ഉപ്പുതൂണായി മാറിയ ഈഡിത്തിനെ കുറിച്ചു പറയുന്നുണ്ട്, ബൈബിളിൽ. പ്രവാചകനായ ലോത്തിന്റെ ഭാര്യ. ദൈവിക വെളിപാടനുസരിച്ച്, സകലതിനെയും ഉപേക്ഷിച്ച് സോദോം നഗരം വിട്ടോടുകയായിരുന്നു ലോത്തും കുടുംബവും. എന്തു സംഭവിച്ചാലും തിരിഞ്ഞുനോക്കരുതെന്ന ആജ്ഞ പക്ഷെ ഈഡിത് മാത്രം ലംഘിച്ചു. നിന്നനില്പിൽ ഒരു ഉപ്പുതൂണായി മാറപ്പെട്ടു. അവിടെ തീരുന്നു ഈഡിത്തിന്റെ ജീവചരിത്രം. പക്ഷേ ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ചരിത്രത്തിന്റെ തുടക്കവും അതിലുണ്ട്. ഇന്നും ഉറഞ്ഞുപോയ എത്രയോ ഉപ്പുതൂണുകളാൽ സമ്പന്നമാണ് ലോകം. ആർത്തലക്കുന്ന ഒരു മഹാപ്രവാഹം കണക്കെ ‘കറ’ എന്ന നോവൽ നമ്മെ കടന്നുപോകുമ്പോഴും ആഴത്തിൽ നിശ്ചലമായ ഇത്തരം പാളികളുണ്ടതിൽ. കറയെ, ലോകമൊട്ടാകെ വായിക്കപ്പെടേണ്ട ഉജ്വലമായ ഒരു സാഹിത്യകൃതിയെന്നു നിസ്സംശയം പറയാം.
സാറ ജോസഫ് ഒരിക്കൽ പറയുകയുണ്ടായി, ചെറിയ പ്രായത്തിൽ വേദപഠന ക്ലാസിൽ കേട്ട ഈ ബൈബിൾ സംഭവം തന്റെ മനസ്സിൽ ഒരിക്കലും മറക്കാത്ത രീതിയിൽ മുദ്രണം ചെയ്യപ്പെട്ടിരുന്നു എന്ന്. അന്നൊരിക്കലും എഴുത്തുകാരി ചിന്തിച്ചുകാണില്ല 'കറ' എന്ന മികച്ച നോവലിന്റെ ആരംഭമാണ് അതെന്ന്.
കറുപ്പെന്ന കറ
'കറ' എന്ന തലക്കെട്ടിനെ കറുപ്പെന്നും വ്യാഖ്യാനിക്കാം. സോദോമിലെ റോഷേച്ചെടികളിൽ വിളഞ്ഞ കാളകൂടത്തിന് സമമായ മരണത്തിന്റെ പാൽക്കനി. സോദോമിലെ ജനങ്ങളെ കറുപ്പിന്റെ പിടിയിൽ നിന്ന് രക്ഷിക്കുക എന്ന ദൗത്യത്തോടെ എത്തുന്ന ലോത്തിനെ കാണാം നോവലിന്റെ ആദ്യ ഭാഗങ്ങളിൽ. മികച്ച ഒരു വൈദ്യനായാണ് ലോത് കറയിൽ പ്രത്യക്ഷപ്പെടുന്നത്. മരുന്നായി ഉപയോഗിക്കാവുന്ന കറുപ്പിനെ മനുഷ്യന്റെ നാശത്തിനായി സോദോം ഏറ്റെടുക്കുന്നു. റോഷേ തോട്ടത്തിൽ രാപകൽ നയിക്കുന്നു ജനങ്ങൾ. പക്ഷെ വിളവെടുപ്പ് കാലത്ത് കൈയിൽ പറ്റുന്ന ഒരു തരി നക്കി നോക്കിയാൽ ചാട്ടയടി ഉറപ്പാണ്. പണം കൊടുത്തല്ലാതെ കറുപ്പിനെ അറിയൽ അസാധ്യം. കറുപ്പെന്ന വിഷത്തിലും ശമിക്കാത്ത ഭോഗക്കൊതിയിലും പെട്ടുഴറുന്നു സൊദോം നിവാസികൾ.
കറ എന്നത് കറുപ്പിനെ സൂചിപ്പിക്കുമ്പോഴും മനുഷ്യവംശത്തിനു മേൽ വീണ അനേകം കറകളുടെ ചരിത്രം കൂടിയാണ് ഈ പുസ്തകം. അധികാരം, മതം, സ്ത്രീവിരുദ്ധത, സദാചാരം അങ്ങനെ അനേകായിരം കറകൾ. ഒടുവിൽ അവയെല്ലാം കൂടി ചേർന്നു മനുഷ്യവംശം തന്നെ ഈ ഭൂമിക്ക് മേൽ വീണ കറയായി എങ്ങനെ മാറുന്നുവെന്നത് കാണാം. ഇന്ന്, ഗാസയിലേക്ക് നോക്കുമ്പോൾ അധികാരം മനുഷ്യരാശിക്കുമേൽ എത്ര ക്രൂരമായി കറ വീഴ്ത്തുന്നുവെന്ന് നമ്മൾ ഇപ്പോഴും മനസിലാക്കി കൊണ്ടിരിക്കുകയാണ്. നിരാലംബരായ സ്ത്രീകളുടെയും കുട്ടികളുടെയും ചോരക്കറകൾക്കു മേലാണല്ലോ ഇവിടെയെന്നും സാമ്രാജ്യങ്ങൾ കെട്ടിപ്പൊങ്ങിയത്.
അധികാരമെന്ന കറ
അധികാരത്തിന്റെയും അധികാരം നഷ്ടമാവലിന്റെയും കഥ കൂടിയാണ് ഈ നോവൽ. പ്രവാചകനായ അബ്രാമിന്റെയും സഹോദരപുത്രൻ ലോത്തിന്റെയും ജീവിതം ബൈബിളിന്റെ ഓരം പറ്റി എഴുതിയിരിക്കുന്നു. വളരെ കുറച്ചു മാത്രം ബൈബിളിൽ വിശദീകരിച്ചിട്ടുള്ള ലോത്തിനെ കേന്ദ്രകഥാപാത്രമാക്കി ബൃഹത്തായ ഒരു നോവൽ രചിക്കുക എന്നത് ഒട്ടുമേ എളുപ്പമല്ല. അതിനെ ഇന്നിന്റെ കഥ കൂടിയാക്കി എഴുതിയിരിക്കുന്നു എന്നതാണ് മറ്റൊരു മേന്മ. സൂക്ഷിച്ചു നോക്കിയാൽ അറിയാനാവും, ആധുനികരെന്നു മേനി നടിക്കുന്ന മനുഷ്യരിലുള്ള കറകൾ അന്നും ഇന്നും ഒരു പോലെയാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് ഇപ്പുറവും മാനവികതയുടെ മേൽ ഉറഞ്ഞുപോയ കറകളെക്കുറിച്ച് എഴുത്തുകാരിക്കുള്ള പൂർണ്ണബോധ്യം നോവലിലുടനീളം പ്രകടമാണ്.
ആദം ആണ് ആദിപിതാവെന്നതു ബൈബിൾ വചനം. അലഞ്ഞുതിരിഞ്ഞ്, വിശക്കുമ്പോൾ ഭക്ഷിച്ചും, തോന്നുമ്പോൾ രമിച്ചും കഴിഞ്ഞിരുന്ന കൂട്ടരായിരുന്നു പൂർവ്വകാലത്തെ മനുഷ്യർ. ആർ ആരുടേത് എന്ന ചോദ്യത്തിന് അവിടെ ഒരിക്കലും പ്രസക്തി ഇല്ലായിരുന്നു. പോകപ്പോകെ, ഭൂമി സ്വകാര്യവത്കരിക്കപ്പെടണം എന്ന ചിന്തയിൽ നിന്നാവണം വ്യക്തികളും സ്വകാര്യവത്കരിക്കപ്പെടണം എന്ന ചിന്തയുണ്ടായത്. കാലം കഴിയവേ മനുഷ്യരുടെ വികാരത്തിന്മേൽ കടിഞ്ഞാണിടാൻ മതങ്ങളുമെത്തി.
ലോത്തിലേക്കെത്തും മുൻപ് അബ്രാമിനെ കുറിച്ച് അറിയണമല്ലോ. തേരഹിന്റെ മക്കളാണ് അബ്രാമും ഹാരാനും. ജാലവിദ്യാഭ്യാസിയായ ഹാരാന്റെ പുത്രൻ ലോത്. ഏകദൈവത്തിൽ അധിഷ്ഠിതമായതാണ് ക്രിസ്തുമതം. അന്നേവരെ സൂര്യചന്ദ്രന്മാരടക്കം സകലതിനെയും ആരാധിച്ചിരുന്ന ഒരു ജനതയ്ക്ക് നേരെ ഏകദൈവത്തെക്കുറിച്ചുള്ള- അദോണായ്-വെളിപാടെത്തുന്നത് അബ്രാമിലൂടെയാണ്. വിഗ്രഹാരാധകനായ പിതാവിനോട് കലഹിക്കുന്നു അബ്രാം. ബാബിലോണിന്റെ ദൈവവിഗ്രഹങ്ങളെ നശിപ്പിച്ച അബ്രാമിനെ തീയിലെറിഞ്ഞു കൊല്ലാൻ നിമ്രോദ് തീരുമാനിക്കുന്നു. പടയാളികൾ അയാളെ തീച്ചൂളയിലേക്ക് വലിച്ചെറിയുന്നു. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്, തണുപ്പറിഞ്ഞവനെന്ന മട്ടിൽ അബ്രാം തീക്കുണ്ഠത്തിൽ നിന്നിറങ്ങി വന്നു. ഹാരാനാവട്ടെ, അപ്പോൾ കുരുത്ത മിന്നല്പിണറിൽ പെട്ട് കരിഞ്ഞു ഭസ്മമായി.
പിന്നീടങ്ങോട്ട് കാണാനാവുക വെട്ടിപ്പിടിക്കലിന്റെയും യുദ്ധങ്ങളുടെയും കീഴടക്കലുകളുടെയും ചരിത്രമാണ്; എല്ലാം ദൈവികവെളിപാടാനുസരിച്ച്. അദോണായ് അബ്രാമിനോട് പറയുന്നു, 'അതാ ആ ദേശം നിന്റേതാണ്; അവിടെ പോയി ആധിപത്യം സ്ഥാപിക്കുക.' ഉടനടി അബ്രാം അതു ചെയ്യുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ്, മോണോലിത്തിക്കൽ ആയുള്ള ഏതൊരു മതത്തിന്റെയും സ്വഭാവം അതായിരുന്നല്ലോ. അവർക്ക് ലഭ്യമാവുന്ന വെളിപാടിനെത്തുടർന്ന് പ്രവർത്തിക്കുമ്പോൾ മറ്റു മനുഷ്യരെ അതെങ്ങനെ ബാധിക്കുമെന്നത് ഒട്ടുമേ ഓർക്കാനുള്ള വിവേകം ഇല്ലെന്ന പോലത്തെ പ്രവർത്തികൾ.
മതം എന്ന കറ
അനാഥനായ ലോത്തിനെയും കൂട്ടി അബ്രാമും ഭാര്യ സാറായിയും നാടുപേക്ഷിച്ച് യാത്രയാവുമ്പോൾ ലോത് ചോദിക്കുന്നു, എന്തിനാണ് എന്റെ ആബ്ബയെ അദോണായ് മരിപ്പിച്ചതെന്ന്. അദോണായ് എന്ന ഏകദൈവം ഉണ്ടെന്ന കാര്യത്തിൽ സംശയമായിരുന്നു ഹാരാന്, അതുതന്നെയാണ് ദൈവകോപത്തിനും മരണത്തിനും കാരണമായതെന്ന് അബ്രാം മറുപടി കൊടുക്കുന്നു. തനിക്കെതിരെ തിരിയുന്നവരോട് കോപിക്കുന്ന ദൈവം!
ഹാരാനിൽ നിന്ന് കാനാൻ ദേശത്തേക്ക് അവർ യാത്രയാവുമ്പോൾ കൂട്ടിന് ലോത്തിന്റെ ഭാര്യ ഈഡിത്തുമുണ്ട്. അന്ന് അബ്രാമിന് പ്രായം എഴുപത്തിയഞ്ച്, ലോത്തിന് നാൽപ്പത്തിയഞ്ച്. ഈഡിത് രഹസ്യമായി ചന്ദ്രദേവനെ ആരാധിച്ചിരുന്നു. അബ്രാമിനു മുന്നിൽ മാത്രം വെളിപ്പെടുന്ന ദൈവത്തെ വെറുക്കുന്നുണ്ട് ഒരുവേള ഈഡിത്ത്. കാനാനിലേക്ക് അബ്രാമിന്റെ ജനത കുടിയേറിയാൽ തദ്ദേശീയരായ കാനാനിയർ എന്ത് ചെയ്യുമെന്ന് ആകുലപ്പെടുന്നു ഈഡിത്ത്. സ്ത്രീസഹജമായ അനുകമ്പ! ഇതേ ചോദ്യം ഭാര്യയായ സാറായി അബ്രാമിനോട് ചോദിക്കുമ്പോൾ ലഭിക്കുന്ന മറുപടി, ''എനിക്ക് വേണ്ടി എന്റെ ദൈവമായ യാഹ്വേ കാനാനീയരോട് യുദ്ധം ചെയ്യുമെന്നാണ്."
മടുക്കാതെ ദേശാടനം നടത്തുന്നു അബ്രാമും കൂട്ടരും. കൂട്ടത്തിൽ കച്ചവടവും. ഈഡിത്തിനു മനസ്സിലാവുകയായിരുന്നു തന്റെ വിഗ്രഹദൈവത്തെ കൂട്ടുപിടിച്ചുകൊണ്ടുള്ള യാത്ര അത്യന്തം ദുഷ്കരമാണെന്ന്. പക്ഷെ യാഹ്വേയിൽ തീർത്തും അധീനപ്പെടാൻ അവൾ ഒരുക്കമായിരുന്നില്ല. ദൈവങ്ങളെ തെരഞ്ഞെടുക്കാൻ അവകാശമുള്ള കാനായിക്കാരെ ഓർത്ത് ഈഡിത് അസൂയകൊള്ളുന്നു. സഖിയായ അതാറയുമായാണ് അവൾ തന്റെ എല്ലാ വിഹ്വലതകളും പങ്കുവെക്കാറുള്ളത്.
കറ പറ്റാത്ത സ്ത്രീകൾ
വളരെ ശക്തരായിട്ടുള്ള, ചിന്താശേഷിയുള്ള സ്ത്രീകളാണ് നോവലിലുടനീളമുള്ളത്. അബ്രാമിന്റെ ഭാര്യയായ സാറായിയെ നോക്കാം. കാനാൻ ദേശത്തെ പിടികൂടിയ ക്ഷാമം കാരണം അബ്രാമും കൂട്ടരും ഈജിപ്തിലേക്ക് നടന്നു. ഫറവോ സാറായിൽ ആകൃഷ്ടയാവുമെന്നതിൽ യാതൊരു സംശയവും ഇല്ലായിരുന്നു അബ്രാമിന്. അതിനാൽ ആരെങ്കിലും ചോദിച്ചാൽ സഹോദരിയാണെന്ന് പറയാൻ സാറായിയെ ചട്ടം കെട്ടി. ഈഡിത് പോലും അക്കാര്യം അറിയരുതെന്ന് ലോത്തിനോട് സത്യം ചെയ്യിച്ചു. അബ്രാമിന്റെ ഈ പ്രവർത്തി ഏറെ അവിശ്വസനീയമായാണ് സാറായിക്ക് തോന്നിയത്.
ഏഴു വർഷമാണ് ഫറവോയോടൊത്ത് ആ സ്ത്രീക്ക് ശയിക്കേണ്ടി വന്നത്. കാനാൻ ദേശത്തേക്ക് മടങ്ങുമ്പോൾ കനത്ത സമ്പത്ത് നൽകി അബ്രാമിനെയും കൂട്ടരെയും ഫറവോ അയക്കുന്നു. സാറായിയുടെ ശരീരത്തിന്റെ വില. കുപിതയായ ഒരു പ്രഭ്വി ആയാണ് പിന്നീട് സാറായിയെ നോവലിലുടനീളം കാണാനാവുക. ആ സമ്പത്തിൽ യാതൊരു താല്പര്യവുമില്ലെന്ന് പറയുന്ന ഈഡിത്തിനോട് ഈ രഹസ്യം എങ്ങനെ അറിഞ്ഞുവെന്ന് ലോത് ചോദിക്കുന്നുണ്ട്. 'ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയുടെ വ്യസനമറിയാൻ നൂറു വഴികളുണ്ടെന്ന' മറുപടിയാണ് ഈഡിത് നൽകുന്നത്.
ആദികാലം മുതൽക്കേ എങ്ങനെയാണ് സ്ത്രീ വെറുമൊരു ഉപഭോഗ വസ്തുവായി മാത്രം മനുഷ്യകുലത്തിൽ നിലകൊണ്ടത് എന്നതിന്റെ ശക്തമായ തെളിവായാണ് നോവലിസ്റ്റ് പല സംഭവങ്ങളെയും എഴുതിയിട്ടുള്ളത്. ശക്തരെങ്കിലും വായ സീൽ ചെയ്യപ്പെടാൻ വിധിക്കപ്പെട്ട സ്ത്രീകൾക്ക് ഈ ഭൂമിയുടെ അത്രതന്നെ പഴക്കം കാണണം.
വർഷങ്ങൾക്കിപ്പുറം, യാഹ്വേയുടെ വെളിപാടിലൂടെ കടുത്ത നിയന്ത്രണങ്ങൾ ലൈംഗികതയിൽ കൊണ്ടുവരുന്നു അബ്രാം. മതം എന്നും ആദ്യം പ്രവർത്തിച്ചത് സ്ത്രീകളിന്മേലാണല്ലോ. സ്ത്രീകൾക്ക് ഒരു ഇണ മാത്രമേ പാടുള്ളൂ എന്ന ദൈവിക തീരുമാനം അറിയിക്കുന്നു അബ്രാം. പുരുഷനും ഒരിണ എന്ന വ്യവസ്ഥ ആക്കാമോ എന്ന് ചോദിക്കുമ്പോൾ ബഹുഭർതൃത്വം കർത്താവ് ആഗ്രഹിക്കുന്നില്ലെന്ന് മറുപടിയാണ് കിട്ടുന്നത്. കൂട്ടത്തിലെ സകല സ്ത്രീകളും ഈ തീരുമാനത്തിൽ അരിശപ്പെടുന്നു. തങ്ങൾ ആനന്ദിക്കുന്നത് ഇഷ്ടപ്പെടാത്ത ദൈവത്തോട് അവർ കലഹിക്കുന്നു. പക്ഷെ ആ സ്ത്രീകൾ മിടുമിടുക്കികളായിരുന്നു. പകലുകൾ അല്ലെ നമ്മൾ ഏകദാമ്പത്യ നിഷ്ഠ ആചരിക്കേണ്ടതുള്ളൂ, രാത്രികൾ നമുക്കുണ്ടല്ലോ എന്നവർ കുസൃതിയോടെ പറയുന്നു. എത്രത്തോളം കുരുക്ക് മുറുക്കുന്നുവോ അതഴിച്ചെടുക്കാനാണല്ലോ എന്നും മനുഷ്യമനസിനു ത്വര.
സദാചാരമെന്ന കറ
ഈ ലോകം നിലനിന്നുപോവേണ്ടത് തങ്ങളുടെ ഏറ്റവും പ്രഥമമായ ആവശ്യമാണെന്നു നിനച്ചിട്ടുള്ളവരാണ് എക്കാലത്തെയും സ്ത്രീകൾ. അതിനുള്ള ഉപാധിയായ പ്രത്യുല്പാദനത്തെ മഹത്തരമായി സമൂഹം കാണുന്നതും അതിനാൽ തന്നെ. കാലക്രമേണ സമൂഹം മനുഷ്യർക്കായി നിയമസംഹിതകൾ ഒരുക്കി, മിക്കവയ്ക്കും മതങ്ങളുടെ പിന്തുണയുമുണ്ടായി. പക്ഷെ എല്ലാ നിയമങ്ങളും, ഏറ്റവും ദയാപൂർവമല്ലാതെ പുരുഷനെ നോക്കിയിട്ടില്ല. ആരിൽ നിന്നും ഗർഭം ധരിക്കാൻ അവകാശമുണ്ടായിരുന്ന കാലത്തിൽ നിന്ന്, സ്ത്രീക്ക് ഒരൊറ്റ ഇണ എന്ന മാറ്റം വന്നപ്പോൾ, നൈസർഗ്ഗികമായ പല ചോദനകളെയും പോലെ, ലൈംഗികതയെയും അടിച്ചമർത്താൻ അവർ നിര്ബന്ധിതരായി. പുരുഷനോ, കടിഞ്ഞാണില്ലാത്ത കുതിര കണക്കെ കുതിച്ചു പാഞ്ഞു ഇന്നും ജീവിക്കുന്നു.
നോവലിൽ കാര്യങ്ങൾ വ്യത്യസ്തമാവുന്നത് സോദോം നഗരത്തിന്റെ നാശത്തിനുശേഷമാണ്. ഭൂമിയിൽ അഞ്ചുദിവസം രാവും പകലുമുണ്ടായില്ല. സർവവും നശിച്ചു. തങ്ങളല്ലാത്ത സകലതും നശിച്ചുവെന്ന് ലോത്തും പെണ്മക്കളായ മിഹാലും ലേയയും കരുതി! രാജ്യമില്ലാതെ, വിജനമായ, അപരിചിതമായ ഇടത്തിൽ എത്തിച്ചേർന്ന അവർ മാനസികമായി അമ്പേ തകരുന്നു. ഭക്ഷണവും പാർപ്പിടവും വസ്ത്രവും ഇല്ലാത്ത അവസ്ഥ. വൃദ്ധനായ ലോത്ത് കൂടെക്കൂടെ ക്ഷീണിതനാവുന്നു. പക്ഷെ എന്തിനെയും ധൈര്യത്തോടെ നേരിടാനുള്ള സ്ത്രീസഹജമായ കഴിവ് ലേയയിലും മിഹാലിലും ഉണ്ടാവുകയാണ്. വംശം അറ്റുപോവരുതെന്ന നിശ്ചയത്തോടെ, ചതിയിലൂടെ ലോത്തിൽ നിന്നും ഇരുവരും ഗർഭിണികളാവുന്നു. അച്ഛന്റെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. കാര്യം മനസിലായപ്പോഴും, ദൈവം എങ്ങനെ ഇതു പൊറുക്കുമെന്നോർത്ത് ആകുലപ്പെടുകയാണ് ലോത്ത്. ലോകമവസാനിക്കാൻ പോണെന്നുകേട്ടാലും മനുഷ്യരെ ഭരിക്കുന്ന ദൈവഭയം. അതിലും അവസാനിച്ചില്ല, ബുദ്ധിമതികളായ ആ രണ്ടു പെൺകുട്ടികൾ വിഗ്രഹാരാധകരായ രണ്ടു പേരോടൊപ്പം ശയിക്കുന്നു; പുതിയൊരു സങ്കരവർഗ്ഗത്തെ പണിത്, സ്വന്തമായി ഒരു നാടു സൃഷ്ടിക്കാൻ അവർ ഒരുങ്ങുന്നു. അങ്ങനെ, തങ്ങളെ കുടുക്കിയ സദാചാരത്തിൽ നിന്ന് എന്നെന്നേക്കുമായി കുതറിയിറങ്ങുന്നു. കാരണം ഈ ലോകമെങ്ങനെ നിലനിൽക്കണമെന്നത് തീരുമാനിക്കുള്ള അവകാശം അവരിരുവരും അതിനകം തന്നെ സ്വായത്തമാക്കിക്കഴിഞ്ഞിരുന്നു.
ഏകാധിപത്യം എന്ന കറ
അബ്രാമിനും യാഹ്വേവയ്ക്കും വിധേയപ്പെട്ടു ജീവിച്ച ലോത്തിന് അവസാനം മക്കളെയും തഴയേണ്ടിവരുന്നു. ലോത് പക്ഷെ നീതിമാനാവാൻ കൊതിക്കുന്നുണ്ട്. തന്റെ പാളിച്ചകളെ കുറിച്ച് അയാൾ സംശയാലുവാവുന്നുണ്ട്. പക്ഷെ അതിദയനീയമായി പരാജയപ്പെടുകയാണ്. മതവും അധികാരവും ഒരു പരിധിയിലേറെയായാൽ മനുഷ്യർക്ക് എന്തുമാത്രം ദൂഷ്യഫലങ്ങൾ ഉണ്ടാക്കുമെന്നതിന് ഉത്തമോദാഹരണമാണ് ലോത്തിന്റെ ജീവിതം. സോദോം നഗരത്തെ ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടയിൽ ദൈവം ലോത്തിന് ലോകത്തിന്റെ ഭാവി കാണിച്ചുകൊടുക്കുന്നു. അന്നേവരെയുള്ളതിൽ നിന്ന് വിഭിന്നമായി, ശത്രുവിനെയും സ്നേഹിക്കുവാൻ മനുഷ്യനോട് പ്രബോധനം നടത്തുന്ന പ്രവാചകനെപ്പറ്റി ലോത്തിനു അരുളപ്പാട് ഉണ്ടാവുന്നു. മതമെന്നാൽ കീഴടക്കലോ കീഴ്പ്പെടുത്തലോ അല്ലെന്നും, സ്നേഹവും മനുഷ്യത്വവും മാത്രമാണെന്നും മനസ്സിലാക്കിയിട്ടാവണം ഭാവിയിൽ നിന്നുള്ള ഒരു കുമ്പിൾ വെള്ളത്തിനായി അവസാനം ലോത്ത് കൈ നീട്ടിയത്.