മുട്ടത്തുവർക്കിയേയും ഒ.വി. വിജയനെയും എങ്ങനെയാണ് താരതമ്യപ്പെടുത്തുന്നത്? എഴുത്തിന്റെ മൂല്യത്തെ അളക്കുന്ന അളവുകോൽ എന്താണ്? അതിലുള്ള വസ്തുനിഷ്ഠമായ അംശങ്ങളെത്ര, ആത്മനിഷ്ഠമായവ എത്രയുണ്ട്? ഏറ്റവും കൂടുതൽ വായനക്കാർ വായിക്കുന്ന കൃതിയാണോ ഏറ്റവും മൂല്യവത്തായ രചന?
ഇപ്പോൾ മലയാളത്തിലെ വായനയുടെയും എഴുത്തിന്റെയും സഞ്ചാരപഥങ്ങളെ പൊടുന്നനെ കലുഷിതമാക്കിക്കൊണ്ടാണ് ചില പുതുമുഖങ്ങളുടെ ജനപ്രിയ രചനകൾ വിപണിയുടെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് കുതിച്ചുയർന്നത്. വായനയുടെ ലക്ഷ്യത്തെ സംബന്ധിച്ച ഈ ചർച്ചയുടെ അടിയന്തര സാഹചര്യം അതുകൂടിയാണെന്ന് ഞാൻ കരുതുന്നു.
ഒരു ഭാഗത്ത് അത് വലിയ അങ്കലാപ്പ് സൃഷ്ടിക്കുകയും മറുവശത്തത് വായനയുടെ ജനകീയവത്കരണമെന്ന് ആഘോഷിക്കപ്പെടുകയും ചെയ്തു. പുസ്തകശാലകളിൽ ഈ പുസ്തകങ്ങൾ തേടിയെത്തിവരിൽ ഏറെപ്പേരും പുസ്തകങ്ങൾ വായിക്കുന്ന ശീലമുള്ളവരേയായിരുന്നില്ല. എന്നാൽ ആ പുസ്തകങ്ങൾ കൈയ്യിലെടുക്കുന്നതിൽ അവർ ആവേശഭരിതരായിരുന്നു. ചില പുസ്തകശാലകളിൽ അത് കിട്ടാതെ വന്നപ്പോൾ വലിയൊരു നഷ്ടത്തിന്റെ വ്യസനമാണ് അവരുടെ മുഖത്ത് നിഴലിച്ചത്. പിന്നീടത് അവർ തേടി കണ്ടെത്തുകയും ചെയ്തു. ചിലർ വായിക്കാൻ കൂടിയായിരുന്നില്ല അത് തേടിപ്പിടിച്ചത്, പ്രിയപ്പെട്ട ചിലർക്ക് സമ്മാനമായി നൽകാനായിരുന്നു. ഇൻസ്റ്റഗ്രാമിലെ ചില റീലുകളാണ് ഈ അപ്രതീക്ഷിതവും അപ്രതിരോധ്യവുമായ വായനാവിപ്ലവും സൃഷ്ടിച്ചതെന്ന അറിവ്, പഴയ ലോകം എത്രമേൽ മാറിക്കഴിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവുകൂടിയാണ് നൽകുന്നത്.
പഴയൊരു സമൂഹത്തിന്റെ മൂല്യബോധത്തെ മുറുകെപ്പിടിച്ചുകൊണ്ടാണ് മാറിമറിയുന്ന പുതിയ ലോകത്തെ ഭയപ്പാടോടെ നാം നോക്കിക്കാണുന്നത്. കാൽക്കീഴിലെ മണ്ണെല്ലാം അതിവേഗം ഒലിച്ചുപോകുന്നതുപോലെയൊരു അരക്ഷിതബോധമാണ് പഴയ ലോകത്തിെൻ്റ പ്രതിനിധികളിൽ അതുണ്ടാക്കുന്നത്. പഴയ ക്ലാസിക്കൽ വിപ്ലവങ്ങളെല്ലാം അവസാനിച്ചുകഴിഞ്ഞു. കാലംതെറ്റിയവരെപ്പോലെ ചിലർ ഇപ്പോഴും മാവോ സൂക്തങ്ങളുമായി വനാന്തരങ്ങളിൽ എ.കെ 47 തോക്കുമായി അലയുന്നുണ്ടെങ്കിലും അവരുടെ ശൗര്യത്തെപ്പോലും കാടിന്റെ കാൽപ്പനിക വശ്യത ചോർത്തിക്കളഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിനും മുമ്പൊരു തലമുറ അവധൂത സന്യാസിമാരായാണ് വനാന്തരത്തിൽ അലഞ്ഞതെങ്കിൽ രണ്ടായിരത്തി ഇരുപതുകളോടുകൂടി അവസാനിച്ചുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ ഇനി അവശേഷിക്കുന്നത് വന്യമായ ഭൂപ്രകൃതിയിൽ അലയുന്ന ഏതാനും അവധൂത വിപ്ലവകാരികൾ മാത്രമാണ്.
പുതിയ തലമുറയിലേക്ക് വായനയുടെ പുതിയൊരു ജനപ്രിയ തരംഗമാണ് ഇപ്പോൾ ആഞ്ഞുവീശിയത്. രസിപ്പിക്കലാണ് കലയുടെ ലക്ഷ്യമെങ്കിൽ രസത്തിന്റെ സ്വഭാവത്തെ എങ്ങനെയാണ് അളന്നു തിട്ടപ്പെടുത്താനാകുക?
വായനയുടെ
അർത്ഥവും
അനർത്ഥവും
അച്ചടിക്കുന്ന പുസ്തകങ്ങളിലൂടെ മാത്രമല്ല വായന സാധ്യമാകുക. വായനയുടെ പാരമ്പര്യരീതിയും മാറിമറിയുകയാണ്. ഇലക്ട്രോണിക് വായന ഒരു തലമുറ ശീലിച്ചുതുടങ്ങി. പലർക്കും അതേ സാധ്യമാകൂ എന്ന നിലയുമായി. അച്ചടിമഷി പുരളാത്ത അക്ഷരങ്ങൾ അന്തരീക്ഷത്തിലൂടെ പറന്നെത്തി വായനക്കാരുടെ മുമ്പിലെ കുഞ്ഞു യന്ത്രങ്ങളിൽ നിറയുകയാണ്. വാക്കുകളുടെയും ഇമേജുകളുടെയും അദൃശ്യവും അൽഭുതകരവുമായ രഹസ്യസഞ്ചാരമാണത്. മുമ്പ് ദൈവങ്ങൾക്ക് മാത്രം ചെയ്യാൻ കഴിയുമായിരുന്ന കാര്യം ഇപ്പോൾ മനുഷ്യർ അനായാസേന നിർവഹിച്ചുവരുന്നു.
എന്നാൽ അച്ചടിക്കുന്ന വാക്കുകൾ മരിക്കുകയാണെന്ന വാദത്തിന് ന്യായമൊന്നും കാണുന്നില്ല. പുസ്തകങ്ങളെ സ്നേഹിക്കുന്ന മനുഷ്യർ എല്ലാക്കാലവും, മനുഷ്യരാശി നിലനിൽക്കുന്നതുവരെയും ഉണ്ടാകും. വായനയെ ജീവിതത്തിന്റെ മുഖ്യ അടിസ്ഥാനവും ഏറ്റവും പ്രധാന ജീവിത പ്രേരണയുമായി കരുതുന്ന, നമുക്കു ചുറ്റും കാണാൻ കഴിയുന്ന ധാരാളം പേരെപ്പോലെയുള്ള മനുഷ്യർ ഭൂമിയുടെ അവസാനനിമിഷം വരെയുമുണ്ടാകും. അവർ അപ്പോഴും വായിച്ചതും വായിക്കാത്തതുമായി അനേകം പുസ്തകങ്ങൾ സ്വന്തമാക്കി തങ്ങൾക്കുചുറ്റും വച്ച്, അത് നൽകുന്ന അവാച്യമായ അനുഭൂതിയിൽ ധ്യാനനിരതരായി ഇരിക്കുന്നത് തുടരുന്നുണ്ടാകും.
ബെസ്റ്റ് സെല്ലറുകൾ
മിക്കപ്പോഴും
ബെസ്റ്റ് രചനകളാകില്ല
പുതിയ തലമുറയിലേക്ക് വായനയുടെ പുതിയൊരു ജനപ്രിയ തരംഗമാണ് ഇപ്പോൾ ആഞ്ഞുവീശിയത്. രസിപ്പിക്കലാണ് കലയുടെ ലക്ഷ്യമെങ്കിൽ രസത്തിന്റെ സ്വഭാവത്തെ എങ്ങനെയാണ് അളന്നു തിട്ടപ്പെടുത്താനാകുക? അത് എത്രസമയം നിലനിൽക്കുമെന്നും പറയാനാകില്ല. അധികമൊന്നും നീണ്ടുനിൽക്കില്ല എന്ന് കരുതാനേ കഴിയൂ. മനോരമ, മംഗളം തുടങ്ങി ’മ’ പ്രസിദ്ധീകരണങ്ങളെന്നോ പൈങ്കിളി വാരികകളെന്നോ വിശേഷിപ്പിക്കപ്പെട്ടവയുടെ കോപ്പികൾ ഏഴു ലക്ഷം, പത്തു ലക്ഷം, പതിനേഴു ലക്ഷം എന്നിങ്ങനെ അമ്പരപ്പിക്കുന്ന വേഗത്തിൽ വളർന്നപ്പോൾ മലയാളത്തിലെ സമാനതകളില്ലാത്ത ഒരു സാംസ്കാരിക പ്രതിഭാസമാണ് ഒരുകാലത്ത് ഉടലെടുത്തത്. അതുവരെ അക്ഷരങ്ങളെ തീരെ ഗൗനിക്കാതിരുന്ന ധാരാളം പേരെയാണ് അത് വായിപ്പിച്ചത്. എന്നാൽ ഈ ജനപ്രിയ വാരികകളുടെ പ്രഭാവം മെല്ലെ കെട്ടടങ്ങി. അപ്പോൾ അവ സൃഷ്ടിച്ച വിപുലവും വിശാലവുമായ വായനാ സമൂഹം എവിടേക്കാണ് പോയത്? പിന്നീടതിൽ വലിയൊരു വിഭാഗം ചാനലുകളിലെ പൈങ്കിളി സീരിയലുകളുടെ പ്രേക്ഷകരായി പരിവർത്തനപ്പെടുകയും അക്ഷരങ്ങളെ തീരെ കൈയ്യൊഴിയുകയും ചെയ്യുകയായിരുന്നു എന്നു കരുതാം. എന്നാൽ അന്നത്തെ ‘മ’ വാരികകളുടെയും ജനപ്രിയ എഴുത്തുകാരുടെയും വായനക്കാരിൽ ഒരു വിഭാഗമെങ്കിലും പിന്നീട് ഗൗരവമുള്ള വായനയിലേക്ക് പ്രവേശിക്കുകയും മലയാളത്തിലെ നല്ല വായനക്കാരായി പരിവർത്തനപ്പെടുക കൂടി ചെയ്തിട്ടുണ്ട്.
ബെസ്റ്റ് സെല്ലറുകൾ മിക്കപ്പോഴും ബെസ്റ്റ് രചനകളാകില്ല എന്നതാണ് അനുഭവം. അവ വായനയെ വിശാലമാക്കുന്നു എന്ന് എഴുത്തിന്റെ മൂല്യം കൊണ്ട് പറയാനാകില്ല. എന്നാൽ വായനക്കാരേ അല്ലാത്ത കുറേയേറെപ്പേരെ വായിപ്പിക്കുന്നു എന്നതാണ് അതിന്റെ ഗുണകരമായ ഒരു സംഭാവന. എന്നാൽ ഈ വായന കൂടുതൽ മൂല്യവത്തായ രചനകളിലേക്ക് അവരെ നയിക്കുമോ എന്നതാണ് പ്രധാന ചോദ്യം. ഇപ്പോൾ ട്രെന്റുകളാകപ്പെട്ട ജനപ്രിയ രചനകൾ തേടി പുസ്തകശാലകളിലെത്തുന്നവരുടെ കണ്ണുകൾ അവിടെയിരിക്കുന്ന മറ്റേതൊരു പുസ്തകത്തിലേക്കും തിരയുന്നില്ല എന്നാണ് പുസ്തകശാലക്കാർ പറയുന്നത്. അപ്പോൾ അവർ പുസ്തകത്തെയല്ല ചില ട്രെന്റുകളെയാണ് വായിക്കുന്നത്. അതുകൊണ്ടുതന്നെ അത് സൃഷ്ടിക്കുന്ന ഉണർവ്വ് പുസ്തക വിപണിയിൽ ഏറെനാളൊന്നും നീണ്ടുനിൽക്കുകയുമില്ല.
ജനപ്രിയ രചനകളുടെ ഭാരം കുറഞ്ഞ വായന കൂടുതൽ പേരിലേക്ക് അക്ഷരങ്ങളെ എത്തിക്കുന്നു എന്ന അർത്ഥത്തിൽ വായനയെ അത് കൂടുതൽ വിശാലമാക്കുന്നുവെന്നുവെന്നുതന്നെ പറയാം.
ചില ട്രെന്റുകളെ ആഘോഷമാക്കുന്ന പുസ്തക വിപണിയുടെ കാഴ്ചകൾ കുറച്ചു നാളുകളായി കാണുകയാണ്. ചിലപ്പോൾ അത് പ്രണയമാകുമ്പോൾ മറ്റു ചിലപ്പോൾ ഹൊററാകുമെന്നും ചിലപ്പോൾ കുറ്റാന്വേഷണമാകുമെന്നും കേൾക്കുന്നു. അപ്പോൾ ഈ ട്രെൻുകൾ സെറ്റു ചെയ്യുന്ന അദൃശ്യ കരങ്ങൾ ഏതെല്ലാമാണെന്ന അന്വേഷണം കേരളത്തിന്റെ സാംസ്കാരിക രംഗത്തിന്റെ നല്ലൊരു വിചാരണ കൂടിയായി മാറിയേക്കാം. എല്ലാവരെയും അുതപ്പെടുത്തിക്കൊണ്ട് അനേകം പതിപ്പുകളിറങ്ങിയ ചില പുസ്തകങ്ങളുടെ വായനാനുഭവത്തെപ്പറ്റി സമൂഹമാധ്യമങ്ങളിലെ ചില വായനാഗ്രൂപ്പുകളിൽ നടന്ന ചർച്ചകളിൽ, ആ കൃതിയെപ്പറ്റി കേട്ടതും വായിച്ചതുമായ അതിവിശേഷണങ്ങളിൽ വിശ്വസിച്ച് തങ്ങൾ വഞ്ചിതരാകുകയായിരുന്നുവെന്നും ചിലർ പറഞ്ഞ് കാണുകയുണ്ടായി. എന്നാൽ, ജനപ്രിയ രചനകളുടെ ഭാരം കുറഞ്ഞ വായന കൂടുതൽ പേരിലേക്ക് അക്ഷരങ്ങളെ എത്തിക്കുന്നു എന്ന അർത്ഥത്തിൽ വായനയെ അത് കൂടുതൽ വിശാലമാക്കുന്നുവെന്നുവെന്നുതന്നെ പറയാം.
വായനാഘോഷങ്ങളും
അക്ഷരോൽസവങ്ങളും
പ്രസാധകരോ മറ്റേതെങ്കിലും ബിസിനസ് നടത്തുന്നവരോ ഏതെങ്കിലും വിപണനതന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിൽ അത് തികച്ചും സ്വാഭാവികമായൊരു കാര്യം മാത്രമാണ്. വിപണനതന്ത്രം എന്നത് അതിൽ തന്നെ ഒരു തെറ്റായ കാര്യവുമല്ല. വായനയുടെ വാണിജ്യവത്കരണം, ഉപരിപ്ലവവായന എന്നതൊക്കെ ശരിയാണ്. എന്നാൽ അവ വായനയുടെയും പ്രസാധനത്തിന്റെയും പ്രശ്നം മാത്രമല്ല, സമൂഹത്തിന്റെ പൊതു അവസ്ഥയുടെ പ്രതിഫലനം മാത്രമാണ്.
ജീവിതത്തെപ്പറ്റി നാനാവിധമായ സമീപനങ്ങളുള്ളതുപോലെ വായനയേയും പലരും പലവിധത്തിലാകും ഉൾക്കൊള്ളുകയും അനുഭവിക്കുകയും ചെയ്യുന്നത്. ഏതെങ്കിലുമൊരു വരേണ്യസങ്കൽപ്പത്തെ സൃഷ്ടിച്ചെടുത്തുകൊണ്ട് ഇതാണ് ‘ശരിയായ വായന’ എന്ന തീർപ്പുകൽക്കുകയാണെങ്കിൽ അതിനോടെങ്ങനെയാണ് യോജിക്കാനാകുക? വായനയുടെ കാൽപ്പനികവൽക്കരണം ഒരു മാർക്കറ്റിങ് തന്ത്രമാണ് എന്ന വാദമുയരുന്നുണ്ട്. കാൽപ്പ കാൽപ്പനികവത്കരണത്തിൽ എന്താണ് തെറ്റ്? കാൽപ്പനികവത്കരണത്തെ യഥാതഥവാദം കൊണ്ട് നേരിടണമെന്നാണോ?
മലയാളത്തിൽ ഇപ്പോൾ ഇറങ്ങുന്ന പുസ്തകങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്ര അധികമാണ്. പ്രിൻ്റ് ഓൺ ഡിമാൻ്റ് എന്ന പുതിയ അച്ചടി സംവിധാനം വന്നതോടുകൂടിയാണ് ഈ പ്രതിഭാസം ഉടലെടുത്തത്. ഇറങ്ങുന്നതിൽ ബഹുഭൂരിപക്ഷം പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടില്ലെങ്കിലും കുഴപ്പമില്ലാത്തതാണെങ്കിലും എഴുത്തുകാരുടെ ആവിഷ്കാര ആഗ്രഹത്തെ അപ്രസക്തമായി കരുതാനാകില്ല. അതിനിടയിലാണ് അത്ര കേമമൊന്നുമല്ലാത്ത പല കൃതികളും അപ്രതീക്ഷിതമായി ബെസ്റ്റ് സെല്ലറുകളായി രൂപാന്തരപ്പെടുന്നത്. അത് സാധ്യമാക്കുന്ന സമൂഹമാധ്യമ അന്തരീക്ഷം പുതിയ കാലത്തിന്റെ ഒരു സാധ്യതയുമാണ്. ചില വിപണന പരിശ്രമങ്ങൾ വിജയിക്കുമ്പോൾ മറ്റുള്ളവയെല്ലാം പരാജയപ്പെടുകയാണ് ചെയ്യുന്നത്. അതിലെല്ലാം സമൂഹത്തിന്റെ പൊതു മനസ്സും പുതുതലമുറയുടെ വിചാരവികാരങ്ങളും കൂടിയാണ് പ്രതിഫലിക്കുന്നത്. വായനയുടെയും എഴുത്തിന്റെയും പ്രസാധനത്തിന്റെയുംമാത്രം പ്രശ്നമായല്ല അതിനെ സമീപിക്കേണ്ടത്.
എഴുത്തും വായനയും പ്രസാധനവും വിചാരണ ചെയ്യപ്പെടേണ്ടതല്ലെന്നല്ല, എന്നാൽ അത് ചെയ്യുന്നയാളുടെ സാമൂഹിക – സാംസ്കാരിക കാഴ്ചപ്പാടുകളും രാഷ്ട്രീയമായ ധാരണകളും കൂടിയാകും അതിൽ പ്രതിഫലിക്കുക. സമൂഹത്തെയും മനുഷ്യജീവിതത്തേയും നാം എങ്ങനെ കാണുന്നു എന്നതു തന്നെയാണ് പ്രധാനം. വായനയോടും എഴുത്തിനോടുമുള്ള നമ്മുടെ സമീപനത്തെ നിർണ്ണയിക്കുന്നതും അതുന്നെയായിരിക്കും. എഴുത്തിന്റെ മൂല്യത്തെ അങ്ങനെ കൂടിയാണ് നാം അളന്ന് തിട്ടപ്പെടുത്തുക. രസിപ്പിക്കുന്നതിനൊപ്പം ഭാവുകത്വപരമായ പുതിയൊരു നവീകരണവും ദർശനപരമായ ഉൾക്കാഴ്ചയും കൂടി സാധ്യമാക്കുന്നവ തന്നെയാണ് മികച്ച രചനകൾ.