ഷിൻ ചാൻ എന്ന
ഷാജു വി.വി;
ദൈനംദിനതയുടെ
വിമോചക സാധ്യതകൾ

ഷാജു വി.വിയുടെ ‘കൊല നിങ്ങളെ താൽക്കാലിക ദൈവമാക്കുന്നു’ എന്ന പുസ്തകത്തിന്റെ വായന- വി. അബ്ദുൽ ലത്തീഫ് എഴുതുന്നു.

ഷാജു വി.വിയുടെ എഴുത്തിനെ കുറിച്ച് ഒരു കുറിപ്പെഴുതുക എന്നത് എന്റെ ദീർഘകാലമായ ആഗ്രഹമാണ്. അദ്ദേഹം നേരിട്ടുതന്നെ അങ്ങനെയൊന്ന് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന് സാധിച്ചിരുന്നില്ല. അത്തരമൊരു കുറിപ്പിനുവേണ്ടി കുറേക്കാലം കാത്തിരുന്ന് അദ്ദേഹം ഒരു പുസ്തകം തന്നെ വേണ്ടെന്നു വച്ചത് സങ്കടത്തോടെ ഓർക്കുന്നു.

ഷാജുവിന്റെ കവിതകളെ മുൻനിർത്തി എന്തുകൊണ്ട് അത്തരമൊരു എഴുത്ത് സാധിക്കുന്നില്ല എന്ന് ആലോചിക്കേണ്ടതുണ്ട്. വിസ്മയകരവും അധികം പൂർവമാതൃകകളില്ലാത്തതുമായ ഈ എഴുത്തുകൾ സംവേദനക്ഷമമെങ്കിലും വിശകലനത്തിന് പിടിതരാത്തവയാണ്. ഗതാനുഗതികത്വത്തെ പിന്തുടരുന്നില്ല എന്നതുകൊണ്ടുതന്നെ ഈ രചനകളിലൂടെ എഴുത്തുകാരൻ സൃഷ്ടിക്കുന്ന സംത്രാസങ്ങളെ വിശകലനം ചെയ്യാൻ പുതിയ ഉപകരണങ്ങൾ കണ്ടെത്തേണ്ടിവരും. അത്തരം ആയുധങ്ങളൊന്നും കൈയിലില്ലാത്തതുകൊണ്ടും കണ്ടെത്താൻ സാധിക്കാഞ്ഞതുകൊണ്ടുമാണ് ഷാജുവിന്റെ രചനാലോകത്തേക്ക് പ്രവേശിക്കാൻ സാധിക്കാതിരുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു.

ഷാജു വി.വി എഴുതുന്നത് കവിത തന്നെയാണോ എന്ന് പലരും സംശയമുന്നയിച്ചുകണ്ടിരുന്നു. ഒരു കാര്യം ഉറപ്പാണ്, അദ്ദേഹം സാമ്പ്രദായിക കവിയേ അല്ല. രൂപം, രൂപക നിർമ്മിതി, പരിചരണ മേഖലകൾ, ഭാഷ, ആഖ്യാനരീതി തുടങ്ങി എല്ലാം അയാളുടെ രചനയിൽ പുതിയതാണ്. സോഷ്യൽ മീഡിയാ പേജുകളിലെ ആനന്ദവായനയ്ക്കുള്ള പീസുകളായാണ് അവ പുറത്തുവരുന്നത്. ആനന്ദവായനാവിഭവങ്ങൾ സോഷ്യൽ മീഡിയയുടെ തന്നെ, അമിത ഗൗരവത്തിനുള്ള മറുപടിയാണ്. സാമൂഹികഘടനയിലും അതിന്റെ നിർവഹണ സംവിധാനങ്ങളിലും വലിയ ഇടപെടൽ ശേഷിയില്ലാത്ത മനുഷ്യരുടെ തീവ്രപ്രതികരണങ്ങൾ കൂടിയാണല്ലോ സോഷ്യൽമീഡിയാ രചനകളുടെ ഒരു ഭാഗം പ്രതിനിധീകരിക്കുന്നത്. അതിനോടുള്ള ചെറിയ പരിഹാസംകൂടി ഷാജു വി.വി എഴുതുന്ന തരം ലെഷർ റീഡിംഗ് മെറ്റീരിയലുകൾക്കുണ്ട്.

ഷാജു വി.വിയുടെ ‘കൊല നിങ്ങളെ താൽക്കാലിക ദൈവമാക്കുന്നു’ എന്ന പുസ്തക
ഷാജു വി.വിയുടെ ‘കൊല നിങ്ങളെ താൽക്കാലിക ദൈവമാക്കുന്നു’ എന്ന പുസ്തക

കവിത എന്ന സാഹിത്യ ജനുസ്സിനെത്തന്നെ പ്രശ്നവൽക്കരിക്കുന്ന എഴുത്തുകളുമായാണ് ഷാജു പ്രത്യക്ഷപ്പെടുന്നത്. തോന്നലുകളെയും നോട്ടങ്ങളെയും ചെറുതായൊന്ന് തിരിച്ചിട്ടുകൊണ്ട് ലളിതഗദ്യത്തിൽ ധാരാളമായി കവിതകൾ വന്നുകൊണ്ടിരുന്ന കാലത്താണ് ചിന്ത കൊണ്ടും ഭാവനകൊണ്ടും മുറുകിയ ഭാഷയിൽ ഷാജുവിന്റെ എഴുത്തുകൾ വരുന്നത്. 2010-നു ശേഷമുള്ള മലയാള കവിത കവിതയുടെ പെരുക്കത്തിൽനിന്ന് സ്വയം വേറിട്ടുനിൽക്കാനുള്ള സൗന്ദര്യാത്മകമായ പിടച്ചിലുകൾ കൂടിയാണെന്ന ഒരു നിരീക്ഷണം അരുൺപ്രസാദിന്റെ കവിതകളെക്കുറിച്ചുള്ള ഒരു ആലോചനയിൽ ഞാൻ മുന്നോട്ടുവച്ചിട്ടുണ്ട് (ഡോ. ഷീബാ ദിവാകൻ എഡിറ്റു ചെയ്ത പുതുകവിതാവായനകൾ എന്ന പുസ്തകത്തിൽ ഈ ലേഖനം വായിക്കാം). സൗന്ദര്യാത്മകമായ വേറിട്ടുനടപ്പാണ് ഷാജു അടക്കമുള്ള കവികളും ചെയ്യുന്നത്.

സംവേദനക്ഷമതയാണ് ഷാജു വി.വിയുടെ എഴുത്തുകളുടെ പ്രാഥമിക ഗുണം. വലിയ സങ്കീർണതയൊന്നുമില്ലാതെ അത് വായനക്കാരെ എളുപ്പം സ്പർശിക്കുന്നു. അതുകൊണ്ട് അതിന് വായനക്കാരുണ്ട്. അദ്ദേഹത്തിന്റെ പല എഴുത്തുകളും വായനക്കാർ വൈറലാക്കിയവയാണ്.

ഭാഷയുടെ നേരർത്ഥങ്ങളെ മറികടന്ന് പുതിയൊരു ഭാവലോകം സൃഷ്ടിക്കുന്നു എന്നതുകൊണ്ട് ഷാജുവിന്റെ ആഖ്യാനങ്ങൾ കവിതയോടാണ് ചേർന്നുനിൽക്കുന്നത്. കഥപറച്ചിലിന്റെയും തിരക്കഥയുടെയും ബാഹ്യരൂപം ചിലപ്പോൾ കാണാമെങ്കിലും പ്രബന്ധവക്രത എന്ന ഗുണംകൊണ്ട് ഷാജുവിന്റെ ഓരോ രചനയും നിസ്സംശയം കവിതകളായി നിൽക്കുന്നു. ഭാഷയുടെ കേവലമായ ആശയവിനിമയതലത്തിലല്ല അതു പ്രവർത്തിക്കുന്നത്. സാംസ്കാരികമായ കുടഞ്ഞിടലുകളുടെ തീവ്രത ഭാഷയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ തലത്തിലേക്ക് നീങ്ങുന്നത് വായനക്കാരന് / ക്കാരിക്ക് പെട്ടെന്ന് പിടികിട്ടിക്കൊള്ളണമെന്നില്ല എന്നേയുള്ളൂ.

(ഡോ. ഷീബാ ദിവാകൻ എഡിറ്റു ചെയ്ത പുതുകവിതാവായനകൾ എന്ന പുസ്തകം
(ഡോ. ഷീബാ ദിവാകൻ എഡിറ്റു ചെയ്ത പുതുകവിതാവായനകൾ എന്ന പുസ്തകം

സംവേദനക്ഷമതയാണ് ഷാജു വി.വിയുടെ എഴുത്തുകളുടെ പ്രാഥമിക ഗുണം. വലിയ സങ്കീർണതയൊന്നുമില്ലാതെ അത് വായനക്കാരെ എളുപ്പം സ്പർശിക്കുന്നു. അതുകൊണ്ട് അതിന് വായനക്കാരുണ്ട്. അദ്ദേഹത്തിന്റെ പല എഴുത്തുകളും വായനക്കാർ വൈറലാക്കിയവയാണ്. വായിക്കുന്നവരെ ചെറിയൊരു നർമ്മത്തിന്റെ അകമ്പടിയോടെ ആലോചനകളുടെ വൈവിധ്യമാർന്ന ലോകങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നവയാണ് ആ എഴുത്തുകൾ. വായനക്കാർ ചെന്നെത്തുന്ന ലോകങ്ങളൊന്നും പക്ഷേ, അപരിചിതമായ സ്ഥലങ്ങളാവില്ല. ഷാജുവിനെ വായിക്കുമ്പോഴായിരിക്കും ഇതിവിടെ ഉണ്ടായിരുന്നല്ലോ, ഇതിനെ ഇങ്ങനെയും വായിക്കാമായിരുന്നല്ലോ, ഇതിന് സൂക്ഷ്മവും ലക്ഷ്യവേധിയുമായ രൂപകമാകാനുള്ള സാധ്യതയുണ്ടായിരുന്നല്ലോ എന്നെല്ലാം വായനക്കാർ വിസ്മയിക്കുക. മലയാളി വായനക്കാരന് / കാരിക്ക് സമീപസ്ഥമായ പരിസരങ്ങളിൽനിന്നാണ് ഷാജു കവിതയുണ്ടാക്കുന്നത്. കവി വിഷ്ണുപ്രസാദ് സിദ്ധാന്തിച്ച ‘പരിസര കവിത’ എന്ന ആശയം ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്. മറ്റു കവികളിൽനിന്ന് വളരെ വ്യത്യസ്തനായി നിൽക്കുമ്പോഴും ഏറ്റവും സജീവമായ സംസ്കാരഘടനയ്ക്കകത്തുനിന്നാണ് ഈ രചനകൾ പ്രവർത്തിക്കുന്നത് എന്നതുകൊണ്ടാണ് സങ്കീർണമായ ലോകങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും ഷാജു വി.വി ധാരാളം വായനക്കാരുള്ള കവിയാകുന്നത്.

 കവി വിഷ്ണുപ്രസാദ്
കവി വിഷ്ണുപ്രസാദ്

ഞാനിപ്പോൾ വായിച്ചുനിർത്തിയ കൊല നിങ്ങളെ താൽക്കാലിക ദൈവമാക്കുന്നു എന്ന പുസ്തകത്തിൽ മുപ്പതു രചനകളാണുള്ളത്. എല്ലാം കവി ആഖ്യാതാവാകുന്ന കുറിപ്പുകളാണ്. കവികൾ പക്ഷേ രണ്ടു പേരുണ്ട് എന്നാണ് ഈ പുസ്തകം ഭാവിക്കുന്നത്. ഷിൻ ചാൻ എന്ന ചൈനീസ് ധ്യാനകവിയും ഷാജു വി.വി എന്ന മലയാള കവിയും (ഷിൻ ചാൻ എന്ന പേരിലും ഷാജു വി.വി എന്ന പേരിലും ഷാജു എഴുതിയ കുറിപ്പുകളുടെ സമാഹാരമാണിത്). ഈ രണ്ടു പേരിൽ ആരാണ് യഥാർത്ഥത്തിൽ ഉള്ളത് എന്നു ചോദിച്ചാൽ ഞാൻ പറയുക, അത് ഷിൻ ചാൻ ആണ് എന്നാണ്. ഷാജു എന്ന വ്യക്തിക്കുള്ളിലെ ദാർശനികനായ കവിയാണ് ഷിൻ ചാൻ. ഷിൻ ചാൻ എഴുതിയ ഏതാനും കുറിപ്പുകളിലൂടെയാണ് പുസ്തകം ആരംഭിക്കുന്നത് എന്നതുകൊണ്ടു തന്നെ ദാർശനികനായ ആ ധ്യാനകവിയുടെ നിരീക്ഷണങ്ങളുടെ ചാരുത ഷാജു വി.വിയുടെ എഴുത്തുകളിലും വായിക്കാം. അംഗപരിമിതത്വം, മരണം, കൊലപാതകം, ഭക്ഷണം, പാചകം, പലതരം കായികവിനോദങ്ങൾ, ഏകാന്തത തുടങ്ങിയ വിഷയങ്ങളിലൂടെ കവിതകൾ സഞ്ചരിക്കുന്നു. അതിസാധാരണമായ ദൈനംദിന ജീവിതക്കാഴ്ചകളിൽനിന്ന് സ്ഥലപരമായും കാഴ്ചാപരമായും ഈ കവിതകൾ ലോകം മുഴുവൻ വായനക്കാരെയുംകൊണ്ട് സഞ്ചരിക്കുന്നു.

ലെഫവർ ചെയ്യുന്നതുപോലെ ദൈനംദിനതയുടെ പ്രകിയാപരമായ അവസ്ഥാന്തരങ്ങളല്ല ഷാജുവിന്റെ വിഷയം. ദൈനംദിനതയെ അതിന്റെ സൂക്ഷ്മതയിൽ നിരീക്ഷിക്കാൻ സാധിക്കുന്നു എന്നിടത്ത് ഈ സാമ്യം ഒരുപരിധിവരെ അവസാനിക്കും. കവി വിസ്തരിക്കുന്നില്ലെങ്കിലും അയാളുടെ കവിതയിൽ തെളിഞ്ഞു നിൽക്കുന്ന വർത്തമാനത്തിന്റെ സവിശേഷതകളെ നമുക്ക് വിശകലനം ചെയ്യേണ്ടതുണ്ട്.

വിഷ്ണുപ്രസാദ് സമയത്തെ പ്രശ്നവൽക്കരിച്ചുകൊണ്ടെഴുതിയ നിരവധി കവിതകളുണ്ട്. സമയത്തിന്റെ ഏറ്റവുമടുത്ത രണ്ടു ബിന്ദുക്കൾക്കിടയിൽ അനന്തമായ സമയകാലങ്ങളുടെ വിസ്മയലോകങ്ങൾ കാണിച്ചുതരുന്നവയാണ് അവ. റിയൽ സ്പേസും വിർച്വൽ സ്പേസും തമ്മിലുള്ള അഭിമുഖീകരണങ്ങളിൽനിന്നാണ് അത്തരം മെറ്റഫറുകൾ കവിതകളിൽ രൂപപ്പെടുന്നത്. ഷാജുവിന്റെ കവിതകളിൽ അത്തരം സങ്കീർണമായ മെറ്റഫറുകൾ നമുക്ക് കണ്ടെത്താനാവില്ല. നിത്യജീവിതക്കാഴ്ചകളുടെ സൂപ്പർ ഡിസ്ക്രിപ്ഷനിലാണ് ഷാജുവിന് താൽപര്യം. നമ്മുടെ ജീവിതപരിസരത്തുള്ളതും അതേസമയം കണ്ണിലോ ആലോചനയിലോ പെടാത്തതുമായ കാര്യങ്ങളിലേക്ക് അയാളുടെ നോട്ടമെത്തുന്നു. അതിന് സംഭവ്യതകളുടെ തുടർച്ചകളുണ്ടാക്കുന്നു. ഗംഭീരമായ ഭാവനകളിലൂടെ ഈ ലോകത്തെ പുനഃസൃഷ്ടിക്കുന്നു.

ഫ്രഞ്ച് മാർക്സിസ്റ്റ് ചിന്തകനായ ഹെൻട്രി ലെഫവറുടെ(Henri Lefebvre) ദൈനംദിനതയെ കുറിച്ചുള്ള പര്യാലോചനകളുമായി ബന്ധിപ്പിച്ച് ഷാജുവിന്റെ ഈ സൂപ്പർ ഡിസ്ക്രിപ്ഷനുകളെ വിശദീകരിക്കാനാണ് എനിക്കു തോന്നുന്നത്. അനുദിനം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഫ്രാൻസിൽ കാർഷികജീവിതം എങ്ങനെയാണ് അന്യവൽക്കരിക്കപ്പെടുന്നത് എന്ന വിഷയമാണ് ലെഫവർ അന്വേഷിച്ചത്. ചൂഷണത്തിനുള്ള പുതിയ ക്രമീകരണം എന്ന നിലയിൽ കാർഷികജീവിതങ്ങളെ നിരന്തരം അന്യവൽക്കരിക്കുന്ന പ്രവണത ലെഫവർ തിരിച്ചറിഞ്ഞിരുന്നു. നിമിഷങ്ങൾ(moments) എന്നു വിളിച്ച ജീവിതസന്ദർഭങ്ങളിലൂടെ അന്യവൽക്കരിക്കപ്പെട്ട ജീവിതത്തെ തിരിച്ചുപിടിക്കണമെന്നാണ് ലെഫവർ ആവശ്യപ്പെടുന്നത്. നിത്യജീവിതത്തിന്റെ സൂക്ഷ്മതകളിലേക്ക് നിരന്തരം കണ്ണുപായിക്കുന്നിടത്താണ് ഷാജു വി വിയുടെ രചനാലോകം ലെഫവറുടെ ചിന്താലോകവുമായി കണ്ണിചേരുന്നത്. നർമ്മത്തിന്റെ പരിസരം വിട്ട് ഗൗരവപൂർണമായ ആലോചനകൾ ആവശ്യപ്പെടുന്നുണ്ട് ദൈനംദിനതയിലുള്ള ഷാജുവിന്റെ ചുറ്റിക്കളി. ലെഫവറും ലൂക്കാച്ചും മറ്റും രീതിശാസ്ത്രപരമായ കൃത്യതയോടെ ദൈനംദിനതയുടെ പരിസരങ്ങൾ നിരീക്ഷിച്ച് അതിന്റെ അന്യവൽക്കരത്തിലേക്കുള്ള പതനം നിരീക്ഷണവിധേയമാക്കുമ്പോൾ ഷാജു സർഗാത്മകമായി അത് തിരിച്ചറിയുന്നു. ഉറപ്പായും ഉയർന്ന ദാർശനികത ഷാജുവിലുണ്ട്. അദ്ദേഹത്തിന് സാമൂഹ്യശാസ്ത്രവിചാരങ്ങളുടെ രീതിശാസ്ത്ര മാതൃകകൾ പരിചയപ്പെടാനും അതിൽ പരിശീലനം നടത്താനുമുള്ള കുറേക്കൂടി മികച്ച സാഹചര്യം ഉണ്ടായിരുന്നെങ്കിൽ കവി എന്നതിനപ്പുറം വലിയൊരു ദാർശനികനെ മലയാളത്തിനു ലഭിക്കുമായിരുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ചൂഷണാധിഷ്ഠിതമായ വ്യവസ്ഥയിലേക്കുള്ള സാമൂഹികമാറ്റത്തെ അതിന്റെ സൂക്ഷ്മതയിൽ മനസ്സിലാക്കണമെങ്കിൽ ഉൽപാദനവ്യവസ്ഥകളിൽ കണ്ണിചേരുന്ന ജനതയുടെ ദൈനംദിന ജീവിതത്തിന്റെ സൂക്ഷ്മതകളിലേക്ക് ശ്രദ്ധ ചെല്ലേണ്ടതുണ്ട്. മൊത്തത്തിലുള്ള നോട്ടത്തിൽ തിരിച്ചറിയാത്ത പലതും ഇത്തരം ക്ലിനിക്കൽ നോട്ടങ്ങളിൽ തെളിയും.

ലെഫവർ ചെയ്യുന്നതുപോലെ ദൈനംദിനതയുടെ പ്രകിയാപരമായ അവസ്ഥാന്തരങ്ങളല്ല ഷാജുവിന്റെ വിഷയം. ദൈനംദിനതയെ അതിന്റെ സൂക്ഷ്മതയിൽ നിരീക്ഷിക്കാൻ സാധിക്കുന്നു എന്നിടത്ത് ഈ സാമ്യം ഒരുപരിധിവരെ അവസാനിക്കും. കവി വിസ്തരിക്കുന്നില്ലെങ്കിലും അയാളുടെ കവിതയിൽ തെളിഞ്ഞു നിൽക്കുന്ന വർത്തമാനത്തിന്റെ സവിശേഷതകളെ നമുക്ക് വിശകലനം ചെയ്യേണ്ടതുണ്ട്. ഒരു ജനാധിപത്യസമൂഹത്തെ സംബന്ധിച്ച് അതിന് എപ്പോഴുമുണ്ടായിരിക്കേണ്ട രാഷ്ട്രീയജാഗ്രത കാര്യങ്ങളെ ചരിത്രവൽക്കരിക്കുക എന്നതാണ്. അമേരിക്കൻ മാർക്സിസ്റ്റായ ഫ്രെഡ്രിക് ജെയിംസൺ എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരുന്ന കാര്യമാണ് ഇത്. ചൂഷണമുക്തമായ സമത്വസങ്കല്പത്തിലേക്കുള്ള വഴിയിൽ തങ്ങൾക്കനുകൂലമായി ഉൽപാദനബന്ധങ്ങളെ പുനഃക്രമീകരിക്കാൻ മുതലാളിത്തം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. രാഷ്ട്രീയമാറ്റങ്ങൾക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി മനുഷ്യരുടെ ലോകബോധത്തെയാണ് ആദ്യം അത് പിടികൂടുന്നത്. കലകളും സാഹിത്യവും കമ്പോളത്തിന്റെ പ്രൊപ്പഗന്റാ മെക്കാനിസവുമെല്ലാം (പരസ്യങ്ങളെ കമ്പോളത്തിന്റെ പ്രത്യയശാസ്ത്രപരംകൂടിയായ പ്രൊപഗന്റാ മെക്കാനിസമായി വായിക്കേണ്ടതുണ്ട്.) ജനാധിപത്യം എന്ന രാഷ്ട്രീയാനുഭവത്തിന്റെയും പ്രയോഗത്തിന്റെയും പ്രത്യയശാസ്ത്രബോധ്യങ്ങളെ നിരന്തരം തിരുത്താൻ ശ്രമിക്കുന്നുണ്ട്. ഇന്ത്യൻ സാഹചര്യത്തിൽ ജാതിശ്രേണീകൃതമായ ഫ്യൂഡൽ ചിന്തകളുടെ തിരിച്ചുവരവും ജനാധിപത്യം എന്ന സങ്കല്പനം നേരിടുന്ന വലിയ വെല്ലുവിളിയാണ്.

ഫ്യൂഡലിസം കേവലം കേന്ദ്രീകൃത സൗന്ദര്യദർശനങ്ങളെ തിരിച്ചുകൊണ്ടുവരിക എന്നിടത്ത് നിൽക്കുകയില്ല. ആധുനികതയും ജനാധിപത്യവും രൂപപ്പെടുത്തിയ പുനർവിതരണങ്ങളിൽനിന്ന് സമ്പൂർണമായ അധികാര കേന്ദ്രീകരണത്തിലേക്കുള്ള വഴികളാണ് അത് അന്വേഷിക്കുന്നത്. സംഘർഷഭരിതമായ ഈ സാമൂഹ്യപരിവർത്തനങ്ങൾ എങ്ങനെ നടക്കുന്നു എന്നറിയണമെങ്കിൽ അവയെ സൂക്ഷ്മമായിത്തന്നെ മനസ്സിലാക്കണം. നിത്യജീവിതത്തെ അതിസൂക്ഷ്മമായി വിടർത്തിപ്പരിശോധിക്കുന്നതിലൂടെ അറിഞ്ഞോ അറിയാതെയോ ഷാജു വി.വിയുടെ രചനകൾ ഇത്തരമൊരു ദൗത്യം നിർവഹിക്കുന്നുണ്ട്.

പ്രണയത്തെ കേവലം പ്രണയമായി അവതരിപ്പിക്കുകയല്ല ഷാജുവിന്റെ കവിത ചെയ്യുക. അത് സ്ത്രീയും പുരുഷനും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളുടെ സമഗ്രതയെ അതിന്റെ സൂക്ഷ്മതയിൽ നിവർത്തിയിട്ടു തരും.
പ്രണയത്തെ കേവലം പ്രണയമായി അവതരിപ്പിക്കുകയല്ല ഷാജുവിന്റെ കവിത ചെയ്യുക. അത് സ്ത്രീയും പുരുഷനും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളുടെ സമഗ്രതയെ അതിന്റെ സൂക്ഷ്മതയിൽ നിവർത്തിയിട്ടു തരും.

ഭൂതകാലത്താണ് കവികൾ ജീവിക്കാറ് എന്നു തോന്നിയിട്ടുണ്ട്. ജീവിതാവബോധമായാലും സാമൂഹികബന്ധങ്ങളായാലും സൗന്ദര്യശാസ്ത്ര യുക്തികളായാലും ഭൂതകാലത്തിന്റെ ‘സമ്പന്ന’തയിൽനിന്ന് വർത്തമാനം എങ്ങനെ വിടുതൽ നേടുന്നു എന്നാണ് കവിത പലപ്പോഴും വേദനിക്കാറ്. പുറംമോടിക്ക് പുതിയ കവിത കെട്ടുപകരണങ്ങളും രൂപവും ഭാഷയും തേടുമ്പോഴും കവിതയുണ്ടാക്കാനുള്ള അടിസ്ഥാന ഉപകരണങ്ങൾ മിക്കപ്പോഴും പഴയതായിരിക്കും. ചരിത്രവൽക്കരണം എന്ന ആശയത്തിന് പുറംതിരിഞ്ഞു നിൽക്കുന്ന കാര്യമാണിത്. രൂപപ്പെട്ടുവന്ന വഴികളെക്കുറിച്ചുള്ള സ്മരണ ചൂഷണാത്മകമായ പഴയ ലോകത്തേക്കുള്ള തിരിച്ചുപോക്ക് തടയാൻ സഹായിക്കും എന്നൊരു പ്രതീക്ഷ കാര്യങ്ങളെ ചരിത്രവൽക്കരിച്ചു കാണുന്നതിനു പിന്നിലുണ്ട്. എന്നാൽ ഭൂതകാലത്തുനിന്ന് തിരിച്ചുപോരാനുള്ള മടിയോ ആവതില്ലായ്മയോ കാരണം രചനാപദ്ധതികളിലും ആലോചനകളിലും ചടഞ്ഞിരുന്ന് ചരിത്രപരതയെ വന്ന വഴിയിൽ തളച്ചിടുന്നതിലാണ് എത്തിക്കുന്നത്. കവിതയുടെ ചരിത്രത്തിലുടനീളം സൗന്ദര്യാത്മകസംഘർഷമായി ഇത് നമുക്ക് കാണാൻ സാധിക്കും. ഇത്തരം പരാധീനതകളെ കുടഞ്ഞിട്ടുകൊണ്ടാണ് ഷാജു വി.വി ദൈനംദിനതയെ സൂക്ഷ്മമായി ആവിഷ്കരിക്കുന്നത്.

ലെഫവറുടെ ഏറ്റവും മൗലികമായ ചിന്തയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത് നിമിഷങ്ങളെക്കുറിച്ചുള്ള (moments) അദ്ദേഹത്തിന്റെ ആലോചനകളാണ്. മുതലാളിത്തചൂഷണത്തിന് അനുഗുണമായി പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി അന്യവൽക്കരിക്കപ്പെടുന്ന ദൈനംദിന സന്ദർഭങ്ങളിൽനിന്ന് കുതറാനുള്ള ഉപാധിയായാണ് ലെഫവർ നിമിഷങ്ങളെ കാണുന്നത്. അത്തരത്തിൽ ഇതിനൊരു വിമോചകമൂല്യവും ഉണ്ട്. പ്രണയം (Love), കളികൾ / ആഘോഷങ്ങൾ (Play/Festival), ഘടനയെപ്പറ്റിയുള്ള ധാരണ (Knowledge), വിശ്രമവേളകൾ (Rest/Leisure), സമരങ്ങൾ (Struggle / Revolution) എന്നിവയാണ് യാന്ത്രികമായ ദൈനംദിനതയിൽനിന്ന് കുതറുന്നതിനുള്ള നിമിഷങ്ങളുടെ നിമിത്തങ്ങളായി ലെഫവർ ചൂണ്ടിക്കാണിക്കുന്നത്. ഷാജുവിന്റെ കവിതകളുമായി ബന്ധപ്പെടുത്തി ആലോചിച്ചാൽ ഇത്തരം ‘നിമിഷങ്ങളെ’ അദ്ദേഹം തിരിച്ചറിയുക മാത്രമല്ല, സൂക്ഷ്മമായി നിർമ്മിച്ചെടുക്കുക കൂടി ചെയ്യുന്നുണ്ട് എന്നു മനസ്സിലാകും. അത്ഭുതകരമായ ഒരു വായനാനുഭവമായാണ് വിമോചകമൂല്യമുള്ള ഈ പ്രവണതയെ ഞാൻ വായിച്ചെടുക്കുന്നത്.

പ്രണയത്തെ കേവലം പ്രണയമായി അവതരിപ്പിക്കുകയല്ല ഷാജുവിന്റെ കവിത ചെയ്യുക. അത് സ്ത്രീയും പുരുഷനും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളുടെ സമഗ്രതയെ അതിന്റെ സൂക്ഷ്മതയിൽ നിവർത്തിയിട്ടു തരും. ഏറ്റവും നൈമിഷികമായ നോട്ടങ്ങളായും മരണശേഷവും തുടരുന്ന ദാമ്പത്യമായും അത് പ്രത്യക്ഷപ്പെടും. പ്രണയം, രതി തുടങ്ങിയ തീവ്രാനുഭവങ്ങളിൽ മാത്രമായി ഷാജുവിന്റെ കവിതയിൽ പ്രണയം പരിമിതപ്പെടില്ല. ജീവിതത്തിന്റെ വിരസമെങ്കിലും അനിവാര്യമായ എല്ലാ പുറമ്പോക്കുകളും അത് വിസ്തരിച്ച് സ്കാൻ ചെയ്ത് കവിതയിലേക്കു കൊണ്ടുവരും. ദൈനംദിനതയിലേക്ക് സ്വകാര്യമായ ആസ്വാദനത്തിന്റെ പൊട്ടുകൾകൂടി ചേർത്തുവയ്ക്കുമ്പോഴാണ് യാന്ത്രികതയിൽനിന്ന് മനുഷ്യബന്ധങ്ങൾ വിമോചകമൂല്യമുള്ള നിമിഷങ്ങളിലേക്ക് സഞ്ചരിക്കുന്നത്.

കളിക്കളത്തിലെ റഫറിയെയും ഗോൾക്കീപ്പറെയും ചെസ്, ഗോൾഫ്, ബില്യാർഡ്സ് തുടങ്ങിയ കളികളെത്തന്നെയും ക്രിക്കറ്റിലെ പത്താം വിക്കറ്റിന്റെ സയാമീസ് സ്വഭാവത്തെ സംബന്ധിച്ചും ഷാജുവിന്റെ കവിതകൾ നിരന്തരം വിചാരപ്പെട്ടുകൊണ്ടിരിക്കും. ജീവിതത്തെ അഴിച്ചുകാണിക്കുക മാത്രമല്ല ഇവിടെ ചെയ്യുന്നത്, അതിന്റെ ഘടനയെക്കുറിച്ചുള്ള ബോധ്യങ്ങളുടെ നിർമ്മിതികൂടിയാണ്. ദൈനംദിനതയുടെ കർതൃത്വരാഹിത്യത്തിൽനിന്ന് ഘടനാസംബന്ധമായ തിരിച്ചറിവിലേക്കുള്ള വളർച്ചകൂടി ഇതിലുണ്ട് എന്നത് നിസ്തർക്കമാണ്. അത്തരത്തിൽ ഷാജു വി.വിയുടെ സ്പോർട്സ് കവിതകൾ കളിയും വിശ്രമസ്ഥാനവും ഘടനയെ സംബന്ധിക്കുന്ന ബോധ്യങ്ങളും നിറഞ്ഞതാകുന്നു.

ഷാജുവിന്റെ കവിതകളിൽ തുടർച്ചയായി കടന്നുവരുന്ന ആലോചനാവസ്തുവാണ് ഡിസെബിലിറ്റി. കൈയില്ലാത്ത കസേരയും ദാർശനികവിചാരങ്ങളും എന്ന കവിതയിൽ ഇത് ഏറ്റവും സൂക്ഷ്മതയിൽ നമുക്ക് വായിക്കാനാകും. കാളിദാസ കഥാപാത്രങ്ങളായ അനസൂയയും പ്രിയംവദയും മറ്റും നടത്തുന്ന ചർച്ചയുടെ രൂപത്തിലാണ് ഈ ആലോചനകൾ അവതരിപ്പിക്കുന്നത്. പതിവുനർമ്മത്തിന്റെ പുറന്തോടുതന്നെ ഇത്. ഇത്തവണ അത് സംസ്കൃതനാടകാവതരണസമ്പ്രദായങ്ങളെ മിമിക് ചെയ്യാൻ ശ്രമിക്കുന്നു എന്നു മാത്രം. തന്റെ ആഖ്യാനഭാഷയുടെ താളത്തോടു ചേർന്നുനിൽക്കുന്ന ദർശനസമ്പുഷ്ടമായ പ്രയോഗങ്ങൾ നിരന്തരം ഉപയോഗിക്കുന്നത് ഷാജുവിന്റെ ശീലമാണ്. ക്രിക്കറ്റിലെ പത്താമൻ പുറത്താകുമ്പോൾ രണ്ടുപേർ പുറത്താകുന്നു എന്ന കാര്യം അവതരിപ്പിക്കുമ്പോൾ, നീയുള്ളതുകൊണ്ടാണ് ഞാനുമുള്ളത് എന്നു പറയുന്നത് റെനെ ദക്കാർത്തെയുടെ പ്രസിദ്ധമായ I think therefore I am എന്ന വരികളെ ഓർമ്മിപ്പിക്കുന്നു. ഇത്തരം നിരവധി പ്രയോഗങ്ങൾ ഷാജുവിന്റെ എഴുത്തിൽ കാണാം.

