Photo : Shaju Kuttykadan

‘അച്ചടക്കം’ ഇല്ലാത്ത ക്ലാസ്​ മുറി,​സ്വപ്​നം കാണാൻ പഠിപ്പിക്കുന്ന ടീച്ചർ

പാഠ്യപദ്ധതി പരിഷ്‌ക്കരണ ചർച്ച നടക്കുകയാണ്. ഒപ്പം, കുട്ടികളെ ഏതു പ്രായത്തിൽ ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കണം എന്ന വിഷയവും ചർച്ച ചെയ്യപ്പെടുന്നു. ഏതു പ്രായത്തിൽ സ്‌കൂളിൽ ചേർത്താലും, കുട്ടികളുടെ ജൈവികമായ വളർച്ചയ്ക്ക് ഏതുതരം വിദ്യാഭ്യാസമാണ് നൽകേണ്ടതെന്ന തിരിച്ചറിവു നൽകാൻ സഹായിക്കുന്ന പുസ്​തകമാണ്​ സിൽവിയ ആഷ്​ടൺ വാർനർ എന്ന അദ്ധ്യാപിക എഴുതിയ ‘ടീച്ചർ'.

ത്ര നേരത്തെ കുട്ടികളെ സ്‌കൂളിൽ ചേർക്കാം എന്നതാണ് ആധുനിക കാലത്തെ രക്ഷിതാക്കൾ പ്രാഥമിക ഉത്തരവാദിത്തമായി കരുതുന്നത്. സ്‌കൂളിൽ ചേർക്കുന്നതിനു മുൻപേ പ്ലേ സ്‌കൂളിലും, പ്രീ പ്രൈമറിയിലും കുട്ടികളെ ചേർക്കുന്നതിന് രക്ഷിതാക്കൾ കാത്തിരിക്കുകയാണ്. അതിനിടയിലാണ് നമ്മുടെ കുട്ടികൾ എപ്പോഴാണ് ഒന്നാം ക്ലാസിൽ ചേരേണ്ടത് എന്നതിനെ സംബന്ധിച്ച ചർച്ച നടക്കുന്നത്.

അഞ്ചു വയസ്സിൽ തന്നെയാണ് ഈ വർഷവും കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കേണ്ടതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആറു വയസ്സിലാണ് ഒന്നാം ക്ലാസ് പഠനം ആരംഭിക്കേണ്ടത് എന്ന നിർദ്ദേശം നിലനിൽക്കുന്നുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയം മൂന്നു വയസു മുതൽ സ്‌കൂൾ വിദ്യാഭ്യാസം ആരംഭിക്കാൻ ആവശ്യപ്പെടുന്നുമുണ്ട്. പ്രീ പ്രൈമറി വിദ്യാഭ്യാസ ഘട്ടത്തിൽ കുട്ടികൾ എങ്ങനെയാണ് പഠിക്കുന്നത് നാം ചിന്തിക്കാറില്ല. എന്തൊക്കെയാണ് പഠിക്കേണ്ടതെന്ന് അന്വേഷിക്കാറുമില്ല. അക്ഷരങ്ങളും വാക്കുകളും പഠിപ്പിക്കാനുള്ള ശ്രമം പ്രീ പ്രൈമറി പ്രായം മുതൽ നമുക്കിടയിൽ ഇപ്പോൾ സർവ്വസാധാരണമാണ്. അഞ്ചുവയസ്സുകാരായ ഒന്നാം ക്ലാസുകാർ കഥയും കവിതയും എഴുതണമെന്നാണ് ചിലരുടെയെങ്കിലും ആഗ്രഹം. കുട്ടികളുടെ ഭാഗത്തുനിന്ന് ചിന്തിക്കാനാവാത്തതുകൊണ്ടാണ് നമ്മളിങ്ങനെയെല്ലാം ആഗ്രഹിക്കുന്നത്.

സിൽവിയ ആഷ്​ടൺ വാർനർ / Photo: Wikimedia Commons

വിദ്യാഭ്യാസത്തെ കുട്ടികളുടെ ഭാഗത്ത് നിന്ന്​ വീക്ഷിക്കുകയും, അത് തനതായ രീതിയിൽ പ്രയോഗിച്ചു നോക്കുകയും, അതുവഴി ലോകത്തിന് പുതിയ പാഠങ്ങൾ നൽകുകയും ചെയ്തവരിൽ വേറിട്ടു നിൽക്കുന്ന വ്യക്തിത്വമാണ് സിൽവിയ ആഷ്​ടൺ വാർനർ എന്ന അദ്ധ്യാപിക. അവരുടെ സവിശേഷമായ ക്ലാസ് റൂം ആവിഷ്‌കാരത്തിന്റെ ജീവസുറ്റതും സർഗാത്മകവുമായ വാങ്മയമാണ് ‘ടീച്ചർ' എന്ന വിഖ്യാതമായ കൊച്ചുപുസ്തകം. ആദിവാസി വിഭാഗമായ മയോരി കുട്ടികളുടെ വിദ്യാഭ്യാസത്തിന് പുതിയ മാതൃക നൽകാൻ ഇവർക്കു കഴിഞ്ഞു. ജൈവവായന (Organic Reading), അടിസ്ഥാന പദസമ്പത്ത് (key Vocabulary) എന്നീ ആശയങ്ങളിലൂടെ കുട്ടികളുടെ ആന്തരികലോകത്തു നിന്ന്​ ബാഹ്യലോകത്തിലേക്ക് സഞ്ചരിക്കാനാണ് അവർ ശ്രമിച്ചത്. വിദ്യാഭ്യാസ നവീകരണ പ്രസ്ഥാനത്തിലെ ഒരിക്കലും അണയാത്ത നക്ഷത്രമായി വാർനറെ അടയാളപ്പെടുത്തിയത് ഈ രണ്ട് ആശയങ്ങളുടെ പ്രയോഗത്തിലൂടെയാണ്.

ഓരോ കുട്ടിയുടെയും അനുഭവലോകം വ്യത്യസ്തമാണ്. ഈ വ്യത്യസ്തത പരിഗണിച്ചാണ് അവരെഴുതുന്ന ആദ്യ വാക്കുകൾ തീരുമാനിക്കപ്പെടേണ്ടത്. ഈ തീരുമാനം കുട്ടിക്ക് വിട്ടുകൊടുക്കുകയാണ് വാർനർ ടീച്ചർ ചെയ്യുന്നത്.

ഓരോ കുട്ടിയുടെയും അനുഭവലോകം വ്യത്യസ്തമാണ്. ഈ വ്യത്യസ്തത പരിഗണിച്ചാണ് അവരെഴുതുന്ന ആദ്യ വാക്കുകൾ തീരുമാനിക്കപ്പെടേണ്ടത്. ഈ തീരുമാനം കുട്ടിക്ക് വിട്ടുകൊടുക്കുകയാണ് വാർനർ ടീച്ചർ ചെയ്യുന്നത്. ജീവിതവും പഠനവും തമ്മിൽ ഇടകലരുന്ന, എഴുത്തും വായനയും തമ്മിൽ കണ്ണിചേരുന്ന, ആശയവും ലിപിരൂപവും തമ്മിൽ സംയോജിക്കുന്ന അപൂർവ കാഴ്ചയുടെ ഇടമായി ടീച്ചറുടെ ക്ലാസ് മുറികൾ പരിണമിക്കുന്നത് കാണാം. സ്‌നേഹവും സ്വപ്നം കാണലും പാഠ്യക്രമത്തിന്റെ ഭാഗമാക്കി മാറ്റി വിദ്യാർത്ഥികളുമായി അഗാധമായ ഹൃദയ ഐക്യമുണ്ടാക്കുന്ന ടീച്ചറാണ് വാർനർ. ഈ ടീച്ചറുടെ ക്ലാസ് മുറിയിലെ അച്ചടക്കത്തെ പറ്റി നമുക്ക് സംശയമുണ്ടാകാം. ക്ലാസ് മുറിയിലെ ശബ്ദകോലാഹലത്തെ കുറിച്ച് ആശങ്കപ്പെടുന്നവർ അധ്യാപകരാവരുത് എന്നാണ് ഈ ടീച്ചർ പറയുന്നത്.

Photo : Rejeesh Malanada

കുട്ടികളുടെ ഊർജ്ജത്തിന്റെ ബഹിർഗമനമാണ് ശബ്ദം. ബാഹ്യമായ അച്ചടക്കത്തേക്കാൾ ആന്തരികമായ അച്ചടക്കം ഉണ്ടാക്കുന്നതിനാണ് ടീച്ചർ ശ്രമിക്കുന്നത്. തന്റെ ക്ലാസ് മുറിയിൽ പൂർണമായി പ്രവർത്തനത്തിൽ മുഴുകുന്ന കുട്ടികൾ മറ്റുള്ളവരുടെ ശബ്ദം അറിയുന്നുണ്ടായിരുന്നില്ല. തന്റെ കുട്ടികളുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചെടുക്കുന്നതിനുള്ള വാർനർ ടീച്ചറുടെ തന്ത്രം അത്ഭുതകരമാണ്. പിയാനോവിൽ ബീഥോവന്റെ അഞ്ചാം സിംഫണി വായിക്കുകയും എട്ടാമത്തെ സ്വരത്തിൽ എത്തുമ്പോഴേക്കും ക്ലാസ് നിശ്ശബ്ദമാകുന്നതുമായ അഭ്ദുതമാണ് ടീച്ചറുടെ ക്ലാസിൽ സംഭവിക്കുന്നത്. ഫിൻലൻഡ് മാതൃകയിൽ ബഹളനില അളക്കുന്ന നോയ്​സ്​ മീറ്ററാണ്​ കുട്ടികളെ സ്വയം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതെങ്കിൽ, മധുരമായ സംഗീതത്തിലൂടെ കുട്ടികളുടെ ബഹളം നിയന്ത്രിക്കുന്ന ടീച്ചറെയാണ് ഇവിടെ കാണാനാവുന്നത്. ‘ഒരു അഞ്ചു വയസ്സുകാരന്റെ മനസ്സ് നശീകരണ- സൃഷ്​ടി വാസനകളുള്ള അഗ്‌നിപർവ്വതം പോലെയാണ്. സൃഷ്ടിവാസനയെ പ്രോത്സാഹിപ്പിക്കാനും നശീകരണവാസനയെ ഇല്ലാതാക്കാനുമാണ് ടീച്ചർക്ക് കഴിയേണ്ടത്. ‘ജീവിക്കാത്ത ജീവിതത്തിന്റെ അനന്തരഫലമാണ് മനുഷ്യന്റെ നാശവാസന' എന്നാണ് പറയുന്നത്. ഞാൻ കൈകാര്യം ചെയ്തിരുന്ന നൂറുകണക്കിന് അഞ്ചു വയസ്സുകാർ, പലതും നശിപ്പിക്കുന്നത് കണ്ടിട്ടുണ്ട്, സാധനം കണ്ടാലേ പൊട്ടിക്കുന്നതും, ഒരാളെ കണ്ടാൽ തല്ലു പിടിക്കുന്നതും അവരുടെ സ്വഭാവമാണ്. അവരുടെ സൃഷ്ടിവാസകളെ പ്രോൽസാഹിപ്പിച്ചതിലൂടെ ഈ പ്രശ്‌നങ്ങൾ കുറഞ്ഞു വന്നു' - ഒരു വർഷത്തെ ജൈവപരമായ അധ്യയനത്തോടെ കുട്ടികളിൽ അഭിലക്ഷണീയമായ മാറ്റമുണ്ടാക്കാൻ കഴിഞ്ഞ അനുഭവമാണ് ടീച്ചർ പങ്കുവെക്കുന്നത്. ഓരോ കുട്ടിയുടെയും ആദ്യ വാക്കുകൾ അവരുടെ അനുഭവങ്ങൾ ആയിരിക്കും. അതുകൊണ്ടുതന്നെ കുട്ടികൾക്കായി തിരഞ്ഞെടുക്കുന്ന വാക്കുകൾ അവരുടെ ജീവിതവുമായി ബന്ധമുള്ളവയാകണം. ഈ വാക്കുകൾ സ്വാഭാവികമായി ഉയർന്നുവരികയും ക്രമമായി കോർത്തെടുക്കുകയും ചെയ്യാനാവുന്നതിലൂടെയാണ് പ്രാഥമികമായ പഠനത്തിൽ ടീച്ചർ പങ്കു വഹിക്കുന്നത്. അടിസ്ഥാന പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള ധാരാളം പ്രായോഗിക മാതൃകകൾ ടീച്ചറുടെ ക്ലാസ് മുറിയിൽ നമുക്ക് കാണാനാവും.

Photo: Wikimedia Commons

ജൈവവായനയാണ് പുസ്തകം മുന്നോട്ടുവെയ്ക്കുന്ന പ്രധാനപ്പെട്ട മറ്റൊരാശയം. അധ്യാപകരുടെ താൽപര്യത്തിനനുസരിച്ചാണ് കുട്ടികൾ വായിക്കുന്നത് എന്നതിനാലാണ് കുട്ടികൾക്ക് വായനയോട് വേണ്ടത്ര ആഭിമുഖ്യമില്ലാത്തത്. ഒരു കുട്ടിക്ക് വായിക്കാനുള്ള അവസരം കുട്ടിയുടെ താത്പര്യം പരിഗണിച്ച് ഒരുക്കി കൊടുക്കണം. വായനയിലേക്ക് കുട്ടിയുടെ വഴി സ്വാഭാവികമായി വളർന്നു വികസിക്കണം. ഇത്തരത്തിലുള്ള ജൈവവായനയെയാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നത്. കുട്ടികൾ തയ്യാറാക്കുന്ന പുസ്തകം തന്നെ അധ്യാപകർക്ക് ഉപയോഗിക്കാൻ കഴിയണം. ഈ ആശയങ്ങൾ നമ്മുടെ ക്ലാസ് മുറികൾക്ക് അന്യമല്ലെങ്കിലും വേണ്ടത്ര പ്രയോഗിക്കപ്പെടുന്നില്ല. ചെറിയ കുട്ടികളെ വായന അഭ്യസിപ്പിക്കുമ്പോൾ കുട്ടികളുടെ ഉൾക്കാഴ്ച വികസിപ്പിക്കുന്നതിനുള്ള ചിത്രങ്ങൾ ഉപയോഗിക്കേണ്ടതുണ്ടെന്നും അതിൽ നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് സ്വന്തമായി ശീർഷകങ്ങൾ കണ്ടെത്തുന്നതിന് അവർക്ക് ഏറെ താല്പര്യമുണ്ടെന്നും പുസ്തകത്തിൽ നിന്ന്​ മനസ്സിലാവും. ഇത്തരം ശീർഷകങ്ങളാണ് ഒരു കുട്ടിയുടെ അടിസ്ഥാന പദസമ്പത്ത് എന്ന് ടീച്ചർ വിശേഷിപ്പിക്കുന്നത്.

അതു തെറ്റാണ്, ഇത് തെറ്റാണ് എന്നൊക്കെ പറഞ്ഞ് കുട്ടിയെ വിമർശിക്കാതെ, അവർ എഴുതിയതിൽ തെറ്റിടാതെ, അക്ഷരത്തെറ്റിനെ കുറിച്ച് കൂടുതലൊന്നും പറയാതെ, ഈ ടീച്ചർ എടുക്കുന്ന വ്യത്യസ്ത രീതികൾ അറിയേണ്ടതുതന്നെയാണ്.

സത്യത്തിൽ അവരെ പഠിപ്പിക്കുകയല്ല, മറിച്ച് അവർക്ക് സ്വയം പഠിക്കാനുള്ള അവസരമൊക്കുകയാണ് താൻ ചെയ്തതെന്ന് ടീച്ചർ പറയുന്നുണ്ട്. കുട്ടികൾ വൈവിധ്യമുള്ള പ്രകൃതക്കാരാണ്. അഞ്ചു വയസ്സുള്ള ഓരോ കുട്ടിയും മനസ്സിലാക്കുന്നതിന് കുറച്ചധികം സമയമമെടുക്കും. കുട്ടികൾ എഴുതിയത് തിരുത്താനായി അവരെ വരിവരിയായി നിർത്തുന്നതും നമ്മൾ ഒരു സ്ഥലത്തിരുന്ന്​തിരുത്തി കൊടുക്കുന്നതുമല്ല നല്ലത്. നമ്മൾ കുട്ടികളുടെ അരികിലേക്കുചെന്ന് തിരുത്തുന്നതാണ് ഏറ്റവും നല്ല കാര്യം. ഒറ്റനോട്ടത്തിൽ എല്ലാം കാണുന്ന ടീച്ചറാവാൻ നമുക്ക് കഴിയണമെന്നു മാത്രം. എഴുതാൻ ഇഷ്ടമല്ല എന്നു പറയുന്ന കുട്ടിയോട് അതെഴുതി തരാൻ പറയുന്ന തന്ത്രമാണ് ടീച്ചർ പ്രയോഗിക്കുന്നത്. അതു തെറ്റാണ്, ഇത് തെറ്റാണ് എന്നൊക്കെ പറഞ്ഞ് കുട്ടിയെ വിമർശിക്കാതെ, അവർ എഴുതിയതിൽ തെറ്റിടാതെ, അക്ഷരത്തെറ്റിനെ കുറിച്ച് കൂടുതലൊന്നും പറയാതെ, ഈ ടീച്ചർ എടുക്കുന്ന വ്യത്യസ്ത രീതികൾ അറിയേണ്ടതുതന്നെയാണ്. ‘വളരെ വികാരത്തോടെ എഴുതിയ ഒരു കത്ത് വായിക്കുമ്പോൾ അതിൽ അക്ഷരത്തെറ്റു നാം കാര്യമാക്കാറില്ല, എന്നതുപോലെയാണ് ഞാൻ കുട്ടികളെ രചനയെ പരിഗണിക്കുന്നത്’ എന്നാണ് ടീച്ചർ പറയുന്നത്. പാമ്പും കോണിയും കളിക്കുമ്പോഴും അതിനിടയിൽ നൂറു വരെ എണ്ണാനും, തുക കാണാനുമുള്ള ശ്രമം നടത്തുന്ന ടീച്ചർ ഈ പ്രായത്തിൽ കുട്ടികൾ പ്ലാസ്റ്റിക് പോലെ വളയുമെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ടീച്ചർ കുട്ടികളുടെ ഈ പ്രായത്തെ ‘പ്ലാസ്റ്റിക് പ്രായം' എന്നാണ് വിശേഷിപ്പിക്കുന്നത്. നല്ല വ്യക്തിത്വമുള്ള അധ്യാപകർക്ക് മറ്റുള്ളവരെ വളരെയധികം സ്വാധീനിക്കാനാവും. ഏതെങ്കിലും വിധത്തിൽ കുട്ടികളെ ഗുണപരമായി സ്വാധീനിക്കാൻ അധ്യാപകർക്കായില്ലെങ്കിൽ അവരുടെ സ്‌കൂൾ പരാജയപ്പെടുമെന്ന് ടീച്ചർ അടിവരയിടുന്നു.

Photo : Salam Arrakal

എല്ലാവരെയും സമാനമാക്കുന്നതിനുള്ള ശ്രമമാണ് നമ്മുടെ വിദ്യാഭ്യാസം നടത്തുന്നത്. ഒരു ശിശുകേന്ദ്രത്തിന്റെ ലക്ഷ്യം ജൈവമായ ആശയങ്ങളെ പരിപോഷിപ്പിക്കുക എന്നതായിരിക്കണം. ബോധം വർദ്ധിപ്പിക്കുക എന്ന വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കൈവരിക്കാൻ നമുക്കാവണം. ഇതിന് അധ്യാപകരുടെ പങ്ക് വളരെ വലുതാണ്. അധ്യാപനത്തെ സർഗാത്മകമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ടീച്ചറിൽ നിന്ന് പലതും പഠിക്കാനാവും. കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തകരെ ഏറെ ആവേശം കൊള്ളിച്ച ഈ പുസ്തകം അധ്യാപനത്തെ സർഗാത്മകമാക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരു ഉത്തമ ചങ്ങാതി ആയിരിക്കും. സ്‌കൂളിൽ ചേർക്കുന്ന പ്രായം ചർച്ച ചെയ്യുന്നതിനൊപ്പം അഞ്ചു വയസ്സുകാരുടെ ഒന്നാം ക്ലാസിൽ നടക്കുന്ന അധ്യാപനത്തെ കുറിച്ചും പരിശോധിക്കപ്പെടണം. ജൈവികവും സർഗാത്മകവുമായ വിദ്യാഭ്യാസത്തിനുള്ള പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിനായുള്ള ചർച്ച നടക്കുകയാണ്. ഏതു പ്രായത്തിൽ സ്‌കൂളിൽ ചേർത്താലും, കുട്ടികളുടെ ജൈവികമായ വളർച്ചയ്ക്ക് ഏതുതരം വിദ്യാഭ്യാസമാണ് നൽകേണ്ടതെന്ന തിരിച്ചറിവു നൽകാൻ ഈ കുഞ്ഞു പുസ്തകം നമുക്ക് വെളിച്ചമാകും. ▮


പി.ടി.രാഹേഷ്

പാലക്കാട്​ ജില്ല ശിശുക്ഷേമ സമിതി എക്​സിക്യൂട്ടീവ്​ അംഗം. കുട്ടികളുടെ സംഘടനാരംഗത്തും വിദ്യാഭ്യാസ- സാംസ്​കാരിക രംഗത്തും പ്രവർത്തിക്കുന്നു. ‘ബൂസ്​റ്റർ ഡോസ്​’ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments