റീലാനന്ദത്തിൻ്റെ ക്ഷിപ്രമോക്ഷം

നമ്മുടെ വലിയ എഴുത്തുകാർ പലരും കമ്പോളത്തിന് വെളിയിലായിക്കഴിഞ്ഞു. ചെറിയ എഴുത്തുകാർ പലരും കമ്പോളം ആകെ വിഴുങ്ങിയും കഴിഞ്ഞു. നേട്ടം ആർക്കാണെന്ന് കണ്ടുകഴിഞ്ഞു. കോട്ടം അഥവാ നഷ്ടം തീർച്ചയായും മലയാളിസമൂഹത്തിനും വായനക്കാർക്കും തന്നെയാണ്- ഡോ. ശിവപ്രസാദ് പി. എഴുതുന്നു.

‘ആളുകൾ കണ്ടുകണ്ടാണ് സാർ
കടലുകൾ ഇത്ര വലുതായത്’
കെ.ജി.എസിൻ്റെ 'പല പോസിലുള്ള ഫോട്ടോകൾ' എന്ന കവിതയിലെ വരികളാണിത്. മലയാളത്തിലെ നടപ്പുകാലത്തിൻ്റെ വായനാഘോഷങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഈ കവിതയ്ക്കും, വിശിഷ്യാ ഈ വരികൾക്കും ഏറെ പ്രസക്തിയുണ്ട്.

പുറംചട്ടകൾ കണ്ടുകണ്ടാണ് മലയാള വായനക്കാർ ഇപ്പോൾ പുസ്തകം വാങ്ങുന്നത്. പുറംചട്ടകളുടെ വായന / കാഴ്ച എന്നിതിനെ വേണമെങ്കിൽ വിളിക്കാം. ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളാണ് പുറംചട്ടകളെയും പുസ്തകത്തിലെ ചില അതികാല്പനികവരികളെയും വച്ച് നിരന്തരമായ കാഴ്ചകളുടെ ഒരു ലോകം തുറന്നിടുന്നത്. കണ്ടുകണ്ട് പുസ്തകം ഒരു മഹാസംഭവമായി മാറുകയാണ്. പുസ്തകത്തിനകത്ത് എന്താണ് സംഭവമെന്ന് കാഴ്ചക്കാർ അറിയുന്നില്ല. അഥവാ ആർക്കും അതിലത്ര താല്പര്യമില്ല. ഏറ്റവും വില്പനയുള്ള ഉല്പന്നം മികച്ച ഉല്പന്നം തന്നെ എന്ന വിപണിയുക്തിയിൽ കണ്ടവരെല്ലാം പുസ്തകം വാങ്ങുകയും പോസ്റ്റിടുകയും ചെയ്യുന്നു. ഫലം പുസ്തകം വില്പനയിൽ റെക്കോർഡിടുന്നു. വായനയിൽ ഇതേ പുസ്തകം എന്താണ് ബാക്കിവച്ചത് എന്ന ചോദ്യം ആരാലും ചോദിക്കപ്പെടാതെ പോകുന്നു.

മലയാളത്തിൻ്റെ പുതുകാലവായനയെ ആഘോഷവായന എന്ന് വിളിക്കാമെന്ന് തോന്നുന്നു. വായനയുടെ ആഘോഷമല്ല അത്. മറിച്ച് ആഘോഷിക്കപ്പെടുന്ന വായനയാണ്. ഇതിന് അനുലോമവും പ്രതിലോമവുമായ വ്യാഖ്യാനസാധ്യതകളുണ്ട്. വായനയുടെ ആഘോഷങ്ങൾ വായനദിനമായും വായനവാരമായും വായനമാസമായും ആഘോഷിക്കപ്പെടുന്ന നാടാണ് നമ്മുടേത്. വായനയുടെ ആഘോഷങ്ങളാണ് പ്രത്യക്ഷത്തിലെങ്കിലും അവ. ഗ്രന്ഥശാലകളുടെ വ്യാപനചരിത്രവും അതിൻ്റെ ആഘോഷവുമാണ് തത്ത്വത്തിലത്. പി.എൻ. പണിക്കരുടെ നേതൃത്വോൽസാഹത്തിൽ നമുക്ക് ധാരാളം ഗ്രന്ഥശാലകളുണ്ടായി എന്നത് വസ്തുതയുമാണ്. പക്ഷെ അന്നും ഇന്നും ഗ്രന്ഥശാലകൾക്ക് അനുസൃതമായി വായനക്കാർ ഉണ്ടായിവന്നിട്ടില്ല എന്നതാണ് സത്യം. ഗ്രന്ഥശാലകളേ നമുക്കുള്ളൂ, വായനശാലകളില്ല എന്ന് കൗതുകത്തോടെ പറയാം. ഗ്രന്ഥശാലകളിലെ രേഖകളും മറ്റും ഗ്രാൻ്റ് പ്രകാരമുള്ള ഗ്രന്ഥവർദ്ധനയെ തെളിയിക്കുന്നുണ്ടെങ്കിലും വായനക്കാരുടെ എണ്ണത്തിൽ വൻ കുറവാണ് കാണിക്കുന്നത്. ഇതുപക്ഷെ വായനയുടെ ആകെയുള്ള കുറവിൻ്റെ സൂചകമായി എണ്ണാനുമാവില്ല. വായന ഗ്രന്ഥവായന മാത്രമല്ല എന്നതുതന്നെ കാരണം.

ഗ്രന്ഥശാലകളുടെ വ്യാപനചരിത്രവും അതിൻ്റെ ആഘോഷവുമാണ് തത്ത്വത്തിലത്. പി.എൻ. പണിക്കരുടെ നേതൃത്വോൽസാഹത്തിൽ നമുക്ക് ധാരാളം ഗ്രന്ഥശാലകളുണ്ടായി എന്നത് വസ്തുതയുമാണ്.
ഗ്രന്ഥശാലകളുടെ വ്യാപനചരിത്രവും അതിൻ്റെ ആഘോഷവുമാണ് തത്ത്വത്തിലത്. പി.എൻ. പണിക്കരുടെ നേതൃത്വോൽസാഹത്തിൽ നമുക്ക് ധാരാളം ഗ്രന്ഥശാലകളുണ്ടായി എന്നത് വസ്തുതയുമാണ്.

ഇൻ്റർനെറ്റധിഷ്ഠിത ഉപകരണങ്ങളുടെയും സ്‌മാർട്ട് ഫോണുകളുടെയും ഇ-റീഡറുകളുടെയും വിപുലമായ കടന്നുവരവ് വായനയുടെ രൂപത്തെ വലിയതോതിൽ മാറ്റിത്തീർത്തിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങൾകൂടി പ്രചാരപ്പെട്ടതോടെ വായന വർദ്ധിച്ചിരിക്കുകയാണ് എന്ന് കാണാം. അതായത് വായനയുടെ കാര്യത്തിൽ വലിയ ജനായത്തം സാധ്യമായ ഒരു കാലം കൂടിയാണ് നടപ്പിലുള്ളത്. അപ്പോഴും വായനയുടെ വ്യക്തിപരത (പെഴ്സണൽ റീഡിങ് & പെഴ്സണൽ ഹാപ്പിനസ്), മൗനരൂപം എന്നിങ്ങനെയുള്ള സവിശേഷമായ ആയിത്തീരലുകൾ സാമാന്യമായി നിലനിന്നുപോരുകയും ചെയ്തു. (ഈ ആയിത്തീരലുകൾക്ക് ഒരു ചരിത്രമുണ്ട്. വഴിയേ പരാമർശിക്കാം) എന്നാൽ അടുത്തകാലത്തായി വായന മൗനത്തിൽനിന്ന് ശബ്ദത്തിലേക്കും വ്യക്തിയിൽനിന്ന് കൂട്ടത്തിലേക്കും ആനന്ദത്തിൽനിന്ന് ആഘോഷത്തിലേക്കും വഴിമാറിയതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇതുണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ച് ആലോചിക്കുന്നത് പ്രസക്തമായേക്കും.

ഏറ്റവും പ്രധാനമായ കാര്യം, വായന ആരാലെങ്കിലും പരസ്യപ്പെടേണ്ടതുണ്ടോ എന്നതാണ്. വായിച്ച പുസ്തകങ്ങളുടെ എണ്ണം (ആനുഷംഗികമായിപ്പോലും) പ്രഘോഷിച്ചുനടക്കുന്നവരെ മുമ്പൊന്നും കണ്ടിട്ടില്ല. എന്നാലിന്ന് താൻ വായിച്ച (വായിക്കുന്നതായി നടിച്ച എന്നുമാവാം) പുസ്തകത്തിന് പരസ്യം ചമയ്ക്കുകയാണ് ഒരുകൂട്ടം മനുഷ്യർ. റിവ്യൂ അഥവാ നിരൂപണം അല്ല അത് എന്നതാണ് കൗതുകം. അക്ഷരാർഥത്തിലുള്ള പരസ്യമാണ്. എനിക്കിഷ്ടമായി, നിങ്ങളും വാങ്ങൂ, വായിക്കൂ എന്നാണ് ലൈൻ. ഈ ‘ഇഷ്ടമായത്’ എന്തുകൊണ്ട് എന്നുപോലും വിശദീകരിക്കപ്പെടാറില്ല. റീലുകളും ചെറു വീഡിയോകളും എഴുത്തുകളുമെല്ലാം ഈവക അഡ്വർടൈസ്മെൻ്റ് രൂപത്തിൽ വരുന്നുണ്ട്. ഒരൊറ്റ റീലിൻ്റെ ബലത്തിൽ കണ്ണടച്ച് തുറക്കുംമുമ്പ് എട്ടും പത്തും പതിപ്പുകളാണ് വിറ്റഴിയുന്നത്. പ്രസാധകർ സ്വാഭാവികമായും എഴുത്തുകാർ പിന്നാലെയും ഈവഴിയ്ക്ക് ശ്രദ്ധ തിരിച്ചതോടെ കച്ചവടവായന പൊട്ടിപൊടിച്ചു എന്ന് പറയാം.

ഒരൊറ്റ റീലിൻ്റെ ബലത്തിൽ കണ്ണടച്ച് തുറക്കുംമുമ്പ് എട്ടും പത്തും പതിപ്പുകളാണ് വിറ്റഴിയുന്നത്.
ഒരൊറ്റ റീലിൻ്റെ ബലത്തിൽ കണ്ണടച്ച് തുറക്കുംമുമ്പ് എട്ടും പത്തും പതിപ്പുകളാണ് വിറ്റഴിയുന്നത്.

ഈ വായനകൊണ്ട് ആർക്കാണ് നേട്ടം എന്നത് കൗതുകമുള്ള ചോദ്യമാണ്. പ്രസാധകർക്കും ഗ്രന്ഥകാരർക്കുമുള്ള നേട്ടം പ്രകടമാണ്. പൗരസ്ത്യ കാവ്യമീംമാസയിൽ പറയുന്ന കാവ്യപ്രയോജനങ്ങളിൽ ഇല്ലാത്ത ഒന്നാണ് ഇപ്പറഞ്ഞതിലെ പ്രസാധകരുടെ ലാഭം. ലാഭമുള്ള എന്തും സ്വാഭാവികമായും ഒരു മുതലാളിത്തസമൂഹത്തിൽ ഉത്തരോത്തരം പരീക്ഷിക്കപ്പെടും, ആവർത്തിക്കപ്പെടും എന്നതിനാൽ മുൻചൊന്ന രണ്ടുകൂട്ടരും ഈ വഴി ഉടനെയൊന്നും കൈവിടാൻ സാധ്യതയില്ല. നമ്മുടെ വലിയ എഴുത്തുകാർ പലരും കമ്പോളത്തിന് വെളിയിലായിക്കഴിഞ്ഞു. ചെറിയ എഴുത്തുകാർ പലരും കമ്പോളം ആകെ വിഴുങ്ങിയും കഴിഞ്ഞു. നേട്ടം ആർക്കാണെന്ന് കണ്ടുകഴിഞ്ഞു. കോട്ടം അഥവാ നഷ്ടം തീർച്ചയായും മലയാളിസമൂഹത്തിനും വായനക്കാർക്കും തന്നെയാണ്. അത് അമൂർത്തമല്ല എന്നതുമാണ് വസ്തുത. നമ്മുടെ പുതുതലമുറയുടെ ഭാവുകത്വം ഇപ്രകാരം ഇരപിടിയന്മാരുടെ അജണ്ടയ്ക്കനുസരിച്ച് സെറ്റായിക്കഴിഞ്ഞു!

മലയാളത്തിൻ്റെ ആഘോഷവായന ഇപ്പോൾമാത്രം പൊട്ടിമുളച്ചതല്ല. പൈങ്കിളിയെന്ന് വിളി വീണ ജനപ്രിയ സാഹിത്യത്തിൻ്റെ വിപുലമായ ചരിത്രം നമുക്കുണ്ട്. ആഴ്ചയിൽ 18- ഉം 20- ഉം നോവൽഭാഗങ്ങൾ ആർത്തിയോടെ വായിച്ചിരുന്ന മലയാളി വായിച്ചെറിയുന്ന ആ പുസ്തകങ്ങളിൽനിന്നാണ് വായിച്ച് സൂക്ഷിച്ചുവെയ്ക്കുന്ന പുസ്തകങ്ങളിലേക്ക് വന്നത്. ആ നിലയിൽ ഏതൊരു തലമുറയുടെയും ആദ്യകാല വായനയെ തൃപ്തിപ്പെടുത്തുന്ന ഒരു ഭാവുകത്വമായി അഥവാ വലിയ വായനയിലേക്കുള്ള പ്രവേശകമായി അതിനെ കാണാവുന്നതുമാണ്. മുട്ടത്തുവർക്കിയുടെ നോവലുകൾ വലിയ തോതിൽ വിറ്റഴിക്കപ്പെട്ടവയാണ്. ചങ്ങമ്പുഴയുടെ രമണനും ഒ.വി. വിജയൻ്റെ ഖസാക്കിന്റെ ഇതിഹാസവും ബെന്യാമിൻ്റെ ആടുജീവിതവും പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെയുമൊക്കെ ധാരാളമായി വിറ്റഴിക്കപ്പെട്ട പുസ്തകങ്ങൾ കൂടിയാണ്.

മലയാളത്തിൻ്റെ ആഘോഷവായന ഇപ്പോൾമാത്രം പൊട്ടിമുളച്ചതല്ല. പൈങ്കിളിയെന്ന് വിളി വീണ ജനപ്രിയ സാഹിത്യത്തിൻ്റെ വിപുലമായ ചരിത്രം നമുക്കുണ്ട്.
മലയാളത്തിൻ്റെ ആഘോഷവായന ഇപ്പോൾമാത്രം പൊട്ടിമുളച്ചതല്ല. പൈങ്കിളിയെന്ന് വിളി വീണ ജനപ്രിയ സാഹിത്യത്തിൻ്റെ വിപുലമായ ചരിത്രം നമുക്കുണ്ട്.

ധാരാളമായി വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങൾ സാമാന്യമായി ചില ഘടകങ്ങളിൽ പൈങ്കിളിയെന്ന് വിളിപ്പെട്ട ഭാവുകത്വത്തോട് കണ്ണിചേരുന്നുണ്ട് എന്നും പറയാം. എന്നാൽ ഈവിധമുള്ളതല്ല നടപ്പുകാലത്തെ വില്പനച്ചരക്കുകൾ പലതുമെന്ന് നിസ്സംശയം കാണാം. പണ്ടില്ലാതിരുന്ന ചിലത് ഇന്നത്തെ പുസ്തകവിപണിയിൽ നിർണ്ണായക സ്വാധീനമായി പ്രവർത്തിക്കുന്നുണ്ട്. പെയ്ഡ് പ്രമോഷനും കൂടിയാണ് ഒരർഥത്തിൽ ഇന്നത്തെ പുസ്തകവിപണിയുടെ കുതിച്ചുചാട്ടങ്ങൾക്ക് മൂലബിന്ദു. ലാഭക്കൊതിയന്മാരായ പ്രസാധകരും ഈവക വ്യാജ റിവ്യൂക്കാരും ചേർന്ന ഒരു പുസ്തക മാഫിയതന്നെ പ്രവർത്തിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇതേ പ്രസാധകരാൽ അനുഗ്രഹിക്കപ്പെടേണ്ടവരാകയാലാവണം നിരൂപകർ എന്ന ഒരു വിഭാഗത്തെ ഇപ്പോൾ കാണാൻ പോലുമില്ല. ഇത്രയും 'ജനപിന്തുണ'യുള്ള ഒരു കൃതിയെ വിമർശിച്ചാൽ തൻ്റെ ഉള്ള ജനപിന്തുണയും പ്രസാധകപിന്തുണയും ഒറ്റയടിക്ക് പൊയ്പോകുമെന്ന് നിരൂപകർ ഭയക്കുന്നുണ്ടാവാം. അതോ അവരും തൂലികാനാമം സ്വീകരിച്ച് ഈവക പടപ്പുകൾക്ക് ശ്രമിക്കുകയാവുമോ എന്തോ. അല്ലെങ്കിൽ പുരോഗമന സാഹിത്യപ്രസ്ഥാനവുമായുള്ള ആശയസംഘട്ടനത്തിൽ മാരാര് എത്തിച്ചേർന്ന ആ തീർപ്പുണ്ടല്ലോ, അത് 'അക്ഷരാർഥ'ത്തിൽ നടപ്പിലായതുമാവാം. കല ജീവിതം തന്നെ എന്ന ന്യായമാകാം ചില ഗ്രന്ഥകാരരെയും ചെറിയ പ്രസാധകരെയും പിടിച്ചുനിർത്തുന്നത്. വായനക്കാരുടെ, സമൂഹത്തിൻ്റെ, ഭാഷയുടെ ജീവിതങ്ങൾക്ക് ആര് മറുപടി പറയും എന്ന ചോദ്യം ഈ ന്യായത്തിനുനേരെയും ഉയർത്തിയേ പറ്റൂ.

‘ലൈറ്റ് ലിറ്ററേച്ചർ’ എന്ന് വിളിക്കാവുന്ന ഒന്നിൻ്റെ വ്യാപനം മാത്രമല്ല പ്രശ്നം. അത് എക്കാലത്തും ഉണ്ടായിട്ടുള്ളതാണ്. അതിൻ്റെ അസ്വാഭാവികവും നിർമ്മിതവും വ്യാജവുമായ പടർച്ചയാണ് പ്രധാനം. ഭാഷയെയും സാഹിത്യത്തെയും വിദ്യാഭ്യാസരംഗത്തും പൊതുവിലും ഏതാണ്ട് ഒഴിവാക്കിക്കഴിഞ്ഞവരാണ് നമ്മൾ. ഇതൊക്കെയാണ് സാഹിത്യമെന്നും ഇതൊക്കെയാണ് ഭാഷയുടെ സർഗ്ഗാത്മകസാധ്യതയെന്നും പുതുതലമുറ തെറ്റിദ്ധരിച്ചാൽ അതുണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല. ഏറിയപങ്കും കൗമാരക്കാരും പിന്നെ യുവാക്കളുമാണ് സാമാന്യമായും ഈ ചതിക്കുഴിയിൽ വീഴുന്നത് എന്നതും കാണാതിരിക്കാനാവില്ല. അത് മുൻചൊന്ന ആഘാതത്തെ വർദ്ധിപ്പിക്കുന്നതാണ്. വിമർശനാത്മകമായി വായിക്കാനോ ചിന്തിക്കാനോ പ്രേരിപ്പിക്കാത്ത അതികാല്പനികവും ഭാവനാരഹിതവുമായ വരികൾതേടിയുള്ള പുതുവായന വായിക്കുന്നവരെ വ്യാജസായൂജ്യരോ (സംപൂജ്യരോ) ആക്കുകയാണ് ഫലത്തിൽ ചെയ്യുക. ഇതേ ഉപരിവായനക്കാരായ കുട്ടികളെക്കരുതി പ്രസാധകരും മറ്റ് കൂട്ടായ്മകളും നടത്തുന്ന വായനാമത്സരങ്ങളും കുറിപ്പെഴുതൽ മത്സരങ്ങളുമൊക്കെ നോക്കുക. അതുണ്ടാക്കുന്നതും ഒരുതരം ഇൻസ്റ്റൻ്റ് വായനയാണ്; വായനാഭാസമാണ്.

