നമുക്ക് രണ്ടു പൂക്കാലമുണ്ട്. കത്തുന്ന മീനവെയിലിനോടൊപ്പം വിരുന്നുവരുന്ന ചൈത്രം. ചെമ്പകവും മുരിക്കിൻ പൂവും ച്ചെടപ്പൂവും പിന്നാലെ കൊന്നയും പൂത്തുലയുന്ന ചൈത്രം.
ആഷാഡം കഴിഞ്ഞുവരുന്ന ശ്രാവണമാണ് രണ്ടാമത്തെ പൂക്കാലം. തുമ്പയും മുക്കൂറ്റിയും കാക്കപ്പൂവും തെച്ചിപ്പൂവും പൂത്തുലയുന്ന കാലം. ഈ രണ്ടു പൂക്കാലം ഉത്തരകേരളത്തിൽ രണ്ടു ബലിയെ നിറപ്പെടുത്തുന്നു എന്ന് ‘പതിനെട്ടാമത്തെ നിറ’ത്തിൻ്റെ ഒന്നാം അധ്യായത്തിൽ വി.കെ. അനിൽകുമാർ കുമാർ എഴുതുന്നു. വസന്തരാജനായ കാമൻ ബലിയായതും ഉയിർത്തതുമായ ഓർമ്മയുണർത്തുന്നു ചൈത്രം. സമത്വത്തിൻ്റെ തമ്പുരാൻ ബലിയായതിൻ്റെ ഓർമ്മയാണ് ശ്രാവണം.
രുദ്രനേത്രതാപത്താൽ അഗ്നിയിൽ ദഹിച്ചുപോയ മലർബാണന് പുനർജ്ജീവനേകാൻ, കാമാരിയെ പ്രീതിപ്പെടുത്താൻ വിഷ്ണുവിൻ്റെ നിർദ്ദേശമനുസരിച്ച് ദേവലോകത്തേയും ഭൂലോകത്തെയും 18 കന്യകമാർ 18 പൂക്കൾ ചൂടി, 18 രാഗം പാടി, 18 ചുവടുകളിൽ 18 നിറങ്ങളിൽ പാടിയാടി കളിച്ചതത്രെ പൂരക്കളി. കന്യകമാരുടെ പൂരക്കളി കണ്ട് തൃപ്തനായ പരമേശ്വരൻ കാമനെ ഉയിർപ്പിച്ചു. വാമൊഴിയായും വരമൊഴിയായും തലമുറകളായി പകർന്നുവരുന്ന ഈ ഓർമ്മയുടെ പുനരുജ്ജീവനമാണ് ഉത്തര കേരളത്തിൽ ചൈത്രമാസത്തിൽ മീനമാസത്തിൽ കാവുകളിലും വീടുകളിലും ഇന്നും ആഘോഷിച്ചുവരുന്ന പൂരോത്സവം. ഒമ്പതും ഏഴും അഞ്ചും ദിനങ്ങളായി ആഘോഷിക്കുന്ന മീനമാസത്തിലെ പൂരോത്സവക്കാലത്ത് കന്യകമാർ കാമനാരെ ഒരുക്കി വീടുകളിൽ പൂവിട്ടു പൂജിക്കുന്നു.
കാവുകളിൽ പൂവിടുന്നതോടൊപ്പം പൂരക്കളിയും മറത്തുകളിയും നടക്കുന്നു. ആദ്യകാലത്ത് പുരോത്സവവേളയിൽ കന്യകമാർ 18 നിറങ്ങളിൽ പാടിയാടിക്കളിച്ച പൂരക്കളി കാലാന്തരങ്ങളിൽ എങ്ങനെയോ പുരുഷന്മാരുടെ പൂരക്കളിയായി മാറി. കളരിച്ചുവടുകളും മെയ്യഭ്യാസപ്രകടനവുമടക്കം ഉൾപ്പെടുത്തി കമനീയവും വൈവിധ്യമാർന്ന ഈ ണത്തിൽ പാട്ടുകൾ പാടിയും താളനിബദ്ധമായി വായ്ത്താരി പറഞ്ഞും ചടുലമായ ചുവടുകളോടെ ക്ഷേത്രമുറ്റത്തെ നാല്പതീരടിപ്പന്തലിൽ പുരുഷന്മാർ വട്ടത്തിൽ നിരന്നുനടന്നും പിൻനടന്നും ഓടിയും ഇത്തിരി ഉയർന്നുചാടിയും കളിക്കുന്ന ആകർഷകമായ കലാരൂപമായി വളർന്നു, പൂരക്കളി.

പൂരക്കളിയുടെ അനുബന്ധമായി മഹാ പണ്ഡിതന്മാരായ രണ്ടു പൂരക്കളി പണിക്കന്മാർ നടത്തുന്ന ആട്ടവും പാട്ടും ആഖ്യാനവും വ്യാഖ്യാനവുമൊക്കെയുള്ള മറത്തുകളിയെന്ന സംവാദകലാരൂപവും വളർന്നുവന്നു. ഇവ രൂപം കൊണ്ടതിൻ്റെ കാലഗണനയൊന്നും എവിടെയും രേഖപ്പെടുത്തിയിട്ടില്ല.
ഉത്തര കേരളത്തിലെ അതിപ്രശസ്തനായിരുന്ന പൂരക്കളി പണിക്കർ കരിവെള്ളൂരിലെ യശശ്ശരീരനായ വി.പി. ദാമോദര പണിക്കരുടെ ജീവിതത്തോടൊപ്പം സഞ്ചരിച്ച് പൂരക്കളിയുടേയും മറത്തുകളിയുടേയും ചരിത്രവും വർത്തമാനവും അതിൻ്റെ സഞ്ചാരവഴികളും അതിമനോഹരമായ ഭാഷയിൽ 18 അദ്ധ്യായങ്ങളിലായി ‘പതിനെട്ടാമത്തെ നിറം’ എന്ന പേരിൽ വി.കെ. അനിൽ കുമാർ ആലേഖനം ചെയ്തിരിക്കുന്നു.
നാടോടി സാഹിത്യത്തിൽ- പ്രത്യേകിച്ച് തെയ്യം കലയുടെ ആത്മാവും സൗന്ദര്യവും തെയ്യം കലാകാരന്മാരുടെ നോവും വേവും ആവാഹിച്ച് എഴുതി ഏറെ ശ്രദ്ധേയനായ കൃതഹസ്തനായ എഴുത്തുകാരനാണ് അനിൽ കുമാർ. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ കൃതിയാണ് കൈരളി ബുക്ക്‌സ് പ്രസിദ്ധീകരിച്ച ‘പതിനെട്ടാമത്തെ നിറം’.
വി.പി. ദാമോദരൻ എന്ന, പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ ‘തീയ്യ ചെക്കൻ’ പാണ്ഡിത്യത്തിൻ്റെ മഹാമേരു കീഴടക്കി വി.പി. ദാമോദരൻ പണിക്കരായി വളർന്ന കഥ വായനക്കാർക്ക് വലിയ പ്രചോദനമേകുന്ന വിധത്തിൽ അനിൽ എഴുതിയിരിക്കുന്നു. ദാമോദരൻ പണിക്കരുടെ പ്രചോദാത്മകമായ ജീവിതത്തോടൊപ്പം പൂരക്കളിയുടേയും മറത്തുകളിയുടേയും ചരിത്രവും അവതരണഘടനയും ആഖ്യാനശൈലിയും ആലാപനശൈലിയും ഈ കൃതിയിൽ വായിച്ചെടുക്കാം. പൂരക്കളിയും മറത്തുകളിയും ഇതുവരെ കാണാത്തവർക്കും ഈ കലകളെ കുറിച്ചുള്ള ആഴത്തിലുള്ള അറിവുകൾ പകരും ‘പതിനെട്ടാമത്തെ നിറം എന്നതാണ് പുസ്തകത്തിൻ്റെ സവിശേഷത.

ഒരു പൂരക്കളിയുടെ തുടക്കം:
"ഒന്നായോരേക സ്വരൂപവും വാഴ്കവേ
രണ്ടായിനിന്ന ശിവശക്തി വാഴ്കവേ...
മൂന്നായ മൂർത്തികൾ മൂവരും വാഴ്‌കവേ
നാലായ വേദവും നാൻ മുഖൻ വാഴ്കവേ
അഞ്ചായ പഞ്ചഭൂതങ്ങളും വാഴ്കവേ..."
പൂരക്കളിയുടെയും മറത്തുകളിയുടേയും ഇതുവരെ എവിടെയും രേഖപ്പെടുത്താത്ത വ്യത്യസ്ത അടരുകൾ കണ്ടെത്തി അവതരിപ്പിക്കുന്നു എന്നതിനാൽ ‘പതിനെട്ടാമത്തെ നിറം’ എന്ന പുസ്തകം പൂരക്കളി ആസ്വാദകർക്കും പഠിതാക്കൾക്കും വലിയൊരു പാഠപുസ്തകമാകുന്നു.
കരിവെള്ളൂർ കുണിയനിലെ ചന്ദ്രാരൻ മൂസോറിൻ്റെ മകനായാണ് ദാമോദരൻ്റെ ജനനം. 50 പൊതി വിത്തു വിതക്കാനുള്ള വയലും ആലയും എരുതും പോത്തും പശുക്കളുമുള്ള ചന്ദ്രാരൻ നാട്ടിൽ വിലയും നിലയുമുള്ള തീയ്യ പ്രമാണിയാണ്. പക്ഷേ മകന് ദാമോദരൻ എന്നു പേരുവിളിച്ചത് ചുറ്റുവട്ടത്തുള്ള യശ്മാനൻമാർക്കു പിടിച്ചില്ല. അയിത്ത ജാതിക്കാരന് കണ്ടൻ, ചിണ്ടൻ, കോരൻ, പൊക്കൻ, കൊട്ടൻ, അമ്പു തുടങ്ങിയ പേരുകൾ വിളിക്കാനെ അക്കാലത്ത് അനുവാദമുള്ളൂ. യശ്മാനൻമാർ പേര് മാറ്റിയിടാൻ ശക്തമായി പറഞ്ഞെങ്കിലും ചന്ദ്രാരൻ കൂട്ടാക്കിയില്ല. ആ ഭാഗത്തെ തീയ്യ ചെക്കൻമാരിൽ അങ്ങനെ ഒരു ദാമോദരനുണ്ടായി. പഠിക്കാൻ മിടുക്കനായ ദാമോദരന് പഠിച്ചുപഠിച്ച് മാഷാകാനാണ് ആഗ്രഹം. പക്ഷേ തീയ്യൻ കള്ള് ചെത്തേണ്ടവനാണ്. അല്ലെങ്കിൽ കണ്ടത്തിൽ പണിയെടുക്കേണ്ടവൻ. ഏഴാം തരം കഴിഞ്ഞപ്പോൾ അച്ഛൻ ദാമോദരൻ്റെ സ്കൂളിലെ പഠിത്തം നിർത്തി
കണ്ടത്തിലിറക്കി കാലിപൂട്ടാനും കണ്ടം കൊത്താനും പഠിപ്പിച്ചു. മാഷാവാൻ കൊതിച്ച ദാമോദരൻ്റെ സങ്കടം മനസ്സിലാക്കിയ കൂണിയനിലെ പൂരക്കളിപ്പണിക്കരായ കീനേരി ചിരുകണ്ടൻ പണിക്കർ ആശ്വസിപ്പിച്ചു; ‘ദാമോരൻ വിഷമിക്കണ്ട. ഞാൻ പഠിപ്പിക്കാം. മലയാളമല്ല സംസ്കൃതം. കണ്ടത്തിലെ പണി കഴിഞ്ഞ് സന്ധ്യക്ക് വീട്ടിൽ വന്നോ’.
ദാമോദരൻ പകൽ എരുതുകൾക്കും പോത്തുകൾക്കുമൊപ്പം ചെളിവെള്ളത്തിൽ കുളിച്ച് കൃഷിഗീത പാടി, രാത്രി കടുകട്ടി സംസ്കൃത ശ്ലോകങ്ങളും.
ദാമോദരനിപ്പോ വയസ്സ് 15.
കാലിപൂട്ട് കഴിഞ്ഞ് ചളിപുരണ്ട് വൈകുന്നേരം വീട്ടിലെത്തുമ്പോൾ ചിരുകണ്ടൻ പണിക്കരുടെ നേതൃത്വത്തിൽ കുറച്ച് തീയ്യപ്രമാണികൾ ദാമോദരനെ കാത്തുനില്ക്കുന്നു. വലിയ പ്രമാണി പറയുന്നു: ‘‘ദാമോരാ, നിന്നെ മമ്പലത്തെ പൂരക്കളി പണിക്കറാക്കാൻ തീരുമാനിച്ചു. അതു നിശ്ചയിക്കാനാ ഞാങ്ങ വന്നത്. നീ മിടുക്കനാന്ന് ചിരുകണ്ടൻ പണിക്കർ പറഞ്ഞു. മൊടക്കം പറയരുത്".
"അയ്യോ അതെങ്ങനെ ശരിയാകും എനിക്ക് കാലിപൂട്ടാനറിയാം... പോത്തിനേ എരുതിനേ കുളിപ്പിക്കാനുമറിയാ... ഞാൻ പൂരക്കളിയൊന്നും പഠിച്ചിട്ടില്ല".
ചിരുകണ്ടൻ പണിക്കർ ദാമോദരനെ സ്നേഹവാത്സല്യത്തോടെ നോക്കി...
ദാമോദരൻ പേടിക്കണ്ട... പൂരമാല ഞാൻ പഠിപ്പിക്കാം...
ഗുരുനാഥൻ കീനേരി ചിരുകണ്ടൻ പണിക്കരെ ധിക്കരിക്കാനാവില്ല ദാമോദരന്.
അങ്ങനെ 15-ാം വയസ്സിൽ ദാമോദരൻ മമ്പലത്തെ പൂരക്കളി പണിക്കരായി. പണിക്കർ എന്നത് വലിയ പദവിയാണ്. അംഗീകാരമാണ്. കാവിൻ്റെ നാടിൻ്റെ നായകനാണ് പൂരക്കളി പണിക്കർ. പയ്യന്നൂരിനടുത്തെ മമ്പലത്തറയിലെ ആദ്യ മറത്തുകളിയിൽ പരിചയസമ്പന്നനായ കോരൻപണിക്കരെ തലകുനിപ്പിച്ച ദാമോദരൻ പണിക്കരെ 20-ാം വയസ്സിൽ പട്ടും വളയും നല്കി തൃക്കരിപ്പൂരിലെ കോയോങ്കര പൂമാലക്കാവിലെ പണിക്കരായി ആചാരപ്പെടുത്തി. പൂരക്കളി പണിക്കരായി ദമോദരൻ ഉത്തര കേരളം മുഴുവൻ പ്രശസ്തി നേടി.
ഒരു ദിവസം ചിരുകണ്ടൻ പണിക്കർ ദാമോദരനോടു പറഞ്ഞു; "ദാമോദരാ എൻ്റെ കയ്യിലുള്ളതെല്ലാം നിനക്കു തന്നുകഴിഞ്ഞു. അറിവിനു ആദിയും അന്തവുമില്ല. വ്യാകരണശാസ്ത്രവും കാവ്യാദി അലങ്കാരശാസ്ത്രവും ജ്യോതിഷവും കൂടുതൽ പഠിക്കണം. അതെൻ്റെ കയ്മലില്ല. കൊടക്കാട്ടെ മേക്കാട്ടില്ലത്ത് പോണം. മേക്കാട്ടോറ് ബാക്കിയൊക്കെ നിന്നെ പഠിപ്പിക്കും".
തൊട്ടുകൂടായമയും തീണ്ടിക്കൂടായ്മയും ശക്തമായിരുന്ന കാലത്ത് തീയ്യന് നമ്പൂതിരിയെ തീണ്ടാൻ പാടില്ല. പക്ഷേ മേക്കാട്ടെ നമ്പൂതിരി നല്ല മനുഷ്യനാണ്. പട്ടാമ്പിയിൽ പോയി പഠിച്ചുവന്ന മഹാ പണ്ഡിതൻ. വൈമനസ്യമില്ലാതെ ദാമോദരനെ ശിഷ്യനായി സ്വീകരിച്ചു. പക്ഷേ തീണ്ടരുത്. ഇല്ലത്തിൻ്റെ മുറ്റത്തേക്കു പോലും പ്രവേശനമില്ല. ഇല്ലത്തെ കാലിത്തൊഴുത്തിനോട് ചേർന്നുള്ള മുറിയിൽ നിന്നു മേക്കാട്ടോർ പാഠമെടുക്കും. കാലി തൊഴുത്തിലിരുന്നു ദാമോദരൻ മേക്കാട്ട് നമ്പൂതിരിയിൽ നിന്നും പശുക്കൾക്കും പോത്തുകൾക്കുമൊപ്പം പതഞ്ജലിയും പാണിനിയും വ്യാഘ്രപാദനും ഭാണഭട്ടനും ഭാസനും പഠിച്ചു. അന്ന് അയിത്തം അത്രയും രൂക്ഷമായിരുന്നു. അവർണ്ണൻ സംസ്കൃതമെന്നല്ല ഒരറിവും നേടുന്നത് സവർണ്ണ മേധാവികൾക്ക് അഭികാമ്യവുമായിരുന്നില്ല. പക്ഷേ മേക്കാട്ടെ മാധവൻ നമ്പൂതിരിയെപോലുള്ള വിശാലഹൃദയരായ ചിലരെങ്കിലും വിദ്യ പകർന്നു കൊടുക്കുന്നതിൽ ജാതി നോക്കിയില്ല. അവർണ്ണരോട് വിമുഖത കാണിച്ചില്ല. പിൽക്കാലത്ത് മേക്കാട്ട് മാധവൻ നമ്പൂതിരി വാർദ്ധക്യത്തിൻ്റെ അസുഖങ്ങളുമായി ഇല്ലത്ത് വയ്യാതെ കഴിയുമ്പോ മറുത്തുകളി രംഗത്ത് ഇതിനകം വളരെ പ്രശസ്തനായ ദാമോദരൻ പണിക്കർ തൻ്റെ ഗുരുവിനെ കാണാൻ പോയി. ഇല്ലത്ത് കയറാതെ ദൂരെ നില്ക്കുന്ന ദാമോദരൻ പണിക്കരെ ജനലിലൂടെ കൈനീട്ടി മാധവൻ നമ്പൂതിരി വിളിച്ചു.

ഇങ്ങോട്ട് വരിക...
ദാമോദരൻ വിശ്വസിക്കാനാവാതെ മടിച്ചുനിന്നു.
"ഇങ്ങോട്ട് കേറൊടോ’’.
ദാമോദരൻ ഇല്ലത്തേക്കു കയറി. ഗുരു ദാമോദരനെ സ്വന്തം കട്ടിലിലിരുത്തി. കൈകളിൽ പിടിച്ചു; ‘‘ജാതിയും അയിത്തവുമൊന്നും എൻ്റെ മനസ്സിലില്ല. തീയ്യരെ സംസ്കൃതം പഠിപ്പിക്കാൻ നമ്പൂരിമാർ സമ്മതിക്കില്ല. കാലിയാലയിലിരുത്തി പഠിപ്പിക്കേണ്ടി വന്നതിൽ സങ്കടമുണ്ട്. കുടുംബക്കാരെ വെറുപ്പിക്കാനാവില്ലല്ലോ. സംസ്കൃത ജ്ഞാനത്തിൽ നീ ഉയരങ്ങളിലെത്തും. മറത്തുകളിയിലും നീ സമുന്നതനാകും. ഇപ്പോൾ നിൻ്റെ ആഗ്രഹം പോലെ മാഷായി കോളേജിലൊക്കെ പോയി സംസ്കൃതം പഠിപ്പിക്കുന്നുണ്ട് ല്ലേ... നിന്നാവും നന്നായി വരും. നാളെ എല്ലാരും നിന്നെ ബഹുമാനിക്കും."
വിജ്ഞാനത്തിൻ്റെ മഹാകാശങ്ങൾ തുറന്നു കൊടുത്ത മേക്കാട്ടെ നമ്പൂതിരി ദാമോദരൻ പണിക്കരെ ഒരിക്കൽ കൂടി അനുഗ്രഹിച്ചു. മേക്കാട്ട് നമ്പൂതിരിക്കുശേഷം പിന്നെയും പല ഗുരുക്കന്മാരിൽ നിന്നും ദാമോദരൻ പണിക്കർ അറിവിൻ്റെ മഹാകാശം കീഴടക്കിക്കൊണ്ടിരുന്നു. മറത്തുകളിപണിക്കർ എന്ന നിലയിൽ വി.പി. ദാമോദര പണിക്കർ നാല്പതിരടി പന്തലിലെ മഹാമേരുവായി ഉയർന്നു, തിളങ്ങി, വിളങ്ങി.
ദാമോദരൻ പണിക്കരുടെ സമകാലികരായ മഹാ പണ്ഡിതരായ പൂരക്കളി പണിക്കന്മാരേയും ഈ പുസ്തകത്തിൽ ഭേദപ്പെട്ട രീതിയിൽ പരിചയപ്പെടുത്തുന്നുണ്ട്. മമ്പലം ടി. ടി. രാമൻ പണിക്കരും രാമന്തളി കൃഷ്ണൻ പണിക്കരും വലിയ പറമ്പിലെ പൊക്കൻ പണിക്കരും പിലിക്കോട് മാധവൻ പണിക്കരും വെങ്ങര കെ. കെ. പണിക്കരും ഇക്കൂട്ടത്തിലുണ്ട്. തഞ്ചാവൂരിൽ ചെന്ന് സംസ്കൃതം പഠിച്ച് സംസ്കൃതഭാഷയുടെയും സാഹിത്യത്തിൻ്റെ ജ്ഞാനഗോപുരമായി വളർന്ന് പല മറത്തുകളിയിലെയും അദ്ധ്യക്ഷനായി ശോഭിച്ച ദാമോദരൻ പണിക്കർ ഉൾപ്പടെ പല മറുത്തുകളി പണിക്കന്മാരുടേയും ഗുരുവായിരുന്ന ഒ.കെ. മുൻഷിയേയും പുസ്തകം പരിചയപ്പെടുത്തുന്നുണ്ട്.
മറത്തുകളിയുടെ ഉത്ഭവകാലത്ത് മറത്തുകളി സാഹിത്യത്തിന് സംസ്കൃതത്തിലും മലയാളത്തിലും മണിപ്രവാളത്തിലും മികച്ച കൃതികൾ രചിച്ച ചുഴലി മാധവൻ ഗുരുക്കളെ ആറാം അദ്ധ്യായത്തിൽ വിശദമായി അടയാളപ്പെടുത്തുന്നു. കീഴാളരുടെ ഭാഷാവിപ്ലവത്തിന് തുടക്കം കുറിച്ചത് ചുഴലി മാധവൻ ഗുരുക്കളാണ്. 1884- ൽ 18-ാം വയസ്സിൽ പരിയാരത്ത് സംസ്കൃതവും മലയാളവും പഠിപ്പിക്കുന്ന പാഠശാല തുടങ്ങി മാധവൻ ഗുരുക്കൾ. ചെറുവത്തൂരിലും മറത്തുകളി സാഹിത്യത്തിനും മറത്തുകളിക്കും നല്ല വേരോട്ടമുണ്ടായത് ചുഴലി മാധവൻ പണിക്കരിലൂടെയാണെന്നു പുസ്തകം സൂചിപ്പിക്കുന്നു. മറത്തുകളിരംഗത്ത് ഇന്നും സൂര്യശോഭ ചൊരിയുന്ന പിലിക്കോട് മാധവൻ പണിക്കർ ഇദ്ദേഹത്തിൻ്റെ ശിഷ്യപരമ്പരയിൽ ഉൾപ്പെടുന്നു.
അദ്ധ്യായം ഏഴു മുതൽ മറത്തുകളിശാസ്ത്രത്തെ കുറിച്ചു പറഞ്ഞുതുടങ്ങുന്നു. തുടർന്ന് ഒരു പ്രഭാതം മുതൽ അടുത്ത പ്രഭാതം വരെ നീളുന്ന മറത്തുകളിയുടെ വ്യത്യസ്ത ഘട്ടങ്ങൾ, തുടക്കം മുതൽ ഒടുക്കം വരെയുള്ള അനുഷ്ഠാനങ്ങൾ, ആഖ്യാനങ്ങൾ, സംവാദങ്ങൾ, പൂരക്കളി എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു. ഒരു മറത്തുകളി മുഴുവനായും അതിൻ്റെ ഘടനയോടെ തന്നെ വാക്കുകളിലൂടെ അനാവരണം ചെയ്യുകയാണിവിടെ. കൺമുമ്പിൽ ഒരു മറത്തുകളി നടക്കുന്ന പ്രതീതി ജനിപ്പിക്കുന്നു തുടർന്നുള്ള അധ്യായങ്ങൾ.
വി.പി. ദാമോദരൻ പണിക്കരുടെ ഓർമ്മകളിലൂടെ പൂരമാലയും മറത്തുകളിയും വായനക്കാരുടെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കുകയാണ് ഈ പുസ്തകം.
കാവിനുമുന്നിലെ നാല്പതീരടി പന്തലിൽ രണ്ടു ദേശത്തെ രണ്ടു കാവുകളിലെ നായകന്മാരായ പൂരക്കളി പണിക്കർ മുഖാമുഖം നിന്ന് ദർശനം അഥവാ അഭിവാദനം നടത്തുന്നതോടെ മറത്തു കളിയുടെ പ്രൗഢമായ സമാരംഭമാവുന്നു. പിന്നെ താംബൂലദാനം. തുടർന്നു സ്നാനം. താംബൂലദാനം വരെ ഒറ്റമുണ്ടും അതിനുമുകളിൽ ത്രികോണാകൃതിയിലുള്ള ഉറുമാലുമാണ് പണിക്കരുടെ വേഷമെങ്കിൽ സ്നാനം കഴിഞ്ഞ് പന്തലിൽ പ്രവേശിക്കുമ്പോൾ മറത്തുകളിപണിക്കരുടെ തനത് വേഷമായ ചല്ലനും ചൊറയും കെട്ടുന്നു. പഴയകാലത്തെ ചേകവൻമാരുടെ കച്ചകെട്ടൽ തന്നെ.
പന്തൽ പ്രവേശനത്തോടെ രാശിചിന്തയും അതുമായ ബന്ധപ്പെട്ട തർക്കവും സംവാദവും നടക്കുന്നു. പിന്നെ വന്ദനസ്തുതികൾ, കെട്ടിത്തൊഴൽ അതുകഴിഞ്ഞ് നാല്പതീരടി പന്തലിലെ ചിത്രസ്തംഭത്തിനു മുന്നിലെത്തുന്നു പണിക്കന്മാർ.
തുടർന്ന് ദീപദർശനവും അതിൻ്റെ വ്യാഖ്യാനവും. തുടർന്ന് ശക്തിയെന്ന പ്രകരണമാണ്. ശരിക്കും പണിക്കന്മാരുടെ പാണ്ഡിത്യപരീക്ഷ ഇവിടെ ആരംഭിക്കുന്നു. നാട്ടിൻപുറത്തെ സാധാരണക്കാരായ മനുഷ്യർ പോലും ആഹ്ലാദത്തോടെ ആസ്വദിക്കുന്നു മറത്തുകളിയുടെ ഒരോ നിമിഷവും. പണിക്കന്മാർ പരസ്പരം നടത്തുന്ന പാണ്ഡിത്യപരീക്ഷകളും സംവാദവും ഏവരേയും ആകർഷിക്കും വിധമാണ് അവതരിപ്പിക്കപ്പെടുന്നത്. ചെറുചിരിയോടെ സദസ്സ് അതാസ്വദിക്കുന്നതിനു ഈയുള്ളവനും ദൃക്‌സാക്ഷിയായിട്ടുണ്ട്.
പാണ്ഡിത്യത്തിൻ്റെ കാര്യത്തിൽ പണിക്കർമാർ നമ്മിൽ ഏറ്റക്കുറച്ചിലുണ്ടാകുമെങ്കിലും അതൊന്നും സദസ്സിനുമുമ്പിൽ സമ്മതിച്ചു കൊടുക്കാൻ അവർ തയ്യാറാവില്ല. അപ്പോൾ വിഷയം അധ്യക്ഷനു കൈമാറും. അധ്യക്ഷൻ്റെ വിശദീകരണം മനസ്സില്ലാമനസ്സോടെ പണിക്കൻമാർ അംഗീകരിക്കും. മറത്തുകളിയുടെ ആരംഭകാലത്ത് അധ്യക്ഷൻ ഉണ്ടായിരുന്നില്ല. തർക്കത്തിൻ്റെ വീറും വാശിയും കൂടി മറത്തുകളി ശരിക്കും മറത്തുകളിയായി മാറാൻ തുടങ്ങിയപ്പോഴാണ് അധ്യക്ഷൻ എന്ന സംവിധാനം വന്നത്. മറത്തുകളിയുടെ അധ്യക്ഷൻ എന്ന നിലയിൽ ഞങ്ങളുടെ നാട്ടുകാരനായ ഒകെ മുൻഷി മാഷ് വലിയ പേരെടുത്തിരുന്നു. നിർന്നിമേഷനായി തർക്കത്തിൽ ഇടപ്പെട്ട് സംസാരിച്ച് അത് പരിഹരിച്ചു കൊടുക്കുന്ന മഹാപണ്ഡിതനായ ഒ.കെ. മുൻഷി മാഷെ ഇപ്പോഴുമോർക്കുന്നു. മുൻഷിമാഷിൻ്റെ തീർപ്പിനെ ചോദ്യം ചെയ്യാൻ മറത്തുകളിപണിക്കർമാർ തയ്യാറാകുമായിരുന്നില്ല. കാരണം, അവർക്കടക്കം മഹാജ്ഞാനം നല്കിയ ജ്ഞാനഗോപുരമായിരുന്നു ഒ.കെ. മുൻഷിമാഷ്. അദ്ദേഹത്തിനൊക്കെ അർഹിക്കുന്ന ആദരം ജീവിച്ചിരിക്കുമ്പോഴോ മരണാനന്തരമോ നമ്മൾ നല്കിയിട്ടില്ല എന്ന് ഈ പുസ്തകം വായിക്കുമ്പോൾ നഷ്ടബോധത്തോടെ ഓർത്തുപോകുന്നു.

തർക്കവിതർക്കങ്ങളോടെ അവതരിപ്പിക്കുന്ന ശക്തിക്കുശേഷമാണ് കാണികളെ ആവേശം കൊള്ളിക്കുന്ന പൂരമാലയെന്ന പൂരക്കളി. മെയ്ക്കരുത്തിൻ്റെ, മെയ് വഴക്കത്തിൻ്റെ, അഭ്യാസ മികവിൻ്റെ പര്യായമായ വാല്യക്കാർ പൂരക്കളി പണിക്കന്മാരുടെ നേതൃത്ത്വതിൽ മാറി മാറി പൂരക്കളി അവതരിപ്പിച്ചു തുടങ്ങുന്നു...
നമ്മോ നമ്മോ നാരായണാ...
വാസുദേവാ കൈതൊഴുന്നേൻ...
പൂരമാലയ്ക്കുശേഷം രാത്രി സംവാദം ആരംഭിക്കുന്നു. നാടകകാവ്യാലങ്കാരശാസ്ത്ര സംവാദം. യോഗിയിരുത്തം സമാധി എന്നിങ്ങനെ മറത്തുകളി നേരംപുലർന്നും തുടരുന്നു.
വി.പി. ദാമോദരൻ പണിക്കരുടെ ഓർമ്മകളിലൂടെ പൂരമാലയും മറത്തുകളിയും വായനക്കാരുടെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കുകയാണ് ഈ പുസ്തകം. അത് പൂരക്കളി പണിക്കരായ, മറത്തുകളി പണിക്കരായ, വി.പി. ദാമോദരൻ പണിക്കരെ അമരനാക്കുക കൂടി ചെയ്യുന്നു. വി.പി. ദാമോദരൻ പണിക്കർ എന്ന സാഹിത്യപ്രതിഭ രചിച്ച മറത്തുകളി സാഹിത്യവും സംസ്കൃത ശ്ലോകങ്ങളും കവിതകളും പുസ്തകത്തിൽ ഇടയ്ക്കിടെ കടന്നുവരുന്നുണ്ട്. പ്രതിഭകളായ മറ്റു പണിക്കന്മാർ രചിച്ച മറത്തുകളി സാഹിത്യത്തെ കുറിച്ചും അവ എവിടെയും രേഖപ്പെടുത്താതെ നഷ്ടപ്പെട്ടതിലും അനിൽകുമാർ ഖിന്നനാകുന്നു.
എന്തിനധികം വി.പി. ദാമോദര പണിക്കർക്കും പൂരക്കളിക്കും മറത്തുകളിക്കുമുള്ള നിത്യസ്മാരകമായും ‘പതിനെട്ടാമത്തെ നിറം’ വളരുന്നു. പൂരക്കളിയുടെയും മറത്തുകളിയുടേയും ഇതുവരെ എവിടെയും രേഖപ്പെടുത്താത്ത വ്യത്യസ്ത അടരുകൾ കണ്ടെത്തി അവതരിപ്പിക്കുന്നു എന്നതിനാൽ ഇത് പൂരക്കളി ആസ്വാദകർക്കും പഠിതാക്കൾക്കും വലിയൊരു പാഠപുസ്തകമാവുകയും ചെയ്യുന്നു.
പുസ്തകത്തെ സമഗ്രമായി വിലയിരുത്തുന്നതാണ് ഡോ. പി.വി. കൃഷ്ണൻനായർ എഴുതിയ അവതാരിക. ആമുഖമായി അനിൽ എഴുതിയ കുറിപ്പിന് കവിതയുടെ ചാരുതയുണ്ട്. വ്യത്യസ്തവും സവിശേഷവുമായ വായനാനുഭവം സമ്മാനിക്കുന്നുണ്ട് ‘പതിനെട്ടാമത്തെ നിറം’.
