വർഷം ചെല്ലുന്തോറും അച്ചടിച്ച പുസ്തകങ്ങളോടുള്ള അടുപ്പം കൂടുന്നതല്ലാതെ കുറയുന്നില്ല. ഒരു വസ്തു എന്ന നിലയിൽ, ഭൂതകാലത്തിന്റെ അടയാളം എന്ന നിലയിൽ, ഭാഷയുടെയും സംസ്‌കൃതിയുടെയും സ്ഥിരനിർമിതി എന്ന നിലയിൽ ആണ് അച്ചടിയോട് അടുപ്പമേറുന്നത്. എന്നാൽ അച്ചടിയിലെ പരീക്ഷണങ്ങളെക്കാൾ, പുസ്തകത്തിന്റെ ആശയാനുഭൂതി മണ്ഡലമാണ് അതിന്റെ രൂപകൽപനയുടെ കലയെ നിർണയിക്കുന്നതെന്നും ഞാൻ വിശ്വസിക്കുന്നു. ഇതിനാൽ മികച്ച പുസ്തകങ്ങൾ അച്ചടിക്കേണ്ടിവരുമ്പോൾ പ്രസാധകരുടെ കലയും പ്രാധാന്യമുള്ളതായിത്തീരുന്നു.
പുസ്തകനിർമിതിയുടെ കാര്യത്തിൽ മലയാളം എന്നും ഓർത്തിരിക്കുന്നത് മൾബെറിയുടെ പുസ്തകങ്ങളാണ്. അതിനുകാരണം, പുറംചട്ടയുടെ നവീനത മാത്രമായിരുന്നില്ല, ഉള്ളടക്കം കൂടിയായിരുന്നു.
അച്ചടിച്ച പുസ്തകത്തിന്റെ താളുകളും പുറംച്ചട്ടയും അടക്കം അതിലെ ഓരോ ടെക്ചറും വായനക്കാർക്ക് പ്രാധാന്യമുള്ളതാണ്. കാരണം അയാളുടെ വായനാസ്മരണയിൽ അതെല്ലാം ഇടം പിടിക്കാറുണ്ട്. 1970-80കളിൽ എൻ.ബി.എസ് ഇറക്കിയ പുസ്തകങ്ങൾ ഒറ്റനോട്ടത്തിൽത്തന്നെ വായനക്കാർക്കു തിരിച്ചറിയാൻ കഴിയുമായിരുന്നു. 1969 ൽ റാൻഡം ഹൗസ്, ആലീസസ് അഡ്വവെഞ്ചേഴ്‌സ് ഇൻ വണ്ടർലാൻഡിന്റെ ശതാബ്ദിയോടനുബന്ധിച്ച് പുതിയ പതിപ്പിറക്കിയപ്പോൾ ആ കൃതിയുടെ ഓരോ അധ്യായത്തിനും വേണ്ടി സാൽവദോർ ദാലി വരച്ച ചിത്രങ്ങളും ചേർത്തിരുന്നു. അസാധാരണമായ കലാനുഭവമായിരുന്നു ആ പതിപ്പ്. ഇത്തരത്തിൽ ഓരോ കാലത്തെയും പ്രധാന കൃതികളെ അച്ചടിക്കേണ്ടിവരുമ്പോൾ പ്രസാധകർക്ക് ആ രചനയുടെ പ്രാധാന്യം രേഖപ്പെടുത്തുന്ന രൂപകൽപന കൂടി അനിവാര്യമായിത്തീരുന്നു. ആദ്യ പതിപ്പ്, അവസാനമിറങ്ങിയ പതിപ്പിനെക്കാൾ മൂല്യവത്താകുന്നു.
ബോർഗെസിന്റെ ആദ്യ കാവ്യസമാഹാരം 40 കോപ്പികളാണ് അച്ചടിച്ചത്. അതിൽ 29 എണ്ണമോ മറ്റോ വിറ്റുപോയി. ‘എനിക്ക് എന്റെ എല്ലാ വായനക്കാരെയും അറിയാം’ എന്ന് ബോർഗെസ് അക്കാലത്ത് ഇതിനെപ്പറ്റി പറഞ്ഞു. ഈ ആദ്യപതിപ്പിൽ ഒരു അച്ചടിത്തെറ്റുണ്ടായിരുന്നു. തുടർന്നുള്ള പതിപ്പുകളിൽ അതു തിരുത്തുകയും ചെയ്തു. വർഷങ്ങൾക്കുശേഷം അച്ചടിത്തെറ്റുള്ള ആദ്യ പതിപ്പ്, ആ ഒരു തെറ്റിന്റെ പേരിൽ വൻവിലയ്ക്കാണ് ലേലത്തിൽ പോയത്. പുരാതന പുസ്തകങ്ങൾ വിൽക്കുന്ന ബ്യൂനസ് ഐറിസിലെ ഒരു പുസ്തകക്കച്ചവടക്കാരനിൽനിന്ന് ബോർഹെസിന്റെ അക്ഷരത്തെറ്റുള്ള ഈ ആദ്യ കൃതി മോഷ്ടിക്കാൻ രണ്ടു ചെറുപ്പക്കാർ നടത്തുന്ന ശ്രമം ഏതാനും വർഷം മുൻപ് ഒരു സിനിമയായി ഇറങ്ങിയിരുന്നു.
മൾബെറി അയച്ച വി പി പി പായ്ക്കറ്റ് ആദ്യം ഏറ്റുവാങ്ങുമ്പോൾ അതിലുണ്ടായിരുന്നത് ഹെർമൻ ഹെസേയുടെ ക്ലിങ്‌സേഴ്‌സ് ലാസ്റ്റ് സമ്മർ എന്ന നോവലിന്റെ പരിഭാഷയായിരുന്നു. എനിക്ക് അത് വ്യത്യസ്തമായ വായനാനുഭവമായിരുന്നു.
പുസ്തകനിർമിതിയുടെ കാര്യത്തിൽ മലയാളം എന്നും ഓർത്തിരിക്കുന്നത് മൾബെറിയുടെ പുസ്തകങ്ങളാണ്. അതിനുകാരണം, പുറംചട്ടയുടെ നവീനത മാത്രമായിരുന്നില്ല, ഉള്ളടക്കം കൂടിയായിരുന്നു. വിദ്യാർഥിയായിരിക്കേ ഞാൻ തപാൽ ഓഫിസിൽനിന്ന് മൾബെറി അയച്ച വി പി പി പായ്ക്കറ്റ് ആദ്യം ഏറ്റുവാങ്ങുമ്പോൾ അതിലുണ്ടായിരുന്നത് ഹെർമൻ ഹെസേയുടെ ക്ലിങ്‌സേഴ്‌സ് ലാസ്റ്റ് സമ്മർ എന്ന നോവലിന്റെ പരിഭാഷയായിരുന്നു. എനിക്ക് അത് വ്യത്യസ്തമായ വായനാനുഭവമായിരുന്നു. അത്തരം വായന തുടരണമെന്നും ഞാൻ അന്നു നിശ്ചയിക്കുകയുണ്ടായി. ആ വിവർത്തന പരമ്പരയിൽ നെരൂദയുടെ മെമ്മോയർ, സിമോൺ ഡി ബുവയുടെ സെക്കൻഡ് സെക്‌സ്, വിൽഹം റീഹിന്റെ ഫാസിസത്തിന്റെ ആൾക്കൂട്ട മനഃശാസ്ത്രം, ഖലീൽ ജിബ്രാന്റെ മനുഷ്യപുത്രനായ യേശു തുടങ്ങി എത്രയോ പുസ്തകങ്ങൾ പുറത്തുവന്നു. സവിശേഷതയുള്ള പുറംചട്ടകൾ കൊണ്ടു മാത്രമല്ല അസാധാരണവും മൂല്യവത്തുമായ ഉള്ളടക്കം കൊണ്ടുകൂടിയാണ് അത്തരം പുസ്തകങ്ങൾ വായനക്കാരെ ഉണ്ടാക്കിയതെന്നു ഞാൻ കരുതുന്നു.
പുസ്തകനിർമിതിയുടെ ശൈലി ഓരോ പ്രസാധകരുടെയും ഐഡിന്റിറ്റിയാണ്, അത് പുസ്തകനിലവാരത്തിന്റെ സൂചിക കൂടിയാകുന്നു. ഇംഗ്ലിഷിലേക്ക് വിവിധ ഭാഷകളിൽനിന്നുള്ള വിവർത്തനങ്ങൾ മാത്രമിറക്കുന്ന യു.എസിലെ ഡീപ് വെല്ലം എന്ന പ്രസാധകരെ നോക്കുക. ചെറിയ ഒരു ഗ്രൂപ്പാണ്. ലോകമെമ്പാടുനിന്നും മികച്ച കൃതികൾ കണ്ടെടുത്ത് പബ്ലിഷ് ചെയ്യുന്നു. രൂപകൽപനയിൽ അസാധാരണമായി ഒന്നും ചെയ്യാതെതന്നെ, അതേസമയം ഭാവുകത്വതലത്തിൽ വലിയ വിപ്ലവങ്ങൾ ഉണ്ടാക്കുന്ന കൃതികളാണ് അവർ നൽകുന്നത്. റൊമേനിയയിൽനിന്നുള്ള മീർച കർത്തരസ്‌ക്യൂവിന്റെ സോളിനോയ്ഡ് എന്ന നോവലിന്റെ വ്യാപക പ്രശംസ നേടിയ ഇംഗ്ലിഷ് പരിഭാഷ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ചതു ഡീപ് വെല്ലം ആയിരുന്നു.
മലയാളത്തിൽ പല എഴുത്തുകാരും ഇപ്പോൾ സ്വന്തം പുസ്തകത്തിന്റെ കവർ രൂപകൽപന സംബന്ധിച്ച് അത്യന്തം ശ്രദ്ധാലുക്കളാണ്. അവർ നേരിട്ട് ഇടപെട്ടാണ് അതു ചെയ്യുക. എന്നാൽ ഇക്കാലത്ത് സമാന്തര പുസ്തകപ്രസാധകലോകത്ത് ഏറ്റവും ശ്രദ്ധേയരായ ഫിറ്റ്‌സ്‌കാരെൽഡോ എഡിഷൻസ് എഴുത്തുകാരെ കവർ രൂപകൽപന ചെയ്യാൻ അനുവദിക്കുകയില്ല. കാരണം, അവർക്ക് എല്ലാ പുസ്തകങ്ങൾക്കും ഒരേ ചട്ടയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, നീലനിറമുള്ള പുറംചട്ട ഫിക്ഷനും ഓഫ് വൈറ്റ് പുറംചച്ച നോൺ ഫിക്ഷനും നൽകാറുണ്ട്. പക്ഷേ ഈ വിഭജനം രസകരമാണെന്നും കാണാം. കാരണം ആനി ഇർനോയുടെ ദി ഇയേഴ്‌സ് മുതൽ ദി എക്സ്റ്റീയേഴ്സ് വരെ ഓഫ് വൈറ്റ് പുറംചട്ടയുമായാണ് ഇറക്കിയത്. ആനി ഇർനോയെയും ഓൾഗ തൊക്കാർചൂക്കിനെയും അവർ നൊബേൽ ജേതാക്കളാകും മുൻപേ ഇംഗ്ലീഷിൽ അവതരിപ്പിക്കാൻ അവർക്കു സാധിക്കുകയും ചെയ്തു. ലണ്ടനിലെ ഒറ്റമുറിയിൽ പത്തിൽ താഴെ ആളെ വച്ചാണ് ഫിറ്റ്‌സ്‌കാരെൽഡോ പുസ്തകമിറക്കുന്നതുകൂടി ഓർക്കുക. സമകാലികരായ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരെ (മത്തിയാസ് ഇനാ, യോൻ ഫോസെ, മരിയ സ്റ്റെപ്പാനോവ, എസ്തർ കിൻസ്‌കി) ഇംഗ്ലീഷിൽ ആദ്യം അവതരിപ്പിക്കുന്നതും അവരാണെന്നും പറയാം.
കാഫ്കയുടെ കൃതികൾക്ക് പുറംചട്ട ഒരുക്കുന്നതാണ് ഏറ്റവും ശ്രമകരം എന്ന് കലാസോ പറയുന്നുണ്ട്. കാരണം, കാഫ്കയെപ്പോലുള്ള എഴുത്തുകാരുടേത് അദ്വിതീയമായ രചനകളാണ്.
ദി ആർട്ട് ഓഫ് ദ് പബ്ലിഷർ എന്ന പേരിൽ റോബർട്ടോ കലാസോയുടെ ഒരു പുസ്തകമുണ്ട്. ഇറ്റലിയിലെ മിലാനിൽ അഡൽഫി എഡിസിയോണി എന്ന പുസ്തകപ്രസാധകസംഘം നടത്തിയതിന്റെ അനുഭവമാണ് ആ പുസ്തകത്തിൽ വിവരിക്കുന്നത്. ഉന്നതമായ രചനകൾ മനോഹരമായ നിർമിതിയിലൂടെ ഇറ്റാലിയൻ വായനക്കാരിലെത്തിക്കുക എന്നതായിരുന്നു ദൗത്യം. 1962 ൽ ആരംഭിച്ച അഡൽഫി വിവർത്തനകൃതികളുടെ ഒരു വലിയ നിര തന്നെ ഇറ്റലിയിൽ പ്രസിദ്ധീകരിച്ചു. നീത്‌ഷേ, റോബർട്ട് വാൽസർ, കാഫ്ക, നബോക്കോവ്, ബോർഗെസ്, തോമസ് ബേൺഹാഡ്, മിലാൻ കുന്ദേര തുടങ്ങിയവരുടെ കൃതികൾ ഇതിൽ ഉൾപ്പെടുന്നു. കാഫ്കയുടെ കൃതികൾക്ക് പുറംചട്ട ഒരുക്കുന്നതാണ് ഏറ്റവും ശ്രമകരം എന്ന് കലാസോ പറയുന്നുണ്ട്. കാരണം, കാഫ്കയെപ്പോലുള്ള എഴുത്തുകാരുടേത് അദ്വിതീയമായ രചനകളാണ്.
എഴുത്തുകാരുടെ ജീവിതത്തിൽ സവിശേഷമായ ഒരു സന്ദർഭത്തിൽ ചിലതു സംഭവിക്കുന്നു. അതിനു മുൻപും ശേഷവും അതുണ്ടാകുന്നില്ല. ഒരുപക്ഷേ ലോകത്തിനു നഷ്ടപ്പെടുമായിരുന്ന ഇത്തരം അസാധാരണ അനുഭവമാണ് ഈ രചനകളിൽ സംഭവിച്ചത്.
തോമസ് ബേൺഹാഡിന്റെ ആത്മകഥ 5 വോള്യം അവർ പുറത്തിറക്കി. ആ പരമ്പരയുടെ പുറംചട്ട ഒരുക്കലായിരുന്നു മറ്റൊരു വെല്ലുവിളി. ബേൺഹാഡിന്റെ കൃതിയുടെ സത്തയെ പ്രതിനിധീകരിക്കുന്ന ഒരു ഇമേജ് കണ്ടെത്തുക എളുപ്പമായിരുന്നില്ല. ബെൽജിയൻ വിഷ്വൽ ആർട്ടിസ്റ്റ് ലെയോൺ സ്പിലിയാർട്ടിന്റെ ചിത്രങ്ങളായിരുന്നു ഒടുവിൽ പുറംചട്ടയായി മാറിയത്. ആദ്യത്തെ വോള്യമായ ദി ഒറിജിനുവേണ്ടി തിരഞ്ഞെടുത്ത ദൃശ്യം ഇതായിരുന്നു- നീണ്ട ഉയരം കുറഞ്ഞ ഒരു മതിൽ, അതിനപ്പുറം ചുവന്നു പരന്ന ആകാശം. അതിന്റെ അതിരിൽ ഇലകളില്ലാത്ത ശിഖരങ്ങളുള്ള ഒരു മരം. നാത്സിസം സിരകളെ കാർന്നുതിന്നുന്ന സാൽസ്ബർഗ് എന്ന ഓസ്ട്രിയൻ നഗരത്തിലെ ജീവിതം വിവരിക്കുന്ന ആ വോള്യത്തെ പ്രതിനിധാനം ചെയ്യാൻ ഇതിലും മികച്ച ഒരു ഇമേജ് ഇല്ലെന്നും കലാസോ എഴുതുന്നു.
സമീപകാലത്ത് മലയാളത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല സംരംഭം കോഴിക്കോട് ഇൻസൈറ്റ് പബ്ലിക്കയുടെ പ്രാക്‌സിസ് ഗ്രന്ഥവരിയാണ്. അതിൽ ഇറങ്ങിയ ഓരോ പുസ്തകവും തത്വചിന്താപരമായ ഉള്ളടക്കത്തിന്റെ ആഴം മാത്രമല്ല, പുസ്തകനിർമിതിയുടെ കലയെയും നമ്മുക്കു നൽകുന്നുണ്ട്.
വർഷങ്ങൾക്കുശേഷം കലാസോ ബേൺഹാഡുമായി ഒരു കൂടിക്കാഴ്ച നടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ ഇറ്റാലിയൻ എഡിഷനുകൾ കലാസോ സമ്മാനിച്ചു. തന്റെ പുസ്തകങ്ങളെ തിരിച്ചും മറിച്ചും തുറന്നും സൂക്ഷ്മമായി ബേൺഹാഡ് പരിശോധിച്ചു. എന്നിട്ട്, അച്ചടി കൊള്ളാം എന്നു മാത്രം പറഞ്ഞു.
കോവിഡ് ലോക്ക്ഡൗൺ സമയത്താണ് ഞാൻ ഇ- ബുക് പതിവായി വായിക്കാൻ തുടങ്ങിയത്. അക്കാലത്ത് നല്ല ഒരുപാടു പുതിയ പുസ്തകങ്ങൾ ഡിജിറ്റലായി ലഭിച്ചു. എനിക്കു തടസ്സമില്ലാതെ അവ വായിക്കാനും സാധിച്ചു. എന്നാൽ ലോക്ക്ഡൗൺ പിൻവലിച്ചതിനു തൊട്ടുപിന്നാലെ ഇ- ബുക്കായി വായിച്ചതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയുടെയെല്ലാം അച്ചടിച്ച പ്രതികൾ വാങ്ങുകയും അതു വീണ്ടും വായിക്കുകയും ചെയ്തു.
അച്ചടിച്ച താളുകൾ വായിക്കുന്നതും അവ അടയാളം വച്ച് എണീറ്റുപോകുന്നതും വീണ്ടും തിരിച്ചെത്തി അതേ അടയാളത്തിൽനിന്ന് തുടരുന്നതും അതിനിടെ പെൻസിൽ കൊണ്ട് മാർജിനിൽ എഴുതുകയോ വരികളെ അടയാളപ്പെടുത്തുകയോ ചെയ്യുന്നതും തുറന്ന പുസ്തകം മടിയിൽവച്ച് ആലോച്ചിരുന്നു നേരം കളയുന്നതും ഇല്ലാതെ വായന പൂർണമാകുമെന്നു തോന്നുന്നില്ല. വായന സ്പർശനങ്ങളുടെയും കൂടി പ്രവൃത്തിയാണ്. കാലം പോകവേ, അതിനു രസമേറി വരികയും ചെയ്യുന്നു.
സമീപകാലത്ത് മലയാളത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല സംരംഭം കോഴിക്കോട് ഇൻസൈറ്റ് പബ്ലിക്കയുടെ പ്രാക്‌സിസ് ഗ്രന്ഥവരിയാണ്. അതിൽ ഇറങ്ങിയ ഓരോ പുസ്തകവും തത്വചിന്താപരമായ ഉള്ളടക്കത്തിന്റെ ആഴം മാത്രമല്ല, പുസ്തകനിർമിതിയുടെ കലയെയും നമ്മുക്കു നൽകുന്നുണ്ട്. പുസ്തകങ്ങൾ ഇപ്രകാരം ആർജിക്കുന്ന വ്യക്തിത്വമാണ് അവയെ ഭാവിയിലേക്ക് കൊണ്ടുപോകുന്നത്. ▮