുതിർന്നവർക്കും പറ്റാത്ത പുസ്തകം എന്ന പേരിൽ ഈ രചനയെ തിരസ്‌കരിച്ചു. ഹാർപർ ആൻഡ് റോ ആണ് ഇതിന്റെ മിനിമലിസത്തിൽ ആകൃഷ്ടരായി ഇതു പ്രസിദ്ധീകരിച്ചത്. അതും കുറച്ചു കോപ്പികൾ. പക്ഷേ, പിന്നീട് ലോകമെങ്ങും വിവർത്തനം ചെയ്യപ്പെട്ട നന്മമരപ്പുസ്തകമായി അത്. 2012ലെ കണക്കനുസരിച്ച് 85 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. ഏറ്റവും മികച്ച ബാലപുസ്തകങ്ങളുടെ നിരവധി പട്ടികകളിൽ ഇടംപിടിച്ചു. പ്രകൃതി സ്‌നേഹികളുടെ പ്രിയ പുസ്തകമായി ഇത്, അതേ സമയം നന്മ ചെയ്യുന്നതിനെക്കുറിച്ചുള്ള ക്രിസ്തുമതവിശ്വാസികളുടെയും പുസ്തകമായി.
അറുപതാണ്ടോളമായുള്ള ഈ നന്മ മരത്തിന്റെ യാത്ര തുടരുക തന്നെയാണ്. ▮

The Giving Tree യുടെ ഒരു ദൃശ്യാവിഷ്‌കാരം താഴെ കൊടുത്തിരിക്കുന്ന യൂ ട്യൂബ് ലിങ്കിൽ കാണാം.


റൂബിൻ ഡിക്രൂസ്‌

നാഷണൽ ബുക്ക് ട്രസ്റ്റിന്റെ മലയാളം എഡിറ്റർ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ.

Comments