The Menon Investigation: മലയാളിയുടെ പുരോഗമനമുഖമറ തുറക്കുന്ന അന്വേഷണങ്ങൾ

“സഹറു നുസൈബ കണ്ണനാരിയുടെ രണ്ടാമത്തെ നോവലായ ‘ദ മേനോൻ ഇൻവെസ്റ്റിഗേഷൻ’ ബാഹ്യ ഇതിവൃത്തത്തിൽ പോലീസ് ഇൻവെസ്റ്റിഗേഷനാണ്. അതേസമയം, ബാഹ്യാവതരണങ്ങളിൽ മലയാളി ഒളിപ്പിക്കുന്ന ജാതീയതയിലേക്കും വംശീയതയിലേക്കും ഹിംസാത്മകമായ ഉൾപ്രേരണകളിലേക്കും സ്വകാര്യതയിൽ അടക്കി നിർത്തിയിരിക്കുന്ന അപകർഷതകളിലേക്കും ആന്തരികമായി മറ്റൊരു ഇൻവെസ്റ്റിഗേഷനും കൂടി നടത്തുന്നു.” - ദാമോദർ പ്രസാദ് എഴുതുന്നു.

"In the state of Kerala they hack and chop and dismember, with knives as long as sleeves they hide them under." (P4)

സഹറു നുസൈബ കണ്ണനാരിയുടെ രണ്ടാമത്തെ നോവലായ ‘ദ മേനോൻ ഇൻവെസ്റ്റിഗേഷൻ’ ബാഹ്യ ഇതിവൃത്തത്തിൽ പോലീസ് ഇൻവെസ്റ്റിഗേഷനാണ്. അതേസമയം, ബാഹ്യാവതരണങ്ങളിൽ മലയാളി ഒളിപ്പിക്കുന്ന ജാതീയതയിലേക്കും വംശീയതയിലേക്കും ഹിംസാത്മകമായ ഉൾപ്രേരണകളിലേക്കും സ്വകാര്യതയിൽ അടക്കി നിർത്തിയിരിക്കുന്ന അപകർഷതകളിലേക്കും ആന്തരികമായി മറ്റൊരു ഇൻവെസ്റ്റിഗേഷനും കൂടി നടത്തുന്നു. ഇതിനായി സഹറു ആലംബമാക്കിയിട്ടുള്ള ഇതിവൃത്തവും കഥാപാത്രങ്ങളും സ്റ്റീരിയോടൈപ്പുകളാണ്. കഥാവൃത്തവും കഥാപാത്രങ്ങളും അത്തരത്തിൽ നിർണീതമായതിനാൽ നോവൽ പിന്തുടരുന്ന പൊളിറ്റിക്കൽ കറക്റ്റൻസിന്റെ കാര്യത്തിൽ ലൈനും ലെങ്തും കൃത്യമാണ്. സഹറു നുസൈബ കണ്ണനാരിയുടെ ആദ്യ നോവൽ "Chronicle of an hour and a half" ക്രോസ് വേർഡ് പുരസ്ക്കാരം നേടിയതാണ്. പുതിയ നോവൽ - ‘ദ മേനോൻ ഇൻവെസ്റ്റിഗേഷൻ’ എന്ന പുസ്തകത്തിന് പുരസ്‌ക്കാര ജേതാക്കളും പ്രസിദ്ധരുമായ എഴുത്തുകാരിൽ നിന്നും ലഭിച്ചിരിക്കുന്ന പ്രശംസാവാക്കുകൾ ഈ നോവലിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഉദ്വേഗം ഉണർത്തുന്നതാണ്.

ഗീതാഞ്‌ജലിശ്രീ കവറിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: "ഒരു ഞെട്ടിപ്പിക്കുന്ന കൊലപാതക രഹസ്യത്തിന്റെയും, ഒരു പൊള്ളുന്ന വെളിപ്പെടുത്തലിന്റെയും...ദാർശനികമായ ധ്യാനാത്മക മിശ്രിതം". സാമ്പ്രദായികമായ അർത്ഥത്തിൽ ഒന്നല്ല, രണ്ടു കൊലപാതകങ്ങളെക്കുറിച്ചുള്ള പോലീസ് അന്വേഷണമാണ് കഥാതന്തു. ഉദ്വേഗഭരിതമാണ് ഈ അന്വേഷണം. അന്വേഷണത്തിനു സമാന്തരമായി നേരത്തെ സൂചിപ്പിച്ച പോലെ ആന്തരികമായൊരു അന്വേഷണവും നടക്കുന്നു. ഈ അന്വേഷണത്തിന്റെ ഫലപ്രാപ്തിയായി മലയാളിയുടെ പുരോഗമനമുഖമറയ്ക്കുള്ളിലെ യഥാർത്ഥ സ്വത്വമെന്തെന്ന് തുറന്നുകാണിക്കുന്നുമുണ്ട്. അധികാരവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന സെക്യുലറും ആത്മീയവുമായ സ്ഥാപനങ്ങളുടെ അന്തസത്തയിലാണ് കുറ്റകൃത്യങ്ങളായ ജാതീയതയും വംശീയതയും കളറിസവും പീഡോഫീലിയയും കുടിക്കൊള്ളുന്നതെന്ന് മേനോൻ ഇൻവെസ്റ്റിഗേഷനിലൂടെ തെളിച്ചപ്പെടുന്നു. വർണ്ണബോധത്തിന്റെ വർത്തമാന പ്രകരണത്തെക്കുറിച്ചുള്ള അന്വേഷണമാകുന്നു ഇത്.

കഥാവൃത്തവും കഥാപാത്രങ്ങളും അത്തരത്തിൽ നിർണീതമായതിനാൽ നോവൽ പിന്തുടരുന്ന പൊളിറ്റിക്കൽ കറക്റ്റൻസിന്റെ കാര്യത്തിൽ ലൈനും ലെങ്തും കൃത്യമാണ്. സഹറു നുസൈബ കണ്ണനാരിയുടെ ആദ്യ നോവൽ "Chronicle of an hour and a half" ക്രോസ് വേർഡ് പുരസ്ക്കാരം നേടിയതാണ്.
കഥാവൃത്തവും കഥാപാത്രങ്ങളും അത്തരത്തിൽ നിർണീതമായതിനാൽ നോവൽ പിന്തുടരുന്ന പൊളിറ്റിക്കൽ കറക്റ്റൻസിന്റെ കാര്യത്തിൽ ലൈനും ലെങ്തും കൃത്യമാണ്. സഹറു നുസൈബ കണ്ണനാരിയുടെ ആദ്യ നോവൽ "Chronicle of an hour and a half" ക്രോസ് വേർഡ് പുരസ്ക്കാരം നേടിയതാണ്.

‘ദ മേനോൻ ഇൻവെസ്റ്റിഗേഷ’ന്റെ സംക്ഷിപ്തം ആഖ്യാതാവ് തന്നെ കഥാന്ത്യത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഉത്തരാഖ്യാനത്തിനു മുമ്പേ ഇതിലെ മുഖ്യകഥാപാത്രമായ പോലീസ് ഐ.ജി വിജയ് മേനോന്റെ ഏകാന്തമനനത്തിലൂടെ പ്രതിപാദിക്കുന്നത് കഥയുടെ സാരാംശമാണ്. ഒരു പക്ഷെ, പ്രസാധകനു നൽകിയ സിനോപ്സിസാകണം ഈ കഥാന്ത്യം. കാരണം, അത്തരമൊരു രത്‌നചുരുക്കൽ ആധുനികമോ ആധുനികോത്തരമോ ആയ ആഖ്യാനത്തിന്റെ ശീലമല്ല. കഥാന്ത്യത്തിലെ സംക്ഷിപ്തമല്ല നോവലിന്റെ ആഖ്യാനത്തിലൂടെ അനാച്ഛാദിതമാകുന്ന യാഥാർഥ്യം. അത് കൂടുതൽ തീക്ഷ്ണമാണ്. സവർണ്ണ-വരേണ്യ മലയാളിയുടെ പൊയ്മുഖം പിച്ചിച്ചീന്തുന്നതാണ്. അതിനായി തിരഞ്ഞെടുക്കപ്പെട്ട കഥാപാത്രങ്ങളും മധ്യവർഗ കുടുംബവ്യവസ്ഥിതിയും പള്ളിയും പട്ടക്കാരനും വയനാടും മാവോയിസ്റ്റും ടൈപ്പുകളാണെങ്കിലും. ഇതിവൃത്തം നിലനിൽകുന്നത് ഈ ടൈപ്പുകളുടെ മിശ്രിതത്തിലാണ്. ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിൻറെ വിപണിക്ക് അനുയോജ്യമാണെങ്കിലും മലയാളഭാഷയിലാണ് ഈ നോവൽ രചിക്കപ്പെട്ടതെങ്കിൽ ഇതിന്റെ സ്വീകരണം ശുഷ്കമാകാനാണ് സാധ്യത. കാരണം, മലയാള സാഹിത്യത്തിലെ ദളിത് പ്രതിതരംഗവും അതിന്റെ ഉപലബ്ധികളായ ഒട്ടേറെ രചനകളും മലയാളി ജീവിതവ്യവസ്ഥയിലെ വംശീയതയെ അതിസൂക്ഷ്മം അപനിർമിച്ചിട്ടുള്ളതാണ്. അതിനു ദീർഘമായ സമരചരിത്രവുമുണ്ട്. ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിൽ കീഴാള അനുഭവനങ്ങളുടെ പ്രതലങ്ങളെ സ്പർശിച്ചുപോകാനേ ഇതുവരെ സാധിച്ചിട്ടുള്ളൂ.

മനുജോസഫ് "ദ മേനോൻ ഇൻവെസ്റ്റിഗേഷന്" നൽകിയ പ്രശംസാവാചകം നോവലിനെ വാണിജ്യ ഉൽപനമായാണ് അവതരിപ്പിക്കാൻ ശ്രമിക്കുന്നതെങ്കിലും മനു ജോസെഫിന്റെ "സീരിയസ് മെൻ" എന്ന നോവലുമായി ഒരു വിദൂര ബന്ധം സഹറുവിൻെറ പുസ്തകത്തിനുണ്ട്. രണ്ടിലേയും ജാതിബദ്ധമായ ജീവിതവ്യവസ്ഥയും നമ്പൂതിരി കഥാപാത്രങ്ങളും സർക്കാസവും ഒരേ അനുരണനപ്രതീതിയുളവാക്കുന്നതാണ്. അരുന്ധതി റോയ് മുതൽ ഇന്ത്യൻ ഇംഗ്ലീഷ് നോവലിൽ കീഴാള ജീവിതാനുഭാവം കടന്നുവരുന്നുണ്ട്. നമ്പൂതിരിമാർ വില്ലന്മാരാകാൻ നിയുക്തരുമാണ്. ഒരുവേള, നമ്മുടെ പുരോഗമന രാഷ്ട്രീയത്തിന്റെ പ്രതിബിംബമായ ഇ.എം.എസിന്റെ പിതൃഭാവത്തെ മറിച്ചിടുക മലയാളികളുടെ ഇന്ത്യൻ ഇംഗ്ലീഷ് ഭാഷ സാഹിത്യത്തിൻറെ സവിശേഷ ഉദ്യമാകണം. ഇ.എം.എസും കറുത്ത തൊലിയുള്ളയാളായിരുന്നു എന്നതാണ് വസ്തുത. എസ് ഹരീഷ് "ദ മേനോൻ ഇൻവെസ്റ്റിഗേഷനെ" വാക്കുകൾകൊണ്ട് പുരസ്‌ക്കരിച്ചിട്ടുണ്ട്. ഹരീഷിന് വിജയ് മേനോന്റെ ജീവിതയാഥാർഥ്യം എളുപ്പം മനസ്സിലായിട്ടുണ്ടാകണം. കീഴാള രാഷ്ട്രീയം തന്റെ ആദ്യനോവലിൽ പ്രതിപാദ്യമാക്കിയപ്പോൾ ഉണ്ടായ പുകിൽ എസ്. ഹരീഷിന് ഒരിക്കലും വിസ്മരിക്കാനാകുമെന്നു തോന്നുന്നില്ല. പുലയൻ കൊമ്പൻ മീശവെച്ചാൽ നവോത്ഥാന ചരിത്ര ദർശനം ഭൂഖണ്ഡാന്തര പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരും എന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേരളം തിരിച്ചറിഞ്ഞു- മീശയുടെ പ്രസിദ്ധീകരണം പാതി വഴി നിലയ്ക്കുകയും ചെയ്തു. അതു പ്രസിദ്ധീകരിച്ചതിന്റെ പേരിൽ നവോത്ഥാന പിറവിയായ മലയാളത്തിന്റെ സൗവർണ പ്രസിദ്ധീകരണം ഇടറിവെളുക്കുകയുമുണ്ടായി- രാത്രിക്ക് രാത്രി. മലയാളിയുടെ പുരോഗമനം അത്രമേൽ സുസ്ഥിരമാണ് പോലും!!

സഹറു നുസൈബ കണ്ണനാരി സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളിലൂടെ മലയാളിയുടെ അന്തസ്സുകെട്ട പുരോഗമനനാട്യത്തെ നിർദ്ദാക്ഷീണ്യം അനാവരണം ചെയ്യുമ്പോഴും രണ്ടു മേനോന്മാരിലൂടെ വൈരുദ്ധ്യപരമായ തുലനം ഒപ്പിച്ചെടുക്കാൻ ആശ്രയിക്കുന്നത് പൊളിറ്റിക്കൽ കറക്റ്റ്നസിനെയാണ്. തുലനം ഒരിക്കലും തെറ്റിക്കില്ല എന്നത് ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിൻറെ പ്രത്യേകതയാണ്. കറുത്ത ചർമത്തിന്റെ കാരണത്താൽ അപകർഷത ഉള്ളിൽപേറിനടക്കുന്ന വിജയ് മേനോൻ എന്ന പോലീസ് ഐ.ജിക്ക് ബദലായി മാവോവാദി പുരോഗമന മേനോനെയും പ്രതിഷ്ഠിക്കുന്നുണ്ട് ആഖ്യാനത്തിന്റെ നടുത്തളത്തിൽ. പേര് ശ്യാം മേനോൻ. മലയാളിയുടെ നക്സലൈറ്റ് ഗൃഹാതുരതയിൽ നിന്നും ഇറങ്ങിവരുന്നതാണ് ശ്യാം മേനോൻ. ഒറിജനലി നക്‌സലൈറ്റാണ്. പക്ഷെ മാവോയിസ്റ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. നക്സലൈറ്റ് പ്രസ്ഥാനം മാവോവാദത്തിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിട്ടുളതെങ്കിലും തൊണ്ണൂറുകൾ വരെ എം എൽ പ്രസ്ഥാനക്കാരെ നക്സലൈറ്റ് എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. മാവോയിസ്റ്റ് ഒരു പിൽക്കാല നാമകരണമാണ്. കാലഗണനവെച്ചു നോക്കുകയാണെങ്കിൽ ശ്യാം മേനോൻ നക്‌സലൈറ്റാണ്. ഡീക്ലാസ്സ് ചെയ്ത മേനോൻ ആദിവാസികളുടെ ഇടയിൽ പ്രവർത്തിക്കുന്നു. ആദിവാസി യുവതിയായ നെല്ലിയുമായി പ്രണയത്തിലുമാകുന്നു. പ്രണയവും ഒരു രാഷ്ട്രീയ പ്രൊജക്റ്റാണ്. അവർക്ക് ഒരു മകൻ ജനിക്കുന്നു. പോലീസിന്റെ വ്യാജ ഏറ്റുമുട്ടലിൽ ശ്യാം മേനോൻ കൊല്ലപ്പെടുന്നു. ശ്യാം മേനോന്റെ മകൻ മാവോയിസത്തിന്റെ പാത സ്വീകരിക്കുന്നില്ല. അയാളിൽ വിദ്വേഷമാണ് കനക്കുന്നത്. അയാൾ സ്വീകരിക്കുന്ന പാത വേറെയാണ്. അതാണ് നോവലിലെ ഒരു മിസ്റ്ററി.

കറുത്ത ചർമത്തിന്റെ  കാരണത്താൽ അപകർഷത ഉള്ളിൽപേറിനടക്കുന്ന വിജയ് മേനോൻ എന്ന പോലീസ് ഐ.ജിക്ക് ബദലായി മാവോവാദി പുരോഗമന മേനോനെയും പ്രതിഷ്ഠിക്കുന്നുണ്ട് ആഖ്യാനത്തിന്റെ നടുത്തളത്തിൽ.
കറുത്ത ചർമത്തിന്റെ കാരണത്താൽ അപകർഷത ഉള്ളിൽപേറിനടക്കുന്ന വിജയ് മേനോൻ എന്ന പോലീസ് ഐ.ജിക്ക് ബദലായി മാവോവാദി പുരോഗമന മേനോനെയും പ്രതിഷ്ഠിക്കുന്നുണ്ട് ആഖ്യാനത്തിന്റെ നടുത്തളത്തിൽ.

കേരളത്തിൽ പോലീസ് അതിക്രമങ്ങൾ ചർച്ച ചെയ്യപ്പെടുന്ന സമയത്താണ് സഹറുവിൻെറ നോവൽ വായിക്കുന്നത്. സമീപകാലത്തെ ഏറ്റവും പോപ്പുലറായ പോലീസ് വില്ലൻ വേഷമായ "തുടരും" സിനിമയിലെ ജോർജ് സാറിനെയും വിജയ് മേനോൻ ഓർമിപ്പിക്കും. കഥാപാത്ര സൃഷ്ടിയിൽ സിനിമ പോലുള്ള പോപ്പുലർ ആഖ്യാനത്തിലെ സവിശേഷതകളെ "ദ മേനോൻ ഇന്വെസ്റ്റിഗേഷൻ" സ്വാംശീകരിച്ചിരിക്കുന്നത്, ഒരുപക്ഷെ, ഭാവിയിൽ ദൃശ്യാവിഷ്ക്കാരത്തെ മുന്നിൽ കണ്ടുകൊണ്ടാകണം. ഒരു വെബ് സീരിസിന് ആവശ്യമായ ഉൾപിരിവുകളും ആഖ്യാനഗതിവിഗതികളും ആവശ്യം വേണ്ട ചേരുവകളും യുക്തിപൂർവമായി തന്നെ പ്രതിപാദനത്തിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. ദുരഭിമാന കൊലകൾ എന്നു വ്യാജമായി നാമകരണം ചെയ്യപ്പെട്ടിട്ടുള്ള യഥാർത്ഥമായ ജാതികൊലകൾ നോവലിലെ കേന്ദ്ര പ്രമേയമാണ്. ജാതിയും വംശീയതയും തൊലിനിറവും ലിംഗവ്യതിയാനവും ജാതിബദ്ധമായ ആൺകോയ്മ സമൂഹത്തിൽ സൃഷ്ടിക്കുന്ന ഹിംസാത്മകമായ വിദ്വേഷമാണ് ദുരഭിമാനകൊലകൾക്ക് കാരണമാകുന്നത്. കേരളത്തിന്റെ സാമൂഹിക ഘടനയിൽ ഏതൊരു ഇന്ത്യൻ സമൂഹത്തിലുമെന്ന പോലെ ഇത് ആഴത്തിൽ പതിയിരിക്കുന്നുണ്ട്. കൂട്ടുകുടുംബങ്ങൾ തകർന്ന് അണുകുടുംബങ്ങളിലേക്ക് സാമൂഹിക ഘടന പരിവർത്തിച്ചപ്പോഴും സാമ്പത്തികഘടനാപരമായ പരിഷ്‌ക്കരണം മാത്രമേ നടന്നിട്ടുള്ളൂ. അണുകുടുംബങ്ങൾ ഫ്യൂഡൽ കുടുംബത്തിന്റെ ചെറുപതിപ്പുകളായി തന്നെ തുടർന്നു.

മലയാളിയുടെ വീടകങ്ങളിൽ സ്വകാര്യ അഹങ്കാരമായി വർത്തിക്കുന്ന ജാതി ബോധത്തെയും വർണ്ണ അഭിമാനത്തെയും മറനീക്കി കാണിക്കുന്നതോടൊപ്പം ജനാധിപത്യ വ്യവസ്ഥയിലെ സ്ഥാപനങ്ങൾ എപ്രകാരം ജാതീയമായ ഹിംസയ്ക്ക് കൂട്ടുനിൽക്കുന്നുവെന്നും പ്രതിപാദിതമാകുന്നു. പോലീസിന്റെ മുഖ്യമായ തൊഴിൽ തന്നെ സമൂഹത്തിന്റെ വർഗ-ജാതി-വരേണ്യ ഘടന അതേപോലെ സംരക്ഷിക്കുക എന്നതാണ്. പോലീസിനെ കൊളോണിയൽ -ഫ്യൂഡൽ അവശിഷ്ട സ്ഥാപനമായി നിലനിർത്തുന്നതും ഈ ബുദ്ധവിഷ്ടത തന്നെ. കേരളത്തിന്റെ ജനാധിപത്യപരവും പരിവർത്തനോന്മുഖവുമായ സാമൂഹിക അനുഭവങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഏറ്റവും പ്രതിലോമകരമായ സ്ഥാപനമാണ് പോലീസ്. ഇത് കേരളത്തിന്റെ മാത്രം കാര്യമല്ല. ഇന്ത്യയെമ്പാടും ഇത് തന്നെയാണ് യാഥാർഥ്യം. പക്ഷെ മലയാളിയുടെ അവകാശവാദം ലോകത്തിലെ ഏറ്റവും പുരോഗമന സമൂഹം നമ്മുടേതാണെന്നാണല്ലോ. കേരളത്തിലെ പോലീസ് നവോത്ഥാന പൊലീസാണെന്ന് മലയാളി ബുദ്ധിജീവികൾ അവകാശപ്പെട്ടേക്കും. കാക്കിയിൽ പക്ഷെ ചോരക്കറ പറ്റിയിരിക്കുന്നു.

"ദ മേനോൻ ഇൻവെസ്റ്റിഗേഷനി"ൽ കൊലചെയ്യപ്പെടുന്ന ഒരാൾ പോലീസ് തന്നെയാണ്. അയാളുടെ സാമൂഹികമായ ഉണ്മയാണ് അയാളെ നിഷ്ടൂരമായ കൊലയ്ക്ക് ഇരയാക്കുന്നതും. കൊലപാതകങ്ങളുടെ യഥാർത്ഥ വസ്തുത മറച്ചുവെയ്ക്കാൻ ഭരണാധികാരവും പോലീസും നീതിപീഠവും ഉപജാപം നടത്തുന്നു. അധികാര വ്യവസ്ഥയുടെ കാര്യത്തിൽ കേരളത്തിലെ മറ്റൊരു പ്രബല സ്ഥാപനമായ സഭയും ക്രിസ്തീയ പൗരോഹിത്യവും പങ്കാളിയാകുമ്പോൾ ആഗോളമായി തന്നെ സഭകൾ മറച്ചുപിടിക്കുന്ന ഒരു കുറ്റകൃത്യമാണ് വിജയ് മേനോന്റെ അന്വേഷണത്തിലൂടെ തെളിയുന്നത്. കുറ്റകൃത്യത്തിന്റെ സാമൂഹിക പശ്ചാത്തലവും അത് ഭിന്ന സമൂഹങ്ങളിൽ പ്രകടമാകുന്നതും എപ്രകാരമെന്നും അന്വേഷിക്കുന്നുണ്ട്. വ്യക്തികളുടെ മനോഘടനയിൽ മറക്കാൻ ഇച്ഛിക്കുന്തോറും ഉണങ്ങാത്ത മുറിവിന്റെ വേദനയായി ജീവിതകാലം മുഴുവൻ വേട്ടയാടുന്ന ബാല്യകാലാനുഭവം എങ്ങനെ ഒരാളെ നിസ്സഹായമാക്കുന്നുവെന്ന മനഃശാസ്ത്രപരമായ ഒരന്വേഷണ തലവും പ്രതിപാദ്യമാകുന്നു. പുറമേക്ക് ദുർഗ്രാഹ്യമായിരിക്കുന്ന എന്നാൽ വ്യക്തിയുടെ ഉപബോധ സ്മരണയിൽ ഒടുങ്ങാത്ത വേദന അയാളുടെ തന്നെ വ്യക്തിത്വ രൂപീകരണത്തിന് നിദാനമാകുന്നുവെന്ന സാമ്പ്രദായിക മനഃശാസ്ത്രപരമായ വീക്ഷണമാണ് അന്വേഷണത്തിന്റെ പരിധിയിൽ വരുന്നത്. പ്രത്യക്ഷമായ പോലീസ് ഇൻവെസ്റ്റിഗേഷനാണ് മുഖ്യ ഇതിവൃത്തം. അതോടൊപ്പം നമ്മുടെ വീടകങ്ങളിലും സ്വകാര്യതകളിലും അവശേഷിക്കുന്ന ജാതീയതയെയും വംശീയതയെയും വർണ്ണബോധത്തെയും കുറിച്ചുള്ള അന്വേഷണവും അതേസമയം അതിനേക്കാൾ ആഴത്തിൽ ഒരു വ്യക്തിയുടെ ഉപബോധ സ്മൃതികളിലെ അവരുടെ വ്യക്തിത്വ രൂപീകരണത്തെയും ജീവിതത്തെയും സാരമായി നിർണയിക്കുന്ന ഭീതിജനകമായ പുറത്തറിയിക്കാൻ പറ്റാത്ത സ്വകാര്യ അനുഭവനങ്ങളുടെ മനഃശാസ്ത്രപരമായ അന്വേഷണവും - ഇങ്ങനെ ത്രിതലങ്ങളായാണ് സഹറു നുസൈബ കണ്ണനാരിയുടെ അന്വേഷണം പുരോഗമിക്കുന്നത്.

കേരളത്തിന്റെ ജനാധിപത്യപരവും പരിവർത്തനോന്മുഖവുമായ സാമൂഹിക അനുഭവങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഏറ്റവും പ്രതിലോമകരമായ സ്ഥാപനമാണ് പോലീസ്.
കേരളത്തിന്റെ ജനാധിപത്യപരവും പരിവർത്തനോന്മുഖവുമായ സാമൂഹിക അനുഭവങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഏറ്റവും പ്രതിലോമകരമായ സ്ഥാപനമാണ് പോലീസ്.

ഈ അന്വേഷണ ഘടകങ്ങളെ സംയോജിപ്പിക്കുന്ന ഇതിവൃത്ത ഘടനയിൽ ജനപ്രിയമായ ഘടകങ്ങളുടെ ചേരുവകളെയാണ് ഉപയുക്തമാക്കിയിട്ടുള്ളത്. കോഴിക്കോടിൻറെ നഗര പരിധിയിലും പ്രാന്തപ്രദേശങ്ങളിലുമാണ് ആഖ്യാനം അരങ്ങേറുന്നത്. വയനാടിന്റെ ഭൂമികയും കടന്നുവരുന്നുണ്ട്. കേരളത്തിന്റെ പരിച്ഛേദമെന്നോണം ജാതീയമായ സാമൂഹിക ശ്രേണിഘടനയ്ക്കനുസൃതമായി തന്നെയാണ് കഥാപാത്രങ്ങളും പരസ്പര ബന്ധനങ്ങളിൽ നിലക്കൊളുന്നത്. നമ്പൂതിരിയും മേനോന്മാരും (രണ്ടു ഭിന്ന വ്യക്തിത്വങ്ങൾ - പുരോഗമന കേരളത്തിന്റെ സ്പ്ലിറ്റ് വ്യക്തിത്വ പ്രതിനിധാനം?) ക്രൈസ്തവർ (റോമൻ കാതോലിക്കനും ലത്തീൻകാരും) ആദിവാസിയും അവരിൽ സാമൂഹിക നിയമനുസരിച്ച് നിയുക്തമായ കർമ്മം അനുഷ്ഠിക്കുന്ന പോലെ തന്നെ പ്രവർത്തിക്കുന്നു. തുലനമൊപ്പിക്കാനായി ഒരു മുസ്ലിം പോലീസ് കഥാപാത്രവുമുണ്ട്. പാൻ ഇന്ത്യൻ വെബ് സീരീസിന് ഉതുകുന്നതാണ് ഈ കഥാപാത്രം. അധികാരസ്ഥാപനങ്ങൾ എന്ന നിലയിൽ പോലീസ്, കോടതി (നിയമ സംവിധാനം എന്ന നിലയിൽ), സഭ എന്നിവയും പ്രതിയോഗ സാന്നിധ്യമായി മാവോയിസം ആഖ്യാനത്തെ കൊഴുപ്പിക്കുന്നു. പാർട്ടി എന്ന അധികാര സ്ഥാപനം പ്രത്യക്ഷമായില്ലെങ്കിലും, കുറ്റാന്വേഷണത്തിലെ ഒരു അബോധ സാന്നിധ്യമായി അതിനെ കാണാം. വ്യക്തിത്വങ്ങളുടെ അപകർഷതയ്ക്കും സന്നിഗ്ദ്ധതയ്ക്കും നിധാനമാകുന്ന അവരുടെ ലൈംഗികതയും കാമ അസംതൃപ്തികളും വ്യക്തിയിൽ നിലീനമായിരിക്കുന്ന പ്രേരണകളിലേക്കും സങ്കീർണതകളിലേക്കുമുള്ള മനഃശാസ്ത്രതലത്തിലേക്കും സഹറു നുസൈബ കണ്ണനാരി അന്വേഷണത്തെ വ്യാപിപ്പിക്കുന്നുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ ടൈപ്പുകളുടെ ആവർത്തനം ഒരു സങ്കേതമായി ഉപയോഗിക്കുന്നത് ആഗോളതലത്തിലെ ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിന്റെ വിപണിയെ ലാക്കാക്കിയായിരിക്കാം. അങ്ങനെ കരുതുമ്പോഴും മലയാളിയുടെ ദ്വന്ദ്വജീവിതത്തിലേക്കുള്ള അന്വേഷണവുമാകയാൽ മലയാളിക്ക് ഇതൊരു ദർപ്പണ പ്രതീതിയാണ് നൽകുക.

Comments