വെനിസ്വേലൻ സിനിമയായ പോസ്റ്റ്‍കാർഡ്സ് ഫ്രം ലെനിൻഗ്രാഡ് എന്ന സിനിമയുടെ പോസ്റ്റര്‍
വെനിസ്വേലൻ സിനിമയായ പോസ്റ്റ്‍കാർഡ്സ് ഫ്രം ലെനിൻഗ്രാഡ് എന്ന സിനിമയുടെ പോസ്റ്റര്‍

ഇത്തരത്തിൽ സ്വന്തമായി ആപ്തവാക്യങ്ങൾ ഉൽപാദിപ്പിക്കുന്ന കവി കൂടിയാണ് ഷാജു. പ്രത്യേകിച്ചൊരു ഭാഗം ഇതിനെ സാധൂകരിക്കാനായി ഉദ്ധരിക്കേണ്ടതില്ല. അദ്ദേഹത്തിന്റെ ഓരോ കവിതയും ഇത്തരം പ്രയോഗങ്ങളാൽ സമ്പുഷ്ടമാണ്. മനുഷ്യതുല്യത സംബന്ധിച്ച രാഷ്ട്രീയ ജാഗ്രതയെ നിരന്തരം ഓർമ്മിപ്പിക്കുന്നതിനൊപ്പം സമൂഹം എന്ന വ്യവസ്ഥയുടെ ഘടനയെ സംബന്ധിക്കുന്ന സൂക്ഷ്മമായ ആലോചനകൾ കൂടി ചേർന്നതാണ് ഈ ഡിസെബിലിറ്റി ചിന്തകൾ. വല്ലാതെ നീണ്ടുപോകുമെന്നതുകൊണ്ട് ഇതൊക്കെ സൂചനാസ്വഭാത്തിൽ പറയുകയേ നിവൃത്തിയുള്ളൂ.

വക്താവിന് കർതൃത്വമോ നിർവാഹകത്വമോ ഇല്ലാത്ത വ്യവസ്ഥയുടെ അനേകം തുറസ്സുകൾ ഷാജു വിടർത്തിയിടുന്നതു കാണാം. അന്യവൽക്കരണത്തിന്റെ നിസ്സഹായതയെ പലപ്പോഴും സക്രിയമായ കുതറലാക്കി മാറ്റാൻ അദ്ദേഹത്തിനു സാധിക്കാറുണ്ട്. പരിചിത യാഥാർത്ഥ്യങ്ങളിൽ വ്യവസ്ഥയുടെ കാവൽക്കാരായി മുന്നിൽ പ്രത്യക്ഷപ്പെടുക തീവണ്ടിയിലെ ടിക്കറ്റ് പരിശോധകരോ വഴിയിലെ പോലീസുകാരോ ഒക്കെയാകും. ഇവരുമായുള്ള ഇടപെടലുകളിൽ രക്തരഹിതമായ ചില കലാപങ്ങൾ വായിച്ചെടുക്കാനാകും. രാത്രിയിൽ പെട്രോൾ തീർന്ന് വഴിയിൽ തുഴഞ്ഞു വരുന്ന ബൈക്കു യാത്രക്കാരനെ ചോദ്യം ചെയ്യുകയും കാര്യം മനസ്സിലായി കുപ്പിയിൽ സൂക്ഷിച്ച പെട്രോൾ ഒഴിച്ചുകൊടുക്കുകയും ചെയ്യുന്ന പോലീസുകാരനെയും ഹെൽമറ്റ് വയ്ക്കാത്തതിന് ചാർജ്ജു ചെയ്തെങ്കിലും ഷാജു വി.വി എന്ന പേരു കേൾക്കുമ്പോൾ കവിയെ തിരിച്ചറിയുന്ന പോലീസുകാരനെയും ഈ കവിതകളിൽ കാണാനാകും. മനുഷ്യൻ അടിമുടി സംഗീതമാകാൻ അധികസമയമൊന്നും വേണ്ട എന്നാണ് ഈ കവിതയുടെ പേര്. കവി എന്ന നിലയിലുള്ള തന്റെ അസ്തിത്വം ഒരു പോലീസുകാരന്റെ വായിലൂടെ പതിച്ചുകിട്ടുന്ന കവി ആ ദിവസത്തെ ശേഷിച്ച മണിക്കൂറുകളിലേക്ക് എല്ലാം മറന്ന് പൂത്തുപോകുന്നത് അധികാരവ്യവസ്ഥയിൽ നിസ്സാരനായ ഒരു പൗരൻ കുഞ്ഞുകുഞ്ഞ് അംഗീകാരങ്ങളിൽ തൃപ്തനാകും എന്നതിന്റെ അവതരണം കൂടിയാകുന്നു.

ഒന്നുരണ്ടു കാര്യങ്ങൾകൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം.

ഷാജു കവിതയിൽ ഉപയോഗിക്കുന്ന ദൃശ്യഭാഷ വിശേഷപരിചരണം അർഹിക്കുന്നു. ചലച്ചിത്രത്തിന്റെ ഷൂട്ടിംഗ് സ്ക്രിപ്റ്റിന്റെ ഭാഗമായി കടലാസിൽ വരച്ചിട്ട ഷോട്ടുകൾ പോലെ വാക്കുകൾകൊണ്ട് ദൃശ്യങ്ങൾ കോർത്തുവച്ചാണ് ഷാജുവിന്റെ എഴുത്ത് മുന്നേറുന്നത്. ചലച്ചിത്രങ്ങളെ ഭാവന ചെയ്തുകൊണ്ടുതന്നെ ഷാജു ധാരാളം എഴുതിയിട്ടുണ്ട്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവൽ നടന്നുകൊണ്ടിരിക്കെ പയ്യന്നൂരിലെ വീട്ടിലിരുന്ന് ഷാജു സാങ്കല്പിക സിനിമകൾ കാണുകയും അവയ്ക്ക് വിസ്തരിച്ച ആസ്വാദനങ്ങളും നിരൂപണങ്ങളും എഴുതുകയും ചെയ്തു. ഈ സമാഹാരത്തിലെ അയലെന്റ് മൈന്റ് സെറ്റ് എന്ന രചന അത്തരത്തിലൊന്നാണ്. ഇതിനെ തിരക്കഥയായും ചലച്ചിത്രനിരൂപണമായും വായിക്കാനാകും. അസാധാരണവും സ്ഥിരതയുള്ളതുമായ ഭാവനയുടെ ധാരാളിത്തം ഇത്തരം രചനകളിൽ കാണാം.

ദൃശ്യപരത എന്ന ഗുണം പല വിതാനങ്ങളിൽ വേറെയും ഷാജുവിന്റെ കവികളിൽ സംഭവിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഡോൺ സീരീസിൽ മിക്കതും ആനിമേഷൻ ചിത്രങ്ങളുടെ രൂപഘടനയിലാണുള്ളത്. കോമിക്കുകളുടെ ലൈറ്റ്നസ്സു കൂടി ചേരുമ്പോൾ ഈ രചനകൾ ആസ്വാദ്യതയുടെ വല്ലാത്തൊരു തലം സൃഷ്ടിക്കുന്നു. പ്രതികാരവും കൊലപാതകങ്ങളും നടത്തുന്നതിനിടയിൽ അമ്പിളിയമ്മാവൻ എന്ന പഴയ കാല ബാലമാസിക വായിക്കുന്ന ഡോണിനെയും നമുക്കു കാണാൻ പറ്റും. ഈ ലൈറ്റ്നസ്സുകൊണ്ട് നർമ്മത്തിന്റെ ലീലാപരമായ സാധ്യതകൾ തന്നെയാണ് കവി അന്വേഷിക്കുന്നത്.

‘വെടിയുണ്ട അക്വേറിയത്തിലെ ചില്ലുതുളച്ച് ഒരു സ്വർണ്ണമീനിനെ ചിതറിച്ചു. സ്വർണ്ണമീൻ തറയിൽ മരണച്ചുവടുകൾ വച്ചു’.
.......

‘ഉണ്ടയില്ലാത്ത തോക്കിലെ പുറപ്പെടാത്ത വെടിയേറ്റു മറിഞ്ഞുവീണ ഈ യുവാവ് അധോലോകനായകർക്ക് അപമാനമാണ്’.

(പ്രഭാതസൂര്യനെ വെടിവെച്ച് വീഴ്ത്തുന്ന അധോലോക നായകൻ)

ഇത്തരം കവിതകൾ ഷാജു വി.വിയുടെ വിചാരലോകങ്ങളെ പൂരിപ്പിക്കുന്നതിനൊപ്പം വായനക്കാരന് / രിക്ക് സവിശേഷമായൊരു കാഴ്ചാനുഭവംകൂടി നൽകുന്നുണ്ട്. ഈ ഭാഗങ്ങൾ വെനിസ്വേലൻ സിനിമയായ പോസ്റ്റ്‍കാർഡ്സ് ഫ്രം ലെനിൻഗ്രാഡ് എന്ന സിനിമയിലെ ദൃശ്യങ്ങളെ ഓർമ്മിപ്പിച്ചു. നിശ്ചല ദൃശ്യങ്ങളും ഡ്രോയിംഗുകളുമൊക്കെ ആഖ്യാനത്തിനുപയോഗിച്ച സിനിമകളിലൊന്നാണ് അത്.

നിത്യജീവിതത്തിന്റെ സൂക്ഷ്മതകളിലേക്കുള്ള നോട്ടങ്ങളുടെ തുടർച്ചയായി കവി സഞ്ചരിച്ചെത്തുന്ന ഭാവനാലോകങ്ങളുടെ വിശകലനം കൂടി ഷാജുവിന്റെ കവിതകൾ ആവശ്യപ്പെടുന്നുണ്ട്. അല്പം അതിശയോക്തി തോന്നുമെങ്കിലും ഷാജുവിനുമുമ്പ് ഇത്തരമൊരു കാവ്യസഞ്ചാരം നടത്തിയ മലയാളകവി സാക്ഷാൽ കുഞ്ചൻനമ്പ്യാരാണ്. പുരാണകഥാപരിസരങ്ങളോ ദേവലോകമോ വിസ്തരിക്കുമ്പോൾ അതിന് പശ്ചാത്തലമായി കേരളീയ ഭൂപ്രകൃതിയെ അണിയിച്ചൊരുക്കുകയും കേരളത്തിൽ മാത്രം പരിചിതരായ മനുഷ്യരുടെ മാതൃകയിൽ കഥാപാത്രങ്ങളെ ചിത്രണം ചെയ്യുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ രീതിയാണ്. നമ്പ്യാരുടെ തുള്ളൽകൃതികളിൽനിന്ന് വരക്കാൻ ശ്രമിച്ചാൽ അതിൽ കേരളത്തിലെ നായന്മാരുടെയും ഇടപ്രഭുക്കളെയും രൂപഭാവങ്ങളിലുള്ള പുരാണകഥാപാത്രങ്ങളെയാകും കാണാൻ സാധിക്കുക. പരിചിതമായ രൂപമാതൃകയിൽ ഭാവനാചിത്രങ്ങളൊരുക്കുക എന്ന പ്രാഥമികസങ്കല്പമാതൃകതന്നെ ഇത്. ആഖ്യാനപരിസരത്തെ ഹിമാലയത്തിലേക്കും ലാറ്റിനമേരിക്കയിലേക്കും ആമസോൺ കാടുകളിലേക്കും യൂറോപ്യൻ ഗ്രാമങ്ങളിലേക്കുമൊക്കെ നീട്ടുമ്പോൾ വേറൊരു തരത്തിൽ ഷാജുവും ഇതുതന്നെ ചെയ്യുന്നു. ഇത്തരം ആഖ്യാനരീതിയുടെ സൂക്ഷ്മ സവിശേഷതകൾ മാത്രമായെടുത്ത് സൈദ്ധാന്തിക പിൻബലത്തോടെ വിശകലനം ചെയ്തു നോക്കാവുന്നതാണ്.

 നമ്പ്യാരുടെ തുള്ളൽകൃതികളിൽനിന്ന് വരക്കാൻ ശ്രമിച്ചാൽ അതിൽ കേരളത്തിലെ നായന്മാരുടെയും ഇടപ്രഭുക്കളെയും രൂപഭാവങ്ങളിലുള്ള പുരാണകഥാപാത്രങ്ങളെയാകും കാണാൻ സാധിക്കുക.
നമ്പ്യാരുടെ തുള്ളൽകൃതികളിൽനിന്ന് വരക്കാൻ ശ്രമിച്ചാൽ അതിൽ കേരളത്തിലെ നായന്മാരുടെയും ഇടപ്രഭുക്കളെയും രൂപഭാവങ്ങളിലുള്ള പുരാണകഥാപാത്രങ്ങളെയാകും കാണാൻ സാധിക്കുക.

വ്യത്യസ്ത ഭൂഖണ്ഡങ്ങളെ സ്വാഭാവികമെന്നോണം ചേർത്തുവച്ച് ആഖ്യാനം നിർവഹിക്കുക മാത്രമല്ല അവയെ അഭിമുഖം നിർത്തി സാംസ്കാരിക യുദ്ധങ്ങൾ നടത്തുകയും ചെയ്യാറുണ്ട് ഷാജു. ചട്ടീപ്പറ്റി മീനും ഇവ ബ്രൗൺ എന്ന വംശീയവാദിയും: ഒരു രാഷ്ട്രീയ നർമ്മകഥ എന്ന രചന ഇത്തരമൊന്നാണ്. രുചികരമെങ്കിലും നിറയെ മുള്ളുകളുള്ള, ശ്രദ്ധിച്ചു കഴിച്ചില്ലെങ്കിൽ ആസ്വദിക്കാൻ കഴിയാത്ത ഈ മത്സ്യവിഭത്തിനു മുന്നിലാണ് ഇവ ബ്രൗൺ എന്ന ജർമ്മൻ വംശീയവാദി തോറ്റുപോകുന്നത്. തലക്കെട്ടിൽ പറയുന്നതുപോലെ നർമ്മമാണ് ഈ രചനയുടെ മുന്നിൽ നിൽക്കുന്നതെങ്കിലും വംശീയത പോലുള്ള നീറുന്ന പ്രശ്നങ്ങൾക്കുള്ള സാധാരണക്കാരന്റെ സ്വപ്നപരിഹാരങ്ങളായും ഇവ വായിക്കാവുന്നതാണ്. ശക്തമായ വ്യവസ്ഥകളോട് എങ്ങനെയാണ് ഒരു പൗരൻ വിയോജിപ്പു രേഖപ്പെടുത്തുക? തെറ്റെന്നു തോന്നുന്ന കാര്യങ്ങളെ എങ്ങനെയാണ് തിരുത്തുക? ഷിൻ ചാനെപ്പോലൊരു ദാർശനികനെക്കൊണ്ട് സംസാരിപ്പിക്കുകയാണ് ഒരു വഴി. കോമിക് ഡോണുകളെ വിട്ട് ഉണ്ടയില്ലാ വെടിവയ്പ്പു നടത്തുകയാണ് അടുത്ത വഴി. മൂന്നാമത്തെ വഴിയാണ് പ്രാദേശിക സംസ്കൃതികളെ പ്രയോജനപ്പെടുത്തിക്കൊണ്ട് വ്യവസ്ഥയെ വരുതിക്കു കൊണ്ടുവരിക എന്നത്. വിശപ്പ്, ഭക്ഷണം, പാചകം, രുചി, ആഹാരസന്ദർഭങ്ങൾ, മദ്യം തുടങ്ങിയ കാര്യങ്ങൾ ആഖ്യാന വസ്തുവായും രൂപകങ്ങളായും തുടർച്ചയായി നമുക്ക് ഷാജു വി.വിയുടെ രചനകളിൽ കാണാൻ സാധിക്കും. ദൈനംദിനതയുടെ യാന്ത്രികതയിൽനിന്ന് മൊമെന്റ്സ് സമ്മാനിക്കുന്ന വിശ്രാന്തിയിലേക്കുള്ള കുതറലുകളായി ഇത്തരം ഭക്ഷണരൂപകങ്ങളെ വായിച്ചെടുക്കാനാണ് എനിക്കിഷ്ടം.

മരണമണമാണ് കവിയുടെ സവിശേഷശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു രൂപകം. എന്താണു ജീവിതം എന്ന ചോദ്യത്തിന്റെ ഉത്തരം തേടലായാണ് ഷാജു തുടർച്ചയായി മരണത്തെയും കൊലപാതകത്തെയും പ്രശ്നവൽക്കരിക്കുന്നത്. മരണത്തെ കുറിച്ചുള്ള എല്ലാ ആലോചനകളിലും ഷാജുവിനെക്കാൾ മേൽക്കൈ ലഭിക്കുന്നത് ഷിൻ ചാൻ എന്ന ധ്യാനഗുരുവിനാണ്. ജീവിതവും മരണവും സർവസാധാരണമായ പ്രകൃതിപ്രതിഭാസം മാത്രമാണെന്ന നിർമ്മമ ദർശനത്തിലേക്കെത്തുന്നതിനു മുമ്പായി പ്രശ്നഭരിതമായ രാഷ്ട്രീയ- സാമൂഹ്യ ജീവിതങ്ങളിൽനിന്ന് അതിനെ വേർതിരിച്ചു മനസ്സിലാക്കാനുള്ള സംഘർഷം നിറഞ്ഞ അന്വേഷണങ്ങളാണ് ഷാജു വി.വിയുടെ മരണം പ്രമേയമായ രചനകൾ. കൊല്ലപ്പെടുമ്പോൾ ശരീരം കുറേക്കൂടി കലാമാധ്യമമാകുന്നു പോലുള്ള രചനകളിൽ ശരീരത്തെ തീവ്രമായ പ്രകടനമാധ്യമമാക്കുന്ന പെർഫോമൻസ് ആക്ടിവിസ്റ്റുകളുടെ അവതരണങ്ങൾകൂടി ഓർമ്മിച്ചു പോകും. ഈ കവിത അവസാനിക്കുന്നത് ‘ആ നൃത്തം അവസാനിച്ചു, ഞാൻ പതുക്കെ കൈയടിച്ചു’ എന്നാണ്. കവിതകളിലെ സംഘർഷത്തിനും തീവ്രതകൾക്കുമനുസരിച്ച് ഒരിക്കലും ആഖ്യാതാവിന്റെ നില തെറ്റാറില്ല എന്നതാണ് ഈ രചനകളുടെ വേറൊരു പ്രത്യേകത. ഒരു ശരീരം പിടഞ്ഞു പിടഞ്ഞ് ജീവൻ വെടിയുന്നതുപോലും അയാൾക്ക് നിസ്സംഗമായി നോക്കിനിൽക്കാനും മനോഹരമായ ഒരു പെർഫോമൻസ് എന്നു കരുതി കൈയടിക്കാനും സാധിക്കുന്നതാണ് ഈ കവിതകളിലെ ആഖ്യാതാവിന്റെ നില.

നമ്മൾ ജീവിക്കുന്ന കാലത്ത് ദേശാതിർത്തികൾക്കപ്പുറമുള്ള ലോകവും നമ്മുടെ അനുഭവസീമയ്ക്കുള്ളിൽ വരും. നമ്മൾ സഞ്ചരിച്ചില്ലെങ്കിലും നമ്മളെത്താത്ത ലോകങ്ങളിൽനിന്നുള്ള കാഴ്ചകളും വാർത്തകളും പലതരത്തിൽ തുടർച്ചയായി നമ്മളിലേക്കെത്തും. നമ്മുടെ കണ്ണുകളുമായി നമ്മുടെ ഏറ്റവുമടുത്ത ചുറ്റുവട്ടത്തിലുള്ളവർ ലോകം മുഴുവൻ സഞ്ചരിച്ചുകൊണ്ടിരിക്കും. അനുഭവപരിസരത്തിന്റെ പാതിയിലധികവും ഇന്ന് വിർച്വൽ ലോകമാണ്. ഇത്തരം അനുഭവപരിസരങ്ങളിൽനിന്ന് കലാവസ്തുക്കൾ കണ്ടെടുത്താണ് ഷാജു വി.വിയെ പോലുള്ളവർ സർഗപ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. അത് അവരുടെ ആഖ്യാനത്തെയും പ്രമേയത്തെയും രൂപകനിർമ്മിതിയെയുമെല്ലാം സ്വാധീനിക്കുന്നു. ഒരേസമയം ഭാവനയും ധിഷണയും പ്രവർത്തിക്കുന്ന എഴുത്തുകാരനെ സംബന്ധിച്ച് ഭാവനയിൽനിന്ന് ചിന്തയിലേക്കും തിരിച്ചും സഞ്ചരിക്കുന്ന കാവ്യകലയ്ക്കുതകുന്ന അത്യന്തം സംവേദനക്ഷമമായ ഒരു ഭാഷ കൂടി കവിയ്ക്ക് കൈമുതലായി ഉണ്ട്. ആശയസമ്പന്നതകൊണ്ട് സി.വി രാമൻപിള്ളയെയും ഭാവനാവൈവിധ്യം കൊണ്ട് മേതിലിനെയും അനുസ്മരിപ്പിക്കുന്ന ശക്തമായ ഗദ്യഭാഷയും ഷാജു വി.വിയെ മറ്റെല്ലാ സവിശേഷഗുണങ്ങൾക്കുമൊപ്പം നമ്മുടെ കാലത്തെ ഏറ്റവും പ്രസക്തനായ കവിയായി ഒരല്പം ഉയർത്തിനിർത്തുന്നു.


Summary: V Abdul Latheef writes book review shaju vv's kola ningale thalkaalika daivamakkunu.


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments