ആൻ ആപ്പിൾബോം / Photo : Anne Applebaum, fb page

യുക്രെയ്ൻ സംഭവിക്കാൻ കാത്തിരുന്ന
ഒരു ദുരന്തമായിരുന്നു

കഴിഞ്ഞ നൂറ്റാണ്ടിൽ യുക്രെയ്നിൽ റഷ്യ നടത്തിയ കുത്സിത പ്രവർത്തനങ്ങളെയും മൂടിവെക്കപ്പെട്ടതോ മായ്ച്ചുകളഞ്ഞ​തോ ആയ ചരിത്രത്തെയുമാണ് അമേരിക്കയിലെ പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ആൻ ആപ്പിൾബോം തന്റെ പുസ്തകത്തിലൂടെ തുറന്നുകാട്ടിയത്. ആപ്പിൾബോമിന്റെ Red Famine എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളിലൂടെ...

ഷ്യ മറ്റു രാജ്യങ്ങളുടെമേൽ അധികാരം സ്ഥാപിക്കുന്നതിന്റെയും പരിധിവിട്ട ഇടപെടലുകൾ നടത്തുന്നതിന്റെയും നീണ്ട ചരിത്രം നമുക്കുമുന്നിലുണ്ട്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം സോവിയറ്റയിസേഷനു (Sovietization) പകരം ‘Russification' ആയി മാറിയ പ്രസ്തുത വ്യവഹാരത്തിന്റെ സമകാല ദൃഷ്ടാന്തമാണ് ഇപ്പോഴത്തെ റഷ്യ-യുക്രെയ്​ൻ യുദ്ധം. യുക്രെയ്​നിലെ പോളിഷ് ഭരണത്തിനെതിരെ (Polish- Lithuanian Commonwealth) 1648 മുതൽ കലാപം നടക്കുകയും ഒരു ഘട്ടത്തിൽ, (1654-ൽ) റഷ്യയോട് ഭരണം ഏറ്റെടുക്കാൻ യുക്രെയ്​ൻ നേതൃത്വം ആവശ്യപ്പെടുകയും ചെയ്തത് ചരിത്രമാണ്. സോവിയറ്റ് യൂണിയനിൽ നിന്ന് വിഘടിച്ച്​, അതിന്റെ പതനം കഴിഞ്ഞ്, 1991 ആഗസ്റ്റിലാണ് യുക്രെയ്​ൻ സ്വതന്ത്ര രാഷ്ട്രമായിത്തീർന്നത്. അതേ വർഷം ഡിസംബറിൽ ഒരു സ്വതന്ത്ര റഫറണ്ടത്തിലൂടെ സ്വാതന്ത്ര്യലബ്ധിയെ പൊതുസമൂഹം അംഗീകരിക്കുകയും ആദ്യ പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയും ചെയ്തു. അങ്ങനെ പുതിയതും വ്യത്യസ്തവുമായ ഒരു തലമുറയിൽ രാഷ്ട്രീയക്കാരും ചരിത്രമെഴുത്തുകാരും വാസ്തുശില്പികളും അടങ്ങിയ പരമാധികാരമുള്ള രാഷ്ട്രമായി യുക്രെയ്​ൻ ആവിർഭവിക്കുകയാണ്.

ചരിത്രം പരിശോധിക്കുകയാണെങ്കിൽ, സാമ്രാജ്യത്വമോഹവുമായി രാജ്യങ്ങൾ യുക്രെയ്​നെ സമീപിച്ചിരുന്നതായി കാണാം. പോളണ്ടും ആസ്ട്രിയ- ഹംഗറിയും ജർമനിയുമൊക്കെ ഇക്കൂട്ടത്തിൽപെടുന്നു.

റഷ്യനിലും പോളിഷിലും അതിർത്തിപ്രദേശം എന്നർഥം വരുന്ന വാക്കാണ് ‘യുക്രെയ്​ൻ'. വടക്ക് ബെലറൂസും, കിഴക്ക് റഷ്യയും തെക്ക് അസോവ് കടലും കരിങ്കടലും, തെക്കുപടിഞ്ഞാറ് മൾഡോവയും, റൊമാനിയയും പടിഞ്ഞാറ് ഹംഗറിയും, സ്ലൊവാക്യയും, പോളണ്ടും ആണ് യുക്രെയ്​ൻ അതിർത്തികൾ. 18, 19 നൂറ്റാണ്ടുകളിൽ റഷ്യയുടെ അധീനതയിലായിരുന്ന യുക്രെയ്​ൻ അതിനുമുൻപ് പോളണ്ടിനുകീഴിലായിരുന്നു. ലിത്വാനിയയിലെ പ്രഭുക്കളിൽ നിന്ന്​ 1569-ലാണ് ഈ പ്രദേശങ്ങളെ പോളിഷ്- ലിത്വാനിയൻ കോമൺവെൽത്ത് ഏറ്റെടുത്തത്. ചരിത്രം പരിശോധിക്കുകയാണെങ്കിൽ, സാമ്രാജ്യത്വമോഹവുമായി രാജ്യങ്ങൾ യുക്രെയ്​നെ സമീപിച്ചിരുന്നതായി കാണാം. പോളണ്ടും ആസ്ട്രിയ- ഹംഗറിയും ജർമനിയുമൊക്കെ ഇക്കൂട്ടത്തിൽപെടുന്നു. യുക്രെയ്​ന്റെ സമ്പുഷ്ടമായ കൃഷിനിലവും അക്കാലത്ത്​ മറ്റു രാജ്യങ്ങളെ അങ്ങോട്ടേയ്ക്ക് അടുപ്പിച്ചിരുന്ന ഘടകമായിരുന്നു.

കാർക്കിവിലെ തെരുവുകളിൽ പട്ടിണി കിടക്കുന്ന കർഷകർ. 1932-1933-കളിലെ സോവിയറ്റ് യുക്രെയ്‌നിലുണ്ടായ ക്ഷാമകാലത്ത് പകർത്തിയത് / Photo : Wikimedia Commons

കഴിഞ്ഞ നൂറ്റാണ്ടിൽ യുക്രെയ്നിൽ റഷ്യ നടത്തിയ കുത്സിത പ്രവർത്തനങ്ങളെയും മൂടിവെക്കപ്പെട്ടതോ മായ്ച്ചുകളഞ്ഞ​തോ ആയ ചരിത്രത്തെയുമാണ് അമേരിക്കയിലെ പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ആൻ ആപ്പിൾബോം പുറത്തുകൊണ്ടുവരുന്നത്. അവരുടെ Red Famine എന്ന പുസ്തകത്തിൽ (Red Famine: Stalin's War on Ukraine, Anne Applebaum, 2017) സ്റ്റാലിന്റെ നേതൃത്വത്തിൽ സോവിയറ്റ് റഷ്യ ആസൂത്രണം ചെയ്ത കൊടും ഭക്ഷ്യക്ഷാമത്തിൽ ലക്ഷക്കണക്കിന് യുക്രെയ്​ൻകാർ മരിച്ച ചരിത്രമാണ് അനാവരണം ചെയ്യുന്നത്. എഴുത്തുകാരി പ്രസ്തുത പുസ്തകത്തിലൂടെ വിവരിക്കുന്ന യുക്രെയ്​ൻ ചരിത്രത്തിന്റെ സൂക്ഷ്മാംശങ്ങളെയാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

19-ാം നൂറ്റാണ്ട് മുതൽക്കേ റഷ്യക്കാർ പിതൃസമാനമായ അധികാര ഭാവത്തോടെയാണ് യുക്രെയ്​ൻ ജനതയെ നോക്കിക്കണ്ടിരുന്നത് എന്ന് ചരിത്ര ഗവേഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മനുഷ്യനിർമിതമായ പട്ടിണിയുടെയും ക്ഷാമത്തിന്റെയും മറപിടിച്ച്​ സമൂഹത്തിൽ പിടിച്ചുപറിയും അരാജകത്വവും വളർത്തുന്ന തരത്തിലായിരുന്നു ‘Holodomor' എന്ന പേരിലറിയപ്പെട്ട ഈ ക്ഷാമം അരങ്ങേറിയത്. യുക്രെയ്​ന്റെ സ്വാതന്ത്ര്യമോഹം തുടച്ചുനീക്കാൻ സ്റ്റാലിൻ വിഭാവനം ചെയ്തതെന്ന് കരുതപ്പെടുന്ന ദുരിതത്തിന്റെ മറവിൽ ജനസംഖ്യാനിയന്ത്രണവും സഞ്ചാരസ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയുമൊക്കെ നടമാടി. യുക്രെയ്​ൻ ചരിത്രത്തെ അവഗണിച്ചതുപോലെ 1933-നും 1991-നും ഇടയിൽ ഏതെങ്കിലും ക്ഷാമം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിക്കാൻ സോവിയറ്റ് യൂണിയൻ വിസമ്മതിച്ചു. വളരെ തന്ത്രപൂർവം സോവിയറ്റ് ഭരണകൂടം പ്രാദേശിക ആർക്കൈവുകൾ നശിപ്പിക്കുകയും മരണത്തെ അടയാളപ്പെടുത്തുന്ന രേഖകൾ പട്ടിണിയെ സൂചിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. പൊതുസമൂഹത്തിനു ലഭ്യമായ സെൻസസ് ഡാറ്റയിൽ പോലും മാറ്റം വരുത്തി.

1920-ലെ പോളിഷ്-സോവിയറ്റ് യുദ്ധകാലത്ത് പോളിഷ് സൈനികർ യുക്രെയ്‌നിലെ കീവിലേക്ക് പ്രവേശിക്കുന്നു / Photo : Wikimedia Commons

19-ാം നൂറ്റാണ്ട് മുതൽക്കേ റഷ്യക്കാർ പിതൃസമാനമായ അധികാരഭാവത്തോടെയാണ് യുക്രെയ്​ൻ ജനതയെ നോക്കിക്കണ്ടിരുന്നത് എന്ന് ചരിത്രഗവേഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഉടമസ്ഥാവകാശം സ്ഥാപിക്കൽ ഒരു കടന്നുകയറ്റമായി മാറാൻ അധികം സമയമെടുത്തില്ല. ആപ്പിൾബോം ഈ തലത്തിൽ വലിയ അന്വേഷണങ്ങൾ നടത്തുന്നുണ്ട്. പതുക്കെ, എന്നാൽ നിശ്ചയിച്ചുറപ്പിച്ച മാർഗത്തിലൂടെ യുക്രെയ്​ന്റെ സാംസ്‌കാരിക സ്വത്വത്തിലേയ്ക്കും ഭാഷയിലേയ്ക്കും അധിനിവേശം നടത്താനായി റഷ്യ ഒരുക്കം കൂട്ടുന്നതിനെക്കുറിച്ച് എഴുത്തുകാരി വിസ്തരിക്കുന്നു. യുക്രെയ്​നിയൻ എന്ന ഭാഷയെ കേവലമൊരു ഭാഷാഭേദം (Dialect) ആയി കാണാൻ റഷ്യൻ അധികൃതർ തിടുക്കപ്പെട്ടു. റഷ്യൻ ഭാഷയുടെ ഒരു വകഭേദമായി അവർ അതിനെ അവതരിപ്പിച്ചു. വിവിധ സാമ്രാജ്യങ്ങൾ അധിനിവേശം ചെയ്തതിലൂടെ യുക്രെയ്​ന്റെ സംസ്‌കാരത്തിൽ സങ്കരതലം രൂപപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. ഭാഷയെ ചേർത്തുപിടിച്ച രാഷ്ട്രത്തിന്റെ ദേശീയപ്രസ്ഥാനത്തിന്റെ അടിപ്പടവായി വർത്തിച്ചത് കർഷകവർഗമായിരുന്നു. ദേശീയപ്രസ്ഥാനത്തിനു സഹായകമാവുന്ന തരത്തിൽ സാഹിത്യപ്രചോദനങ്ങളും 19-ാം നൂറ്റാണ്ടിൽ രൂപംകൊണ്ടു. 1840-ൽ Taras Shevchenko എന്ന കവിയാണ് ഈ ദിശയിലേയ്ക്ക് അവിടത്തെ സാഹിത്യരംഗത്തെ തിരിച്ചത്. അദ്ദേഹത്തിന്റെ ‘Kobzar' എന്ന കവിതാസമാഹാരം, സാമൂഹിക അനീതിക്കെതിരെ പടപൊരുതി കാല്പനികമായ വിധത്തിൽ ദേശീയതയെ ഹൃദയത്തിലേറ്റുന്ന വിധത്തിലുള്ളതായിരുന്നു.

കർഷകസമൂഹം എന്ന നിലയ്ക്ക് റഷ്യൻ- പോളിഷ് കച്ചവടശൃംഖലയ്ക്കെതിരെയും ഭൂപ്രഭുക്കന്മാർക്കെതിരെയും ആയിരുന്നു യുക്രെയ്​ന്റെ പൊതുവികാരം. പ്രസ്ഥാനം ശക്തിപ്രാപിച്ചതോടെ അടിമകളെ പോലെ ഭൂവുടമകളുടെ കീഴിൽ കാർഷികവേല ചെയ്യുന്ന സെർഫുകൾക്ക് വിമോചനമായി. അതോടൊപ്പം Ukrainophiles എന്ന സംഘം പത്രികകളിലൂടെയും അവബോധയജ്ഞങ്ങളിലൂടെയും സമൂഹത്തിൽ ഉണർവ് സൃഷ്ടിച്ചു. ഭാഷയുടെ അസ്തിത്വത്തിനുവേണ്ടി കലഹിച്ച അവർ സ്വയംഭരണം സിദ്ധിക്കാൻ വേണ്ടിയുള്ള യത്‌നത്തിന് മുൻകൈയെടുത്തു. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയും മറ്റും പല ദിശകളിലൂടെ കരുത്താർജിക്കുന്ന യുക്രെയ്​ന്റെ ദേശീയവികാരം റഷ്യയെ അലോസരപ്പെടുത്തി. റഷ്യ മെനഞ്ഞെടുത്ത വ്യാഖ്യാനമായ ‘തെക്കുപടിഞ്ഞാറേ റഷ്യ' എന്ന വിശേഷിപ്പിക്കൽ യുക്രെയ്​ന്റെ സ്വത്വബോധത്തിനുള്ള ആഘാതമായി പരിണമിച്ചു. ആ പദവി യുക്രെയ്നെ റഷ്യയുടെ ഒരു പ്രവിശ്യയാക്കി തീർക്കുമെന്ന ഉത്കണ്ഠ യുക്രെയ്നെ അങ്കലാപ്പിലാക്കിയിരുന്നു. ദേശീയസ്വത്വം നഷ്ടപ്പെടാതിരിക്കാൻ കർഷകർ നയിക്കുന്ന സമരങ്ങൾ സജീവമാകാൻ ഇതും ഒരു കാരണമാണ് എന്ന് ആപ്പിൾബോം വിശകലനം ചെയ്യുന്നുണ്ട്.

1917 ഫെബ്രുവരിയിലെ റഷ്യൻ വിപ്ലവത്തിന്റെ പരിണതി ശ്രദ്ധേയമായിരുന്നു. റഷ്യൻ സാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിന് ഇത് വഴിവെക്കുകയും യുക്രെയ്നിയൻ ദേശീയപ്രസ്ഥാനത്തിന് ഊർജമേകുകയും ചെയ്തു

ഒരു രാഷ്ട്രം എന്ന നിലയ്ക്കുള്ള ഏകശിലാരൂപത്തിന്​ യുക്രെയ്​നെ സഹായിച്ച ഏറ്റവും വലിയ ഘടകം ഭാഷാമമതയായിരുന്നുവെന്ന വാദത്തിൽ കഴമ്പുണ്ട്. ഈ വിഷയം Red Famineൽ വ്യക്തമായി വിവരിക്കുന്നു. 1804-ൽ റഷ്യയിലെ ചക്രവർത്തിയായ സാർ അലക്‌സാണ്ടർ ഒന്നാമൻ റഷ്യൻ ഒഴികെയുള്ള ഭാഷകളെ സ്‌കൂളുകളിലും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളിലും പാഠ്യവിഷയങ്ങളാക്കി. യുക്രെയ്​നിയൻ അവയിൽ ഉൾപ്പെട്ടിരുന്നില്ല. അതൊരു ഭാഷയല്ല എന്ന നേരത്തെ തന്നെയുള്ള അവകാശവാദം റഷ്യ കൈവിട്ടിരുന്നില്ല​. 1876-ൽ സാർ അലക്‌സാണ്ടർ രണ്ടാമൻ യുക്രെയ്​നിയൻ പുസ്തകങ്ങൾക്കും ആനുകാലികങ്ങൾക്കും വിലക്കേർപ്പെടുത്തി. ഒട്ടും വൈകാതെ തിയറ്ററുകളിൽ നിന്ന്​ യുക്രെയ്​നിയൻ അപ്രത്യക്ഷമായി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള സ്പർദ്ധ പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ രൂക്ഷമാവുകയായിരുന്നു. 1917-ലെ വിപ്ലവം വരെ ഈ നിരോധനം തുടർന്നു. റഷ്യക്ക് പ്രതിസന്ധിയായി യുക്രെയ്​ൻ കടന്നുവന്നേക്കുമെന്നും ഭാഷ അതിന്റെ കരുവാവുമെന്നുമുള്ള ഭീതിയാണ് ഈ നിലപാടിനുപിന്നിൽ.

യുക്രെയ്​നിൽ വേരുള്ള സംഘടനകളെ നിരോധിക്കുക എന്നതായിരുന്നു റഷ്യയുടെ അടുത്ത ചുവട്. കാലാകാലങ്ങളായി അടിഞ്ഞുകൂടിയ കാലുഷ്യത്തിന്റെ അംശങ്ങൾ ഒരു പൊട്ടിത്തെറിക്ക് വിധേയമാവുന്ന രംഗമാണ് ഇപ്പോഴത്തെ യുദ്ധത്തിൽ കലാശിച്ചിരിക്കുന്നത്. ഭാഷയുടെമേൽ അധിനിവേശങ്ങളും നിയമങ്ങളും നിരോധനങ്ങളും കൊണ്ടുവന്നെങ്കിലും 1917 ആയപ്പോഴേക്കും അഞ്ചിലൊന്ന് കീവ് വാസികൾ യുക്രെയ്​നിയൻ സംസാരിച്ചുതുടങ്ങി. യുക്രെയ്​നിയൻ ഭാഷയുടെ ഉന്നമനത്തിന്​ ഇതേ കാലയളവിൽ പല ശ്രമങ്ങളുമുണ്ടായി. 1917-നും 1919-നും ഇടയിൽ, യുക്രെയ്​നിയൻ ഭാഷയ്ക്ക് പ്രാധാന്യം കൊടുത്ത്​ 59 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. അവയിൽ മൂന്ന് യുക്രെയ്നിയ​ൻ- റഷ്യൻ നിഘണ്ടുക്കളും 15 റഷ്യൻ-യുക്രെയ്​നിയൻ നിഘണ്ടുക്കളും ഉണ്ടായിരുന്നു. മുൻ നൂറ്റാണ്ടിൽ ആകെ 11 പുസ്തകങ്ങൾ മാത്രമേ പ്രസിദ്ധികരിച്ചിരുന്നുള്ളൂവെന്നത് ഇവിടെ ഓർക്കണം.

സ്വതന്ത്ര യുക്രെയ്​ൻ എന്ന സങ്കല്പം ബോൾഷെവിക്കുകളെ രാഷ്ട്രീയകാരണങ്ങളാൽ ചൊടിപ്പിക്കുകയാണുണ്ടായത്. ഒരു കർഷകരാഷ്ട്രമായാണ് യുക്രെയ്​ൻ ഗണിക്കപ്പെട്ടിരുന്നത്.

ഇതിനിടയിൽ വേറെ ചില മുന്നേറ്റങ്ങൾ യുക്രെയ്​നിൽ സ്പഷ്ടമായി. കൽക്കരി മേഖലയിലെ പുരോഗതി യുക്രെയ്​നിലെ ഡോൺബാസ് പ്രദേശത്തെ വ്യവസായ ഭൂപടത്തിലെ പ്രധാനപ്പെട്ട ഒരിടമാക്കി മാറ്റി. യുക്രെയ്​നിന്റെ കിഴക്കേയറ്റത്തെ ഈ മേഖലയിൽ ഒരുപാട് റഷ്യൻ വംശജർ ജീവിച്ചിരുന്നു. അതിർത്തിയുടെ മറുവശത്തു സ്ഥിതിചെയ്യുന്ന ആസ്‌ട്രോ- ഹംഗറി സാമ്രാജ്യത്തിലെ പ്രവിശ്യകൾക്ക് ഇവിടവുമായി ബന്ധമുണ്ടാകുകയും ചെയ്തു. വിപ്ലവത്തെയും യുദ്ധത്തെയും തുടർന്ന്​ റഷ്യയുടെയും ആസ്ട്രിയ- ഹംഗറിയുടെയും സാമ്രാജ്യങ്ങൾ 1917-ലും 1918-ലുമായി തകർന്നു. റഷ്യൻ വിപ്ലവത്തിന്റെ അനന്തരഫലമെന്നോണം റഷ്യയിലെ രാജവാഴ്ച നിർത്തലാക്കുകയും രാജ്യം സോഷ്യലിസ്റ്റ് ഭരണം സ്വീകരിക്കുകയും ചെയ്തു. ലെനിൻ നെടുനായകത്വം വഹിച്ച ബോൾഷെവിക് പ്രസ്ഥാനത്തിന് ഇതോടെ സവിശേഷസ്ഥാനം ലഭിക്കുകയാണ്. ഇതിനിടയിൽ സംഭവിച്ച പോളണ്ട് - യുക്രെയ്​ൻ സംഘർഷത്തിൽ 15,000 യുക്രെയ്​ൻകാരും 10,000 പോളണ്ടുകാരും മരിച്ചു.

റഷ്യൻ ആക്രമണത്തിൽ നിന്നും യുക്രെെൻ കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന സെെനികർ

1917 ഫെബ്രുവരിയിലെ റഷ്യൻ വിപ്ലവത്തിന്റെ പരിണതി ശ്രദ്ധേയമായിരുന്നു. റഷ്യൻ സാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിന് ഇത് വഴിവെക്കുകയും യുക്രെയ്നിയൻ ദേശീയപ്രസ്ഥാനത്തിന് ഊർജമേകുകയും ചെയ്തു. എന്നാൽ യുക്രെയ്​നിലെ നേതാക്കളോ ജനങ്ങളോ ജനമുന്നേറ്റത്തിന്റെ പൂർണമായ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായില്ല. എങ്കിലും ചില നീക്കങ്ങൾ ഉരുവംകൊള്ളുന്നുണ്ടായിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നായി 1917 ഏപ്രിൽ 1-ന്, ഞായറാഴ്ച രാവിലെ കീവിൽ നടന്ന ജാഥയെ കണക്കാക്കാം. മുമ്പെങ്ങും കാണാത്ത തരത്തിൽ അത് ആവേശോജ്വലമായിരുന്നു. ‘സ്വതന്ത്ര റഷ്യയിൽ ഒരു സ്വതന്ത്ര യുക്രെയ്​ൻ!' എന്നായിരുന്നു ആ പ്രകടനത്തിന്റെ പ്രധാന മുദ്രാവാക്യം. റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് യുക്രെയ്​ൻ ദേശീയപ്രസ്ഥാനം ഇത്ര ശക്തമായി പ്രക്ഷോഭങ്ങൾ നടത്തിയിരുന്നില്ല. ഫെബ്രുവരി വിപ്ലവം കഴിഞ്ഞ് ഒട്ടും വൈകാതെ സാർ നിക്കോളാസ് രണ്ടാമൻ അധികാരമൊഴിയേണ്ടിവന്നു. Central Rada എന്ന പേരിൽ രൂപീകരിച്ച കമ്മിറ്റി യുക്രെയ്​ന്റെ ഭരണസംവിധാനം ഏറ്റെടുക്കാൻ തീരുമാനിച്ചു. മിഹൈലോ ഹ്രുഷെവ്‌സ്‌കി (Mykhailo Hrushevsky) എന്ന ചരിത്രകാരൻ അതിന്റെ തലപ്പത്തേയ്ക്ക് വരുകയായിരുന്നു. പത്ത് വാല്യങ്ങളുള്ള ‘History of Ukraine-Rus' എന്ന ഗ്രന്ഥത്തിന്റെയും മറ്റുപല പുസ്തകങ്ങളുടെയും രചയിതാവായ ഹ്രുഷെവ്‌സ്‌കി, 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രാഷ്ട്രീയപ്രവർത്തനത്തിലേയ്ക്ക് തിരിയുകയും ഏറെക്കാലം പ്രവാസിയായി ജീവിക്കുകയും ചെയ്തു. പ്രവാസത്തിലിരിക്കെ അദ്ദേഹം യുക്രെയ്നിലെ ദേശീയതയെ സജീവമാക്കാൻ സഹായിക്കുകയും ചെയ്തു. ഇതിനിടയിൽ ലെനിൻ ഈ ഭരണകൂടത്തിനെതിരെയുള്ള സമാന്തര വ്യവഹാരങ്ങൾക്കായി വഴിമരുന്നിടുന്നുണ്ട്. 1918 ജനുവരിയിൽ യുക്രെയ്​നെതിരായ ആദ്യ സോവിയറ്റ് ആക്രമണത്തിന് ലെനിൻ സമ്മതം നൽകുകയാണ്. പക്ഷെ, ഈ നീക്കത്തിനെതിരെ ജർമനിയും ആസ്ട്രിയയും ഇടപെടലുകൾ നടത്തിയതിനാൽ, റഷ്യക്ക് വിജയം കണ്ടെത്താനായില്ല.

സാർ ചക്രവർത്തിയുടെ ഭരണത്തെ യുക്രെയ്​ൻ എതിർത്തപ്പോൾ ലെനിൻ യുക്രെയ്​ന്റെ ദേശീയതയെ പിന്താങ്ങി. മറിച്ച്, തൊഴിലാളിവർഗത്തിന്റെ ഐക്യത്തിന് അത് ഭീഷണിയാകുമെന്ന് കരുതിയപ്പോൾ ലെനിൻ അത് തള്ളിപ്പറയുകയും ചെയ്തു.

സ്വതന്ത്ര യുക്രെയ്​ൻ എന്ന സങ്കല്പം ബോൾഷെവിക്കുകളെ രാഷ്ട്രീയകാരണങ്ങളാൽ ചൊടിപ്പിക്കുകയാണുണ്ടായത്. ഒരു കർഷകരാഷ്ട്രമായാണ് യുക്രെയ്​ൻ ഗണിക്കപ്പെട്ടിരുന്നത്. ഇവിടെ മാർക്‌സിന്റെ ആശയത്തെ ആപ്പിൾബോം എടുത്തുപറയുന്നു. 1852-ൽ പ്രസിദ്ധീകരിച്ച ഒരു ഉപന്യാസത്തിൽ, കർഷകർ ഒരു ‘വർഗം' അല്ലെന്നും അതിനാൽ അവർക്ക് വർഗബോധം ഉണ്ടാവില്ലെന്നും മാർക്സ് വിശദീകരിച്ചു. വർഗതാത്പര്യം നടപ്പിലാക്കാൻ കഴിയാത്തതുകാരണം അവരെ മറ്റുള്ളവർ പ്രതിനിധീകരിക്കണം എന്നും മാർക്‌സ് ചൂണ്ടിക്കാട്ടി. ഇക്കാരണം കൊണ്ട്, വരാനിരിക്കുന്ന വിപ്ലവത്തിൽ കർഷകർക്ക് പ്രധാനപ്പെട്ട പങ്കുവഹിക്കാനാവില്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. എന്നാൽ ലെനിൻ ഈ നിലപാടുകളെ കുറച്ചൊക്കെ പരിഷ്‌കരിച്ചു. കർഷകർ തീർച്ചയായും വിപ്ലവകാരികളാണെന്ന് അദ്ദേഹം കരുതി. സമഗ്ര ഭൂപരിഷ്‌കരണത്തിനുള്ള അവരുടെ ആഗ്രഹത്തെ അദ്ദേഹം അംഗീകരിക്കുകയാണ് ചെയ്തത്. എങ്കിലും പുരോഗമനവാദികളായ തൊഴിലാളിവർഗമാണ് അവരെ നയിക്കേണ്ടത് എന്ന് അദ്ദേഹം വിശ്വസിച്ചു. ഭൂപരിഷ്‌കരണത്തിനുള്ള കർഷകരുടെ വാഞ്ഛയെ മനസിലാക്കിയ ലെനിൻ അവരെ കൂടെ നിർത്തേണ്ടതുണ്ട് എന്ന ബോധ്യത്തിൽ ഉറച്ചുനിന്നു. പക്ഷെ, ലെനിന്റെ വൈരുധ്യം വെളിപ്പെടുന്ന ഒരു സന്ദർഭത്തെക്കുറിച്ചും ആപ്പിൾബോം സൂചിപ്പിക്കുന്നുണ്ട്. സാർ ചക്രവർത്തിയുടെ ഭരണത്തെ യുക്രെയ്​ൻ എതിർത്തപ്പോൾ ലെനിൻ യുക്രെയ്​ന്റെ ദേശീയതയെ പിന്താങ്ങി. മറിച്ച്, തൊഴിലാളിവർഗത്തിന്റെ ഐക്യത്തിന് അത് ഭീഷണിയാകുമെന്ന് കരുതിയപ്പോൾ ലെനിൻ അത് തള്ളിപ്പറയുകയും ചെയ്തു.

വ്ലാഡിമിർ ലെനിൻ, ജോസഫ് സ്റ്റാലിൻ

എന്നാൽ സ്റ്റാലിന്റെ വീക്ഷണത്തിൽ സോഷ്യലിസം എന്ന ആശയത്തിൽ നിന്നുള്ള ദിശാവ്യതിയാനമാണ് തീക്ഷ്ണമായ ദേശീയതാവികാരം. കർഷകമുന്നേറ്റങ്ങളിൽ നിന്നും പ്രക്ഷോഭങ്ങളിൽ നിന്നുമാണ് ദേശീയത വ്യാപിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ബോൾഷെവിക് വിപ്ലവത്തിന്റെ പരിണതഫലമായി, സ്റ്റാലിൻ പെട്രോഗ്രാഡിൽ എത്തിച്ചേർന്നു. യുക്രെയ്​ന്റെ ദേശീയപ്രസ്ഥാനത്തെ മുഴുവനായി തച്ചുടക്കുക എന്നതും യുക്രെയ്​ന്റെ ധാന്യശൃംഖലയുടെ നിയന്ത്രണം കരസ്ഥമാക്കുക എന്നതുമായിരുന്നു സ്റ്റാലിന്റെ ഉദ്ദേശ്യത്തിൽപ്പെട്ട കർമപദ്ധതി. യുക്രെയ്​നിലെ ധാന്യസമ്പത്ത് റഷ്യക്ക് ലഭ്യമാക്കുക എന്ന നയത്തിന് ലെനിനും സ്റ്റാലിനും ഒരേപോലെ പിന്തുണയേകി. അവർ അതിനായി യുക്രെയ്​നെ സമ്മർദത്തിലാഴ്ത്തുകയും ചെയ്തു. ഏതുവിധേനയും യുക്രെയ്​നിലെ ഭരണകൂടത്തെ അസ്ഥിരമാക്കാനുള്ള പദ്ധതികൾക്ക് സ്റ്റാലിനും കൂട്ടരും രൂപംകൊടുക്കുകയായിരുന്നു. ഇതിലേയ്ക്കായി ബോൾഷെവിക്കുകൾ യുക്രെയ്​ന്റെ പല ഭാഗങ്ങളിലും സ്വതന്ത്ര റിപ്പബ്ലിക്കുകൾ സ്ഥാപിക്കാൻ ശ്രമിച്ചു. റെഡ് ആർമിയുമായി Tsaritsyn എന്ന നഗരത്തിലേയ്ക്ക് മാർച്ച് നടത്തി ധാന്യശേഖരണത്തിന്​ചുക്കാൻ പിടിക്കുന്ന സ്​റ്റാൻലിന്റെ ചിത്രം ചരിത്രത്തിലുണ്ട്. ബദ്ധശത്രുവായി മാറിയ ട്രോട്‌സ്‌കിക്കും സ്റ്റാലിനും ഇടയിൽ ആദ്യത്തെ പൊതുകലഹത്തിനു ഈ സംഭവം വഴിയൊരുക്കി. സ്റ്റാലിന്റെ ക്രൂരമായ ‘War Communism' ട്രോട്‌സ്‌കിയെ ക്ഷുഭിതനാക്കിയിരുന്നു. ഒടുവിൽ ലെനിൻ ഇടപെട്ട്​ സ്റ്റാലിനെ ആ നഗരത്തിൽ നിന്ന് മാറ്റുകയാണുണ്ടായത്. 1924-ൽ ലെനിൻ മരിച്ചതോടെ സ്റ്റാലിൻ കൂടുതൽ പ്രബലനായി. അതിനുശേഷം അഞ്ചുകൊല്ലം ആയപ്പോഴേയ്ക്കും (1929) ട്രോട്‌സ്‌കിയ്ക്ക് രാജ്യം വിടേണ്ടിവന്നു.

ജെർമനിയിലെ ബോൾഷെവിക് വിരുദ്ധ പ്രചാരണ പ്രസ്ഥാനത്തിന്റെ പോസ്റ്റർ(1919)

പട്ടിണിമൂലമുള്ള കൊലപാതകത്തിലേയ്ക്ക് യുക്രെയ്നെ തള്ളിയിടുകയായിരുന്നു സ്റ്റാലിന്റെ ഉദ്ദേശ്യം. കൃത്യമായ കണക്കുകളില്ലാത്തതായ ഈ ‘കൊലപാതക'പരമ്പരയെ ചുറ്റിപ്പറ്റി പലരും പല സ്ഥിതിവിവരപ്പട്ടിക പുറത്തുവിട്ടു. നാല് ദശലക്ഷം യുക്രെയ്​ൻകാർ മരിച്ചുവെന്ന കണക്കാണ് ബി.ബി.സി. പ്രസിദ്ധികരിച്ചത്. എത്ര യുക്രെയ്​ൻകാരെ പട്ടിണിക്കിട്ട് ഇല്ലാതാക്കി എന്ന കണക്ക് നിഗൂഢമാണെങ്കിലും ഇരുപതാം നൂറ്റാണ്ടിലെ വലിയ കുറ്റകൃത്യമാണിതെന്ന കാര്യത്തിൽ സംശയമേയില്ല. അടുത്ത കാലത്ത് തിട്ടപ്പെടുത്തിയ ഒരു കണക്കിൽ, കാണാതായതും മരിച്ചതുമായ യുക്രെയ്​ൻകാരുടെ എണ്ണം 4.5 ദശലക്ഷമായി ഗണിക്കുന്നുണ്ട്. റഷ്യയുടെ തിരക്കഥയിൽ ആസൂത്രണം ചെയ്യപ്പെട്ട ക്ഷാമത്തിന്റെ പ്രത്യാഘാതം രൂക്ഷമായിരുന്നു. യുക്രെയ്​ൻ വാസികളെ അത് കഠിനമായി ബാധിച്ചു. അവർക്ക് യാത്രചെയ്യാനും കച്ചവടം നടത്താനും നിരോധനം ഉണ്ടായിരുന്നു. എന്നാലും അവിടെയുള്ള കർഷകർ സുരക്ഷാവലയങ്ങളിലൂടെയും വേലികൾക്കിടയിലൂടെയും ഇഴഞ്ഞ്​ ആഹാരത്തിനായി ഭിക്ഷ യാചിക്കാൻ നഗരങ്ങളിലേയ്ക്ക് പോയി. ഭക്ഷണാവശിഷ്ടങ്ങൾക്കായി അവർ പട പൊരുതുന്ന കാഴ്ച അന്ന് സാധാരണമായിരുന്നു. കിട്ടുന്ന അവശിഷ്ടങ്ങൾ പെറുക്കിയെടുത്ത് വിൽക്കാൻവരെ അവർ ശ്രമിച്ചു. ആലോചിക്കാൻ പോലും സാധിക്കാത്ത തരത്തിൽ വീട് നഷ്ടപ്പെട്ടവരുടെ സംഖ്യ കുതിച്ചുയർന്നു. നഗരങ്ങളിലേയ്ക്കുള്ള പലായനം ക്രമാതീതമായി വർധിക്കുകയും ചെയ്തിരുന്നു. ആയുധങ്ങൾ, കുരിശുകൾ, ആഭരണങ്ങൾ എന്നിവയുൾപ്പെടെ ഏറ്റവും വിലപിടിപ്പുള്ള സ്വത്തുക്കൾ നൂറ്റാണ്ടുകളായി യുക്രെയ്​നിൽ ജീവിക്കുന്നവർ അടക്കം ചെയ്യാറുണ്ടായിരുന്നു. ക്ഷാമം രൂക്ഷമായതോടെ അവരിൽ ചിലർ സ്വർണവും മറ്റു സ്വത്തുവകകളും ലഭ്യമാവാൻ സാധ്യതയുള്ളയിടങ്ങളിലെല്ലാം തിരഞ്ഞു. അതിന്റെ ഭാഗമായി അവർ സെമിത്തേരികൾ വരെ കൊള്ളയടിച്ചു. 1933-ലാണ് ഈ ‘ക്ഷാമം' കൊടുമ്പിരിക്കൊണ്ടതും ആളുകൾ അനിയന്ത്രിതമായി മരിച്ചുവീണുകൊണ്ടിരുന്നതും.

യുക്രെയ്​നെ എതിർഭാഗത്ത് പ്രതിഷ്ഠിക്കുന്ന വിനിമയങ്ങൾ റഷ്യ അവസാനിപ്പിക്കുന്നേയില്ല. എക്കാലവും അത് തുടർന്നുകൊണ്ടിരുന്നു. രണ്ടാംലോകയുദ്ധത്തിൽ ജർമനിയുമായുള്ള യുദ്ധത്തിൽ കീവ് വീണെങ്കിലും അന്തിമവിജയം റഷ്യയ്ക്ക് കണ്ടെത്താനായി.

ഈ ദുരന്തത്തിന്റെ സ്മരണയ്ക്കായുള്ള പ്രതീകങ്ങൾ ചരിത്രത്തിന്റെ ദുരിതാധ്യായങ്ങളെ ഓർമയിലേയ്ക്ക് മടക്കിക്കൊണ്ടുവരുകയാണ് Red Famine എന്ന കൃതി. യുക്രെയ്​നിലെ Kodaky ഗ്രാമത്തിന്റെ അരികിൽ, വീടുകളുടെ പരിസരത്തുനിന്ന് വയലുകളിലേയ്ക്ക് വഴിതിരിയുന്ന സ്ഥലത്ത്, അവിടത്തുകാർ ഒരു കരിങ്കല്ല് സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ മധ്യഭാഗത്ത് കുരിശിന്റെ ആകൃതിയിലുള്ള ദ്വാരവും. അതിൽ ‘ഹോളോഡോമോറിന്റെ ഇരകളുടെ ഓർമയ്ക്കായി' എന്ന സമർപ്പണമുണ്ട്. ഹ്രെബിങ്കിയിൽ, പട്ടണത്തിന്റെ അരികിലുള്ള ഒരു ഉപേക്ഷിക്കപ്പെട്ട തിട്ടയിൽ, 1933-ൽ ക്ഷാമബാധിതരെ അടക്കംചെയ്ത ഒരു പടുകുഴി, പിന്നീട് കണ്ടെത്തിയിരുന്നു. ഇപ്പോൾ അതൊരു ഇഷ്ടികഭിത്തിയാൽ ചുറ്റിക്കെട്ടിയിട്ടുണ്ട്. 1990 മുതൽ പ്രസ്തുതയിടം ഒരു കുരിശുകൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു സ്മാരകമുള്ളത് ബരാഖ്തിയിലാണ്. ഗ്രാമത്തിന്റെ മധ്യഭാഗത്തുള്ള നിരത്തിൽ, കുരിശിന്റെ സമീപത്ത് മുട്ടുകുത്തി, വിലപിക്കുന്ന അമ്മയുടെ വലിയ പ്രതിമയാണ് അത്. പ്രതിമയുടെ പിന്നിലെ കറുത്ത കരിങ്കല്ലിൽ ഇരകളുടെ പട്ടിക കൊത്തിവെച്ചിട്ടുമുണ്ട്. ചുരുക്കത്തിൽ, കർഷകരുടെ ചെറുത്തുനിൽപ്പിനെയും അതുവഴി ദേശീയസ്വത്വത്തെയും ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉപജാപം ചെയ്ത് നടപ്പിലാക്കിയ രാഷ്ട്രീയ അജണ്ടയായ ‘ക്ഷാമം' നിരപരാധികളെ കുരുതിക്ക് കൊടുക്കുകയായിരുന്നു. ആഴത്തിലുള്ള ഗവേഷണത്തിന്റെ ഫലമായി ആപ്പിൾബോം എഴുതിയ പുസ്തകം മൂടിവച്ച കാലത്തിന്റെ സത്യസന്ധമായ വിശകലനമാണ്. അനേകം രേഖകളിലൂടെയും സാക്ഷ്യപ്പെടുത്തലുകളിലൂടെയും വികസിപ്പിച്ച പുസ്തകം, ദീർഘകാലമായി അവഗണിക്കപ്പെട്ട ചരിത്രത്തെ കൃത്യമായി പഠിച്ചതിന്റെ ഫലമാണ്.

ക്ഷാമം രൂക്ഷമായതോടെ ഉരുളക്കിഴങ്ങ് കുഴിച്ചെടുക്കാൻ ശ്രമിക്കുന്ന ഉക്രൈനിലെ കുട്ടികൾ (1993 ) / Photo : Wikimedia Commons

യുക്രെയ്​നെ എതിർഭാഗത്ത് പ്രതിഷ്ഠിക്കുന്ന വിനിമയങ്ങൾ റഷ്യ അവസാനിപ്പിക്കുന്നേയില്ല. എക്കാലവും അത് തുടർന്നുകൊണ്ടിരുന്നു. രണ്ടാംലോകയുദ്ധത്തിൽ ജർമനിയുമായുള്ള യുദ്ധത്തിൽ കീവ് വീണെങ്കിലും അന്തിമവിജയം റഷ്യയ്ക്ക് കണ്ടെത്താനായി. യുദ്ധത്തിൽ സോവിയറ്റ് യുക്രെയ്​ന്​ കനത്ത നാശനഷ്ടമുണ്ടായി. 1946-1947 കാലഘട്ടത്തിൽ മറ്റൊരു ക്ഷാമം മൂലം സ്ഥിതി കൂടുതൽ താറുമാറായി. സ്വതന്ത്രരാജ്യം എന്ന ലക്ഷ്യത്തിലേയ്ക്കെത്താൻ യുക്രെയ്​ന്​1991 വരെ കാത്തിരിക്കേണ്ടിവന്നു. എങ്കിലും വെല്ലുവിളികൾ യുക്രെയ്നെ വിട്ടൊഴിഞ്ഞിരുന്നില്ല. നാണയപ്പെരുപ്പവും ജി.ഡി.പി.യിലെ വലിയ ഇടിവും തൊണ്ണൂറുകളിൽ യുക്രെയ്​നെ അലട്ടി. സമ്പദ്​വ്യവസ്ഥ ശരിയാക്കിയെങ്കിലും, രാഷ്ട്രനിർമാണത്തിൽ രാജ്യത്തിനു കാലിടറി. ചരിത്രകാരനും അമേരിക്കൻ വിദേശകാര്യ വിദഗ്ധനുമായ റിച്ചാർഡ് ലൗറിയുടെ പുസ്തകമായ Putin: His Downfall and Russia's Coming Crash (Richard Lourie, 2017) ൽ യുക്രെയ്​ന്റെ സമകാല പ്രതിസന്ധിയും വ്‌ളാദിമിർ പുടിന്റെ നയങ്ങളെപ്പറ്റിയും വിവരിക്കുന്നുണ്ട്.

പോളണ്ടിൽ നിന്ന് യുക്രെയ്​ൻ ഏറ്റെടുത്ത്​ 300 വർഷം തികഞ്ഞ വേളയിൽ, അന്നത്തെ റഷ്യൻ ഭരണത്തലവനായ ക്രൂഷ്‌ചേവ് റഷ്യയുടെ അധീനതയിലുള്ള ക്രിമിയ ഉപദ്വീപ് യുക്രെയ്​നെ ഏൽപ്പിച്ചതും പിന്നീട് 2014-ൽ അത് തിരിച്ചെടുത്തതും ഓർക്കണം.

പരിധിവിട്ടുകൊണ്ടുള്ള കീഴ്‌പ്പെടുത്തൽ ശ്രമങ്ങൾക്ക് പുടിൻ തയ്യാറാവുന്നതിന്റെ പ്രേരണകളെ എഴുത്തുകാരൻ അപഗ്രഥിക്കുന്നു. റഷ്യയ്ക്ക് നാറ്റോയുമായുള്ള പൊരുത്തക്കേടുകൾ സ്പഷ്ടമാകുന്ന കാര്യകാരണങ്ങൾക്ക് ലേഖകൻ ശ്രദ്ധകൊടുക്കുന്നുണ്ട്. 1990-ൽ ഗോർബച്ചേവും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജെയിംസ് ബേക്കറും തമ്മിൽ നടന്ന ഒരു സംഭാഷണത്തിൽ, കിഴക്കൻ ജർമനിയിൽ നിന്ന് സോവിയറ്റ് സൈന്യത്തെ പിൻവലിക്കുകയും രണ്ട് ജർമനികളുടെ സമാധാനപരമായ ഒത്തുചേരലിന് അനുമതി നൽകുകയും ചെയ്താൽ, നാറ്റോ ‘ഒരിഞ്ച് കിഴക്കോട്ട് ചലിക്കില്ലെന്ന്' ബേക്കർ ഗോർബച്ചേവിന് വാഗ്ദാനം ചെയ്തിരുന്നുവത്രേ. എന്നാൽ ഇതു മറന്ന്​, നാറ്റോ നൂറുകണക്കിന് മൈലുകൾ കിഴക്കോട്ടു മുന്നേറി. 1999-നും 2004-നും ഇടയിൽ മൂന്ന് മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ (എസ്റ്റോണിയ, ലാത്​വിയ, ലിത്വാനിയ), ഏഴ് മുൻ ഈസ്റ്റേൺ ബ്ലോക്ക് രാജ്യങ്ങൾ (പോളണ്ട്, ഹംഗറി, ചെക്ക് റിപ്പബ്ലിക്, റൊമാനിയ, ബൾഗേറിയ, സ്ലൊവാക്യ, സ്ലോവേനിയ) എന്നിവയ്ക്ക് അംഗത്വം നൽകിയാണ് നാറ്റോ ഇത് നടപ്പിലാക്കിയത്. റഷ്യയുടെ അതിരുകളെയും മൂലകളെയും ‘പുനഃസ്ഥാപിച്ച' ഈ നടപടിയിൽ യുക്രെയ്​നെ കൂടെ ഭാഗഭാക്കാകുമെന്ന ഉത്കണ്ഠ റഷ്യക്കുള്ളത് സ്വാഭാവികമാണ്. 2004 നവംബറിൽ യുക്രെയ്​നിൽ ഓറഞ്ച് വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ, നാറ്റോയുടെ അനുഗ്രഹാശിസ്സുകളോടെയാണ് അതുണ്ടായതെന്ന് പുടിന് ശ്രദ്ധിക്കാതിരിക്കാനായില്ല എന്ന് ലൗറി വ്യക്തമാക്കുന്നു. ഒറ്റവാക്യത്തിൽ പറഞ്ഞാൽ, യുക്രെയ്ൻ സംഭവിക്കാൻ കാത്തിരുന്ന ഒരു ദുരന്തമായിരുന്നു.

യുക്രെയ്​നിൽ തന്നെയുള്ള വൈരുധ്യങ്ങളും കാണാതിരുന്നുകൂടാ. രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങൾ തമ്മിലുള്ള അന്തരം വലിയതോതിൽ പ്രകടമാണ്. ഈ ചുറ്റുപാടിലാണ് യുക്രെയ്​നിൽ പിളർപ്പുണ്ടാകുമെന്നു വിശ്വസിച്ച ഒരുപാട് രാഷ്ട്രീയക്കാർ റഷ്യയിൽ ഉണ്ടായിരുന്നുവെന്ന് ലൗറി സൂചിപ്പിക്കുന്ന കാര്യം എടുത്തുപറയേണ്ടത്. പോളണ്ടിൽ നിന്ന് യുക്രെയ്​ൻ ഏറ്റെടുത്ത്​ 300 വർഷം തികഞ്ഞ വേളയിൽ, അന്നത്തെ റഷ്യൻ ഭരണത്തലവനായ ക്രൂഷ്‌ചേവ് റഷ്യയുടെ അധീനതയിലുള്ള ക്രിമിയ ഉപദ്വീപ് യുക്രെയ്​നെ ഏൽപ്പിച്ചതും പിന്നീട് 2014-ൽ അത് തിരിച്ചെടുത്തതും ഓർക്കണം. ഇത്തരത്തിൽ പ്രക്ഷുബ്ധതകളെ ഊട്ടിയുറപ്പിക്കുന്ന സമീപനമാണ് റഷ്യ സ്വീകരിച്ചിരിക്കുന്നതെന്നു തീർച്ചയാണ്. യുക്രെയ്​ൻ നാറ്റോയിൽ ചേരുകയാണെങ്കിൽ കിഴക്കൻ ഭാഗങ്ങളിലും ക്രിമിയയിലും ഒരു പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതായിരിക്കും റഷ്യൻ പ്രതികരണം എന്നും അവിടെ സായുധസേനയുടെ പ്രവേശനം ഉണ്ടാകുമെന്നും കരുതുന്നവരെക്കുറിച്ച് അദ്ദേഹം പരാമർശിക്കുന്നുണ്ട്.

വ്ലാദിമിർ പുടിൻ / Photo : President of Russia, twitter

2008 ഏപ്രിൽ 8-ലെ മോസ്‌കോ ടൈംസ് ലേഖനത്തിൽ യുക്രെയ്​ൻ വിഭജിക്കുന്നതിനെക്കുറിച്ച് പുടിൻ സൂചന നൽകുന്നുവെന്നും ലൗറി കൂട്ടിച്ചേർക്കുന്നു. യുക്രെയ്​ൻ ഒരു യഥാർഥ രാജ്യമല്ലെന്ന് പ്രസ്താവിച്ച പുടിന്റെ മനോവിചാരം ബോധ്യപ്പെടുന്നതിൽ പാശ്ചാത്യരാജ്യങ്ങൾക്കുണ്ടായ അമ്പരപ്പ്, എന്തുകൊണ്ടാണ് യുക്രെയ്​ന്​ ഇത്ര പ്രാധാന്യം പുടിൻ കൊടുക്കുന്നത് എന്നത് സംബന്ധിച്ചാണെന്നും ലൗറി കണ്ടെത്തുന്നുണ്ട്.

ലൗറി എത്തിപ്പെടുന്ന ചില നിഗമനങ്ങൾ റഷ്യയുടെ മനസ്സിലിരുപ്പ് വ്യക്തമാക്കുന്നതാണ്. കിഴക്കൻ യുക്രെനി​ലെ തുടർച്ചയായ സംഘർഷങ്ങൾ റഷ്യക്ക് തൃപ്തിയേകുന്നതാവുമെന്ന അദ്ദേഹത്തിന്റെ വാദം ശ്രദ്ധേയമാണ്. കാരണം അസ്വാസ്ഥ്യം ജനിപ്പിക്കുന്ന അന്തരീക്ഷവും അതിർത്തിയിലെ തർക്കങ്ങളും ഉള്ള രാജ്യങ്ങൾക്ക് നാറ്റോ അംഗത്വം നൽകില്ല. എന്തൊക്കെയായാലും ഇത് നയിക്കുന്ന സാമാന്യയുക്തി, പാശ്ചാത്യനയങ്ങൾക്കനുസൃതമായി തീരുമാനമെടുക്കാനോ സ്വാധീനപ്പെടാനോ റഷ്യക്കാവില്ല എന്നതാണ്. അതുകൂടാതെ, തീരുമാനങ്ങൾ പൂർണമായും പ്രവചിക്കാൻ കഴിയാത്തവിധത്തിലുള്ള നയതന്ത്രമാണ് പുടിന്റെ ഭരണകൂടം ആവിഷ്‌കരിച്ചിരിക്കുന്നതെന്ന അനുമാനം ഏറെക്കുറെ ശരിയെന്നു സമ്മതിക്കേണ്ടിവരും. ഈ യുക്തി, റഷ്യയുടെ അങ്ങേയറ്റം അപലപനീയമായ മനുഷ്യത്വരഹിതമായ ചരിത്രത്തെ തുറന്നുവെക്കുകയാണ്. നൂറ്റാണ്ടുകളിലായി പരന്നുകിടക്കുന്ന ആ ചരിത്രത്തിന്​, ലോകയുദ്ധകാലത്തും ശീതയുദ്ധകാലത്തുടനീളവും അതിനുശേഷമുള്ള കാലഘട്ടത്തിലും മാറ്റമില്ല എന്ന് സ്ഥാപിക്കുകയാണ് യുക്രെയ്​നെ ആക്രമിക്കാൻ അവിടേയ്ക്ക് നീങ്ങുന്ന റഷ്യൻ സൈനികവ്യൂഹം.▮


​References:1. Red Famine: Stalin's War on Ukraine, Anne Applebaum, 2017.​2. Putin: His Downfall and Russia's Coming Crash, Richard Lourie, 2017.

വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


രാഹുൽ രാധാകൃഷ്ണൻ

എഞ്ചിനീയർ. ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ എഴുതുന്നു.

Comments