പെൺകുട്ടികളുടെ ഉടുപ്പ് ഇടാൻ ആഗ്രഹിക്കുന്ന ആൺകുട്ടികൾ

ണ്ടായിരത്തി ഇരുപതിലെ വൈറ്റ് റെയ്വൻസ് പട്ടികയിൽ സ്ഥാനം നേടിയ രണ്ട് ഇന്ത്യൻ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണിവിടെ- കനക് ഷഷി എഴുതിയ ഗുഠ്‌ലി ഹാസ് വിങ്‌സ്, റിച്ച ഝാ എഴുതിയ മിഡിൽ.

ഗുഠ്‌ലിക്ക് ചിറകുകൾ കിട്ടി

പെൺകുട്ടികളുടെ ഉടുപ്പ് ഇടാൻ ആഗ്രഹിക്കുന്ന ആൺകുട്ടികളെക്കുറിച്ച് ബാലസാഹിത്യം എഴുതുന്നതെങ്ങനെയാണ്? ബോറടിപ്പിക്കുന്ന പ്രബോധനം എഴുതാം, വരണ്ട കാര്യവിവരണപ്രസംഗം എഴുതാം. പക്ഷേ, ഭിന്നലൈംഗികത എന്ന വാക്കു പോലും പറയാതെ ഒരു കുട്ടിയുടെ ഹൃദയവുമായി ഇക്കാര്യം സംസാരിക്കാം എന്നു തെളിയിച്ച ഗുഠ്‌ലി ഹാസ് വിങ്‌സ് ആണ് ഇക്കൊല്ലം വൈറ്റ് റെയ്വൻസ് പട്ടികയിൽ വന്ന രണ്ട് ഇന്ത്യൻ പുസ്തകങ്ങളിലൊന്ന്.

വിഷയം അർഹിക്കുന്ന സെൻസിറ്റിവിറ്റിയോടെ കഥ പറയുന്നു, അപ്പോഴും അതൊരു മനോഹര കഥ ആയിരിക്കുന്നു എന്നതാണ് കനക് ഷഷിയുടെ ഈ പുസ്തകത്തെ മികച്ചതാക്കുന്നത്.

വീട്ടിലെ ഇളയവളായ ഓമനയാണ് ഗുഠ്‌ലി, അമ്മ അവളെ പൊന്മാനേ എന്നു വിളിക്കുമ്പോഴവളുടെ മുഖം മാതളം പോലെ ചുവക്കും. എല്ലാവരുടെയും പൊന്നോമന. സൈക്കിളലങ്ങനെ കറങ്ങി നടക്കും. പക്ഷേ, ദിവാളിക്ക് ഗുഠ്‌ലിക്കു കിട്ടിയ ഉടുപ്പിന്റെ നിറം അവൾക്കിഷ്ടപ്പെട്ടേയില്ല.

ചേച്ചിക്ക് കിട്ടിയ ഇളം നിറത്തിലുള്ള ഫ്രില്ല് വച്ച ഫ്രോക്ക് എത്ര നല്ലതാണ്! ഗുഠ്‌ലി പതുക്കെ അതെടുത്തണിഞ്ഞ് എല്ലാവരെയും കാണിക്കാനായി പുറത്തേക്കിറങ്ങി.
നീ എന്തിനാണ് എന്റെ ഉടുപ്പ് എടുത്തിട്ടത്? ചേച്ചി വിളിച്ചു കാറി! ചേട്ടൻ ആർത്തു ചിരിക്കുന്നു. അപ്പൻ ദേഷ്യം പിടിച്ച് അവളെ നോക്കി. ഗുഠ്‌ലിയുടെ കണ്ണുകൾ നിറഞ്ഞു.

അമ്മ ഗുഠ്‌ലിയെ അകത്തുകൊണ്ടുപോയി വാരിപ്പുണർന്നു, എന്നിട്ടു പറഞ്ഞു, ""മോനെ, നീ ആൺകുട്ടിയാണ്. നീ നിന്റെ ഉടുപ്പിടണം, ചേച്ചിയുടെ ഉടുപ്പല്ല.''""പക്ഷേ, എനിക്ക് ഒരു ദേവതയാവണം. ഞാൻ ഒരു പെൺകുട്ടിയാണ്, അമ്മയെന്തിനാ എപ്പോഴും ഞാൻ ആൺകുട്ടിയാണെന്നു പറയുന്നത്?''""നീ നിന്റെ ചേട്ടനെപ്പോലെയാണ്, ചേച്ചിയെപ്പോലെയല്ല. ആൺകുട്ടികൾ ആൺകുട്ടികളും പെൺകുട്ടികൾ പെൺകുട്ടികളുമാണ്, ഗുഠ്‌ലി.''"

"ഇല്ല, ഇല്ല, ഞാൻ ഒരു ദേവതയാണ്!'' ഗുഠ്‌ലി കടുപ്പിച്ചു പറഞ്ഞു. ""ആൺകുട്ടികൾ ദേവതമാരല്ല, അവർ രാജകുമാരന്മാരാണ്. നീയാണ് ഈ ലോകത്തെ ഏറ്റവും സുന്ദരൻ കുഞ്ഞുരാജകുമാരൻ'' അമ്മ അവനെ വീണ്ടും പുണർന്നു.

ഗുഠ്‌ലി അമ്മയുടെ പിടിയിൽ നിന്നു കുതറി മാറി. ""ഞാൻ രാജകുമാരനല്ല. ഞാൻ ഒരു പെൺകുട്ടിയാണ്. ഒരു ദേവത. എനിക്ക് ഈ ഉടുപ്പിടണം.''
ഒടുവിൽ അമ്മ പറഞ്ഞതു തന്നെ നടന്നു. അവൾ ആൺകുട്ടികളുടെ ഉടുപ്പു തന്നെ ഇടേണ്ടി വന്നു. ആ ദീവാളി മുഴുവൻ ഗുഠ്‌ലിക്ക് സങ്കടമായിരുന്നു. എല്ലാവരും മിഠായിയും പടക്കവും വിളക്കുകളുമായിരുന്നപ്പോൾ ഗുഠ്‌ലി മാത്രം ആലോചനയിലായിരുന്നു. പിന്നെ എന്നും ഗുഠ്‌ലി മിണ്ടാതെ ഒറ്റയ്ക്ക് നടന്നു. ഇലകളോടും മരങ്ങളോടും കോഴികളോടും ഒക്കെ മാത്രം മിണ്ടി.

പക്ഷേ, അങ്ങനെ മൂകമായിരുന്ന ഒരു ദിവസം വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മ അവളെ വിളിച്ച് ഒരു പൊതി കൊടുത്തു.

അവളതു തുറന്നു, അത്ഭുതവും സന്തോഷവും അവളുടെ മുഖത്ത് ഒരുമിച്ചു വന്നു. ഒരു ഫ്രോക്ക്! ദേവതയുടെ ഫ്രോക്ക് പോലൊരു ഫ്രോക്ക്!

""അതെ, നീ ഇതണിഞ്ഞോ! നിനക്ക് എങ്ങനെയാവണമോ അങ്ങനെ ആയ്‌ക്കോ! പക്ഷേ, എന്തായാലും നീ എനിക്ക് എന്റെ പൊന്മാൻ തന്നെയായിരിക്കും. ''

ഗുഠ്‌ലിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ ചിത്രം വരച്ചിരിക്കുന്നതും കനക് ഷഷി തന്നെ.

കനക് ഷഷി

ഈ കഥപ്പുസ്തകത്തിന്റെ പല പേജുകളിലും വാക്കുകളില്ല, ചിത്രങ്ങളേ ഉള്ളൂ. നൃത്തം വയ്ക്കുന്ന ഊഞ്ഞാലാടുന്ന മനോഹര ചിത്രങ്ങളേക്കാൾ വാക്കുകൾ എന്തു പറയാനാണ്!

മധ്യം

തനിക്ക് പരിചിതരായ, നഗരങ്ങളിലെ കുട്ടികൾക്കായാണ് താൻ പുസ്തകങ്ങൾ എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും എന്നാണ് റിച്ച ഝാ ഒരിക്കൽ പറഞ്ഞത്. ആകയാൽ ഇന്ത്യയിലെ ബാലസാഹിത്യത്തിന്റെ ബഹുഭൂരിപക്ഷ സ്വഭാവത്തിൽ പെടാത്തവയാണ് റിച്ചയുടെ പുസ്തകങ്ങൾ. മങ്ങിയ നിറത്തിലുള്ള, നഗരത്തിലെ ഒരു നരച്ച സന്ധ്യയെ ഓർമിപ്പിക്കുന്ന നിറവിതാനമാണ് ഈ പുസ്തകത്തിന്റേത്. വർണശബളമായ ബാലസാഹിത്യപുസ്തകങ്ങളെക്കുറിച്ചുള്ള മുൻധാരണകളെ പൊളിക്കുന്നതാണിത്.

പുസ്തകപ്പുഴുവായ ഒരു കുട്ടിക്ക് ആദിയും അന്തവുമില്ലാത്ത മധ്യഭാഗം മാത്രം എഴുതിയ ഒരു കടലാസ് കിട്ടിയാൽ അവൾ എന്തു ചെയ്യും? പകുതി കണ്ട ഒരു സ്വപ്നത്തിന്റെ, പകുതി പറഞ്ഞ കാര്യത്തിന്റെ, പകുതി ചെയ്ത ഒരു സംഗതിയുടെ സൗന്ദര്യം അവളെ അസ്വസ്ഥയാക്കി. ഒരു ദിവസം ജനലിലൂടെ പാറിപ്പറന്നു വന്നതാണ് മധ്യഭാഗത്തു മാത്രമെഴുതിയ ഒരു താൾ. എത്ര സുന്ദരം, എന്തു ഭംഗി, എത്ര പൂർണ സങ്കടം! നിശ്ചിതമായ ഒരു മധ്യഭാഗം; പക്ഷേ, ആദിയുമില്ല അന്തവുമില്ല!

ദിവസം മുഴുവൻ പുസ്തകങ്ങളിൽ തല പൂഴ്ത്തിയിരിക്കുന്ന അസ്മയുടെ കഥയാണ് ഈ പുസ്തകം. അവൾ അവയെ അവയുടെ വാക്കുകളും നിറുത്തുകളും ഒഴിവുകളും ഒക്കെക്കൂടെ ഭക്ഷിക്കും. പുസ്തകത്താളുകൾ നല്കിയ ആനന്ദത്തിലവളാറാടി, അവയിലെ സങ്കടങ്ങളിലവളുരുകി, ആ പുറങ്ങൾ അവളെ കളിയാക്കാനും വേദനിപ്പിക്കാനും കുത്തി നോവിക്കാനും അവൾ അനുവദിച്ചു.

മാത്രമല്ല, പുസ്തകത്തിന്റെ തുടക്കത്തിലവൾ ചോദിച്ചു, എന്തുകൊണ്ട്? നടുവിലവൾ ചോദ്യം ചെയ്തു, എങ്ങനെ? ഒടുവിലവൾ ആശ്ചര്യപ്പെട്ടു, പക്ഷേ, ഇങ്ങനെ ആയിരുന്നെങ്കിൽ! കൂടുതൽ വായിക്കുന്തോറും അത്ഭുതങ്ങൾ കൂടുകയാണ് ചെയ്തത്. എന്നാലും അവൾ വീണ്ടും വീണ്ടും പുതിയ പുസ്തകങ്ങൾ തുറന്നു. പകൽ അസ്വസ്ഥമായിരുന്നു, പക്ഷേ രാത്രിയായിരുന്നു കൂടുതൽ കുഴപ്പം. ഉത്തരങ്ങളൊന്നുമില്ലാതെ ഇരുട്ട് അവളെ വേട്ടയാടി.

ഹോ, ആ ജന്തുക്കൾ, രാവിന്റെ ആ ജീവികൾ, അവർ അലറി വിളിച്ച് അവളെ കണ്ണുരുട്ടിപ്പേടിപ്പിച്ചു. ഓരോ രാവിലും അവൾ വെളുക്കാൻ വേണ്ടി കാത്തിരുന്നു. സൂര്യകിരണങ്ങൾ അവളുടെ പുസ്തകങ്ങളെ തൊടുന്നതോടെ അവളുടെ ലോകം വീണ്ടും ആരംഭിക്കുകയായി. ഉത്തരങ്ങളില്ലാത്തവയും അപൂർണങ്ങളും ആണെങ്കിലും അവ ഊഷ്മളമായിരുന്നു.

അങ്ങനെയിരിക്കെയാണ് മധ്യം മാത്രം എഴുതിയ ഒരു കടലാസ് ഒരു ദിവസം ജനലിലൂടെ വരുന്നതും അവളുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്നതും. ഈ മധ്യഭാഗത്തിന്റെ ബാക്കി എവിടെ നിന്ന് കണ്ടെത്തും? അവൾ പുസ്തകങ്ങളിൽ പരതി, കിട്ടിയില്ല. പണ്ഡിതരോടു ചോദിച്ചു, കിട്ടിയില്ല, ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയി. ഒരു കൊല്ലമായി. ഈ ഒരു കഷണത്തെ എങ്ങനെ പൂർണമാക്കും?

അസ്മ തണുത്ത രാവിന്റെ അസുഖകരമായ ഇരുളിലേക്കാണ്ടു. അവൾക്കാകെ അസ്വസ്ഥതയായി. ശരീരമില്ലാത്ത വാക്കുകൾ അലറി, നിലവിളിച്ചു... പക്ഷേ, ഇതെന്താണ് വേറൊരു ശബ്ദം? അവൾ നിശബ്ദയായി, ശ്രദ്ധിച്ചു. ആദ്യമായി അവളുടെ തലയിൽ നിന്നു പുറത്തു ചാടാൻ വെമ്പി നിന്ന വാക്കുകളുടെ ശബ്ദം അവൾ കേട്ടു.

അസ്മ, പേനയിൽ മഷി ഒഴിച്ചു, കടലാസിൽ പേന വച്ചു. അവൾ എഴുതാൻ തുടങ്ങി, മധ്യത്തിന്റെ ഇടത്തേക്കും, മധ്യത്തിന്റെ വലത്തേക്കും. ആദ്യചുവടുകളിലവൾ വിറച്ചു, അടുത്തതിൽ പതറി, പക്ഷേ, അവൾ ഭയത്തെ ഭയക്കാതായ ദിവസം, ഇരുള് സ്വയം ഇരുളല്ലാതായി. അവൾക്ക് ആശ്വാസമായി, അവളുടെ ശബ്ദം ശാന്തമായി, അവൾക്ക് നന്നായി തോന്നി. കൂടുതൽ എഴുതുന്തോറും അവൾക്ക് ഇനിയും കൂടുതൽ എഴുതാൻ തോന്നി. വാക്കുകൾ വരികളായി, വരികൾ പുറങ്ങളും പുറങ്ങൾ മാനങ്ങളും. രാവും പകലും. ഒടുവിൽ അവൾ നിവർന്നു നിന്നു നോക്കി, അതെ ഉത്തരങ്ങളെല്ലാം ഇവിടെ ഉണ്ട്. അവൾ എഴുതിക്കഴിഞ്ഞപ്പോൾ അജ്ഞാത ലോകങ്ങളിൽ നിന്ന് കരഘോഷങ്ങളുയർന്നു. താരകൾ വിതുമ്പി. പ്രപഞ്ചം അവളുടെ മുന്നിൽ വണങ്ങി. ആ രാത്രി അവൾ സ്വയം ശാന്തയായി.

അസ്മ ഇപ്പോഴും പകൽ പുസ്തകങ്ങൾ വായിക്കും, പക്ഷേ ചിലപ്പോൾ, ചിലപ്പോൾ മാത്രം അവൾ പേനയിൽ മഷി നിറച്ച് കടലാസിൽ എഴുതുമ്പോൾ, ലോകം കാതോർക്കും. എന്നിട്ട് അവൾ പുറത്തേക്കിറങ്ങുന്നു, നയിക്കുന്നു.

റിച്ച ഝാ

അസ്മയുടെ ഈ കഥയ്ക്ക് (അതോ കവിതയ്‌ക്കോ) മനോഹരമായ ചിത്രങ്ങൾ വരച്ചിരിക്കുന്നത് സ്‌പെയിനിലെ ചിത്രകാരി ഈവ സാഞ്ചേസ് ഗോമസ് ആണ്. ഇത് തന്റെ തന്നെ കുട്ടിക്കാലത്തിന്റെ കഥയാണെന്നാണ് റിച്ച പറയുന്നത്.

ഈവ സാഞ്ചേസ് ഗോമസ്

ബാലസാഹിത്യ കൃതികളുടെ വൈറ്റ് റെയ്വെൻസ് പട്ടിക

മ്യൂണിച്ചിലെ ഇന്റർനാഷണൽ യൂത്ത് ലൈബ്രറി എല്ലാ കൊല്ലവും പ്രസിദ്ധീകരിക്കുന്ന വൈറ്റ് റെയ്വെൻസ് ലിസ്റ്റ് ലോകത്തെ മികച്ച ബാലസാഹിത്യകൃതികളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാർഷിക പട്ടികയാണ്. എല്ലാ കൊല്ലവും ഫ്രാങ്ക്ഫർട്ട് ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യപ്പെടുന്ന ഈ കാറ്റലോഗിലെ പുസ്തകങ്ങൾ തൊട്ടടുത്ത ബൊളോണിയ അന്താരാഷ്ട്ര ബാലസാഹിത്യ പുസ്തകമേളയിൽ അവതരിപ്പിക്കപ്പെടുന്നു. അമ്പത്താറു രാജ്യങ്ങളിൽ നിന്നു മുപ്പത്താറു ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ഇരുനൂറു പുസ്തകങ്ങളാണ് ഇത്തവണത്തെ വൈറ്റ് റെയ്വൻസ് കാറ്റലോഗിൽ ഉള്ളത്. വൈറ്റ് റെയ്വൻസ് പട്ടികയിലുള്ള പുസ്തകം എന്നാൽ ലോകമെങ്ങുമുള്ള ഭാഷകളിലേക്ക് പരിഭാഷയ്ക്കും പകർപ്പവകാശ വില്പനയ്ക്കും ഉള്ള പരിഗണന എന്നാണ് അർത്ഥം. കഴിഞ്ഞ ലക്കത്തിൽ പരിചയപ്പെടുത്തിയ ഐബിബിവൈ (IBBY) പട്ടികയെക്കാളും പലപ്പോഴും പ്രാധാന്യം ലഭിക്കുന്നതാണ് വൈറ്റ് റെയ്വൻസ്.
മ്യൂണിച്ചിലെ ബ്ലൂട്ടൻബർഗ് കാസിലിൽ 1983ൽ സ്ഥാപിതമായ ഇന്റർനാഷണൽ യൂത്ത് ലൈബ്രറി ലോകമെങ്ങും നിന്നുള്ള ബാലസാഹിത്യം ശേഖരിച്ച് ഒരു സാർവദേശീയ സമൂഹത്തിന് ലഭ്യമാക്കുന്നു. ബാലസാഹിത്യകാർക്ക് ഇവർ നല്കുന്ന റസിഡൻസി വളരെ പ്രസിദ്ധമാണ്. ലോക ബാലസാഹിത്യരംഗത്തെ ഒരു സുപ്രധാന സ്ഥാപനമാണിത്. ▮


റൂബിൻ ഡിക്രൂസ്‌

നാഷണൽ ബുക്ക് ട്രസ്റ്റിന്റെ മലയാളം എഡിറ്റർ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ.

Comments