പരിണാമം സത്യത്തെ മറയ്ക്കുന്നു?

ഡൊണാൾഡ് ഹോഫ്മാന്റെ The Case Against Reality: How Evolution Hid the Truth from Our Eyes എന്ന പുസ്തകത്തിന്റെ വായന

ക്വാണ്ടം ഭൗതികത്തിന്റെ വ്യാഖ്യാനങ്ങളിലെ അഭിപ്രായ ഭിന്നതകൾ ചർച്ച ചെയ്യുമ്പോൾ, ഐൻസ്‌റ്റൈൻ നീൽസ് ബോറിനോട് ഉന്നയിച്ച ചോദ്യം ഓർക്കുക! നാം നിരീക്ഷിക്കുന്നില്ലെങ്കിൽ ആകാശത്ത് ചന്ദ്രനില്ലെന്നു വരുമോ? ആകാശചന്ദ്രൻ നമ്മുടെ നിരീക്ഷണത്തിന്റെ നിർമിതിയും ഫലവുമാണോ? ആകാശത്തിലെ ചന്ദ്രന് നിരീക്ഷകന്റെ ബോധത്തിനു പുറത്ത് അസ്തിത്വമില്ലേ?

നമ്മുടെ ബോധത്തിനു പുറത്ത് വസ്തുനിഷ്ഠമായ ഒരു ലോകമുണ്ടെന്നും അതിനെ ഇന്ദ്രിയസംവേദനങ്ങളിലൂടെയും അമൂർത്തവൽക്കരണങ്ങളിലൂടെയും മറ്റും നമുക്കു ഗ്രഹിക്കാൻ കഴിയുമെന്നും കരുതുന്ന യഥാതഥവാദപരമായ നിലപാടാണ് ഐൻസ്‌റ്റൈൻ സ്വീകരിച്ചിരുന്നത്. എന്നാൽ, യാഥാർത്ഥ്യത്തെ കുറിച്ചുള്ള ജ്ഞാനം ഒരു നിർമ്മിതിയാണെന്നും ജ്ഞാനനിർമ്മിതിയിൽ നിരീക്ഷകന് അഥവാ സംവേദകന് ഒരു പങ്കുണ്ടെന്നും മനസ്സിലാക്കുന്ന നിർമ്മിതിവാദപരമായ സമീപനമാണ് നീൽസ് ബോറിന് ഉണ്ടായിരുന്നത്. ക്വാണ്ടം ഭൗതികത്തിന്റെ വ്യാഖ്യാനങ്ങളിൽ ഇവർക്കിടയിലുണ്ടായിരുന്ന അഭിപ്രായഭിന്നതകൾ ഈ വീക്ഷണവ്യത്യാസങ്ങളുടെ കൂടി ഭാഗമായിരുന്നു.

യാഥാർത്ഥ്യമുഖത്തെ മറയ്ക്കുകയും ജീവികളുടെ അതിജീവനാവശ്യങ്ങൾക്കുതകുന്ന സമ്പർക്കമുഖങ്ങളെ നൽകുകയുമാണ് പരിണാമം ചെയ്തതെന്ന് ഡൊണാൾഡ് ഹോഫ്മാൻ ചൂണ്ടിക്കാണിക്കുന്നു.

ലോകയാഥാർത്ഥ്യത്തിന്റെ അതേപടിയുള്ള, അക്ഷരാർത്ഥത്തിലുള്ള പകർപ്പുകളാണോ, നമ്മുടെ സംവേദനങ്ങൾ? നമ്മുടെ ഇന്ദ്രിയസംവേദനങ്ങൾ വിശ്വാസ്യതയുള്ളതാണെന്ന്, അത് യാഥാർത്ഥ്യത്തെ കുറിച്ച് നമ്മോട് സത്യം ബോധിപ്പിക്കുന്നുവെന്ന് കരുതപ്പെടുന്നു. നമ്മെ നയിക്കുന്നത് ഇന്ദ്രിയസംവേദനങ്ങളിലെ വിശ്വാസ്യതയാണ്. യഥാർത്ഥലോകം സ്ഥല,കാലങ്ങളിൽ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതായാണ് പൊതുവിൽ മനസ്സിലാക്കപ്പെടുന്നത്. അത് കല്ലും മണ്ണും പൂവും മരവും മറ്റു വസ്തുക്കളും ഒക്കെ നിറഞ്ഞതാണ്. ഒരു ജീവി പോലും ഇവയെ നിരീക്ഷിക്കുന്നില്ലെങ്കിലും, ഒരു ജീവി പോലും ഇവയോടു സംവദിക്കുന്നില്ലെങ്കിലും ഈ വസ്തുനിഷ്ഠലോകം നിലനിൽക്കുന്നുണ്ടെന്നു നാം കരുതുന്നു. നമ്മുടെ ഇന്ദ്രിയങ്ങൾ വസ്തുനിഷ്ഠയാഥാർത്ഥ്യത്തിലേക്കു തുറന്നു വച്ച ജനാലകളാണ്. ഇന്ദ്രിയങ്ങൾ പൂർണ്ണയാഥാർത്ഥ്യത്തെ എപ്പോഴും നമുക്കു നൽകുന്നില്ലെങ്കിലും നമ്മുടെ ജീവിതത്തെ നയിക്കുന്നതിനാവശ്യമായ യാഥാർത്ഥ്യത്തെ സാധാരണനിലയിൽ ഇന്ദ്രിയങ്ങൾ പകർന്നു തരുന്നുണ്ട്.

നീൽസ് ബോർ, ആൽബർട്ട് ഐൻസ്‌റ്റൈൻ / Photo: Paul Ehrenfest, Wikimedia Commons
നീൽസ് ബോർ, ആൽബർട്ട് ഐൻസ്‌റ്റൈൻ / Photo: Paul Ehrenfest, Wikimedia Commons

നമ്മുടെ ഇന്ദ്രിയങ്ങൾ പരിണാമത്തിലൂടെ വികസിച്ചു വന്നതാണ്. പരിണാമത്തിലൂടെ സംഭവിച്ച വികാസം യാഥാർത്ഥ്യത്തെ അതേപടി പകർന്നു തരുന്നതിനെ അഥവാ സത്യസംവേദനത്തെ സാദ്ധ്യമാക്കുന്നതാണെന്നു കരുതപ്പെടുന്നു. അമേരിക്കൻ സംജ്ഞാന മന:ശാസ്ത്രജ്ഞനായ ഡൊണാൾഡ് ഡി ഫോഫ്മാൻ പറയുന്നത് ഈ മുൻധാരണ; മുന്നറിവ് ,അബദ്ധമാണെന്നാണ്. നമ്മുടെ സംവേദനങ്ങൾ; അത് പാറയെ കുറിച്ചോ കാടിനെ കുറിച്ചോ ആപ്പിളിനെ കുറിച്ചോ സൈക്കിളിനെ കുറിച്ചോ എന്തിനെ കുറിച്ചുമാകട്ടെ, സ്ഥല,കാലങ്ങളെ കുറിച്ചുള്ള സംവേദനങ്ങൾ പോലും വസ്തുനിഷ്ഠയാഥാർത്ഥ്യത്തെ വെളിവാക്കുന്നില്ല. സ്ഥല, കാലങ്ങളിൽ നിലനിൽക്കുന്നതായി കരുതപ്പെടുന്ന വസ്തുക്കളുടെ ഭാഷ തന്നെ വസ്തുനിഷ്ഠയാഥാർത്ഥ്യത്തെ വിശദീകരിക്കുന്നതിന് ഉതകുന്നതല്ല. പ്രകൃതി നിർദ്ധാരണം വഴിയുള്ള പരിണാമത്തെ കുറിച്ചുള്ള ഒരു തിയറം (FBT Theorem - Fitness - Beats - Truth Theorem) നമ്മുടെ മുന്നറിവുകളെ പ്രഹരിക്കുന്നതാണ്. പ്രകൃതി നിർദ്ധാരണത്തിലൂടെയുള്ള പരിണാമം സത്യസംവേദനങ്ങളെ അനുകൂലിക്കുന്നില്ല, മറിച്ച് പ്രകൃതി നിർദ്ധാരണം സത്യത്തെ മറച്ചു വയ്ക്കുകയും ഉപയോഗപ്രദമായ പ്രവർത്തനത്തിലേക്കു നയിക്കുകയും ചെയ്യുന്ന സംവേദനങ്ങളോട് അനുകൂലമായി പെരുമാറുകയും ചെയ്യുന്നു. കമ്പ്യൂട്ടർ സിമുലേഷൻസ് ഈ തിയറത്തോടു യോജിക്കുന്നു. സ്ഥലം, കാലം, ആകൃതി, നിറം, മണം, രുചി, ചലനം ഇവയൊന്നും യാഥാർത്ഥ്യത്തിന്റെ വിശദീകരണങ്ങളല്ല. നിരവധി ഉദാഹരണങ്ങളിലൂടെ ഡൊണാൾഡ് ഹോഫ്മാൻ തന്റെ ഈ അനുമാനത്തെ വിശദീകരിക്കുന്നു. The Case Against Reality: How Evolution Hid the Truth from Our Eyes (യാഥാർത്ഥ്യത്തിനെതിരായ വ്യവഹാരം - പരിണാമം എങ്ങനെയാണ് നമ്മുടെ കണ്ണുകളിൽ നിന്നും സത്യത്തെ മറയ്ക്കുന്നത്) എന്ന ഹോഫ്മാന്റെ പുസ്തകം ഇത്തരം വിശദീകരണങ്ങളെ സംഗ്രഹിക്കുന്നു.

ഡൊണാൾഡ് ഡി ഹോഫ്മാൻ / Photo: Wikimedia Commons
ഡൊണാൾഡ് ഡി ഹോഫ്മാൻ / Photo: Wikimedia Commons

നിങ്ങളുടെ ലാപ്ടോപ്പിന്റെ നടുവിൽ കാണുന്ന നീല ചിഹ്നം നിങ്ങൾ നിർമിച്ചു സൂക്ഷിച്ചിരിക്കുന്ന ലേഖനമാണോ? നിങ്ങളുടെ ലേഖനത്തിന്റെ സമ്പർക്കമുഖം (Interface) മാത്രമാണത്. നിങ്ങളുടെ ലേഖനം യഥാർത്ഥത്തിൽ എന്താണ്? അത് മലയാളഭാഷയിലെ അക്ഷരങ്ങളാണോ? അതോ, ലാപ്ടോപ്പിനുള്ളിലെ സർക്യൂട്ടുകൾ, വോൾട്ടേജുകൾ, സോഫ്ട് വെയറുകൾ, പ്രോഗ്രാമുകൾ ഇവയൊക്കെയാണോ? ഈ യാഥാർത്ഥ്യത്തെ ഒക്കെയും മറച്ചു കൊണ്ട് ലാപ്ടോപ്പിന്റെ നടുവിലെ നീല ചിഹ്നം നിങ്ങളുടെ ലേഖനമായി, യാഥാർത്ഥ്യമായി പ്രത്യക്ഷപ്പെടുന്നു. പ്രകൃതിനിർദ്ധാരണത്തിലൂന്നുന്ന പരിണാമവും ഇങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു ഡൊണാൾഡ് ഹോഫ്മാൻ പറയുന്നു.

യാഥാർത്ഥ്യമുഖത്തെ മറയ്ക്കുകയും ജീവികളുടെ അതിജീവനാവശ്യങ്ങൾക്കുതകുന്ന സമ്പർക്കമുഖങ്ങളെ നൽകുകയുമാണ് പരിണാമം ചെയ്തതെന്ന് ഡൊണാൾഡ് ഹോഫ്മാൻ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ മുന്നിലെ പാറകളും കാറുകളും മറ്റു വസ്തുക്കളും ലാപ്ടോപ്പിന്റെ നടുവിലെ നീല ചിഹ്നത്തിനു സമാനമായ സമ്പർക്കമുഖങ്ങൾ മാത്രമാണ്. ഈ സമ്പർക്കമുഖങ്ങളെ നമുക്ക് ആവശ്യമുണ്ട്. പക്ഷേ, യാഥാർത്ഥ്യത്തിന്റെ സങ്കീർണതയെ അതു മറച്ചുവച്ചിരിക്കുന്നു. ആ സമ്പർക്കമുഖങ്ങളാണ് യാഥാർത്ഥ്യമെന്നു നാം ധരിച്ചിരിക്കുന്നു! നമ്മുടെ സംവേദനങ്ങളെ ഗൗരവതരമായി തന്നെ നാം കാണണം, എന്നാൽ, അത് സത്യയാഥാർത്ഥ്യത്തിന്റെ ശരിപകർപ്പുകളല്ല. സ്ഥലം, കാലം, ആകൃതി, നിറം, മണം, രുചി, ചലനം തുടങ്ങിയവയെല്ലാം നമ്മുടെ ജീവിതലീലയിൽ സഹായിക്കുന്നതിന് ഇന്ദ്രിയങ്ങൾ ഒരുക്കുന്ന പ്രതീതിലോകങ്ങളാണ്.

ബോധമാണ് പ്രാഥമികം എന്ന നിലപാടിലേക്കാണ് ഹോഫ്മാൻ നീങ്ങുന്നത്. ചെമന്ന നിറമെന്ന ബോധാനുഭവം നമ്മുടെ മസ്തിഷ്‌ക്കത്തിൽ സൃഷ്ടിക്കപ്പെടുന്നതെങ്ങനെയെന്നു പറയാൻ കഴിയുന്ന ഒരു പരിപ്രേക്ഷ്യവും നമ്മുടെ സാധാരണ സമീപനങ്ങൾക്കില്ലെന്ന് അദ്ദേഹം പറയുന്നു

സത്യയാഥാർത്ഥ്യം നമ്മുടെ ഇംഗിതമാണ്, അത് നമ്മുടെ അതിജീവനാവശ്യമല്ല. നമ്മുടെ സംവേദനങ്ങൾ വസ്തുനിഷ്ഠയാഥാർത്ഥ്യത്തിലേക്കുള്ള വാതായനങ്ങളല്ല. ഇന്ദ്രിയങ്ങൾ പരിണമിച്ചു വികസിച്ചിരിക്കുന്നത് നമ്മുടെ അതിജീവനാവശ്യങ്ങൾക്കനുസരിച്ചാണ്. പച്ച നിറത്തെ കാണാനുള്ള ശേഷി, കുയിലിന്റെ പാട്ടു കേൾക്കാനുള്ള ശേഷി, മാമ്പഴത്തിന്റെ മധുരം രുചിക്കാനുള്ള ശേഷി, മുല്ലപ്പൂവിന്റെ സുഗന്ധം മണക്കാനുള്ള ശേഷി ഇവയെല്ലാം പരിണാമത്തിലൂടെ നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച് നാം കൈവരിച്ചതാണ്.

ഭൂമിക്കു പുറത്തുള്ള ഒരു സംസ്‌കൃതിയിലെ ബുദ്ധിയുള്ള ജീവികൾക്ക് നമ്മുടേതു പോലുള്ള കണ്ണുകൾ ഉണ്ടായിരിക്കണമെന്നില്ല. പച്ചയെന്ന നിറത്തെയും ഗുണത്തെയും അവർ മനസ്സിലാക്കുകയോ തിരിച്ചറിയുകയോ ചെയ്യണമെന്നില്ല. പച്ചയിലയും പച്ചവെളിച്ചവും ഭൂമിയിലെ മനുഷ്യരുടെ ഇന്ദ്രിയങ്ങൾക്കു സംവദിക്കാൻ കഴിയുന്ന ഗുണമായി അവർ മനസ്സിലാക്കിയേക്കാം.
യാഥാർത്ഥ്യം ഒരു സമ്പർക്കമുഖത്തിനു പിന്നിൽ മറച്ചു വയ്ക്കപ്പെട്ടിരിക്കുകയാണെങ്കിൽ, നാം ഇന്ദ്രിയങ്ങളിലൂടെ സംവദിക്കുന്നതോ ഇന്ദ്രിയസംവേദനങ്ങളുടെ അമൂർത്തവൽക്കരണത്തിലൂടെ സ്വായത്തമാക്കുന്നതോ യാഥാർത്ഥ്യമല്ലെങ്കിൽ, യാഥാർത്ഥ്യം എന്താണ്?

നമ്മുടെ സംവേദനങ്ങൾ വസ്തുനിഷ്ഠയാഥാർത്ഥ്യത്തിലേക്കുള്ള വാതായനങ്ങളല്ല. ഇന്ദ്രിയങ്ങൾ പരിണമിച്ചു വികസിച്ചിരിക്കുന്നത് നമ്മുടെ അതിജീവനാവശ്യങ്ങൾക്കനുസരിച്ചാണ്. പച്ച നിറത്തെ കാണാനുള്ള ശേഷി, കുയിലിന്റെ പാട്ടു കേൾക്കാനുള്ള ശേഷി, ഇവയെല്ലാം പരിണാമത്തിലൂടെ നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച് നാം കൈവരിച്ചതാണ് / Photo: Dako Huang, Flickr
നമ്മുടെ സംവേദനങ്ങൾ വസ്തുനിഷ്ഠയാഥാർത്ഥ്യത്തിലേക്കുള്ള വാതായനങ്ങളല്ല. ഇന്ദ്രിയങ്ങൾ പരിണമിച്ചു വികസിച്ചിരിക്കുന്നത് നമ്മുടെ അതിജീവനാവശ്യങ്ങൾക്കനുസരിച്ചാണ്. പച്ച നിറത്തെ കാണാനുള്ള ശേഷി, കുയിലിന്റെ പാട്ടു കേൾക്കാനുള്ള ശേഷി, ഇവയെല്ലാം പരിണാമത്തിലൂടെ നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച് നാം കൈവരിച്ചതാണ് / Photo: Dako Huang, Flickr

ഒരു കണ്ണാടിയിൽ സ്വയം കാണുമ്പോൾ നിങ്ങൾ കണ്ണുകളും ചുണ്ടുകളും തലമുടിയും ചർമ്മവും മുഖഭാവവും കാണുന്നു. എന്നാൽ, ഒരു വലിയ ലോകം മറവിലാണ്. നിങ്ങളുടെ സ്വപ്നങ്ങൾ, ഭയങ്ങൾ, രാഷ്ട്രീയം, സംഗീതഭ്രമം, സാഹിത്യത്തോടുള്ള താൽപ്പര്യം, കുടുംബത്തോടുള്ള അടുപ്പം, നിറങ്ങളുടേയും ഗന്ധങ്ങളുടേയും ശബ്ദങ്ങളുടേയും സ്പർശങ്ങളുടേയും രുചികളുടേയും അനുഭവങ്ങൾ ഇവയെല്ലാം മറവിലാണ്. നിങ്ങൾ കാണുന്ന മുഖം ഒരു സമ്പർക്കമുഖം മാത്രമാണ്. അനുഭവങ്ങളുടേയും പ്രവർത്തനങ്ങളുടേയും ബൃഹദ് ലോകം അതിന്നടിയിലാണ്. ഈ വിശദീകരണങ്ങൾക്കു ശേഷം ബോധമാണ് പ്രാഥമികം എന്ന നിലപാടിലേക്കാണ് ഹോഫ്മാൻ നീങ്ങുന്നത്. ചെമന്ന നിറമെന്ന ബോധാനുഭവം നമ്മുടെ മസ്തിഷ്‌ക്കത്തിൽ സൃഷ്ടിക്കപ്പെടുന്നതെങ്ങനെയെന്നു പറയാൻ കഴിയുന്ന ഒരു പരിപ്രേക്ഷ്യവും നമ്മുടെ സാധാരണ സമീപനങ്ങൾക്കില്ലെന്ന് അദ്ദേഹം പറയുന്നു. യാഥാർത്ഥ്യത്തെ അതേപടി നാം സംവദിക്കുന്നുവെന്ന ധാരണയെ മാറ്റിക്കൊണ്ടേ ഇതു സാദ്ധ്യമാകൂവെന്ന് ഹോഫ്മാൻ ചൂണ്ടിക്കാണിക്കുന്നു.

നീളം, വീതി, ഉയരം എന്നീ മൂന്നു മാനങ്ങളുള്ള സ്ഥലപ്രകൃതിയെയാണ് നാം സ്വീകരിക്കുന്നത്. ഇത് ഒരു സൈദ്ധാന്തികമാതൃകയാണെന്ന് ഭൗതികശാസ്ത്രജ്ഞന്മാർ തന്നെ സമ്മതിക്കുന്നുണ്ട്. സ്ഥല-കാലമാനങ്ങളില്ലാതെയോ രണ്ടു മാനങ്ങൾ കൊണ്ടു മാത്രമായോ യാഥാർത്ഥ്യത്തെ വിശദീകരിക്കാൻ കഴിയും. ഒരു സ്ഥലത്ത് ഉൾക്കൊള്ളിക്കാൻ കഴിയുന്ന വിവരങ്ങളുടെ അളവിന് പ്രതലവിസ്തീർണ്ണത്തോടാണ്, വ്യാപ്തത്തിനോടല്ല ബന്ധമുള്ളതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഹോഫ്മാൻ വിശദീകരിക്കുന്നു. സ്ഥല-കാലങ്ങൾ നാം നിർമ്മിച്ചെടുക്കുന്ന ഘടനകളാണെന്ന നിഗമനത്തിലേക്കാണ് അദ്ദേഹം നീങ്ങുന്നത്.

ഹോഫ്മാൻ ഭൗതികതയെ നിഷേധിക്കുന്നു. അതിനു പകരം ബോധത്തെ പ്രാഥമികമെന്ന് നിനയ്ക്കുന്നു. ഇത് കൗശലപൂർവ്വമായ ഒരു നീക്കമാണ്.

ദ്രവ്യവും സ്ഥലവും കാലവും ബോധത്തിൽ നിന്നാണ് ഉരുവം കൊള്ളുന്നതെന്നാണ് ഹോഫ്മാൻ അനുമാനിക്കുന്നത്. വിവരപ്രക്രിയകളാണ് അടിസ്ഥാനപരവും പ്രാഥമികവുമായിട്ടുള്ളത്, കണികകളോ സ്ഥല-കാലഘടനകളോ അല്ല. നമ്മുടെ നിരീക്ഷണവും മറ്റു പ്രതിപ്രവർത്തനങ്ങളുമാണ് യാഥാർത്ഥ്യത്തിന്റെ അസ്തിത്വത്തെ നിശ്ചയിക്കുന്നത്. ബോധ യഥാതഥവാദം (Conscious Realism) എന്നു വിളിക്കാവുന്ന ഏകാത്മക ദാർശനികനിലപാടിനെ ഹോഫ്മാൻ സ്വീകരിക്കുന്നു. പരസ്പരം സ്വാധീനിക്കുകയും സംവദിക്കുകയും ചെയ്യുന്ന ബോധനിർവ്വാഹക (Conscious Agent) ങ്ങളെ കൊണ്ടാണ് ലോകം നിറഞ്ഞിരിക്കുന്നത്. ബോധത്തിൽ നിന്നും ഉയിർക്കൊള്ളുന്ന സംവേദനാത്മക സമ്പർക്കസ്ഥലത്തിലൂടെ ബോധനിർവ്വാഹകങ്ങൾ ഉല്പാദിപ്പിക്കുന്ന പ്രതീതികളെയാണ് യാഥാർത്ഥ്യം എന്നു നാം വിളിക്കുന്നത്. ബോധത്തെ വിശദീകരിക്കുന്നതിന് ഈ രീതിശാസ്ത്രം സഹായകമാകും എന്നാൽ, ഭൗതികതക്ക് ഇപ്പോഴും ബോധത്തെ വിശദീകരിക്കാനാകുന്നില്ല. പഞ്ചസാരയുടെ രാസഘടന എങ്ങനെയാണ് മധുരാനുഭവം നൽകുന്നതെന്നു വിശദീകരിക്കാൻ ഭൗതികതയുടെ സമീപനങ്ങൾക്കു കഴിയില്ല.

സാഹസികമായ തന്റെ അനുമാനത്തെ പുസ്തകത്തിലുടനീളം അവതരിപ്പിക്കുന്ന ഹോഫ്മാൻ ഇതിന്നെതിരു നിൽക്കുന്ന സിദ്ധാന്തങ്ങളെ പരാമർശിക്കുന്നതേയില്ല. ഹോഫ്മാൻ ഭൗതികതയെ നിഷേധിക്കുന്നു. അതിനു പകരം ബോധത്തെ പ്രാഥമികമെന്ന് നിനയ്ക്കുന്നു. ഇത് കൗശലപൂർവ്വമായ ഒരു നീക്കമാണ്. എന്നാൽ, സംജ്ഞാനപ്രക്രിയകൾ നിർവ്വഹിക്കപ്പെടുന്ന ഇടങ്ങളുടെ സവിശേഷതകളെ ആദരവോടെ കാണുന്നതിൽ ഇതു പരാജയപ്പെടുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ▮


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments