ഡോ. ബി. ഇക്ബാൽ, ഈവ ഡൗ.

റെൻ സെങ്ഫെയുടെ ചെന്നായ്ക്കൾ:
സാങ്കേതികവിദ്യയും ഏകാധിപത്യവും
കൈകോർക്കുമ്പോൾ

2025-ലെ വായനയിലെ ശ്രദ്ധേയ പുസ്തകമായി ഡോ. ബി. ഇക്ബാൽ തെരഞ്ഞെടുക്കുന്നു: ഈവ ഡൗ എഴുതിയ House of Huawei.

2025-ൽ ഞാൻ വായിച്ച നോൺ ഫിക്ഷൻ പുസ്തകങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്, വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടറായ പ്രസിദ്ധ പത്രപ്രവർത്തക ഈവ ഡൗ എഴുതിയ ‘ഹൗസ് ഓഫ് ഹുവേയ്' (House of Huawei: Eva Dou: Abacus, 2025).

അമേരിക്കൻ ആപ്പിൾ കമ്പനിയുമായി മത്സരിച്ച് ലോക മാർക്കറ്റ് കീഴടക്കിവരുന്ന, ചൈനീസ് ഡിജിറ്റൽ കമ്പനിയെന്ന നിലയിൽ പ്രസിദ്ധമായ ഹുവേയിയെക്കുറിച്ച് കൂടുതൽ അറിയാനുള്ള താത്പര്യം കൊണ്ടാണ് പുസ്തകം വായിക്കാനെടുത്തത്. എന്നാൽ വെറുമൊരു കോർപ്പറേറ്റ് ചരിത്രത്തിനപ്പുറം, ആധുനിക ലോകത്ത് സാങ്കേതികവിദ്യയും രാഷ്ട്രീയവും എങ്ങനെയെല്ലാം ഇഴചേർന്നുകിടക്കുന്നു എന്ന് മനസ്സിലാക്കിത്തന്ന മികച്ച പുസ്തകമാണിത്.

സോഷ്യലിസ്റ്റ് എന്നവകാശപ്പെടുന്ന ചൈന എങ്ങനെയാണ് ലോകത്തെ വിറപ്പിക്കുന്ന കൂറ്റൻ മുതലാളിത്ത കോർപ്പറേറ്റ് സ്ഥാപനത്തെ വളർത്തിയെടുത്തതെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. സാമ്പത്തിക മേഖലയിലുള്ള ചൈനയുടെ മുതലാളിത്ത മാറ്റത്തെക്കുറിച്ചും, അവിടുത്തെ ഡിജിറ്റൽ ഏകാധിപത്യത്തെക്കുറിച്ചും, ഹുവേയ് എന്ന ആഗോള ഭീമൻ എങ്ങനെ മറ്റ് ഏകാധിപത്യ ഭരണകൂടങ്ങൾക്ക് നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നുവെന്നുമുള്ള വിവരങ്ങൾ ഈ പുസ്തകത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞത് എന്നെ ശരിക്കും അസ്വസ്ഥനാക്കിയെന്ന് പറയാം.

സോഷ്യലിസ്റ്റ് ചൈനയും
മുതലാളിത്ത കുതിപ്പും

ചൈനയുടെ മുതലാളിത്തമാറ്റം എത്ര ആഴത്തിലുള്ളതാണെന്ന് മനസ്സിലാക്കാൻ ഈ പുസ്തകം സഹായിച്ചു. ചൈനീസ് ഭരണകൂടം ഹുവേയ് എന്ന കമ്പനിയെ വെറുമൊരു സ്വകാര്യ സ്ഥാപനമായല്ല, മറിച്ച് പാശ്ചാത്യ സാമ്രാജ്യത്വത്തെ, പ്രത്യേകിച്ച് അമേരിക്കൻ കോർപറേറ്റ് സാമ്രാജ്യത്വത്തെ വെല്ലുവിളിക്കുന്ന തരത്തിൽ, രാജ്യത്തിന്റെ അഭിമാനമായാണ് വളർത്തിയെടുത്തത്. സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ പൊതുവേ കാണപ്പെട്ടിരുന്ന മന്ദഗതിയിലുള്ള പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ലോകത്തെ ഏറ്റവും മികച്ച കമ്പനികളോട് കിടപിടിക്കുന്ന രീതിയിൽ ഹുവേയ്‌യെ മാറ്റിയെടുക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സാധിച്ചു.

ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ (People’s Liberation Army) മുൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന റെൻ സെങ്ഫെ  (Ren Zhengfei) ആണ് കമ്പനി സ്ഥാപകൻ. സർക്കാർ ബാങ്കുകളിൽ നിന്ന് വൻതോതിലുള്ള സാമ്പത്തിക സഹായവും ചൈനീസ് വിപണിയിലെ കുത്തകയും ഹുവേയ്‌ക്ക് വലിയ കരുത്ത് നൽകി. ഇതിനുപകരമായി കമ്പനി സർക്കാരിന്റെ നയപരമായ ലക്ഷ്യങ്ങൾ നേടിയെടുത്തു.

റെൻ സെങ്ഫെയുടെ സൈനിക പശ്ചാത്തലമാണ് കമ്പനിയുടെ പ്രവർത്തനശൈലിയിലെ 'വുൾഫ് കൾച്ചർ' (Wolf Culture) രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. വിട്ടുവീഴ്ചയില്ലാത്തതും ചെന്നായ്ക്കളെപ്പോലെ ഇരപിടിക്കുന്ന ആക്രമണാത്മകവുമായ തൊഴിൽ സംസ്കാരമാണിത്. കമ്പനി പിന്തുടരുന്ന ഈ സംസ്കാരം തൊഴിലാളികളെ രാപ്പകൽ പണിയെടുപ്പിക്കാനും എന്തു വിലകൊടുത്തും ലാഭമുണ്ടാക്കാനും പ്രേരിപ്പിക്കുന്നതാണ്, അത് ഹുവേയ്‌യെ ലോകത്തെ മുൻനിര ടെക് കമ്പനിയാക്കി മാറ്റുകയും ചെയ്തു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തണലിൽ വളർന്ന  അതിതീവ്ര മുതലാളിത്ത പ്രവർത്തനരീതിയാണ് ഹുവേയ് പിന്തുടരുന്നത്.

വെറുമൊരു കോർപ്പറേറ്റ് ചരിത്രത്തിനപ്പുറം, ആധുനിക ലോകത്ത് സാങ്കേതികവിദ്യയും രാഷ്ട്രീയവും എങ്ങനെയെല്ലാം ഇഴചേർന്നുകിടക്കുന്നു എന്ന് മനസ്സിലാക്കിത്തന്ന മികച്ച പുസ്തകമാണിത്.
വെറുമൊരു കോർപ്പറേറ്റ് ചരിത്രത്തിനപ്പുറം, ആധുനിക ലോകത്ത് സാങ്കേതികവിദ്യയും രാഷ്ട്രീയവും എങ്ങനെയെല്ലാം ഇഴചേർന്നുകിടക്കുന്നു എന്ന് മനസ്സിലാക്കിത്തന്ന മികച്ച പുസ്തകമാണിത്.

ഡിജിറ്റൽ ഏകാധിപത്യത്തിന്റെ ഉദയം

സിലിക്കൺ വാലിയിലെ കമ്പനികൾ ലാഭമുണ്ടാക്കാൻ വിവരങ്ങൾ ശേഖരിക്കുമ്പോൾ, ചൈന ഡിജിറ്റൽ സാങ്കേതികവിദ്യയെ ദേശീയതലത്തിൽ പ്രധാനമായും ഉപയോഗിക്കുന്നത് ജനങ്ങളെ നിരീക്ഷിക്കാനുള്ള ഭരണകൂട ആയുധമായാണെന്ന് പുസ്തകം സമർത്ഥിക്കുന്നു. ചൈന ഒരു 'ഡിജിറ്റൽ ഏകാധിപത്യ'മായി (Digital Autocracy) മാറിയതിൽ ഹുവേയ് വലിയ പങ്കുവഹിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ ഡാറ്റാ ശേഖരണം വ്യക്തികളുടെ താൽപര്യങ്ങൾ അറിഞ്ഞ് പരസ്യം നൽകാനാണെങ്കിൽ, ചൈനയിൽ അത് ഓരോ പൗരനെയും നിരീക്ഷിക്കാനും രാഷ്ട്രീയമായി നിയന്ത്രിക്കാനുമാണ് പ്രധാനമായും പ്രയോഗിക്കപ്പെടുന്നത്. അവിടെ സ്വകാര്യ കമ്പനികളും സർക്കാരും തമ്മിൽ വലിയ വ്യത്യാസമില്ല.

ചൈനയിലെ 2017-ലെ നാഷണൽ ഇന്റലിജൻസ് നിയമം (National Intelligence Law) ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ നിയമം അനുസരിച്ച്, ഭരണകൂടമോ കമ്മ്യൂണിസ്റ്റ് പാർട്ടിയോ ആവശ്യപ്പെട്ടാൽ ടെക് കമ്പനികൾ ശേഖരിക്കുന്ന ഏത് വിവരവും, അത് പൗരരുടെ സ്വകാര്യ വിവരങ്ങളാണെങ്കിൽ പോലും, സർക്കാരിന് കൈമാറാൻ കമ്പനികൾ നിയമപരമായി ബാധ്യസ്ഥരാണ്. ഇതിനർത്ഥം ഹുവേയ് പോലുള്ള കമ്പനികൾ യഥാർത്ഥത്തിൽ ചൈനീസ് ചാരസംഘടനകളുടെ കൈകളിലെ ആയുധങ്ങളായി മാറുന്നു എന്നതാണ്. ജനങ്ങളുടെ ഓരോ ചലനവും നിരീക്ഷിക്കാനും ഭരണകൂടത്തിനെതിരായ ശബ്ദങ്ങളെ അടിച്ചമർത്താനുമുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഹുവേയ് നിർണ്ണായക പങ്കുവഹിച്ചു.

ഇറാനിലെ പ്രതിഷേധക്കാരെ കണ്ടെത്താനും അവിടെ ഇന്റർനെറ്റ് വിച്ഛേദിക്കാനും (Internet Kill Switch) ഹുവേയ്‌യുടെ ഉപകരണങ്ങൾ സഹായിച്ചുവെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

നിരീക്ഷണ സാങ്കേതികവിദ്യയുടെ
ആഗോള വിപണനം

ഹുവേയ് വെറുമൊരു ചൈനീസ് കമ്പനിയായി മാത്രം ഒതുങ്ങിനിന്നില്ല. തങ്ങളുടെ 'സേഫ് സിറ്റി' (Safe City) എന്ന നിരീക്ഷണ പാക്കേജ് അവർ ലോകമെമ്പാടുമുള്ള ഏകാധിപത്യ സ്വഭാവമുള്ള രാജ്യങ്ങൾക്ക് വിറ്റുതുടങ്ങി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മുഖം തിരിച്ചറിയുന്ന ക്യാമറകളും ഫോൺ ചോർത്തൽ സംവിധാനങ്ങളും സോഷ്യൽ മീഡിയ നിരീക്ഷണവും അടങ്ങുന്ന ഈ സാങ്കേതികവിദ്യ ഇന്ന് ലോകത്തെ പല അടിച്ചമർത്തൽ ഭരണകൂടങ്ങളുടെയും കരുത്താണ്.

ഇറാൻ പോലുള്ള രാജ്യങ്ങൾ ഈ സംവിധാനം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇറാനിലെ പ്രതിഷേധക്കാരെ കണ്ടെത്താനും അവിടെ ഇന്റർനെറ്റ് വിച്ഛേദിക്കാനും (Internet Kill Switch) ഹുവേയ്‌യുടെ ഉപകരണങ്ങൾ സഹായിച്ചുവെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇറാനെക്കൂടാതെ പാകിസ്താൻ, കെനിയ, ഉഗാണ്ട, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളിലേക്കും ചൈന ഈ 'നിരീക്ഷണ വിപ്ലവം' കയറ്റുമതി ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്; ഉഗാണ്ടയിൽ ഭരണകൂടത്തിന്റെ രാഷ്ട്രീയ എതിരാളികളെ നിരീക്ഷിക്കാൻ ഹുവേയ് എൻജിനീയർമാർ നേരിട്ട് സഹായിച്ചുവെന്ന റിപ്പോർട്ടുകൾ പുസ്തകം ഉദ്ധരിക്കുന്നുണ്ട്. ഏകാധിപതികൾക്ക് തങ്ങളുടെ അധികാരം നിലനിർത്താൻ ആവശ്യമായ 'റെഡിമെയ്ഡ്' ഡിജിറ്റൽ ആയുധങ്ങളാണ് ഹുവേയ് നൽകുന്നത്.

നയതന്ത്ര യുദ്ധങ്ങളും
തടവിലാക്കപ്പെട്ട മകളും

ഹുവേയ് കേവലം സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്ന ഒരു കമ്പനിയല്ല, മറിച്ച് ആഗോള 5G ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ലോകത്തെ മുൻനിരക്കാരാണ്. ലോകത്തിന്റെ ആശയവിനിമയ സിരകളായ ഈ 5G ശൃംഖലകൾ ചൈനീസ് നിയന്ത്രണത്തിലാകുന്നത് പാശ്ചാത്യ രാജ്യങ്ങളിൽ വലിയ സുരക്ഷാ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ഇത്തരം ശൃംഖലകളിലൂടെ വിവരങ്ങൾ ചോർത്തപ്പെടുമെന്ന (Espionage) ഭീതിയാണ് പല രാജ്യങ്ങളെയും ഹുവേയ്‌യെ വിലക്കാൻ പ്രേരിപ്പിക്കുന്നത്.

അമേരിക്കൻ ഉപരോധങ്ങളെത്തുടർന്ന് ആൻഡ്രോയിഡിന് പകരമായി ഹുവേയ് സ്വന്തമായി വികസിപ്പിച്ചെടുത്ത 'ഹാർമണി ഒ.എസ്' (Harmony OS) ഡിജിറ്റൽ സാങ്കേതികവിദ്യയിലെ ചൈനയുടെ സ്വയംപര്യാപ്തതയെയാണ് അടയാളപ്പെടുത്തുന്നത്. പാശ്ചാത്യ സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കാതെ തന്നെ ആഗോളതലത്തിൽ ഒരു ഡിജിറ്റൽ ശക്തിയായി മാറാൻ ചൈനക്ക് കഴിയുമെന്നതിൻ്റെ ഉത്തമ ഉദാഹരണമാണിത്.

ഈ സാഹചര്യത്തിലാണ് പുസ്തകത്തിലെ ഏറ്റവും നാടകീയമായ ഭാഗത്ത് റെൻ സെങ്ഫെയുടെ മകളും കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ മെങ് വാൻഷു (Meng Wanzhou)  അറസ്റ്റിലാവുന്നത്. ഇറാനുമായി നടത്തിയ നിയമവിരുദ്ധ ഇടപാടുകളുടെ പേരിൽ കാനഡയിൽ വെച്ച് അവർ പിടിയിലായതോടെ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായി. ഒരു വലിയ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥയെ മറ്റൊരു രാജ്യം തടവിലാക്കുന്നത് ചരിത്രത്തിൽ അപൂർവ്വമായിരുന്നു. മെങ് വാൻഷുവിനെ മോചിപ്പിക്കാൻ ചൈന വലിയ സമ്മർദ്ദതന്ത്രങ്ങൾ പയറ്റി. ഇതിന്റെ ഭാഗമായി ചൈനയിലുണ്ടായിരുന്ന രണ്ട് കനേഡിയൻ പൗരരെ ചൈന അകാരണമായി തടവിലാക്കി. ഇതൊരു അന്താരാഷ്ട്ര ബന്ദിനാടകമായി മാറി. ഒടുവിൽ അമേരിക്കൻ നിയമവകുപ്പുമായി ഉണ്ടാക്കിയ കരാറിൻ്റെ അടിസ്ഥാനത്തിൽ വർഷങ്ങൾ നീണ്ട വീട്ടുതടങ്കലിന് ശേഷം മെങ് വാൻഷു മോചിപ്പിക്കപ്പെട്ടു. ചൈന എന്ന രാജ്യം ഒരു കമ്പനിക്ക് വേണ്ടി എത്രത്തോളം മുന്നോട്ട് പോകുമെന്ന് ഈ സംഭവം ലോകത്തിന് കാണിച്ചുകൊടുത്തു.

വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടറായ ഈവ ഡൗ
വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടറായ ഈവ ഡൗ

ചാരപ്പണിയുടെ ഇരുതലമൂർച്ചയുള്ള വാൾ

ഡോണൾഡ് ട്രംപിന്റെയും പിന്നീട് ജോ ബൈഡന്റെയും ഭരണകാലത്ത് അമേരിക്ക ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക- സാങ്കേതിക ഉപരോധങ്ങൾ ഹുവേയ്‌യുടെ വളർച്ചയ്ക്ക് വലിയ തടസ്സമായി. പ്രത്യേകിച്ച്, ഗൂഗിൾ തങ്ങളുടെ സേവനങ്ങൾ (Google Services) ഹുവേയ് ഫോണുകളിൽ നിന്ന് പിൻവലിച്ചത് അന്താരാഷ്ട്ര വിപണിയിൽ കമ്പനിക്ക് വലിയ തിരിച്ചടിയായി. ഇത് ആഗോളതലത്തിൽ കമ്പനിയുടെ ജനപ്രീതിയെയും വിപണിയെയും കാര്യമായി ബാധിച്ചു. അമേരിക്ക ചൈനീസ് ഉപകരണങ്ങളെ ഭയപ്പെടുന്നത് അവ വഴി ചൈന തങ്ങളെ നിരീക്ഷിക്കുമോ എന്ന ആശങ്കയിലാണ്.

എന്നാൽ രസകരമായ കാര്യം, മുൻപ് എഡ്വേർഡ് സ്നോഡൻ (Edward Snowden) പുറത്തുവിട്ട രേഖകൾ പ്രകാരം അമേരിക്കയുടെ ചാരസംഘടനയായ എൻ.എസ്.എ (National Security Agency) ഹുവേയ്‌യുടെ സെർവറുകളിൽ രഹസ്യമായി കടന്നുകൂടിയിരുന്നു. ഹുവേയ് ഉപകരണങ്ങൾ വഴി ലോകമെമ്പാടും നടക്കുന്ന ആശയവിനിമയങ്ങൾ ചോർത്താൻ അമേരിക്ക ശ്രമിച്ചു. ഹുവേയ് ഒരു ചാരക്കണ്ണാണെന്ന് ലോകത്തോട് വിളിച്ചുപറയുമ്പോൾ തന്നെ, അമേരിക്കയും അതേ സാങ്കേതികവിദ്യ ഉപയോഗിച്ച് ചൈനയെ നിരീക്ഷിക്കുകയായിരുന്നു.

ടിയാനൻമെൻ സ്ക്വയർ സംഭവത്തിന് ശേഷം ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയുള്ള ചലനങ്ങളോ പ്രതിഷേധങ്ങളോ ചൈനയിൽ ഏതാണ്ട് പൂർണ്ണമായും അടിച്ചമർത്തപ്പെട്ടു കഴിഞ്ഞു. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പുതിയ ഏകാധിപത്യം ചൈനയിൽ ജനകീയമായ ഏതൊരു മാറ്റത്തെയും അസാധ്യമാക്കുന്നു.

രണ്ട് ലോകങ്ങൾ തമ്മിലുള്ള വ്യത്യാസം

ഈവ ഡൗവിന്റെ ഈ പുസ്തകം അവസാനിക്കുമ്പോൾ നാം എത്തിച്ചേരുന്ന നിഗമനം വളരെ ആശങ്കാജനകമാണ്. മുതലാളിത്ത രാജ്യങ്ങളും ചൈനയും ഒരുപോലെ സാങ്കേതികവിദ്യ ഉപയോഗിച്ച് പൗരരെ നിരീക്ഷിക്കുന്നുണ്ടെങ്കിലും ഇവ തമ്മിൽ വലിയൊരു വ്യത്യാസമുണ്ട്. പാശ്ചാത്യ ലിബറൽ മുതലാളിത്ത രാജ്യങ്ങളിൽ ഭരണകൂടത്തിന്റെ ഇത്തരം തെറ്റായ നടപടികളെ ചോദ്യം ചെയ്യാൻ സ്വതന്ത്രരായ ഹാക്കർമാരും, ആക്ടിവിസ്റ്റുകളും, വിമർശകരും ഇപ്പോഴുമുണ്ട്. അവിടെയുള്ള ജനാധിപത്യ സംവിധാനങ്ങൾ ഉള്ളിൽ നിന്നുതന്നെ മാറ്റങ്ങൾ കൊണ്ടുവരാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്.

എന്നാൽ ചൈനയിലെ സ്ഥിതി വ്യത്യസ്തമാണ്. പുസ്തകം സൂചിപ്പിക്കുന്നത് പോലെ, ടിയാനൻമെൻ സ്ക്വയർ (Tiananmen Square) സംഭവത്തിന് ശേഷം ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയുള്ള ചലനങ്ങളോ പ്രതിഷേധങ്ങളോ അവിടെ ഏതാണ്ട് പൂർണ്ണമായും അടിച്ചമർത്തപ്പെട്ടു കഴിഞ്ഞു. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഈ പുതിയ ഏകാധിപത്യം (Techno-Authoritarianism) ചൈനയിൽ ജനകീയമായ ഏതൊരു മാറ്റത്തെയും അസാധ്യമാക്കുന്നു.

സാങ്കേതികവിദ്യ ഒരിക്കലും നിഷ്പക്ഷമല്ലെന്ന് ഈ പുസ്തകം അടിവരയിടുന്നു. അത് ആരുടെ നിയന്ത്രണത്തിലാണോ അവരുടെ താല്പര്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കപ്പെടും. ഹുവേയ്‌യുടെ വളർച്ച കേവലം ഒരു കമ്പനിയുടെ വിജയഗാഥയല്ല, മറിച്ച് ലോകവ്യാപകമായി സോഷ്യലിസ്റ്റ് എന്നറിയപ്പെടുന്ന രാജ്യങ്ങളിലടക്കം ജനാധിപത്യവും പൗരാവകാശങ്ങളും ഡിജിറ്റൽ ഉപകരണങ്ങളാൽ നിഷ്ക്രിയമാക്കപ്പെടുന്ന ആധുനിക ഡിജിറ്റൽ കാലഘട്ടത്തെക്കുറിച്ചുള്ള ജാഗ്രതപ്പെടുത്തലാണ്.


Summary: Dr B Ekbal chooses House of Huawei by Eva Dou as his book of the year to read in 2025.


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ. പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം (എഡിറ്റർ), പുതിയ വിദ്യാഭ്യാസ നയം: സമീപനവും വിമർശനവും (എഡിറ്റർ), മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments