അമൃത ഷേർ-ഗിൽ, ബ്രഷ് പിടിച്ച ഒരു റെബൽ

ത്തവണ ഒരു കഥേതര പുസ്തകത്തെക്കുറിച്ച് പറയാം.
അനിത വാച്ചാരജനി എഴുതിയ Amrita Sher Gil : Rebel with a Paintbrush എന്ന പുസ്തകം ഇന്ത്യയിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഒരു കലാകാരിയുടെ ജീവിതത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.
അമൃത എന്ന കലാകാരി എങ്ങനെ ഓരോന്നു പഠിച്ചു, തന്റെ കലാസൃഷ്ടികളെങ്ങനെ ഉണ്ടാക്കി, ഇത്രയും ഹ്രസ്വജീവിതത്തിൽ എങ്ങനെ ഇത്രയും യാത്ര ചെയ്തു എന്നതൊക്കെ കുട്ടികളുടെ മുന്നിൽ വയ്ക്കുന്നു.

അമൃതയെപ്പോലൊരു റെബലിന്റെ ജീവിതം കുട്ടികളോടെങ്ങനെ പറയും എന്ന ആയാസകരമായ വെല്ലുവിളിയാണ് ഈ പുസ്തകം ഏറ്റെടുക്കുന്നത്.
ഒരു രാജകുമാരി ആയിരുന്നുവെങ്കിലും സുശീലയും സദ്ഗുണ സമ്പന്നയും എന്ന ബാലകഥപ്പെട്ടിക്കുള്ളിൽ ഒതുങ്ങുന്നവളായിരുന്നില്ലല്ലോ അമൃത.

""ഹംഗറിയിലെ ദുനാഹറസ്തി എന്ന ഗ്രാമത്തിൽ ഒരു പെൺകുട്ടി അവളുടെ അമ്മ പറഞ്ഞ നാടോടിക്കഥ ശ്രദ്ധയോടെ കേട്ടിരുന്നു. കേൾക്കുന്തോറും അവളുടെ വലിയ കറുത്ത കണ്ണുകൾ അത്ഭുതം കൊണ്ടു വിടർന്നുരുണ്ടു വന്നു. അവൾ ഈ കഥ മുമ്പു കേട്ടിട്ടുണ്ട്. പക്ഷേ അതു വീണ്ടും വീണ്ടും കേൾക്കാനവൾക്കിഷ്ടമായിരുന്നു. കഥ മുന്നോട്ടു പോകുന്തോറും

അവളുടെ മനസ്സിൽ നിറയെ മനോഹരങ്ങളായ ചിത്രങ്ങൾ നിറഞ്ഞു, നിറം മാറുന്ന മരങ്ങൾ, മയിൽപ്പീലി വച്ചു പിടിപ്പിച്ച വേഷം കെട്ടിയ മാലാഖമാർ...'' എന്നിങ്ങനെ ഒരു കഥപറയും പോലെ വിവരിച്ചു പോവുന്ന മനോഹരമായ എഴുത്താണ് അനിതയുടേത്. അതോടൊപ്പം സവിശേഷമായ രീതിയിൽ ഈ പുസ്തകം സംവിധാനം ചെയ്തിരിക്കുകയും ആണ്.

കല്യാണി ഗണപതി വരച്ച അതിമനോഹരങ്ങളായ ചിത്രങ്ങളോടൊപ്പം ഒരു നിലയിൽ അമൃതയുടെ ജീവിതം. വേറൊരു വിതാനത്തിൽ കലാകാരിയുടെ ജീവിതത്തിന്റെ ആ ഘട്ടത്തിൽ സ്വാധീനിച്ച കലാ- രാഷ്ട്രീയ സംഭവങ്ങൾ, ഉദാഹരണത്തിന് ഒന്നാം ലോക മഹായുദ്ധം, ഗദർ പാർട്ടി, പോസ്റ്റ് ഇംപ്രഷനിസം തുടങ്ങിയവ.

ഓരോ സ്ഥലത്തെക്കുറിച്ച് പറയുമ്പോൾ ആ സ്ഥലത്തെക്കുറിച്ച് വേറൊരു വിതാനത്തിൽ വിവരം കൊടുക്കുന്നു. ഇനി ഒരു നില പിതാവ് ഉമ്രാവ് സിങ് ഷേർഗിൽ എടുത്ത അമൃതയുടെ ഫോട്ടോകളാണ്. ഏറ്റവും പ്രധാന ഭാഗം അമൃതയുടെ പെയിന്റിംഗുകളും. മനോഹരമായ എഴുത്തിനൊപ്പം ഇത്രയും സുസൂക്ഷ്മമായ സംവിധാനവും കൂടെ ചേർന്നാണ് ഈ പുസ്തകത്തെ കലയോടു താൽപര്യമുള്ള ഏതൊരു കുട്ടിയുടെയും ഇഷ്ടപുസ്തകമാക്കുന്നത്.

അമൃതയുടെ അമ്മ മേരി അന്റോണിയറ്റ് ഗോട്ടെസ്മാൻ എർദോബാക്തായ് ഒരു ഹംഗറിക്കാരി ആയിരുന്നു. അച്ഛൻ ഉമ്രാവോ സിങ് ഷേർ ഗിൽ സിക്കുകാരനായ ഇന്ത്യക്കാരനും. അവരെങ്ങനെ കണ്ടുമുട്ടി പ്രണയത്തിലായി, ഒരുമിച്ചു ജീവിച്ചു എന്നതു തന്നെ വിസ്മയം ജനിപ്പിക്കുന്ന ഒരു കഥയാണ്. രാജാക്കന്മാർ, യുദ്ധം, നാടുകടത്തൽ, തിരിച്ചു വരവ്, പ്രണയം, വിരഹം, പുനസമാഗമം ഒക്കെയുള്ള ഒരു നാടോടിക്കഥക്ക് സമാനമായ ജീവിതം.

അതിങ്ങനെ തുടങ്ങുന്നു- ""1848ലെ ആംഗ്ലോ- സിക്ക് യുദ്ധത്തിനു ശേഷം മഹാരാജാ രജ്ഞിത് സിങിന്റെ സേനയിലെ നായകരെ നാടുകടത്തി, അവരുടെ സ്വത്തുവകകൾ ബ്രിട്ടീഷുകാർ കയ്ക്കലാക്കി....'' ലാഹോറിലും ലണ്ടനിലും ഹംഗറിയിലെ ഒരു ഗ്രാമത്തിലും ബുദാപെസ്റ്റിലും പാരിസിലുമായി വിടരുന്ന ഈ കഥ തന്നെ കുട്ടികളുടെ ജിജ്ജാസയെ പിടിച്ചിരുത്താൻ പോന്നതാണ്. വിവാഹം കഴിഞ്ഞ ഉടനെ ഉമ്രാവോയും മേരി അന്റോണിയേറ്റും ഹംഗറിയിലെ ബുഡാപെസ്റ്റിലേക്കു പോയി. അവിടെ ഡാന്യൂബിന്റെ കരയിൽ അവരുണ്ടാക്കിയ വീട്ടിലാണ് ഒരു മഞ്ഞുകാലത്ത് അമൃത ജനിക്കുന്നത്.

""തീരെ കുഞ്ഞായിരുന്നപ്പോൾ തന്നെ ഞാൻ വരയ്ക്കുകയും പെയിന്റ് ചെയ്യുകയും ചെയ്യുമായിരുന്നു,'' അമൃത പിന്നീട് എഴുതി. എപ്പോഴും വരച്ചുകൊണ്ടിരുന്ന കുട്ടിയെ കുടുംബം അത്ഭുതത്തോടെ നോക്കി. പക്ഷേ, പെട്ടെന്ന് അമൃതയുടെ ജീവിതം മാറിമറിഞ്ഞു. അമൃതയ്ക്ക് ഏഴു വയസ്സുള്ളപ്പോൾ, 1921ൽ, കുടുംബം ഇന്ത്യയിലേക്കു പുറപ്പെട്ടു, സിംലയിൽ ഒരു വീടു വാങ്ങി പാർപ്പുറപ്പിച്ചു.

സിംലയിൽ വച്ച് അവർ പരിചയപ്പെട്ട ജൂലിയോ എന്ന ഇറ്റാലിയൻ ശില്പിയും മേരി ആന്റോണിയറ്റും തമ്മിൽ അടുപ്പമായി. മേരിയും മക്കളും ജൂലിയോയും ഇറ്റലിയിൽ ഫ്ലോറൻസിലേക്ക് താമസം മാറ്റി. അമൃത അവിടെ സ്‌കൂളിൽ പഠിക്കാനും ഇറ്റാലിയൻ മാസ്റ്റർമാരുടെ ചിത്രങ്ങൾ നിറഞ്ഞ മ്യൂസിയങ്ങൾ കാണാനും തുടങ്ങി. പക്ഷേ, അമൃതയ്ക്ക് അവിടത്തെ സ്‌കൂളും ജീവിതവും ഇഷ്ടമായില്ല. ആറു മാസം കഴിഞ്ഞു വീണ്ടും സിംലയിലേക്ക് മടക്കം. അവിടെ അമൃതയുടെ മാതാപിതാക്കൾ അവരെ അവരുടെ ഇഷ്ടത്തിനു വിട്ടു. സ്‌കൂളിൽ പോയില്ല, സ്വന്തമായി പഠിച്ചു, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു.

പക്ഷേ, അമൃതയ്ക്ക് നല്ല കലാവിദ്യാഭ്യാസം കൊടുക്കണം എന്ന ആലോചന അവരെ വീണ്ടും യൂറോപ്പിലെത്തിച്ചു. അന്നത്തെ ലോകകലയുടെ ആസ്ഥാനമായ പാരീസിൽ. അവിടെവിഖ്യാതമായ സ്‌കൂൾ ഓഫ് ഫൈൻ ആർട്സിൽ ചേർന്നു പഠിച്ചു. ഇത് അമൃതയുടെ കലാജീവിതത്തെ ആകെ മാറ്റി മറിച്ചു. പിന്നെ വീണ്ടും ആ കുടുംബം ഹംഗറിക്കു പോയി. ഹംഗറിയിലെ ജീവിതം അമൃതയ്ക്ക് അത്യധികം ഇഷ്ടമായിരുന്നെങ്കിലും കലാപഠനം അമൃതയെ 1932ൽ വീണ്ടും പാരീസിലെത്തിച്ചു. അമൃത തന്റെ മുഖ്യ പെയിന്റിംഗുകൾ വരയ്ക്കാൻ ആരംഭിച്ചത് ഇവിടെ വച്ചാണ്. ഹംഗേറിയൻ ജിപ്സി ഗേൾ തുടങ്ങിയവ. പാരിസിൽ തുടർന്ന ജീവിതത്തിനിടയിൽ നോത്രെ ദാം, യങ് മാൻ വിത്ത് ആപ്പിൾസ് തുടങ്ങിയ പ്രഖ്യാത ചിത്രങ്ങൾ വരച്ചു. (1932).

പക്ഷേ, പൊടുന്നനേ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് അമൃതയ്ക്ക് ഒരു ഉൾവിളി ഉണ്ടായി. കലാകാരി എന്ന നിലയിൽ തന്റെ ജീവിതം അവിടെയാണെന്ന് അവൾക്കു തോന്നി. വീട്ടുകാർക്കത് അത്ഭുതമായി. പക്ഷേ, അമൃത ഉറച്ചു നിന്നു. 1934ൽ വീണ്ടും സിംലയിലേക്ക്. അവിടെയാണ് ഗ്രൂപ്പ് ഓഫ് ത്രീ ഗേൾസ് തുടങ്ങിയ പ്രഖ്യാത ചിത്രങ്ങൾ അമൃത വരച്ചത്. അമൃതയുടെ രചനാശൈലി ഇവിടെ വച്ചു മാറി.

ഏകതാനമായ വർണസംവിധാനം ഉണ്ടായിരുന്ന യൂറോപ്യൻ വരയിൽ നിന്ന് മാറി ഇരുണ്ട മനുഷ്യരും കടും നിറങ്ങളും ഉള്ള ഇന്തയിൽ വച്ചു വരച്ച ചിത്രങ്ങളാണ് അമൃതയെ ലോകോത്തര ചിത്രകാരിയാക്കിയത്. താൻ ഹംഗേറിയനല്ല, ഇന്ത്യക്കാരിയാണെന്ന് അമൃത തിരിച്ചറിഞ്ഞതും ഇക്കാലത്താണ്. ഹിൽ മെൻ, ഹിൽ വുമൺ എന്നീ ചിത്രങ്ങളും പിതാവ്, സഹോദരി എന്നിവരുടെ പോർട്രയിറ്റുകളും ഇക്കാലത്തെ അടയാളപ്പെടുത്തുന്നു.

ഇതിനിടയിൽ നിരവധി പ്രണയബന്ധങ്ങളിലൂടെ ഈ റെബൽ കടന്നു പോകുന്നുണ്ട്.

അമൃതയുടെ കല അംഗീകരിക്കപ്പെടാൻ തുടങ്ങിയതോടെ അവർ ഇന്ത്യയാകെ യാത്രയും തുടങ്ങി. 1937ൽ അമൃത തിരുവനന്തപുരത്തെത്തി. സഹോദരിക്കുള്ള കത്തിൽ അമൃത എഴുതി, ""A background of rich emerald green vegetation, coconut palms, banana, all the large leaved decorative trees one sees in the paintings at Ajanta. The earth is red ochre in colour. Little mud huts with triangular thatched roofs, slightly Chinese in style., snuggle at the foot of enormous coconut trees.''

വെളുത്ത മുണ്ടുടുത്ത ആണുങ്ങളും പെണ്ണുങ്ങളും അസാധാരണമാം വിധം സുന്ദരരായിരുന്നു എന്നും അമൃത സഹോദരി ഇന്ദിരയക്ക് എഴുതി. എന്നിട്ട് അമൃത കൊച്ചിക്കാണ് പോയത്. അവിടെയും അമൃതയെ മട്ടാഞ്ചേരി കൊട്ടാരത്തിലെ ദൃശ്യവിരുന്നാണ് കാത്തിരുന്നത്. അവിടത്തെ ചുവർ ചിത്രങ്ങൾ അജന്തയിലെ ചിത്രങ്ങളെക്കാൾ മികച്ചവയെന്നാണ് അമൃതയ്ക്ക് തോന്നിയത്.

ഇന്ത്യ മുഴുവൻ നടത്തിയ യാത്രക്കിടയിലാണ് അമൃതയുടെ അടുത്ത ദൃശ്യലോകം വിടർന്നത്. ഇക്കാലത്ത് വരച്ചവയുടെ സ്വഭാവം ഫ്രൂട്ട് വെൻഡേഴ്സ്, വിമൻ ഓൺ ദ ബീച്ച്, ബ്രഹ്മചാരീസ്, ബ്രൈഡ്സ് ടോയ്ലെറ്റ്, സൗത്ത് ഇന്ത്യൻ വില്ലേജേർസ് ഗോയിങ് ടു ദ മാർക്കറ്റ് തുടങ്ങിയ ചിത്രങ്ങളിൽ കാണാം.

1937ൽ അമൃതയുടെ സഹോദരി ഇന്ദിര കെ.വി.കെ സുന്ദരത്തെ വിവാഹം കഴിച്ചു. (അവരുടെ മകനാണ് പ്രശസ്ത ശിൽപി വിവാൻ സുന്ദരം.) അതിനു ശേഷമാണ് അമൃത ലാഹോറിൽ തന്റെ ചിത്രപ്രദർശനം നടത്തിയത്. എന്നിട്ട് അമൃത 1938ൽ ബാല്യകാല സുഹൃത്തും ബന്ധുവുമായ വിക്ടറിനെ വിവാഹം കഴിച്ചു. അമൃതക്ക് ഇതിനിടയ്ക്ക് നിരവധി പ്രണയബന്ധങ്ങളുണ്ടായിരുന്നെങ്കിലും വിക്ടറിനോടുള്ള കൂറ് വളരെ പ്രത്യേകമായിരുന്നു. വിവാഹശേഷം അമൃത വിക്ടറിനോടൊപ്പം താമസിക്കാനായി ഹംഗറിയിലെ കിസ്‌കുൻഹലാസ് എന്ന ഗ്രാമത്തിലേക്കാണ് പോയത്.

പക്ഷേ താമസിയാതെ രണ്ടാം ലോക മഹായുദ്ധം തുടങ്ങുകയായി. പെട്ടെന്ന് യൂറോപ്പ് വിട്ടില്ലെങ്കിൽ പിന്നെ പെട്ടുപോകും എന്ന് ബന്ധുക്കൾ ഉപദേശിച്ചതനുസരിച്ച് അവരിവരും ഇന്ത്യയിലേക്കു കപ്പൽ കയറി. ശ്രീലങ്ക വരെയേ കപ്പൽ പോയുള്ളൂ. തമിഴ്നാട് വഴി ഇന്ത്യയിലേക്ക് പ്രവേശിച്ച അമൃതയും വിക്ടറും മധുരയും മഹാബലിപുരമൊക്കെക്കണ്ട് പതുക്കെ സിംലയിലെത്തി. പക്ഷേ, അമൃതയുടെ അമ്മ ആ വിവാഹം അംഗീകരിച്ചില്ല, വിക്ടറിനെ വീട്ടിൽ കയറ്റില്ല എന്നും പറഞ്ഞു.

വലിയ വഴക്കായി. ഒടുവിൽ അമൃതയും വിക്ടറും സരയായിലെ ബന്ധുവിന്റെ വീട്ടിലേക്ക് മാറി. അമൃതയുടെ സുഹൃത്ത് ആയിരുന്ന ജവഹർലാൽ നെഹ്രു അവിടെ വന്ന് അമൃതയെ കണ്ടു. അവർ തമ്മിൽ അപൂർവമായേ കണ്ടിട്ടുള്ളൂ എങ്കിലും കത്തിടപാട് ഉണ്ടായിരുന്നു. പക്ഷേ ക്രമേണ വിക്ടറും അമൃതയുംതമ്മിൽ പരസ്പരം പങ്കു വയ്ക്കാൻ ഒന്നും ഇല്ല എന്നു തോന്നാൻ തുടങ്ങി.

അങ്ങനെ അമൃതയുടെ കലാജീവിതത്തിലെ ഏറ്റവും സജീവമായ ഒരു ഘട്ടം അവസാനിച്ചു. പക്ഷേ, വീണ്ടും ലാഹോറിലേക്കുള്ള ഒരു ക്ഷണം അവരുടെ ജീവിതം സന്തോഷത്തിലാക്കി. അമൃതയും വിക്ടറും പെയിന്റിംഗുകൾ അയച്ചിട്ട് ലാഹോറിലേക്ക് പോയി. സന്തോഷവതിയായിരുന്നു അമൃത. ഈ കാലത്ത് വരച്ചവയാണ് പോർട്രയിറ്റ് ഓഫ് ഹെലൻ, ദ സ്റ്റോറി ടെല്ലേർസ് തുടങ്ങിയവ. 1940ൽ വീണ്ടും ആൻഷ്യന്റ് സ്റ്റോറി ടെല്ലേഴ്സ് എന്ന ഒരു മനോഹര ചിത്രം അമൃത വരയ്ക്കുന്നുണ്ട്.

പക്ഷേ, പൊടുന്നനെ പിടികൂടിയ ഒരു വയറിളക്കം ഈ മഹാകലാകാരിയുടെ, നിഷേധിയുടെ, പ്രതിഭാശാലിയുടെ ജീവൻ എടുത്തു. 1941 ൽ വെറും 28 വയസുള്ളപ്പോൾ. 1941 ൽ വരച്ച ഒരു അപൂർണ ചിത്രത്തോടെ ആ കലാജീവിതം പാതിവഴിയിൽ നിന്നുപോയി, ഒടുങ്ങാത്ത യാത്രയുടെയും അറിയലിന്റെയും കലാസപര്യയുടെയും സമർപ്പിത ജീവിതം. എത്ര ശീഘ്രമായ ഒരു കലാജീവിതമാണ് നയിച്ചത്! അമൃത എപ്പോഴും വിശ്രമമില്ലാതെ പണിയെടുത്തുകൊണ്ടേ ഇരുന്നു.

അനിത വാച്ചാരജനി

ഈ ചുരുങ്ങിയ കാലം കൊണ്ട് എത്ര ലോകമാണ് അമൃത യാത്ര ചെയ്തത്!

ഒരു വിഷയത്തെക്കുറിച്ചുള്ള പ്രാഥമിക കാര്യങ്ങൾ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചാൽ ബാലസാഹിത്യമായി എന്നൊരു തെറ്റിദ്ധാരണ മലയാളത്തിൽ വ്യാപകമായുണ്ട്. അനിത വാച്ചാരജനി എഴുതിയ Amrita Sher Gil : Rebel with a Paintbrush നമ്മുടെ എഴുത്തുകാർ വായിച്ചാൽ ആ തെറ്റിദ്ധാരണ മാറിക്കിട്ടും. കുട്ടികൾക്കു വേണ്ടി കഥേതര പുസ്തകങ്ങൾ എഴുതുമ്പോൾ അത് ആസ്വാദ്യമായി തയ്യാറാക്കാൻ എന്തൊക്കെ മുന്നൊരുക്കങ്ങൾ വേണമെന്ന് ഈ പുസ്തകം കാട്ടിത്തരും. ലളിതമായി പറയുന്നതല്ല ബാലസാഹിത്യം, കുട്ടികളുടെ ജിജ്ജാസയുമായി ഒരു ലീലയിലേർപ്പെടുന്നതാണത്.

ഇന്റർനാഷണൽ ബോർഡ് ഫോർ ദി ബുക്ക് ഫോർ ദ യംഗ് (IBBY)ന്റെ 2020ലെ ഓണർ ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് മലയാളിയായ അനിത വാച്ചാരജനിയുടെ അമൃത ഷെർഗിലിന്റെ ജീവിത ചരിത്രം വിവരിക്കുന്ന ഈ പുസ്തകമാണ്. വലിയൊരു അംഗീകാരമാണിത്. ഇന്ത്യയിൽ നിന്ന് പല കൊല്ലങ്ങളിലും ഈ പട്ടികയിൽ ഇടം പിടിക്കാനും യോഗ്യതയുള്ള പുസ്തകങ്ങൾ ഉണ്ടാവാറില്ല എന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ▮


റൂബിൻ ഡിക്രൂസ്‌

നാഷണൽ ബുക്ക് ട്രസ്റ്റിന്റെ മലയാളം എഡിറ്റർ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ.

Comments