അജയ്​ പി. മങ്ങാട്ട്​

കൗശലം നിറഞ്ഞ ഒരു വ്യാധി സിരകളിലേക്ക് കുത്തിവയ്​ക്കപ്പെട്ട കുറഞ്ഞൊരു കാലത്തെക്കുറിച്ച്​

എന്തെഴുതിയാലും കുറച്ചുകാലത്തിനുശേഷം അതു ഹീനമോ ബാലിശമോ ആയിത്തീരുന്നു. അതിനാൽ എഴുതിയ കുറിപ്പുകളെ ആശ്രയിക്കാതെ, വിചാരങ്ങളിൽ പുറകോട്ടു നടന്നുചെന്ന് ഒരിടത്തിരുന്ന്, കഴിഞ്ഞ ഏടുകൾ വീണ്ടും മറിക്കുകയോ പിരിഞ്ഞ ഉടലുകളിൽ വീണ്ടു തൊടുകയോ ചെയ്യുമെങ്കിൽ ചെറിയ ആനന്ദമോ ദുഃഖമോ ഇടയ്ക്കിടെ തെളിഞ്ഞേക്കാം. സ്ഥിരസുഖം എന്നതു ഭാഷയ്ക്കകവും സാധ്യമല്ലെന്നു തോന്നുന്നു.

ർഷാന്ത്യത്തിൽ കണക്കെടുപ്പു നടത്താനുള്ള ഉപകരണങ്ങൾ എന്റെ കയ്യിലില്ല. വായിച്ച എല്ലാ പുസ്തകങ്ങളും സിനിമകളും അച്ചടക്കത്തോടെ വന്ന്​ മുന്നിൽ നിൽക്കുന്നില്ല. ചിലത്​ പെട്ടെന്നു മായുന്നു, മറ്റു ചിലത്​ നിൽക്കുന്നു. വർഷം ചെല്ലുന്തോറും വായിച്ചത് എണ്ണിപ്പറയാനാകാതെ വരുന്നു. പുസ്തകങ്ങളോ മനുഷ്യരോ ജന്തുക്കളോ കാഴ്ചകളോ വേണ്ടത്ര തെളിയുന്നില്ല. ഓരോ ദിവസത്തെയും പ്രവൃത്തികൾ എവിടെയെങ്കിലും എഴുതിവയ്ക്കുന്ന രീതിയുണ്ടെങ്കിൽ ഓർമയെ ഓരോന്നായി എടുത്തുനോക്കാൻ കഴിയും. മുൻപ് ഞാനതു ചെയ്തിരുന്നു. അപ്പോഴുണ്ടായിരുന്ന പ്രശ്നം, പഴയ ദിവസങ്ങളിൽ എഴുതിയതോ വായിച്ചതിനെപ്പറ്റി എഴുതിയതോ പുതിയ ദിവസം വായിക്കുമ്പോൾ തോന്നുന്ന ലജ്ജയാണ്. എന്തെഴുതിയാലും കുറച്ചുകാലത്തിനുശേഷം അതു ഹീനമോ ബാലിശമോ ആയിത്തീരുന്നു. അതിനാൽ എഴുതിയ കുറിപ്പുകളെ ആശ്രയിക്കാതെ, വിചാരങ്ങളിൽ പുറകോട്ടു നടന്നുചെന്ന് ഒരിടത്തിരുന്ന്, കഴിഞ്ഞ ഏടുകൾ വീണ്ടും മറിക്കുകയോ പിരിഞ്ഞ ഉടലുകളിൽ വീണ്ടു തൊടുകയോ ചെയ്യുമെങ്കിൽ ചെറിയ ആനന്ദമോ ദുഃഖമോ ഇടയ്ക്കിടെ തെളിഞ്ഞേക്കാം. സ്ഥിരസുഖം എന്നതു ഭാഷയ്ക്കകവും സാധ്യമല്ലെന്നു തോന്നുന്നു.

സാഹിത്യമെഴുതാൻ വെമ്പിക്കൊണ്ട്​ പിന്നിട്ട കൗമാര, യൗവനങ്ങളിൽ ജേ ജേയെ പോലെ ഒരാളെ, സാഹിത്യത്തിൽ അദ്ഭുതത്തോടെ അടുത്തുനിന്നുകാണുന്ന എന്നെ, ഞാനും സങ്കൽപിച്ചിരുന്നു.

കഴിഞ്ഞ മാസങ്ങളിൽ ഏതോ ദിവസം ഞാൻ സുന്ദരരാമസ്വാമിയുടെ ജേ.ജേ: ചില കുറിപ്പുകൾ (വിവർത്തനം: ആറ്റൂർ രവിവർമ) വീണ്ടും വായിക്കാനെടുത്തു. 1999 ൽ വായിച്ച ആ കൃതിയിലെ താളുകളിലെ അടിവരകൾ കാണുന്നു. മാർജിനുകളിൽ എഴുതിയിരിക്കുന്നതെല്ലാം മറ്റൊരാളാണെന്നു സംശയിക്കുന്നു. അന്നത്തെ ഒരു കഥയും ഒരു ശൈലിയും ഒരു പ്രസ്ഥാനവും ഇപ്പോൾ ഓർമിക്കുന്നില്ല. എന്നാൽ ഇന്നും നൈരാശ്യവും അലച്ചിലും സ്വന്തമായി കൊണ്ടുനടക്കുന്നവരിലൊരാൾ ജേ ജേ ആണ്. സാഹിത്യമെഴുതാൻ വെമ്പിക്കൊണ്ട്​ പിന്നിട്ട കൗമാര, യൗവനങ്ങളിൽ ജേ ജേയെ പോലെ ഒരാളെ സാഹിത്യത്തിൽ അദ്ഭുതത്തോടെ അടുത്തുനിന്നു കാണുന്ന എന്നെ, ഞാനും സങ്കൽപിച്ചിരുന്നു, ഒരു ആർക്കിടൈപ് പോലെ

സുന്ദരരാമസ്വാമി
സുന്ദരരാമസ്വാമി

ആ സങ്കൽപം ഇപ്പോഴുമുണ്ട്. ആ രൂപം എന്തായിരുന്നു? സുന്ദരരാമസ്വാമി, ജേ ജേ മീൻപിടിക്കുന്ന ഒരു ഫോട്ടോഗ്രാഫിനെപ്പറ്റി പറയുന്നുണ്ട്. ജേ ജേ ആറ്റിൻകരയിൽ കുത്തിയിരുന്നു മീൻപിടിക്കുകയാണ്. വായിൽ ചുരുട്ട്. സ്നേഹിതരുടെ ആൽബങ്ങളിൽ അദ്ദേഹത്തിന്റെ വേറെയും ഫോട്ടോഗ്രാഫുകളുണ്ട്. മീൻപിടിക്കുന്നവനായി, തച്ചനായി, ചങ്ങാതിയായി, നാടക നടനായി.. ഏതു ചിത്രത്തിലായാലും അതിൽനിന്നു പൊന്തി പുറത്തേക്കു വരുന്ന ഒരാളായി ജേ ജേ നിലകൊണ്ടു. ഭാവനയിലെയും യാഥാർഥ്യങ്ങളെയും പല ഋതുക്കളിലൂടെ ജേ ജേ പ്രതിനിധാനം ചെയ്ത കലാസ്വത്വത്തിന്റെയും ബാലിശമായ ധീരതകളുടെയും പിന്നാലെയായിരുന്നു ഞാൻ പുസ്തകങ്ങളിലെ ഭാവന ചുമന്നു നടന്നിരുന്നതെന്ന് ഇപ്പോൾ തോന്നുന്നു. ഓരോ നല്ല പുസ്തകത്തിനുശേഷവും ഓരോ നല്ല എഴുത്തുകാരിക്കുശേഷവും ജേ ജേ തിരിച്ചെത്തുന്നു.

കടന്നുപോകുന്ന വർഷത്തെ ഇപ്രകാരം അരിച്ചെടുക്കുമ്പോൾ അതിലെ ചെറിയ ആനന്ദങ്ങളിൽ ചിലത്​ പുസ്തകമോ സിനിമയോ കൊണ്ടുവന്നതാണ്. കുറഞ്ഞ കാലമാണ് അതെങ്കിലും ശരിക്കും അത് സന്തോഷം തന്നെ.

കഴിഞ്ഞ വർഷം ഡിസംബറിലാണ്​ ഞാൻ തോമസ് ബേൺഹാഡിന്റെ ഓൾഡ് മാസ്റ്റേഴ്സ് എന്ന നോവൽ വായിച്ചത്. കലയുടെ മിഥ്യ അന്വേഷിക്കുന്ന ഒരു ട്രിലോജിയിലെ അവസാനപുസ്തകം. അതിലെ ആദ്യ രണ്ടെണ്ണം- ലൂസേഴ്സ്, വുഡ് കട്ടേഴ്സ് - ഞാൻ ഇക്കൊല്ലമാണു വായിച്ചത്. സംഗീതം, നാടകം, ചിത്രകല എന്നീ കലകളുടെ പാശ്ചാത്യപാരമ്പര്യങ്ങളെ ഏറ്റവും നിശിതമായ പരിഹാസത്തിലൂടെ, ആക്ഷേപം കരകവിയുന്ന, ദുഃഖഭരിതമായ വാക്കുകളാൽ കീറിമുറിക്കുന്ന ഈ നോവലുകളിൽ ഞാൻ ജേ ജെയുടെ പ്രതിരൂപങ്ങളെയാണു കണ്ടത്. ആധുനികതയുടെ ഈ ഭാരം അവസാനിക്കുകയല്ല, പുനർജ്ജനിക്കുകയാണ്​ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഞാനറിയുന്നു.

വിയന്നയിലെ കുൻസ്‌തോഷ്യസ് മ്യൂസിയം 30 വർഷമായി സ്ഥിരമായി സന്ദർശിക്കുന്ന ഒരാളുണ്ട്. ‘എ മാൻ വിത്ത്​ എ വൈറ്റ്​ ബിയേഡ്​’ (A Man with a White Beard) എന്ന ടിന്റോറെറ്റോയുടെ (Tintoretto) 16-ാം നൂറ്റാണ്ടിലെ പെയിന്റിങ്ങിനു മുന്നിലിരിക്കാനാണ് എൺപതുകാരനായ അയാൾ എന്നും അവിടെ പോകുന്നത്. റെജെർ എന്ന ഈ വയസ്സൻ നടത്തുന്ന നീണ്ട പ്രസംഗമാണ്​ 1980 കളിലിറങ്ങിയ ബേൺഹാഡിന്റെ ഓൾഡ് മാസ്റ്റേഴ്‌സ് എന്ന നോവൽ.

വിഷാദഹാസ്യം. വിഷാദരോഗം. 30 വർഷമായി അയാൾ മുടങ്ങാതെ മ്യൂസിയത്തിൽ വരുന്നു. സ്ഥിരമായ ഒരിടത്ത്, ഒരു സെറ്റിയിൽ, ഇരിക്കുന്നു. A Man with a White Beard എന്ന പെയിന്റിങ് നോക്കി മ്യൂസിയം അടയ്ക്കുംവരെ ഇരിക്കുന്നു. ഒരേ കൃതി വർഷങ്ങളായി എഴുതിക്കൊണ്ടിരിക്കുന്ന, ഒരു പുസ്തകം പോലും പ്രസിദ്ധീകരിക്കാത്ത ഒരു എഴുത്തുകാരനോട്​ റെജെർ നടത്തുന്ന സംഭാഷണത്തിൽ, ഓസ്ട്രിയൻ രാജകുടുംബം ഫണ്ടു ചെയ്യുന്ന ഈ ആർട്ട് മ്യൂസിയം മധ്യകാല ഭരണാധികാര അഹന്തയുടെ പ്രതീകം മാത്രമാണെന്ന വിമർശമാണ്​ കാതൽ. യൂറോപ്പിലെ മധ്യകാല ചിത്രകലയെ അധികാരത്തിന്റെ കല എന്നു ചൂണ്ടിക്കാട്ടി പൊളിച്ചടുക്കുന്നു. ചിത്രകലയിലെ പഴയകാല മഹാന്മാരെല്ലാം, മഹാഗുരുക്കന്മാരായി വാഴ്ത്തപ്പെടുന്നവരെല്ലാം പള്ളിയുടെയോ രാജാവിന്റെയോ അടിമകളായിരുന്നു, ചക്രവർത്തിയെയോ പോപ്പിനെയോ മാത്രം അവർ സേവിച്ചു, രാഷ്ട്രീയക്കാരെക്കാൾ വലിയ നുണയന്മാരാണ്​ കലാകാരന്മാർ. അവരിൽ നിന്ന്‌
എന്തു പ്രചോദനമാണു നിങ്ങൾ തേടുന്നതെന്നു റെജെർ ചോദിക്കുന്നു, പ്രതിഭയും ഓസ്ട്രിയയും ഒത്തുപോകില്ല, ഓസ്ട്രിയയിൽ ശരാശരിക്കാർക്കു മാത്രമേ വിലയുള്ളു, അവരെ കേൾക്കാനേ ആളുള്ളു. ആർട്ട് മ്യൂസിയത്തിൽ പെയിന്റിങ്ങുകൾ കാണാനെത്തുന്ന ടൂറിസ്റ്റുകളെയും റെജെർ പരിഹസിക്കുന്നു, ആർട്ട് മ്യൂസിയത്തിൽ വരുന്ന 90 ശതമാനം പേർക്കും കലയെന്തെന്ന് അറിയില്ല. അവർക്ക് അത് ആസ്വദിക്കാനും കഴിയില്ല. കലാചരിത്രകാരന്മാരാണ്​ കലയെ തകർക്കുന്നത്. നിരത്ഥകജൽപനം നടത്തി അവർ കലയെ കൊല്ലുന്നു.

തീപിടിച്ച ധൈഷണികതയുടെ കൗശലങ്ങളാണ്​ റെജെറുടെ വർത്തമാനത്തിലുള്ളത്. അയാൾ സാഹിത്യത്തെയും കലയെയും പുകഴ്ത്തുകയാണോ പരിഹസിക്കുകയാണോ എന്നു തിരിച്ചറിയുക എളുപ്പമല്ല. ഉദാഹരണത്തിന്​, തന്റെ വീട്ടിലെ വലിയ ലൈബ്രറിയെപ്പറ്റി അയാൾ പറയുന്നു. പക്ഷേ പുസ്തകം താൻ വീട്ടിലിരുന്നു വായിക്കാറില്ല. ഒരു പുസ്തകവും മുഴുവനായും വായിക്കാറില്ല. താളുകൾ മറിക്കുന്നതിലാണ്​ തനിക്ക് യഥാർഥ ആനന്ദം. 300 പേജുള്ള ഒരു പുസ്തകം മുഴുവനായും വായിക്കുന്നതിനു പകരം മൂന്നു പേജുകൾ നന്നായി ആവർത്തിച്ചുവായിച്ചാൽ മതി. ഒരു കലാസൃഷ്ടിയെ കമ്പോടുകമ്പു പഠിക്കുന്നതോടെ അതിനോടുള്ള ഇഷ്ടം നമുക്കു നഷ്ടമാകുന്നു. അതിലേക്ക് ആഴ്ന്നിറങ്ങുന്നതോടെ അതിനെ നാം നശിപ്പിക്കുന്നു. He who reads everything has understood nothing. അതിനാൽ ഗോയ്‌ഥേ, കാൻറ്​, ഷൊപ്പനവർ തുടങ്ങിയ മഹാരഥന്മാരെ മുഴുവനായും വായിക്കേണ്ടതില്ല. കുറച്ചു വായിച്ചാൽ മതി. മുഴുവനായല്ല, കഷ്ണങ്ങളായി, തുണ്ടുകളായി ആസ്വദിക്കുന്നതാണു മനോഹരം, അതാണു കൂടുതൽ ആനന്ദം എന്നും റെജെർ വാദിക്കുന്നു. പക്ഷേ ഇതെല്ലാം പറയുന്ന ആൾ, ഒരു മധ്യകാല പെയിന്റിങ്ങിനു മുന്നിലാണു 30 വർഷം ചെലവഴിച്ചത്. കലാശൂന്യത തെളിയിക്കാനായിരുന്നോ അത്, ആ നോട്ടങ്ങൾ എവിടേക്കായിരുന്നു?

വായനക്കാരെയോ നിരൂപകരെയോ പിന്തുടരാതെ ഒരാൾ എഴുതുമ്പോൾ ഓരോ തിരസ്‌കാരത്തെയും സ്വീകരിക്കാൻ അയാൾ സന്നദ്ധനാണ്. ഈ സന്നദ്ധതയുടെ പ്രകാശനമായിട്ടാണ്​ തന്റെ നോവലുകൾ ഓസ്ട്രിയയിൽ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നും രാജ്യത്തെ പുരസ്‌കാരങ്ങൾക്ക്​ തന്നെ പരിഗണിക്കരുതെന്നും ബേൺഹാഡ് പറഞ്ഞത്.

ദുഃഖഭരിതമായ കുട്ടിക്കാലമായിരുന്നു ബേൺഹാഡിന്റേത്. അമ്മയുടെ രണ്ടാം ഭർത്താവിനൊപ്പം ജർമനിയിലെത്തിയ ബേൺഹാഡിന്​ സ്‌കൂൾജീവിതം ആസ്വദിക്കാനായില്ല. സഹപാഠികൾ അവനെ പീഡിപ്പിച്ചു. ‘ഹിറ്റ്‌ലേഴ്‌സ് യൂത്തി’ൽ ചേരാൻ നിർബന്ധിതനായി. അത് അവൻ കഠിനമായി വെറുത്തു. ബേൺഹാഡിനെ പിന്നീടു വഴിപിഴച്ച കുട്ടികൾക്കുള്ള പ്രത്യേക കേന്ദ്രത്തിലേക്കു നാടുകടത്തി. 15-ാം വയസ്സിൽ സ്‌കൂൾ വിട്ട്​ ഒരു കടയിൽ ജോലിക്കാരനായി. അക്കാലത്താണ്​ സംഗീതം പഠിക്കാൻ തുടങ്ങിയത്. എന്നാൽ ശ്വാസകോശ രോഗങ്ങൾ മൂലം സംഗീതപഠനം ഇടയ്ക്കു നിർത്തേണ്ടിവന്നു. നഷ്ടപ്പെട്ട സംഗീതജീവിതം മുൻനിർത്തി കലാരംഗത്തു പ്രവർത്തിക്കുന്ന സ്‌നേഹിതന്മാർക്കിടയിലുണ്ടാകുന്ന അസൂയ, നൈരാശ്യം, പരാജയബോധം എന്നിവയെ ആവിഷ്‌കരിക്കുന്ന ദ ലൂസറിൽ വീർപ്പുമുട്ടിക്കുന്ന ഗദ്യമാണുള്ളത്. മഹാപ്രതിഭാശാലിയായ സ്‌നേഹിതൻ ജീവനൊടുക്കുമ്പോൾ, മരണാനന്തരച്ചടങ്ങിനെത്തിയ നറേറ്റർ, പരാജിതനായ കലാകാരൻ, കലാജീവിതം എങ്ങനെയാണ്​ ഒരു സങ്കുതിചിത സാംസ്‌കാരികവൃത്തത്തിൽ നിരർത്ഥകമാകുന്നതെന്ന്​ ആത്മഗതം ചെയ്യുന്നു.

തോമസ് ബേൺഹാഡ്
തോമസ് ബേൺഹാഡ്

യുദ്ധാനന്തര ജർമനിയിലെ ഏറ്റവും ശ്രദ്ധേയനായ നാടകകൃത്തും നോവലിസ്റ്റും കവിയുമായ ബേൺഹാഡ് 1989ൽ ശ്വാസകോശരോഗം മൂർച്ഛിച്ചാണു മരിച്ചത്. കലയിൽ ഞാൻ ആരാണ്, അയാളിലെ സാമൂഹികത എന്താണ് എന്നെല്ലാം ഈ നോവൽത്രയത്തിലൂടെ ബേൺഹാഡ് ആവർത്തിച്ചുകൊണ്ടിരുന്നു. വായനക്കാരെയോ നിരൂപകരെയോ പിന്തുടരാതെ ഒരാൾ എഴുതുമ്പോൾ ഓരോ തിരസ്‌കാരത്തെയും സ്വീകരിക്കാൻ അയാൾ സന്നദ്ധനാണ്. ഈ സന്നദ്ധതയുടെ പ്രകാശനമായിട്ടാണ്​ തന്റെ നോവലുകൾ ഓസ്ട്രിയയിൽ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നും രാജ്യത്തെ പുരസ്‌കാരങ്ങൾക്കു തന്നെ പരിഗണിക്കരുതെന്നും ബേൺഹാഡ് പറഞ്ഞത്.

ഒരാളുടെ ജീവിതവർഷങ്ങളിൽ നൈരാശ്യവും പകയും ഒഴിച്ചാൽ ആനന്ദമോ സ്വാസ്ഥ്യമോ പകരുന്ന നിമിഷങ്ങൾ മിക്കവാറും കുറവായിരിക്കും.

‘എ​ ഷോർട്ട്​ ഹിസ്​റ്ററി ഓഫ്​ ഡീകേ’യിൽ (A Short History of Decay) എമിൽ ചോറാൻ എഴുതിയ ഒരു കാര്യം കൂടി സൂചിപ്പിച്ച് അവസാനിപ്പിക്കാം. ജേ ജേ ചില കുറിപ്പുകൾ വായിച്ചശേഷം പലവട്ടം എന്റെ ഓർമ സഞ്ചരിച്ചത് ജേ ജേയുടെ സഞ്ചാരങ്ങളുടെ വിവരണങ്ങളിലുടെ ആറ്റിൻകരയിൽ മീൻപിടിക്കാനിരിക്കുന്ന കാഴ്ചയിലേക്കാണ്. the second hand thinker എന്ന ഭാഗത്ത് യഥാർത്ഥ കവിയെ താൻ തിരിച്ചറിയുന്നത് എങ്ങനെയെന്ന് ചോറാൻ പറയുന്നു: ‘അയാളെ തുടർച്ചയായി സന്ദർശിക്കുന്നു, അയാളുടെ കൃതിയുടെ കരവലയത്തിൽ ദീർഘകാലം വസിക്കുന്നു, അപ്പോൾ നമ്മിൽ എന്തോ മാറ്റം സംഭവിക്കുന്നു, നമ്മുടെ പ്രകൃതം മാറ്റിമറിക്കുന്ന കൗശലം നിറഞ്ഞ ഒരു വ്യാധി സിരകളിലേക്ക് കുത്തിവയ്ക്കുന്നു.’

ഒരാളുടെ ജീവിതവർഷങ്ങളിൽ നൈരാശ്യവും പകയും ഒഴിച്ചാൽ ആനന്ദമോ സ്വാസ്ഥ്യമോ പകരുന്ന നിമിഷങ്ങൾ മിക്കവാറും കുറവായിരിക്കും. കടന്നുപോകുന്ന വർഷത്തെ ഇപ്രകാരം അരിച്ചെടുക്കുമ്പോൾ അതിലെ ചെറിയ ആനന്ദങ്ങളിൽ ചിലത്​ പുസ്തകമോ സിനിമയോ കൊണ്ടുവന്നതാണ്. കുറഞ്ഞ കാലമാണ് അതെങ്കിലും ശരിക്കും അത് സന്തോഷം തന്നെ. അടുത്ത വർഷത്തിന്റെ ഓർമ ഇതിനെക്കാൾ മികച്ചതാകുമെന്നും കാലം ദൈർഘ്യം ഏറിയതാകുമെന്നും പ്രതീക്ഷിക്കുന്നു. ▮


അജയ് പി. മങ്ങാട്ട്

മാധ്യമപ്രവർത്തകൻ, നോവലിസ്റ്റ്, വിവർത്തകൻ. സൂസന്നയുടെ ഗ്രന്ഥപ്പുര, പറവയുടെ സ്വാതന്ത്ര്യം, മൂന്നു കല്ലുകൾ തുടങ്ങിയവ പ്രധാന കൃതികൾ.

Comments