മലയാള ഡയസ്പോറകളിൽ ഇപ്പോഴെന്ത് ഗൗരവമായി സംഭവിക്കുന്നു എന്ന് ചോദിച്ചാൽ മനോഹരമായ സാഹിത്യം സംഭവിക്കുന്നു എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും. അമേരിക്കയിൽ നിന്ന് ഏബ്രഹാം വർഗ്ഗീസ് മുതൽ ജപ്പാനിൽ നിന്ന് അമൽ വരെയുള്ള ഒരുപിടി എഴുത്തുകാർ വ്യത്യസ്ത തലങ്ങളിൽ നിന്നുകൊണ്ട്, വ്യത്യസ്ത സമൂഹങ്ങളിൽ നിന്നുകൊണ്ട്, വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ നിന്നുകൊണ്ട് അവിടെയുള്ള ജീവിതങ്ങളെ, സമൂഹത്തെ, സാംസ്കാരിക വൈവിധ്യങ്ങളെ, സ്വത്വപ്രതിസന്ധികളെ ആഴത്തിൽ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മറ്റേതെങ്കിലും മേഖലകളിൽ മലയാളി ഡയസ്പോറ സമൂഹം ഇത്രമേൽ സജീവമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പുതിയകാല സാങ്കേതികവിദ്യകളും സോഷ്യൽ മീഡിയയും ചേർന്ന് സമ്മാനിച്ചതാണ് ഈ ഉണർവ്വ്. ഏറെക്കാലമായി മലയാളത്തിനോട് അടുക്കാനും അതിൽ ഇടപഴകാനും അവസരം ലഭ്യമാകാതിരുന്ന ഒരു വലിയ ജനവിഭാഗത്തിനു കേരളത്തിനോട്, മലയാളത്തിനോട്, സാഹിത്യത്തിനോട് അടുക്കാനുള്ള സാധ്യതയാണ് സോഷ്യൽ മീഡിയ തുറന്നിട്ടത്. ആദ്യം അവർ നിശ്ശബ്ദരായ വായനക്കാരായി മാത്രം നിലകൊണ്ടു. പിന്നെ അവർ ചെറിയ ചെറിയ ജീവിതാനുഭവങ്ങൾ പങ്കുവച്ചു. അതിലൂടെ മലയാള ഭാഷ തങ്ങൾക്കിപ്പോഴും മെരുങ്ങുന്നുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. അപ്പോഴാണ് പണ്ടെങ്ങോ ഒരിക്കൽ ജീവിതത്തിരക്കുകളുടെ മഞ്ഞുപാളിക്കിടയിൽ വീണടിഞ്ഞുപോയ സർഗ്ഗാത്മകമായ കഴിവുകളെ പൂർണ്ണമായും പുറത്തെടുക്കാൻ ചിലർക്കെങ്കിലും ആത്മധൈര്യം കൈവരുന്നത്. മലയാള സാഹിത്യം ഇപ്പോൾ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നതിൽ നിന്ന് തീർത്തും വ്യത്യസ്തമായ ജീവിതാനുഭവങ്ങളും വീക്ഷണങ്ങളും ദർശനങ്ങളും തങ്ങൾക്ക് പങ്കുവയ്ക്കാനുണ്ടെന്ന തോന്നൽ ശക്തമായപ്പോൾ അവർ സാഹിത്യത്തിലേക്ക് കടന്നു. ‘അവിടെ ഒരു ഒഴിഞ്ഞ സ്ഥലമുണ്ടായിരുന്നു. എഴുതപ്പെടാത്തവരുടെ ശൂന്യത നിറഞ്ഞ സ്ഥലം. ഞങ്ങളുടെ കഥ ഞങ്ങൾ എഴുതിയില്ലെങ്കിൽ അത് മറ്റാരും എഴുതാനിടയില്ല’ എന്ന് ആഫ്രോ - ബ്രിട്ടീഷ് എഴുത്തുകാരി ബെർണാർഡിനെ എവരിസ്റ്റോ പറഞ്ഞതുപോലെ, ഒഴിഞ്ഞ ചില ഇടങ്ങളെ പൂരിപ്പിക്കാനുള്ള ഗൗരവമായ ശ്രമങ്ങളാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. അത് മലയാള സാഹിത്യത്തെ ഏറെ സമ്പന്നവും വ്യത്യസ്തവും ആക്കുന്നുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ആ എഴുത്തുകാരുടെ കൂട്ടത്തിൽ ഏറെ ഗൗരവത്തോടെ വായിക്കേണ്ട ഒരാളാണ് പ്രിയ ജോസഫ് എന്ന് ‘മാണീം ഇന്ദിരാഗാന്ധീം’ എന്ന സമാഹാരത്തിലെ ഓരോ കഥകളും സാക്ഷ്യപ്പെടുത്തുന്നു.

ഡയസ്പോറ എഴുത്തിൽ പലപ്പോഴും കാണുന്ന പരാധീനതകളിൽ ഒന്ന്, അവരുടെ പാതി മനസും പാതി ചിന്തകളും സ്വദേശത്ത് തന്നെ നിൽക്കുകയും അതിലൂന്നിയുള്ള എഴുത്തുകൾ ഓക്കാനം വരുത്തും വിധം ഗൃഹാതുരത്വം കൊണ്ട് നിറഞ്ഞതായിരിക്കുകയും ചെയ്യും എന്നതാണ്. മറ്റൊന്ന്, എത്തപ്പെട്ട ദേശത്തിനോടുള്ള അമിത വിധേയത്വമാണ്. ആ ദേശത്തോളം മനോഹരമായ ഒരു ദേശം ഭൂമിയിൽ വേറെയില്ല എന്നൊരു ചിന്താക്കുടുക്കിൽ അവർ ചെന്നുപെടുന്നു. അവിടെയുള്ള പുഴുക്കുത്തുകളെയും ന്യൂനതകളെയും കാണാൻ അവർ വിമുഖരാവുന്നു. അതോടെ അതൊരു പുകഴ്‌ത്തൽ സാഹിത്യമായി മാറുന്നു.
Read: മാണീം ഇന്ദിരാഗാന്ധീം
ഈ രണ്ട് അപകടങ്ങളിൽ നിന്ന് വളരെ സൂക്ഷ്മമായി ഒഴിഞ്ഞുനടക്കാൻ കഴിയുന്നുണ്ട് എന്നതാണ് പ്രിയയുടെ കഥകളുടെ വ്യതിരിക്‌തത. ചിലപ്പോൾ ഓർമ്മക്കുറിപ്പുകളാണോ എന്ന് തോന്നിപ്പിക്കും വിധം ലാളിത്യമുള്ള കഥാസന്ദർഭങ്ങൾ പ്രിയയുടെ കഥകളിലുണ്ട്. പഞ്ഞിക്കെട്ടുപോലെയുള്ള അമ്മാമയുടെ കെട്ടിപ്പിടിത്തത്തിന്റെ ഓർമ്മയിൽ അഭിരമിക്കുന്ന കഥാപാത്രമുണ്ട്, ശർക്കരയും തേങ്ങയും ഏലക്കാപ്പൊടിയുമിട്ട മത്തങ്ങാ വിളയിച്ചത് തിന്നാൻ തോന്നുന്ന കൊതികളുണ്ട്. ഗൃഹാതുരത്വം എന്ന ചതുപ്പിലേക്ക് കുപ്പുകുത്തിവീഴാൻ പോവുകയാണോ ഈ കഥയെന്ന് നാം സംശയിക്കും. എന്നാൽ അപാരമായ നർമ്മബോധം കൊണ്ടും വേറിട്ട ആഖ്യാന രീതികൊണ്ടും നൊമ്പരം വിങ്ങി നിൽകുന്ന കഥാന്തരീക്ഷം കൊണ്ടും ആ കഥകൾക്ക് വ്യത്യസ്തമായ മാനവും ഔന്നത്യവും കൈവരുന്നത് നമ്മൾ അദ്ഭുതത്തോടെ അനുഭവിച്ചറിയും. മാണീം ഇന്ദിരാഗാന്ധീം, കാറൽ മാക്സ് ചരിതം എന്നീ കഥകൾ വായിച്ചാൽ അതെങ്ങനെയെന്ന് എളുപ്പം മനസിലാവും.
താൻ സൃഷ്ടിക്കുന്ന കഥകളുടെ ഭൂമിക കൃത്യമായി അടയാളപ്പെടുത്താൻ പ്രിയയ്ക്ക് കഴിയുന്നുണ്ട്. എവിടെയോ ഒരിടത്ത് അല്ല കഥ സംഭവിക്കുന്നത്. അത് അമേരിക്കയിലാണ്, വാഷിങ്ടൺ ഡി സിയിലാണ്, ബോസ്റ്റണിലാണ്, ന്യൂയോർക്കിലാണ്, ഷിക്കാഗോയിലാണ്. ഈ ദേശാതിർത്തിയുടെ, സമൂഹികാന്തരീക്ഷത്തിന്റെ, സാംസ്‌കാരിക വ്യത്യസത്തിന്റെ, അടയാളപ്പെടുത്തൽ കഥയ്ക്ക് നൽകുന്ന ഈടും ഉറപ്പും ചെറുതല്ല. മെട്രോയിൽ ജീവിക്കുമ്പോഴും തന്റെയുള്ളിൽ എങ്ങനെ നാട് ഇടപെടുന്നു എന്ന് അതെങ്ങനെ മാനസികവും സ്വത്വപരവുമായ പ്രതിസന്ധികൾക്ക് കാരണമാവുന്നു എന്ന് പ്രിയ ഈ കഥകളിൽ സൂക്ഷ്‌മമായി അടയാളപ്പെടുത്തുന്നു. ഒരാൾ എത്രയൊക്കെ ഗ്ലോബലായി ജീവിച്ചാലും അയാൾ എത്രത്തോളം ലോക്കൽ ആണെന്ന് നിശ്ചയിക്കുന്നത് മൂന്ന് ‘R’ കൾ ആണെന്ന് വിഖ്യാത ആഫ്രിക്കൻ എഴുത്തുകാരി തായി സലാസി പറയുന്നുണ്ട്. Rituals, Relations, Restrictions എന്നിവയാണ് ആ മൂന്ന് ‘R’ കൾ. സ്വദേശം ആഴത്തിൽ പതിച്ചു നൽകിയ ആചാരങ്ങളുടെയും ബന്ധങ്ങളുടെയും വിലക്കുകളുടെയും നടുവിലാണ് ഒരു ഡയസ്‌പോറ മനുഷ്യൻ ജീവിക്കുന്നത്. അതുണ്ടാക്കുന്ന സ്വത്വപ്രതിസന്ധികളാണ് പുതിയ ഡയസ്‌പോറ സാഹിത്യത്തിന്റെ കാതൽ. അത് മനസ്സിലാക്കി അതിനെ കഥകളിലേക്ക് സന്നിവേശിപ്പിക്കുന്നു എന്നിടത്താണ് പ്രിയയുടെ കഥകൾക്ക് പ്രാധാന്യം കൈവരുന്നത്. കന്യാവൃതത്തിന്റെ കാവൽക്കാരൻ എന്ന കഥയിൽ പ്രധാന കഥാപാത്രമായ റേച്ചലിനു ഇറ്റലിക്കാരനായ ജിയന്നിയോടൊപ്പം മുറി പങ്കിടാൻ കിട്ടുന്ന ഒരവസരത്തിൽ ‘വാളും പരിചയുമായി ചാടി വീഴുന്ന കന്യാവൃതക്കാരുടെ കാവൽക്കാരനായ യൗസേപ്പിതാവ്’ ഗ്ലോബലായ മനുഷ്യന്റെ മേൽ ലോക്കൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ നല്ല ഉദാഹരണമാണ്. ജാനകീസ് സ്വീറ്റ്സ് എന്ന കഥയിൽ ‘ഞങ്ങൾ നാലു പേരാണ് ഓഫീസിൽ കൂട്ട്. ഞാൻ, ഭാനു, മീന, ആനി’ അക്കൂട്ടത്തിൽ ഒരു വിദേശി പോലുമില്ല എന്നിടത്ത് നമ്മുടെ ബന്ധങ്ങളുടെ പരിമിതി വെളിപ്പെടുത്തുന്നു.

പുസ്തകം വായിച്ചിട്ട് ഞാനിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിൽ, ‘കഥകൾ കൊണ്ട് എന്നെ കൊതിപ്പിക്കുന്ന ഡയസ്‌പോറ എഴുത്തുകാരി ഝുംപാ ലാഹിരിയാണ്. മലയാളത്തിനു ഡയസ്‌പോറ കഥകളുടെ ലഹരി സമ്മാനിക്കുന്ന ഒരു ലാഹിരിയുണ്ടെങ്കിൽ അത് പ്രിയ ജോസഫ് ആണെന്ന്’ എഴുതിയിരുന്നു. അതൊരു താരതമ്യമല്ല, അതൊരു ഇകഴ്‌ത്തമുമല്ല. ഝുംപാ ലാഹിരിയാണ് ഇവ്വിധം വേറിട്ട രീതിയിൽ അമേരിക്കൻ ജീവിതത്തെ നോക്കിക്കണ്ട ഒരാൾ എന്നതുകൊണ്ടു മാത്രമാണ് അങ്ങനെ എഴുതിയത്. അവരുടെ കഥകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു വിഷാദഭാവമുണ്ട് (Melacholy എന്ന വാക്കാണ് കൂടുതൽ യോജിക്കുക). അതാണവരുടെ കഥകളുടെ അനന്യത. നമ്മുടെ മനസുകളെ കുത്തിനോവിക്കുന്ന അതേ വിഷാദഭാവം പ്രിയയുടെ കഥകളിലും കാണാം. എത്തിപ്പെട്ട ഇടത്തെ സൂക്ഷ്‌മമായി നിരീക്ഷിക്കുക, വിട്ടുപോകാൻ വിധിക്കപ്പെട്ടവരുടെ ആത്മസംഘർഷങ്ങളെ ചികഞ്ഞെടുക്കുക, അവിടെയും ഇവിടെയുമുള്ള ജീവിതത്തെ രസകരമായി താരതമ്യം ചെയ്യുക, ജീവിതത്തിൽ എല്ലാം ഉണ്ടെന്നഭിനയിക്കുമ്പോഴും ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ശൂന്യതയെ അത്രമേൽ ഹൃദ്യമായി പകർന്നെടുക്കുക ഇതൊക്കെയാണ് പ്രിയ ജോസഫിന്റെ കഥകളെ നമ്മുടെ ഹൃദയത്തോട് വലിച്ചടുപ്പിക്കുന്നത്. ഗുർജറി ബാഗ്, ജാനകീസ് സ്വീറ്റ്സ്, തമ്മനം മുതൽ ഷിക്കാഗോ വരെ – ഒരു പാവം അധോലോക കഥ, എന്നീ കഥകളിൽ ഇത് നമുക്ക് കൃത്യമായി വായിച്ചെടുക്കാനാവും.
പ്രിയയുടെ സർഗാത്മകതയുടെ സർവ്വരൂപവും വെളിപ്പെടുത്തുന്ന, മേൽപ്പറഞ്ഞ നിരീക്ഷണങ്ങളെയെല്ലാം സാധൂകരിക്കുന്ന രണ്ടു കഥകൾ ഈ സമാഹാരത്തിലുണ്ട്. എന്റെ ആൻ ക്ലെയിൻ ജാക്കറ്റ്, കന്യാവൃതത്തിന്റെ കാവൽക്കാരൻ എന്നിവയാണ് ആ കഥകൾ. നഷ്ടപ്പെട്ടുപോയ ഒരു ജാക്കറ്റ് തേടി ത്രിഫ്റ്റ് ഷോപ്പുകൾ കയറിയിറങ്ങുന്ന ഒരു പെൺകുട്ടിയുടെ കഥ എന്ന് വേണമെങ്കിൽ ‘എന്റെ ആൻ ക്ലെയിൻ ജാക്കറ്റ്’’ എന്ന കഥയെ ലഘൂകരിക്കാം. എന്നാൽ അവൾ തേടുന്നത് അവളുടെ ആത്മവിശ്വാസത്തിന്റെ, കരുത്തിന്റെ, വ്യക്തിത്വത്തിന്റെ സ്വത്വബോധത്തിന്റെ ജാക്കറ്റാണെന്ന് എത്ര സൂക്ഷ്‌മമായിട്ടാണ് ഈ കഥ വിവരിച്ചു തരുന്നത്.

ഫൂട്ട് ഫെറ്റിഷ്സ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന പാദപൂജാസ്വഭാവക്കാരനായ ഭർത്താവിനൊപ്പമുള്ള ദാമ്പത്യമാണ് ‘കന്യാവൃതത്തിന്റെ കാവൽക്കാരൻ’ എന്ന കഥ. വിവാഹം കഴിഞ്ഞിട്ട് നാലു വർഷക്കാലം കഴിഞ്ഞിട്ടും കന്യകയായി തുടരേണ്ടിവരുന്ന പെൺകുട്ടിയുടെ വിഷാദമത്രയും വെളിപ്പെട്ട് വരുന്നത് സറ്റയർ സ്വഭാവത്തിലാണ്. ഇക്കഥ മറ്റേതെങ്കിലും മട്ടിൽ പറഞ്ഞിരുന്നെങ്കിൽ ഇപ്പോഴുള്ള തീക്ഷ്‌ണത ലഭ്യമാകുമായിരുന്നോ എന്ന് സംശയമുണ്ട്. അവിടെയാണ് പ്രിയ എന്ന എഴുത്തുകാരിയുടെ കഥാവതരണരീതിയുടെ തിരഞ്ഞെടുപ്പിലെ പ്രാവീണ്യം വെളിപ്പെടുന്നത്.
പണ്ടൊരിക്കൽ കഥകളിൽ ജീവിക്കുകയും പിന്നെ ജീവിതത്തിരക്കുകളിൽ പെട്ട് അവ ഉപേക്ഷിക്കുകയും ചെയ്യേണ്ടി വന്ന എഴുത്തുകാരിയാണ് പ്രിയ ജോസഫ് എന്ന് ആമുഖത്തിൽ വായിച്ചറിയുന്നുണ്ട്. തുടർച്ചയായി രണ്ടു വർഷം ഗൃഹലക്ഷ്‌മി അവാർഡ് നേടിയ എഴുത്തുകാരി നീണ്ട മൂന്ന് പതിറ്റാണ്ടു കാലം മൗനത്തിലായിരുന്നു. അതിനെ വീണ്ടും വിളിച്ചുണർത്തിയത് സോഷ്യൽ മീഡിയക്കാലമാണ്. ദീർഘകാലത്തിനു ശേഷം കഥകളിലേക്ക് മടങ്ങി വരുന്നവരിൽ കാണുന്ന ഭാവുകത്വജഡത്വം പ്രിയയിൽ കാണാത്തതിനു കാരണം അപാരമായ നിരീക്ഷണ പാടവവും ഭാഷയിലുള്ള ബലവുമാണ്. ഈ കഥകളിലൊരിടത്ത് പ്രിയ തന്നെ എഴുതിയത് പോലെ ‘ഒരു രാജ്യത്ത് നിന്ന് വേറൊരു രാജ്യത്തേക്ക് പറിച്ചു നടപ്പെടുന്നവരുടെ ഹൃദയം, ഭാഷയും ഭക്ഷണവും മാത്രമല്ല, വേറെ ചിലതുകൂടി പൊതിഞ്ഞെടുത്തുകൊണ്ട് പോരും’. അമേരിക്കയിലേക്ക് പോയപ്പോൾ പ്രിയ കൂടെക്കൊണ്ടുപോയ മൂന്നാമത്തെ കാര്യം കഥ പറയാനുള്ള കഴിവാണെന്ന് ഈ കഥകൾ തെളിയിക്കുന്നു. ‘ദ അമേരിക്കൻ ഡ്രീമിൽ’ പെട്ട് അത് നഷ്ടപ്പെട്ടില്ല എന്നത് നമ്മൾ വായനക്കാരുടെ ഭാഗ്യം.
