വൈറൽ കാലത്തെ
എഴുത്തുലോകം

ഒരു പുസ്തകത്തിന് വളരെ ചെറിയ കാലഘട്ടത്തിനുള്ളിൽ ഉണ്ടാവുന്ന വലിയ തോതിലുള്ള വിൽപന, അതിനെ മുൻ നിർത്തിയുള്ള മാർക്കറ്റിങ്, വിശാലമായ വിതരണ തന്ത്രങ്ങൾ ഇവയെല്ലാമാണ് ഒരു പുസ്തകത്തെ ബെസ്റ്റ് സെല്ലറാക്കി മാറ്റുന്നത്. കൃത്യമായ ഒരു ക്രാഫ്റ്റ് വർക്കാണ് ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ പണിപ്പുരയിൽ നടക്കുന്നത്. അവ യാദൃച്ഛികമോ, അവിചാരിതമോ ആയ കലാസൃഷ്ടികളേയല്ല- റ്റിസി മറിയം ​തോമസ് എഴുതുന്നു.

‘‘ഒറ്റയായപ്പോഴാണ് സ്വാതന്ത്ര്യമെന്താണെന്ന് അവൾ ആദ്യമായി അറിഞ്ഞത്. ഖസാക്കിന്റെ ഇതിഹാസത്തിനു മേലെ കണ്ണട ഊരിവെച്ചു, മൊബൈൽ ഡാറ്റ ഓഫാക്കി, നിരഞ്ജന നിലക്കണ്ണാടിക്കുമുന്നിൽ നിന്നു. ചാറ്റ് ജി പി റ്റിയുടെ ആഡംബര വാക് മേളയിൽ നിന്നും ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത്തു സ്വന്തം സൗന്ദര്യത്തെ വിശേഷിപ്പിക്കാനാവാതെ അവളാ നിമിഷം മൗനമായി. സിദ്ധാർത്ഥന്റെ ചൂട് പോകാത്ത ചോരയൊലിച്ചു വന്ന് അവളുടെ കാൽ വിരലിൽ തട്ടുന്നുണ്ടായിരുന്നു. അവൾ വളരെ വിശദമായി സ്വയം കണ്ടു. പഠനമുറിയിൽ അലക്സ അവൾക്കു തോന്നിയതെന്തൊക്കെയോ പാടുന്നുണ്ടായിരുന്നു. ഒരുതരത്തിലതു നന്നായി. ഒരു പെണ്ണേലും തന്റേടിയാവട്ടെ’’.

മുകളിൽ എഴുതിയത് വേണമെങ്കിൽ വൈറലാക്കാൻ സാധ്യതയുള്ള ഒരു സാമ്പിളെഴുത്താണ്. നിരഞ്ജനയുടെ ആ നിൽപ്പിനെ, വൈറൽ മോഡിൽ എങ്ങോട്ടു വേണേലും എങ്ങനെ വേണേലും കൊണ്ടു പോകാവുന്നതേയുള്ളു. എഴുത്തും വായനയും ജനപ്രിയതയെ മുൻനിർത്തിയാണോ അളക്കേണ്ടത് എന്നുള്ള സംവാദം ഇന്ന് പ്രസക്തമാവുമ്പോൾ, ഈ ലേഖനം അതിന്റെ സാമൂഹ്യ പശ്ചാത്തലത്തെ മനസ്സിലാക്കാനുളള ശ്രമമാണ്.

വായനക്കാരുടെ മനോനിലകളെയും അവരുടെ വായനാരീതികളുടെ പ്രത്യേകതകളെയും മുൻ കൂട്ടി മനസ്സിലാക്കി, അവരുടെ ആവശ്യങ്ങൾക്കനുസരിച്ചു പുസ്തകങ്ങളെ തയ്യാറാക്കുന്ന ഒരു പ്രക്രിയ ബെസ്റ്റ് സെല്ലർ എഴുത്തുകളിലുണ്ട്.

കഥകളും കഥ പറച്ചിലുകളുമാണ് എക്കാലത്തും മനുഷ്യരുടെ ലോകത്തെ വിശാലമാക്കിയിട്ടുള്ളത്. കഥ പറയുന്നവരോടാണ് നമുക്ക് കൂടുതൽ കൗതുകം തോന്നിയിട്ടുള്ളത്. എഴുത്തിന് ഒരുപാട് തരത്തിലുള്ള അവതരണരീതികളുണ്ടെങ്കിലും, അവർ തെരഞ്ഞെടുത്ത എഴുത്തുരീതിയുടെ തനത് മാർഗങ്ങളിൽ വിസ്മയിക്കാറുണ്ട്. ഒരു കൃതി മാത്രം വായിച്ചശേഷം ഇനി അതെഴുതിയവരുടെ മറ്റൊന്നും വായിക്കേണ്ട, ഇതിലൂടെ അറിഞ്ഞതു മാത്രമായി എഴുത്തുകാർ നിന്നാൽ മതി എന്നും, അവരുടെ ഒരു കൃതി വായിച്ചാൽ പോരാ, ഇനിയും എത്രയോ അധികം വായിച്ചു അവരെ കൂടുതൽ അറിഞ്ഞേ തീരൂ എന്നുമൊക്കെ കരുതുന്നത് വായനക്കാരുടെ സ്വകാര്യ സന്തോഷങ്ങളാണ്. ഓരോ പുസ്തകങ്ങളും ഓരോ തരത്തിൽ വായനക്കാരെ സ്വയം തിരിച്ചറിയാൻ സഹായിക്കുന്നു. സ്വയം പുതുക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് വായന. വായനയുടെ കാതലും അതു തന്നെയാണ്. വായിക്കുന്ന പുസ്തകങ്ങളിലെ ആശയങ്ങളും കഥാപാത്രങ്ങളുമായി വായനക്കാർ സംഭാഷണത്തിലേർപ്പെടാറുണ്ട്. അത് ‘പിന്നീട് ആത്മഭാഷണമായി (സെൽഫ് ടോക്ക്) മാറുന്നു. ജീവിതത്തിലെ എല്ലാ തിരക്കുകളുടെയും നടുവിലിരുന്നുകൊണ്ടുതന്നെ സ്വയം ശാന്തമാക്കാനും, സാന്ത്വനിപ്പിക്കാനും, കൂട്ടു കൂടാനാവുന്നവരുമാണ് പുസ്തകങ്ങൾ. വായന ആഴമേറിയ ജീവിതതത്വങ്ങളിലേക്കു നയിക്കുന്നു. വായനയെക്കുറിച്ചു പറഞ്ഞുപറഞ്ഞ്, വായിച്ചേ തീരൂ എന്ന് കൊതിപ്പിച്ച് അനുഭവിക്കേണ്ട സുഖമാണ് വായന.

വാക്കുകൾ മാറിക്കൊണ്ടിരിക്കുന്ന സംസ്കാരത്തിന്റെ കൃത്യമായ പ്രതിഫലനമാണ്. വായനയ്ക്ക് അവധി വെക്കാതെ നിരന്തരം വായിക്കുന്നതിലൂടെ മാത്രമേ ഈ മാറ്റങ്ങളുണ്ടാക്കുന്ന വാക്കുകളുടെ സ്വഭാവവും പ്രകടനരീതിയും പരിചിതമാവൂ.
വാക്കുകൾ മാറിക്കൊണ്ടിരിക്കുന്ന സംസ്കാരത്തിന്റെ കൃത്യമായ പ്രതിഫലനമാണ്. വായനയ്ക്ക് അവധി വെക്കാതെ നിരന്തരം വായിക്കുന്നതിലൂടെ മാത്രമേ ഈ മാറ്റങ്ങളുണ്ടാക്കുന്ന വാക്കുകളുടെ സ്വഭാവവും പ്രകടനരീതിയും പരിചിതമാവൂ.

സുഖമുള്ള
കാല്പനികതയുടെ
ജനപ്രിയത

വായനയും എഴുത്തും, അടിസ്ഥാനപരമായി വാക്കുകളുടെ അടുക്കിപ്പെറുക്കി വെക്കലും അത് മൂലമുള്ള ആശയസംവേദനവുമാണല്ലോ. വാക്കുകൾ മാറിക്കൊണ്ടിരിക്കുന്ന സംസ്കാരത്തിന്റെ കൃത്യമായ പ്രതിഫലനമാണ്. വായനയ്ക്ക് അവധി വെക്കാതെ നിരന്തരം വായിക്കുന്നതിലൂടെ മാത്രമേ ഈ മാറ്റങ്ങളുണ്ടാക്കുന്ന വാക്കുകളുടെ സ്വഭാവവും പ്രകടനരീതിയും പരിചിതമാവൂ. പുതിയകാല ബെസ്റ്റ് സെല്ലറുകൾ പുതിയകാല സാമൂഹ്യമാറ്റത്തെ ഉൾക്കൊള്ളുന്ന രചനകളാണ്. ഒരു പുസ്തകത്തിന് വളരെ ചെറിയ കാലഘട്ടത്തിനുള്ളിൽ ഉണ്ടാവുന്ന വലിയ തോതിലുള്ള വിൽപന, അതിനെ മുൻ നിർത്തിയുള്ള മാർക്കറ്റിങ്, വിശാലമായ വിതരണ തന്ത്രങ്ങൾ ഇവയെല്ലാമാണ് ഒരു പുസ്തകത്തെ ബെസ്റ്റ് സെല്ലറാക്കി മാറ്റുന്നത്. കൃത്യമായ ഒരു ക്രാഫ്റ്റ് വർക്കാണ് ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ പണിപ്പുരയിൽ നടക്കുന്നത്. അവ യാദൃച്ഛികമോ, അവിചാരിതമോ ആയ കലാസൃഷ്ടികളേയല്ല.

വായനക്കാരുടെ മനോനിലകളെയും അവരുടെ വായനാരീതികളുടെ പ്രത്യേകതകളെയും മുൻ കൂട്ടി മനസ്സിലാക്കി, അവരുടെ ആവശ്യങ്ങൾക്കനുസരിച്ചു പുസ്തകങ്ങളെ തയ്യാറാക്കുന്ന ഒരു പ്രക്രിയ ബെസ്റ്റ് സെല്ലർ എഴുത്തുകളിലുണ്ട്. അതേസമയം, പ്രസിദ്ധീകരിച്ചയുടനെ, ബെസ്റ്റ് സെല്ലറാകാത്ത പല പുസ്തകങ്ങളും, ജനപ്രിയ ചേരുവകകളുള്ളതുകൊണ്ട് പ്രചരിക്കപ്പെട്ടിട്ടുണ്ട്. വായനയുടെ സുഖവും രസവും ഉദ്വേഗവും ‘പളപ്പും തെളപ്പും’ വാരിക്കോരി അനുഭവവേദ്യമാകുന്ന രചനകളാണവ. നല്ല 'വൈബ്' ഉള്ള ബുക്കാണ്, സമയം പോകുന്നത് അറിയുകയേ ഇല്ല, ഒറ്റയിരുപ്പിനു വായിച്ചു തീർക്കാൻ തോന്നും കേട്ടോ എന്നുള്ള അഭിപ്രായ പ്രകടനങ്ങൾ ഈ പുസ്തകങ്ങൾക്കു കൊടുക്കുന്ന പരസ്യം ചില്ലറയല്ല. പ്രണയം, കാമം, നിരാസം, മരണം, കൊലപാതകം, ഡാർക്ക് ഹ്യൂമർ, ഒറ്റപ്പെടൽ, ഉയിർത്തെണീപ്പ്, സ്വയം തിരിച്ചറിയൽ എന്നിങ്ങനെ വ്യക്തികളുടെ സങ്കീർണ മാനസിക വ്യവഹാരങ്ങളാണ് മിക്ക പുസ്തകങ്ങളുടെയും ഉള്ളടക്കം. വായനയുടെ രസച്ചരട് പൊട്ടാതെ ആദ്യം മുതൽ അവസാനം വരെ ഇരിപ്പിടത്തിന്റെ വക്കിലിരുത്തി ത്രസിപ്പിക്കുന്ന വായനാനുഭവം രസകരം തന്നെയാണ്. അത്യന്തം ഉത്തേജനം നൽകുന്ന ഇത്തരം എഴുത്തുകൾ ജങ്ക് ഫുഡ് പോലെ വിറ്റഴിഞ്ഞു പോകുന്നു. ട്രെൻഡിങ് ആകുന്ന ഇത്തരം പുസ്തകങ്ങൾ വായനയിലേക്ക് ഒരുപാടു പേരെ ആകർഷിക്കുകയും വായനയിൽ നിന്ന് അകന്നു നിൽക്കുന്നവരെ തിരിച്ചു കൊണ്ടുവരികയും ചെയ്യുമെന്നുള്ളത് വാസ്തവമാണ്.

എന്തുകൊണ്ടാവാം റീലുകൾ നമ്മളെ ആകർഷിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ പ്രചാരത്തിനുള്ളതും.

ഈസി റീഡിങിനുവേണ്ടിയുള്ള അന്വേഷണം ഈസി ലൈഫിനു വേണ്ടിയുള്ള ആഗ്രഹം കൂടിയാണ്. ജീവിതം കഠിനവും സങ്കീർണ്ണവുമായിരിക്കുമ്പോൾ, ലളിതവും സുഖപ്രദവുമായ കാല്പനികതയിലേക്ക് മനുഷ്യരെ കൈപിടിക്കുന്ന പുസ്തക വിപണി തളിർത്തു പൂക്കാതെ വഴിയില്ലല്ലോ. ഈ പുസ്തകങ്ങൾക്ക് ചില പൊതുസ്വഭാവങ്ങളുണ്ട്. അവയ്ക്ക്, ഇന്നത്തെ ഒരേ തരത്തിലുള്ള കാല്പനിക മനോലോകം പങ്കു വെക്കുന്ന വായനക്കാരെ ഒന്നിച്ചു സന്തോഷത്തിന്റെ മുൾമുനയിൽ നിർത്താൻ കഴിയുന്നുണ്ട്. അതെ സമയം എഴുതുന്നവരുടെ ജൻഡർ, പ്രായം, ജാതി, മതം, സാമൂഹ്യ സ്ഥിതി എന്നിവയെല്ലാം വിപണന സാധ്യതക്ക് നിർണായകമായ ഘടകങ്ങളാണ്.

ബെസ്റ്റ് സെല്ലർ പുസ്തകങ്ങളും
റീൽ സുഖവും

കുറഞ്ഞ ദൃശ്യങ്ങളിൽ ഒരു കാര്യത്തെ സർഗാത്മകമായി ആവിഷ്കരിക്കുന്ന, പുതുകാല സാമൂഹ്യമാധ്യമ കമ്യൂണിക്കേഷൻ രീതിയാണ് ഇൻസ്റ്റാഗ്രാം റീലുകൾ. ഈ ലഘു വീഡിയോകൾക്കും ചിത്രങ്ങൾക്കും നമ്മുടെ ശ്രദ്ധയെ ദീർഘനേരം ആകർഷിച്ചിരുത്താനുള്ള കാന്തികതയുണ്ട്.. ഉദാഹരണത്തിന്, ‘മഴ- കട്ടൻ ചായ- ജോൺസൻ മാഷ് - ആഹാ, അന്തസ്സ്’ എന്ന റീലിന്റെ പല ആവർത്തനങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതമാണല്ലോ. കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന, ആവേശിപ്പിക്കുന്ന, പൊട്ടിച്ചിരിപ്പിക്കുന്ന, അതിശയിപ്പിക്കുന്ന റീലുകൾ കണ്ടിരിക്കുമ്പോൾ പരിസരം മറക്കുന്നവരെ ചുറ്റും കാണാവുന്നതേയുള്ളു. എന്തുകൊണ്ടാവാം റീലുകൾ നമ്മളെ ആകർഷിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ പ്രചാരത്തിനുള്ളതും. നോവിക്കുന്നതും ആധിയുണ്ടാക്കുന്നതുമായ ജീവിതയാഥാർഥ്യങ്ങളെ, ആവർത്തിക്കാൻ ഭാവനയിൽ പോലും ആരും ആഗ്രഹിക്കുന്നില്ല. സുഖം, സന്തോഷം, സമാധാനം എന്നിവയൊക്കെ പുസ്തകരൂപത്തിൽ മാർക്കറ്റിൽ ലഭ്യമാക്കി കൊണ്ടാണ് പ്രസാധകർ ബെസ്റ്റ് സെല്ലറുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.

പുസ്തകത്തിന്റെ പേരു തീരുമാനിക്കുന്നത് മുതൽ ഓരോ വരിയിലും പുലർത്തുന്ന ജാഗ്രത എഴുത്തിന്റെ വിപണനത്തെ മുൻനിർത്തിയാണ്.
പുസ്തകത്തിന്റെ പേരു തീരുമാനിക്കുന്നത് മുതൽ ഓരോ വരിയിലും പുലർത്തുന്ന ജാഗ്രത എഴുത്തിന്റെ വിപണനത്തെ മുൻനിർത്തിയാണ്.

ഇൻസ്റ്റാഗ്രാം റീലുകൾ മാറിമാറി തോണ്ടി ശീലിച്ചവർ, ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ പേജുകൾ തോണ്ടുന്നത് ഒരല്പം അതിശയത്തോടെ തന്നെ റീലുകളാക്കാൻ പാകത്തിനുള്ള കണ്ടെന്റാണ്. പുസ്തകത്തിന്റെ പേരു തീരുമാനിക്കുന്നത് മുതൽ ഓരോ വരിയിലും പുലർത്തുന്ന ജാഗ്രത എഴുത്തിന്റെ വിപണനത്തെ മുൻനിർത്തിയാണ്. പുസ്തകവായനയെ ഇന്ന് മുന്നോട്ട് കൊണ്ടു പോകുന്നത് കച്ചവടതന്ത്രമാണ്. നമ്മുടെ വായനാതെരഞ്ഞെടുപ്പുകളെ, കച്ചവടതാല്പര്യങ്ങൾ നിർണ്ണയിക്കുന്ന മികച്ച സന്തോഷങ്ങളിലേക്കെത്തിക്കുന്ന ട്രെൻഡാണ് ബെസ്റ്റ് സെല്ലറുകളെ നിലനിർത്തുന്നത്. വളരെ അടുത്തിടെയായി പ്രസിദ്ധീകരണ പ്രസ്ഥാനങ്ങൾ ആവർത്തിച്ചു വിജയിക്കുന്ന ഈ ട്രെൻഡ്, ഇതിനു മുൻപുള്ള എഴുത്തുരീതികളിൽ എന്തുകൊണ്ട് മാതൃകയാക്കിയില്ല എന്നുള്ളത് ആലോചിക്കേണ്ടതുണ്ട്. ബെസ്റ്റ് സെല്ലർ പുസ്തകങ്ങളും വൈറലാവുന്ന ഇൻസ്റ്റാഗ്രാം റീലുകളും, നിലവിലുള്ള സമൂഹമനസ്സിന്റെ സ്ഥിതിവിശേഷത്തെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞ പുസ്തക വിപണി, അതിന്റെ വിതരണ സാദ്ധ്യതകൾ വേണ്ടുവോളം ഉപയോഗിച്ചു.

ബെസ്റ്റ് സെല്ലറുകൾ വായിക്കുകയും ആ ട്രെൻഡിന്റെ ഭാഗമാവുകയും ചെയ്തില്ലെങ്കിൽ സമകാലികരല്ലാതെ വരികയും, അതുവഴി അവരവർ അനുരൂപപ്പെട്ട ഗ്രൂപ്പുകളിൽ നിന്നും ഒറ്റപ്പെട്ടു പോകുകയും ചെയ്യും.

എന്തിനാണ് പ്രസിദ്ധി നേടേണ്ടത്?

ഒരു സമൂഹത്തിലെ ഒരു സംഘം ആളുകളുടെ പങ്കു വെക്കപ്പെട്ട, എന്നാൽ അവരുടെ ബോധചിന്തയിലൂടെ കടന്നുപോകാത്ത ആന്തരികാവശ്യങ്ങളാണ് (inner needs) പ്രശസ്തിക്കുവേണ്ടിയുള്ള ആഗ്രഹത്തിന് പിന്നിലുള്ളത്. കുറച്ചുകൂടി വ്യക്തമാക്കാം. ചെയ്യുന്നതിനും ചിന്തിക്കുന്നതിനുമൊക്കെ മറ്റുള്ളവരുടെ അംഗീകാരം, അനുമോദനം, സമ്മതം, ശ്രദ്ധ എന്നിവ കൂടിയേ തീരൂ എന്നും, അതുണ്ടെങ്കിൽ മാത്രമേ സ്വയം സാധൂകരണം (self -validation) സാധ്യമാവൂ എന്നുമുള്ള അഗാധമായ ആഗ്രഹമാണത്. അനേകരിൽ ഈ ആഗ്രഹങ്ങൾ ശക്തമായി പ്രകടമാവുമ്പോഴാണ് പ്രശസ്തരാവുകയെന്ന പ്രവണത വളരെ സാധാരണമാവുന്നത്. ചെറുതും വലുതുമായ നിലകളിൽ പ്രസിദ്ധരാകാൻ (സെലിബ്രിറ്റി) സ്വയം ശ്രമിക്കുകയോ അല്ലെങ്കിൽ ട്രെൻഡുകളോട് ചേർന്ന് നിന്ന് അവയെ അനുകരിക്കുകയോ വേണം. ബെസ്റ്റ് സെല്ലറുകൾ വായിക്കുകയും ആ ട്രെൻഡിന്റെ ഭാഗമാവുകയും ചെയ്തില്ലെങ്കിൽ സമകാലികരല്ലാതെ വരികയും, അതുവഴി അവരവർ അനുരൂപപ്പെട്ട (identify) ഗ്രൂപ്പുകളിൽ നിന്നും ഒറ്റപ്പെട്ടു പോകുകയും ചെയ്യും. എന്തിന്റെയെങ്കിലും ഭാഗമാകാതെയിരിക്കൽ ഇന്നത്തെ കാലത്ത്, ഭീതി ജനിപ്പിക്കുന്ന അവസ്ഥയാണ്. ഈ ഭീതി നമ്മുടെ ഉള്ളിൽ അറിഞ്ഞോ അറിയാതെയോ വന്നു പോകുന്നുണ്ട്. ട്രെൻഡുകളോട് ചേർന്നുനിന്ന് സ്വയം ട്രെൻഡി ആവാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ബെസ്റ്റ് സെല്ലറുകളുടെ വായനയും.

പുസ്തക വിപണിയുടെ ട്രെന്റുകളോട് ചേർന്നുനിന്ന്,  എഴുത്തും വായനയും സ്വന്തമായി ചെയ്തു വിജയിപ്പിക്കാനുള്ള ശ്രമമുണ്ടാവുകയെന്നതാണ് പോപ്പുലർ വായനയെ മാത്രം വിൽക്കുന്ന കോർപ്പറേറ്റ് പ്ലാനുകളുടെ കാലത്തു ചെയ്യാനാവുന്നത്.
പുസ്തക വിപണിയുടെ ട്രെന്റുകളോട് ചേർന്നുനിന്ന്, എഴുത്തും വായനയും സ്വന്തമായി ചെയ്തു വിജയിപ്പിക്കാനുള്ള ശ്രമമുണ്ടാവുകയെന്നതാണ് പോപ്പുലർ വായനയെ മാത്രം വിൽക്കുന്ന കോർപ്പറേറ്റ് പ്ലാനുകളുടെ കാലത്തു ചെയ്യാനാവുന്നത്.

കുട്ടികൾ എന്ത് വായിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത്?

മൊബൈൽ സ്‌ക്രീനുകൾ പകരുന്ന ലഹരിയെ ജനപ്രിയ പുസ്തകങ്ങളിലൂടെ പകരം വെക്കാനാണ് പുസ്തക വിപണി ഉന്നം വെയ്ക്കുന്നത്. അമൂർത്തമായ ഭാവനാലോകത്തെ ഓരോ വ്യക്തിക്കും സവിശേഷമായി സമ്മാനിക്കാൻ സ്‌ക്രീനുകളെക്കാൾ എന്തുകൊണ്ടും പുസ്തകങ്ങൾക്കാണ് കഴിയുക. ഒരേസമയം വെല്ലുവിളിയും സാധ്യതയുമാണ് ആ ശ്രമം. അതിന്റെ മറ്റൊരു പ്രകടനമാണ് സ്കൂളുകളെ കേന്ദ്രീകരിച്ചുള്ള വായനാഘോഷങ്ങൾ. സ്‌ക്രീനുകളുടെ മാസ്മരികതക്കപ്പുറമുള്ള ഉത്തേജനം പുസ്തകങ്ങൾക്ക് നൽകാനാവുമെങ്കിൽ കുട്ടികളിൽ വായനാശീലത്തെ ബോധപൂർവം പ്രോത്സാഹിപ്പിക്കാനുള്ള ഉദ്യമങ്ങൾ ഉണ്ടായേ തീരൂ. എന്നാൽ കുട്ടികളെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കേണ്ടതാണ്. കാരണം, ക്ലാസിക് എഴുത്തുകളുടെ വായന ഈ സാഹചര്യത്തിൽ അപ്രധാനമാവുന്നുണ്ടെന്നുള്ളതുകൊണ്ടുതന്നെ. കുട്ടികളുടെ വായനയിൽ രസകരമായ ഗൗരവം കൊണ്ടുവരാനും കഴിയാവുന്നതേയുള്ളു. തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ മനോഹാരിതയെ ആഘോഷിക്കാനും കൂടെ നടക്കാനും വഴികാട്ടികളായി മുതിർന്നവരുണ്ടാവേണ്ടതാണ്. ട്രെൻഡിനും വൈബിനും പുറകേ പോകുന്നവർക്ക് പാകത്തിനുള്ള പുസ്തകങ്ങളും വിപണിയിൽ സുലഭമാണ്. ഉദാഹരണത്തിന് ഈ കഴിഞ്ഞ പ്രണയ ദിനത്തിനും സ്വാഭിമാനമാസത്തിനും വായനാ ദിനത്തിനും ഒന്നിച്ച് അടുക്കിവെച്ച പുസ്തകങ്ങളിൽ ക്ലാസിക് കൃതികൾ വളരെ കുറവായിരുന്നു. വായനാ ശീലമുള്ളവർ അന്വേഷിച്ചു കണ്ടെത്തുന്ന ഈ പുസ്തകങ്ങൾ, വായനാലോകത്തെ പുതു തലമുറയ്ക്ക് പല നിലയ്ക്കും ബോധപൂർവം പരിചയപ്പെടുത്തേണ്ടതുണ്ട്.

കുട്ടികളുടെ വായനയിൽ രസകരമായ ഗൗരവം കൊണ്ടുവരാനും കഴിയാവുന്നതേയുള്ളു.
കുട്ടികളുടെ വായനയിൽ രസകരമായ ഗൗരവം കൊണ്ടുവരാനും കഴിയാവുന്നതേയുള്ളു.

പുസ്തക വിപണിയുടെ ട്രെന്റുകളോട് ചേർന്നുനിന്ന്, എഴുത്തും വായനയും സ്വന്തമായി ചെയ്തു വിജയിപ്പിക്കാനുള്ള ശ്രമമുണ്ടാവുകയെന്നതാണ് പോപ്പുലർ വായനയെ മാത്രം വിൽക്കുന്ന കോർപ്പറേറ്റ് പ്ലാനുകളുടെ കാലത്തു ചെയ്യാനാവുന്നത്. സ്വയം പ്രസാധകസംഘങ്ങൾ, സൗഹൃദക്കൂട്ടങ്ങളുടെ എഴുത്തു സംരംഭങ്ങൾ, ചെറിയ വായനശാലകൾ, ബുക്ക് ക്ലബ്ബുകൾ, വൈകുന്നേരങ്ങളിലെ വായനാചർച്ചകൾ, ബാലവേദികൾ എന്നിങ്ങനെ ഗൗരവപൂർണമായ വായനയെ വളർത്താനാവുന്ന തുടക്കങ്ങൾ വൈറലാവുക തന്നെ ചെയ്യും.

Comments