വായനയുടെ ശബ്ദായമാനമായ ഈ ആഘോഷവും പുതിയതല്ല. ഇത്രയും കോപ്പികൾ ഗ്രന്ഥങ്ങൾക്ക് ലഭ്യമല്ലാതിരുന്ന കാലത്ത് ലൈബ്രറികളോ വായനയിടങ്ങളോ ഇന്നത്തേതുപോലെ നിശ്ശബ്ദമായിരുന്നില്ല.
വായനയുടെ ശബ്ദായമാനമായ ഈ ആഘോഷവും പുതിയതല്ല. ഇത്രയും കോപ്പികൾ ഗ്രന്ഥങ്ങൾക്ക് ലഭ്യമല്ലാതിരുന്ന കാലത്ത് ലൈബ്രറികളോ വായനയിടങ്ങളോ ഇന്നത്തേതുപോലെ നിശ്ശബ്ദമായിരുന്നില്ല.

വായനയുടെ ശബ്ദായമാനമായ ഈ ആഘോഷവും പുതിയതല്ല. ഇത്രയും കോപ്പികൾ ഗ്രന്ഥങ്ങൾക്ക് ലഭ്യമല്ലാതിരുന്ന കാലത്ത് ലൈബ്രറികളോ വായനയിടങ്ങളോ ഇന്നത്തേതുപോലെ നിശ്ശബ്ദമായിരുന്നില്ല. ഒരാൾ ഉറക്കെ വായിക്കുകയും ധാരാളം പേർ കേൾക്കുകയും എന്നതായിരുന്നു രീതി. (ആഘോഷവായന എന്ന സംഘാടകശീർഷകത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ അജയ് പി. മാങ്ങാട് നടത്തിയ പ്രഭാഷണത്തിന് കടപ്പാട് ) വലിയ ശബ്ദകോലാഹലമുണ്ടാക്കുന്ന വായന. അതിൽനിന്ന് വ്യക്തിയുടെ സ്വകാര്യതയായി, മൗനത്തിലായി വായന മാറുന്നത് അച്ചടിയുടെയടക്കമുണ്ടായ സാങ്കേതികവളർച്ചയാലാണ്. ധാരാളം പ്രതികൾ ഒരു ഗ്രന്ഥത്തിന് സാധ്യമായ ഘട്ടത്തിൽ വായന കൂടുതൽ വൈയക്തികമായി മാറി. സ്വയം നവീകരിക്കുന്ന, സ്വയം പഠിക്കുന്ന, സ്വയം ആനന്ദിക്കുന്ന ഒരു ഗൗരവപ്പെട്ട രൂപവും ഭാവവും വായനയ്ക്ക് കൈവരുന്നത് അങ്ങനെയാണ്.

റൊളാങ് ബാർത്ത് ‘എഴുത്താൾ മരിക്കുന്നു’ എന്ന് പറഞ്ഞപ്പോൾ (1969- ൽ ബാർത്ത് ഇത് പറയുമ്പോൾ ഇവിടെ മലയാളത്തിൽ ഒ.വി. വിജയൻ്റെ ഖസാക്ക് വരികയും ഒരു എഴുത്തുകാരൻ ജനിക്കുകയുമാണ്.) വായനക്കാർ ജനിക്കുന്നതുകൂടി പറയുന്നുണ്ട്. സ്വകാര്യമായ, പെഴ്സണൽ വായനയിലാണ് ബാർത്ത് വിഭാവന ചെയ്യുന്നവിധം കർതൃത്വമുള്ള വായനക്കാരനും / ക്കാരിയും വായനയും പാഠവും ഉണ്ടായിവരുന്നത്. എന്നാൽ ഇന്ന് വായന വീണ്ടും ലൗഡാവുന്നു എന്നു കാണാം. തൻ്റെ സ്വകാര്യവായന സോഷ്യൽ മീഡിയവഴി കഴിയാവുന്നത്ര ലൗഡാക്കുകയാണ് ഇന്നത്തെ വായനക്കാർ. കൗതുകകരമായ ഒരു കാര്യം, ഈ ലൗഡ് വായനയിൽ വായനക്കാരൻ /കാരി ജനിക്കുന്നില്ല എന്നുമാത്രമല്ല എഴുത്താൾ മരിക്കാതിരിക്കുന്നു അഥവാ അമരനാ(യാ)കുന്നു എന്നു കൂടിയാണ്. ബാർത്തിനെ തിരുത്താൻ ശ്രമിച്ച ഫൂക്കോ വിജയിക്കുന്നു എന്നർഥം. എഴുത്താൾ മരിക്കുന്നില്ല എന്നും അയാളുടെ പേരുതന്നെ ഒരു ബ്രാൻഡായി, അധികാരമായിത്തീരുന്നു എന്നും ഫൂക്കോ ആണല്ലോ ആദ്യം പറഞ്ഞത്.

ആവേശം സിനിമയിലെ രംഗം അങ്കണവാടിയിൽ ബാർ സെറ്റിട്ട് ഇൻസ്റ്റാഗ്രാം റീൽ ഷൂട്ട് ചെയ്‌ത സംഭവത്തിൽ ഡിഎംകെ നേതാവ് ജ്ഞാനശേഖരന്റെ മകൻ അന്നാശേഖരനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ആവേശം സിനിമയിലെ രംഗം അങ്കണവാടിയിൽ ബാർ സെറ്റിട്ട് ഇൻസ്റ്റാഗ്രാം റീൽ ഷൂട്ട് ചെയ്‌ത സംഭവത്തിൽ ഡിഎംകെ നേതാവ് ജ്ഞാനശേഖരന്റെ മകൻ അന്നാശേഖരനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ജിത്തു മാധവൻ്റെ ആവേശം ഇറങ്ങിയ സമയത്ത് നിരീക്ഷിച്ചിരുന്ന ഒരു കാര്യം ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു. സിനിമ കളക്ഷൻ നേടും എന്ന് ഉറപ്പായിരുന്നു. പക്ഷെ അത് പറഞ്ഞുവെയ്ക്കുന്ന ചിലത്, ഹിംസാത്മകമായ അതിൻ്റെ രൂപം അപകടകരമായി യുവത്വത്തെ സ്വാധീനിക്കും എന്നായിരുന്നു ആശങ്ക. അത് തലമുറമാറ്റത്തിൻ്റെ ജീവിതശൈലിയുടെയും ഭാവുകത്വത്തിൻ്റെയും പ്രത്യക്ഷീകരണങ്ങളിൽനിന്ന് രൂപപ്പെട്ടതായിരുന്നു. ലോകമഹായുദ്ധാനന്തരമുണ്ടായ അസ്വസ്ഥജനകമായ ഭാവുകത്വത്തെ ആധുനികത എന്ന് വിളിച്ചപ്പോൾ അതിൽ സ്വത്വസംഘർഷത്തിൻ്റെയും മരണാഭിമുഖ്യത്തിൻ്റെയും ജീവിതധൂർത്തിൻ്റെയും അംശങ്ങളാണ് ഉണ്ടായിരുന്നതെന്നുകൂടി ഓർക്കാവുന്നതാണ്. സമാനമായ സാഹചര്യമാണ് കൊറോണാനന്തരയുവത്വവും അഭിമുഖീകരിക്കുന്നത്. സ്വന്തം കൈയിലൂടെയും ഉറ്റവരുടെ സാമിപ്യത്തിലൂടെയും മരണമാണ് അരിച്ചുകയറുന്നതെന്ന ആധി അധികം വൈകാതെ ആഘോഷത്തിലേക്ക് വഴിമാറുന്നതായി കാണുന്നു. വ്യാധിയുണ്ടാക്കിയ ആധി ആഘോഷജീവിതത്തിലേക്കുള്ള കുതിച്ചുചാട്ടത്തിനാണ് അവരെ പ്രേരിപ്പിച്ചത്. അവർക്ക് റീലാനന്ദത്തിൻ്റെ ക്ഷിപ്രമോക്ഷമാണ് ആശ്രയം. ഈ സാഹസികരായ കുട്ടികളുടെ വായന സ്വാഭാവികമായും ആഘോഷവായനയായി മാറി. അഥവാ വീണുകിട്ടിയ സുവർണ്ണാവസരം അപ്രകാരം ഉപയോഗപ്പെടുത്താൻ പുസ്തകവിപണിയ്ക്ക് കഴിഞ്ഞു. ഈയൊരു പശ്ചാത്തലം ഉള്ളതിനാൽ ഈ കുറിപ്പുപോലും വിപണി അനുകൂലമാക്കിയെടുക്കുകയാണ് ചെയ്യുക. (അതിന് കുട്ടികളോട് ദേ നിങ്ങളുടെ വായനയെ ചില fb അമ്മാവൻമാർ പുച്ഛിക്കുന്നു എന്ന് ഇൻസ്റ്റയിൽ പോസ്റ്റിട്ടാൽതന്നെ മതിയാവും.) മാറ്റമുണ്ടാക്കാൻ ആകെ കഴിയുക പ്രസാധകർക്കാണ്. അവരതിന് ശ്രമിക്കുമെന്ന് കരുതുന്നതിൽ ന്യായമില്ലല്ലോ.

എഴുത്തും വായനയുമൊക്കെയടങ്ങുന്ന നമ്മുടെ സാംസ്കാരികരംഗം പലതരം വിധേയത്തങ്ങളുടെ അധോമണ്ഡലമായിട്ട് കാലം കുറച്ചായി. സൃഷ്ട്യുന്മുഖമായ ഒന്നും ഈ രംഗത്ത് സംഭവിക്കുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം നിരൂപണരംഗം പൂർണ്ണമായും നിശ്ശബ്ദമോ മൃതമോ ആണ് എന്നതാണ്. വിപണിമൂല്യം, രാഷ്ട്രീയമൂല്യം, രാഷ്ട്രീയമൂല്യമുണ്ടാക്കുന്ന സ്വീകാര്യത, അവാർഡ് മൂല്യം, ഫെസ്റ്റിവൽ മൂല്യം, പ്രസാധകരും എഡിറ്റർമാരും കൊടുക്കുന്ന മൂല്യം എന്നിങ്ങനെയാണ് ഇന്നത്തെ എഴുത്താളിൻ്റെ പ്രസക്തി നിശ്ചയിക്കുന്നത്. കൃതിയുടെ സത്തയോ കാമ്പോ അതിനുമേൽ ഉണ്ടാകുന്ന വിമർശനമോ കാണാമറയത്താണ്. കേരളത്തിലെ വർധിച്ചുവരുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലുകൾമാത്രം നോക്കിയാൽ ഇപ്പറഞ്ഞവയെല്ലാം ബോധ്യപ്പെടും. ഇഷ്ടക്കാരുടെ കൂട്ടായ്മകളും വാഴ്ത്തുപാട്ടുകളുമാണ് അവ. കുളപ്പുള്ളി കുടുംബം ട്രസ്റ്റായി നിന്ന് പൂരം മുടക്കുന്നത് ആറാം തമ്പുരാൻ എന്ന സിനിമയിലുണ്ട്. നമ്മുടെ വലിയ വിമർശകരിലൊരാളാണ് സ്ക്രീനിൽ. ട്രസ്റ്റാണ് എല്ലാം നിശ്ചയിക്കുക. ട്രസ്റ്റിലുള്ളത് ഞാനും ഞാനും ഞങ്ങളും മാത്രം. മിക്കവാറും നമ്മുടെ ഫെസ്റ്റിവെലുകൾ ഈവിധമാണ് എന്നുകാണാം. പൂരം മുടക്കുകയല്ല നടത്തുകയാണ് എന്ന വ്യത്യാസം മാത്രം. പക്ഷെ ഇതിൻ്റെ ഒരു മെച്ചം ഇക്കാലംവരെ ഉണ്ടായിരുന്ന സാംസ്കാരികവരേണ്യതയുടെ സ്വഭാവം അട്ടിമറിയ്ക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. അത് ഇല്ലാതാവുകയല്ല, മറ്റൊന്നായി മാറുകയാണ്. വിവിധതരം (രാഷ്ട്രീയ, മതസംഘടനകളൊക്കെ ഇതിലുണ്ട്) കൂട്ടായ്മകളാണ് ഇപ്പോഴതിൻ്റെ അമരത്ത്. സാമുദായികവരേണ്യതയ്ക്ക് പകരം സ്വജനപക്ഷവരേണ്യതയാണ് നിലവിലുള്ളതെന്ന് സാമാന്യമായി പറയാം. സാമുദായികവരേണ്യതയ്ക്ക് ഇളക്കംതട്ടുന്നത്ര അനുലോമമാണ് ഇതെങ്കിലും പകരമായി വന്നിട്ടുള്ളത് ആശാസ്യമായ അധികാരരൂപമല്ല എന്നത് കാണാതിരിക്കാനാവില്ല.

കേരളത്തിലെ വർധിച്ചുവരുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലുകൾമാത്രം നോക്കിയാൽ ഇപ്പറഞ്ഞവയെല്ലാം ബോധ്യപ്പെടും. ഇഷ്ടക്കാരുടെ കൂട്ടായ്മകളും വാഴ്ത്തുപാട്ടുകളുമാണ് അവ.
കേരളത്തിലെ വർധിച്ചുവരുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലുകൾമാത്രം നോക്കിയാൽ ഇപ്പറഞ്ഞവയെല്ലാം ബോധ്യപ്പെടും. ഇഷ്ടക്കാരുടെ കൂട്ടായ്മകളും വാഴ്ത്തുപാട്ടുകളുമാണ് അവ.

ആഘോഷവായനയുടെ അനുകൂലവാദങ്ങളും ചർച്ചയ്ക്കെടുക്കാവുന്നതാണ്. എഴുത്തും വായനയും ഭാഷയും അറിയാത്തവരാണ് ഫുൾ എ പ്ലസുമായി പത്തും പന്ത്രണ്ടും കടന്നുവരുന്നതെന്ന് ആധികാരികമായിതന്നെ പറഞ്ഞും ചർച്ച ചെയ്തും വരുന്ന കാര്യമാണല്ലോ. ആ കുട്ടികൾ ഈവകയിലുള്ളതെങ്കിലുമായ പുസ്തകങ്ങൾ കയ്യിലെടുക്കുന്നു, വായിക്കുന്നു എന്നതൊക്കെതന്നെ വലിയ കാര്യമായി കാണാമല്ലോ എന്ന ന്യായവും വരാം. മാത്രമല്ല, എന്തുതന്നെയായാലും വായിക്കുകയാണല്ലോ എന്നും വായനയിൽ ഹിംസാത്മകമായ ഒന്നുമില്ലല്ലോ എന്നും തർക്കിക്കാം. ഇങ്ങനെ വായന തുടങ്ങിയിട്ട് ചിലരെങ്കിലും ഗൗരവമുള്ള വായനയിലേക്ക് വരാനുള്ള സാധ്യതയും തള്ളാനാവില്ല. ഈ നൂറ്റാണ്ടിൽ കവികളെ തടഞ്ഞ് വഴിനടക്കാൻ കഴിയാതായി എന്നിങ്ങനെയുള്ള യാഥാസ്ഥിതിക കവികളുടെ രോദനത്തിന് ഞങ്ങൾ കവിതയല്ലേ ഉണ്ടാക്കുന്നത്, ബോംബല്ലല്ലോ എന്ന് തിരിച്ചുചോദിക്കുന്നതുപോലുള്ള ഒരു വാദമാണിവയെല്ലാം. പൂർണ്ണമായും തള്ളിക്കളയാവുന്നതല്ല തീർച്ചയായും ഈ ന്യായങ്ങൾ. എങ്കിലും മൗലിവാദങ്ങളുടെയും പാരമ്പര്യവാദങ്ങളുടെയും അസ്കിതകളിൽ പെടാതെ (ജനപ്രിയസാഹിത്യം അധമമാണെന്നും മുഖ്യാധാരാസാഹിത്യം ഉത്തമം / വരേണ്യം ആണെന്നുമുള്ള ചിന്തയായിരുന്നു ഇടക്കാലത്ത് ഉണ്ടായിരുന്നത്. ഇത് സ്വീകാര്യമല്ല എന്നും ഓർക്കണം) ചില ആശങ്കകൾ ഈ ആഘോഷവായനകൾ ഉണ്ടാക്കുന്നുണ്ട് എന്ന വസ്തുത കാണാതിരിക്കാനാവില്ല. വായന ലഹരിയും ആനന്ദവും മാത്രമല്ല എന്നും അറിവും ആയുധവും (ബ്രഹ്തിയൻ ഉദ്ധരണി ഓർക്കുക) നവീകരണവും ഭാഷാവവളർച്ചയുമൊക്കെയടങ്ങുന്ന ബഹുമാനങ്ങളുള്ള ഒന്നാണെന്നും തിരിച്ചറിയാതെ പോകരുത്. വായിക്കുന്ന ഒരു തലമുറ ആ സമൂഹത്തിൻ്റെ ഭാവിയുടെ ശുഭകരമായ സൂചകമാണ്. പക്ഷെ എന്തു വായിക്കുന്നു, എങ്ങനെ വായിക്കുന്നു എന്നതും പ്രധാനമാണ്. ആ വിധത്തിലാണ് ആഘോഷവായന വിവിധതലങ്ങളിൽ ചർച്ച ചെയ്യേണ്ടിവരുന്നത്. നമ്മുടെ സാംസ്കാരികരംഗം രാഷ്ട്രീയരംഗംപോലെ ആകാശം മുട്ടുന്ന, ഉപകാരമില്ലാത്ത പ്രതിമകളെമാത്രം നിർമ്മിച്ചാൽ മതിയാവില്ലല്ലോ.

പ്രകരണം ചുരുക്കട്ടെ.

വിശ്വവിഖ്യാതമായ മൂക്ക് എന്ന ബഷീറിൻ്റെ കഥ ആഘോഷവായന എന്ന ഈ അത്ഭുതത്തെ, പ്രതിഭാസത്തെ താരതമ്യം ചെയ്യാനും ഉപകാരപ്പെടുമെന്ന് തോന്നുന്നു. നീണ്ട മൂക്ക് ആഖ്യാനങ്ങളാലും കാഴ്ചകളുടെ നൈരന്തര്യത്താലും വിശ്വവിഖ്യാതമായത് ബഷീർ സരസമായി എഴുതിയിട്ടുണ്ടല്ലോ. മൂക്കിൻ്റെ നീളം വൈരൂപ്യമല്ല ഖ്യാതിയാണ് ഉണ്ടാക്കുന്നത്. മൂക്കൻ നൊടിയിടയിൽ ദിവ്യനും താരവും ആകുന്നു. കഥയുടെ കാലത്ത് ഇൻസ്റ്റഗ്രാമില്ല. ഇപ്പോഴുണ്ട്. ഇത്രയല്ലേ വ്യത്യാസമുള്ളൂ? വായന ഏതർഥത്തിലും പ്രോത്സാഹിപ്പിക്കാവുന്നതാണ് എന്ന് അംഗീകരിക്കാമെങ്കിലും എന്ത് വായിക്കണം എന്ന് വിപണിയോ ആൾക്കൂട്ടമോ തീരുമാനിക്കുന്നത് ഉചിതമായിരിക്കില്ല. വായനയുടെ ദീർഘകാലഫലങ്ങളെ അത് അപായപ്പെടുത്തിയേക്കും.

Comments