അപഹരിക്ക​പ്പെട്ട ദ്രാവിഡ ദൈവങ്ങളും
സവർണ നുണക്കഥകളും

ദലിതരുടെ ദൈവങ്ങളെ കയ്യടക്കി, അതിനെ സവർണരുടെ താൽപര്യത്തിനനുസരിച്ചുള്ള ചരിത്രമെഴുത്തായി മാറ്റുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്നു, കുന്നുകുഴി എസ്. മണി എഴുതിയ ‘ദ്രാവിഡ ദൈവങ്ങൾ: ഒരു പഠനം’ എന്ന പുസ്തകം.

2023-ലെ വായനകളിൽ മിക്കതും നോൺ ഫിക്ഷൻ ആയിരുന്നു. അതിൽ പ്രധാനപ്പെട്ടതൊന്ന് കുന്നുകുഴി എസ്. മണി എഴുതി, മൈത്രി ബുക്സ് പ്രസിദ്ധീകരിച്ച ‘ദ്രാവിഡ ദൈവങ്ങൾ: ഒരു പഠനം’ എന്ന പുസ്തകമാണ്.

കേരളീയ ചരിത്രത്തിൽ ദലിത് വിഭാഗങ്ങളുടെ ദൈവിക സങ്കൽപ്പങ്ങളുടെ വിവരണം എന്നതിലുപരി, പല കാലങ്ങളായി അവരുടെ ദൈവങ്ങളെയും ആചാരങ്ങളിൽ തന്നെയും കടന്നുകയറി അതിനെ ചരിത്രപരമായി നിഷേധിക്കുന്നത് എങ്ങനെയെന്ന് പറയുന്നുണ്ട് ഈ പുസ്തകം. ഗിരി അൻസേര എന്ന ഗവേഷകൻ അദ്ദേഹത്തിന്റെ ദീർഘകാല ഗവേഷണത്തിന് ശേഷം എഴുതിയ കൃതിയാണിത്. ഈ പുസ്തകത്തെ പഠനാത്മകമായി സമീപിക്കുകയാണ് കുന്നുകുഴി എസ്. മണി. പല കാലങ്ങളിലായി ദലിതരുടെ ദൈവങ്ങളെ കയ്യടക്കി, അതിനെ സവർണരുടെ താൽപര്യത്തിനനുസരിച്ചുള്ള ചരിത്രമെഴുത്തായി മാറ്റുന്നത് എങ്ങനെയാണെന്ന് വ്യക്തമായി മനസിലാക്കാൻ ഈ പുസ്തകം സഹായിക്കുന്നു.

സെന്റ് തോമസ് എന്ന ക്രിസ്തീയ പുണ്യാളന്റെ കഥ പാരമ്പര്യമായി വിശ്വസിച്ചുപോന്നിരുന്നതാണ്. എന്നാൽ പുതിയ പഠനങ്ങൾ പ്രകാരം സെന്റ് തോമസ് കേരളത്തിലോ മൈലാപ്പൂരിലോ വന്നിട്ടില്ലെന്നാണ് പറയപ്പെടുന്നത്. ഈയൊരു പഠനത്തിലൂടെ പല കാലങ്ങളായി വച്ചുപുലർത്തുന്ന നമ്പൂതിരി മതംമാറ്റ നരേഷൻ റദ്ദാക്കപ്പെടുന്നു. സെന്റ് തോമസിനെക്കുറിച്ച് പറയപ്പെടുന്ന പ്രബോധനത്തിന്റെ സമാനമായിട്ടാണ് തിരുവള്ളരുടെ തിരുക്കുറലിലും വ്യക്തമാവുന്നത്. തിരുക്കുറൽ എത്രത്തോളം മഹത്തരമാണോ അതേയളവിൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പറയ സമൂഹത്തിനും മാന്യത ലഭിക്കണം. പോപ്പിന്റെ കണ്ടത്തെലിൽ തമിഴകത്തെ താഴ്ന്ന ജാതിയിൽപെട്ടവരായ പറയരാണ്- ഗിരി അൻസേര പറയുന്നു. മറ്റു ചിലർ നെയ്ത്തു സമുദായമായിട്ടും കാണുന്നു. അതേസമയം വള്ളുവർ തങ്ങളുടെ അമ്മയെക്കുറിച്ച് പറയുന്നത് പുലയ സമുദായക്കാരിയായിട്ടാണ്.
ഇതെല്ലാം നിലനിൽക്കെ, വള്ളുവർ അടിസ്ഥാന ജാതിയാണെന്നതിൽ തർക്കമില്ലെന്നാണ് കുന്നുകുഴി എസ്. മണി വാദിക്കുന്നത്.

ബൈബിളും ചുമന്നു നടക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങൾ ഒരിക്കലെങ്കിലും തിരുവള്ളവരുടെ ശ്രേഷ്ഠഗ്രന്ഥമായ തിരുക്കുറൽ വായിക്കാൻ ശ്രമിക്കുന്നില്ലെന്നാണ് അൻസേരയുടെ ആക്ഷേപം. ചരിത്രപരമായി നോക്കുമ്പോൾ അൻസേരയുടെ ആക്ഷേപത്തിൽ കാമ്പുകൾ കണ്ടെടുക്കാൻ സാധ്യവുമാണ്. അതായത്, സംഘകാലത്തിനു ശേഷമാണ് വിശുദ്ധന്മാർ ഇവിടേക്ക് എത്തിയെന്നാണ് അനുമാനിക്കുന്നത്. ആര്യന്മാരുടെ വരവാവട്ടെ എട്ടാം നൂറ്റാണ്ടിനു ശേഷവുമാണ്. അങ്ങനെ നോക്കുമ്പോൾ വിശുദ്ധന്മാർക്ക് മതം മാറ്റാൻ നമ്പൂതിരിമാരെ എവിടെ നിന്നു ലഭിച്ചെന്നാണ് ഈ പുസ്തകം മുന്നോട്ടു വെക്കുന്ന പ്രസക്തമായ ചോദ്യം. ഇതേ അധ്യായത്തിൽ തന്നെ പൊയ്കയിൽ യോഹന്നാൻ തന്റെ അവസാന കാലത്ത് ബൈബിളിനെ തള്ളിക്കളയുകയും അത് കത്തിക്കാൻ മുതിർന്നതിനെക്കുറിച്ചും സൂചിപ്പിക്കുന്നു.

ബി സി മുന്നൂറിനടുത്ത് എഴുതപ്പെട്ട അശോകന്റെ ‘കപൂർദ ഗിരി’ ശാസനത്തിൽ കേരള രാജാവിനെക്കുറിച്ച് പറയുന്നതിനെ അടിസ്ഥാനപ്പെടുത്തി നമ്മൾ പഠിച്ചുവെച്ചിരിക്കുന്ന പരശുരാമകഥ നുണക്കഥയാണെന്ന് സ്ഥാപിക്കുന്നു.

ദ്രാവിഡരും വൈദേശീയരായി ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്തുവെന്നാണ് നിഗമനമെങ്കിലും ഇന്ത്യയിലെ ജനങ്ങളെ ആദിദ്രാവിഡരായിട്ടാണ് കണക്കാക്കുന്നത്. ഹാരപ്പ- മോഹൻജദാരോ എന്നിവിടങ്ങളിൽ നിന്ന് കണ്ടെത്തിയ തെളിവുകൾ പ്രകാരം ആദിദ്രാവിഡരും ദ്രാവിഡരും ചേർന്ന് സൃഷ്ടിച്ചത് ആധുനികതയെ വെല്ലുന്ന സമ്പത്തായിരുന്നു. കാലി മേച്ചും മേച്ചിൽപുറങ്ങൾ തേടിയും ഇവിടേക്കെത്തിയ ആര്യന്മാർ ആദ്യകാലങ്ങളിൽ ദ്രാവിഡരുമായി ചേർന്നു ജീവിച്ചു. പിൽക്കാലത്ത് അവർ ദ്രാവിഡരെ ശത്രുക്കളായി കാണാൻ തുടങ്ങി. നദീതടങ്ങളിലൂടെയാണ് ആ ആക്രമണങ്ങൾ തുടങ്ങിയത്.

ഇന്ത്യയിലെമ്പാടും നാടോടിക്കഥയുടെ രൂപത്തിൽ പ്രചരിച്ച മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും മൂലം ആദിദ്രാവിഡ രാജാക്കന്മാരുടേതെന്നാണ് ഈ പുസ്തകം പറയുന്നത്. മാത്രമല്ല, മേൽസൂചിപ്പിച്ച രണ്ട് ഗ്രന്ഥങ്ങളിലും കൂട്ടിച്ചേർക്കലുകളോ മാറ്റിമറിക്കലുകളോ സംഭവിച്ചെന്ന സൂചന ശ്ലോകങ്ങളുടെ എണ്ണം ഉദാഹരിച്ച് സമർത്ഥിക്കുന്നു. അതിനൊപ്പം, ഇന്ത്യൻ ഭരണഘടനയെ അപ്രസക്തമാക്കി ആര്യൻ നിർമിച്ച മനുസ്മൃതി മുന്നോട്ടുവെക്കുന്ന ഇന്നത്തെ രാഷ്ടീയമാറ്റത്തെ തുറന്നു കാണിക്കുന്നുമുണ്ട്.

ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരം ചരിത്ര-പഠന പുസ്തകങ്ങളുടെ വായനയും ഒരു എതിർപ്രവർത്തനമാണ്.

ഇന്ത്യയിലാദ്യമായി സാമ്രാജ്യം സൃഷ്ടിച്ച ചന്ദ്രഗുപ്ത മൗര്യൻ ദ്രാവിഡനായിരുന്നു- കേരളത്തിലെ ജാതിശ്രേണിയിൽ പറയനോ, പുലയനോ പാണനോ, കുറവനോ ആയിരുന്നുവെന്നു പറയാൻ ചരിത്രാന്വേഷികൾ തയാറാവാത്തതിനെ വിമർശിക്കാനും ഗ്രന്ഥകാരൻ മടിക്കുന്നില്ല.

മറ്റൊന്ന്, വില്യം ലോഗനുനേരെയുള്ള ചരിത്രപരമായ ആക്ഷേപമാണ്. അതിപ്രകാരമാണ്: ചെറുമരാണ് ചേരമരെന്ന വില്യം ലോഗന്റെ കണ്ടെത്തൽ ബാലിശമാണ്. നരംവംശ ശാസ്ത്രജ്ഞരുടെ കണ്ടെത്തലിൽ പുലയരുടെ ഉപവിഭാഗത്തിൽ പെട്ടവരാണ് ചെറുമരെന്നാണ്. ഇതിനൊപ്പം വായിക്കാവുന്ന മറ്റൊന്ന്, നായർ സമുദായക്കാരനായ വേലുത്തമ്പി ദളവയുടെ ജീവചരിത്രത്തിൽ അദ്ദേഹം ചേരവംശ പാരമ്പര്യം ഉൾക്കൊള്ളുന്നവരാണെന്ന സൂചനയുണ്ട്. തെക്കൻ തിരുവിതാംകൂറിലെ നാടാന്മാരും ചേരവംശ പാരമ്പര്യം അവകാശപ്പെടുന്നവരാണ്.

വില്യം ലോഗൻ

അലക്സാണ്ടർ ചക്രവർത്തിയുടെ കാലം മുതൽ മഹാരഥന്മാരുടെ ജനന- മരണങ്ങൾ കൃത്യമായി രേഖപ്പെടുത്തിയെന്നാണ് ചരിത്രം. അങ്ങനെയിരിക്കെ എന്തുകൊണ്ട് അദ്വൈതപീഠമേറിയ ശങ്കരാച്യരരുടെ ജനനം എവിടേയും രേഖപ്പെടുത്താതെ പോയെന്ന പ്രസക്തമായ ചോദ്യം മുന്നോട്ടുവെക്കുന്നു. എന്തിന്, മനുസ്മൃതി പോലും രചിച്ചത് എ.ഡി 175-ലാണെന്നു പറയപ്പെടുമ്പോൾ ശങ്കരാചര്യരുടെ കാര്യത്തിൽ ഇരുട്ടിൽ തപ്പുകയാണ്. ഇതിന് ഗ്രന്ഥകർത്താവ് പറയുന്ന ഉത്തരം ഇങ്ങനെയാണ്: നമ്പൂതിരിമാർ കേരളത്തിൽ വന്നത് എട്ടാം നൂറ്റാണ്ടിലാണെന്ന് പറയുമ്പോൾ ശങ്കരാചാര്യരുടെ ജനനം കടങ്കഥയാക്കിവെച്ചേ പറ്റുകയുള്ളൂ. കാരണം മനുസ്മൃതിയിലൂടെ ബ്രാഹ്മണാധിപത്യവും ചാതുർവർണ്യവ്യവസ്ഥകളും സ്ഥാപിക്കാൻ അത് അത്യന്താപേക്ഷിതമാണ്.

ഈ രീതിയിൽ ചരിത്രപരമായ പഠനങ്ങളും ഗിരി അൻസേരയോടുള്ള വിയോജിപ്പുകളും ചേർത്താണ് കുന്നുകുഴി എസ്. മണി ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരം ചരിത്ര-പഠന പുസ്തകങ്ങളുടെ വായനയും ഒരു എതിർപ്രവർത്തനമാണ്.

എന്തുകൊണ്ട് അദ്വൈതപീഠമേറിയ ശങ്കരാച്യരരുടെ ജനനം എവിടേയും രേഖപ്പെടുത്താതെ പോയെന്ന പ്രസക്തമായ ചോദ്യം മുന്നോട്ടുവെക്കുന്നു. എന്തിന്, മനുസ്മൃതി പോലും രചിച്ചത് എ.ഡി 175-ലാണെന്നു പറയപ്പെടുമ്പോൾ ശങ്കരാചര്യരുടെ കാര്യത്തിൽ ഇരുട്ടിൽ തപ്പുകയാണ്.

പുസ്തകത്തിലെ പ്രസക്തമായ ഒരു ഭാഗം കൂടി ചേർക്കുന്നു:

ദ്രാവിഡനും അവൻ്റെ ദൈവവും
ദ്രാവിഡ ദൈവങ്ങളും ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ല. പിൽക്കാലഘട്ടത്തിൽ ദ്രാവിഡ ദൈവങ്ങളെ കടം കൊണ്ടാണ് ആര്യ ബ്രാഹ്മണർ ഹൈന്ദവ ദൈവങ്ങളാക്കി പരിവർത്തനം നടത്തിയത്. ഹിന്ദു എന്നൊരു മതം ഇന്ത്യയിൽ ഒരിക്കലും സംഭവിക്കാത്ത ഒന്നാണ്. ഉണ്ടാക്കിയെന്നതിന് ഒരു തെളിവും ഇന്നോളമില്ല. എ.ഡി. 13, 14 നൂറ്റാണ്ടോടെ ബുദ്ധമതം വേരറ്റു പോകുന്ന ഘട്ടത്തോടു കൂടിയാണ് ഹിന്ദു മതം എന്ന പേരിൽ ആര്യ ബ്രാഹ്മണർ ഇന്ത്യയിലും കേരളത്തിലും പുഷ്ടിപ്പെടുത്തി എടുത്തതെന്ന് പറയപ്പെടുന്നു. പക്ഷെ അങ്ങനെ ഒരു മതം ആരും സ്ഥാപിച്ചതായി അറിയുന്നില്ല. വിവരാകശ നിയമപ്രകാരം ഇൻഡോർ സ്വദേശി ചന്ദ്രശേഖർ ഗൗർ ഹിന്ദുമതത്തെക്കുറിച്ച് 2015- ൽ ചോദിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിൽ, ‘അങ്ങനെ ഒരു മതത്തെക്കുറിച്ച് അറിയില്ല’ എന്ന മറുപടിയാണ് ലഭിച്ചത്. ഹിന്ദുമതത്തെക്കുറിച്ച് അറിവില്ലാത്ത സർക്കാർ എന്തിനാണ് ആ മതത്തെക്കുറിച്ച് സർക്കാർ റിക്കാർഡുകളിൽ രേഖപ്പെടുത്തുന്നത്? അത് ഭരണഘടനാ വിരുദ്ധമായ ഒരു പ്രവർത്തനമാണ്.

Comments