ബോബി തോമസ്

പുസ്​തക വിപണിയിലെ ഇരകൾ,​ വേട്ടക്കാർ

പുസ്തക പ്രസാധനത്തിന്റെ ആവേശം കൂടുതലാളുകളെ പ്രസാധന സംരഭകരാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. അതിൽ ചിലർ മാത്രം കച്ചവടപരമായി വിജയിക്കുന്നു. മണ്ണെണ്ണവിളക്കിന്റെ പ്രകാശവലയത്തിലേക്ക് ആസക്തിയോടെ വന്നടുക്കുന്ന പ്രാണികളുടെ ആത്മത്യാഗവാസനയ്ക്കു തുല്യമായൊരു സാഹസികത ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. പുസ്തക വിപണി മാസ്മരിക ഭാവത്തോടെ പുതിയ ഇരകളേയും വേട്ടക്കാരേയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

വായനക്കാർ എഴുത്തുകാരായി പരിണമിക്കുന്ന ഒരു കാലമാണിത്. ഇപ്പോൾ എഴുത്തിന്റെ ‘വിശുദ്ധ സ്വർഗ’ങ്ങളിലേക്ക് അതിക്രമിച്ചുകയറി തങ്ങളുടെ വിജയപതാകകൾ പാറിക്കുന്ന കൂടുതലാളുകളാണ് ഉണ്ടാകുന്നത്. ഒരു സവർണ- വരേണ്യ മണ്ഡലമെന്ന പരിവേഷം എഴുത്തിന് ഇല്ലാതാകുകയും അനേകായിരം എഴുത്തുകാരുടെ മഹാപ്രവാഹം സംഭവിക്കുമ്പോഴുള്ള ആരവം ചുറ്റും മുഴങ്ങുകയുമാണ്. പത്രാധിപരുടെ മറുപടിക്കത്തിനു കാത്തുനിന്ന് കാലുകൾ തളരേണ്ടതില്ലിപ്പോൾ. എഴുതിത്തെളിയാൻ കടലാസുകളും ആവശ്യമില്ലാതായി. സാമൂഹ്യ മാധ്യമങ്ങളാണ് എഴുത്തിന്റെ ഈ പുതിയ സാധ്യതകളെ തുറന്നിട്ടത്.

എഴുത്തിലെ വിരലിലെണ്ണാവുന്ന സൂപ്പർസ്റ്റാറുകൾക്കൊപ്പം അനേകം നക്ഷത്രങ്ങളും എഴുത്തിന്റെ ആകാശത്ത് തെളിഞ്ഞുനിൽക്കുന്നു. പല നക്ഷത്രങ്ങൾക്കും ആയുസ് ഹ്രസ്വമാകാം. എന്നാൽ ചിലതിന്റെയെല്ലാം തിളക്കം കാലക്രമത്തിൽ കൂടുകയാണ്. കുറേക്കഴിയുമ്പോഴേക്കും വായനക്കാരുടെ എണ്ണത്തേക്കാളധികം എഴുത്തുകാർ ഉണ്ടായെന്നും വന്നേക്കാം. കുറച്ചു കോപ്പികൾ മാത്രമടിയ്ക്കാനാകുന്ന പ്രിൻറ്​ ഓൺ ഡിമാൻറ്​ എന്ന അച്ചടിവിദ്യ സ്വയം പ്രസാധനത്തിന്റെ സാധ്യതകളെയും വ്യാപകമാക്കി. അതിനൊപ്പം, പുസ്തക പ്രസാധനത്തിന്റെ ആവേശം കൂടുതലാളുകളെ പ്രസാധന സംരംഭകരാക്കി മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിൽ ചിലർ മാത്രം കച്ചവടപരമായി വിജയിക്കുന്നു. ഇക്കാര്യത്തിലുണ്ടാകുന്ന, മണ്ണെണ്ണ വിളക്കിന്റെ പ്രകാശവലയത്തിലേക്ക് ആസക്തിയോടെ വന്നടുക്കുന്ന പ്രാണികളുടെ ആത്മത്യാഗവാസനയ്ക്കു തുല്യമായൊരു സാഹസികത ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. പുസ്തക വിപണി മാസ്മരിക ഭാവത്തോടെ പുതിയ ഇരകളേയും വേട്ടക്കാരേയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

വൈക്കം മുഹമ്മദ് ബഷീർ, വള്ളത്തോൾ നാരായണ മേനോൻ
വൈക്കം മുഹമ്മദ് ബഷീർ, വള്ളത്തോൾ നാരായണ മേനോൻ

മുതലാളിത്തത്തിന്റെ ചലനനിയമങ്ങളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ ഒരു ഉൽപന്നത്തിന്റെ വിപണന മൂല്യത്തെ, വ്യാജപ്രതീതികളെ, ഉപഭോക്താവിന്റെ മനസ്സിലേക്ക് സന്നിവേശിപ്പിച്ച് നിശ്ചയിക്കുന്നത് വിപണന തന്ത്രങ്ങളാണ്. പുസ്തകങ്ങൾക്കും അതിന് അപവാദമായി നിലനിൽക്കുക സാധ്യമല്ല. പരസ്യങ്ങളുടെ ലോകം മനുഷ്യരുടെ ബോധശീലങ്ങളെ ഇടിച്ചുനിരത്തി അവർക്കാവശ്യമില്ലാത്തതും എന്നാൽ കോർപറേറ്റുകൾക്കാവശ്യമുള്ളതുമായ ചിലതു നിറയ്ക്കുന്നതുപോലെ എഴുത്തുകാരും പ്രസാധകരും പുസ്തകവിപണിയുടെ ഭയപ്പെടുത്തുന്ന ഒരു തരം മൽസരത്തിലേക്ക് പ്രവേശിക്കേണ്ടിവരുന്നു. ബഷീറും വള്ളത്തോളും വരെയുള്ളവർ തങ്ങളുടെ പുസ്തകങ്ങൾ സ്വയം അച്ചടിച്ച് വിൽപന നടത്തിയതുപോലെയൊരു കാലവുമല്ലിത്. ഒരാൾ സ്വയം വിപണനം ചെയ്യാതെ വിപണിയിലെന്നല്ല ജീവിതത്തിലും പിടിച്ചുനിൽക്കാനാകാത്തൊരു അതിമൽസരത്തിന്റെ കാലമാണിത്. പ്രസാധക ഭീമൻമാരുടെ ഒരു കുത്തകലോകവും അതിനെ വെല്ലുവിളിച്ച് നിലകൊള്ളുന്ന ചെറുകിട പ്രസാധകരുടെ മറ്റൊരു ലോകവും ചേർന്ന് മൽസരത്തിന്റെ പിരിമുറുക്കത്തെ കൂടുതൽ കഠിനമാക്കി മാറ്റി. ഇരുന്നൂറോ മുന്നൂറോ അധിലധികമോ വരുന്ന വലുതും ചെറുതുമായ പ്രസാധകർ മലയാളം എന്ന ചെറിയ ഭാഷയുടെ സാധ്യതയ്ക്കുള്ളിൽ നിന്ന് മൽസരിച്ചുകൊണ്ടേയിരിക്കുന്നു.

വിപണിയുടെ സമ്മർദ്ദങ്ങൾ മികച്ച പുസ്തകങ്ങളെന്ന ആദർശവുമായി ചേർന്നു പോകുന്നതായിരുന്നില്ല. അതിനാൽ ഇടയക്ക് സൈൻ ബുക്‌സിന്റെ ഹൃദയസ്പന്ദനം നിലയ്ക്കുകയും ഏതാനും വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും പുനർജനിക്കുകയും ചെയ്യുകയാണുണ്ടായത്.

സൈൻ ബുക്‌സിന്റെ ജീവിതം

സമാനഹൃദയരുടെ കൂട്ടായ്മയിൽ ഒരു പ്രസാധന സംരഭമായി രൂപം കൊണ്ട സൈൻ ബുക്‌സിന്റെ ജീവിതാനുഭവങ്ങൾകൂടി ചേരുന്നതാണ് ഇതിലെ നിരീക്ഷണങ്ങൾ. 2005 ൽ ഒരു ഡിസംബർ കുളിരിലാണ് ജനനം. ഞങ്ങൾ മുഖ്യനടത്തിപ്പുകാരായി മുമ്പിറങ്ങിയിരുന്ന ഒരു മാസികയുടെ - ‘അടയാളം' - ഓർമ നിറംമങ്ങാതെ നിലനിന്നിരുന്നതിനാൽ പേരിന് അത്ര പാടുപെടേണ്ടി വന്നില്ല. അങ്ങനെ, അടയാളത്തിന്റെ ആംഗലേയമായി ‘സൈൻ’ ഉണ്ടായി. ഇടതുതീവ്രവാദത്തിന്റെ പനിച്ചൂടിൽ വേവലാതിപ്പെട്ടിരുന്ന ഒരു ജീവിതകാലമുണ്ടായിരുന്ന കുറച്ചുപേർ ഒത്തുകൂടി ചർച്ച ചെയ്താണ് അതിനുള്ള ആശയങ്ങൾ രൂപീകരിച്ചത്. സ്വാഭാവികമായും അതിൽ ആദർശങ്ങൾ യാഥാർത്ഥ്യത്തേക്കാൾ മുമ്പിട്ടു നിന്നു.
ശ്രദ്ധേയമായ കുറേ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ സൈൻ ബുക്‌സിനു കഴിഞ്ഞു. സിനിമയിലെ മഹാരഥൻമാരെപ്പറ്റിയായിരുന്നു ആദ്യ പുസ്തകങ്ങൾ. ‘ഗൊദാർദ്: കോളയ്ക്കും മാർക്‌സിനും നടുവിൽ' ഐ. ഷൺമുഖദാസ് എഴുതി. തർക്കോവ്‌സ്കിയെപ്പറ്റി കെ. ഗോപിനാഥൻ, ബർഗ്മാനെപ്പറ്റി വിജയകൃഷ്ണൻ എന്നിവരും എഴുതി.

മറ്റുചിലരുടെ വാഗ്ദാനം സമയത്തിന് നടപ്പാക്കപ്പെട്ടില്ല. ദലിത് ചർച്ചകളെ ആദ്യമായി സമാഹരിച്ച ‘ദളിതപാതകൾ', ‘കേരളം, ലൈംഗികത, ലിംഗനീതി', ഡോ. എം.ഗംഗാധരെന്റ ‘സ്ത്രീയവസ്ഥ കേരളത്തിൽ' തുടങ്ങിയ പുസ്തകങ്ങളും പിന്നീടിറങ്ങി. സോമശേഖരൻ എഡിറ്ററായി പ്രസിദ്ധീകരിച്ച ‘ഭഗവദ് ഗീത: പലകാലം പല കാഴ്ചകൾ' എന്നതായിരുന്നു സൈൻ ബുക്‌സിന്റെ ശ്രദ്ധേയമായൊരു സംഭാവന. ഗീത എന്ന കൃതിയുടെ പല നൂറ്റാണ്ടുകളിലായി പരന്നുകിടക്കുന്ന ആശയപരമായും ചരിത്രപരവുമായുള്ള ജീവിതത്തെ എഴുന്നൂറോളം പേജുകളിൽ അടുക്കിവെക്കുന്ന കൃതി മലയാളത്തിലെ മികച്ച പുസ്തകങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടു. എന്നാൽ വിപണിയുടെ സമ്മർദ്ദങ്ങൾ മികച്ച പുസ്തകങ്ങളെന്ന ആദർശവുമായി ചേർന്നു പോകുന്നതായിരുന്നില്ല. അതിനാൽ ഇടയക്ക് സൈൻ ബുക്‌സിന്റെ ഹൃദയസ്പന്ദനം നിലയ്ക്കുകയും ഏതാനും വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും പുനർജനിക്കുകയും ചെയ്യുകയാണുണ്ടായത്.

മലയാളത്തിലെ മികച്ച പല പുസ്തകങ്ങളും ഇപ്പോഴും സംഭാവന നൽകുന്നത് ചെറുകിട പ്രസാധകരാണ്. മലയാള പുസ്തക പ്രസാധനത്തിന്റെ കെട്ടും മട്ടും പരിഷ്‌കരിച്ചതിൽ മൾബറി പോലെയുള്ള പ്രസാധന സംരഭങ്ങളുടെ പങ്ക് ഇപ്പോഴും ഓർമിക്കപ്പെടാറുണ്ട്. ആകെക്കൂടി ചെറുകിട പ്രസാധന സംരംഭങ്ങൾ മലയാള പ്രസിദ്ധീകരണരംഗത്ത് പ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്. വായനയിലെ ഭാവുകത്വ പരിഷ്‌കരണത്തിലും പുസ്തകത്തിന്റെ രൂപപരമായ ഉൽപാദനരീതിയിലും ഉള്ളടക്കത്തിന് കൂടുതൽ ഗൗരവമുണ്ടാക്കുന്നതിലും അത് ചെറുതല്ലാത്ത പങ്ക് വഹിച്ചു. ലിറ്റിൽ മാഗസിനുകളുടെ സാംസ്കാരിക- രാഷ്ട്രീയ സന്ദർഭങ്ങളുടെ തുടർച്ചയായാണ് ചെറുകിട പുസ്തക പ്രസാധനത്തിന്റെയും തുടക്കമെങ്കിലും ഇപ്പോൾ അന്നത്തേതിൽനിന്നും തികച്ചും വ്യത്യസ്തമായ സാമൂഹികമണ്ഡലത്തിലാണ് അത് നിലനിൽക്കുന്നത്.

കുത്തകയ്‌ക്കെതിരായ പ്രതിരോധം

കുത്തകവത്കരണത്തിനെതിരായ പ്രതിരോധം ചെറു- സമാന്തര പ്രസിദ്ധീകരണ സംരഭങ്ങൾക്കെല്ലാം പിന്നിലുണ്ടായിരുന്നു. പല സ്വരങ്ങൾ കേൾക്കുകയും പല താളങ്ങൾ സമ്മേളിക്കുകയും ചെയ്യുമ്പോഴേ വാക്കുകളുടെ ലോകം കൂടുതൽ അർത്ഥസമ്പുഷ്ടമാകൂ. ഏത് തരം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടണം എന്നത് വിപണിയുടെ നിയമങ്ങൾ മാത്രം നിശ്ചയിക്കുന്ന സാഹചര്യത്തിൽ മൗലിക ചിന്തകളുടെ പല ഗ്രന്ഥങ്ങളും വെളിച്ചം കാണാതെ പോകാം. ജനപ്രിയ വായനയ്ക്കുമുമ്പിൽ ഗവേഷണോൻമുഖമായ അന്വേഷണങ്ങൾ തമസ്കരിക്കപ്പെടാം. എഴുത്തുകാർ എന്ത് ഉൽപ്പാദിപ്പിച്ചു നൽകണമെന്ന് വിപണി നിശ്ചയിക്കുന്നത് ഒരു ദുരവസ്ഥ തന്നെയാണ്. കുറ്റാന്വേഷണ നോവലോ മറ്റെന്തെങ്കിലും ജനപ്രിയ ഫോർമുലകളോ ഫലമുണ്ടാക്കുന്നു എന്നു കണ്ടാൽ കൂടുതൽ പേർ ഈ മാതൃകയിൽ സൃഷ്ടികൾ നടത്താൻ മുമ്പോട്ടുവരുന്നതായാണ് കാണുന്നത്. വിപണിക്കുവേണ്ടി ഉൽപ്പന്നങ്ങൾ സൃഷ്ടിച്ചുനൽകുന്ന കരകൗശല വിദഗ്ധരായി എഴുത്തുകാർ മാറുന്നത് ശരിയോ തെറ്റോ എന്ന് കാലമാണ് വിചാരണചെയ്ത് തീർപ്പുകൽപ്പിക്കേണ്ടത്.

മുഖ്യധാരാ പ്രസാധകർ പ്രസിദ്ധീകരിക്കാൻ വിസമ്മതിക്കുന്നവ, ധീരതയോടെ പ്രസിദ്ധീകരിക്കാൻ തയ്യാറാകുന്നിടത്താണ് ചെറുകിട പ്രസാധന സംരംങ്ങളുടെ പ്രസക്‌തി. ഇപ്പോഴും മികച്ച പുസ്തകങ്ങൾ ചെറുകിട പ്രസാധകരിൽ നിന്നുണ്ടാകുന്നുണ്ട്. പലരും വ്യത്യസ്തമായതിനെ കണ്ടെത്തി മലയാളത്തിലവതരിപ്പിക്കാൻ ശ്രമിക്കുന്നു. ഉൽപാദന മികവിലും പലരും മുമ്പിട്ടു നിൽക്കുന്നു. എന്നാലിന്ന് വിപണിയുടെ കഠിനമാകുന്ന ബലതന്ത്രം ചെറുകിട പ്രസാധനത്തെയും വിഴുങ്ങുകയും പഴയ ആദർശാത്മകത ഒട്ടൊക്കെ മാഞ്ഞുപോകുകയും ചെയ്യുന്ന സാഹചര്യമാണ്​. വിപണിയുമായുള്ള ഈ കൂടിച്ചേരൽ ചെകുത്താനുമായി വേഴ്ചയിലേർപ്പെടുന്ന മാലാഖയുടെ ദൈന്യതയിലേക്ക് ചെറുകിട- സമാന്തര പ്രസിദ്ധീകരണലോകത്തെയും എത്തിച്ചിരിക്കുകയാണ്.

എത്രയോ ഏറെ പുസ്തകങ്ങളാണ് ഓരോ വർഷവും മലയാളത്തിൽ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ഇതെല്ലാം വായിച്ചുതീർക്കുക എന്നതുപോയിട്ട് കൈയ്യിലൊന്നെടുത്തു നോക്കിപ്പോകാനെങ്കിലും ആർക്കാണ് കഴിയുക എന്ന് ചിലർ അൽഭുതംകൂറുന്നതു കണ്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ പുസ്തകങ്ങളിറങ്ങുന്ന ഇന്ത്യൻ ഭാഷ നമ്മുടെ കൊച്ചു മലയാളമാണോ എന്ന് സന്ദേഹിക്കണം. അതിന് ഉപോൽബലകമായ കണക്കുകളൊന്നും പുറത്തുവന്നു കണ്ടിട്ടില്ല. എന്നാൽ അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇത്രയേറെ പേജുകൾ അച്ചടിമഷി പുരളുമ്പോൾ മലയാള ഭാഷ കൂടുതൽ സമ്പന്നമാകേണ്ടതാണ്. യഥാർത്ഥത്തിൽ അങ്ങനെ സംഭവിക്കുന്നുണ്ടോ? ഇറങ്ങുന്ന പുസ്തകങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച ഒരു ഓഡിറ്റിങ് എങ്ങനെയാണ് നടത്താനാകുക എന്നറിയില്ല. നല്ല പുസ്തകങ്ങളേക്കാൾ അധികം മോശം പുസ്തകങ്ങളും ഇറങ്ങുന്നു എന്ന് പൊതുവിൽ കരുതാം.

ഏറ്റവും കൂടുതൽ പുസ്തകങ്ങളിറങ്ങുന്ന ഇന്ത്യൻ ഭാഷ നമ്മുടെ കൊച്ചു മലയാളമാണോ എന്ന് സന്ദേഹിക്കണം. അതിന് ഉപോൽബലകമായ കണക്കുകളൊന്നും കണ്ടില്ലെങ്കിലും സാധ്യത തള്ളിക്കളയാനാകില്ല.  / Photo: The News Minute
ഏറ്റവും കൂടുതൽ പുസ്തകങ്ങളിറങ്ങുന്ന ഇന്ത്യൻ ഭാഷ നമ്മുടെ കൊച്ചു മലയാളമാണോ എന്ന് സന്ദേഹിക്കണം. അതിന് ഉപോൽബലകമായ കണക്കുകളൊന്നും കണ്ടില്ലെങ്കിലും സാധ്യത തള്ളിക്കളയാനാകില്ല. / Photo: The News Minute

വൈജ്ഞാനിക മേഖലയിലും മലയാളം കൂടുതൽ സമ്പന്നമായി മാറേണ്ടതുണ്ട്. ഇതിന് അറിവിന്റെ എല്ലാ മേഖലകളിലേക്കും പ്രവേശിക്കുന്ന മൗലിക രചനകളുണ്ടാകണം. മലയാളം വിജ്ഞാനത്തേയും വിജ്ഞാനം മലയാളത്തേയും കൂടുതൽ സമ്പന്നമാക്കിക്കൊണ്ടിരിക്കണം. വിൽപന സാധ്യതയുടെ അളവുകോലുകൾവെച്ചല്ലാതെ തന്നെ അവ പ്രസിദ്ധീകരിക്കപ്പെടാനുള്ള സാധ്യതകളുണ്ടാകണം. മുഖ്യധാര പുറന്തള്ളുന്നവയേയും ഏറ്റെടുക്കാനുള്ള ശേഷി നഷ്ടപ്പെടുന്നിടത്ത് ചെറുകിട പ്രസാധനത്തിന്റെ ആദർശങ്ങളിൽ വിള്ളൽ വീഴുകയാണ് ചെയ്യുന്നത്.

കടക്കെണിയിലാകുന്ന ചെറുകിട പ്രസാധനം

വിതരണ ശൃംഖലയുടെ അഭാവമാണ് ചെറുകിട പ്രസാധനം നേരിടുന്ന പ്രധാന വെല്ലുവിളി. വായനക്കാരിലേക്ക് പുസ്തകം എത്തിക്കാനുള്ള സംവിധാനം പ്രധാനമാണ്. സ്വന്തമായി ഒരു ബുക്ക്​ സ്​റ്റാൾ പോലും ഇല്ലാത്തവരാണ് മിക്ക ചെറുകിട പ്രസാധകരും. മറ്റ് ബുക്ക്സ്റ്റാളുകളിൽ പുസ്തകം വെയ്ക്കുമ്പോൾ 50 ശതമാനവും അവർക്ക് കമീഷനായി നൽകേണ്ടിവരുന്നു. അയച്ചുകൊടുക്കുന്നതിനുള്ള തുകയും ഓഫീസ് ചെലവുകളും എല്ലാം കഴിഞ്ഞ്, പിരിഞ്ഞുകിട്ടുന്ന തുകയാകട്ടെ എപ്പോഴെങ്കിലുമായിരിക്കും ലഭിക്കുക. ഇപ്പോഴുള്ള ഓൺലൈൻ വിൽപന ഇതിനൊരു ചെറിയ പരിഹാരമാണെങ്കിലും അത് ചെറിയൊരു വിൽപന സാധ്യത മാത്രമേ ആകുന്നുള്ളു. ഓരോ മാസവും ഓഫീസ് വാടകയും ശമ്പളവും നൽകി കഴിഞ്ഞുകൂടാൻ സഹായിക്കുന്നത്ര മാസവിറ്റുവരവുതന്നെ ലഭ്യമാകാറില്ല. അപ്പോഴാണ് കടം വാങ്ങി കൂടുതൽ പുസ്തകം ഇറക്കാനുള്ള പ്രലോഭനമുണ്ടാകുന്നത്. ഉടനെ കാര്യങ്ങൾ മെച്ചപ്പെടും എന്ന പ്രതീക്ഷ വീണ്ടും ഇതുതുടരാൻ പ്രേരിപ്പിക്കും. അത് പലപ്പോഴും പലരേയും കടക്കെണിയിലേക്കായിരിക്കും നയിക്കുക.

എഴുത്തുകാർക്ക് റോയൽറ്റി നൽകത്തക്ക വിധത്തിൽ വരുമാനമുള്ളവരായിരിക്കാൻ ചെറുകിട പ്രസാധകർക്ക് മിക്കവാറും കഴിയാറില്ല. വൻകിട പ്രസാധകരിൽ നിന്നുതന്നെ താരതമ്യേന ചെറിയ റോയൽറ്റിയാണ് എഴുത്തുകാർക്ക് ലഭിക്കാറ്​. എഴുത്തുകൊണ്ടു മാത്രം ജീവിക്കാനുള്ള സാധ്യത മലയാളത്തിൽ ഇപ്പോഴുമില്ല. വലിയ വരുമാനവും സഹായികളും മറ്റ് സൗകര്യങ്ങളുമെല്ലാം ലഭ്യമാകുന്ന വിദേശ എഴുത്തുകാരെ അസൂയയോടെ നോക്കിക്കാണാൻ മാത്രമേ മലയാളത്തിലെ എഴുത്തുകാർക്ക് കഴിയൂ. വൻകിട പ്രസാധകരുടെ ലാഭത്തിന്റെ ചെറിയൊരു ശതമാനമെങ്കിലും എഴുത്തുകാരുടെ ക്ഷേമത്തിനായി മാറ്റിവെക്കേണ്ടതാണ്. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ രൂപീകരണത്തിലൂടെ മുമ്പോട്ടുവെക്കപ്പെട്ട എഴുത്തുകാരുടെ ക്ഷേമലക്ഷ്യം പിന്നീട് മലയാളത്തിൽ ഒട്ടും തന്നെ മുമ്പോട്ടു പോകുകയുണ്ടായിട്ടില്ല.

ചെറുകിട പ്രസാധകരുടെ കൂട്ടായ്മയ്ക്ക് വിതരണ സംവിധാന കാര്യത്തിൽ ചില കൂട്ടായ മാർഗ്ഗങ്ങൾ കണ്ടെത്താൻ കഴിയുന്നതാണ്. പ്രധാന നഗരങ്ങളിൽ സഹകരണാടിസ്ഥാനത്തിൽ ചില ബുക്ക്‌ഷോപ്പുകളുണ്ടാക്കലും പുസ്തകങ്ങൾ പരസ്പരം കൈമാറുന്നതുമൊക്കെ ഇതിനുള്ള മാർഗങ്ങളാണ്. എന്നാൽ പരസ്പരമുള്ള മൽസരബുദ്ധി ഇതിനുള്ള സാധ്യതയെ തടയുകയാണ് ചെയ്യുന്നത്.

ലൈബ്രറി കൗൺസിൽ പുസ്തകമേളകൾ

ലൈബ്രറി കൗൺസിൽ നടത്തുന്ന ജില്ലാതല പുസ്തകമേളകളാണ് കേരളത്തിലെ മുഖ്യമായൊരു പുസ്തകവിപണി. ഓരോ ജില്ലയിലും ശരാശരി അറുന്നൂറോളം ലൈബ്രറികൾക്കായി ലഭിക്കുന്ന നിരവധി കോടികൾ വരുന്ന ഫണ്ടാണ് ഇവിടെ വിനിയോഗിക്കപ്പെടുന്നത്. നല്ല പുസ്തകങ്ങൾ എല്ലാ പ്രസാധകരിൽ നിന്നുമായി വാങ്ങി ലൈബ്രറികൾ വഴി വായനക്കാരിലെത്തിക്കാനായി ആരംഭിച്ചിട്ടുള്ള ഈ മേളകൾ പ്രസാധന രംഗത്തെ പുഴുക്കുത്തുകൾ എല്ലാം വെളിവാകുന്ന സന്ദർഭമായി മാറുകയാണ് ചെയ്യുന്നത്.

മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിലിന്റെ 2021-ലെ  പുസ്തകോത്സവത്തിൽനിന്ന് / Photo: Deshabhimani
മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിലിന്റെ 2021-ലെ പുസ്തകോത്സവത്തിൽനിന്ന് / Photo: Deshabhimani

ജില്ലാ ലൈബ്രറി വികസന സമിതികളെന്ന കമ്മിറ്റികളാണ് മേളയുടെ സംഘാടകർ. സ്റ്റാൾ വാടകയായി വലിയ തുകകളാണ് പ്രസാധകരിൽ നിന്ന്​ വാങ്ങാറുള്ളത്. ചെറുകിട പ്രസാധകർക്ക് താങ്ങാനാകാത്ത തുകയാണിത്. മേള നടക്കുന്ന സ്ഥലം വാടകയ്‌ക്കെടുക്കുന്നതുൾപ്പെടെയുള്ള ചെലവുകളേക്കാൾ എത്രയോ വലിയ തുകയാണ് സ്റ്റാൾ വാടക ഇനത്തിൽ സമാഹരിക്കപ്പെടുന്നത്. ഈ തുക എത്രയെന്നോ അവ എങ്ങനെ വിനിയോഗിക്കപ്പെട്ടന്നോ ഉള്ള വിവരങ്ങൾ പരസ്യപ്പെടുത്താറുമില്ല. കോവിഡ് കാലത്ത് എല്ലാവരും കഷ്ടത്തിലായ കാലത്തും മിക്ക ജില്ലകളും സ്റ്റാൾവാടക മുമ്പത്തേക്കാൾ ഉയർത്താനാണ് ശ്രമിച്ചത്. ലൈബ്രറികൾക്ക് 35 ശതമാനം വിലക്കുറവ് നൽകേണ്ടിവരുന്നതിനു പുറമേയാണ് ഈ ഭീമമായ തുകയുടെ വാടകയും നൽകേണ്ടിവരുന്നത്. സ്റ്റാളിൽ നിൽക്കുന്നവരുടെ ചിലവും പുസ്തകങ്ങൾ എത്തിക്കുകയും മടക്കുകയും ചെയ്യേണ്ടിവരുന്ന ചെലവും ഉൾപ്പെടെ വലിയൊരു തുകയാകുമ്പോൾ അതിനു തുല്യമായൊരു തുകയ്‌ക്കെങ്കിലും വിൽപ്പന നടത്താൻ പല ചെറുകിട പ്രസാധകരും പരാജയപ്പെടുകയാണ് ചെയ്യുന്നത്.

സ്വന്തമായി ഒരു പൈസപോലും മുതൽമുടക്കില്ലാതെ രചയിതാവിന്റെ പണം മാത്രമുപയോഗിച്ച് പുസ്തകമടിക്കുന്ന ചില പ്രസാധകർ 50 ശതമാനവും അതിലധികവും നൽകി ഗ്രന്ഥശാലാ ഭാരവാഹികളെ ആകർഷിക്കാനാണ് ശ്രമിക്കുന്നത്

ഇതിനെ മറികടക്കാൻ പല ചെറുകിട പ്രസാധകരും വഴിവിട്ട പല നടപടികളിലേക്കും കടക്കുകയാണ് പതിവ്. ഫലത്തിൽ മോശപ്പെട്ട പുസ്തകങ്ങൾ കൂടുതലായി വിറ്റഴിയുന്ന മേളകളായി ജില്ലാ ലൈബ്രറി കൗൺസിൽ മേളകൾ മാറുകയാണ് പതിവ്. സ്വന്തമായി ഒരു പൈസപോലും മുതൽമുടക്കില്ലാതെ രചയിതാവിന്റെ പണം മാത്രമുപയോഗിച്ച് പുസ്തകമടിക്കുന്ന ചില പ്രസാധകർ 50 ശതമാനവും അതിലധികവും നൽകി ഗ്രന്ഥശാലാ ഭാരവാഹികളെ ആകർഷിക്കാനാണ് ശ്രമിക്കുന്നത്. മാത്രമല്ല, ആയിരം രൂപയുടെ പുസ്തകമെടുക്കുമ്പോൾ അത്രയും തുകയുടെ ബില്ലുനൽകിയശേഷം 600 അല്ലെങ്കിൽ 700 രൂപ മാത്രം വാങ്ങി പ്രലോഭനം വെച്ചുനീട്ടുന്ന പ്രസാധകരാണവരിൽ പലരും. ഇങ്ങനെ കണക്കിൽ പെടാതെ കൈയ്യിൽ കിട്ടുന്ന പൈസയുടെ പ്രലോഭനത്തിൽ വീഴുന്ന ലൈബ്രറി ഭാരവാഹികളുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും അധികരിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. തങ്ങൾ വാങ്ങിപ്പോകുന്ന പുസ്തകങ്ങളുടെ ഗുണനിലവാരം അവർ നോക്കാറേയില്ല.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമായുള്ള വായനശാലാ പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി സൂചിപ്പിക്കുന്നതാണിത്. എന്നാൽ നല്ല നിലയിൽ പ്രവർത്തിക്കുകയും നല്ല പുസ്തകങ്ങൾ മാത്രം വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്ന വായനശാലകളുമുണ്ട്. നൂറോളം സ്റ്റാളുകളിലായി ആയിരക്കണക്കിനു പുസ്തകങ്ങളും മീൻചന്തകളെ ഓർമിപ്പിക്കുന്ന വിധത്തിൽ ആളെപ്പിടുത്തക്കാരായ സ്റ്റാൾ ജീവനക്കാരും അതിന്റെ ബഹളവുമെല്ലാം ചേർന്ന അന്തരീക്ഷം ആർക്കും പുസ്തകം സമചിത്തതയോടെ നോക്കി തിരഞ്ഞെടുക്കാൻ പറ്റുന്ന വിധവുമുള്ളതുമല്ല. എല്ലാ സ്റ്റാളുകളിലും കയറി പുസ്തകങ്ങളെല്ലാം പരിശോധിക്കുന്ന വായനശാലാ ഭാരവാഹികൾ ഓരോ ജില്ലയിലും വിരലിലെണ്ണാവുന്നത്രയേ ഉണ്ടാകൂ.

ഓൺലൈൻ പുസ്തകമേളാണ് ഇതിന്​ പരിഹാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മലയാളത്തിലിറങ്ങുന്ന മുഴുവൻ പുസ്തകങ്ങളുടെയും വിവരങ്ങൾ പ്രസാധകരിൽ നിന്ന് ശേഖരിച്ച് ഓൺലൈനായി വായനശാലകൾക്ക് എത്തിക്കുകയും അവർ തങ്ങൾക്കാവശ്യമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കുകകയും ചെയ്യുന്ന രീതി നടപ്പായാൽ പുസ്തകമേളയുടെ പേരിൽ നടക്കുന്ന വലിയ അഴിമതികൾ തടയാനാകും. പ്രസാധകരെ സംബന്ധിച്ച്​ എല്ലായിടത്തും പുസ്തകമെത്തിക്കലും ജീവനക്കാരുടെ ചെലവുകളും ഉൾപ്പെടെ വലിയൊരു തുകയും അനേകായിരം പേരുടെ മനുഷ്യാധ്വാനവും ലാഭമാകും. വായനശാലാ ഭാരവാഹികൾക്ക് സമാധാനമായി തങ്ങളുടെ സ്ഥലത്തുതന്നെയിരുന്ന് പുസ്തകങ്ങൾ തിരഞ്ഞെടുക്കാനുമാകും. എന്നാൽ ഇത്തരത്തിലുള്ള, എല്ലാവർക്കും പ്രയോജനകരമായ നിർദ്ദേശങ്ങൾ നേരിട്ടുള്ള മേളകൾകൊണ്ട് നേട്ടമുണ്ടാകുന്ന ചിലരാണ് എപ്പോഴും അട്ടിമറിക്കാറുള്ളത്.

വിപണിക്കുള്ളിൽ നിൽക്കുമ്പോൾ വിപണിയോടെ സന്ധി ചെയ്യാതിരിക്കാനാകില്ല. അതേ സമയം, നല്ല പുസ്തകങ്ങൾ മലയാളത്തിനു നൽകുക എന്ന പ്രതിജ്ഞാബദ്ധത ഒരു പ്രസാധകർക്ക് അവശ്യം വേണ്ട ഗുണവിശേഷമാണ്.

ചെറുകിട പ്രസാധനത്തിന്റെ ഭാവി

മികച്ച പുസ്തകങ്ങൾക്കായി കാത്തിരിക്കുന്ന വായനക്കാരുടെ വലിയൊരു സംഘം മലയാളത്തിലുണ്ട്. അതാണ് എഴുത്തുകാരുടെ യഥാർത്ഥ ശക്തി. അവരുടെ പ്രതീക്ഷകളെ സഫലമാക്കാൻ എത്രമാത്രം കഴിയും എന്നതാണ് മലയാള പ്രസാധന രംഗം നേരിടുന്ന ശരിയായ വെല്ലുവിളി.
എഴുത്തിന്റെ ഗുണനിലവാരത്തിന്റെ മാനദണ്ഡം എന്താണ് എന്നതാണാരു ചോദ്യം. അഭിരുചികളുടെ വ്യത്യസ്തത എന്ന നിലയിലല്ലാതെ ഉയർന്ന കല, താഴ്ന്ന കല എന്നിങ്ങനെയുള്ള മുൻകാലത്തിന്റെ വേർതിരിവുകളെ നിരാകരിക്കുന്ന ആധുനികാനന്തരതയുടെ പരിസരത്ത് ഇതിനെ വ്യക്തതയോടെ സമീപിക്കാനുള്ള രീതികൾ കണ്ടെത്തേണ്ടതുണ്ട്. ജീവിതവും സമൂഹവും കൂടുതൽ സങ്കീർണമാകുന്ന ഇന്നത്തെ കാലത്ത് കലയ്ക്കും സാഹിത്യത്തിനും പഴയ ഉത്തരങ്ങൾ മതിയായെന്നും വരില്ല. മാത്രമല്ല, വിജയിക്കുന്ന സാഹിത്യം അല്ലെങ്കിൽ പരാജയപ്പെടുന്ന സാഹിത്യം എന്ന നിലയിലാണ് പ്രധാനമായും വേർതിരിവ് ഇപ്പോൾ അടയാളപ്പെടുത്തപ്പെടുന്നത്.

എങ്കിലും കാലാതീതമായി നിലനിൽക്കുന്ന ചില ഗുണവിശേഷങ്ങളും മൂല്യങ്ങളും നല്ല എഴുത്തിനെ വേർതിരിച്ച് നിർത്തും. വിപണിക്കുള്ളിൽ നിൽക്കുമ്പോൾ വിപണിയോടെ സന്ധി ചെയ്യാതിരിക്കാനാകില്ല. അതേ സമയം, നല്ല പുസ്തകങ്ങൾ മലയാളത്തിനു നൽകുക എന്ന പ്രതിജ്ഞാബദ്ധത ഒരു പ്രസാധകർക്ക് അവശ്യം വേണ്ട ഗുണവിശേഷമാണ്. അത്തരമൊന്ന് യാഥാർത്ഥ്യമാക്കാനുള്ള സ്ഥാപനപരമായ സഹായങ്ങൾ സർക്കാരിന്റെയും സാംസ്കാരിക വകുപ്പിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്.

ജനപ്രിയ എഴുത്തുകൾ മാത്രമാണ് വായനക്കാർക്ക് വേണ്ടത് എന്ന് നിശ്ചയിച്ചുറപ്പിക്കുന്ന വായനശാലാ ഭാരവാഹികൾ മുതൽ മാർക്കറ്റിങ് വിഭാഗത്തിലുള്ളവർ നിശ്ചയിക്കുന്ന പുസ്തകങ്ങൾ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നുറപ്പിക്കുന്ന പ്രസാധകർ വരെയുള്ളവർ വായനയുടെ മേൽ സൃഷ്ടിച്ചെടുക്കുന്ന അപ്രഖ്യാപിത നിയന്ത്രണങ്ങളെ ഭേദിച്ചുകൊണ്ടും വേണം മലയാളഭാഷയ്ക്ക് ഇനിയും മുമ്പോട്ട് പോകാനുള്ളത്. അതിനു സഹായിക്കുമ്പോൾ മാത്രമാണ് ചെറുകിട പ്രസാധനം അതിന്റെ ശരിയായി ആദർശങ്ങളിലേക്ക് മടങ്ങിയെത്തുക. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ബോബി തോമസ്​

പത്രപ്രവർത്തകൻ, എഴുത്തുകാരൻ. സൈൻ ബുക്സ് എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തുന്നു. ‘ക്രിസ്ത്യാനികൾ: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം' , ‘ശ്രമണ ബുദ്ധൻ', ‘ജന്മാന്തരങ്ങൾ' എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments