എം. ഗോവിന്ദൻ / Photo: Keralaculture.org

വായന, എഴുത്ത്, രാഷ്ട്രീയം:
ഒരു ധൈഷണികന്റെ രൂപീകരണം

ട്രൂകോപ്പി പ്രസിദ്ധീകരിക്കുന്ന സി.ജെ. ജോർജിന്റെ ‘സ്രഷ്ടാവിന്റെ പരമ്പരയിൽ ഒരാൾ' എന്ന പുസ്​തകത്തിൽനിന്നുള്ള അധ്യായം

സാമൂഹിക- രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായി ബുദ്ധിജീവിയുടേതായ കർമമണ്ഡലത്തെ തിരിച്ചറിയുകയും നിർവചിക്കുകയും ചെയ്യുകയെന്നത് സ്വതന്ത്രബുദ്ധിജീവികളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ സംഗതിയാണ്. ബോധപൂർവകമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് അവരുടെ സവിശേഷത. താൻ ഭാഗമായിരിക്കുന്ന സാമൂഹികചരിത്രഖണ്ഡത്തിൽ തന്നെത്തന്നെ രൂപപ്പെടുത്തുന്ന പ്രക്രിയകളെ മനസ്സിലാക്കുകയും അതിന്റെ പരിണാമത്തിൽ തനിയ്ക്കു നിർവഹിക്കാനാവുന്ന ധർമമെന്തെന്നറിഞ്ഞ് സ്വയം സ്ഥാനപ്പെടുകയും ചെയ്യുന്ന ഒരു അന്വേഷണമാണത്. ആ അർഥത്തിൽ അതൊരു ആത്മാന്വേഷണമാണ്. എം. ഗോവിന്ദന്റെ ധൈഷണികജീവിതത്തെ പരിശോധിയ്ക്കുമ്പോൾ അത്തരം അന്വേഷണത്താലും കണ്ടെത്തലുകളാലും കരുപ്പിടിപ്പിക്കപ്പെട്ടിട്ടുള്ളതാണ് അദ്ദേഹത്തിന്റെ വിചാരലോകവും സാംസ്‌കാരികജീവിതവും എന്നുകാണേണ്ടിവരും. രാഷ്ട്രീയം, സാഹിത്യം എന്നീ രണ്ടു കർമമേഖലകളിൽ ചിന്താപരമായി ഇടപെട്ടുകൊണ്ടാണ് അത് സ്വരൂപമാർജിച്ചത്.

വൈ സോഷ്യലിസം?

പതിനഞ്ചു- പതിനാറു വയസ്സു പ്രായമായപ്പോൾ ആരംഭിക്കുന്നതാണ് ഗോവിന്ദന്റെ സാഹിത്യജീവിതം. തുടക്കത്തിൽ കവിതകളാണ് എഴുതിയിരുന്നത്. 1930കളിലെ മലയാളകവിതയിൽ പ്രാമാണ്യമുണ്ടായിരുന്ന കാല്പനികമായ കാവ്യരചനാരീതിയുടെ പ്രഭാവവും പുരോഗമനസ്വഭാവവും പ്രകടമായ രചനകളായിരുന്നു അവ. 1939-ൽ പ്രസിദ്ധീകരിച്ച ‘രണാങ്കണത്തിലേയ്ക്ക്', ‘ഉണർവ്' എന്നീ കവിതകൾ ഉദാഹരണം.

തെളിമയാർന്ന ഒരു രാഷ്ട്രീയവീക്ഷണം അക്കാലത്തുതന്നെ അദ്ദേഹം സമ്പാദിച്ചിരുന്നു. 1939-ൽ സഹോദരൻ പത്രത്തിലും രാജ്യാഭിമാനിയിലും പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ഇതിനുതെളിവായി എടുത്തുകാണിക്കാം. സഹോദരനിൽ പ്രസിദ്ധപ്പെടുത്തിയ ‘ഫാസിസം നശിക്കണമെങ്കിൽ' എന്ന ലേഖനത്തിൽ അദ്ദേഹം പിൽക്കാലത്തുടനീളം പിന്തുടർന്ന ചില അടിസ്ഥാനപരമായ ആശയങ്ങൾ പ്രകാശിപ്പിച്ചിരിക്കുന്നതുകാണാം:‘‘നമ്മിൽ ഒരു വിഭാഗം സോഷ്യലിസം സ്ഥാപിക്കാൻ അത്യധികം ആശിക്കുന്നു. ആശയാണ് ചിന്തയുടെ പിതാവ്; ചിന്തയാകട്ടെ പ്രവർത്തനത്തിന്റെ അസ്തിവാരവുമാണ്. എന്നാൽ, ഇന്ത്യയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിതിഗതികൾ സോഷ്യലിസസ്ഥാപനത്തിനു പാകം വന്നുകഴിഞ്ഞിട്ടില്ല. നമ്മെ ഈ അധോഗതിയിൽനിന്നു വീണ്ടെടുക്കാൻ ഏതെങ്കിലുമൊരു അവതാരപുരുഷൻ ഉണ്ടാവുമെന്ന ബോധം മതവും ആദ്ധ്യാത്മികസംസ്‌കാരവും നമ്മിൽ വളർത്തിക്കൊണ്ടുവരുന്നു. ചിലർ ഇപ്പോൾ അങ്ങനെയുള്ള ‘മെസ്സയ' ഉണ്ടായിട്ടുണ്ടെന്നും പറയുന്നു. ഈ ബോധം നിറഞ്ഞ അന്തരീക്ഷം ഫാസിസത്തിന്റെ വളർച്ചയ്ക്ക് പരിപക്വമായതാണ്''.

ദേശീയവും അന്തർദേശീയവുമായ തലങ്ങളിൽ സംഘർഷഭരിതമായ രാഷ്ട്രീയചലനങ്ങൾ സംഭവിച്ചുകൊണ്ടിരുന്ന മുപ്പതുകളിലും നാല്പതുകളിലുമാണ് ഗോവിന്ദന്റെ ചിന്താപരമായ ജീവിതം വളർച്ചപ്രാപിക്കുന്നത്. അവ കേരളത്തിലു ണ്ടാക്കിയിരുന്ന അലയൊലികൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ രാഷ്ട്രീയചിന്താതാല്പര്യങ്ങളോട് ഇണക്കിനിർത്തുന്ന തരത്തിൽ ശക്തമായി സ്വാധീനിക്കുകയും ചെയ്തു. കുട്ടിക്കാലത്ത് തന്നെ സ്വാധീനിച്ച ഒരു കൃതിയെക്കുറിച്ച് മഹാത്മാഗാന്ധിയെ അനുസ്മരിക്കുന്ന ‘സ്മൃതിരേഖ' എന്ന കുറിപ്പിൽ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണഘട്ടത്തിൽ ജയപ്രകാശ് നാരായണൻ എഴുതി പ്രസിദ്ധപ്പെടുത്തിയ വൈ സോഷ്യലിസം? എന്ന ലഘുലേഖയുടെ മലയാളപരിഭാഷയായിരുന്നു അത്.

ജയപ്രകാശ് നാരായണൻ / Photo: Wikimedia Commons

സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം ഉണ്ടായിത്തീരുന്നതിനും ഗാന്ധിയുടെ രാഷ്ട്രീയവീക്ഷണങ്ങളോട് വിമർശനാത്മകമായ ഒരു കാഴ്ചപ്പാട് സ്വരൂപിക്കുന്നതിനുമാണ് ഈ കൃതി തനിക്കു പ്രയോജനപ്പെട്ടതെന്ന് ഗോവിന്ദൻ എഴുതിയിരിക്കുന്നു. അദ്ദേഹത്തിന്റെ പിൽക്കാല വിചാരജീവിതത്തിൽ ഇവിടെ സൂചിപ്പിച്ച രണ്ടുതലങ്ങളിലുള്ള വിചാരഗതികളുടെ വികാസം കാണുന്നുമുണ്ട്. ഗോവിന്ദന്റെ ധൈഷണികജീവിതത്തെ വഴിതിരിച്ചുവിടുന്നതിൽ ജയപ്രകാശിന്റെ കൃതി നിർണായകമായിത്തീർന്നുവെന്ന് മനസ്സിലാക്കാം.

1920കളിലും ‘30-കളിലും ഗാന്ധിയുടെ നേതൃത്വത്തിലാവിഷ്‌കരിക്കപ്പെട്ട സത്യഗ്രഹ-നിയമലംഘന-നിസ്സഹകരണസമരപരിപാടികൾ സ്വാതന്ത്ര്യലബ്ധിക്കു കാലവിളംബം വരുത്തുകയാണെന്ന വിശ്വാസവും, ഇത്തരം സമരങ്ങൾക്കിടയിൽ ബ്രിട്ടനോട് ഇടയ്ക്കിടെ സന്ധിചെയ്യുന്ന ഗാന്ധിയുടെ സമീപനവും, ദേശീയപ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന യുവാക്കൾക്കിടയിൽ സാരമായ അതൃപ്തിയുളവാക്കിയിരുന്നു. അമേരിക്കയിലെ ഉപരിവിദ്യാഭ്യാസകാലത്ത് മാർക്‌സിയൻ ചിന്തകളുമായി ഗാഢബന്ധത്തിലായ ജയപ്രകാശ് നാരായണൻ ഇന്ത്യയിൽ തിരിച്ചെത്തിയതിനുശേഷം ആചാര്യ നരേന്ദ്രദേവ്, റാംമനോഹർ ലോഹ്യ, എം.ആർ. മസാനി, അച്യുത് പട്​വർധൻ തുടങ്ങിയവരുമായി കൂട്ടുചേർന്ന് 1934-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു. റോയിയുടെ നേതൃത്വത്തിലുണ്ടായ റാഡിക്കൽ ഹ്യൂമനിസ്റ്റ് ഗ്രൂപ്പും സമാനമായ വീക്ഷണങ്ങൾ പങ്കിടുന്നതായിരുന്നു. ദേശീയപ്രസ്ഥാനത്തെ സോഷ്യലിസ്റ്റ് ആദർശങ്ങളിലധിഷ്ഠിതമായ ഒരു സാമ്രാജ്യവിരുദ്ധപ്രസ്ഥാനമാക്കി പരിവർത്തിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
കർഷകർ, കർഷകത്തൊഴിലാളികൾ, വ്യവസായത്തൊഴിലാളികൾ, ബുദ്ധിജീവികൾ എന്നിങ്ങനെ വിഭിന്നമേഖലകളിൽ സംഘടനകൾ കെട്ടിപ്പടുത്തുകൊണ്ടുള്ള അവരുടെ പ്രവർത്തനത്തിന് കേരളത്തിൽ, പ്രത്യേകിച്ച് മലബാറിൽ ശക്തമായ സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞിരുന്നു.

1930-‘40 കാലയളവിൽ കെ.പി.സി.സി.യുടെ നേതൃത്വം മിക്കവാറും ഇടതുപക്ഷക്കാരുടെ കൈയിലായിരുന്നു. ബഹുജനസംഘടനകൾ രൂപീകരിച്ചുള്ള അവരുടെ പ്രവർത്തനഫലമായി കേരളത്തിലെ കോൺഗ്രസിൽ ഗാന്ധിവിരുദ്ധ നിലപാടുകൾക്ക് പ്രാധാന്യം ലഭിയ്ക്കുകയും ചെയ്തിരുന്നു. തിരുവതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങൾക്കും നിലപാടുകൾക്കും ആവശ്യത്തിനു ശക്തിയില്ലെന്നുകണ്ട കമ്യൂണിസ്റ്റ് ചിന്താഗതിക്കാരുടെ നേതൃത്വത്തിൽ യൂത്ത് ലീഗ് രൂപമെടുത്തു. അതിന്റെ സ്ഥാപകനേതാക്കളായിരുന്ന പൊന്നറ ശ്രീധറും എൻ. ശ്രീകണ്ഠൻ നായരും മറ്റും കോൺഗ്രസ്-സോഷ്യലിസ്റ്റുപാർട്ടിയിൽ ചേർന്ന് ഉത്തരവാദഭരണപ്രക്ഷോഭങ്ങളെ രാഷ്ട്രീയമായി ശക്തിപ്പെടുത്തിയത് സോഷ്യലിസ്റ്റാശയങ്ങൾക്ക് പ്രചാരം വർധിയ്ക്കാൻ കാരണമായി. കർഷക-യുവജന-വിദ്യാർഥിപ്രസ്ഥാനങ്ങൾ സോഷ്യലിസ്റ്റുചേരിയുടെ നേതൃത്വത്തിനുകീഴിൽ അണിനിരന്ന ഈ കാലയളവിൽ അവയോട് അനുഭാവമുള്ള നിലപാടിലേക്ക് ഗോവിന്ദൻ എത്തിച്ചേർന്നു. സമകാലിക രാഷ്ട്രീയപ്രശ്‌നങ്ങളിൽ നിലപാട് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം എഴുതുവാൻ തുടങ്ങി. ഇടതുപക്ഷ രാഷ്ട്രീയപ്രസിദ്ധീകരണങ്ങളായ തൊഴിലാളി, സചിവൻ, രാജ്യാഭിമാനി എന്നിവയിലും കൗമുദി ദിനപത്രത്തിലും നവജീവൻ വാരികയിലും പ്രസിദ്ധപ്പെടുത്തിയ ഗോവിന്ദന്റെ ലേഖനങ്ങൾ അക്കാലത്ത് അദ്ദേഹത്തിൽ വളർന്നുവന്ന അതിതീവ്രമായ ഇടതുപക്ഷരാഷ്ട്രീയതാല്പര്യത്തിന്റെ തെളിവാണ്.

ഉത്തരവാദഭരണപ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 1932 ജൂലൈ 23-ന്​ തിരുവനന്തപുരത്തു നടന്ന വിദ്യാർഥി മർദനത്തെത്തുടർന്ന് ദിവാൻ സി.പി. രാമസ്വാമി അയ്യർക്കും പോലീസിനും എതിരായി തൊഴിലാളിയിൽ ഗോവിന്ദൻ എഴുതിയ ‘ചോര തിളയ്ക്കട്ടെ' എന്ന ലേഖനം ആ പത്രം അടച്ചുപൂട്ടുന്നതിനിടയാക്കി.
എഴുത്തും സോഷ്യലിസ്റ്റാഭിമുഖ്യമുള്ള രാഷ്ട്രീയവീക്ഷണവും ഒത്തുചേരുന്ന ആധുനിക ബുദ്ധിജീവിയുടെ ജീവിതപാതയിലേയ്ക്ക് എത്തിപ്പെടുന്നതിന്റെ ചിത്രമാണ് ഗോവിന്ദന്റെ യൗവനകാലജീവിതം കാണിച്ചുതരുന്നത്. മുപ്പതുകളുടെ അവസാനമാകുമ്പോഴേയ്ക്കുതന്നെ അദ്ദേഹം സ്വന്തം കർമമണ്ഡലമെന്തെന്ന് തീർച്ചയാക്കിക്കഴിഞ്ഞിരുന്നു. പ്രാദേശികരാഷ്ട്രീയത്തിലും ദേശീയരാഷ്ട്രീയത്തിലും രണ്ടാം ലോകയുദ്ധഘട്ടത്തിൽ അന്തർദേശീയതലത്തിൽ ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയാശയസംവാദങ്ങളിലുമൊക്കെ വൈചാരികസൂക്ഷ്മതയോടെ ഗോവിന്ദൻ ശ്രദ്ധചെലുത്തി. 1936 മുതൽ മദിരാശിയിൽ താമസിക്കാൻ ഇടയായത് അദ്ദേഹത്തിന് രാഷ്ട്രീയചിന്തയുടെയും പ്രവർത്തനങ്ങളുടെയും മേഖലകളിൽ വളരുവാനും പഠിക്കാനുമുള്ള സാഹചര്യമൊരുക്കിക്കൊടുത്തു.

പൊന്നറ ശ്രീധർ, എൻ. ശ്രീകണ്ഠൻ നായർ / Photos: niyamasabha.org, keralaculture.org

എം.എൻ. റോയിയിൽനിന്ന്​ വെളിച്ചം

തമിഴ്നാട്ടിലെ ജസ്റ്റിസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ, ഇ.വി. രാമസ്വാമിയുടെയും മറ്റും നേതൃത്വത്തിൽ ശക്തിപ്രാപിച്ചിരുന്ന ദ്രാവിഡപ്രസ്ഥാനം എന്നിവയുണ്ടാക്കിയ രാഷ്ട്രീയാന്തരീക്ഷം സോഷ്യലിസ്റ്റ് ജനാധിപത്യമൂല്യങ്ങളോടും സാമൂഹിക-സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ ധാരയിലുള്ള വിമോചനപരമായ ആദർശങ്ങളോടും കണ്ണിചേരുന്ന രാഷ്ട്രീയവീക്ഷണം ഗോവിന്ദനിൽ ദൃഢീകരിക്കാൻ സഹായകമായി. മദിരാശിയിലെ വിപുലമായ ലൈബ്രറിസൗകര്യങ്ങൾ - കാണിമാറ ലൈബ്രറി, യു.എസ്.ഐ.എസ്. ലൈബ്രറി തുടങ്ങിയവ - ആധുനികവിജ്ഞാനവും രാഷ്ട്രീയചിന്തകളും ചരിത്രവുമൊക്കെ അക്കാദമികമായ ചിട്ടകളോടെ പഠിക്കുവാനുള്ള സാഹചര്യങ്ങളും ഒരുക്കി.

രാഷ്ട്രീയവിമർശകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല ഗോവിന്ദന്റെ രാഷ്ട്രീയതാല്പര്യം. രാഷ്ട്രീയസംഘടനാ പ്രവർത്തനത്തിലും അക്കാലത്ത് അദ്ദേഹം അതിയായ താല്പര്യം പ്രകടിപ്പിച്ചിരുന്നു. സാമൂഹികവിമോചനം സാധ്യമാക്കുന്ന രാഷ്ട്രീയപ്രവർത്തനത്തിനുള്ള ഉപാധി സംഘടനകളാണെന്ന ധാരണ രൂഢമൂലമായിരുന്ന ആ കാലയളവിൽ അതുതികച്ചും സ്വാഭാവികമാണ്. തിരുവനന്തപുരത്തു രൂപീകരിക്കപ്പെട്ട യൂത്ത്​ ലീഗിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി ഗോവിന്ദൻ ആർ. സുഗതൻ, പൊന്നറ ശ്രീധർ, എൻ. ശ്രീകണ്ഠൻ നായർ, എൻ.സി. ശേഖർ തുടങ്ങിയ നേതാക്കളുമായി നേരിട്ടു സമ്പർക്കം പുലർത്തിയിരുന്നു.

ഗോവിന്ദൻ സജീവമായ രാഷ്ട്രീയസംഘടനാ പ്രവർത്തനത്തിലേയ്ക്ക് വന്നത് റോയിയുടെ റാഡിക്കൽ ഡമോക്രാറ്റിക് പാർട്ടിയുടെ പ്രവർത്തകൻ എന്ന നിലയിലാണ്. 1937- ‘38 കാലത്ത് ദേശീയപ്രസ്ഥാനത്തിനകത്തു രൂപമെടുത്ത റോയിയുടെ റാഡിക്കൽ ഗ്രൂപ്പിലേയ്ക്ക് അദ്ദേഹം ആകർഷിക്കപ്പെട്ടു. ബാരിസ്റ്റർ എ.കെ. പിള്ള, കെ.സി.എസ്. പണിക്കർ (സീനിയർ) തുടങ്ങിയവരുടെ സൗഹൃദമാണ് അതിനുവഴിയൊരുക്കിയത്. 1937-ൽ മദ്രാസിൽ റാഡിക്കൽ യൂത്ത്​ലീഗ്​ യോഗത്തിൽ പങ്കെടുത്തു. റോയി നടത്തിയ പ്രസംഗം തന്നെ ആഴത്തിൽ സ്വാധീനിച്ചിരുന്നുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. ഗോവിന്ദൻ അക്കാലത്തെഴുതിയ മിക്കവാറും ലേഖനങ്ങൾ രാഷ്ട്രീയമായ ഈ അവബോധരൂപീകരണത്തെ വെളിവാക്കുന്നുണ്ട്. ഗോവിന്ദന്റെ തന്നെ വാക്കുകളിൽ ആ ലേഖനങ്ങൾ, ‘‘ഏറിയപാടും അക്കാലത്ത് ഗാന്ധിയിസം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന തത്വശാസ്ത്രത്തോടും പ്രയോഗത്തോടും എനിയ്ക്കുതോന്നിയ കടുത്ത എതിർപ്പ് രേഖപ്പെടുത്തുവാനും വായനക്കാരെ അതിനെതിരായി അണിനിരത്തുവാനും ഉന്നംവെച്ചുകൊണ്ടായിരുന്നു''.

രാജ്യാഭിമാനിയിൽ വന്ന ‘കോൺഗ്രസ്സും വിപ്ലവവും', ‘വിപ്ലവത്തിന്റെ പരമശത്രുവാണ് ഗാന്ധിസം', ‘അക്രമരാഹിത്യം', ‘ഫാസിസം', ‘പുതിയ നേതൃത്വത്തിന്റെ ആവശ്യകത' എന്നീ ലേഖനങ്ങളും, സഹോദരനിൽ പ്രസിദ്ധപ്പെടുത്തിയ ‘ഫാസിസം നശിക്കണമെങ്കിൽ', നവജീവനിൽ പ്രസിദ്ധപ്പെടുത്തിയ ‘എന്തിനാണ്, എന്താണ് യുക്തിവാദം?' എന്നീ ലേഖനങ്ങളും ഇപ്പറഞ്ഞതിനെ സാധൂകരിക്കുന്നു.

എം.എൻ. റോയിയുടെ ഗാന്ധിവിമർശനത്തിന്റെയും ഫാസിസത്തിനെതിരായ ബോധവത്കരണത്തിന്റെയും ചുവടുപിടിച്ചുള്ളതാണ് ഈ ലേഖനങ്ങൾ. സഹോദരൻ അയ്യപ്പൻ അക്കാലത്ത് പ്രകടിപ്പിച്ചുപോന്നിരുന്ന വീക്ഷണങ്ങളുമായി പൊരുത്തപ്പെട്ടുനിൽക്കുന്നതുമാണ് ഗോവിന്ദന്റെ നിലപാടുകൾ. റോയിയുടെ രാഷ്ട്രീയവീക്ഷണവുമായി 1938-‘39 കാലത്തുതന്നെ അടുക്കുകയും റോയിസ്റ്റ് ഗ്രൂപ്പിന്റെ സജീവപ്രവർത്തകനായി മാറുകയും ചെയ്തുവെങ്കിലും റോയിയുമായി നേരിട്ടുബന്ധപ്പെടുന്നത് 1940കളുടെ ആരംഭത്തിലാണ്. അതിനിടയാക്കിയത് അന്നേയ്ക്ക് അദ്ദേഹം ആർജിച്ചുകഴിഞ്ഞിരുന്ന രാഷ്ട്രീയചിന്തകളുടെ ദിശാബോധവും തനതായ വിശകലനശേഷിയും പ്രകടമാക്കിയ ഒരു ലേഖനമാണ്. ‘കാസ്റ്റ് ആൻഡ്‌
ക്ലാസ് ഇൻ സൗത്ത് ഇന്ത്യ' എന്ന ലേഖനം എം.എൻ. റോയിയുടെ പത്രാധിപത്യത്തിൽ ബോംബെയിൽനിന്ന് പുറപ്പെട്ടിരുന്ന ഇൻഡിപെൻഡൻറ്​ ഇന്ത്യയിൽ പ്രസിദ്ധീകരിച്ചതു മുതലാരംഭിച്ച ധൈഷണികസൗഹൃദം അഭംഗുരം തുടർന്നു.

രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ, ഫാസിസത്തിനെതിരായി ബ്രിട്ടന്റെ പക്ഷം ചേർന്ന് യുദ്ധത്തിൽ അണിനിരക്കുകയാണ് സാർവലൗകികമായ പാശ്ചാത്തലത്തിൽ ജനാധിപത്യത്തിന്റെ ഭാവിയെ സുരക്ഷിതമാക്കാൻ ആവശ്യമെന്ന് റോയിയും കൂട്ടരും വാദിച്ചു. ‘‘ലീഗ് ഓഫ് റാഡിക്കൽ കോൺഗ്രസ് മെൻ'' എന്ന പേരിലറിയപ്പെട്ട റോയിസ്റ്റുകളുടെ ഫാസിസ്റ്റുവിരുദ്ധ പ്രചാരണപരിപാടികൾ മദിരാശിയിൽ സംഘടിപ്പിക്കുന്നതിൽ ഗോവിന്ദൻ മുൻകൈയെടുത്തു. ക്വിറ്റ് ഇന്ത്യാ മൂവ്മെന്റിന് നേതൃത്വം കൊടുത്ത ഗാന്ധിയും കൂട്ടരും തുടക്കത്തിൽ കമ്യൂണിസ്റ്റുകാരും എടുത്ത നിലപാടിന് കടകവിരുദ്ധമായിരുന്നു റോയിസ്റ്റുകളുടെ നിലപാട്. എന്നാൽ, ഗാന്ധിയുടെ സമരപരിപാടികൾക്ക് വലിയതോതിൽ ജനപിന്തുണയാർജിക്കുവാൻ കഴിഞ്ഞു. മിക്കവാറും ഒറ്റപ്പെട്ടുപോയ റോയിയും കൂട്ടരും കോൺഗ്രസിൽനിന്ന് പുറത്തുപോകേണ്ടിയും വന്നു. തുടർന്ന്​, ലഖ്നോവിൽവെച്ചു കൂടിയ റോയിവിഭാഗത്തിന്റെ പാർട്ടി രൂപീകരണസമ്മേളനത്തിൽ ഗോവിന്ദൻ പങ്കെടുത്തു. പിന്നെ മൂന്നുകൊല്ലത്തോളം റാഡിക്കൽ ഡമോക്രാറ്റിക് പാർട്ടിയുടെ സജീവപ്രവർത്തകനായി അദ്ദേഹം പ്രവർത്തിച്ചു. പാർട്ടിയുടെ മദ്രാസ് ഘടകത്തിന്റെ രൂപീകരണത്തിൽ അദ്ദേഹത്തിന് നേതൃപരമായ പങ്കാളിത്തം തന്നെയുണ്ടായി. ഗോവിന്ദന്റെ വസതി അതിന്റെ കേന്ദ്ര ഓഫീസായി മാറി.

എം.എൻ. റോയ് / Photo: Wikimedia Commons

ബുദ്ധിജീവികളുടെതായ ഒരു രാഷ്ട്രീയപ്രവർത്തനരീതിയ്ക്കുള്ള മാതൃകയും ദർശനവുമായിരുന്നു റോയിയിലും റാഡിക്കൽ ഹ്യൂമനിസ്റ്റ് പാർട്ടിയിലും ഗോവിന്ദൻ കണ്ടെത്തിയത്. വ്യക്തിയുടെ അനുഭവമായിത്തീരുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ദർശനവും അതിനനുസൃതമായ ജീവിതരീതിയായി ജനാധിപത്യത്തെ സങ്കല്പിച്ചുകൊണ്ടുള്ള അന്വേഷണങ്ങളുമായിരുന്നു നാല്പതുകളിൽത്തുടങ്ങി റോയിയെ നയിച്ചിരുന്നത്.

റഷ്യൻ കമ്യൂണിസ്റ്റ്- കമ്യൂണിസ്റ്റ് ഇന്റർനാഷണൽ അനുഭവങ്ങളോടൊപ്പം ലോകരാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയചിന്താചരിത്രത്തെക്കുറിച്ചുമൊക്കെ ഗാഢമായ അവബോധവും ഉണ്ടായിരുന്ന ആളാണ് റോയി. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മാനവതാവാദവിരുദ്ധമായ വ്യതിചലനങ്ങളെ മറികടക്കുന്ന ഉദാരചിന്താപദ്ധതിയ്ക്കുവേണ്ടിയായിരുന്നു അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരുന്നത്. ജ്ഞാനോദയചിന്തകളുടെയും ജനാധിപത്യമുന്നേറ്റങ്ങളുടെയും ദാർശനികപൈതൃകമുള്ള രാഷ്ട്രീയദർശനത്തിലേയ്ക്ക് അദ്ദേഹം എത്തിച്ചേർന്നു. സാമൂഹിക-രാഷ്ട്രീയ വിപ്ലവത്തിനുമുന്നോടിയായി ദാർശനികമായ വിപ്ലവത്തെ പ്രതിഷ്ഠിക്കുന്ന ഈ രാഷ്ട്രീയം മൗലികമായ ഒരു ചിന്താധാരയെയാണ് സൃഷ്ടിച്ചെടുത്തത്.

സോഷ്യലിസ്റ്റ് ആശയങ്ങളുമായി അടുപ്പം ഉണ്ടായിരിക്കുമ്പോഴും മാനവികമൂല്യബോധത്തിന്റെ കണിശതയും, സാമ്പത്തികനിർണയവാദപരമായ മാർക്‌സിസിയൻ സാമൂഹികസമീപനത്തിൽനിന്നു ഭിന്നമായി സംസ്‌കാരത്തിന്റെ തലത്തിന് ഊന്നൽ കൊടുക്കുന്ന വീക്ഷണവും മൂലം വ്യതിരിക്തമായ ഒരസ്തിത്വം അതിനുലഭിക്കുന്നുണ്ട്. ആശയങ്ങൾക്കും അതുവഴി ബുദ്ധിജീവികളുടെ പ്രവർത്തനങ്ങൾക്കും പ്രാധാന്യം അനുവദിക്കുന്ന റോയിസ്റ്റ് ചിന്താപദ്ധതി ഗോവിന്ദന് ഒരു താത്വികാടിസ്ഥാനമായിത്തീർന്നുവെന്നു കരുതേണ്ടിയിരിക്കുന്നു.

എം.എൻ. റോയിയുടെ റാഡിക്കൽ ഹ്യൂമനിസ്റ്റ് പാർട്ടിയിൽ ചേർന്നുപ്രവർത്തിച്ച ഗോവിന്ദൻ വൈകാതെ ആ ബന്ധം ഉപേക്ഷിച്ചുവെങ്കിലും റോയിയുടെ ചിന്താലോകത്തെ അദ്ദേഹം കൈവിടുകയുണ്ടായില്ല. റാഡിക്കൽ ഹ്യൂമനിസത്തിലെ നവോത്ഥാനദർശനമായിരുന്നു ഗോവിന്ദന്റെ ചരിത്രദർശനത്തെയും കലാചിന്തയെയുമൊക്കെ രൂപപ്പെടുത്തിയത്. റോയിയുടെ ചരമാനന്തരം 1954 ജനുവരിയിൽ ഗോവിന്ദൻ എഴുതിയ അനുസ്മരണലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്: ‘‘എം.എൻ. റോയി എന്ന മനുഷ്യൻ മരിച്ചു. പക്ഷേ അദ്ദേഹം മറ്റൊരുതരത്തിൽ ഇന്നും ജീവിക്കുന്നു. റോയിയുടെ ഒരംശം എന്നിലുണ്ടെന്നുപറയാൻ ഞാൻ ഇഷ്ടപ്പെടുന്നു''.
മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു:‘‘എനിയ്ക്ക് ഒരേയൊരു അള്ളാ മാത്രം. എം.എൻ. റോയിയാണ് എന്റെ അള്ളാ''.

പാർട്ടി പ്രവർത്തനത്തോടൊപ്പം ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കുന്നതിനും ഗോവിന്ദൻ നേതൃത്വം കൊടുത്തു. മദിരാശിയിൽ ഹോട്ടൽ തൊഴിലാളി യൂണിയൻ, തയ്യൽ തൊഴിലാളി യൂണിയൻ, ടാനറി വർക്കേഴ്സ് യൂണിയൻ, ജനറൽ എൻജി
നീയറിങ് വർക്കേഴ്സ് യൂണിയൻ എന്നിവയും, ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ എന്ന അഖിലേന്ത്യാസംഘടനയുടെ ഒരു ഘടകവും ­സ്ഥാപിക്കുന്നതിൽ അദ്ദേഹം കാര്യക്ഷമമായ പങ്കുവഹിച്ചു.

ബ്രാഹ്മണിസത്തിനെതിരെ

ജനാധിപത്യത്തിലേയ്ക്കുള്ള ഇന്ത്യയുടെ സമൂഹപ്രയാണത്തിൽ ദേശീയ സ്വാതന്ത്ര്യസമരത്തിനോടൊപ്പമോ അതിലധികമോ ആയ പ്രാധാന്യം സാമൂഹ്യനീതിയ്ക്കായി, അഥവാ സാമൂഹികസ്വാതന്ത്ര്യത്തിനായി ബ്രാഹ്മണേതര ജനവിഭാഗങ്ങൾ നടത്തുന്ന സമരങ്ങൾക്കുണ്ടെന്ന് മദിരാശിയിലെ ജീവിതപരിസരത്തുനിന്ന് ഗോവിന്ദൻ മനസ്സിലാക്കി. ടി.എം. നായരുടെ നേതൃത്വത്തിൽ അബ്രാഹ്മണപ്രസ്ഥാനം നയിച്ച സമരങ്ങളുമായി ഗോവിന്ദനും റോയിസ്റ്റുകളും സഹകരിച്ചിരുന്നു. തമിഴ്നാട്ടിലെ ദ്രാവിഡരാഷ്ട്രീയത്തെ മുൻനിർത്തി ഗോവിന്ദൻ അബ്രാഹ്മണപ്രസ്ഥാനത്തെക്കുറിച്ചെഴുതിയ ‘റിവോൾട്ട് എഗൻസ്റ്റ് ബ്രാഹ്മണിസം ഈസ് റിവോൾട്ട് എഗൻസ്റ്റ് ഇംപീരിയലിസം' എന്ന ലേഖനം (1941) ആ ദിശയിലുള്ള ഒരു ധൈഷണികപരിണാമത്തെയാണ് കാണിക്കുന്നത്. ഇൻഡിപെൻഡൻറ്​ ഇന്ത്യയിലാണ് ഈ ലേഖനവും വന്നത്.
ഗോവിന്ദന്റെ ചരിത്ര- സാംസ്‌കാരിക- രാഷ്ട്രീയ വീക്ഷണം നവോത്ഥാനരാഷ്ട്രീയത്തിന്റെ പാതയുമായി ഒത്തുചേരുന്ന സന്ധിയെയാണ് ബ്രാഹ്മണിസത്തെ സാമ്രാജ്യത്തവുമായി സമീകരിക്കുന്ന ഈ ലേഖനം ഉദാഹരിക്കുന്നതെന്നു പറയാം. സാമൂഹ്യനീതിയുടെ അഭാവത്തിൽ കൈവരുന്ന ദേശീയസ്വാതന്ത്ര്യം ഇന്ത്യൻ ജനത ഒരു സ്വതന്ത്ര ജനാധിപത്യസമൂഹമായിത്തീരുന്നതിനു വിലങ്ങുതടിയായി വർത്തിക്കുന്ന ബ്രാഹ്മണമേധാവിത്തപ്രത്യയശാസ്ത്രത്തെ പുനഃസ്ഥാപിക്കുന്നതിലാണ് കലാശിക്കുകയെന്ന അബ്രാഹ്മണപക്ഷവീക്ഷണം അദ്ദേഹം പങ്കിട്ടു.

സി.എൻ. അണ്ണാദുരൈ, പെരിയാർ ഇ.വി. രാമസ്വാമി / Photo: Wikimedia Commons

ദേശീയസ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം അതിരുകവിഞ്ഞ താല്പര്യം കാണിച്ചില്ലെന്നുവേണം പറയാൻ. ഇന്ത്യയിലെ ജാതിബദ്ധ സാമൂഹികഘടനയെ വിഘടിപ്പിക്കുകയും സാമൂഹികനവോത്ഥാനത്തിനു കളമൊരുക്കുകയും ചെയ്ത കൊളോണിയൽ സാന്നിധ്യത്തെ അന്ധമായ ദേശീയബോധം കൊണ്ട് എതിർക്കുന്നതിനേക്കാൾ മുഖ്യമായത് സാമൂഹികസ്വാതന്ത്ര്യം ലക്ഷ്യമാക്കിയുള്ള പോരാട്ടങ്ങളെ ശക്തിപ്പെടുത്തുകയും തുണയ്ക്കുകയും ചെയ്യുന്നതിനാണെന്ന് അദ്ദേഹം കണ്ടു.

1946-ൽ എഴുതിയ ‘പഴയ കുപ്പിയിൽ പുതിയ പുതിയ വീഞ്ഞ്' എന്ന ലേഖനത്തിൽ ഗോവിന്ദൻ പറയുന്നു: ‘‘സ്വാതന്ത്ര്യത്തിലേയ്ക്ക് വലിഞ്ഞുനടക്കുന്നത് ഇന്ത്യൻ മുതലാളിയും കൂട്ടാളികളായ നാട്ടുരാജാക്കന്മാർ, സെമീന്ദാർമാർ, രാജഭക്തന്മാർ മുതലായവരും മാത്രമാണ്'' (1986:128). ദേശീയപ്രസ്ഥാനത്തിന്റെ ദേശീയത സാംസ്‌കാരികദേശീയതയെന്നു വ്യവഹരിക്കാവുന്ന ഒന്നാണെന്നും നവോത്ഥാനപ്രസ്ഥാനങ്ങളുടെ ഉള്ളടക്കം കൂടുതൽ ജനാധിപത്യമൂല്യമുള്ളതാണെന്നും അദ്ദേഹം ഉൾക്കൊണ്ടു. 1948-ൽ എഴുതിയ ‘സാംസ്‌കാരികദേശീയത്വവും നവോത്ഥാനപ്രസ്ഥാനവും' എന്ന ലേഖനം ഈ ചിന്താഗതിയുടെ സ്വഭാവം കൂടുതൽ സ്പഷ്ടമാക്കുന്നതാണ്.

ജനാധിപത്യപരമായ നീതിയ്ക്കുവേണ്ടിയുള്ള സമരങ്ങൾ എന്ന നിലയിൽ ബ്രാഹ്മണിസത്തിനെതിരായ സമരവും സാമ്രാജ്യത്വത്തിനെതിരായ സമരവും തമ്മിൽ ചില പൊരുത്തങ്ങളുണ്ട്. എന്നിരിക്കെ, ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ശക്തി ക്ഷയിപ്പിക്കുമെന്ന കാരണം പറഞ്ഞ് സാമൂഹിക­സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യയുടെ വിവിധഭാഗങ്ങളിലായി രൂപപ്പെട്ടുവന്ന സമരങ്ങളെ എതിർക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തുവന്ന ദേശീയപ്രസ്ഥാനത്തിന്റെ നേതൃധാര മിക്കവാറും ബ്രാഹ്മണിസത്തിന്റെ വക്താക്കളാണെന്ന് ഗോവിന്ദൻ മനസ്സിലാക്കിയിരുന്നു. ബ്രാഹ്മണാധിപത്യം ദ്രാവിഡമായ പല കാര്യങ്ങളെയും അമർച്ചചെയ്യുന്നതാണെന്നും അത് ചെറുക്കപ്പെടേണ്ടതാണെന്നും ഉള്ള ഒരു ബോധം ഗോവിന്ദനു മദ്രാസ് ജീവിതകാലത്ത് ഉണ്ടായിട്ടുണ്ടെന്ന് എം.എൻ. കാരശ്ശേരിയുമായുള്ള ഒരഭിമുഖത്തിൽ എം. ഗംഗാധരൻ പറയുന്നുണ്ട്.
തമിഴ്നാട്ടിൽ ശക്തമായിരുന്ന ദ്രാവിഡപ്രസ്ഥാനത്തിന്റെ പ്രഭാവമായി ഗോവിന്ദനിലുണ്ടായ ഈ വീക്ഷണവികാസത്തെ വിലയിരുത്താം. ദ്രാവിഡീയമെന്നു വിശേഷിപ്പിക്കാവുന്നതും പാർശ്വസ്ഥവുമായ ഒരു സമീപനം ഗോവിന്ദനുണ്ടായിവന്നു എന്നതാണ് പ്രധാനം. ആര്യാവർത്തകേന്ദ്രിതമായ ബ്രാഹ്മണികവീക്ഷണത്തിനെതിരായി ചലിക്കുന്ന ലോകവീക്ഷണമാണത്. ശൈവവും ബൗദ്ധവും ആധുനികവുമായ വിചാരപാരമ്പര്യങ്ങൾ അതിൽ വന്നുലയിക്കുന്നു. ഒരുതരത്തിൽ, ഈ ധിഷണാപരിണാമത്തിന് നിർകോളനീകരണത്തിന്റേതായ ഒരു മാനമുണ്ട് എന്നും കാണാം; പ്രാമാണിക വിചാരധാരയെ നിരാകരിക്കുന്നത് എന്ന നിലയിൽ. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


സി.ജെ. ജോർജ്ജ്

കോഴിക്കോട്​ ബാലുശ്ശേരി ഡോ. ബി.ആർ. അംബേദ്​കർ മെ​മ്മോറിയൽ ഗവ. കോളജിൽ അസോസിയറ്റ്​ പ്രൊഫസർ ആയിരുന്നു. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട നിരവധി മൗലിക രചനകൾ. വാക്കിന്റെ സാമൂഹികശാസ്​ത്രം, ചിഹ്​നശാസ്​ത്രവും ഘടനാവാദവും, കുതിരക്കാൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments