സാധ്യമാണ്, ഗംഭീര വായനയുടെ
ഒരുത്സവപ്പറമ്പ്

ഗൗരവതരമായ വായന കുറയുന്നു എന്ന് പറയുമ്പോൾ അത്തരത്തിലുള്ള എഴുത്തും കുറയുന്നുണ്ട് എന്നുകൂടി നമ്മൾ ഓർക്കണം. വായനയിലെ മാറ്റങ്ങളെപ്പറ്റി ഒരു സ്വതന്ത്ര പ്രസാധകനു പറയാനുള്ളത്- ഡോ. ഔസാഫ് അഹ്‌സൻ എഴുതുന്നു.

രമ്പരാഗതമായ അർത്ഥത്തിൽ അച്ചടിച്ചത് വായിക്കുക എന്നതിൽ നിന്ന് വായന എന്നോ മാറിപ്പോയിട്ടുണ്ട്. അനുഭവത്തിന്റെ തലത്തിൽ കാര്യമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുള്ള ഒന്നാണ് വായന. പണ്ടത്തെ അർത്ഥത്തിൽ അല്ല ഇന്ന് വായന നിലനിൽക്കുന്നതുതന്നെ. വായിക്കുക, അല്ലെങ്കിൽ വായിച്ചുകേൾപ്പിക്കുക, അത് ചർച്ച ചെയ്യുക, അതിന്റെ സാഹിത്യമൂല്യമോ ചരിത്രമൂല്യമോ സാമൂഹിക മൂല്യമോ പരിഗണിക്കുക എന്ന മട്ടിലുള്ള വായനയായിരുന്നു പൊതുവെ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ വികാസം ഉണ്ടാക്കിയ മാറ്റം ഒരു വശത്തുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ വരവോടെ ഉണ്ടായ മാറ്റം മറ്റൊരു വശത്തുമുണ്ട്. ദൃശ്യവും ശ്രാവ്യവുമായ മീഡിയകളോട് കെട്ടുപിണഞ്ഞുകൂടിയാണ് ഇന്ന് വായന കിടക്കുന്നത്. അതുകൊണ്ട്, എന്തിനൊരു മനുഷ്യൻ വായിക്കണം എന്ന ചോദ്യം പോലും നിരർത്ഥകമാണ്. കാരണം എല്ലാ ആളുകളും പല രീതിയിലുള്ള വായനകളിൽ സദാസമയം ഏർപ്പെടുന്നുണ്ട്. കേട്ടിട്ടും കണ്ടിട്ടും ഒക്കെയുള്ള വായനകളുണ്ട് ഇതിൽ.

പോപ്പുലർ ആകുന്നതും ആക്കുന്നതും

പോപ്പുലർ ആവുക എന്നത് സ്വയം ഒരു തിന്മയായി തോന്നുന്നില്ല. ഏറ്റവും ചുരുങ്ങിയത് പ്രസാധനത്തിന്റെ കാര്യത്തിലെങ്കിലും. നാലാളറിയുക എന്നത് മനുഷ്യർക്കിടയിൽ എപ്പോളുമുള്ള ആഗ്രഹമായി നിലനിൽക്കുന്ന ഒന്നാണ്. ജനകീയമാകുമ്പോൾ ആണല്ലോ കച്ചവടവും സാധ്യമാകുന്നത്. പക്ഷെ പോപ്പുലർ ആവുന്നതും പോപ്പുലർ ആക്കിത്തീർക്കുന്നതും തമ്മിലുള്ള വ്യത്യാസം കാണാതെ പോകരുത്. വമ്പിച്ച മാർക്കറ്റിങ് തന്ത്രങ്ങൾ ഉപയോഗിച്ച് ചില പ്രത്യേക തരം പുസ്തകങ്ങളെ ബെസ്റ്റ് സെല്ലർ ആക്കിമാറ്റാൻ ഇപ്പോൾ വൻകിട പ്രസാധകർ വിചാരിച്ചാൽ കഴിയും. ഇത് നമ്മുടെ വായനക്ക് ഏൽപിക്കുന്ന പരിക്ക് സാരമായതാണ്.

എല്ലാ ടൈറ്റിലുകളും എപ്പോളും പോപ്പുലർ ആകണമെന്ന ഉദ്ദേശ്യത്തോടെ ജനങ്ങളുടെ ടേസ്റ്റിനൊത്ത് മാത്രം പുസ്തകങ്ങളെ ചുട്ടെടുക്കുന്ന പ്രസാധകരാവുമ്പോൾ അവർക്ക് എന്താണ് കോൺട്രിബ്യൂട്ട് ചെയ്യാനുണ്ടാവുക എന്നൊരു ചോദ്യം അവശേഷിക്കുന്നുണ്ട്.

അതേസമയം അത്ര പോപ്പുലർ ഒന്നുമല്ലാത്തതും എന്നാൽ പ്രസക്തമായതുമായ സവിശേഷ അഭിരുചികളെ കേറ്റർ ചെയ്യുന്ന പ്രസാധനവും വേറൊരു വശത്തുണ്ട്. അതിനുവേണ്ടി സുചിന്തിതമായ, നല്ല ക്ലാരിറ്റിയുള്ള, വിട്ടുവീഴ്‌ചയില്ലാത്ത എഡിറ്റോറിയൽ നയങ്ങൾ പുലർത്തുന്ന പബ്ലിഷേഴ്‌സും ഉണ്ട്. ഇത് രണ്ടും എല്ലാ കാലത്തും നിലനിൽക്കുമെന്നാണ് തോന്നുന്നത്. ചിലപ്പോൾ നീഷ് ആയിട്ടുള്ള കാര്യങ്ങൾ മാത്രം ഫോക്കസ് ചെയ്യുന്ന സ്വതന്ത്ര പ്രസാധകരുടെ ചില പുസ്തകങ്ങൾ പോപ്പുലർ ആവാറുമുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ ഒരു പ്രത്യേക നിർവചനം പറ്റില്ലെന്ന് തോന്നുന്നു. പോപ്പുലർ ആകാൻ പാടില്ല എന്ന വാശിയൊന്നും സമാന്തര പ്രസാധകർ ഉൾപ്പെടെ ആർക്കുമില്ലല്ലോ. എന്നാൽ, എല്ലാ ടൈറ്റിലുകളും എപ്പോളും പോപ്പുലർ ആകണമെന്ന ഉദ്ദേശ്യത്തോടെ ജനങ്ങളുടെ ടേസ്റ്റിനൊത്ത് മാത്രം പുസ്തകങ്ങളെ ചുട്ടെടുക്കുന്ന പ്രസാധകരാവുമ്പോൾ അവർക്ക് എന്താണ് കോൺട്രിബ്യൂട്ട് ചെയ്യാനുണ്ടാവുക എന്നൊരു ചോദ്യം അവശേഷിക്കുന്നുണ്ട്.

ഏതൊന്നിന്റെയും കൊമേഴ്സ്യലൈസേഷന്റെ സാധ്യതകൾ വിപണി ആരാഞ്ഞുകൊണ്ടേയിരിക്കും. അതിനെ ഗുണപരമായി സ്വാധീനിക്കാനാണ് പലപ്പോഴും ക്രിയേറ്റീവായ പ്രസാധകർ ശ്രമിക്കാറുള്ളത്.   Photo: Sivaji Sasidaran
ഏതൊന്നിന്റെയും കൊമേഴ്സ്യലൈസേഷന്റെ സാധ്യതകൾ വിപണി ആരാഞ്ഞുകൊണ്ടേയിരിക്കും. അതിനെ ഗുണപരമായി സ്വാധീനിക്കാനാണ് പലപ്പോഴും ക്രിയേറ്റീവായ പ്രസാധകർ ശ്രമിക്കാറുള്ളത്. Photo: Sivaji Sasidaran

കൊമേഴ്സ്യലൈസേഷന്‍ വിപണിയുടെ സഹജമായ സ്വഭാവമാണ്. ഏതൊന്നിന്റെയും കൊമേഴ്സ്യലൈസേഷന്റെ സാധ്യതകൾ വിപണി ആരാഞ്ഞുകൊണ്ടേയിരിക്കും. അതിനെ ഗുണപരമായി സ്വാധീനിക്കാനാണ് പലപ്പോഴും ക്രിയേറ്റീവായ പ്രസാധകർ ശ്രമിക്കാറുള്ളത്. ആ നിലക്ക് നോക്കുമ്പോൾ ഉപരിപ്ലവമായ വായന എന്ന് നമ്മൾ പറയുന്ന പ്രവണത വളർന്നുവരുമ്പോൾ തന്നെ അതിനകത്തുനിന്ന് കൂടുതൽ ആഴവും ഗൗരവമുള്ള വായനകൾ രൂപപ്പെട്ടുവരാറുണ്ട്. വായനക്ക് അങ്ങനെ ഒരു ഗുണമുണ്ട്. അത് മാറിയും മറിഞ്ഞും ഇങ്ങനെ സംഭവിച്ചുകൊണ്ടേയിരിക്കും. പുതിയ മേച്ചിൽപുറങ്ങളെ തേടിക്കൊണ്ടിരിക്കും.

വായനയുടെ
നിർബന്ധിതാഘോഷങ്ങൾ

വായന ഇല്ലാതാവുന്നു എന്ന തെറ്റായ ധാരണയുടെ പുറത്താണ് വായന കൃത്രിമമായി ഉണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങൾ നടക്കുന്നത്. എന്നാൽ വേറൊരുവശത്ത് വായന സജീവമാണ് എന്നതിവർ കാണാറില്ല. പ്രത്യേകിച്ച് മലയാളം വായന ഇല്ലാതാവുന്നു എന്നും ഒരു വാദമുണ്ട്. മലയാളഭാഷയിൽ വായന കുറയുന്നുണ്ട് എന്നതൊരു സത്യം തന്നെയാണ്. ഇത് കൂടുതൽ ശരിയായിട്ടുള്ളത് പുസ്തക വായനയുടെ കാര്യത്തിലാണ്. സോഷ്യൽ മീഡിയയിലെ വായനയും ഉപരിപ്ലവ വായനകളും ഒക്കെ അപ്പോഴും നടക്കുന്നുണ്ട്. ഗൗരവതരമായ വായന കുറയുന്നു എന്ന് പറയുമ്പോൾ അത്തരത്തിലുള്ള എഴുത്തും കുറയുന്നുണ്ട് എന്നുകൂടി നമ്മൾ ഓർക്കണം. അല്ലെങ്കിലും മലയാള സാഹിത്യം മുമ്പേതന്നെ ഫിക്ഷനിൽ കൂടുതൽ ശ്രദ്ധിക്കുകയും നോൺ ഫിക്ഷനിൽ ശ്രദ്ധ കുറഞ്ഞുപോവുകയും ചെയ്തിട്ടുണ്ട് എന്നുതോന്നിയിട്ടുണ്ട്. അതുകൊണ്ട് പുതിയ തലമുറയിലെ കുട്ടികളെ ഇത്തരം കാര്യങ്ങളിലേക്ക് ശ്രദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കും. സ്‌കൂളുകളും സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും ഒക്കെ ഇതിനു മുൻകയ്യെടുക്കും. അത് പലതും ഉത്സവപരിവേഷത്തിലായിരിക്കും നടത്തപ്പെടുക. അതേസമയം ഇത്തരം കാര്യങ്ങൾ ആത്യന്തികമായി വായനയുടെ സാധ്യതയെ ഉണർത്തുകയും ഗൗരവ വായനകളിലേക്ക് കുട്ടികളെ ക്ഷണിക്കുകയും തന്നെയാണ് ചെയ്യുക എന്നാണ് തോന്നുന്നത്.

പുതുതലമുറക്ക് കൗതുകവും താത്പര്യവും ജനിപ്പിക്കുന്ന, അവരുടെ കാലത്തിന്റെയും ലോകത്തിന്റെയും കാഴ്‌ചയുടെയും ‘വൈബി’നെ ആശ്ലേഷിക്കുന്ന വായനക്കുള്ള വിഭവങ്ങൾ ലഭ്യമാക്കുക എന്നൊരു പണി സെൻസിബിൾ ആയ മുതിർന്നവർക്കുണ്ട്.  Photo: Arjun V.T
പുതുതലമുറക്ക് കൗതുകവും താത്പര്യവും ജനിപ്പിക്കുന്ന, അവരുടെ കാലത്തിന്റെയും ലോകത്തിന്റെയും കാഴ്‌ചയുടെയും ‘വൈബി’നെ ആശ്ലേഷിക്കുന്ന വായനക്കുള്ള വിഭവങ്ങൾ ലഭ്യമാക്കുക എന്നൊരു പണി സെൻസിബിൾ ആയ മുതിർന്നവർക്കുണ്ട്. Photo: Arjun V.T

പുതുതലമുറക്ക് കൗതുകവും താത്പര്യവും ജനിപ്പിക്കുന്ന, അവരുടെ കാലത്തിന്റെയും ലോകത്തിന്റെയും കാഴ്‌ചയുടെയും ‘വൈബി’നെ ആശ്ലേഷിക്കുന്ന വായനക്കുള്ള വിഭവങ്ങൾ ലഭ്യമാക്കുക എന്നൊരു പണി സെൻസിബിൾ ആയ മുതിർന്നവർക്കുണ്ട്. അവർക്കുവേണ്ടത് തപ്പിപ്പിടിച്ചു വായിക്കാനുള്ള അവസരം ഒരുക്കണം. അത്തരം മെറ്റീരിയൽസിന്റെ ലഭ്യത ഉറപ്പുവരുത്തുക എന്ന ബാധ്യത നമുക്കുണ്ട്. വായനയുടെ നിർബന്ധിതാഘോഷങ്ങൾ കുറെ പേരെയൊക്കെ വെറുപ്പിക്കുന്നുണ്ടെങ്കിലും കുറച്ചുപേർ ഇതുവഴി കടന്നുവന്ന് കൂടുതൽ ഗംഭീരമായ വായനയുടെ ഒരുത്സവപ്പറമ്പ് സ്വയം സൃഷ്ടിച്ചെടുക്കും.

ഇപ്പോൾ സംഘടിപ്പിക്കപ്പെടുന്ന പുസ്തക ചർച്ചകൾ എന്നുപറയുന്നത് നമ്മൾ പൊതുവെ കണ്ടുശീലിച്ച തരം പുസ്തക ചർച്ചകളാണല്ലോ. അതല്ലാതെ, പൊതുഇടങ്ങളിൽ ദൃശ്യത കിട്ടാത്ത, വളരെ ജെനുവിനായ പുസ്തക ചർച്ചകൾ നടക്കുന്നുണ്ട്. ഔപചാരികമായും അല്ലാതെയും. അതിന് സോഷ്യൽ മീഡിയയിലോ മുഖ്യധാരാ ഇടങ്ങളിലോ വേണ്ടത്ര പ്രതിനിധാനം ഉണ്ടാകുന്നില്ല എന്നതായിരിക്കും കാര്യം. അതിനെയൊക്കെ എങ്ങനെ ഗൗരവത്തിലെടുക്കാനും പിന്തുണ കൊടുക്കാനും കഴിയും എന്നത് പ്രധാനമാണ്. അത്തരം ശ്രമങ്ങളെ, നവീനമായ എഴുത്തുകളെ, ഉള്ളടക്കത്തെ എങ്ങനെ പുറത്തുകൊണ്ടു വരാൻ പറ്റും, ഏതു രീതിയിൽ അതിനെ ഡെലിവർ ചെയ്യാൻ പറ്റും എന്നതൊക്കെയാണ് നമ്മുടെ ദൗത്യം.

വരേണ്യതയുടെ അഭിരുചികളിലും സംവേദനമൂല്യങ്ങളിലും നിന്നുമാറി പ്രസാധക വിപണി ഉണ്ടാകണമെങ്കിൽ ശക്തമായ ഒരു പ്രതിസംസ്കാരം തന്നെ വേണ്ടിവരും. Photo: Sayood Pulari
വരേണ്യതയുടെ അഭിരുചികളിലും സംവേദനമൂല്യങ്ങളിലും നിന്നുമാറി പ്രസാധക വിപണി ഉണ്ടാകണമെങ്കിൽ ശക്തമായ ഒരു പ്രതിസംസ്കാരം തന്നെ വേണ്ടിവരും. Photo: Sayood Pulari

പ്രസാധക വിപണിയും
സാംസ്കാരിക വരേണ്യതയും

വരേണ്യതയുടെ അഭിരുചികളിലും സംവേദനമൂല്യങ്ങളിലും നിന്നുമാറി പ്രസാധക വിപണി ഉണ്ടാകണമെങ്കിൽ ശക്തമായ ഒരു പ്രതിസംസ്കാരം തന്നെ വേണ്ടിവരും. ഉദാഹരണത്തിന്, ഒരു സബാൾട്ടൺ ടൈറ്റിൽ പ്രസിദ്ധീകരിക്കണമെങ്കിൽ അതിന് കുറെയധികം കടമ്പകളുണ്ടാകും. അപ്പോൾ അതിനെയൊക്കെ മറികടന്നുവേണം ഇത്തരമൊരു വായനാസംസ്‌കാരം രൂപപ്പെടുത്തിയെടുക്കാൻ. അവിടെ വ്യത്യസ്തമായ പദ്ധതികളും സ്ട്രാറ്റജികളും ആവിഷ്‌കരിക്കേണ്ടിവരും.

ഒരു സബാൾട്ടൺ ടൈറ്റിൽ പ്രസിദ്ധീകരിക്കണമെങ്കിൽ അതിന് കുറെയധികം കടമ്പകളുണ്ടാകും.

വായനയെ അമിതമായി റൊമാന്റിസൈസ് ചെയ്യുമ്പോൾ ചില പ്രത്യേക ജോണറുകളെ അല്ലെങ്കിൽ പ്രത്യേക തരം ഉള്ളടക്കമോ ശൈലിയോ ഉള്ള പുസ്തകങ്ങളെ ആഘോഷപൂർവം അവതരിപ്പിക്കുകയും എല്ലാ മാർക്കറ്റിങ് തന്ത്രങ്ങളും ഉപയോഗിച്ച് അവയെ വലിയ സംഭവമായി കൊണ്ടാടുകയുമാണ് ചെയ്യുന്നത്. വേറൊരു അർത്ഥത്തിൽ ഇതൊക്കെ പണ്ടും സംഭവിച്ചതാണ്. കാലം അതിനെ പലതിനെയും തള്ളിക്കളഞ്ഞിട്ടുണ്ടെന്നും നമുക്കറിയാം. എല്ലാ കാലത്തും ഇത് പ്രതീക്ഷിക്കാം. കാരണം മുഖ്യധാരാ പ്രസാധകർക്ക് വിപണി ചലിപ്പിക്കാൻ ഇതാവശ്യമാണ്. അതിനവർ എല്ലാ മാധ്യമ സാധ്യതകളെയും ഉപയോഗിക്കും. സമാന്തരമായി പ്രസാധന രംഗത്തുള്ള ആളുകൾക്ക് ഈ കുത്തൊഴുക്കിനെ തടുത്തുനിർത്താനൊന്നും കഴിയില്ല. വേറൊരു വഴിക്ക് മറ്റു ശ്രമങ്ങൾ നടത്തിനോക്കാൻ പറ്റും.

ശരിയായ വായന എന്ന അവകാശവാദമൊന്നുമില്ലാതെ ഗൗരവത്തിലുള്ള വായന, അവരവരുടെ ആനന്ദലബ്‌ദിയുടെയും അന്വേഷണങ്ങളുടെയും ഭാഗമായുള്ള വായന വീണ്ടെടുക്കാനും നിലനിർത്താനും നമുക്ക് കഴിയേണ്ടതാണ്.
ശരിയായ വായന എന്ന അവകാശവാദമൊന്നുമില്ലാതെ ഗൗരവത്തിലുള്ള വായന, അവരവരുടെ ആനന്ദലബ്‌ദിയുടെയും അന്വേഷണങ്ങളുടെയും ഭാഗമായുള്ള വായന വീണ്ടെടുക്കാനും നിലനിർത്താനും നമുക്ക് കഴിയേണ്ടതാണ്.

ശരിയായ വായന എന്ന അവകാശവാദമൊന്നുമില്ലാതെ ഗൗരവത്തിലുള്ള വായന, അവരവരുടെ ആനന്ദലബ്‌ദിയുടെയും അന്വേഷണങ്ങളുടെയും ഭാഗമായുള്ള വായന വീണ്ടെടുക്കാനും നിലനിർത്താനും നമുക്ക് കഴിയേണ്ടതാണ്. ആ വായന എക്കാലവും ബാക്കിയാകും.

Comments