ഇന്നു കാണും വിധമുള്ള എഴുത്തിനും വായനയ്ക്കും വലിയ ചരിത്രമില്ല. ഒരു സാങ്കേതികവിദ്യ എന്ന നിലയിൽ എഴുത്തുവിദ്യയ്ക്ക് ആയിരത്താണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ ഒരു സമൂഹത്തിൽ എല്ലാവരും വായിക്കുക എന്ന ലക്ഷ്യം അന്നത്തെ എഴുത്തിനില്ലായിരുന്നു. ഭാഷയുണ്ടായിരുന്നു. സാഹിത്യമുണ്ടായിരുന്നു. അത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ലേഖനവിദ്യയ്ക്ക് സുദീർഘമായ ഭാഷാഖ്യാനങ്ങളെ രേഖപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നില്ല തുടക്കത്തിൽ ഉണ്ടായിരുന്നത്. കണക്കുകളും ഭരണപരമായ ചില കുറിമാനങ്ങളും രേഖപ്പെടുത്തുക എന്ന പരിമിതമായ ലക്ഷ്യമേ എഴുത്ത് കണ്ടുപിടിക്കപ്പെട്ട കാലത്ത് ഉണ്ടായിരുന്നുള്ളു. എഴുത്തുതൊഴിലാളികളെപ്പോലെ വായനത്തൊഴിലാളികളും അക്കാലത്ത് ഉണ്ടായിരിക്കണം. മിക്കവാറും രണ്ടിനും ഒരാൾ തന്നെ മതിയാകുമെങ്കിലും എല്ലാവർക്കും വായിക്കാനറിയാത്ത ഒരു കാലത്ത് വായനത്തൊഴിലാളി എന്ന പ്രയോഗത്തിന് സാധുതയുണ്ട്.
1500 വർഷം മുമ്പ് ഫിനീഷ്യരാണ് ആധുനിക അക്ഷരമാല കണ്ടുപിടിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. കിഴക്കൻ മെഡിറ്ററേനിയൽ പ്രദേശത്തു ജീവിച്ച ഈ സെമിറ്റിക് ജനത രൂപപ്പെടുത്തിയ ഇരുപത്തിരണ്ടു വ്യഞ്ജനങ്ങളടങ്ങിയ എഴുത്തുസാങ്കേതികവിദ്യയെ സ്വരങ്ങൾ കൂടി ചേർത്ത് ഗ്രീക്കുകാർ വികസിപ്പിച്ചു. റോമാക്കാർ ഇതിൽനിന്ന് ലാറ്റിൻ ലിപികൾ വികസിപ്പിച്ചു. ഇതാണ് യൂറോപ്പിലും മറ്റൊരുപാടു പ്രദേശങ്ങളിലുമുള്ള ഭാഷകളുടെ അടിസ്ഥാനലിപിമാതൃകയായി സ്വീകരിക്കപ്പെട്ടത്.
‘വാണ്ടറേഴ്സ്, കിംഗ്സ് ആന്റ് മർച്ചന്റ്സ് ദി ഹിസ്റ്ററി ഓഫ് ഇന്ത്യ ത്രൂ ഇറ്റ്സ് ലാംഗ്വേജസ്’ എന്ന പുസ്തകത്തിൽ പിഗ്ഗി മോഹൻ ശ്രദ്ധേയമായ ഒരു നിരീക്ഷണം മുന്നോട്ടുവയ്ക്കുന്നുണ്ട്. ആദ്യ കാലത്ത് എഴുത്തുവിദ്യ വശമുള്ള ഫിനീഷ്യരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമാന്തരനാഗരികതയുടെ വക്താക്കൾ സാങ്കേതികവിദഗ്ദ്ധരായി സ്വീകരിച്ചിരുന്നുവത്രെ. ഇങ്ങനെയെത്തിയ എഴുത്തുവിദഗ്ദ്ധർ ലാറ്റിനിൽ പൊയ്‍നി (Poeni) എന്നാണ് അറിയപ്പെട്ടത്. ഇന്ത്യയിലെത്തിയപ്പോഴേക്കും അവർ പാണികളും പാണിനിമാരും ആയി.
പറഞ്ഞുവന്നത് ‘വായന’ ഒരു സംസ്കാരമാകുന്നത് ആധുനികതയുമായി ബന്ധപ്പെട്ടാണ് എന്നാണ്. സാക്ഷരത അനിവാര്യമായ ഒന്നാവുന്നതും ഒരു സമൂഹത്തിലെ എല്ലാവരും വായനക്കാരാകുന്നതും മനുഷ്യചരിത്രത്തിൽ ഏറെക്കുറെ പുതിയ കാര്യമാണ്.
ജൈവവൃത്തിക്കാവശ്യമായതും സമൂഹമായി നിലനിൽക്കാൻ വേണ്ടതുമായ അറിവുകളും ആശയങ്ങളും ദർശനങ്ങളും പകരുകയല്ലാതെ സർവവും എഴുതുകയും വായിക്കുകയും ചെയ്യുന്ന പരിപാടി മനുഷ്യന് ഇല്ലായിരുന്നു. മറ്റു സാങ്കേതികവിദ്യകളാൽ എഴുത്ത് മാറ്റി വയ്ക്കപ്പെടുന്ന ഇക്കാലത്ത് എഴുത്തിന്റെ ചരിത്രം ഇങ്ങനെ വായിച്ചെടുക്കുന്നതിന് പ്രസക്തിയുണ്ട്.
ഭാഷണശബ്ദങ്ങളെ അക്ഷരങ്ങളിലേക്ക് എൻകോഡു ചെയ്ത് സൂക്ഷിക്കുന്നതിനു പകരം സംഭാഷണങ്ങൾ അങ്ങനെ തന്നെ പകരാനും സൂക്ഷിച്ചുവയ്ക്കാനും സാധിക്കുന്ന കാലത്ത് എഴുത്ത് പല മേഖലകളിലും അവശ്യം സാങ്കേതികവിദ്യ അല്ലാതാകുന്നുണ്ട്. ഇലക്ട്രോണിക് ആശയവിനിമയ സങ്കേതങ്ങളിൽ ശബ്ദം, ചിത്രങ്ങൾ, ഗ്രാഫിക്സ്, ചിത്രപ്രതീകങ്ങൾ എന്നിവയ്ക്കൊപ്പമുള്ള ‘ഒരു ഘടകം’ മാത്രമാണ് ഭാഷ. വായന, സാഹിത്യരചനകളുടെ ആഴക്കുറവ് തുടങ്ങിയ പല സാംസ്കാരികഘടകങ്ങളെയും ഈ മാറ്റത്തെ മുൻനിർത്തി വിശകലനം ചെയ്യാവുന്നതാണ്.
വായന, വായനാവ്യവസായം
പ്രിന്റ് മോഡേണിറ്റിയുടെ തുടർച്ചയായാണ് വലിയ വായനാസമൂഹങ്ങൾ ഉയർന്നു വരുന്നത്. ഇത് പരസ്പരം സഹായിച്ചു വളർന്നതുമാണ്. അപ്പോഴും സമൂഹത്തിലെ എല്ലാവരും വായിക്കുന്നില്ല. മനുഷ്യന്റെ അറിവിന്റെയും ചിന്തയുടെയും സങ്കീർണ്ണതകൾ കൈകാര്യം ചെയ്തിരുന്നത് ജനസംഖ്യയിൽ ന്യൂനപക്ഷമായ ചെറിയൊരു ബുദ്ധിജീവി വർഗ്ഗമായിരുന്നു. അവരിൽനിന്ന് അത് പലവിധത്തിൽ താഴോട്ട് സംക്രമിച്ചെത്തുകയാണ് ചെയ്യുന്നത്.
ചിന്തയുടെയും സാങ്കേതികതയുടെയും ഉയർന്ന വിതാനത്തിൽപ്പെട്ട രചനകളൊന്നും ജനപ്രിയമായിരുന്നില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും പുസ്തകത്തിന്റെ മേന്മയുടെ ഉരകല്ലായി ജനപ്രിയത വർത്തിക്കുന്നുമില്ല. ചില ക്ലാസിക്കുകൾ തലമുറകളോളം എല്ലാ തരത്തിലുമുള്ള ജനങ്ങളെയും ആകർഷിക്കുന്നുണ്ടെങ്കിൽ എല്ലാ തരം മനുഷ്യർക്കും തുറക്കാവുന്ന താക്കോൽപ്പഴുതുകൾ അത്തരം രചനകളിൽ ഉള്ളതുകൊണ്ടാണ്. മലയാളത്തിൽനിന്ന് ഇത്തരത്തിൽ ഉദാഹരിക്കാവുന്ന ഒരാൾ ബഷീറാണ്.
വായനയുടെ ജനപ്രിയത അച്ചടിവ്യവസായവുമായിക്കൂടി ബന്ധപ്പെട്ടതാണ്. നല്ല പുസ്തകങ്ങൾ ഉണ്ടാവുക എന്നതിനോടൊപ്പം ധാരാളം പേർ പുസ്തകം വായിക്കുക എന്നതും അച്ചടിവ്യവസായത്തിന്റെ നിലനില്പിന് ആവശ്യമാണ്. പുസ്തകം ആളുകളിലേക്കെത്തിക്കുക എന്നതിനോടൊപ്പം ആളുകൾ വായിക്കുന്ന പുസ്തകമിറക്കുക എന്നതും അച്ചടിവ്യവസായത്തിൽ പ്രധാനമാണ്.
മലയാളമടക്കമുള്ള ഭാഷകളിൽ ലക്ഷക്കണക്കിന് വായനക്കാരെയുണ്ടാക്കുന്ന പുസ്തകങ്ങൾ ഉണ്ടാക്കിയെടുക്കുന്നത് ഇതിന്റെ ഭാഗമാണ്. സത്യത്തിൽ വായനയുമായല്ല, വായനാവ്യവസായവുമായാണ് അതിനു ബന്ധം. ഈ സന്ദർഭത്തിൽ ഒരു പ്രസാധനാലയ ഉടമ പറഞ്ഞത് ഓർമ വരുന്നു. അവരുടെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകുന്നത് നിഘണ്ടുക്കളുടെ വില്പനയാണത്രേ. മുന്തിയ സാഹിത്യകൃതികൾ മാത്രമേ വിൽക്കൂ എന്നു തീരുമാനമെടുത്താൽ അവരുടെ കച്ചവടവും ജീവിതവും പ്രതിസന്ധിയിലാകും.
ആശയവിനിമയത്തിനുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ എഴുത്തിന്റെയും വായനയുടെയും പുതിയൊരു വിതാനത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ ഒന്നര ദശാബ്ദം മുമ്പ് ഇല്ലാത്തതാണ് ഇത്.
വായന എന്ന ത്വരയെ തൃപ്തിപ്പെടുത്താൻ പുസ്തകങ്ങൾ, ആനുകാലികങ്ങൾ, പത്രങ്ങൾ എന്നിവ മാത്രമുണ്ടായിരുന്ന കാലത്തുനിന്ന് സോഷ്യൽ മീഡിയ ഉണ്ടാകുന്നു. നേരത്തെ പറഞ്ഞതുപോലെ എഴുത്തിനെ അപ്രസക്തമാക്കുന്ന തരത്തിൽ ഭാഷേതരമായ ആശയവിനിമയത്തിന്റെയും കലാവിഷ്കാരങ്ങളുടെയും വലിയൊരു തുറസ്സ് അതുണ്ടാക്കുന്നതോടൊപ്പം വായനാവിഭവങ്ങളുടെ വിശാലവും പ്രത്യക്ഷത്തിൽ സൗജന്യവുമായ ഒരു ലോകം അതുണ്ടാക്കുന്നുണ്ട്.
അച്ചടിവ്യവസായത്തിന് പുതിയ കാലത്ത് ഈ സൗജന്യ വിപണിയെക്കൂടി മറികടക്കേണ്ടതുണ്ട്. ഒരു സ്മാർട്ട് ഫോണും ഡാറ്റാ പായ്ക്കും ഉള്ള ഒരാൾക്ക് വായനാവിഭവങ്ങൾ വേണ്ടത്ര മുന്നിലെത്തിക്കൊണ്ടിരിക്കും. വാർത്തകൾ, വാർത്താവിശകലനങ്ങൾ, സാഹിത്യരചനകൾ, നിരൂപണങ്ങൾ എന്നിവയെല്ലാം ഏറ്റവും പുതിയതു തന്നെ ‘വെറുതെ’ കിട്ടും.
ഡിക്‍ഷനറികളോ വിജ്ഞാനകോശങ്ങളോ പരതാൻ പുസ്തകങ്ങളെടുത്ത് നിവർത്തേണ്ട സാഹചര്യം ഇന്നില്ല. പുസ്തകങ്ങൾ സൗജന്യമായി കൊടുക്കുന്ന ഒരുപാട് സൈറ്റുകൾ ലഭ്യമാണ്. സൗജന്യനിരക്കിൽ പ്രിന്റഡ് പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും ഇ-വെർഷനും ലഭ്യമാകുന്നു. പുസ്തകങ്ങളുടെ ഇ-റീഡിംഗ് കോപ്പികളും ലഭ്യമാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് അച്ചടിച്ച സാഹിത്യത്തിന്റെ ഹാർഡ് കോപ്പികളുടെ വിപണനത്തിലൂടെ അതിജീവിക്കാൻ ശ്രമിക്കുന്ന പ്രസാധകലോകം വിപണി കീഴടക്കാൻ പുതുവഴികൾ തേടുന്നത്. അതൊരു അതിജീവനതന്ത്രം മാത്രമാണെങ്കിലും പുതിയകാല പുസ്തകങ്ങളുടെ ആന്തരികഘടനയെത്തന്നെ അതു മാറ്റിമറിക്കുന്നു എന്നത് കാണാതിരുന്നുകൂടാ.
വായനയും പരിശീലനവും
വായന കൃത്യമായ പരിശീലനം ആവശ്യമുള്ള സംഗതിയാണ്. കേവലസാക്ഷരതയല്ല വായന. സാംസ്കാരഘടനയ്ക്കകത്തുനിന്നുകൊണ്ടുള്ള ചിന്താപ്രക്രിയകളിലേക്കും ഭാവനകളിലേക്കുമുള്ള കേറിയിറങ്ങലുകളും സംവാദങ്ങളും കൂടിയാണ് വായന.
അറിവു പകരുക എന്നത് വായനയുടെ പ്രാഥമികമായ ലക്ഷ്യം മാത്രമാണ്. ഒരു കുട്ടിയെ വായന ശീലിപ്പിക്കുന്നതിന് ശാത്രീയമായ ഘട്ടങ്ങളും തിരഞ്ഞെടുപ്പും ആവശ്യമാണ്. ഉദാഹരണത്തിന് നന്നായി കഥകൾ കേട്ടു വളരുന്ന ഒരു കുട്ടിയെ സംബന്ധിച്ച് കൂടുതൽ കഥകളിലേക്കുള്ള വാതായനങ്ങളാണ് വായനയിലൂടെ തുറക്കപ്പെടുന്നത്. മികച്ച ബാലസാഹിത്യകൃതികൾ കഥപറച്ചിലിനിടയിൽ മനുഷ്യരെ വായനക്കാരാക്കുന്ന സംസ്കാരഘടനയ്ക്കകത്തേക്ക് കുട്ടികളെ ക്രമേണ പിടിച്ചിടുന്നതു കാണാം. അതൊരു തുടർപ്രക്രിയയാണ്. ക്രമേണ കുട്ടികൾ ഫിക്‍ഷനിൽനിന്ന് നോൺ ഫിക്‍ഷനുകളിലേക്കുള്ള പാലം തുറന്നെടുക്കുന്നു. സർഗാത്മകസാഹിത്യത്തിൽ മനുഷ്യാവസ്ഥകളുടെ ആഴവും ഭാവനകളുടെ വൈചിത്ര്യങ്ങളും കണ്ടെത്താൻ തുടങ്ങുന്നു. കവിതകൾ തേടിപ്പിടിച്ചു വായിക്കാൻ തുടങ്ങുകയും ആഖ്യായികകളിൽ കവിത കണ്ടെത്താൻ സാധിക്കുകയും ചെയ്യുമ്പോഴേക്കും അയാളൊരു വായനക്കാരൻ / വായനക്കാരി ആയി പരിണമിക്കുന്നു.
ദൈനംദിനാവശ്യങ്ങൾക്കുള്ള വായന, അക്കാദമികാവശ്യങ്ങൾക്കുള്ള വായന, ഇവ രണ്ടിന്റെയും തുടർച്ചയാകുന്നതിനൊപ്പം തന്നെ ഉയർന്ന കലാസ്വാനദനത്വരയോടെയുള്ള പുസ്തകങ്ങളുടെ വായന എന്ന തരത്തിലേക്ക് ഗൗരവമുള്ള വായന എത്തിച്ചേരേണ്ടതുണ്ട്. എന്നാൽ നേരത്തേ പറഞ്ഞ അച്ചടി വ്യവസായത്തിന് ലഘുവായ പുസ്തകങ്ങൾ വായിക്കുന്നവരെയാണ് വേണ്ടത്.
വായന എന്ന സാങ്കേതികവിദ്യയെ ശാസ്ത്രീയമായി മനസ്സിലാക്കാത്ത കരിക്കുലവും ബോധനരീതികളും അധ്യാപകരും വായനാപരിശീലനത്തെ യാന്ത്രികമാക്കി മടുപ്പിച്ചു കളയുന്നു. ഓരോ പ്രായത്തിലും ഓരോ കുട്ടിയും ആവശ്യപ്പെടുന്ന പുസ്തകങ്ങളും വായനാരീതികളുമുണ്ട്. ഇത് പ്രതിജനഭിന്നവുമാണ്. സൂക്ഷ്മനിരീക്ഷണശേഷി ഇക്കാര്യത്തിൽ അധ്യാപകർക്കു വേണ്ടതുണ്ട്. അതുണ്ടാവുന്നില്ല എന്നത് വലിയ പരിമിതിയാണ്. തെറ്റായ വായനാപരിശീലനങ്ങൾ വായന എന്ന ഗംഭീരമായ സാംസ്കാരികപ്രക്രിയയിൽനിന്ന് തലമുറകളെ പുറത്താക്കിക്കളയും.
വായനയുടെ ചരിത്രം, സാംസ്കാരികപശ്ചാത്തലം എന്നിവയെ വേണ്ടവിധം ഉൾക്കൊള്ളാതെയും വായന എന്ന വ്യവഹാരത്തിന്റെ സൂക്ഷ്മവശങ്ങൾ തിരിച്ചറിയാതെയുള്ള ബോധനപ്രക്രിയകളിലൂടെയാണ് വായനാപരിശീലനങ്ങൾ വിദ്യാലയങ്ങളിൽ നടക്കുന്നത്. സർഗാത്മകമായ പ്രക്രിയകളാകാതെ ആചാരപരമായ ചടങ്ങുകളായി ഇത് ചുരുങ്ങുന്നുണ്ട്. ഇതിന്റെ തുടർച്ചയെന്നോണമാണ് പൊതുസമൂഹത്തിൽ നടക്കുന്ന പുസ്തകചർച്ചകൾ എന്നു തോന്നിയിട്ടുണ്ട്. പൊതുവേ പറയാവുന്ന ഒന്നുമല്ല ഇത്. ഗൗരവുള്ള പുസ്തകചർച്ചകൾ പലയിടത്തും നടക്കാറുണ്ട്. യൂണിവേഴ്സിറ്റികൾ, സാഹിത്യോൽസവങ്ങൾ തുടങ്ങി ക്ലബ് ഹൗസിൽ വരെ സാർത്ഥകമായ ചർച്ചകൾ നടക്കാറുണ്ട്. കൂടുതലും പുറംചട്ട തഴുകുന്ന അഭിപ്രായങ്ങളാണെങ്കിലും സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകളിലും ഗൗരവമേറിയ ചർച്ചകൾ നടക്കാറുണ്ട്.
ഇവിടെയും പുസ്തകങ്ങളുടെ മാർക്കറ്റ് വികസിപ്പിക്കുക എന്ന തരത്തിലുള്ള സോദ്ദേശ്യചർച്ചകളാണ് കൂടുതലും നടക്കുന്നത്. ‘സോ കോൾഡ്’ പുസ്തകചർച്ചകളെ ഇത് വഴിതിരിച്ചുവിടുന്നു എന്ന ആക്ഷേപം അതുകൊണ്ടുതന്നെ നിലനിൽക്കുന്നതാണ്.
ഒരു സമൂഹത്തിലെ എല്ലാവരും വായിക്കുന്ന ഒരു കാലവും ഉണ്ടായിട്ടില്ല. ദൈനംദിനാവശ്യങ്ങൾക്കുള്ള വായനയല്ല ഇവിടെ സൂചിപ്പിക്കുന്നത്. അപ്പോഴും പുസ്തകങ്ങൾ ആഢ്യത്വത്തിന്റെ അടയാളമാണ്. വായിച്ചില്ലെങ്കിലും പുസ്തകങ്ങൾ വാങ്ങി ഭംഗിയായി പ്രദർശിപ്പിക്കുക എന്നത് നാഗരികതയുടെ ഒരു ശീലമാണ്. ഇതിനെ പൊങ്ങച്ചമെന്നു പറഞ്ഞ് കളിയാക്കേണ്ടതില്ല. പുതിയ കാലത്ത് ആളുകൾ വാങ്ങിക്കൂട്ടുന്ന പലതും ആവശ്യമില്ലാത്തതാണ്. വാങ്ങുക എന്നത് മനുഷ്യരെ രസിപ്പിക്കുന്ന, സന്തോഷം നൽകുന്ന ഒന്നാണ്.
ആളുകളെ വാങ്ങാൻ പ്രേരിപ്പിക്കുക എന്നതാണ് പുതിയ കാലത്തിന്റെ വിപണന തന്ത്രം. കാറുകൾ പോലെ ലക്ഷങ്ങൾ വില വരുന്ന വസ്തുക്കൾ ആളുകൾ മിക്കവാറും ആവശ്യമില്ലാതെ വാങ്ങിക്കൂട്ടുമ്പോൾ അച്ചടിവിപണി നോക്കിനിൽക്കുന്നതെന്തിനാണ്? പല പുസ്തകങ്ങളുടെയും കെട്ടും മട്ടും നോക്കിയാലറിയാം, അത് വായിക്കാനുള്ളതല്ല, മറിച്ച് കാണാനും പ്രദർശിപ്പിക്കാനുമുള്ളതാണെന്ന്. വായനയിൽനിന്ന് ഇത് എഴുത്തിലേക്കും സംക്രമിക്കുന്നുണ്ട്. ‘ആർക്കും വായിക്കാൻ വേണ്ടിയല്ലാത്ത’ പുസ്തകങ്ങളുടെ നിർമ്മാണം. അതിന്റെ പ്രകാശനപരിപാടികൾ ഒക്കെ അച്ചടിവ്യവസായത്തോടു ചേർന്നുനിൽക്കുന്ന വിനോദപരിപാടികളോ കുറേക്കൂടി, വിനോദവ്യവസായത്തിന്റെ ഭാഗമോ ആണ്.
ഭാഷ അടിസ്ഥാനമാക്കിയ എ.ഐ. ആപ്പുകൾ വായനക്കാരെ ഒരേ സമയം എഴുത്തുകാരുമാക്കുന്നുണ്ട്. ഓരോ സന്ദർഭങ്ങളിലും തങ്ങൾ വായിക്കാനാഗ്രഹിക്കുന്ന രചനകൾ വായനക്കാർക്ക് ക്രിയേറ്റു ചെയ്തെടുക്കാനാകും. കവിതകൾ, പാട്ടുകൾ, കഥകൾ തുടങ്ങി അല്പം മിനക്കെട്ടാൽ നോവലുകൾ പോലും എ.ഐ. ഉണ്ടാക്കിത്തരും. ഒരു എ.ഐ.ആപ്പിൽ ക്രിയേറ്റു ചെയ്യുന്ന വരികൾ മറ്റൊരു ആപ്പിന്റെ സഹായത്തോടെ സംഗീതവും ശബ്ദവും നൽകി പാട്ടായി കേൾക്കാൻ ഇന്ന് സൌകര്യമുണ്ട്. വായനയെ സംബന്ധിക്കുന്ന പോസ്റ്റ് ഹ്യൂമൺ ഘട്ടത്തിലേക്ക് ലോകം എന്നേ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. ഈ അവസ്ഥയെ മറികടക്കാൻ അച്ചടിവ്യവസായത്തിന് പുതിയ മാർഗ്ഗങ്ങൾ തേടേണ്ടിവരും.
അച്ചടിവ്യവസായവും
മാർക്കറ്റിംഗും
തുടക്കത്തിൽ സൂചിപ്പിച്ചപോലെ വായന എന്ന സാംസ്കാരികവ്യവഹാരത്തിന് അധികം പഴക്കമില്ല. എല്ലായ്പ്പോഴും അത് സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ടാണ് ഇരുന്നത്. കല, സാഹിത്യം അധ്യയനം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ കാലങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും എഴുത്തിലും വായനയിലുമൂന്നിയ അതിന്റെ വ്യാപനത്തിന് അധികം പഴക്കമില്ല. അച്ചടിയുടെ പ്രചാരം, ഒരു വ്യവസായമെന്ന നിലയിൽ പ്രസാധനത്തിനുവന്ന മേൽക്കൈ ഒക്കെയാണ് വായനയെ ജനകീയമാക്കിയത്. പുതിയ സാങ്കേതികവിദ്യകൾ എഴുത്ത്- വായന എന്ന പ്രക്രിയക്കു സമാന്തരമായി രൂപപ്പെട്ടുവരുന്നുണ്ട്. വായന എന്ന സൂക്ഷ്മ സാംസ്കാരിക വ്യവഹാരത്തെ ഗൗരവത്തിലെടുക്കുന്ന വലിയൊരു കൂട്ടം മനുഷ്യർ എഴുത്തിനെയും വായനയെയും ഇനിയും മുന്നോട്ടുകൊണ്ടുപോകും. പ്രതിസന്ധിയിലാകുന്നത് അച്ചടിവ്യവസായമാണ്. നിലനില്പിനുവേണ്ടി അതു ചെയ്യുന്ന മാർക്കറ്റിംഗ് തന്ത്രങ്ങളാണ് വായനയുടെ കാല്പനികവൽക്കരണവും വിവിധങ്ങളായ മാർക്കറ്റിംഗ് തന്ത്രങ്ങളും. മത്സരാധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ ഭാഗമായിരിക്കെ അതൊക്കെ അനിവാര്യമായ കാര്യങ്ങളുമാണ്.