ലൈംഗികപാപബോധം കൊണ്ടു നിർമ്മിക്കപ്പെട്ട ഗ്രാമത്തിന്റെ കഥകളുറങ്ങുന്ന ‘പുറ്റ്’

“നാട്ടുഗ്രാമത്തിന്റെ കഥ എന്നതിലുപരി വിനോയ് തോമസിന്റെ കൃതി പ്രാഥമികമായും ലൈംഗികപാപബോധത്തിന്റെ കൃതിയാണ്. ഈ എഴുത്തുകാരനു സഹജമായ നർമ്മം നിറച്ചു കൊണ്ടു തന്നെ എഴുതപ്പെട്ട പാപബോധത്തിന്റെ നോവൽ,” വിനോയ് തോമസിന്റെ നോവൽ പുറ്റിനെ വിലയിരുത്തുകയാണ് വി. വിജയകുമാർ.

തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ കഥകൾ പറയാനുള്ള ആദ്യശ്രമം എസ്.കെ. പൊറ്റെക്കാടിന്റെ ‘വിഷകന്യക’ എന്ന നോവലാണെന്നു തോന്നുന്നു. വയനാട്ടിലെ കന്നിമണ്ണു തേടി മദ്ധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആദ്യകാലത്തു കുടിയേറിയ കർഷകരുടെ സാമൂഹികജീവിതചരിത്രം പൊറ്റെക്കാട് എഴുതി. പട്ടരേയും (1) പട്ടിണിയേയും പേടിച്ച് തിരുവിതാംകൂറിൽ നിന്ന് വയനാട് ചുരം കയറിയ കർഷകർ ജീവിതായോധനത്തിനായി പ്രകൃതിയോടു മല്ലിടുന്നതിന്റെയും വലിയ ദുരിതങ്ങളെ അഭിമുഖീകരിക്കുന്നതിന്റെയും പ്രകൃതിയുടെ പ്രതികാരവാസനയിൽ നിസ്സഹായരാകുന്നതിന്റെയും ആഖ്യാനമായിരുന്നു അത്. വയനാട്ടിലെ മലങ്കാടുകളെ കൃഷിയോഗ്യമാക്കാൻ ഇറങ്ങി പുറപ്പെട്ട് ആ മലഞ്ചെരുവുകളിൽ ജീവാഹുതി ചെയ്ത പരസഹസ്രം പാവങ്ങൾക്കായി സമർപ്പിക്കുന്ന പൊറ്റെക്കാടിന്റെ നോവൽ മനുഷ്യകേന്ദ്രവാദത്തിന്റെ കൃതി എന്ന നിലയിൽ പിൽക്കാലത്ത് വായിക്കപ്പെട്ടിട്ടുണ്ട്. അന്തോണി എന്ന പുരുഷന്റെ കണ്ണിൽ മാധവി എന്ന സ്ത്രീയും സ്ത്രീയുടെ രൂപകമായി പ്രത്യക്ഷപ്പെടുന്ന പ്രകൃതിയും പ്രേമപിശ്ശാചിനിയും വിഷകന്യകയുമായി വിശേഷിപ്പിക്കപ്പെടുന്ന ആ കൃതി ഫെമിനിസ്റ്റു വിമർശത്തിലൂടെ കടന്നുപോകേണ്ടതുമാണ്. പൊറ്റെക്കാടിന്റെ നോവൽ കുടിയേറ്റഗ്രാമങ്ങളുടെ സാംസ്കാരികജീവിതത്തിലേക്ക് കാര്യമായി പ്രവേശിക്കുന്നുണ്ടെന്നു പറയാൻ കഴിയില്ല. എന്നാൽ, മലബാറിലേക്കുള്ള പിൽക്കാലകുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ വിനോയ് തോമസിന്റെ പുറ്റ് എന്ന നോവൽ പെരുമ്പാടി എന്ന കുടിയേറ്റഗ്രാമത്തിന്റെ കഥ പറയുമ്പോൾ മുഖ്യമായും ആവിഷ്ക്കരിക്കപ്പെടുന്നത് ആ പ്രദേശത്തിന്റെ സാംസ്കാരികജീവിതമാണ്. പെരുമ്പാടി കേറുകയെന്നാൽ നശിച്ച് ഗതിയില്ലാതെ പുറപ്പെട്ടുപോകുകയെന്ന അർത്ഥമുള്ള കാലമുണ്ടായിരുന്നത്രെ! നശിച്ച ജീവിതങ്ങൾ എത്തിപ്പെടുന്നിടം! ഒരുകാലത്ത് മനുഷ്യരാരും കടക്കാതിരുന്നിടത്ത് എത്തിപ്പെട്ടവർ അവിടെ ജീവിതം കരുപ്പിടിപ്പിക്കുമ്പോൾ തനതായി രൂപം കൊള്ളുന്ന ജീവിതസാഹചര്യങ്ങളിലെ സവിശേഷമായ സാംസ്കാരികജീവിതമാണ് പുറ്റിൽ നാം വായിക്കുന്നത്.

എത്രയോ നാട്ടുകഥകളുടെയും സംഭവങ്ങളുടെയും ശേഖരമാണ് ഈ നോവൽ. അവയെ കുറിച്ച് യാഥാർത്ഥ്യം എന്നു പറഞ്ഞാൽ പോര, പലതും സാക്ഷാത്കൃതമായ സംഭവങ്ങളായിരിക്കും! ഒരു കൃതിയുടെ ആശയ, പ്രത്യയശാസ്ത്രലോകം അതിന്റെ ഭാഷാശൈലിയിൽ അടക്കം ചെയ്യപ്പെട്ടിരിക്കുന്നുവെന്നു പറയുന്നത് വിനോയ് തോമസിന്റെ ഈ നോവലിനെ സംബന്ധിച്ചിടത്തോളം കൃത്യമായിരിക്കുന്നു. ചൊൽക്കഥാപാരമ്പര്യത്തോടു അടുത്തു നിൽക്കുന്ന രചനാശൈലിയാണ് പുറ്റിന്റേത്. ഒരു പെരുമ്പാടിക്കാരൻ നാട്ടുമനുഷ്യൻ നമ്മളോടു കഥ പറയുന്നതു പോലെ, ഒരു സംഭവം വിവരിക്കുന്നതു പോലെ വിനോയ് തോമസ് നോവൽ എഴുതുന്നു. അത് സാഹിതീയമായ ഭാഷയാണോ എന്ന പ്രശ്നം നോവലിസ്റ്റിനെ അലട്ടുന്നില്ല. അഥവാ ഭാഷയെയും ശൈലിയെയും സാഹിതീയം/സാഹിതീയമല്ലാത്തത് എന്നു വിഭജിക്കുന്നതിനെ വിനോയ് തോമസ് കാര്യമായി ഗൗനിക്കുന്നതേയില്ല. നമ്മുടെ നോവലിസ്റ്റ് എഴുതിയ മറ്റൊരു കുടിയേറ്റഗ്രാമത്തിന്റെ കഥ (2)യും അതു ചലച്ചിത്രമാക്കിയപ്പോൾ അതിലെ ചുരുളിഭാഷയെ കുറിച്ച് സദാചാരവാദികൾ ഉയർത്തിയ ഒച്ചപ്പാടുകളും യഥാക്രമം എഴുത്തുകാരന്റെ ഈ മനോഭാവത്തിന്റെ പ്രത്യക്ഷവും അതിനോടുള്ള യാഥാസ്ഥിതികത്വത്തിന്റെ പ്രതികരണവുമായിരുന്നു എന്നു കൂടി പറയണം. തുറന്നെഴുതുന്നതിന്റെ ലാളിത്യവും വിനിമയശേഷിയും ചാരുതയും വിനോയ്‌തോമസിന്റെ നോവൽ ഭാഷയ്ക്കുണ്ട്. നാട്ടകം മനസ്സിലാക്കിയവർക്കേ, നാടിന്റെ കഥകൾ ഉള്ളറിഞ്ഞു കേട്ടവർക്കേ ഈ ഭാഷയിലും ശൈലിയിലും നോവൽ എഴുതാൻ കഴിയൂ. ഒരു പക്ഷേ, പൊറ്റെക്കാടിന്റെ വിഷകന്യകയേക്കാളും മികച്ച നോവലായി പുറ്റ് മാറുന്നത് സാഹിതീയത്തിന്റെ നടപ്പുകൽപ്പനകളെ ലംഘിച്ച് ഒരു കുടിയേറ്റഗ്രാമത്തിന്റെ കഥ എഴുതിയതു കൊണ്ടാണ്. വിഷകന്യകയുടെ പരിചരണം ഏകദിശീയമായി നമുക്കു തോന്നും. എന്നാൽ, ബഹുദിശകളിൽ, പലമകളിൽ, വിവിധ രീതികളിൽ ആവിഷ്ക്കരിക്കുന്നതാണ് വിനോയ് തോമസിന്റെ രീതി. മറ്റൊരു രീതിയിൽ, മലയാളനോവൽ എങ്ങനെയെല്ലാം വളരുന്നുവെന്നതിന്റെ സൂചിക കൂടിയാണിത്. പെരുമ്പാടിയിലെ എല്ലാ മനുഷ്യരുടെയും കഥ വിനോയ് തോമസ് എഴുതുന്നതായി നമുക്കു തോന്നുന്നു. അവിടുത്തെ ആൾദൈവം ഭവാനിദൈവം, ചായക്കട പ്രസന്നൻ, എല്ലാവരുടേയും തെറി കേൾക്കുന്ന പിടിയത്താനി വർഗീസ് എന്ന പിഎംവി സാർ, പെരുമ്പാടിയിലെ നാട്ടുമദ്ധ്യസ്ഥൻ കുമ്മണ്ണൂരിലെ പോൾ സാർ, അപ്പം മേരി, മകൾ പ്രീത, ഫാ. ജോസഫ് നീറുകുഴി, സിൽവി, ജലഗന്ധർവ്വൻ കൊച്ച രാഘവൻ, മൂരിരാവുണ്ണി, കൊട്ടൻ സണ്ണി, കോൺട്രാക്ടർ ലൂയിസ്, മാലൻ, ഷുക്കൂറാജി, ത്രേസ്യാസിസ്റ്റർ, വത്സച്ചേടത്തി, ആയിഷോമ്മ, മദർ ഫിലോമിന, കമലാക്ഷിയേച്ചി, വേലു, പാറുകുരുക്കത്തി, പെരുമ്പാടി ഗ്രേസി എന്നിങ്ങനെ എത്രയെത്ര മനുഷ്യരുടെ കഥകൾ! മനുഷ്യർ ഓരോരുത്തരുടെയും കഥകൾ തനതും അനന്യവുമാണെന്നു തോന്നുന്ന വിധത്തിൽ അവ എഴുതപ്പെടുന്നു.

 വിനോയ് തോമസ്
വിനോയ് തോമസ്

എന്നാൽ, നാട്ടുഗ്രാമത്തിന്റെ കഥ എന്നതിലുപരി വിനോയ് തോമസിന്റെ കൃതി പ്രാഥമികമായും ലൈംഗികപാപബോധത്തിന്റെ കൃതിയാണ്. ഈ എഴുത്തുകാരനു സഹജമായ നർമ്മം നിറച്ചു കൊണ്ടു തന്നെ എഴുതപ്പെട്ട പാപബോധത്തിന്റെ നോവൽ. ഈ കൃതിയിലെ കഥാപാത്രങ്ങളായ നാട്ടുമനുഷ്യർ പരസ്പരം അവഹേളിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ ലൈംഗികച്ചുവയുള്ള തെറിവാക്കുകൾ വിളിക്കുന്നു. ലൈംഗികാവയവങ്ങളുടെയും ലൈംഗികബന്ധത്തിന്റെയും അഗമ്യഗമനങ്ങളുടെയും നാട്ടുചൊല്ലുകൾ കൊണ്ട് പരസ്പരം ആക്രമിക്കുന്നു. ലൈംഗികസദാചാരത്തിന്റെ ആക്രമണങ്ങളെ ഭയന്ന് മുഖ്യധാരയിൽ നിന്നും മാറി ഒളിജീവിതം ആഗ്രഹിച്ച് ഇങ്ങോട്ടു കുടിയേറിയവരായിരുന്നു പെരുമ്പാടിയിലെ മനുഷ്യർ. അവർ തന്നെയാണ് ലൈംഗികച്ചുവയുള്ള തെറിവാക്കുകൾ കൊണ്ട് പരസ്പരം നേരിടുന്നതും. ലൈംഗികതയെ അരുതാത്തതായി, തെറ്റായ കർമ്മമായി കാണുന്ന ജീവിതാവബോധം അരുതാത്തത് ചെയ്യിക്കുന്ന ഈ സന്ദർഭങ്ങൾ അവരുടെ അബോധം പ്രത്യക്ഷീകരിക്കുന്നവയാണ്. ഭാഷ പ്രത്യയശാസ്ത്രമാണെന്നു മനസ്സിലാക്കാനുള്ള സന്ദർഭവുമാണിത്. ഭാഷയിൽ, തെറിവാക്കുകളിൽ കൂടിയും, പ്രത്യയശാസ്ത്രം ദമിതമായിരിക്കുന്നു. രാഘവൻ കൊച്ചയുടെ ജലഗന്ധർവ്വജീവിതത്തിന്റെയും അതിനോടു ഇണങ്ങി നിൽക്കുന്ന സ്ത്രീകളുടെ സ്നാനചര്യകളുടെയും വിവരണങ്ങൾ ഒളിവിലെ ലൈംഗികതയുടെ സാമൂഹികമന:ശാസ്ത്രത്തെ മറ്റൊരു തലത്തിൽ വെളിപ്പെടുത്തുന്നതാണ്. ലൈംഗികപാപബോധത്തിനു മതാത്മകമായ മാനങ്ങളുമുണ്ട്, ഉൽപ്പത്തിപുസ്തകത്തോളം ചെന്നെത്തുന്നത്. തന്തയില്ലാതെ ജനിച്ചവനായി ചിന്നയുടെ മനസ്സിൽ പുണ്യവാളന്മാരുടെ മുകളിലുള്ള ഒരാളുടെ പേരു വന്നെങ്കിലും അങ്ങനെ ആലോചിക്കുന്നതു പാപമാണെന്നു കരുതി അവർ മിണ്ടാതിരുന്നു എന്ന വിവരണത്തിലെ മതാത്മകവും പാപബോധപരവുമായ മാനങ്ങൾ നോവലിന്റെ ആന്തരികസത്തയിലേക്കു നയിക്കുന്നതത്രേ! ആ സൈനികന്റെ നാമം ഉച്ചരിക്കാൻ അയൽക്കാരനെ തന്നെപ്പോലെ സ്നേഹിക്കാൻ പഠിപ്പിച്ച മതം ഇനിയും തയ്യാറാകാത്തിടത്തോളം കാലം ആ മതം വേണ്ടത്ര മാനവികമല്ലാതാകുകയും നിഗൂഢമായി തുടരുകയും ചെയ്യും. നിഗൂഢത ഉചിതമല്ലെന്ന ബോധനിലാവ് മതമനസ്സിൽ എന്നാണ് ഉദിക്കുക?

ഇവിടേക്കു കുടിയേറിയവർ പട്ടിണിയും പരിവട്ടവും പൊറാഞ്ഞ് വയനാടുചുരം കയറിയവരെ പോലെ ആയിരുന്നില്ല. പെരുമ്പാടിയിലേക്ക് ഏറ്റവുമാദ്യം വന്നത് ചെറുകാനാക്കാരാണ്. മനുഷ്യന് എത്തിപ്പെടാൻ വളരെയേറെ പ്രയാസങ്ങളുള്ള പെരുമ്പാടിയിലേക്ക് ചെറുകാനാ കുഞ്ഞുവർക്കിച്ചേട്ടനും ഒരു സ്ത്രീയും എത്തിച്ചേർന്നത് മനുഷ്യന്റെ കൺവെട്ടത്ത് വരാതിരിക്കാനായിരുന്നു. കുഞ്ഞുവർക്കിച്ചേട്ടന്റെ കൂടെയുണ്ടായിരുന്നത് അയാളുടെ ഭാര്യയായിരുന്നില്ല, അങ്ങേരിൽ നിന്നും ഗർഭിണിയായ മൂത്തമകളായിരുന്നു. സാമൂഹിക സദാചാരവിലക്കിന്റെയും അപമാനഭാരത്തിന്റെയും അപരാധബോധത്തിന്റെയും ചുഴിയിൽ പെട്ടവർ മനുഷ്യരാരുമില്ലാത്ത ഇടംതേടി കാടും മലയും പാറക്കൂട്ടങ്ങളും മാത്രമുള്ള പെരുമ്പാടിയിലേക്ക് രക്ഷ നേടുകയായിരുന്നു. പെരുമ്പാടിയിലേക്കുള്ള ഈ ആദ്യകുടിയേറ്റത്തിന്റെ കഥ നോവലിന്റെ ഒന്നാം ഖണ്ഡത്തിൽ തന്നെ നാം വായിക്കുന്നു. നോവലിന്റെ സംസ്കാര വിമർശമണ്ഡലം ഇവിടെ തന്നെ തുറക്കുന്നുവെന്നു പറയാം. നോവലിന്റെ പിന്നീടുള്ള ഭാഗങ്ങളിൽ പെരുമ്പാടിയിലേക്ക് എത്തിച്ചേരുന്ന എത്രയോ മനുഷ്യരുടെ കഥകൾ നോവലിസ്റ്റ് എഴുതുന്നുണ്ട്. ഇവിടെയെല്ലാം വിനോയ് തോമസ് ഒരുക്കുന്ന സൂചകങ്ങൾ സാംസ്കാരിക, സദാചാരബോധങ്ങളിലേക്കു നീളുന്നതാണ്. പെരുമ്പാടിയിലേക്കു കുടിയേറിയവരെല്ലാവരും തങ്ങൾ സംസ്കാരലോപമുള്ളവരാണെന്ന വിചാരത്തെ അബോധത്തിലെങ്കിലും പേറുന്നവരാണെന്ന പ്രതീതി ഈ കഥകൾ വായനക്കാരിൽ സൃഷ്ടിക്കുന്നു. സംസ്കാര വിചാരത്തിന്റെ ഇടമായി നോവലിന്റെ ഉള്ളം മാറിത്തീരുന്നത് ആർക്കും സ്പർശനത്തിലൂടെയെന്നോണം അറിയാൻ കഴിയും. ലൈംഗികപാപബോധങ്ങൾ കൊണ്ടു നിർമ്മിക്കപ്പെട്ട കുടിയേറ്റഗ്രാമം നിരന്തരം അതിൽ തന്നെ മുങ്ങിത്താഴ്ന്നു പോകുന്നതിന്റെയും രക്ഷ കിട്ടാതെ ഉഴലുന്നതിന്റെയും ചിത്രണങ്ങളാണ് ഈ നോവലിന്റെ ഏറെ ഭാഗവും. ഭവാനിദൈവത്തിന്റെയും സിൽവിയുടെയും കഥകളിൽ തുടങ്ങി ജറമിയാസിന്റെയും നീരുജോസഫിന്റെയും കഥകളിൽ വരെ ഇതാണ് നാം കേൾക്കുന്നത്.

മതവും കുടുംബവും ഉൾപ്പെടെയുള്ള സാമൂഹികസ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന സാമൂഹികമൂല്യമണ്ഡലങ്ങളും സദാചാരനിയമങ്ങളും മനുഷ്യജീവിതത്തെ നിസ്സഹായമാക്കുന്ന സന്ദർഭങ്ങളെ സൃഷ്ടിക്കുകയും അവയിൽ നിന്നും കുതറിത്തെറിക്കാനാവാതെ ആത്മസംഘർഷങ്ങളിലും സ്വയം അടിച്ചൊതുക്കലുകളിലും കെട്ടിയേൽപ്പിക്കപ്പെട്ട പാപബോധത്തിലും പെട്ടു കലുഷമാകുകയും ചെയ്യുന്ന രണ്ടു മനുഷ്യാത്മാക്കളുടെ കഥകളാണ് ഈ നോവലിന്റെ പ്രധാന ചാലകശക്തിയായി പ്രവർത്തിക്കുന്നത്. ജറമിയാസിന്റെയും അയാളുടെ മകന്റെ ഭാര്യ നീരുജോസഫിന്റെയും ജീവിതങ്ങൾ! അപ്പനെ പിന്തുടർന്ന് ജറമിയാസ് പോളും പെരുമ്പാടിയിലെ നാട്ടുമദ്ധ്യസ്ഥനും പരോപകാരിയും നാട്ടുകാർക്കെല്ലാം പൊതുസമ്മതനുമാണെങ്കിലും ആ ഗ്രാമത്തിന്റെ ആത്മാവിനെ ബാധിച്ചിട്ടുള്ള പാപബോധത്തിന്റെ പിടിയിൽ നിന്നും അയാളും വിമുക്തനാകുന്നില്ല. അപ്രതീക്ഷിതമായ ജീവിതസാഹചര്യങ്ങൾ അയാളെ വലിയ പാപബോധത്തിലേക്കു നയിക്കുന്നതാണ് പിന്നീടു നാം കാണുന്നത്. വരാനിരിക്കുന്ന പീഡകളുടെ കാലം തന്റെ മകൻ എങ്ങനെ മറികടക്കുമെന്ന പോൾ സാറിന്റെ വേദന യാഥാർത്ഥ്യമാകുന്നു. സ്വന്തം ജീവിതത്തിൽ നീതി കിട്ടാതിരുന്നവരാണ് പെരുമ്പാടി ഗ്രാമത്തിനു നീതിയുണ്ടാക്കി കൊടുത്തതെന്ന് ജറമിയാസിന്റെ സഹചാരിയായ വേലുവിനു തോന്നുന്നുണ്ട്. നീതി കിട്ടാത്തവരാണ് നീതി സൃഷ്ടിക്കുന്നത്.

കുമ്മണ്ണൂരിൽ നിന്നും ആങ്ങള ലോനച്ചനാണ് ചിന്നയേയും മകൻ പോളിനേയും പെരുമ്പാടിയിലെത്തിച്ചത്. കുഞ്ഞാച്ചിയുടെ കെട്ടിയോൻ ഓനച്ചനിൽ ചിന്നയ്ക്കു പിറന്ന മകനായിരുന്നു പോൾ. ഓനച്ചൻ ചിന്നയോടു സ്നേഹം സൂക്ഷിച്ചുവെങ്കിലും നടപ്പുസദാചാരബോധത്തിനു വിരുദ്ധമായ അഗമ്യഗമനത്തിന്റെ ചരിത്രം പോളിന്റെ കുടുംബത്തെ; നവീകരണഭവനത്തെ, ഒഴിയാതെ പിന്തുടർന്നു. അത് ഇതരരൂപത്തിൽ ജറമിയാസിൽ മൂർത്തരൂപം പ്രാപിക്കുന്നു. മകൻ അരുണിനെ നീരുജോസഫിനെ കൊണ്ടു വിവാഹം കഴിപ്പിക്കാമെന്ന ആലോചനയ്ക്കു ജറമിയാസിനെ പ്രേരിപ്പിക്കുന്നത് തന്റെ നാട്ടുമാദ്ധ്യസ്ഥത്തിൽ സംഭവിച്ച പിഴവിനെ കുറിച്ചുള്ള കുറ്റബോധമായിരുന്നു. നല്ല ധിഷണയും ഉത്തരവാദിത്തബോധവും വായനാശീലവുമുള്ള നീരുജോസഫ് കാര്യങ്ങളെ വിവേചിച്ചറിയാനുള്ള കെൽപ്പുള്ളവളായിരുന്നു. നീരുവിന്റെ കാര്യനിർവ്വഹണശേഷിയെയും സാമൂഹികമാനങ്ങളുള്ള ആത്മാർത്ഥതയെയും മനസ്സിലാക്കുന്ന ജറമിയാസിൽ കുറ്റബോധം വർദ്ധിച്ചിരിക്കണം. വരന്റെ മാനസികരോഗ്യത്തിന്റെ പേരിൽ തന്റെ വിവാഹം മുടങ്ങിയതിനെ ചൂണ്ടി മനസ്സിന്റെ കാര്യത്തിൽ രോഗമുള്ളവരും ഇല്ലാത്തവരും ആരാണെന്നു നമ്മളെങ്ങനെയാണു നിശ്ചയിക്കുകയെന്നു നീരു ചോദിക്കുന്നുണ്ട്. തന്റെ മാദ്ധ്യസ്ഥ ഇടപെടൽ മൂലം അവൾക്ക് ദാമ്പത്യജീവിതം ഇല്ലാതായി തീരുന്നുവോയെന്ന സന്ദേഹത്തിന് ജറമിയാസ് കീഴ്പ്പെടുന്നു. എന്നാൽ, പെരുമ്പാടിയിലെ നാട്ടുകാരുടെ പ്രശ്നങ്ങൾക്കെല്ലാം മാദ്ധ്യസ്ഥം വഹിച്ചു പരിഹാരം നിർദ്ദേശിക്കുന്ന ജറമിയാസ് പോൾ നീരുജോസഫിന്റെ കാര്യത്തിൽ എടുത്ത രണ്ടു പരിഹാരതീരുമാനങ്ങളും തെറ്റിപ്പോകുന്നു. നാട്ടുകാരുടെ പ്രശ്നങ്ങൾ എല്ലാമറിയുന്ന ജറമിയാസിന് തന്റെ മകൻ അരുണിനെ കുറിച്ച് അറിവുകളില്ലായിരുന്നു. നീരുജോസഫിന് വരനായി തന്റെ മകനെ നിർദ്ദേശിക്കുമ്പോൾ ജറമിയാസിനു രണ്ടാമതും തെറ്റി.

എല്ലാ ക്രൈസ്തവപ്രമേയങ്ങളിലും പഴയനിയമത്തിൽ എഴുതപ്പെട്ട അഗമ്യഗമനങ്ങളോടും സ്വതന്ത്ര ലൈംഗികജീവിതത്തോടുമുള്ള ഭയം അടിയൊഴുക്കെന്നോണം നിലനിൽക്കുന്നതായി തോന്നാവുന്നതാണ്. ലൈംഗികാസക്തികളും രക്തബന്ധ ലൈംഗികവേഴ്ചകളും സ്വതന്ത്രരതിയും പാപകർമ്മങ്ങളാണെന്നു ശക്തിയുക്തം പഴയനിയമത്തിലെ ഉൽപ്പത്തിപുസ്തകത്തിൽ എഴുതിയിരിക്കുന്നു. പുരുഷാധികാരത്തിന്റെ സാമൂഹികനിയമങ്ങൾ രൂപപ്പെടുകയും എഴുതപ്പെടുകയും ചെയ്യുന്ന കാലത്തു രചിക്കപ്പെട്ട പഴയനിയമം പുരുഷപ്രത്യയശാസ്ത്രത്തെ വെളിവാക്കുന്ന ആദ്യരേഖകളിലൊന്നാണ്. സർവ്വശക്തനും സർവ്വാധികാരിയും തന്റെ നിയമങ്ങളുടെ പാലനത്തിൽ നിർബ്ബന്ധബുദ്ധിയുള്ളവനും പെട്ടെന്നു കോപാകുലനും ആകുന്ന യഹോവദൈവം ലൈംഗികതയെ കുറിച്ചുള്ള ഈ ഭയത്തെ ഉറപ്പിച്ചു നിർത്തുന്നു. പഴയ നിയമത്തിലെ ലോതിന്റെ കഥ ഇതരരൂപത്തിൽ ജറമിയാസിൽ ആവർത്തിക്കുന്നു. ജറമിയാസിന്റെ മന:സാക്ഷി നിലവിളിക്കുന്നു. അഗമ്യഗമനത്തിന്റെ പ്രഥമകാരണം ലോതിന്റെ പെൺമക്കളാണെന്നാണ് പഴയനിയമം കാണുന്നത്. പുരുഷനെ വശീകരിക്കുന്ന സ്ത്രീസൗന്ദര്യത്തെയും സ്ത്രൈണലൈംഗികതയുടെ നാശോന്മുഖമായ അഭിനിവേശത്തെയും കുറിച്ചുള്ള പുരുഷപാഠങ്ങളാണ് മതഗ്രന്ഥത്തിൽ നാം വായിക്കുന്നത്. അതിനു സമാനമെന്നോണം, മതത്തിന്റെ പാപബോധങ്ങളെ ചുമക്കുന്ന പെരുമ്പാടി ഗ്രാമത്തെ കുറിച്ചുള്ള വിനോയ് തോമസിന്റെ ആഖ്യാനത്തിൽ, ജറമിയാസിന്റെ പുത്രഭാര്യയുടെ അടക്കിപ്പിടിച്ച ലൈംഗികമോഹങ്ങൾ ഒരു ദുർബ്ബലനിമിഷത്തിൽ പൊട്ടിത്തെറിച്ചു ബഹിർഗമിക്കുന്നു. ജറമിയാസ് പോൾ കണ്ണുനീരണിഞ്ഞു തളർന്നു കിടക്കുമ്പോൾ അയാളുടെ കണ്ണീർ തുടച്ചു കൊടുത്തു പുഴയിലേക്കിറങ്ങുന്നവൾ അവളുടെ സത്യം പറയുന്നുണ്ട്. കൊടംകാച്ചി അപ്പച്ചൻ എന്റെ വളർത്തച്ഛനാ. എന്റെ അപ്പൻ ഏതോ ജലഗന്ധർവ്വനാണ്. പെരുമ്പാടിയിലെ നീതിമാന്റെ മുന്നിൽ അഗമ്യഗമനങ്ങളുടെ തുടർചരിത്രങ്ങളെ അവൾ സ്ഥാപിക്കുകയാണ്. അതിജീവനത്തിന് നേർവഴികളില്ലെന്നു പറയുന്നവളെ പോലെ.

മനുഷ്യജീവിതത്തെ ഏറെക്കാലമായി നിർണ്ണയിച്ചു പോരുന്ന സാമൂഹികസ്ഥാപനങ്ങളായ മതവും കുടുംബവും ലൈംഗികതയോട് ഏറ്റവും യാഥാസ്ഥിതികമായ സമീപനങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. ലൈംഗികജീവിതം സാന്മാർഗ്ഗികതയെ നിർണ്ണയിക്കുന്ന പ്രമുഖഘടകമായി മാറിത്തീരുന്നത് ഈ സാമൂഹികസ്ഥാപനങ്ങളുടെ നിർബ്ബന്ധപൂർണ്ണമായ ഇടപെടലുകൾ മൂലമാണ്. മനുഷ്യരെ പുരുഷരെന്നും സ്ത്രീകളെന്നും കറുപ്പിലും വെളുപ്പിലും നിർവ്വചിക്കുകയും മൂന്നാം ലിംഗത്തിന്റെ അസ്തിത്വത്തിന് ഇടമില്ലാതാകുകയും ചെയ്യുന്നതിൽ മതത്തിന്റെയും കുടുംബത്തിന്റെയും സദാചാരസംഹിതകൾക്കു വലിയ പങ്കുണ്ട്. അരുണിന്റെ അസ്തിത്വം സ്വയം വെളിപ്പെടാതിരിക്കുന്നത് അത് അപഭ്രംശമാണെന്നും അപമാനകരമാണെന്നും നിഷേധിക്കപ്പെടേണ്ടതും ഇല്ലാതാക്കേണ്ടതുമാണെന്നും ഉറപ്പിക്കപ്പെട്ടിട്ടുള്ള മത-കുടുംബ പ്രത്യയശാസ്ത്രത്തിനു പൂർണ്ണമായും കീഴ്പ്പെട്ടു നിൽക്കുന്ന സമൂഹത്തിലാണ്. അരുണിനെ ചികിത്സിക്കാനും സാധാരണീകരിക്കാനുമുള്ള ധിഷണാശാലിനിയായ നീരുജോസഫിന്റെ ശ്രമം പോലും നടപ്പുവ്യവസ്ഥയുടെ ഇംഗിതങ്ങളിലേക്ക് അവനെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ മാത്രമായിരുന്നു. അതു പരാജയപ്പെടുകയേ ഉള്ളൂവെന്നു മനസ്സിലാകുമ്പോൾ നീരു തന്റെ ശ്രമത്തിൽ നിന്നും പിന്മാറുന്നു. യാഥാർത്ഥ്യത്തിന്റെ സങ്കീർണ്ണതകൾ മനസ്സിലാകുന്ന സന്ദർഭത്തിൽ അരുൺ സ്വയം അവളുമായുള്ള ബന്ധത്തിൽ നിന്നും വിടുതൽ നേടുന്നു. നീരുവിന്റെ ശരീരം ആഗ്രഹിക്കുന്ന ജീവിതം അവൾക്കു കിട്ടണമെന്ന് ജറമിയാസിനോട് അവൻ പറയുന്നുണ്ട്. തനിക്കു നിഷേധിക്കപ്പെട്ട നീതിയെ നീരുവിനും നിഷേധിക്കരുതെന്നു പറയുന്നതിലൂടെ നീതി നടപ്പാക്കുന്ന നവീകരണഭവനത്തിന്റെ പാരമ്പര്യത്തെ അവൻ ഏറ്റെടുക്കുന്നു. മൂന്നാം ലിംഗം അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെയും ചൂഷണത്തിന്റെയും ചിത്രം വത്സച്ചേടത്തിയുടെ കഥയിലും നോവലിസ്റ്റ് വരച്ചിടുന്നു. മൂന്നാംലിംഗത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്ന മതത്തിന്റെ സമീപനം വത്സച്ചേടത്തിയുടെ കോൺവെന്റ് ജീവിതത്തെ കുറിച്ചുള്ള പരാമർശങ്ങളിലുമുണ്ട്. മഠത്തിലെ കന്യാസ്ത്രീകളുടെ ബ്രഹ്മചര്യത്തിന്റെയും ആദർശജീവിതത്തിന്റെയും പ്രദർശനങ്ങൾക്കിടയിൽ വത്സച്ചേടത്തി അവരുടെ ലൈംഗികജീവിതത്തിന്റെ ഉപകരണമാക്കപ്പെടുന്നുണ്ട്. ഇതു കാപട്യമാണെന്ന്, എല്ലാവർക്കും ലൈംഗികസ്വാതന്ത്ര്യമുള്ള സമൂഹം ആവശ്യമായിരിക്കുന്നുവെന്ന് വിനോയ് തോമസിന്റെ ആഖ്യാനം അതിന്റെ അന്തരാത്മാവിൽ ഉദ്ഘോഷിക്കുന്നു.

ആണും പെണ്ണും എന്ന് കറുപ്പിലും വെളുപ്പിലും ലൈംഗികതയെ വിഭജിക്കുന്ന ജീവശാസ്ത്രപരമായ നിർണ്ണയവാദത്തിനെതിരെ ലോകത്തിലെ അനിശ്ചിതത്വത്തിന്റെ യാഥാർത്ഥ്യം നിലകൊള്ളുന്നതിനെ മതസഭകൾ അംഗീകരിക്കണം. എഡ്വേർഡ് ബെർജറുടെ കോൺക്ലേവ് എന്ന ചലച്ചിത്രത്തിൽ മൂന്നാംലിംഗത്തിൽ പെട്ട ഒരു ബിഷപ്പ് ഇന്നസെന്റ് ബെനിറ്റസ് മാർപാപ്പയാകുന്നതിനെ ചിത്രീകരിച്ചിട്ടുണ്ട്. LGBT വർണ്ണരാജിയെ അംഗീകരിക്കുകയും അവരെ അനുഗമിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും സ്വവർഗരതി കുറ്റകരമാക്കുന്ന നിയമങ്ങളെ അപലപിക്കുകയും ചെയ്ത പോപ്പ് ഫ്രാൻസിസ് കത്തോലിക്കാസഭയെ പുതിയ തലമുറയുടെ വിളികൾ കേൾക്കാൻ പ്രാപ്തമാക്കുകയും അതിനെ കൂടുതൽ മാനവീകരിക്കുകയും ചെയ്യുന്ന കാലത്താണ്, റോബർട്ട് ഹാരിസിന്റെ നോവലും അതിനെ ആധാരമാക്കുന്ന എഡ്വേർഡ് ബെർജറുടെ ചലച്ചിത്രവും പുറത്തിറങ്ങുന്ന കാലത്താണ്, വിനോയ് തോമസിന്റെ ആഖ്യാനവും ചർച്ച ചെയ്യപ്പെടുന്നതെന്ന കാര്യം പ്രധാനമാണ്. എന്നാൽ, മാർപാപ്പ മാറിയിട്ടും മാറാത്ത സഭകൾ കേരളത്തിലുണ്ട്.

നോവലിന്റെ ആഖ്യാനകല അതിന്റെ സാമാന്യമായ തുടർച്ചയെ ലംഘിച്ച് സവിശേഷമായ ചില മാനങ്ങൾ ആർജ്ജിക്കുന്ന രണ്ടു സന്ദർഭങ്ങളെ എടുത്തു പറയണം. കൊച്ചയുടെ ജലസഞ്ചാരങ്ങളെ വർണ്ണിക്കുന്നതാണ് ആദ്യസന്ദർഭം. ഇലുമ്പിമരത്തെ അവൻ പുഴയിൽ കാണുന്നു. കരയിലെ മരത്തേക്കാളും വലിപ്പമുള്ളത്. ഇലുമ്പിക്കായകൾക്കിടയിലൂടെ മീനുകൾ നീന്തിക്കളിക്കുന്നു. വെള്ളത്തിൽ മുങ്ങുകയാണെന്നു സ്വയം തോന്നാതെ കൊച്ച വെള്ളത്തിൽ മുങ്ങുമ്പോൾ കരയിലേക്കാളും ആശ്വാസം വെള്ളത്തിലാണെന്ന് അവനു തോന്നുന്നു. പിന്നീട് ജലത്തിനുള്ളിൽ നിന്നുള്ള ആ ജലജീവിയുടെ കാഴ്ചകളെ വിനോയ് തോമസ് എഴുതുന്നു. നദികൾക്കും പുഴകൾക്കും നാം പരിഗണിച്ചിട്ടില്ലാത്ത, അവയുടേതു മാത്രമായ പ്രകൃതിയും ജീവിതവും ചരിത്രവുമുണ്ടെന്ന് വിനോയ് തോമസിന്റെ വിവരണങ്ങൾ നമ്മോടു പറയുന്നു. ഈ ജലരാശിയിൽ മുങ്ങികിടക്കുന്ന കൊച്ചയുടെ ജീവിതക്കാഴ്ചകൾ കരയിൽ മുങ്ങികിടക്കുന്നവർക്കു മനസ്സിലാകണമെന്നില്ല. ജറമിയാസ് കുളിക്കാനിറങ്ങുന്ന കടവിനടുത്തെ ഇലുമ്പിമരത്തിന്റെ കഥ പറയുന്നതാണ് രണ്ടാമത്തെ സന്ദർഭം. ഏതു സംഭവവും, സസ്യജീവിതം തന്നെയും, നിർമ്മിക്കപ്പെടുന്നത് ആവശ്യകതകളുടെയും യാദൃച്ഛികതകളുടെയും നിരവധി സാദ്ധ്യതകളുള്ള സംഗമസന്ദർഭങ്ങളിലൂടെയാണെന്ന് പറയുന്ന ഉപകഥാഖ്യാനമാണിത്. എഴുത്താളിന്റെ ദർശനത്തിലേക്കും ചിന്താലോകങ്ങളിലേക്കും തുറക്കുന്ന സവിശേഷമായ ജനൽപ്പാളികളായി കൂടി ഈ സന്ദർഭങ്ങൾ മാറിത്തീരുന്നു.

നമ്മുടെ നോവലിസ്റ്റ് എഴുതിയ മറ്റൊരു കുടിയേറ്റഗ്രാമത്തിന്റെ കഥ (2)യും അതു ചലച്ചിത്രമാക്കിയപ്പോൾ അതിലെ ചുരുളിഭാഷയെ കുറിച്ച് സദാചാരവാദികൾ ഉയർത്തിയ ഒച്ചപ്പാടുകളും യഥാക്രമം എഴുത്തുകാരന്റെ ഈ മനോഭാവത്തിന്റെ പ്രത്യക്ഷവും അതിനോടുള്ള യാഥാസ്ഥിതികത്വത്തിന്റെ പ്രതികരണവുമായിരുന്നു എന്നു കൂടി പറയണം.
നമ്മുടെ നോവലിസ്റ്റ് എഴുതിയ മറ്റൊരു കുടിയേറ്റഗ്രാമത്തിന്റെ കഥ (2)യും അതു ചലച്ചിത്രമാക്കിയപ്പോൾ അതിലെ ചുരുളിഭാഷയെ കുറിച്ച് സദാചാരവാദികൾ ഉയർത്തിയ ഒച്ചപ്പാടുകളും യഥാക്രമം എഴുത്തുകാരന്റെ ഈ മനോഭാവത്തിന്റെ പ്രത്യക്ഷവും അതിനോടുള്ള യാഥാസ്ഥിതികത്വത്തിന്റെ പ്രതികരണവുമായിരുന്നു എന്നു കൂടി പറയണം.

നോവലിന്റെ വിവിധ ഭാഗങ്ങളിലായി ചിതൽപുറ്റ് കുടുംബത്തിന്റെ രൂപകമായി വിനോയ് തോമസ് ഉപയോഗിക്കുന്നു. നോവലിന്റെ ശീർഷകത്തിലേക്കുള്ള വഴികൾ ഇവിടെയാണ് തുറക്കുന്നത്. നോവലിന്റെ അന്ത്യത്തിൽ വീട്ടുമുറ്റത്ത് വാതിലിനോളമുയരമുള്ള ഒരു ചിതൽപുറ്റ് നിവർന്നു നിൽക്കുന്നത് ജറമിയാസ് കാണുന്നുണ്ട്. വീട് ഒരു ചിതൽപുറ്റായതിനെ ദ്യോതിപ്പിക്കുന്ന വാക്കുകൾ പിന്നെ എഴുതിയിരിക്കുന്നു. ജെറമിയാസ് അതിനെ തൊട്ടു നോക്കുന്നു. ഉറച്ച മണ്ണ്. പുറ്റിന്റെ തലകളിലൊന്ന് അടർത്തിയെടുത്ത് അതിനുള്ളിൽ ജീവിതങ്ങളുണ്ടോയെന്ന് അയാൾ പരിശോധിക്കുന്നു. പെരുമ്പാടിയിൽ സമാധാനപൂർണ്ണമായ കുടുംബജീവിതമില്ലെന്ന സന്ദേഹത്തിൽ നിൽക്കുന്നവനാണ് ചിതൽപുറ്റിൽ ജീവിതങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നത്. പാറുകുരുക്കത്തിയുടെ കഥ പറയുമ്പോൾ ഈ വാക്യങ്ങൾ എഴുതപ്പെടുന്നുണ്ട്.

ആശ്വാസത്തോടെ വീട്ടിലേക്കു നടക്കുമ്പോൾ വീടിന്റെ മുമ്പിൽ അതുവരെയില്ലാത്ത ചിതൽപുറ്റ്. ആ ചിതൽ കുടുംബത്തിൽ ആണും പെണ്ണുമായിട്ട് എത്രയാണ് അംഗങ്ങൾ?

കുരിപ്പുകളെ ഈടെ കുടുംബായിറ്റ് താമസിക്കാൻ പാടില്ലാന്ന് നിങ്ങക്കറിഞ്ഞൂടെ?

കുരിക്കത്തി ചിതൽപ്പുറ്റിന്റെ തലയ്ക്കം പൊട്ടിച്ച് ഉള്ളിലേക്കു മണ്ണെണ്ണയൊഴിച്ചു തീ കൊടുത്തു. അതു കത്തിതീർന്നപ്പോൾ ആശ്വാസത്തോടെ വീട്ടിലേക്കു കയറി.

തന്റെ സ്വത്വത്തിൽ സ്വയം ആവിഷ്‌ക്കരിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ മഹാകാശങ്ങളെ നിഷേധിക്കുന്ന മതാധിപത്യത്തെയും അതു നിർദ്ദേശിക്കുന്ന കുടുംബജീവിതത്തെയും സദാചാരസങ്കൽപ്പനങ്ങളെയും സന്ദിഗ്ദ്ധതയോടെ നോക്കുന്ന മൂലകങ്ങൾ കൊണ്ടാണ് വിനോയ് തോമസിന്റെ നോവൽ നിർമ്മിച്ചിരിക്കുന്നത്.

1. സി.പി. രാമസ്വാമി അയ്യർ

2. കളിഗെമിനാറിലെ കുറ്റവാളികൾ


Summary: Novelist Vinoy Thomas's Malayalam novel Puttu discusses sexual sin, migration from Travancore to Malabar, V Vijayakumar writes a review of the book.


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments